ശല്യം ചെയ്യുന്നവര്‍ ഉണ്ടാക്കുന്ന ഭയത്തെ കുറിച്ച് നടി പാര്‍വതി തിരുവോത്ത്. സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ടെന്നും പന്ത്രണ്ട് വര്‍ഷത്തോളമയി പലരേയും ഭയന്ന് ദീവിക്കുകയാണെന്നം താരം വെളിപ്പെടുത്തി.

ന്യൂസ് മിനിറ്റിനോട് പ്രതികരിക്കുകയായിരുന്നു താരം. അഭിനയം ആരംഭിച്ച കാലം തൊട്ട് വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ട്. മുന്‍പ് ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ജീവിച്ചത്. അക്കാലത്ത് രണ്ട് പുരുഷന്‍മാര്‍ എന്റെ അഡ്രസ് തപ്പി വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തും. പോലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.

ഇന്ന് അത് ആലോചിക്കുമ്പോള്‍ തോന്നുന്നു അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു എന്ന്. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെന്നാണ് പാര്‍വതി ഇതേകുറിച്ച് പറഞ്ഞത്.

എന്റെ കുടുംബത്തെക്കുറിച്ച് മോശം പറയുക, എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ എഴുതുക. വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നുവെന്നും എവിടെ പോയാലും അവിടെ എത്തുമായിരുന്നു എന്നും താരം വെളിപ്പെടുത്തി.

ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. സിസിടിവി ഉണ്ടായിരുന്നു അവിടെ. ആ ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ടു. കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി.

എന്നാല്‍, പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.

ഒരാള്‍ നമ്മളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെങ്കില്‍ ഒരിക്കലും പരാതി നല്‍കാന്‍ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. എന്നിരുന്നാലും ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും സ്ത്രീകളോടായി പാര്‍വതി പറയുന്നു.