കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.
ഇന്നലെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ വെച്ച് പിടിയിലായ ഇയാളെ ആദ്യം സംശയമൊന്നും തോന്നാതിരുന്ന പോലീസ് പിന്നീട് ശരീരം പരിശോധിച്ചപ്പോള്‍ 16 കുപ്പി വിദേശമദ്യം അരക്കെട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മനോജ് പരോളില്‍ ഇറങ്ങിയ സമയത്താണ് ശുഹൈബ് വധിക്കപ്പെട്ടതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിക്ക് സമാനമായാണ് ശുഹൈബിനെ വധിച്ചിരിക്കുന്നത്.
ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇതു വ്യക്തമാക്കുന്നതായും സുധാകരന്‍ ആരോപിക്കുന്നു. ശുഹൈബിനെ ആക്രമിക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയത്. ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.
കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയതായി പോലീസ് വ്യക്തമാക്കി.
സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്‌വാന. ഇവര്‍ക്ക് മക്കളില്ല. മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന.
ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.
ഞായറാഴ്ച അല്‍ഹസ്സയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ചെന്നൈ: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പെട്ടിലെ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി ദസ്വന്തിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ലൈംഗിക പീഡനത്തിനും കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ മഹിളാ കോടതി കണ്ടെത്തിയിരുന്നു. ചെന്നൈയ്ക്കടുത്തുള്ള മുഗളിവാക്കത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയം നോക്കി കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതി കുട്ടി ബഹളം വെച്ചതോടെ കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
മൃതദേഹം ഒരുദിവസം താമസ സ്ഥലത്ത് സൂക്ഷിച്ച പ്രതി അടുത്ത ദിവസം മൃതദേഹം ബാഗിലാക്കി പ്രദേശത്തെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം സ്ഥലത്ത് വീണ്ടുമെത്തിയ മൃതദേഹം കത്തിച്ചു. ഇതിനുശേഷം വഴിപോക്കനെന്ന് നടിച്ച് പോലീസിനെ വിവരം അറിയിച്ചതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായത് ഡമ്മി പ്രതികളെന്ന വാദം തെറ്റാണെന്നും ഉത്തരമേഖല ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനയും തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ അറിയിച്ചു. ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള പ്രതികളും ഉടന്‍ അറസ്റ്റിലാവും. പോലീസ് അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും രാജേഷ് ദിവാന്‍ പറഞ്ഞു.
നേരത്തെ പിടിയിലായ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെല്ലെന്ന് വാദിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. ഈ വാദം തെറ്റാണെന്ന് ഉറപ്പിക്കുന്നതാണ് ഉത്തരമേഖല ഡിജിപിയുടെ പ്രസ്താവന. പിടിയിലായ ആകാശ് തില്ലങ്കേരിയും സിപിഎം നേതാക്കളുമായുള്ള ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മുംബൈ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച കൂട്ടുകാരിയെ യുവാവ് ഷൂ ലെയ്‌സുകൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു. മഹാരാഷ്ട്രയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 20 കാരിയായ അങ്കിതയെന്ന യുവതിയെ ഹരിദാസ് നിര്‍ഗുഡെയെന്നയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഫേസ്ബുക്ക് വഴി അങ്കിതയുമായി സൗഹൃദം സ്ഥാപിച്ച് ഹരിദാസ് നിര്‍ഗുഡെ ഞായറാഴ്ച്ച പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ അങ്കിതയോട് ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി ഹരിദാസിന്റെ ആവശ്യം നിരാകരിച്ചു. ഇതില്‍ പ്രകോപിതനായ ഹരിദാസ് ഷൂ ലെയ്‌സ് ഉപയോഗിച്ച് പെണ്‍കുട്ടിയെ വകവരുത്തുകയായിരുന്നു.
കൊലപ്പെടുത്തിയതിന് ശേഷം ഹരിദാസ് യുവതിയുടെ മൃതദേഹം സമീപത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചു. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നിന്ന് തന്നെ കൃത്യം നടത്തിയത് ഹരിദാസ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്നവര്‍ ഒളിച്ചു താമസിച്ചത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുഴക്കുന്ന് മുടക്കോഴി മലയില്‍. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് പോലീസ് തെരെച്ചില്‍ വ്യാപിപ്പിച്ചതായി വിവരം ലഭിച്ച ശേഷം ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടയില്‍ പ്രതികള്‍ ഇന്നലെ പോലീസില്‍ കീഴടങ്ങി.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. ആകാശ് തില്ലങ്കേരിയും, റിജിന്‍രാജും സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. പരോളിലായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശുഹൈബ് വധവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തു നിന്ന് 30 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സംഘത്തിന് വധഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴി വന്ന ഭീഷണിയിവല്‍ ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പറയുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു 5 കിലോ എംഡിഎംഎ പിടിച്ചെടുത്തത്.
