Crime

കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകമായിരുന്നു പാറശ്ശാല സ്വദേശി ഷാരോണിന്റേത്. സംഭവത്തില്‍ കാമുകി ഗ്രീഷ്മ അറസ്റ്റിലായിരുന്നു. ഗ്രീഷ്മയെ ചോദ്യം ചെയ്തതില്‍ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

ഷാരോണിനെ കൊല്ലാന്‍ വേണ്ടിയാണ് ജ്യൂസ് ചലഞ്ചും ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊലപ്പെടുത്താന്‍ പല തവണ ശ്രമിച്ചതായും ഗ്രീഷ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

സംഭവത്തില്‍ തമിഴ്‌നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയുടെ വീട്ടില്‍ അന്വേഷണ സംഘം ഗ്രീഷ്മയുമായി തെളിവെടുപ്പിന് എത്തും. ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയിരുന്നു.

ഈ സംഭവം അന്വേഷണ സംഘത്തെ അടക്കം ഞെട്ടിച്ചിരുന്നു. അജ്ഞാതന്‍ സീലും പൂട്ടും തകര്‍ത്താണ് അകത്ത് കയറിയത്. അതേസമയം, പ്രധാനപ്പെട്ട തെളിവുകള്‍ ഒന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും തെളിവെടുപ്പിന് തൊട്ടുമുമ്പ് ഇങ്ങനെ സംഭവിച്ചതില്‍ പല ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുകയാണ്.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയ കോടതി ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതി ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഗ്രീഷ്മയും അമ്മയെയും അമ്മാവനെയും രാവിലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പ് വീഡിയോയായി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാറില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഇയാളെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ടത്.

വൈകീട്ട് ശബ്ദം കേട്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതാണ് കണ്ടത്. ഒപ്പം ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതും ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.പോലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 12.30-ഓടെ മരണം സംഭവിച്ചു.

അതേസമം, ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമയായ ടോമിച്ചനും കുടുംബത്തിനും അറിയില്ല. ചന്ദ്രശേഖരനുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നു. കൂടാതെ ഇവരുമായി നല്ല ബന്ധത്തിലുമായിരുന്നെന്നു ടോമിച്ചന്‍ പറഞ്ഞു.

അതേസമയം, ചന്ദ്രശേഖരന്റേത് ആത്മഹത്യയാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസം. ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം തുടങ്ങി.

ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഗോപകുമാറും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മകൾ ഗൗരിയുമാണ് മരണപ്പെട്ടത്. കൊല്ലം മൈലക്കോട് ദേശീയ പാതയിലാണ് ദാരുണ അപകടം നടന്നത്. മകൾ ഗൗരിയെ സ്‌കൂളിൽ കൊണ്ടുവിടാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.

ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലർ ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സാരമായി പരിക്കേറ്റ ഗൗരിയെ ഉടനടി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിതാവിന്റെ മരണത്തിന് പിന്നാലെ ഗൗരിയും ലോകത്തോട് വിടചൊല്ലി. 2 ജീവനും പൊലിയാൻ ഇടയാക്കിയത് ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ബൈക്കിന്റെ പിന്നിൽ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളമാണ് വലിച്ചുകൊണ്ടുപോയത്. തുടർന്നും മുന്നോട്ടെടുത്ത ലോറിയെ നാട്ടുകാർ ഓടിക്കൂടിയാണ് പിടിച്ചുവെച്ചത്. അപകട സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെയാണ് ലോറി നിർത്തിയത്. പിഴവ് ലോറി ഡ്രൈവറുടെ ഭാഗത്ത് തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കി.

കാറില്‍ചാരിയെന്ന് ആരോപിച്ച് തലശ്ശേരിയില്‍ ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച് കാറുടമയുടെ ക്രൂരത. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രതി പിടിയിലായി. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് എതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചതെന്നാണ് വിവരം. കാറില്‍ ചാരിനില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ ചവട്ടിത്തെറിപ്പിച്ചത്. രാജസ്ഥാനില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് മര്‍ദനമേറ്റ ഗണേഷ്.

നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ശിഹ്ഷാദിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

പിന്നീട് പോലീസ് ഇയാളെയും ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതിക്ക് എതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഓസ്ട്രേലിയയിൽ നിന്ന് കൊലപാതകം നടത്തി ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ബില്യൺ ഓസ്‌ട്രേലിയൻ ഡ‌ോളർ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യാക്കാരനായ രാജ്‌വേന്ദ്രർ സിംഗാണ് കുറ്റവാളി. 2018ൽ ആണ് സംഭവം. ബീച്ചിൽ സവാരിക്കിറങ്ങിയ 24കാരിയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇന്നിസ്‌ഫാളിൽ നഴ്സായി ജോലി ചെയ്‌തിരുന്ന രാജ്‌വീന്ദർ കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. ക്വീൻസ്‌ലാൻഡ് പൊലീസാണ് ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് റെക്കോഡ് തുക പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിൽനിന്നുള്ളവർ തന്നെ തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്വീൻസ്‌ലാൻഡ് പൊലീസ് പറയുന്നു.കൊലപാതകം നടന്നത് ഒക്‌ടോബർ 21നാണ്. പിറ്റേദിവസം തന്നെ രാജ്‌വേന്ദ്രർ സിഡ്‌നിയിൽ എത്തുകയും, തുടർന്ന് ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു. ഇയാൾ ഇന്ത്യയിലേക്കാണ് കടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

യുവതിയെയും മക്കളെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് യുവതി അയച്ചിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്ന് സഹോദരന്‍ പറഞ്ഞു. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.

ഇന്നലെ ഭര്‍ത്താവിന്‍റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സഫ്‍വ ആത്മഹത്യ ചെയ്‍തെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സത്യാവസ്ഥ പുറത്തെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. താനിന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പറയുന്നത്. താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മലിനെയും റിമാൻഡ് ചെയ്തു. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോൾ കുടിച്ചതെന്ന ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. ഗ്രീഷ്മയെയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ വിലയിരുത്തൽ. ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ കളനാശിനിയുടെ കുപ്പി ഉൾപ്പെടെ ഇരുവരുടെയും കൊണ്ടുള്ള തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. ഇതിനപ്പുറം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലടക്കം ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുകയാണ്.

പോലീസ് കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും നിർമൽ കുമാറിനെ നെയ്യാറ്റിൻകര കോടതിയിലുമാണ് നിലവിലുള്ളത്. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വ്യക്തമായേക്കും.

പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദ്ദനമേറ്റ യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി സഹദാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപം വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കവെ മൂന്ന് പേർ ചേർന്ന് സഹദിനെ മർദ്ദിക്കുകയായിരുന്നു. വാക്കുതർക്കം മർദ്ദനത്തിലേക്ക് മാറുകയായിരുന്നു. തലക്ക് പരുക്കേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ശല്യം ചെയ്യുന്നവര്‍ ഉണ്ടാക്കുന്ന ഭയത്തെ കുറിച്ച് നടി പാര്‍വതി തിരുവോത്ത്. സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ടെന്നും പന്ത്രണ്ട് വര്‍ഷത്തോളമയി പലരേയും ഭയന്ന് ദീവിക്കുകയാണെന്നം താരം വെളിപ്പെടുത്തി.

ന്യൂസ് മിനിറ്റിനോട് പ്രതികരിക്കുകയായിരുന്നു താരം. അഭിനയം ആരംഭിച്ച കാലം തൊട്ട് വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ട്. മുന്‍പ് ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ജീവിച്ചത്. അക്കാലത്ത് രണ്ട് പുരുഷന്‍മാര്‍ എന്റെ അഡ്രസ് തപ്പി വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തും. പോലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.

ഇന്ന് അത് ആലോചിക്കുമ്പോള്‍ തോന്നുന്നു അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു എന്ന്. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെന്നാണ് പാര്‍വതി ഇതേകുറിച്ച് പറഞ്ഞത്.

എന്റെ കുടുംബത്തെക്കുറിച്ച് മോശം പറയുക, എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ എഴുതുക. വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നുവെന്നും എവിടെ പോയാലും അവിടെ എത്തുമായിരുന്നു എന്നും താരം വെളിപ്പെടുത്തി.

ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. സിസിടിവി ഉണ്ടായിരുന്നു അവിടെ. ആ ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ടു. കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി.

എന്നാല്‍, പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.

ഒരാള്‍ നമ്മളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെങ്കില്‍ ഒരിക്കലും പരാതി നല്‍കാന്‍ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. എന്നിരുന്നാലും ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും സ്ത്രീകളോടായി പാര്‍വതി പറയുന്നു.

RECENT POSTS
Copyright © . All rights reserved