കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ യു സജിത്തിനെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് കെ.എ.പി. ബറ്റാലിയനിലെ എസ്.ഐ ആയിരുന്നു 40കാരനായ സജിത്ത്.
വെള്ളിയാഴ്ച രാവിലെ എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജങ്ഷനു സമീപത്തുള്ള പറമ്പിലാണ് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ നിന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. എം.എസ്.പി.യിലായിരുന്ന സജിത്ത് കഴിഞ്ഞ മാസമാണ് മാറ്റം കിട്ടി കെ.എ.പി. ഒന്നാം ബറ്റാലിയനിൽ എത്തിയത്.
ചികിത്സാ അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ട സമയം വരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മരണം. അതേസമയം, മൃതദേഹത്തിന് ഒന്നിലധികം ദിവസത്തെ പഴക്കം ഉണ്ടെന്ന് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: ഉപേന്ദ്രൻ, അമ്മ: ലീലാകുമാരി.
വര്‍ക്കല മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ സഹോദരനെ ഡോക്ടര്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം.
നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) ആണ് കുത്തി കൊന്നത്. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.
പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്‌സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ്, വെറ്ററിനറി ഡോക്ടര്‍ ആയി കട്ടപ്പനയില്‍ ജോലി ചെയ്ത് വരികയായിരുന്നു. തികഞ്ഞ മദ്യപാനിയായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ആണ് സന്ദീപ് താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു.
ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പോലീസിനെ അറിയിക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു എന്നാണ് സത്യദാസ് പോലീസിന് നല്‍കിയ മൊഴി.
കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വര്‍ഷങ്ങളായി ശുശ്രൂഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മരണപ്പെട്ടിരുന്നു.
ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (26) ആണ് ഡ്യുട്ടിക്ക് ഇടയിൽ വെടി വെച്ചു മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ഡ്യൂട്ടി ചെയ്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടെ മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഓണത്തിന് നാട്ടിൽ എത്തി പതിനേഴാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്.കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
ഭാര്യ:ദേവു. മാതാവ്: പത്മാക്ഷി. മൃതദേഹം നാളെ ( ശനി ) വൈകിട്ട് 7 മണിയോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മറ്റെന്നാൾ ( ഞായർ) രാവിലെ 9 മണിയോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
മാരക മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 191 ഗ്രാം എംഡിഎംഎയുമായാണ് മലയാളി സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗൾതൊടി ജിതിൻ എന്നിവരെ കർണാടക പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ബെംഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ആറ് ലക്ഷത്തോളം വില വരുന്ന ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇവർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്‌റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ അറിയിച്ചു.
വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മക്കൾ മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്ത്, വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനെ ആണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.
2019ൽ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇപ്പോഴുണ്ടായ സംഭവുമായി ബന്ധപ്പെട്ട് സംഭവത്തിൽ ചെറുകുന്നം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ജയകുമാറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.അതീവ ഗുരുതരാവസ്ഥയിലായ ബാലു ഡോക്ടറുമാരുടെ മുഴുവൻ സമയ നിരീക്ഷണത്തിലാണ്.
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരെ കൊച്ചി മരട് പോലീസില്‍ പരാതി. ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖത്തിനിടെ മോശമായ രീതിയില്‍ പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് മരട് പോലീസില്‍ പരാതി നല്‍കിയത്.
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പരാതിസ്വീകരിച്ചെങ്കിലും കേസ് എടുത്തിട്ടില്ലെന്ന് മരട് പോലീസ് പറഞ്ഞു.
പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.
ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തുകയായിരുന്നു.
താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബര്‍ 4നാണ് കേസിന്
ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വര്‍ഗ്ഗീസ് (24), കാമുകന്‍ മജീഷ് മോഹന്‍ (24) എന്നിവരാണ് പിടിയിലായത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരവെ പ്രതികള്‍ ബെംഗളൂരുവിലേയ്ക്ക് കടക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പ്രതികള്‍ ബെംഗളൂരുവില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയതായി മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ട് എസിപിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ വിപിന്‍, പ്രസാദ്, എഎസ്‌ഐമാരായ പത്മകുമാര്‍, ശ്രീകുമാര്‍, സിപിഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണന്‍, സാജന്‍ നിള, ആര്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
1970 -കളിലും 1980 -കളിലും രോഗികളെ വേട്ടയാടിയ സീരിയൽ കില്ലറും മുൻ ആശുപത്രി ജീവനക്കാരനുമായ ഡൊണാൾഡ് ഹാർവിയെ സഹതടവുകാരൻ കൊലപ്പെടുത്തി. ഒഹായോ ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.1970 – 80 കാലഘട്ടങ്ങളിൽ രോഗികളുടെ പേടിസ്വപ്നമായിരുന്നു ഹാർവി. ആശുപത്രികളിൽ അവശനിലയിൽ കിടക്കുന്ന രോഗികളെ ആയിരുന്നു ഇയാൾ വേട്ടയാടി കൊന്നിരുന്നത്. ആശുപത്രി ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾ ‘മരണത്തിൻറെ മാലാഖ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
പൊലീസിന്റെ കണക്ക് പ്രകാരം 37 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, താൻ അതിലും അധികം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹാർവി സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ സ്വന്തം കണക്ക് പ്രകാരം 70 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിരിക്കുന്നത്.67 -കാരനായ ഹാർവി ഒന്നിലധികം ജീവപര്യന്തങ്ങൾ ഒന്നിച്ച് അനുഭവിച്ച് കഴിഞ്ഞു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം സഹതടവുകാരനാൽ കൊല്ലപ്പെട്ടത്.
