Health

തമിഴ്‌നാട്ടില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിച്ച് കൊവിഡ് 19. 12 വയസില്‍ താഴെയുള്ള 121ഓളം കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പങ്കുവെച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 2,058 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്.

ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി. ഒരാള്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിപ്പോളും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചു. പ്രധാന നഗരങ്ങളായ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി കടകളിലെ ജനത്തിരക്കാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറയുന്നു. വിദേശ രാജ്യങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാത്തതാണ് കൊവിഡ് മഹാമാരിയില്‍ മരണനിരക്ക് ഇത്രയും ഉയരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

എന്തെങ്കിലുമൊന്നു നിഷേധിക്കുന്നത് നമുക്കാർക്കും സഹിക്കാൻ ആവില്ല. നമ്മുടെ സ്ഥിരം ശീലം തടയാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഭാഗികമായി ചെറിയ മാറ്റം പോലും താങ്ങാനാവാത്ത മനുഷ്യൻ ഇക്കാലത്തെ വീട്ടിൽ പൂട്ടിയിടപെട്ട അവസ്ഥ എങ്ങനെ ഉൾക്കൊള്ളും? ഹൗസ് അറസ്റ്റ് എന്ന് കേട്ടിട്ടല്ലേ ഉള്ളു അതനുഭവിക്കാൻ ഇടയായപ്പോൾ ഉള്ള മാനസിക പ്രശ്നങ്ങൾ നമുക്ക് അതിജീവിച്ചേ മതിയാകു.

മനസ്സും ശരീരവും ആയുള്ള വേർതിരിരിക്കാനാവാത്ത ബന്ധം അംഗീകരിക്കുന്ന ആരോഗ്യ ശാസ്ത്രമാണ് ആയുർവ്വേദം. ചൂടുള്ള നെയ്യ് ഒരു മൺ പത്രത്തിൽ ഒഴിച്ചാൽ നെയ്മയം പത്രം വലിച്ചെടുക്കുകയും പത്രം തൊട്ടാൽ ചൂടുള്ളതായും നമുക്ക് അനുഭവപ്പെടുന്നു. അതേ പോലെ ഒരു ചൂട് പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ചാൽ നെയ്യ് ചൂട് വലിച്ചെടുക്കുന്നതിനാൽ നെയ് ചൂടുള്ളതായി കാണാൻ ആവും. ഇതേ പോലെ ശരീരത്തിന് ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും മനസിനെയും, മനസ്സിനുണ്ടാകുന്നത് ശരീരത്തെയും ബാധിക്കുന്നു എന്നാണ് ആയുർവ്വേദം കരുതുന്നത്.
രാഗം ദ്വേഷം ക്രോധം മദം മോഹം മത്സരം ഔത്സുക്യം എന്നിവ എല്ലാം തന്നെ രോഗം ആയോ രോഗ കരണമായോ തീരും എന്നും, അത്തരം രോഗങ്ങൾ പോലും ശമിപ്പിക്കുന്ന അപൂർവ വൈദ്യനെ നമസ്കരിച്ചു കൊണ്ടാണ് അഷ്ടാംഗഹൃദയം ആരംഭിക്കുന്നത്.

