Crime

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നങ്യാർ കുളങ്ങര സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മുമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

രാവിലെ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മുമ്മ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വീടിന്റെ മുകളിലുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അമ്മുമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പഠിക്കുന്നതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യയുമായി വഴക്കിട്ട് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. തൃശൂർ മൂന്നുപീടികയിൽ ബീച്ച് സ്വദേശി ഷിഹാബ് (35) ആണ് മരിച്ചത്. രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.15നാണ് സംഭവം.

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഷിഹാബും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെ ഷിഹാബ് കുട്ടികളെയും എടുത്ത് വീടിനോട് ചേർന്നുള്ള കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിശമനസേനയെത്തി ഷിഹാബിനെ പുറത്തെടുത്ത് ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം അയ്യനിവേലികുളങ്ങര മടൂര്‍ കിഴക്കേതില്‍ നൗഷാദിന്റെ മകള്‍ ഷബാനയാണ് മരിച്ചത്.

പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് ഷബാനയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.

പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണ് ഷബാന. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

സഹായിക്കാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം പോത്തന്‍കോട് പോലീസ്. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷം മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ, അവതാരകന്‍ ചാത്തന്നൂര്‍ സ്വദേശി രജിത്ത് കാര്യത്തില്‍, ഓണ്‍ലൈന്‍ ചാനല്‍ വിസ്മയ ന്യൂസ് ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി രജനീഷ് എന്നിവര്‍ക്കെതിരെ വേങ്ങോട് വാടകയ്ക്ക് താമസിക്കുന്ന ഷീബയുടെ പരാതിയിലാണ് കേസെടുത്തത്.

2018ലാണ് വേങ്ങോട് സ്വദേശി ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. ഭക്ഷണത്തിനും മരുന്നിനും നിവര്‍ത്തിയില്ലാത്ത കുടുംബത്തെ തേടി, സഹായ വാഗ്ദാനവുമായി വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിസ്മയ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാദ്ധ്യമം എത്തുകയായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് രാത്രി 11നാണ് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തിലുമെത്തി വീഡിയോ എടുത്തത്.

വീഡിയോ എടുക്കുന്നതിനായി രണ്ട് തവണയായി 17,?000 രൂപ പ്രതിഫലവും വാങ്ങി. വീഡിയോയിലൂടെ 1.50 ലക്ഷം രൂപ ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലെത്തി. ഈ തുകയില്‍ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പല തവണയായി രജിത്തും സംഘവും 1.30 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പണം തിരികെ ചോദിച്ച കുടുംബത്തിനു നേരെ ഇവര്‍ തെറിവിളിയും ഭീഷണിപ്പെടുത്തലും നടത്തിയതിനെ തുടര്‍ന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച പൊലീസ് വഞ്ചനാ ക്കുറ്റത്തിന് സംഘത്തിനെതിരെ കേസെടുക്കുകയായിരുന്നു. പരസ്യത്തിനായി സംഘം കടയുടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയലധികം തട്ടിയ ബാങ്കു ഉദ്യോഗസ്ഥന്‍ പിടിയില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരന്‍ റിജില്‍ ആണ് പിടിയിലായത്.

കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കുമെന്നറിയുന്നു.

തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നല്‍കിയത്. കോര്‍പ്പറേഷന്റെ 8 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയായിരുന്നു റിജില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയിരുന്നു.

ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കെട്ടിയിട്ട് ദുര്‍മന്ത്രവാദികളെ കൊണ്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും മൂന്ന് ദുര്‍മന്ത്രവാദികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമക്ക് നേരെ ഭര്‍ത്താവ് ഭരണിക്കാവ് സ്വദേശി അനീഷ് ദുര്‍മന്ത്രവാദം തുടങ്ങിയത്. ഭാര്യയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞ് അനീഷ് ബന്ധുക്കളായ ഷിബു, ഷാഹിന എന്നിവരുടെ സഹായം തേടി. ഇവര്‍ വഴിയാണ് കൊല്ലം കുളത്തൂപ്പുഴയിലെ ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവര്‍ വീട്ടിലെത്തിയത്.

