വെള്ളിയാഴ്ച്ച സ്‌കൂള്‍ പ്രവൃത്തി സമയം വെട്ടിക്കുറക്കാന്‍ പദ്ധതിയുമായി ഡാവന്‍ട്രിയിലെ ആഷ്ബി ഫീല്‍ഡ്‌സ് പ്രൈമറി സ്‌കൂള്‍ അധികൃതര്‍. 400ഓളം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ മേധാവി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള പ്രവൃത്തി സമയത്തേക്കാളും രണ്ട് മണിക്കൂര്‍ നേരത്തെ സ്‌കൂള്‍ അടയ്ക്കാനാണ് തീരുമാനം. അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നതിനും കൂടുതല്‍ വിശ്രമസമയം അനുവദിക്കാനുമാണ് സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് സ്‌കൂള്‍ വിശദീകരിച്ചു. അതേസമയം പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂള്‍ നേരത്തെ അടച്ചാല്‍ ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളെ നോക്കാന്‍ ഇതര മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഇതിനായി ചൈല്‍ഡ് കെയറിനെയും മറ്റും ആശ്രയിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
സ്‌കൂള്‍ സമയം വെട്ടിക്കുറച്ചാല്‍ കുട്ടികളുടെ ഒരു അധ്യയന വര്‍ഷത്തില്‍ ലഭ്യമാകുന്ന അക്കാദമിക് ദിനങ്ങളില്‍ കാര്യമായ കുറവുണ്ടാകുമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. അക്കാദമിക് ദിനങ്ങള്‍ കുറയുന്നത് കുട്ടിയെ സാരമായി ബാധിക്കുമെന്ന ആശങ്കയും അവര്‍ രേഖപ്പെടുത്തി. സ്‌കൂളിന്റെ തീരുമാനത്തില്‍ മിക്ക രക്ഷിതാക്കളും അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ജോലി സമയം പുനഃക്രമീകരിക്കേണ്ടി വരുമെന്നും അതല്ലെങ്കില്‍ ഡേ കെയര്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കളുടെ ജോലി സംബന്ധിച്ച് സ്‌കൂളിന് യാതൊരുവിധ ബോധ്യവും ഇല്ലാത്തത് പോലെയാണ് പെരുമാറുന്നതെന്ന് കെല്ലി ഹോംസ് വിമര്‍ശിച്ചു. അതേസമയം ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും സ്‌കൂള്‍ അടയ്ക്കുകയെന്ന് ആഷ്ബി ഫീല്‍ഡ്‌സ് പ്രൈമറി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ അറിയിച്ചു.
പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷമെ പുതിയ തീരുമാനം നടപ്പിലാക്കുകയുള്ളു. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുകയെന്നതാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നതെങ്കില്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ക്ക് അധ്യാപകര്‍ക്ക് ലഭിക്കുന്ന അത്രപോലും അവധി ദിനങ്ങള്‍ ലഭിക്കാറില്ലെന്ന വസ്തുത മനസിലാക്കണം. ലോകത്തിലെ ഇതര തൊഴില്‍ മേഖലകള്‍ പരിചയപ്പെട്ടാല്‍ തങ്ങള്‍ എത്രത്തോളം ഭാഗ്യവാന്മാരാണെന്ന് അധ്യാപകര്‍ക്ക് മനസിലാകുമെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു. രാജ്യത്തെ വിദ്യഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് താഴ്ന്ന പഠന നിലവാരം. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കണമെങ്കില്‍ നിലവാരമുള്ള അധ്യാപകരെ സൃഷ്ടിക്കേണ്ടതുണ്ട്. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമസമയം അനുവദിക്കുന്നതിലൂടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമെ അത് സാധ്യമാവുകയുള്ളുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി അപേക്ഷകളില്‍ കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി ആന്റ് കോളേജ് അഡിമിനിസ്‌ട്രേഷന്‍ സര്‍വീസ് (യുസിഎഎസ്) ഉത്തരവിട്ടിട്ടുണ്ട്. 