സമ്മിശ്രമായ പല തരം ക്ലേശ ഭാവങ്ങൾക്ക് ലോക് ഡൗൺ ഇടയാക്കിയിട്ടുണ്ട്. നാളിതുവരെ ഉള്ള രീതി പൊടുന്നനെ മാറ്റി മറിച്ചതിൽ ഉള്ള പരിഭ്രാന്തി. എത്ര നാൾ ഇങ്ങനെ എന്ന ഉത്കണ്ഠ, ഇതിനു ശേഷം എങ്ങനെ എന്നുള്ള സങ്കർഷം, ഉറ്റവരെ സുഹൃത്തുക്കളെ അകന്ന് നിൽക്കേണ്ടി വരുന്നതിൽ ഉള്ള ദ്വേഷം, ഓരോ ദിവസത്തെയും രോഗാതുരമായ ലോക വാർത്ത കേൾക്കുമ്പോൾ ഉള്ള പ്രയാസം. എല്ലാം കൂടി ഒരു വലിയ മനഃക്ലേശം വരുത്തിവെക്കുന്നു.
ഇതിൽ നിന്ന് ഉള്ള മോചനം, അതിജീവനത്തിന് അനിവാര്യമാണ്. ഓരോ ദിവസവും എന്തെങ്കിലും ഒരു പുതിയ കാര്യം ചെയ്യാൻ തയ്യാർ ആകുക. പഴയ സുഹൃത്തുക്കളെ ബന്ധുക്കളെ ഒന്ന് വിളിക്കുക അവരുടെ ക്ഷേമം അന്വേഷിക്കുക. വീട്ടിൽ ഉള്ളവരും ആയി സ്നേഹ സന്തോഷങ്ങൾ പങ്കു വെക്കുക. പുസ്തകം വായിക്കുക. കൃഷി പൂന്തോട്ടം പച്ചക്കറി തോട്ടം, എന്നിവ തയ്യാർ ആക്കുക. വീട് വൃത്തിയാക്കുക അങ്ങനെ എന്തെല്ലാം ഉണ്ട് ചെയ്യുവാനായി.
ചെറിയ കലാ പരിശീലനം പാട്ട്, നൃത്തം, ചിത്രം വരക്കുക, തയ്യൽ, വാദ്യോപകരണം വായിക്കുക അങ്ങനെ ആസ്വാദ്യതയുടെ ആഹ്ലാദ നിമിഷങ്ങൾ കണ്ടെത്തുക.
യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുക നമ്മുടെ ശരീരത്തിനും മനസ്സിനും അഹിതം ആയവ തിരിച്ചറിയുക അവയെ ഒഴിവാക്കുക. അനാവശ്യ ആധികൾ, മനസ്സിനെ ദുർബല പെടുത്തുന്ന ചിന്തകൾ അകറ്റി മനസ്സ് കരുത്തുള്ളതാക്കുക. യോഗ പ്രാണായാമം ധ്യാനം എന്നിവ പരിശീലിക്കുക. ആവശ്യം എങ്കിൽ തന്റെ വ്യാകുലതകൾ ഏറ്റവും അടുപ്പം ഉള്ളവരുമായി പങ്കു വെക്കുക. വീട്ടിൽ ഉള്ളവരും ആയി തുറന്നു സംസാരിക്കുക. ഒറ്റപ്പെട്ടു പോയവർ ആരോഗ്യ പ്രവർത്തകരും ആയി ഇടയ്ക്കിടെ ഫോൺ വഴി ബന്ധപ്പെടുക.
ചിലർക്ക് ഉറക്കക്കുറവുണ്ടാകാം അത് പരിഹരിക്കാൻ തലയിൽ തേച്ചു കുളിക്കാൻ ഉള്ള തൈലം ഉണ്ട്. മനസ്സിന് ശാന്തത നൽകുന്ന ഔഷധങ്ങൾ, അഭ്യംഗം എന്നിവ പരിഹാരം ആയി ചെയ്യാവുന്നവയാണ്. എരിവും പുളിയും മസാലയും ഒക്കെ കുറച്ച് ഉള്ള ആഹാരം ശീലം ആക്കുക. വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുക സസ്യാഹാരത്തിന് പ്രാധാന്യം നൽകുക എന്നിവയും നന്ന്.
ഏത് പ്രതിസന്ധി ഘട്ടവും ഒരു നല്ല നാളേക്ക് വഴി തുറക്കും എന്ന ശുഭാപ്‌തി വിശ്വാസം ഉറപ്പിക്കുക. പ്രസാദാത്മകമായ ചിന്തകൾ കൊണ്ട് മനസ്സിനെ പ്രസന്നമാക്കുക. ഇതൊരു അവസരം ആണ്. ഒരു നവയുഗ സൃഷ്ടിക്ക് നമുക്കു ഒന്നിച്ചു നീങ്ങാം. കരുതലോടെ. കരുത്തേകാൻ ആയുർവ്വേദം ഒപ്പമുണ്ട്.