സ്‌ക്വാഡിലെ എല്ലാ അംഗങ്ങളുടെയും ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മയക്കുമരുന്നിനേക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഇതിന്റെ ഉറവിടം മുംബൈ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി കടത്താനെത്തിച്ച് മയക്കുമരുന്നാണ് കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്തത്.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ ഇതോടനുബന്ധിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നേരത്തേയും മയക്കു മരുന്ന് കടത്തിയിട്ടുള്ളവരാണ്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത്രയം അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കാനായത്. റഷ്യയില്‍ നിര്‍മിക്കുന്ന ഈ ലഹരിമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴി കാശ്മീരിലെത്തിച്ച ശേഷമാണ് കേരളത്തില്‍ എത്തിയത്.
പിടിയിലായ പ്രതികള്‍ക്കായി മണിക്കൂറുകള്‍ക്കകം അഡ്വ.ബി.എ.ആളൂര്‍ ഹാജരാകുകയും ചെയ്തു. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ എംഡിഎംഎയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. കേരളത്തില്‍ വന്‍ ശൃംഖല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശയിക്കുന്നു.
മാധ്യമപ്രവര്‍ത്തകന്റെ അമ്മയും ഒരു വയസ്സുള്ള മകളും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹത. നാഗ്പൂരിലെ നദിക്കരയിലാണു ദുരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമ്മയെയും മകളെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നുവെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ നിലേഷ് ഭര്‍നെ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 5.30ന് ഉഷയും കൊച്ചുമകളും വീടിനു സമീപത്തെ ജ്വല്ലറിയില്‍ പോയിരുന്നു. സമയം പിന്നിട്ടിട്ടും ഇവരെ കാണാതിരുന്നതിനെ തുടര്‍ന്ന് ഉഷയുടെ ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ ഓഫ് ആയിരുന്നു.
ജോലിക്കുശേഷം തിരിച്ചെത്തി രാത്രി പത്തുമണിയോടെയാണ് രവികാന്ത് ഇവരെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ചത്. ഉഷയുടെയും രാഷിയുടെയും ശരീരത്തില്‍ സംശയകരമായ മുറിവുകളുണ്ടെന്നും ഞായറാഴ്ച രാവിലെ 10.30 ഓടെ ബഹാദുരയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. പിന്നിൽ ചിട്ടിക്കാശുമായി ബന്ധപ്പെട്ട ഉഷയും ഷാനുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണു കൊലപാതകമെന്നും ജോയിന്റ് കമ്മിഷണര്‍ ശിവജി ബോട്‌കെ പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഉഷയെ പടവുകള്‍ക്കു മുകളില്‍നിന്നു തള്ളിയിട്ടതിനുശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നു. സംഭവം കണ്ട രാഷി കരഞ്ഞതിനെ തുടര്‍ന്നാണ് അവളെയും കൊലപ്പെടുത്തിയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ക്കെട്ടി നദിക്കരയില്‍ ഉപേക്ഷിക്കുകായായിരുന്നു. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കരണമുണ്ടോ എന്നും അന്വേഷണത്തിലാണ് പോലീസ്.
തൃശൂര്‍ ഹൈവേയ്ക്കു സമീപം ചുണ്ടല്‍ പാടത്തു കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇത് സ്ത്രീയുടെ മൃതദേഹം എന്നാണ് സൂചന. അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ രണ്ടിടത്തു നിന്നായിട്ടാണു കണ്ടെത്തിയത്. രണ്ടുകാല് ഒരിടത്തും അരയ്ക്കു മുകളിലേയ്ക്കുള്ള ഭാഗം മറ്റൊരിടത്തുമായിരുന്നു. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താനായിട്ടില്ല.
ആളൊഴിഞ്ഞ ഭാഗത്ത് ആടിനെ തീറ്റിക്കാന്‍ എത്തിയവരാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹമാണോ ഇതെന്ന് പോലീസിന് സംശയമുണ്ട്. പഞ്ചസാര ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത് എന്ന സംശയവും പോലീസിനുണ്ട്. ചില ഭാഗങ്ങള്‍ പൂര്‍ണമായും ചുരുങ്ങിപ്പോയിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായിട്ടാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിച്ചതിന്റെ ലക്ഷണമുണ്ട്.
കത്തിക്കാന്‍ ഉപയോഗിച്ച പാത്രത്തിന്റെ അടുപ്പ് കണ്ടെത്തിയിരുന്നു. തുണിയുടെ അവശിഷ്ടവും ലഭിച്ചിട്ടുണ്ട്. തുണി ഉപയോഗിച്ച് അടുപ്പില്‍ നിന്ന് തീയെടുത്ത് മൃതദേഹം കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ചൂണ്ടലിലെയും കീച്ചേരിയിലേയും ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചൂണ്ടല്‍ പാടത്ത് ഒരാഴ്ച മുമ്പ് കൊയ്ത്ത് നടന്നിരുന്നു. സംസ്ഥാന പാതയിലെ പെട്രോള്‍ പമ്പിലെയും ഹോട്ടലിലെയും സിസിടിവി ക്യാമറകള്‍ പരിശോധിക്കും. സംസ്ഥാന പാതയില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ അകലെയായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍. കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാണാതായവരുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹം കിടന്നിരുന്ന സ്ഥലത്തേക്ക് അക്രമികള്‍ എങ്ങനെയാണ് എത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വാഹനം വന്നതിന്റെ അടയാളങ്ങള്‍ ഇല്ല. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ തുമ്പുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.