100ലധികം കറുത്തവരായ അപേക്ഷകരോട് കൂടുതല്‍ വിവരങ്ങള്‍ യുസിഎഎസ് ഉദ്യോഗസ്ഥര്‍ ചോദിച്ച് മനസിലാക്കിയതായി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റ് പ്രകാരം ലഭ്യമായ രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളും കറുത്തവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലും വ്യത്യാസമുണ്ടെന്ന് രേഖകള്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ബ്രിട്ടനില്‍ നിന്നുള്ള 419 കറുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ക്കൊപ്പം അധിക രേഖകള്‍ ഹാജരാക്കേണ്ടി വന്നതായി ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. എന്നാല്‍ വെളുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരം രേഖകളുടെ ആവശ്യമുണ്ടായിരുന്നില്ല. അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് യുസിഎഎസിനുള്ളത്. വെബ്‌സൈറ്റ് വഴി ശേഖരിക്കുന്നതും നേരിട്ട് ഉദ്യോഗസ്ഥര്‍ നടത്തുന്ന അഭിമുഖത്തിലൂടെയുമാണത്. എന്നാല്‍ ഇവയിലൊന്നും ഉദ്യോഗാര്‍ത്ഥിയുടെ വംശീയ വിവരങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന് യുസിഎഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വളരെ കൃത്യമായ അന്വേഷണം അടിയന്തരമായി നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം വംശീയപരമായ നടപടികള്‍ ഉണ്ടായി എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. വിദ്വേഷപ്രവൃത്തിക്ക് യാതൊരുവിധ ന്യായീകരണവും നല്‍കാന്‍ യുസിഎഎസിന് അര്‍ഹതയില്ലെന്നും ലേബര്‍ ഷാഡോ എജ്യൂക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടുന്നതിനായി യുസിഎഎസ് എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും റൈനര്‍ ആവശ്യപ്പെട്ടു. വിന്‍ഡ്‌റഷ് ജനറേഷനിലുള്ള കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നശിപ്പിക്കപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
ഭൂമിയില്‍ ജീവന്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ബഹിരാകാശത്തു നിന്ന് ഭൂമിയിലെത്തിയ പാറകളിലും പൊടിയിലും മറ്റുമുണ്ടായിരുന്ന ബാക്ടീരിയകളില്‍ നിന്നായിരിക്കാം ഭൂമിയില്‍ ജീവന്‍ എത്തിയതെന്ന സിദ്ധാന്തം ശാസ്ത്രലോകത്തുണ്ടായിരുന്നെങ്കിലും അതിന്റെ സാധ്യതകള്‍ പിന്നീട് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 20 വര്‍ഷം മുമ്പ് ഭൂമിയില്‍ വീണ ഒരു ഉല്‍ക്കാശിലയില്‍ ജീവന്റെ ആവിര്‍ഭാവത്തിന് കാരണമായ അടിസ്ഥാന വസ്തുക്കളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റു ഗ്യാലക്‌സികളിലെ ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്നും അവയില്‍ നിന്നായിരിക്കാം ഭൂമിയിലും ജീവന്‍ എത്തിയതെന്നും ചില ഗവേഷകര്‍ ഇപ്പോഴും വിശ്വസിക്കുന്നു.
മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഡോ.എല്ലിസ് സില്‍വര്‍ എന്ന പരിണാമ ശാസ്ത്രകാരന് ചില സിദ്ധാന്തങ്ങളുണ്ട്. ഹ്യൂമന്‍സ് ആര്‍ നോട്ട് ഫ്രം എര്‍ത്ത് എന്ന പുസ്തകത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഇവയേക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദവും ഇദ്ദേഹം നടത്തിയിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യഗ്രഹജീവികളാണ് മനുഷ്യവംശത്തെ ഭൂമിയില്‍ എത്തിച്ചതെന്നാണ് സില്‍വര്‍ വാദിക്കുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നു. ഭൂമിയിലെ ഏറ്റവും വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. എങ്കിലും ഭൂമിയുടെ സാഹചര്യങ്ങളുമായി ഒത്തുചേര്‍ന്ന് പോകാന്‍ കഴിയാത്ത ശരീരഘടനയാണ് മനുഷ്യനുള്ളത്.
