Crime

മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ 63ാം ജന്മദിനത്തിൽ നടപ്പാക്കി. കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.

മുൻ നാവികസേനാ ഉദ്യോ​ഗസ്ഥനായ റിച്ചാര്‍ഡ് ഫെയര്‍ ചെല്‍ഡ് എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1993ൽ 34ാം വയസിലാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിനുള്ള ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളുടെ 63ാം പിറന്നാള്‍ ദിനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ.

ആദം ബ്രൂംഹാൽ എന്ന മൂന്ന് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്‍ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവര്‍ റിച്ചാര്‍ഡിന് വേണ്ടി പിറന്നാള്‍ കേക്ക് തയ്യാറാക്കിയിരുന്നു.

കിടക്കയില്‍ മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്‍ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുമായി എല്ലാ രാത്രിയും മദ്യപിക്കാറുണ്ടായിരുന്ന പ്രതി സംഭവദിവസം അവരുടെ വീട്ടിൽ കിടന്നുറങ്ങിയപ്പോഴായിരുന്നു കുഞ്ഞിനെ വകവരുത്തിയത്.

ചുട്ടുപഴുത്ത ചിമ്മിനി അടുപ്പിലേക്ക് ആദമിന്‍റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന്റെ ഇരു വശത്തും ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരനേറ്റത്. മേശയില്‍ തലയിടിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് പിന്നാലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

2021 ഒക്ടോബറിലാണ് ഒക്കലഹോമ അധികാരികൾ വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാമെടുക്കുന്നത്. ഇതിനു ശേഷം ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്‍ഡിന്‍റേത്. രണ്ട് ദിവസത്തിനുള്ളിൽ നാല് വധശിക്ഷകളാണ് യു.എസിൽ നടപ്പാക്കിയത്.

കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ –

ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്.

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി.

കൂട്ടബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറിൽ കേറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനപൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് കണ്ടെത്തൽ.

തന്റെ പിതാവിന്റെ മരണം ഹൃദയാഘാതമല്ല, അമ്മ നടത്തിയ കൊലപാതകമാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഉറങ്ങിക്കിടക്കവെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജന നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് രഞ്ജന രാംതെക്, കാമുകൻ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.

ഈ സംഭാഷണമാണ് രഞ്ജനയ്ക്ക് വിനയായത്. കൊലപാതകം വെളിപ്പെടുത്തുന്ന ശബ്ദരേഖ മകൾ പുറത്ത് വിടുകയായിരുന്നു. പിന്നാലെ രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്നു അറിയിച്ചു.

പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് നിൽക്കാതെ സംസ്‌കരിക്കുകയും ചെയ്തു. ”ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും” കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകൻ മുകേഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു. മൂന്ന് മാസത്തിനു ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി.

ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത സ്റ്റേഷനിൽ ഹാജരായി. ശബ്ദരേഖ കേട്ട പൊലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കാസർകോട് മഞ്ചേശ്വരം ഉദ്യാവറിൽ 9 വയസുകാരിയായ വിദ്യാർഥിനിക്കുനേരെ അതിക്രമം. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ പ്രദേശവാസിയായ കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് പെൺകുട്ടിയെ എടുത്തെറിഞ്ഞത്. ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്ന് പുറത്തു വന്ന സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ‘സൈക്കോ’ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദീഖ്, നേരത്തെയും വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടിക്ക് ആന്തരിക ക്ഷതമുണ്ടായതായും സൂചനയുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിനും ചൈൽഡ് ലൈനും പരാതി നൽകി

മോഷണം നടത്തിയെന്ന് ആരോപിച്ച്‌ മര്‍ദ്ദിച്ച പത്തുവയസുകാരി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ആറംഗ കുടുംബം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പത്തുവയസുകാരി സര്‍ക്കാര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ആറംഗസംഘത്തെ രക്ഷപ്പെടുത്തിയത്.

ആള്‍ക്കൂട്ടം കുടുംബത്തെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. കുട്ടിയുടെ അമ്മ പുഷ്പ ഗണേഷ് നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

നവംബര്‍ 14ന് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കിള്ളനൂരില്‍ റോഡിന് സമീപത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ആറംഗസംഘത്തെ ഓട്ടോറിക്ഷയില്‍ കണ്ടപ്പോള്‍ മോഷ്ടാക്കളാണെന്ന് കരുതി നാട്ടുകാര്‍ പിന്തുടരാന്‍ തുടങ്ങുകയും വാഹനം വളഞ്ഞ നാട്ടുകാര്‍ മര്‍ദിക്കുകയുമായിരുന്നു.