ഇയാൾ നടത്തിയ കൊലപാതകങ്ങൾ ‘ദയാവധങ്ങൾ’ എന്ന പേരിൽ കരുതാൻ ആകില്ല എന്ന് ഹാർവിയുടെ കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ആർതർ എം. നെയ് ജൂനിയർ 1987 -ൽ കോടതിയിൽ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘കൊല്ലാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവൻ കൊന്നത്’ എന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.
തന്റെ വിചാരണ വേളയിൽ, താൻ ദയ നിമിത്തം കൊലപാതകം നടത്തിയെന്നും ഇരകളോട് മര്യാദ കാണിക്കുകയാണെന്നും ഹാർവി വാദിച്ചു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നടപടിക്രമങ്ങൾക്കിടയിൽ പോലും ഇയാൾ യാതൊരു പശ്ചാത്താപവും കാണിച്ചില്ല, കൂടാതെ ഒരു ബോർഡിൽ ഇരകളുടെ പേരുകൾ കാണിച്ചപ്പോൾ പോലും ഇയാൾ ചിരിച്ചു.
ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അന്ന് അയാൾ മാധ്യമങ്ങളോട് പറഞ്ഞത് ‘ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആളുകളെ അവരുടെ ദുരിതത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. എനിക്ക് എപ്പോഴെങ്കിലും അസുഖവും നിറയെ ട്യൂബുകളോ റെസ്പിറേറ്ററോ ഉണ്ടെങ്കിൽ ആരെങ്കിലും വന്ന് അത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ്.
തലയിണകൾ, ഒഴിഞ്ഞ ഓക്സിജൻ ടാങ്കുകൾ, എലിവിഷം, പെട്രോളിയം ഡിസ്റ്റിലേറ്റ്, സയനൈഡ് എന്നിവയുൾപ്പെടെ ഹാർവി തന്റെ ഇരകളെ കൊലപ്പെടുത്താൻ വിവിധ രീതികൾ ഉപയോഗിച്ചു. മരണപ്പെട്ട ഒരു രോഗിയുടെ പോസ്റ്റ്മാർട്ടം നടത്തുന്നതിനിടയിൽ രോഗിയുടെ വയറ്റിൽ നിന്നും സയനേഡ് കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത്. ആ അന്വേഷണങ്ങൾ ഒടുവിൽ ഹാർവെയിലേക്ക് എത്തിച്ചേരുകയായിരുന്നു.
എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെ കുടുക്കിയത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാർ. കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയത് ജിതിനിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിനിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ജിതിന് ധരിച്ച ടീഷര്ട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാന് സ്കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിന് കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷര്ട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിനിന്റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ആണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.
ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയര്ന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.
പഞ്ചാബ് ഫഗ്വാരയിലെ ലൗലി പ്രൊഫഷണല് യൂണിവേഴ്സിറ്റി(എല് പി യു)യില് ജീവനൊടുക്കിയ മലയാളി വിദ്യാര്ഥിയുടെ കുറിപ്പില് കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്ശം. ചേര്ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന് എസ് ദിലീപി(21)നെ ചൊവ്വാഴ്ച വൈകിട്ടാണു ഹോസ്റ്റല് മുറിയില് മരിച്ചനിലയില് കണ്ടെത്തിയത്.
ബി ഡിസൈന് ഒന്നാം വര്ഷ വിദ്യാര്ഥി അഖിന് രണ്ടാഴ്ച മുന്പാണ് എല് പി യുവില് ചേര്ന്നത്. അതിനു മുന്പ് കോഴിക്കോട് എന്‍ ഐ ടി വിദ്യാര്ഥിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനം മാറാനുള്ള കാരണം സംബന്ധിച്ച് എന്‍ ഐ ടി അധ്യാപകനെതിരെ അഖിന്റെ ആത്മഹത്യാക്കുറിപ്പില് പരാമര്ശമുണ്ടെന്ന് അധികൃതര് പറഞ്ഞു.