സൂര്യപ്രകാശം താങ്ങാന്‍ മനുഷ്യന് കഴിയുന്നില്ല, പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല, മാരകമായ രോഗങ്ങള്‍ അമിതമായി കാണപ്പെടുന്നു തുടങ്ങി ഒട്ടേറെ വസ്തുതകളാണ് അദ്ദേഹം കാരണമാണ് സമര്‍ത്ഥിക്കുന്നത്. പ്രസവത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തന്നെ മനുഷ്യന്‍ ഭൂമിയിലുണ്ടായതല്ലെന്നതിന് മതിയായ തെളിവാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യന് മാത്രമാണ് നടുവിന് പ്രശ്‌നങ്ങള്‍ കാണുന്നത്. താരതമ്യേന ഗുരുത്വാകര്‍ഷണം കുറഞ്ഞ ഗ്രഹത്തിലായിരുന്നു മനുഷ്യന്‍ കഴിഞ്ഞിരുന്നത് എന്നതിന് തെളിവാണ് ഇത്. ഭൂമി ഒരു ഗ്രഹാന്തര ജയിലാകാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു. മനുഷ്യന്റെ അക്രമണോത്സുകത ഇതിനുള്ള തെളിവാണെന്നും ഡോ.സില്‍വര്‍ വാദിക്കുന്നു.
മനുഷ്യവംശത്തെക്കുറിച്ച് നേരത്തേ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ നിഗമനങ്ങള്‍ തെറ്റെന്ന് ഗവേഷകന്‍. നിയാന്‍ഡര്‍താല്‍ മനുഷ്യര്‍ക്ക് ആധുനിക മനുഷ്യന്റെ പെരുമാറ്റ സവിശേഷതകള്‍ ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജനറ്റിസിസ്റ്റായ ഡേവിഡ് റെയ്ക്ക് ആണ് പുതിയ നിഗമനവുമായി രംഗത്തെത്തിയത്. ഗവേഷണങ്ങള്‍ പുതിയ വിവരങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ഇപ്പോള്‍ നടത്തുന്ന കണ്ടെത്തലുകള്‍ പോലും അടുത്ത നിമിഷത്തില്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍ ആഫ്രിക്കന്‍ പാരമ്പര്യമുള്ള എന്നാ ചരിത്രാതീത മനുഷ്യവംശങ്ങളിലും നിയാന്‍ഡര്‍താല്‍ ഡിഎന്‍എയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. പുരാതന മനുഷ്യവംശങ്ങള്‍ തമ്മില്‍ സങ്കര സൃഷ്ടികള്‍ നടന്നിരിക്കാമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. പുരാതന മനുഷ്യവംശമെന്ന് കരുതിയിരുന്ന ഡെനിസോവന്‍മാര്‍ നിലനിന്നിരുന്നതിന് തെളിവുകളും ഇദ്ദേഹത്തിന്റെ പഠനത്തില്‍ ലഭിച്ചു. സൈബീരിയന്‍ ഗുഹകളില്‍ നിന്ന് ലഭിച്ച ഫോസിലുകളില്‍ നിന്നുള്ള ഡിഎന്‍എകള്‍ പരിശോധിച്ചാണ് ഇത് തെളിയിച്ചത്.
5000 വര്‍ഷങ്ങള്‍ക്കു മുമ്പ് നോര്‍ത്തേണ്‍ യൂറോപ്പില്‍ മധ്യേഷ്യയില്‍ നിന്ന് അധിനിവേശമുണ്ടായിട്ടുണ്ടെന്നും ബ്രിട്ടീഷ് ദ്വീപുകളിലെ ആദ്യ താമസക്കാര്‍ ഇവരായിരുന്നെന്നും പഠനം വ്യക്തമാക്കുന്നു. ഹൂ വീ ആര്‍ ആന്‍ഡ് ഹൗ വീ ഗോട്ട് ഹിയര്‍ എന്ന പുസ്തകത്തിലാണ് ഈ കണ്ടെത്തലുകള്‍ അദ്ദേഹം നിരത്തുന്നത്. 70,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഒട്ടേറെ മനുഷ്യവംശങ്ങളാല്‍ സമ്പന്നമായിരുന്നുവെന്നാണ് ഈ പുസ്തകം അവകാശപ്പെടുന്നത്.
