അകാലത്തില്‍ നഷ്ടപ്പെട്ട സഹോദരന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരുന്ന
ഇരുചക്രവാഹനം മോഷണം പോയതിന്റെ വേദനയില്‍ യുവാവ്. മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷാണ് നഷ്ടപ്പെട്ട വാഹനം കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുന്നത്. കട്ടെടുത്തവര്‍ മടക്കി നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നാണ് സുജീഷിന്റെ വാക്ക്.
അര്‍ബുദ ബാധയേറ്റാണ് സുജീഷിന്റെ സഹോദരന്‍ പ്രതീഷ് അകാലത്തില്‍ പൊലിഞ്ഞത്. നഷ്ടപ്പെടലിന്റെ വേദന ഇന്നും നൊമ്പരമായി സുജീഷിന്റെയും ബന്ധുക്കളുടെയും ഉള്ളിലുണ്ട്. സഹോദരന്റെ സന്തത സഹചാരിയായിരുന്ന ബൈക്കായിരുന്നു ആകെയുള്ള ഓര്‍മയും ആശ്വാസവും. ഇതാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്.
കട്ടെടുത്തവര്‍ തന്റെ ചങ്കാണ് പറിച്ചെടുത്തത്. അനിയന്‍കുട്ടിയുടെ വാഹനവുമായി അത്രയേറെ ആത്മബന്ധമുണ്ട്. തിരികെ നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നും സുജീഷ് പറയുന്നു.
കെഎല്‍ 55 എല്‍ 5809 എന്ന പാഷന്‍ പ്രോ ബൈക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ചോമേരിയില്‍ നിന്നാണ് നഷ്ടപ്പെട്ടത്. ബൈക്ക് വീണ്ടെടുക്കാന്‍ സുജീഷ് മണ്ണാര്‍ക്കാട് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. വാഹനം തിരികെ നല്‍കണമെന്ന് കള്ളന്‍ ആഗ്രഹിച്ചാല്‍ പരാതി പിന്‍വലിക്കാനും തയ്യാറാണെന്നും സുജീഷ് പറയുന്നു.
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം. യുവാവിന്റെ ദേഹത്തും തലക്കും പരുക്കേറ്റിട്ടുണ്ട്. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ബസിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.ജൂബിലി റോഡിൽ അര മണിക്കൂറോളം യുവാവ് അതിക്രമം നടത്തി. തലക്ക് പരുക്കേറ്റ രാജേഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.
നടുറോഡിൽ ബസ് വരുന്നതിന് എതിരെ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റ ശേഷം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത് അസ്വാഭാവികമായ പെരുമാറ്റമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ ഡ്രെെവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് ചില അംഗവിക്ഷേപങ്ങൾ യുവാവ് ചെയ്തതായും ദൃശ്യങ്ങളിൽ കാണാം.
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം തൃപ്പരപ്പിലെ ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. ബുധനാഴ്ചയാണ് ഗ്രീഷ്മയെ തെളിവെടുപ്പിവനായി എത്തിച്ചത്. ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയിലടക്കം തെളിവെടുപ്പ് നടന്നു.വെട്ടുകാട് പളളിയില്‍ വെച്ച് ഷാരോണ്‍ താലികെട്ടിയ ശേഷം ഇരുവരും ചേര്‍ന്ന് തൃപ്പരപ്പിലെ ഹോട്ടലില്‍ മൂന്ന് ദിവസം താമസിച്ചിരുന്നതായി ഗ്രീഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയത്.
ഹോട്ടലിലെ തെളിവെടുപ്പിനൊപ്പം ഷാരോണ്‍ പഠിച്ച നെയ്യൂരിലെ കോളേജിലും ജൂസ് ചലഞ്ച് നടത്തിയ പാലത്തിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തി. കോളേജില്‍ നിന്ന് സംഭവ ദിവസം ഉച്ചയോടെ ഇരുവരും ബൈക്കിലാണ് പാലത്തിലെത്തിയതെന്ന് ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ചലഞ്ച് നടത്തുന്നതിനായി കൊണ്ടുവന്ന രണ്ട് ജ്യൂസ് കുപ്പികളില്‍ ഒരെണ്ണത്തില്‍ കോളേജില്‍ വെച്ച് തന്നെ വിഷം കലര്‍ത്തിയിരുന്നു.
രണ്ട് പേരില്‍ ആരാണ് ആദ്യം ജൂസ് കുടിച്ച് തീര്‍ക്കുക എന്നതായിരുന്നു ചലഞ്ച്. അതിന്റെ ഭാഗമായി പാലത്തില്‍ വെച്ച് വിഷം കലര്‍ത്തിയ ജ്യൂസ് ഷാരോണിന് നല്‍കിയെങ്കിലും കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ അത് കളഞ്ഞു. പിന്നീട് മറ്റൊരു കുപ്പിയിലെ ജൂസ് രണ്ട് പേരും കൂടി പങ്കിട്ട് കുടിച്ചെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ഉച്ചയ്ക്കാണ് ഇവിടെ എത്തിയതെങ്കിലും വീട്ടില്‍ പോയതിന് ശേഷമാണ് ഊണ് കഴിച്ചതെന്നും ഗ്രീഷ്മ പറഞ്ഞു.