 

ഇലന്തൂർ ഇരട്ടനരബലിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നരബലിയിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്ന് സംശയം. ക്രൂരവും നിഷ്ഠൂരവുമായി നടപ്പിലാക്കിയ കൃത്യം പുറത്ത് വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സകല പണിയും ഷാഫി ചെയ്തു വച്ചിരുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപമുള്ള വൃദ്ധയുടെ വളര്‍ത്തു നായ്ക്കളെ കൊന്ന് മുറിച്ചാണ് മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം തള്ളിയത് എന്നാണ് സംശയിക്കുന്നത്. റോസിലിന്റെ ഡിഎന്‍എ പരിശോധനാ ഫലം വൈകാന്‍ കാരണവും ഇതു തന്നെയെന്ന് കരുതുന്നു.

സമാനതകളില്ലാത്ത ക്രൂരതയാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലിക്കിരയായ സ്ത്രീകളോട് കാണിച്ചത്. പദ്മത്തിന്റെ കഴുത്തറുത്തപ്പോള്‍ പിടഞ്ഞ കാലിന്റെ മുട്ടുചിരട്ട ചുറ്റികക്ക് ഇയാള്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് മൊഴി. ചുറ്റികയും തെളിവെടുപ്പിനിടെ കാക്കനാട് പൊലീസ് കണ്ടെടുത്തിരുന്നു. ഇവിടത്തെ ബന്തവസ് പോലീസ് അവസാനിപ്പിച്ചതോടെ ഇവിടം കാഴ്ചക്കാർ കയറിയിറങ്ങുന്ന ഇടമായി. പോലീസ് കാവല്‍ അവസാനിപ്പിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന സ്ഥലം കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി ആളുകളാണ് എത്തുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പദ്മത്തേയും ആലുവ സ്വദേശിനി റോസിലിനെയും നരബലിക്ക് വിധേയമാക്കിയ സമാനതകളില്ലാത്ത ക്രൂരത നടന്ന വീടും പരിസരവും കാണാന്‍ മഴയെപ്പോലും അവഗണിച്ചാണ് ആളുകൾ എത്തുന്നത്.

വീടിന് ചുറ്റും ഉള്ള സ്ഥലങ്ങളും മൃതദേഹം കുഴിച്ചിട്ട കുഴികളും ഒക്കെ കാണാനായാണ് ആളുകള്‍ എത്തുന്നത്. തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ചും പത്മത്തിന്റെ മൃതദേഹം മുറിച്ചിട്ടുണ്ട്. അവിടെ രക്തക്കറയും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും ഇതുവരെ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇലന്തൂരില്‍ നരബലിയുടെ പശ്ചാത്തലത്തില്‍ സിനിമകളും ഉണ്ടായേക്കും. അസാധാരണവും അപൂര്‍വ്വവുമായ സംഭവം നടന്ന സ്ഥലത്തെ സന്ദര്‍ശകരില്‍ നിരവധി സിനിമാ പ്രവര്‍ത്തകരുമുണ്ട്.

സംവിധായകന്‍ ഷാജീ കൈലാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇലന്തൂരിലെ കൊലപാതകം നടന്ന വീട് സന്ദര്‍ശിച്ചിരുന്നു. വീടും പരിസരവും എല്ലാം കണ്ട് ഏറെ സമയം ചെലവഴിച്ച് വിശദമായി കണ്ട ശേഷമാണ് ഷാജി കൈലാസ് മടങ്ങിയത്. ഇലന്തൂര്‍ സ്വദേശിയും പച്ചത്തപ്പ് എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവുമായ അനു പുരുഷോത്തം നരബലി പ്രമേയമാക്കി സിനിമ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

പത്മ,റോസ്ലിൻ എന്ന സ്ത്രീകളെ പണം വാഗ്ധാനം ചെയ്ത് എത്തിച്ചാണ് നടുക്കുന്ന കൊലനടത്തിയത്. പത്മയെ ചരടുകൊണ്ട് ശ്വാസംമുട്ടിച്ച് ബോധംകെടുത്തി. കഴുത്തറുത്ത് ഒന്നാം പ്രതിയായ ഷാഫിയാണ് കൊന്നത്. പിന്നീട് ഇത് 56 കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടു. റോസ്ലിയെ കഴുത്തറുത്ത് കൊന്നശേഷം മാറിടം മുറിച്ചുമാറ്റി’യത് ഭഗവൽ സിങിന്റെ ഭാരര്യ ലൈലയാണ്. റോസ്‍ലിന്‍റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിരുന്നു.