ക്ലോണ്‍ ചെയ്ത മൃഗങ്ങളെ ഭക്ഷ്യാവശ്യങ്ങള്‍ക്കും വേട്ടയാടലിനും മറ്റും ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് വിദഗ്ദ്ധന്‍. ലാന്‍കാഷയര്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയല്‍ റൈറ്റ് എന്ന ഗവേഷകനാണ് ഈ പ്രവചനം നടത്തിയത്. മനുഷ്യരുടെ ഉപയോഗത്തിനായി ജനറ്റിക് എന്‍ജിനീയറിംഗിലൂടെ മൃഗങ്ങളെ സൃഷ്ടിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് റൈറ്റ് പറയുന്നു. ക്ലോണിംഗ് ആനിമല്‍സ് ഫോര്‍ ടൂറിസം ഇന്‍ ദി ഇയര്‍ 2070 എന്ന പ്രബന്ധത്തിലാണ് മൂന്ന് സാധ്യതകളേക്കുറിച്ച് റൈറ്റ് പ്രവചനം നടത്തിയിരിക്കുന്നത്. നശീകരണവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും പല മൃഗവംശങ്ങളെയും വംശനാശത്തിലേക്ക് എത്തിക്കുമെന്നും റൈറ്റ് പറഞ്ഞു.
ക്ലോണ്‍ ചെയ്ത മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ജപ്പാനില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുക. ദശകങ്ങള്‍ക്കു മുമ്പ് വംശനാശം സംഭവിച്ചെന്ന് വിധിയെഴുതിയ ജീവികളുടെ പോലും ക്ലോണ്‍ മാംസം ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കഴിക്കാനാകും. സമൂഹത്തില്‍ വലിയൊരു ഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത മീനുകളും മാംസവും ഇവിടെ ലഭ്യമാകും. ക്ലോണ്‍ ചെയ്ത മാംസത്തില്‍ നിന്നുള്ള വിഭവങ്ങളുമായി റെസ്‌റ്റോറന്റുകള്‍ തുറക്കുമെന്നും റൈറ്റ് പ്രവചിക്കുന്നു. എന്നാല്‍ ഈ വിഭവങ്ങള്‍ വേണമെങ്കില്‍ ഉപഭോക്താക്കള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഓര്‍ഡര്‍ ചെയ്യണമെന്ന് മാത്രം.
വംശനാശം വന്ന അപൂര്‍വ മൃഗങ്ങളുടെ മാംസം പോലും ഈ വിധത്തില്‍ ലഭിക്കും. എന്നാല്‍ ഇവക്ക് വന്‍വില നല്‍കേണ്ടി വരുമെന്ന് മാത്രം. ഔഷധഗുണങ്ങളുള്ള മാംസമാണെങ്കില്‍ അവയ്ക്ക് നല്‍കേണ്ടിവരിക ഊഹിക്കാനാകാത്ത വിലയായിരിക്കും. ക്ലോണിംഗിലൂടെ നിര്‍മിച്ച മൃഗങ്ങളെ വേട്ടയാടലിനും മറ്റും ഉപയോഗിക്കുമെന്നും റൈറ്റ് പറയുന്നു. വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന മൃഗങ്ങളെ വേട്ടയാടുന്നതിന് സര്‍ക്കാരുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം മൃഗങ്ങളെ ഉദ്പാദിപ്പിക്കുന്ന കമ്പനികള്‍ നിലവില്‍ വരികയും വേട്ടയാടലിനായി ലഭ്യമാകുമെന്നും റൈറ്റ് അവകാശപ്പെടുന്നു.
ബിന്റോയുടെ വേർപാട് നൽകിയ വേദനയിൽ നിന്നും മുക്തമായിട്ടില്ല വാഴൂർ പതിനാലാംമൈൽ പൊടിപാറയിലെ ബിന്റോയുടെ വീടും മാതാപിതാക്കളും. എന്തിനാണ് എന്റെ കുഞ്ഞിനെ ഒന്നര മാസം പത്താം ക്ലാസ്സിൽ ഇരുത്തിയത്? തിരിച്ചു വാങ്ങാൻ ആയിരുന്നെങ്കിൽ എന്തിനാണ് അവനു പുതിയ പാഠപുസ്തകങ്ങൾ നൽകിയത്? എന്ന് ബിന്റോയുടെ പിതാവ് ഈപ്പൻ വർഗീസ് വേദനയോടെ ചോദിക്കുന്നു.പൊതിഞ്ഞു വച്ച പുസ്തങ്ങൾ തിരിച്ചു നൽകേണ്ടി വന്നപ്പോൾ മകൻ തളർന്നു പോയി എന്നും ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ വരരുത് എന്നും ആ പിതാവ് അപേക്ഷിക്കുന്നു.
ബിന്റോ പോയതോടെ പൊടിപാറയിലെ വീടും കണ്ണീരിൽ ആയ അവസ്ഥയിലാണ് . അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ, പഠനമുറി, മേശ ഇതൊന്നും അവന്റെ വേർപാടിൽ നിന്ന് മുക്തരായിട്ടില്ല. പഠിച്ചിരുന്ന സ്കൂളിൽ നിന്നും മാറേണ്ടി വരും എന്നറിഞ്ഞതോടെ മറ്റു പല സ്കൂളുകളിലും അഡ്മിഷനായി ശ്രമിച്ചു എങ്കിലും എവിടെയും കിട്ടിയിരുന്നില്ല. ഒടുവിൽ വാഴയൂർ സെന്റ് പീറ്റേഴ്‌സ് സ്കൂളിൽ പ്രവേശനം നൽകാം എന്ന് സ്കൂൾ അധികൃതർ സമ്മതിച്ചു എങ്കിലും അതിനു കത്ത് നിൽക്കാതെ അവൻ യാത്ര ആവുകയായിരുന്നു. ബാഡ്മിന്റനും ഫുട്‌ബോളുമൊക്കെ മിടുക്കനായിരുന്ന ബിന്റോ പള്ളിയിലെ അൾത്താര ശുശ്രൂഷിയും ആയിരുന്നു.
ഭൂമിക്ക് പുറത്ത് ജീവന്റെ കണിക തേടിയുള്ള യാത്രയിൽ മുതൽകൂട്ടായി നാസയുടെ പുതിയ െവളിപ്പെടുത്തൽ. ശുക്രനിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ പുതിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. ശുക്രന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന കറുത്ത പ്രതലത്തിൽ ജീവന്റെ സാനിധ്യമുണ്ടാകാനുള്ള സാധ്യതയുള്ളതായി നാസ പറയുന്നു. സൗരയൂഥത്തിൽ വലിപ്പത്തിൽ ആറാമതുള്ള ഗ്രഹമാണ് ശുക്രൻ. നിറയെ പാറക്കൂട്ടങ്ങൾ ഉറഞ്ഞുകൂടിയ ശുക്രഗ്രഹം വാസയോഗ്യമാണെന്ന് ഇതുവരെ ഒരു പഠനങ്ങളിലും കണ്ടെത്തിയിട്ടില്ല. ഇതു നിലനിൽക്കെയാണ് നാസയുടെ പുതിയ വെളിപ്പടുത്തൽ.
ഉയർന്ന അന്തരീക്ഷ താപവും സള്‍ഫ്യൂരിക് ആസിഡ് മഴയായി പെയ്യുന്നതുമാണ് ശുക്രന്റെ പ്രത്യേകതയെന്ന് മുൻപ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നത്. ഇൗ സാഹചര്യമുള്ളിടത്ത് ജീവനുണ്ടാകില്ലെന്നും ജീവന് നിലനിൽക്കാനുള്ള യാതൊരു സാഹചര്യവും അവിടില്ലെന്നുമായിരുന്നു ചില നിരീക്ഷണങ്ങൾ.
എന്നാൽ ശുക്രനിൽ ജീവന്റെ കണികതേടിയുള്ള ആധികാരിക പഠനങ്ങൾ മുൻപ് ഉണ്ടായിട്ടില്ല. നാസയുടെ പുതിയ പഠനം പുറത്തുവന്നതോടെ ജീവന്റെ കണിക തേടിയുള്ള ആകാംക്ഷയും വർധിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ ജീവിക്കുന്ന സൂഷ്മ ജീവാണുക്കള്‍ ശുക്രനിലുമുണ്ടെന്ന് ഇപ്പോള്‍ നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. പുതിയ പഠനത്തെ തുടര്‍ന്ന് ശുക്രന്റെ അന്തരീക്ഷത്തിലേക്ക് ഡെല്‍റ്റാ ചിറകുകളുള്ള വിമാനത്തെ അയക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. എന്നാല്‍ ഒരു വര്‍ഷത്തെ തുടര്‍ച്ചയായ പഠനങ്ങള്‍ക്കുശേഷമാകും വിമാനത്തെ അയക്കുകയുള്ളുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ച്യൂയിംങ്ഗം ചവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അധ്യാപികയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള ഒരു അക്കാദമിയിലാണ് സംഭവം. അക്രമത്തില്‍ അധ്യാപികയുടെ വയറിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍ വിദ്യാര്‍ത്ഥിനി ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ച്യൂയിംങ്ഗം കളയാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് അധ്യാപിക തടയുകയും ചെയ്തു.