എതിര്‍ത്ത ഫാത്തിമയെ ദുര്‍മന്ത്രവാദത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഓഗസ്റ്റ് മുതല്‍ മൂന്നുതവണ ദുര്‍മന്ത്രവാദം നടത്തിയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. പരാതിയില്‍ അന്വേഷണം നടത്തിയ നൂറനാട് പോലീസ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ ദുര്‍മന്ത്രവാദം നടത്തുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രതികള്‍ക്കെതിരെ മറ്റ് പരാതികള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നതിനു ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് നടുക്കുന്ന സംഭവം. കാഞ്ചി മേട്ടൂര്‍ ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ പഴനിസാമിയാണു ജീവനൊടുക്കിയത്.

ഇയാള്‍ ഭാര്യ വല്ലി, മക്കളായ ധനുശ്രീ, തൃഷ, മോനിഷ, ഭൂമിക, ശിവശക്തി എന്നിവരെ വെട്ടിക്കൊന്നതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണു ക്രൂരമായ കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചത്.

പഴനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. മദ്യപിച്ചെത്തിയ പഴനിസാമി കൊലപാതകം നടന്ന ദിവസവും ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയയെും മക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.

വീട്ടില്‍ നിന്നും കരച്ചില്‍കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും 5പേര്‍ മരിച്ചിരുന്നു. ഭൂമികയെന്ന കുട്ടിയെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലിസ് സര്‍ജന്‍ ഡോ. എം.എം.സീമയുടെ റിപ്പോര്‍ട്ടിലാണ് കൊടിയ മര്‍ദനമേറ്റതിന്റെ വിവരമുള്ളത്.

കഴിഞ്ഞ നവംബര്‍ 26ന് വൈകീട്ടാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് 29ന് വൈകീട്ട് ആറോടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ അറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാന്‍ അനുവദിച്ചില്ല. മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലിസില്‍ പരാതി നല്‍കി. 30ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

പേരൂര്‍ക്കട പോലിസില്‍ ഫൊറന്‍സിക് വിഭാഗം നല്‍കിയ റിപോര്‍ട്ടിലാണ് മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരമുള്ളത്. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗംവരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. തലച്ചോറ് അടിയേറ്റു തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടി.

ഇതാണ് പ്രധാന മരണകാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകള്‍ അടിച്ചൊടിച്ചു. ഏഴിഞ്ചുമുതല്‍ ആഴത്തിലുള്ള മുറിവുകള്‍ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലവും തകര്‍ത്തു. ക്രൂരമായ മര്‍ദനമേറ്റാണ് സ്മിത മരിച്ചതെന്ന നിഗമനത്തിലാണ് പോലിസും.

പ്രായപൂർത്തിയാകാത്ത പെൺമക്കളെ മർദിച്ച കേസിലെ പ്രതിയായ നാൽപ്പത്തിയഞ്ചുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി ആണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പിതാവ് മദ്യലഹരിയിൽ തങ്ങളെ മർദിച്ചെന്ന് കാണിച്ച് ആന്റണിയുടെ പത്തും പതിമൂന്നും വയസുള്ള മക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ചയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്. പ്രതിയോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.

തുടർന്ന് പൊലീസുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായി ആന്റണിയുടെ ഭാര്യ മൂന്ന് മാസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു.

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ‌ തുണ്ടത്തിൽ വീട്ടിൽ രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ശ്രീലക്ഷ്മി(24) സുഹൃത്ത് പുതുപ്പള്ളി കുന്നുമുറിയിൽ പാറപ്പുറത്ത് ബിപിൻ‌(29)ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവനടന്നത്. ബൈക്കിൽ വീട്ടിലേക്കു വരുവാരുന്ന രാജുവിനെ വീടിന് സമീപം കാത്തുനിന്ന ഹെൽമറ്റ് ധരിച്ച അജ്ഞാതൻ‌ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിപിനാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‌ ലഭിച്ചെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. ആക്രമണം നടന്ന ദിവസം രാവിലെ കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മിയുമായി രാജു തർക്കമുണ്ടായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീലക്ഷ്മിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. രാജുവുമായി വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി ബിപിനെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു രാജുവിനെ കൊലപ്പെടുത്താൻ ആക്രമണം നടത്തിയത്. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved