Crime

കേരളത്തിന്റെ തീരാവേദനയാണ് വിസ്മയ. സ്ത്രീധന ജീവനെടുത്ത ഇരയാണ് വിദ്യാര്‍ഥിയായിരുന്ന വിസ്മയ. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കേണ്ടി വന്ന് അവസാനം സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നവള്‍.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്
കിരണ്‍ വിസ്മയുടെ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. കേസില്‍ അകപ്പെട്ടതോടെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട കിരണ്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്.

കാര്‍ കാരണം മകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നെങ്കിലും മകളുടെ ഓര്‍മ്മയില്‍ പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ത്രിവിക്രമനും അമ്മ സജിതയും ചേര്‍ന്ന്. സഹോദര്‍ വിജിത്ത് ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

ഒരു വിന്‍ഡോ കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നല്‍കാനില്ലെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്. 2021 ജൂണ്‍ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും വെളിപ്പെടുത്തിയിരുന്നു.

തൃശ്ശൂര്‍ കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകന്‍ സഹദ് (23)നെയാണ് അച്ഛന്‍ സുലൈമാന്‍ കൊലപ്പെടുത്തിയത്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം.

സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്‍ മൊഴി നല്‍കി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഹരിയാനയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കെയ്‌സില്‍ യുവതിയുടെ മൃതദേഹം. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി യുവതിയെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം. യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ഗുരുഗ്രാമില്‍ തിങ്കളാഴ്ചയാണ് 20-25 വയസ് തോന്നിക്കുന്ന യുവതിയുടെ നഗ്‌നശരീരം കണ്ടെത്തിയത്. യുവതി പീഡിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊള്ളലേറ്റതിന് സമാനമായ മുറിവുകള്‍ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു.

ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നു. റോഡിനരികിലെ കുറ്റിക്കാട്ടില്‍ വൈകുന്നേരം നാലുമണിയോടെയാണ് സംശയാസ്പദപരമായ സാഹചര്യത്തില്‍ സ്യൂട്ട്കേസ് കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.

അതേസമയം, മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം. കൊച്ചി ചിലവന്നൂര്‍ കായല്‍ കൈയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തിയെന്നാണ് കേസ്സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആറ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരേയും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടന്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇത് കണ്ടെത്തുകയും കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമാണ് പരാതി.

ജയസൂര്യയും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. 2013ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. സംഭവം നടന്നത് എറണാകുളം ജില്ലയില്‍ ആയതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.

ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച കേസില്‍ മുപ്പത്തിയഞ്ചുകാരനെതിരെ കേസെടുത്ത് പോലീസ്. മലയിന്‍കീഴ് കടുക്കറ ഗിരിജാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപിനെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ മര്‍ദനമേറ്റ് ഭാര്യ ആതിര ചികിത്സയിലാണ്.

ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. മദ്യപാന ശീലമുള്ള ഇലക്ട്രീഷ്യനായ ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി ആസ്വദിക്കുകയും പതിവായിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ആതിരയുടെയും ദിലീപിന്റെയും വിവാഹം.

പ്രണയവിവാഹമായിരുന്നു. ദിലീപ് വിവിധ ഇടങ്ങളില്‍ ഭാര്യയ്‌ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നു. എന്നാല്‍ ആതിരയെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ പല വീട്ടുടമകളും ഇവരെ ഒഴിപ്പിച്ചു. അതിനിടെ ബന്ധുളുടെ ഇടപെടലില്‍ ദിലീപ്
റിഹാബിലിറ്റേഷന്‍ സെന്ററില്‍ മദ്യപാനം നിറുത്താനുള്ള ചികിത്സ തേടിയിരുന്നു.

പക്ഷേ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടര്‍ന്നു. ജീവിക്കാന്‍ വഴിയില്ലാതെ കുളക്കോട് വളവിലുള്ള സ്വകാര്യ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ ജോലിക്ക് പോയിരുന്ന അതിരയോട് ഇനി ജോലിക്ക് പോകരുതെന്നും നിര്‍ത്തണമെന്നും ദിലീപ് പറഞ്ഞിരുന്നു.

എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ആതിര തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. ആതിരയെ മര്‍ദ്ദിക്കുന്നത് ദിലീപ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് പൊലീസ് കണ്ടെത്തി. മര്‍ദ്ദനത്തിനൊടുവില്‍, ജോലിക്ക് ഇനി പോകില്ലെന്ന് യുവതി പറയുന്ന ദൃശ്യങ്ങളും ഫോണിലുണ്ട്.

യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെങ്കിലും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ദിലീപ് അതിക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ക്ക് മൂന്നും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്.

കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതി ലൈലയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

ഷാഫി തന്നോട് ഈ കൊലപാതകത്തെക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവമെന്നും ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞതെന്നും ലൈല പറഞ്ഞു.

എറണാകുളത്താണ് കൊലപതാകം നടത്തിയത്, കൃത്യത്തിന് ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞുവെന്നും ആ സമയത്ത് തങ്ങള്‍ നരബലിയെപ്പറ്റി ആലോചിക്കുകയായിരുന്നുവെന്നും ലൈല പോലീസിനോട് പറഞ്ഞു.

ഇലന്തൂരിലെ വീടിന്റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു. അതേസമയം, ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെ പതിനൊന്നുകാരന്‍ മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.

ആസിഡ് അടങ്ങിയ ശീതളപാനീയമാണ് കുട്ടി കുടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയില്‍ കഴിയവെയാണ് 11കാരന്‍ മരിച്ചത്. അതേസമയം, കുട്ടിക്ക് ആരാണ് പാനീയം നല്‍കിയതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ മൂന്നാഴ്ചയായി ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അശ്വിന്‍. കൊല്ലങ്കോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍. കഴിഞ്ഞ മാസം 24നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങവെയാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി അശ്വിന് പാനീയം കുടിക്കാന്‍ കൊടുത്തത്.

‘കോള’ എന്ന പേരിലാണ് പാനീയം കുടിക്കാന്‍ നല്‍കിയെന്നായിരുന്നു ആശുപത്രിയില്‍ കഴിയവെ കുട്ടി നല്‍കിയ മൊഴി. പാനീയം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയുണ്ടാകുകയായിരുന്നു. ജ്വരബാധിതനായി അവശനിലയിലായ കുട്ടിയെ പിറ്റേന്നു നന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഛര്‍ദ്ദിയും കടുത്ത ശ്വാസം മുട്ടലിനെയും തുടര്‍ന്ന് 27ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. അന്നനാളത്തിനും കുടലിനും പൊള്ളലേറ്റതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.

ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. ഇതിനിടെ പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തുപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തു. അവിടെ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന്റെ ഭാഗമായാണ് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.

ഇതിനിടെ എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ, തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല.

ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വന്‍ വഴിത്തിരിവ്. ഇരകളുടെ അവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതായി സംശയം. മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് ഈ സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട റോസ്‌ലിയുടെ ശരീരത്തിലാണ് വൃക്കയും കരഴിം ഇല്ലാത്തത്. മസ്തിഷ്‌കം രണ്ടായി മുറിച്ചെന്നും കണ്ടെത്തി. കൊലയ്ക്ക് ശേഷം ഏറെ നേരം വൈകിയാണ് മൃതദേഹം മറവ് ചെയ്തത്.

പ്രതികള്‍നരഭോജനം നടത്തിയെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ലൈല ഒഴികെ രണ്ടു പ്രതികളും മനുഷ്യമാംസം കഴിച്ചു. അന്വേഷണ സംഘത്തോട് പ്രതികള്‍ ഇക്കാര്യം സമ്മതിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്.

10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി.

ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ രക്തകറയുണ്ട്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി.തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണു മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം മുഹമ്മദ് ഷാഫി പുറത്തുപോയിരുന്നു. മാംസം വേവിച്ച പാത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കിടെ പ്രതികള്‍ പൊലീസിനു ചൂണ്ടിക്കാട്ടി.

വിശ്വാസത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി പോലീസ് പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ഐരവണിലാണ് സംഭവം. മാടത്തേത്ത് വീട്ടില്‍ ബാലനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്റെ നേതൃത്വത്തിലാണ് മന്ത്രവാദിയെ പിടികൂടിയത്.നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. കാന്‍സര്‍ രോഗിയില്‍ നിന്ന് പൂജയുടെ പേരില്‍ നാല് ലക്ഷം രൂപ തട്ടിയെന്ന പരാതിയുണ്ട്.

ഇയാളുടെ വീട്ടില്‍ രാത്രിയിലും പകലുമായി അപരിചിതര്‍ വന്നു പോകുന്ന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. കൂടാതെ രണ്ടാഴ്ച മുന്‍പ് പ്രദേശവാസിയായ സ്ത്രീയെകുറിച്ച് അപവാദം പറഞ്ഞ സംഭവുമായി ബന്ധപ്പെട്ട് കുടുംബശ്രീയും പഞ്ചായത്തംഗവും ഇടപ്പെട്ടിരുന്നു.

 

 

Copyright © . All rights reserved