ഇതിന് മുമ്പ് കോളേജില്‍ വെച്ച് ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി ഷാരോണിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും ഗ്രീഷ്മ സമ്മതിച്ചിരുന്നു. അമ്പതോളം ഗുളികകള്‍ ഇതിനായി പൊടിച്ച് സൂക്ഷിച്ചിരുന്നതായും പ്രതി പറഞ്ഞു.
ഒട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരിയെ കയ്യില്‍ കയറിപ്പിടിച്ച് ഡ്രൈവര്‍, ഭയന്ന് വിറച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര്‍ റോഡിലെ പള്ളം പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലുവിളയില്‍ നിന്നാണ് യുവതി അശോകന്റെ ഓട്ടോറിക്ഷയില്‍ കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കിടയില്‍ അശോകന്‍ യുവതിയോട് നമുക്ക് കള്ള് കുടിക്കാന്‍ പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്‍കിയില്ല.
തുടര്‍ന്ന് അശോകന്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പേടിച്ച പെണ്‍കുട്ടി ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശോകന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയത്.
യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടിയത് കണ്ട നാട്ടുകാര്‍ ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാര്‍ ഇതേ ഓട്ടോറിക്ഷയില്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിയെയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ഡോക്ടറാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനിക്കിലെത്തിച്ചത്.
കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പാരസെറ്റാമോള്‍ കുത്തിവയ്‌പ്പെടുത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു.
ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കാതറിന്റെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.
ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ ജീവിക്കുന്ന ഭാര്യയെ വഴക്കിനൊടുവിൽ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ആണ് ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ദിണ്ഡിഗൽ സ്വദേശിയായ അമൃതലിംഗം ഭാര്യ ചിത്രയുമായി തിരുപ്പൂരിലെ സെല്ലം നഗറിൽ താമസിക്കുകയായിരുന്നു. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ കൂലിക്ക് ജോലിനോക്കി വരുകയായിരുന്നു അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമായിരുന്നു.
ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്ന തിനെയും ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹം പതിവായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ പേരിൽ ഏറെ നേരം ചിലവിടുന്നത് കണ്ടപ്പോൾ ഇതൊഴിവാക്കണമെന്ന് ഭർത്താവ് പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യം ചിത്ര അവഗണിച്ചു. 33,000ത്തിലധികം ഫോളോവേഴ്‌സുള്ള ചിത്ര ഫാക്ടറി ജോലി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തുന്നത്. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.
ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ആണ് ഉള്ളത്.
മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ എത്തി കുറ്റസമ്മതം നടത്തി പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് ആണ് സെൽഫി വീഡിയോയിലൂടെ കുറ്റസമ്മതം നടത്തിയത്. മകൾ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു.
സെൽഫി വിഡിയോയും പോലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകൾ പുറത്തു പോകുന്നത് ശ്രദ്ധയിൽപെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പോലീസിലും പരാതിപ്പെട്ടു. കൗൺസിലിങ്ങും മറ്റും നൽകിയെങ്കിലും നികിത ബന്ധം തുടർന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന്, വരപ്രസാദ് പോലീസിനോട് പറഞ്ഞു. ആംബുലൻസ് ഡ്രൈവറാണ് വരപ്രസാദ്.
”എന്റെ മകൾ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എൻറെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു” വരപ്രസാദ് വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്.13 വർഷങ്ങൾക്കു മുൻപ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുൻപ് മൂത്തമകളും വരപ്രസാദിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.
നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ – തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ അഞ്ചിന് രാത്രി ഒൻപതോടെ മരിച്ചത്.
കളിയിക്കാവിളയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ബി.എസ്.സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു.
സെപ്തംബർ ഏഴിന് ഒറ്റയ്‌ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് തുടർ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്. സ്ലോപോയ്സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്നാട് നിദ്രവിള പൊലീസ് കേസെടുത്തു.
റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഗതാഗത വകുപ്പ് പാടുപെടുമ്പോഴും ഓട്ടത്തിനിടെ സ്വകാര്യ ബസുകാരുടെ സാഹസം. ഇന്ന് കൊല്ലത്ത് രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടന്ന തർക്കം വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു.
കൊല്ലം കുണ്ടറയിൽ ആണ് സ്വകാര്യ ബസ്സുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. യാത്രക്കാർ ബസിൽ ഉണ്ടായിരിക്കുമ്പോൾ ആയിരുന്നു ഈ പ്രവൃത്തി.
ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. ഓട്ടത്തിന്റെ സമയം സംബന്ധിച്ചായിരുന്നു തർക്കം. ഇതിന് പിന്നാലെ ഇരു ബസിലെ ജീവനക്കാരും അതത് ബസിൽ കയറി. എന്നാൽ മുന്നോട്ട് എടുത്ത ബസ് പിന്നിലോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ മുന്നിലെ ചില്ല് തകർന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരു ബസിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രയർ, അന്നൂർ എന്നീ ബസ്സിലെ ജീവനക്കാർ തമ്മിലായിരുന്നു തർക്കം നടന്നത്.സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നു.
കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനേഷാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിനേഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
നേരത്തെയും ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി ജയിലിൽ കൊതുക് തിരി കഴിച്ചാണ് വിനേഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർച്ചയായി ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാനും ശ്രമിച്ചിരുന്നു.
2021 ജൂൺ മാസത്തിലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിന് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ പിതാവിന്റെ കടയ്‌ക്ക് തീവെച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തി ഉപയോഗിച്ചായിരുന്നു വിനേഷ് കൊലപാതകം നടത്തിയത്.