കൊച്ചിയിൽ ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയിൽ അനാഥയായത് പിഞ്ച് കുഞ്ഞ്. റോങ് സൈഡിലൂടെ ഓവർടേക്ക് ചെയ്ത ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

അപകടത്തിൽ കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍വെച്ചാണ് അപകടം നടന്നത്. പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കവെയാണ് അപകടത്തിന് കാരണമായത്.

ഈ സമയത്ത് ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

അതേസമയം തന്നെ അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം ഉടനെ തന്നെ നിര്‍ത്താതെ പോവുകയായിരുന്നു. മാത്രമല്ല കാവ്യയ്ക്ക് ഒരു പിഞ്ചു കുഞ്ഞ് ഉള്ളതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്.

ട്യൂഷനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യാത്രാമധ്യേ മോശമായ വാക്കുകൾ ഉപയോഗിച്ച ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് ഭയന്നുപോയ പെൺകുട്ടി രക്ഷപ്പെടാനായി അമിത വേഗതയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ വിട്ടുപോവുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

തകഴിയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച ഡിവൈ.എസ്.പി.യുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സാബുവിനെതിരെയാണ് നടപടി. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഡിവൈ.എസ്.പിക്കെതിരേ കേസെടുത്തിരുന്നു.

നവംബര്‍ 11-ാം തീയതി അര്‍ധരാത്രി 12 മണിക്കാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘവും കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരിക്കുന്നത്.

ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവും. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കറാണ് സംഭവത്തില്‍ ലൗ ജിഹാദും സംശയിക്കുന്നതായി പ്രതികരിച്ചത്. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഞാൻ ലവ് ജിഹാദാണ് സംഭവം എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നൽകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ദില്ലി പോലീസിനെ ഞാൻ വിശ്വസിക്കുന്നു, അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്.

ശ്രദ്ധ അവളുടെ അമ്മാവനുമായിട്ടായിരുന്നു കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരുന്നത്, എന്നോട് അധികം സംസാരിച്ചിരുന്നില്ല. ഞാൻ ഒരിക്കലും അഫ്താബുമായി സംസാരിച്ചിരുന്നില്ല. മുംബൈയിലെ വസായിലാണ് ഞാൻ ആദ്യമായി ശ്രദ്ധയെ കാണാനില്ലെന്ന് പരാതി നൽകിയത്” എന്നും പിതാവ് വ്യക്തമാക്കി.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി. പിന്നാലെ ഒരു കൊലപാതകം ചെയ്താല്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്നും എങ്ങനെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കാമെന്നും ഗൂഗിളില്‍ തിരഞ്ഞു.

മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. ഇതിനിടെ ശ്രദ്ധയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലും ഉപേക്ഷിച്ചു. മൂന്നു വർഷം മുൻപ്, ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്. കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കിയ അതേ വീട്ടില്‍ അതേ മുറിയിലായിരുന്നു പിന്നീടും യുവാവ് കഴിഞ്ഞിരുന്നത്.

ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ച ഫ്രിജിൽത്തന്നെ അഫ്താബ് ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ഫ്രിഡ്ജില്‍ കാമുകിയുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കെ തന്നെ മറ്റൊരു യുവതിയെ പലതവണ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചിരുന്നു.

ഇതും ഡേറ്റിംഗ് ആപ്പിലൂടെ തന്നെ പരിചയപ്പെട്ട പെണ്‍കുട്ടി. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. ഇതുവരെ 12 മൃതദേഹ ഭാഗങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവയെല്ലാം ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ശ്രദ്ധയെ പരിചയപ്പെടുന്നതിനു മുൻപും അഫ്താബിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകത്തിനു മുൻപ് അഫ്താബ് നിരവധി ക്രൈം സിനിമകളും അമേരിക്കൻ ക്രൈം സീരിസായ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി വെബ് സീരിസുകൾ കണ്ടിരുന്നു.

ദില്ലിയിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. ബിരുദം പൂർത്തിയാക്കിയ അഫ്താബ് കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, 18 ദിവസങ്ങളില്‍ പുലർച്ചെ 2 മണിക്ക് ശരീരഭാഗങ്ങൾ ദില്ലിയിലെ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചെന്നാണ് അഫ്താബ് പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved