Education

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. 4,41,103 കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും.  മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫല പ്രഖ്യാപനത്തിന് സജ്ജമാകും. ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ നിശ്ചയിക്കും. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്.  മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ നിന്നു പരീക്ഷയെഴുതുന്നത് രണ്ടു പേര്‍ മാത്രം.

കുട്ടികളെ നഴ്‌സറിയില്‍ അയച്ച് പഠിപ്പിക്കുന്നതിന് ആഴ്ച്ചയില്‍ വരുന്ന ചെലവ് 122 പൗണ്ട്. ചൈല്‍ഡ് കെയര്‍ സര്‍വീസുകള്‍ക്കായി സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുകയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തുടനീളം ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുക വ്യത്യാസപ്പെട്ടു കിടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ സമയ ജോലിക്കാരായ ആളുകളുടെ കുട്ടികള്‍ക്കായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പകുതിയോളം വരുന്ന പ്രദേശിക അതോറിറ്റികളില്‍ മാത്രമാണ് ചൈല്‍ഡ് കെയര്‍ ലഭ്യമായിട്ടുള്ളു. ആഴ്ച്ചയില്‍ വെറും 25 മണിക്കൂര്‍ കുട്ടികളെ നഴ്‌സറികളില്‍ അയക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ചെലവഴിക്കേണ്ടി വരുന്ന തുക ഏകദേശം 122 പൗണ്ടോളം വരും. ബ്രിട്ടനില്‍ രണ്ട് വയസ്സിനു താഴെ പ്രായം വരുന്ന കുട്ടികളാണ് നഴ്‌സറി സേവനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാളും ഏതാണ്ട് 7 ശതമാനത്തോളമാണ് ഈ രംഗത്തെ ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും ഫാമിലി ആന്റ് ചൈല്‍ഡ് കെയര്‍ ട്രസ്റ്റിന്റെ 18മത് ആന്യൂല്‍ ചൈല്‍ഡ് കെയര്‍ സര്‍വേ പറയുന്നു. രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറിയില്‍ പോകുന്നതിനായി ആഴ്ച്ചയില്‍ വരുന്ന ചെലവ് 119 പൗണ്ടാണ്. ആഴ്ച്ചയില്‍ ഏതാണ്ട് 25 മണിക്കൂറോളം മാത്രമാണ് ഇവര്‍ നഴ്‌സറിയില്‍ തുടരുന്നത്. ഇഗ്ലണ്ടിലെ ജോലിയെടുക്കുന്ന മാതാപിതാക്കളുടെ മൂന്ന് മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ച്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ സേവനം ലഭ്യമാണ്. എന്നാല്‍ അവര്‍ക്ക് ആഴ്ച്ചയില്‍ 20 അധിക മണിക്കൂറുകള്‍ ആവശ്യമായി വരുകയാണെങ്കില്‍ ശരാശരി 94 പൗണ്ടോളം ഇവര്‍ ചെലവഴിക്കേണ്ടി വരുന്നതായി പഠനം പറയുന്നു.

വര്‍ദ്ധിച്ചു വരുന്ന ഇത്തരം ചെലവുകളുടെ കാരണങ്ങള്‍ സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സറികളിലേയും ഫീസ് കണക്കുകള്‍ വ്യത്യാസമുള്ളതാണ്. നഴ്‌സറികള്‍ക്കും ചൈല്‍ഡ് മൈന്‍ഡേഴ്‌സിനും അനുസരിച്ച് ഫീസിനത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ കാരണം വ്യത്യാസപ്പെട്ടു കിടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് കെയര്‍ സേവനങ്ങളുടെ ഫീസിനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ടാക്‌സ് ഫ്രീ ചൈല്‍ഡ് സംവിധാനം ഉപയോഗിക്കുന്ന ചില മാതാപിതാക്കള്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി മുതല്‍ മുടക്കുന്ന തുക കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി ഇഗ്ലണ്ടില്‍ മുടക്കുന്ന തുക ശരാശരി ആഴ്ച്ചയില്‍ 124.73 പൗണ്ടും, വെയില്‍സില്‍ 116.18 പൗണ്ടും സ്‌കോട്‌ലന്റില്‍ 109.68 പൗണ്ടുമാണ്. ലണ്ടനാണ് ഇഗ്ലണ്ടിലെ ഏറ്റവും ചെലവേറിയ പ്രദേശം. ആഴ്ച്ചയില്‍ ലണ്ടനില്‍ ചൈല്‍ഡ് കെയറിനായി നല്‍കേണ്ടത് 183.56 പൗണ്ടാണ്. ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശ് നോര്‍ത്ത് വെസ്റ്റാണ്. ഇവിടെ ചെലവ് വെറും 101.83 പൗണ്ടാണ്.

ചന്ദ്രനിലേക്ക് ഗവേഷണ ദൗത്യവുമായി പോകാനൊരുങ്ങുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2 ന്റെ ചെലവ് ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിനേക്കാളും കുറവ്. 800 കോടി രൂപയാണ് പുതിയ ദൗത്യത്തിനായി ഇന്ത്യ ചിലവഴിക്കാനൊരുങ്ങുന്നത്. അതേസമയം ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലറിനായി ചിലവാക്കിയിരിക്കുന്ന തുക 1,062 കോടി രൂപയാണ്(165 മില്ല്യണ്‍ ഡോളര്‍). 2013ല്‍ ഐഎസ്ആര്‍ഒയുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ബഹിരാകാശം പശ്ചാത്തലമാക്കി നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ഹോളിവുഡ് ചിത്രമായി ഗ്രാവിറ്റിയുടെ പ്രോഡക്ഷന്‍ ചെലവിനേക്കാള്‍ കുറവായിരുന്നു. ചൊവ്വാ മിഷനു വേണ്ടി 470 കോടി രൂപ ഐഎസ്ആര്‍ഒ ചെലവഴിച്ചപ്പോള്‍ അതേവര്‍ഷം പുറത്തിറങ്ങിയ ഗ്രാവിറ്റി സിനിമയുടെ ചെലവ് ഏതാണ്ട് 644 കോടി രൂപയായിരുന്നു. എങ്ങനെയാണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഇത്രയധികം ചിലവ് കുറഞ്ഞ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞത്? ഇത്രയും ചിലവ് കുറഞ്ഞ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവെന്നതിന് ഉത്തരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.ശിവന്‍ വിശദീകരിക്കുന്നു.

ബഹിരാകാശ ദൗത്യത്തിന് ആവശ്യമായി ഉപകരണങ്ങളെ ലളിതമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. മിഷന് ആവശ്യമായി വന്ന സിസ്റ്റങ്ങളുടെ ലഘു മാതൃകള്‍ നിര്‍മ്മിക്കുകയും ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ചെയ്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ബഹിരാകാശ ദൗത്യം ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഡോ. ശിവന്‍ പറയുന്നു. റോക്കറ്റിന്റെയോ സ്‌പേസ് ക്രാഫ്റ്റിന്റെയോ നിര്‍മ്മാണ ഘട്ടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ആവശ്യമുള്ള വസ്തുക്കള്‍ മാത്രം വിനിയോഗിക്കുകയും ഉപയോഗിക്കുന്നവയില്‍ നിന്നും ഒട്ടും മാലിന്യങ്ങള്‍ വരുത്താതിരിക്കുകയും ചെയ്താല്‍ ചെലവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രന്റെ പ്രതലത്തിലൂടെ സഞ്ചരിച്ച് നിരീക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് കൊണ്ടുള്ള ദൗത്യമായ ചന്ദ്രയാന്‍-2 ഏപ്രിലോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഭൂമിയില്‍ നിന്നുള്ള ചന്ദ്രന്റെ സ്ഥാനം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ച് ചന്ദ്രയാന്‍-2 വിക്ഷേപണത്തിയതി പ്രഖ്യാപിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വിക്ഷേപണ സമയം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിലില്‍ വിക്ഷേപണം നടന്നില്ലെങ്കില്‍ നവംബറിലേക്ക് മാറ്റിവെക്കുമെന്നും ഡോ. ശിവന്‍ പറയുന്നു. ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരീക്ഷണ ടെസ്റ്റുകള്‍ വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും. ബംഗളൂരു, മഹേന്ദ്രഗിരി, ചിത്രദുര്‍ഗ്ഗ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഹസാര്‍ഡ്‌സ് അവോയിഡന്‍സ് ടെ്‌സ്റ്റ് ലാന്‍ഡിംഗ് ടെസ്റ്റ് തുടങ്ങിയവ നടക്കുന്നതെന്നും ഡോ. ശിവന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ചും ഭാവിയക്കുറിച്ചും ആലോചിക്കാന്‍ മനുഷ്യന്റെ സവിശേഷ കഴിവുണ്ട്. ഈ കഴിവിന് മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണ്. ഭാവിയെക്കുറിച്ചും കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചും മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവ് ക്രോനസ്‌തേഷ്യ അഥവാ മാനസികമായ ടൈംട്രാവല്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ചിന്തകള്‍ നടത്താനുള്ള മനുഷ്യന്റെ കഴിവിനെക്കുറിച്ച് പുതിയ ഗവേഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു പറ്റം ശാസ്ത്രജ്ഞര്‍. വിഷയത്തില്‍ പുതിയ ഉള്‍ക്കാഴചകള്‍ ലഭിച്ചതായി ക്യാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി.

പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്‌കം ഫങ്ഷണല്‍ മാഗ്നെറ്റിക്ക് റിസോണന്‍സ് ഇമേജിംഗ് മെഷീന്‍ ഉപയോഗിച്ച് പരിശോധിക്കുകയയാണ് ഇവര്‍ ആദ്യം ചെയ്തത്. മുന്‍പ് സഞ്ചരിച്ചിട്ടുള്ള ഒരു സ്ഥലത്തു കൂടി നടക്കുന്നതായി ചിന്തിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. വര്‍ത്തമാന കാലഘട്ടത്തിലും ഭാവിയിയും അതേ സ്ഥലത്തു കൂടി നടക്കുന്നതായി സങ്കല്‍പ്പിക്കുന്നതും പരിശോധിച്ചു. മൂന്ന് സമയങ്ങളിലും തലച്ചോറിന്റെ വ്യത്യസ്ഥ ഭാഗങ്ങള്‍ പല വിധത്തിലാണ് പ്രതികരിക്കുന്നതെന്നാണ് കണ്ടെത്തിയത്.

തലച്ചോറിന്റെ വിവിധ ഭാഗങ്ങളായ ലെഫ്റ്റ് ഫ്രന്റല്‍ കോര്‍ട്ടെക്‌സ്, സെറിബെല്ലം, തലാമസ് തുടങ്ങിയവയയുടെ പ്രതികരണങ്ങളാണ് നിരീക്ഷണ വിധേയമാക്കിയത്. ഗവേഷണ ഫലം നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസിക ടൈം ട്രാവല്‍ രണ്ട് സ്വതന്ത്ര പ്രക്രിയകളായാണ് നടക്കുന്നതെന്ന് ഗവേഷക സംഘത്തിലെ അംഗം എന്‍ഡല്‍ ടുല്‍വിംഗ് പറഞ്ഞു. സിനിമയില്‍ കാണുന്നതു പോലെ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം തെളിഞ്ഞു വരുന്ന രീതിയിലുള്ള ഒരു പ്രക്രിയയും. ഭാവിയിലോ കഴിഞ്ഞുപോയ കാലഘട്ടത്തിലേയോ വര്‍ത്തമാനത്തിലെയോ നടക്കുന്ന സംഭവ വികാസങ്ങളെ അടയാളപ്പെടുത്തുന്ന മറ്റൊരു പ്രക്രിയയും.

ക്രോണസ്‌തേഷ്യ അഥവാ മാനസികമായ ടൈംട്രാവല്‍ തികച്ചും പുതിയ ആശയമാണ്. ഭൂതകാലത്തിലും വര്‍ത്തമാനത്തിലും ഭാവിയിലുമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന മേഖലകള്‍ തലച്ചോറിലുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പഠനത്തില്‍ വ്യക്തമായത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു വരികയാണ്.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കാന്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗില്‍ പുനരവലോകനം നടത്തുമെന്ന സര്‍ക്കാരിന്റെ ഏറെക്കാലമായുള്ള വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. തിങ്കളാഴ്ച ഇത് സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തില്‍ ട്യൂഷന്‍ ഫീസുകളില്‍ വരുത്തുന്ന കുറവുകള്‍ പ്രധാനമന്ത്രി അറിയിക്കും. നിലവില്‍ ഈടാക്കുന്ന 9250 പൗണ്ട് എന്ന നിരക്കില്‍ നിന്ന് 6000 പൗണ്ടായി ഫീസുകള്‍ കുറയ്ക്കാനാണ് പദ്ധതി. ഈ പുനര്‍നിര്‍ണ്ണയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ബര്‍സറികള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വന്നേക്കുമെന്നും സൂചനയുണ്ട്.

ഫീസ് നിരക്ക് 6000 പൗണ്ടായി കുറയ്ക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്ക് പ്രതിവര്‍ഷം 3 ബില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയര്‍ന്ന വരുമാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇത് ഗുണം ചെയ്യുകയെന്നും ഒരു ലണ്ടന്‍ ഇക്കണോമിക് കണ്‍സള്‍ട്ടന്‍സി പറയുന്നു. സര്‍ക്കാരിന്റെ പുതിയ നീക്കമനുസരിച്ച് മെഡിസിന്‍, എന്‍ജിനീയറിംഗ്, വിവിധ സയന്‍സ് കോഴ്‌സുകള്‍ എന്നിവയ്ക്ക് നല്‍കി വരുന്ന ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിര്‍ണ്ണയ രീതിയിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് കരുതുന്നത്. നിലവില്‍ 3 ശതമാനം പലിശയും നാണ്യപ്പെരുപ്പമനുസരിച്ചുള്ള റീട്ടെയില്‍ പ്രൈസ് ഇന്‍ഡെക്‌സുമാണ് ഈടാക്കുന്നത്.

മേയ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന നടത്തുന്നതിനു മുമ്പായി ദരിദ്ര സാഹചര്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മെയിന്റനന്‍സ് ഗ്രാന്റുകള്‍ വീണ്ടും അവതരിപ്പിക്കണമെന്ന ആവശ്യവുമായി അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു. കോര്‍പറേഷന്‍ ടാക്‌സില്‍ അടുത്തിടെ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ റദ്ദാക്കിയാല്‍ അത് വിദ്യാഭ്യാസ മേഖലയിലേക്ക് വകയിരുത്താനാകും. ഇതിലൂടെ മെയിന്റനന്‍സ് ഗ്രാന്റുകളും തിരികെ കൊണ്ടുവരാന്‍ കഴിയും. ഇവ നടപ്പിലാക്കിയാലും ഏറ്റവും കുറഞ്ഞ കോര്‍പറേഷന്‍ ടാക്‌സുള്ള രാജ്യം എന്ന പദവിയില്‍ യുകെയ്ക്ക് തുടരാനാകുമെന്നും ഹണ്ട് പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച അധ്യാപനത്തിലുളള അവാര്‍ഡ് പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറാക്കോ. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയാണ് ആന്‍ഡ്രിയ സാഫിറാക്കോ. ആന്‍ഡ്രിയ പഠിപ്പിക്കുന്ന കുട്ടികളില്‍ പലരും ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഇവരില്‍ പലരും തങ്ങളുടെ ഹോം വര്‍ക്കുകള്‍ ചെയ്യുന്നത് ബാത്‌റൂമുകളില്‍ വെച്ചാണ്. നാലാമത് വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറോക്കോ. അവാര്‍ഡിനെപ്പറ്റി വായിച്ചറിഞ്ഞതിനു ശേഷമാണ് ആപ്ലിക്കേഷന്‍ അയക്കാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ സമൂഹത്തില്‍ വലിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരാണ്. നന്മയോടെയുള്ള പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജോലിയെടുക്കുന്നവരാണ് അധ്യാപകര്‍. അത്തരത്തിലുള്ള കാര്യങ്ങള്‍ സമൂഹം അറിയേണ്ടതുണ്ട്; ആന്‍ഡ്രിയ പറയുന്നു.

രാജ്യത്തെ തന്നെ ഏറ്റവും ദരിദ്ര വിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആന്‍ഡ്രിയയുടെ സ്‌കൂളില്‍ പഠിക്കുന്നത്. സാംസ്‌കാരികപരമായും ഭാഷാപരമായും വ്യത്യസ്ഥത പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ പഠനത്തിനായി എത്തുന്നുണ്ട്. ഗുജറാത്തിയും ഹിന്ദിയും തമിഴും പോര്‍ച്ചുഗീസും ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. ആന്‍ഡ്രിയക്ക് 35 ഭാഷകളില്‍ കുട്ടികളെ അഭിസംബോധന ചെയ്യാറുണ്ട്. മാതൃ ഭാഷയില്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നത് സാംസ്‌കാരികപരമായി കുട്ടികളോടുള്ള അടുപ്പം സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് ആന്‍ഡ്രിയ കരുതുന്നു. കൂടാതെ തനത് ഭാഷയില്‍ കുട്ടികളോട് സംവദിക്കുന്നത് കുട്ടികളും സ്‌കൂളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ആന്‍ഡ്രിയ പറയുന്നു.

സ്‌കൂളിലെ മറ്റു അധ്യാപകരുമായി ചേര്‍ന്ന് കുട്ടികളുടെ ജീവിതാവസ്ഥയ്ക്ക് അനുസൃതമായ രീതിയില്‍ പാഠ്യപദ്ധതി ഉടച്ചു വാര്‍ക്കുകയും കുട്ടികളുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നു. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുക, കുട്ടികളുമായി ഒന്നിച്ചു യാത്ര ചെയ്യുക, അവരെ സ്‌കൂളിലേക്ക് സ്വീകരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകര്‍ക്കായി നല്‍കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് അധ്യാപകര്‍ക്കായി നല്‍കുന്ന നോബേല്‍ പ്രൈസായിട്ടാണ് കണക്കാക്കപ്പെടുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്.

അലറിക്കരയുന്ന മമ്മി ഇന്നോളം ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. 1886 ലാണ് ഈ മമ്മിയെ പര്യവേഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റ് മമ്മികളെ അപേക്ഷിച്ച് ഈ മമ്മിക്ക് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം വിസ്മയത്തോടെ കണ്ട ‘ദ് മമ്മി’ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലന്‍ ഇമോതെപ്പിന്റെ കഥയ്ക്കു സമാനമായ കാര്യങ്ങളാണ് 1886ല്‍ ഈജിപ്തില്‍ കണ്ടെത്തിയ മമ്മിയില്‍ നിന്ന് പര്യവേഷകര്‍ക്ക് ലഭിച്ചത്.

വായ തുറന്ന നിലയിലായിരുന്നു മമ്മി കല്ലറയില്‍ നിന്നെടുത്തത്. വൃത്തിഹീനമായ രീതിയിലായിരുന്നു ‘മമ്മിഫിക്കേഷന്‍’. സാധാരണ ഗതിയില്‍ ലിനന്‍ തുണിയില്‍ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാല്‍ ഈ മമ്മിയുടെ കൈകള്‍ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ ആട്ടിന്‍ തോലിലും. ഈജിപ്തിലെ തടാകങ്ങളുടെ അടിത്തട്ടില്‍ നിന്നു ലഭിച്ചിരുന്ന ‘നാട്രോണ്‍’ എന്ന തരം ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. ഈ ഉപ്പിന്റെ അംശം മമ്മിയുടെ വായില്‍ നിന്നും കണ്ടെത്തി. രാജാക്കന്മാരുടെ കല്ലറയ്ക്കു സമീപത്തു തന്നെയായിരുന്നു ഈ മമ്മിയുടെയും കല്ലറ.

വിഷം കൊടുത്തു കൊന്നതാകാമെന്നാണ് ഒരു വിഭാഗം കരുതിയിരുന്നത്. പക്ഷേ ഈ മമ്മിയെ തൂക്കിക്കൊന്നതാണ് എന്നാണ് പിന്നീട് കണ്ടെത്തിയത്. കഴുത്തിനു ചുറ്റിലും കയര്‍ മുറുകിയ പാട് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്കു നയിച്ചത്. മോശപ്പെട്ട രീതിയില്‍ ‘മമ്മിഫിക്കേഷന്‍’ നടത്താനുമുണ്ട് കാരണം. റേംസിസ് ഫറവോ മൂന്നാമന്റെ മകനായ പെന്റാവെര്‍ രാജകുമാരന്റെ മമ്മിയാണ് ഇതെന്നാണു കണ്ടെത്തല്‍. രണ്ടാം ഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ രാജകുമാരന്‍ ശ്രമിച്ചതിന്റെ ശിക്ഷയാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

ഇരുവരുടെയും എല്ലുകളില്‍ നിന്നെടുത്ത ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് ഈ ബന്ധം തിരിച്ചറിഞ്ഞത്. അതിക്രൂരമായ നിലയിലായിരുന്നു റേംസിസ് കൊല്ലപ്പെട്ടത്. തൊണ്ട മുറിച്ച നിലയിലും കാല്‍വിരലുകള്‍ വെട്ടിയെടുത്ത നിലയിലുമായിരുന്നു. സിടി സ്‌കാനിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. ഒരു കൂട്ടം ആക്രമികള്‍ കൊലയ്ക്കു പിന്നിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്നത് കൃത്യമായി ഇതുവരെ അറിയില്ലായിരുന്നു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടൈംസ് ടേബിള്‍ ടെസ്റ്റിന്റെ ട്രയല്‍ മാര്‍ച്ചില്‍ നടത്തും. ദേശീയതലത്തില്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ട്രയല്‍ പരീക്ഷ നടത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ ഒരുങ്ങുന്നത്. കുട്ടികളുടെ സംഖ്യാ ജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ പരീക്ഷ ഉതകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2020 മുതല്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷ നിര്‍ബന്ധിതമായി നടത്താനാണ് പദ്ധതി. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ സ്‌ക്രീന്‍ ടെസ്റ്റ് 12 വയസ്സുവരെയുള്ള കുട്ടികളുടെ ടൈംസ് ടേബിളിനെക്കുറിച്ചുള്ള അറിവായിരിക്കും പരിശോധിക്കുക. ടെസ്റ്റ് കുട്ടികള്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാത്ത വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിക്കുകയോ മറ്റു മുല്യനിര്‍ണ്ണയത്തിന് ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ അറിയിച്ചു.

അതേസമയം, അധ്യാപക സംഘടനാ നേതാക്കള്‍ പുതിയ ടെസ്റ്റിനെ എതിര്‍ത്തു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ഇഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും മുല്യനിര്‍ണ്ണയത്തിനായി നിലവില്‍ ഉണ്ടായിരുന്ന സാറ്റ് ടെസ്റ്റിന് സമാനമായ പുതിയ ടെസ്റ്റ് കുട്ടികളില്‍ സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഉണ്ടാക്കുമെന്ന് അധ്യാപകര്‍ പറയുന്നു. സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മുല്യനിര്‍ണ്ണയ രീതികളോട് യോജിച്ച് നിന്നാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ഇത്തരം ടേബിള്‍സ് ടെസ്റ്റുകള്‍ സര്‍ക്കാര്‍ തലത്തില്‍ വീണ്ടും കൊണ്ടുവരുന്നത്. അങ്ങേയറ്റം നിരാശജനകമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി നിക്ക് ബ്രൂക്ക് പറയുന്നു.

മള്‍ട്ടിപ്ലിക്കേഷന്‍ ടെസ്റ്റുകള്‍ എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് 2015ലെ കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലായിരുന്നു. 11 വയസുള്ള കുട്ടികള്‍ക്കു വേണ്ടിയായിരുന്നു ഇത് വിഭാവനം ചെയ്തത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ കുട്ടികളേക്കാള്‍ ഗണിതശാസ്ത്രത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ പിന്നാക്കം പോകുന്നത് പരിഹരിക്കാനായിരുന്നു ഇത് ആവിഷ്‌കരിച്ചത്. ഷാംഗ്ഹായിലെയും സിംഗപ്പൂരിലെയും കുട്ടികളുടെ ഗണിതശാസ്ത്ര ജ്ഞാനത്തിനൊപ്പം ഇംഗ്ലണ്ടിലെ കുട്ടികളെയും എത്തിക്കാന്‍ പരീക്ഷയ്ക്ക് കഴിയുമെന്നാണ് അവകാശപ്പെടുന്നത്. അന്താരാഷ്ട മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് പഠനത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ 546 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സിംഗപ്പൂരിലെ കുട്ടികള്‍ക്ക് ലഭിച്ചത് 618 പോയിന്റുകളാണ്.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ സമരത്തിലേക്ക്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് അടുത്തയാഴഅച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാഫ് പെന്‍ഷനില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസം നീളുന്ന സമര കാലയളവില്‍ അധ്യാപകര്‍ 14 ദിവസം പണിമുടക്കും. എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി അധ്യാപക സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കുന്ന തങ്ങള്‍ക്ക് ഒരു മാസത്തോളം ലെക്ചറുകള്‍ ലഭിക്കാത്തത് വന്‍ നഷ്ടമാണ് വരുത്തുന്നതെന്നും അതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

9000 പൗണ്ടാണ് യൂണിവേഴ്‌സിറ്റികളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസായി വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത്. മുന്‍കൂറായി ഈ തുക നല്‍കിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ ആശങ്കാകുലരാണ്. സമരം മൂലം മുടങ്ങുന്ന ലെക്ചറുകള്‍ക്ക് തങ്ങള്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരാതികളും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമുണ്ടാക്കുന്ന സമരത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

14 ദിവസത്ത ലെക്ചറുകള്‍ നഷ്ടമായാല്‍ തങ്ങള്‍ക്ക് 768 പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ്, മോഡേണ്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയായ ജോര്‍ജിയ ഡേവിസ് പറയുന്നു. അധ്യാപകരുടെ ആവശ്യങ്ങളോട് സഹാനുഭൂതിയുണ്ടെങ്കിലും തങ്ങള്‍ നല്‍കിയ പണത്തിന്റെ മൂല്യം കൂടി പരിഗണിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. റിട്ടയര്‍മെന്റിനു ശേഷം പ്രതിവര്‍ഷം 10,000 പൗണ്ട് എങ്കിലും നഷ്ടമുണ്ടാക്കുന്ന പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണത്തിനെതിരെ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22 മുതലാണ് സമരം ആരംഭിക്കുന്നത്.

ന്യൂസ് ഡെസ്ക്

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ കടുത്ത ലൈംഗിക ചൂഷണത്തിന്  ഇരയാവുന്നു. കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ  റിപ്പോർട്ട് ചെയ്യപ്പെട്ടത് 173 കേസുകളാണ്. ഇതിൽ 119 എണ്ണം വിദ്യാർത്ഥികൾക്ക് ഇതര വിദ്യാർത്ഥികളിൽ നിന്ന് ഉണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടതാണ്. രണ്ടു വിദ്യാർത്ഥികൾ സ്റ്റാഫിനെതിരെ പരാതി നല്കിയിട്ടുണ്ട്. സ്റ്റാഫുകളെ മറ്റു സ്റ്റാഫുകൾ ലൈംഗികമായി ദുരുപയോഗിച്ചതായി ഏഴ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ചൂഷണം രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇത്രയുമധികം പരാതികൾ ഒൻപത് മാസം കൊണ്ട് ലഭിച്ചത്.

മറ്റു യൂണിവേഴ്സിറ്റികളിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്നാണ് പുറത്തു വരുന്ന വിവരം.   ഗാർഡിയൻ ന്യൂസിന്റെ റിപ്പോർട്ട്  യുകെയിലെ സര്‍വകലാശാലകളില്‍ ലൈംഗിക ചൂഷണങ്ങള്‍ പെരുകുന്നു എന്ന വാർത്ത ശരിവയ്ക്കുന്നതാണ്. ഗാർഡിയൻ ന്യൂസിന്  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് യുകെയിലെ 120 യൂണിവേഴ്‌സിറ്റികളില്‍ 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 169 ലൈംഗിക ചൂഷണ കേസുകളാണ്. വിദ്യാര്‍ത്ഥികളാണ് അക്കാദമിക്ക് നോണ്‍ അക്കാദമിക്ക് സ്റ്റാഫുകള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ കൊടുത്തിരിക്കുന്നത്. കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അതിക്രമത്തിനെതിരെ ഇക്കാലയളവില്‍ 127 പരാതികളും ലഭിച്ചിട്ടുണ്ട്. പരാതികള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കപ്പെട്ടതായും പരാതികള്‍ പിന്‍വലിക്കുന്നതിനായി അനൗദ്യോഗിക ഒത്തു തീര്‍പ്പിന് വഴങ്ങേണ്ടി വന്നതായും പരാതി നല്‍കിയവര്‍ പറയുന്നു.

വിദ്യാഭ്യാസത്തെയും കരിയറിനെയും ബാധിക്കുമെന്ന ഭയത്താലാണ് വിദ്യാര്‍ത്ഥികളില്‍ പലരും തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിനെതിരെ പരാതി നല്‍കാതിരുന്നെതെന്ന് വ്യക്തമാക്കുന്നു. വിവാരവകാശ നിയമ പ്രകാരം പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതല്‍ അതിക്രമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ നടക്കുന്നതായി ഇത്തരം വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. പരാതികളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണെന്നും ഈ എണ്ണത്തിലേറെ പീഡനങ്ങള്‍ നടക്കുന്നതായും മക്അലിസ്റ്റര്‍ ഒലിവാരിയസ് എന്ന നിയമവിദഗ്ദ്ധ അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളിലെ ലൈംഗികാരോപണ കേസുകള്‍ അനിയന്ത്രിതമായ നിരക്കില്‍ വര്‍ദ്ധിച്ചു വരികയാണ്. പല യൂണിവേഴ്‌സിറ്റികളിലും ഇവയെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ലെന്നും ഇവര്‍ പറയുന്നു.

കേംബ്രിഡ്ജ് കഴിഞ്ഞാൽ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ലൈംഗിക ചൂഷണാരോപണത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ 11 പരാതികള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവിന് ലഭിച്ചവയും 10 എണ്ണം കോളെജുകളില്‍ നേരിട്ട് ലഭിച്ചവയുമാണ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 10, എഡിന്‍ബര്‍ഗ് യുണിവേഴ്‌സിറ്റി 9, യൂണിവേഴ്‌സിറ്റി ഓഫ് ദി ആര്‍ട്‌സ് ലണ്ടന്‍ ആന്റ് എസ്സക്‌സ് 7  എന്നിവയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ച മറ്റ് യൂണിവേഴ്‌സിറ്റികള്‍.

 

RECENT POSTS
Copyright © . All rights reserved