”എന്റെ തീരുമാനത്തില് ഞാന് വളരെയധികം ഖേദിക്കുന്നു, ഞാന് എല്ലാവര്ക്കും ഒരു ഭാരമാണ്, ക്ഷമിക്കണം, പക്ഷേ ഇതാണ് അവസാനം,” അഖിന്റെ ആത്മഹത്യാക്കുറിപ്പില് പറയുന്നതായി പൊലീസ് അറിയിച്ചു. വിദ്യാര്ത്ഥി എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി ഫഗ്വാര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജസ്പ്രീത് സിങ് നേരത്തെ പറഞ്ഞിരുന്നു. വിഷയത്തെക്കുറിച്ച് പൊലീസ് കൂടുതല് അന്വേഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും രണ്ടു വര്ഷം പഠിച്ച എന്‍ ഐ ടിയില് നേരിട്ട വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്ന്നാണ് വിദ്യാര്ത്ഥി ഈ കടുംകൈ സ്വീകരിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും എല് പി യു വൈസ് പ്രസിഡന്റ് അമന് മിത്തല് പറഞ്ഞു. സര്വകലാശാല അധികൃതര് അറിയിച്ചതിനെത്തുടര്ന്നു അഖിന്റെ രക്ഷിതാക്കള് അവിടെ എത്തിയിട്ടുണ്ട്.
അഖിന് മരിച്ചറിഞ്ഞ് വിദ്യാര്ത്ഥികള് ചൊവ്വാഴ്ച വൈകിട്ട് എല് പി യു കാമ്പസില് വന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ഥിതിഗതികള് ഇപ്പോള് നിയന്ത്രണവിധേയമാണെന്നു ഫഗ്വാര പൊലീസ് സൂപ്രണ്ട് മുഖ്ത്യാര് സിങ് പറഞ്ഞു. മൊഹാലിയില് സ്വകാര്യമേഖലയില് പ്രവര്ത്തിക്കുന്ന ചണ്ഡിഗഡ് സര്വകലാശാലയില് സ്വകാര്യ വീഡിയോകള് ചോര്ന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിന് ഏതാനും ദിവസങ്ങള്ക്കു ശേഷമാണ് എല് പി യുവിലെ സംഭവം.
”ഇന്നലെ, ശരിയായ വിവരത്തിന്റെ അഭാവം കാരണം സഹവിദ്യാര്ത്ഥികള്ക്കിടയില് തെറ്റിദ്ധാരണയുണ്ടായി. അതു വൈകുന്നേരം യൂണിവേഴ്സിറ്റി കാമ്പസില് പ്രശ്നങ്ങള്ക്കു കാരണമായി. പൊലീസും യൂണിവേഴ്സിറ്റി അധികൃതരും മുഴുവന് സ്ഥിതിഗതികളും വിദ്യാര്ത്ഥികളോട് പങ്കുവച്ചു. ഇപ്പോള്, സര്വകലാശാല ശാന്തമാണ്. മുഴുവന് വിദ്യാര്ത്ഥികളും സമാധാനപരമായി ക്ലാസുകളില് പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്യുന്നു,” അമന് മിത്തല് പറഞ്ഞു.
എല്ലാവരെയും വേദനിപ്പിക്കുന്ന നടപടിയെടുക്കുന്നതിനു എന്തെങ്കിലും പ്രശ്നമുള്ളവര്ക്കു സമീപിക്കാവുന്ന സമ്പൂര്ണ കൗണ്സലിങ് സെന്റര് സര്വകലാശാലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
നേരത്തെ, സംഭവത്തില്‍ സര്വകലാശാല ഒന്നാകെ ദുഃഖിതരാണെന്ന് എല് പി യു പ്രസ്താവനയില് പറഞ്ഞിരുന്നു. ”പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കാണു വിരല് ചൂണ്ടുന്നത്. തുടര് അന്വേഷണത്തിന് സര്വകലാശാല അധികൃതര് പൂര്ണ പിന്തുണ നല്കുന്നുണ്ട്. വിദ്യാര്ത്ഥിയുടെ വേര്പാടില് യൂണിവേഴ്സിറ്റി ആദരാജ്ഞലി അര്പ്പിക്കുന്നു. ദുഃഖാര്ത്തരായ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു,” എല് പി യു ഔദ്യോഗിക ട്വിറ്റര് ഹാന്ഡില് പോസ്റ്റ് ചെയ്ത പ്രസ്താവനയില് പറഞ്ഞു.ആം ആദ്മി പാര്ട്ടി (എ എ പി) രാജ്യസഭാംഗം അശോക് മിത്തലാണു ലൗലി പ്രൊഫഷണല് യൂണിവേഴ്സിറ്റിയുടെ ചാന്സലര്.
Punjab: Massive protests at Lovely Professional University after student dies by suicide
Read: https://t.co/QFL7qwVxtA pic.twitter.com/YLacS62wOj
— The Indian Express (@IndianExpress) September 21, 2022