ക്ലാസില്‍ നിന്ന് പുറത്താക്കിയതാണ് വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ സഹായത്തിന് എത്തിയെങ്കിലും അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അക്രമം നടന്ന വിവരം പോലീസില്‍ അറിയിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ ശ്രദ്ധ കാണിച്ചില്ലെന്നും അധ്യാപിക സ്വമേധയാ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്നും നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് വ്യക്തമാക്കുന്നു. അക്രമത്തിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് അധ്യാപികയ്ക്ക് ഏതാണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സ്‌കൂളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അധ്യാപകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ക്ലാസ്മുറിയിലെ ഡിസ്‌പ്ലേ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ ഒരു അധ്യാപികയ്ക്ക് 25,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സ്‌കൂള്‍ വെച്ച് ബ്ലാക്ക് ഐസില്‍ തെന്നിവീണ മറ്റൊരു അധ്യാപകന് 85,000 പൗണ്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് ഈസ്റ്റേണ്‍ റീജിയണ്‍ ഓഫ് ഇംഗ്ലണ്ടിലെ ഒരു അധ്യാപകനാണ്. ക്ലാസിലെ ഡിസ്‌പ്ലേ ഒരുക്കുന്നതിനടയില്‍ താഴെ വീണ അധ്യാപികയ്ക്ക് 2,50,0000 പൗണ്ടാണ് ലഭിച്ചത്. അപകടത്തിന് ശേഷം സ്‌കൂളില്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് സ്വകാര്യ ട്യൂട്ടര്‍മാരെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളില്‍ അഞ്ചിലൊരാള്‍ വീതം പഠന സഹായത്തിനായി ട്യൂട്ടര്‍മാരെ സമീപിക്കുന്നുവെന്ന് സ്റ്റുഡന്‍സ് ഡിസ്‌കൗണ്ട് വൗച്ചര്‍ സൈറ്റായ യുണിഡേയ്‌സ് (UNiDAYS) നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസ്, അപ്പര്‍ സെക്കന്റ് ക്ലാസ് എന്നിങ്ങനെ ഉന്നത വിജയം നേടുന്നതിനായുള്ള സമ്മര്‍ദ്ദമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ഫ്‌ളീറ്റ് ട്യൂട്ടേര്‍സ് മാനേജിംഗ് ഡയറക്ടര്‍ മൈലീന്‍ കേര്‍ട്ടിസ് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് ട്യൂട്ടര്‍മാരുടെ സഹായത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും പഠനത്തിലെ പിന്നോക്കാവസ്ഥയാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണമെന്നും കേര്‍ട്ടിസ് വ്യക്തമാക്കുന്നു. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷേ ഇവരില്‍ പലര്‍ക്കും എഴുതാന്‍ പോലും അറിയില്ലെന്നതാണ് വാസ്തവം. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് അതുകൊണ്ടുതന്നെ ഇവര്‍ക്ക് എത്തിച്ചേരാനാകുന്നില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ട്യൂട്ടര്‍ എന്ന തരത്തിലുള്ള സേവനമാണ് മൂന്നില്‍ രണ്ടു പേരും തേടുന്നത്. കൂടാതെ അഞ്ചില്‍ ഒരാളെന്ന തോതില്‍ ഗ്രൂപ്പ് ട്യൂട്ടര്‍മാരുടെ ക്ലാസുകളില്‍ പങ്കെടുക്കുന്നുമുണ്ട്.
3,500 അണ്ടര്‍ ഗ്രാജ്വേറ്റ്‌സില്‍ നിന്നാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിയോളം പേരുടെയും ട്യൂഷന്‍ ഫീസ് നല്‍കുന്നത് ഇവരുടെ കുടുംബങ്ങളാണ്. 16 ശതമാനം പേര്‍ തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും 13 ശതമാനം പേര്‍ വിദ്യഭ്യാസ വായ്പയില്‍ നിന്നുമാണ് ട്യൂഷന്‍ ഫീസിനായുള്ള പണം കണ്ടെത്തുന്നത്. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന യുവതീയുവാക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഡിഗ്രികളുടെ മൂല്യം താഴേക്ക് കൊണ്ടു വന്നതായി കേര്‍ട്ടിസ് ചൂണ്ടി കാണിക്കുന്നു. ഡിഗ്രി ലെവല്‍ ട്യൂഷനുകള്‍ നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ 65 പൗണ്ടാണ് മണിക്കൂറിന് ഈടാക്കുന്നത്. പ്ലേസ്‌മെന്റ് ഫീ ആയി 50 പൗണ്ടും നല്‍കണം.
നോ ഹോംവര്‍ക്ക് പോളിസി നടപ്പാക്കാനൊരുങ്ങിയ സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഹെഡ്ടീച്ചറിനെ സസ്‌പെന്‍ഡ് ചെയ്തു. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ആണ് ഹോംവര്‍ക്ക് വേണ്ടെന്ന നിലപാടെടുത്ത് വിവാദത്തിലായത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഹെഡ്ടീച്ചറായ കാതറീന്‍ ഹട്‌ലിയെ സസ്‌പെന്‍ഡ് ചെയ്തത്. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍, ക്ലോണ്‍ കമ്യൂണിറ്റി സ്‌കൂള്‍ ആന്‍ഡ് കോളേജ് എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ത്രൈവ് പാര്‍ട്ണര്‍ഷിപ്പ് അക്കാഡമി ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ നര്‍ദീപ് ശര്‍മയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ട്രസ്റ്റിന്റെയും അതിന് കീഴിലുള്ള സ്‌കൂളുകളുടെയും പുതിയ ഗവേണന്‍സ് പരിഷ്‌കാരങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോള്‍ചെസ്റ്റര്‍ എംപി വില്‍ ക്വിന്‍സും ഹാര്‍വിച്ച് ആന്റ് നോര്‍ത്ത് എസെക്‌സ് എംപി ബെര്‍നാര്‍ഡ് ജെന്‍കിനും വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഫിലിപ്പ് മൊറാന്റ് സ്‌കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ കുട്ടികളെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും സ്‌കൂള്‍ നടപ്പിലാക്കിയ നോ ഹോംവര്‍ക്ക് പോളിസിയെപ്പറ്റിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കളില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് എംപിമാര്‍ കത്തില്‍ പറയുന്നു. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌കൂളിന്റെയും ട്രസ്റ്റിന്റെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മറുപടി പറയുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. പരാതികളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
സ്‌കൂള്‍ അധികാരികളിലുള്ള മാതാപിതാക്കളുടെ വിശ്വാസം നഷ്ടടപ്പെട്ടു കഴിഞ്ഞുവെന്നും പരാതികളുമായി ചിലര്‍ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളെയും റീജിയണല്‍ സ്‌കൂള്‍ കമ്മീഷണറെയും സമീപിച്ചിരുന്നു. പരീക്ഷാ കാലഘട്ടം അടുത്തുകൊണ്ടിരിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികളെ സഹായിക്കാനും കാര്യങ്ങളെ കൃത്യമായി നിയന്ത്രിക്കാനും കഴിവുള്ള നേതൃത്വമാണ് സ്‌കൂളിന് ഉള്ളതെന്ന് ഉറപ്പു വരുത്തണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷനോട് എംപിമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ അധികൃതര്‍ നടപ്പിലാക്കുന്നത് 2016 സെപ്റ്റബറിലാണ്. ഈ തീരുമാനം വിവാദമാകുമെന്ന് അറിയാമായിരുന്നുവെന്നും പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുമെന്നതിനാലാണ് നടപ്പാക്കിയതെന്നും കാതറിന്‍ ഹട്‌ലി പ്രതികരിച്ചു. ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കം മുതല്‍തന്നെ രക്ഷിതാക്കള്‍ സ്‌കൂളിന്റെ പോളിസിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.