 

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഹരിയാനയിലെ അംബാലയിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ഗ്രാമീണരും പൊലീസും തമ്മിൽ സംഘർഷം. ഗ്രാമീണർ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കുമെതിരെ കല്ലെറിഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.

ഇന്നലെയാണ് അറുപതുകാരിയായ സ്ത്രീ മരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.ഇവരുടെ സാമ്പിൾ സ്രവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം ഇതുവരേയും ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് രണ്ട് ജില്ലകൾ റെഡ് സോണിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയവും ഇടുക്കിയുമാണ് റെഡ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്നാണ് ഇരു ജില്ലകളെയും റെഡ് സോൺ ആക്കി പ്രഖ്യാപിച്ചത്. നേരത്തെ നാല് ജില്ലകളാണ് റെഡ് സോണിൽ ഉണ്ടായിരുന്നത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോറ്റ്, മലപ്പുറം എന്നീ ജില്ലകളാണ് നേരത്തെ റെഡ് സോണിൽ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയം, ഇടുക്കി ജില്ലകളിൽ തുടർച്ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 24 കേസുകളാണ് ജില്ലകളിൽ സ്ഥിരീകരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ആക്കിയതായി മുഖ്യമന്ത്രി അറിയിച്ചത്. നേരത്തെ തന്നെ ജില്ലകളിലെ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചിരുന്നു.

കോട്ടയം ജില്ലയിൽ പനച്ചിക്കാട്, വിജയപുരം, മണർകാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിൽ ഉൾപ്പെട്ട 2, 20, 26, 36,37 വാർഡുകളും തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ പ്രദേശങ്ങളുമാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ.

ഇടുക്കിയിലാവട്ടെ, വണ്ടൻമേട്, ഇരട്ടയാർ എന്നീ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളാണ്.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ സംസ്ഥാനങ്ങൾ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ സംസ്ഥാനങ്ങൾ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

രോഗമുക്തരായവരിൽ 6 പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് നാലു പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർ വീതവും രോഗമുക്തരായി.

സംസ്ഥാനത്ത് ഇതുവരെ 551 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ 123 പേർ ചികിത്സയിലുണ്ട്. 20301 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. 19812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്ന് മാത്രം 104 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണം നെഗറ്റീവാണ്.

ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, മറ്റുള്ളവരുമായി സമ്പർക്കം കൂടുതലുള്ളവർ എന്നിവരിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഇതിൽ 611 എണ്ണം നെഗറ്റീവ് ആണ്. കൊവിഡ് പരിശോധന വ്യാപകമാകുന്നതിൻ്റെ ഭാഗമായി ഇന്നലെ മാത്രം 3056 സാമ്പിളുകളാണ് പരിശോധിച്ചത്.

 

ഇപ്പോഴും ആളുകളെത്തുകയാണ് ആന്ധ്രാപ്രദേശിലെ കുർനൂളിലെ രണ്ടു രൂപ ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ. അദ്ദേഹം കോവിഡ് മരണത്തിന് കീഴടങ്ങിയെന്ന് വിശസിക്കാതെ. കുർനൂളിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ കെഎം ഇസ്മായിൽ ഹുസൈൻ (76) ഏപ്രിൽ 14നാണ് മരിച്ചത്.

ഒരു കാരണത്താലും രോഗികളെ പരിചരിക്കാതെ മടക്കി അയക്കാത്ത, രണ്ടു രൂപയോ അഞ്ചു രൂപയോ നൽകുന്ന എത്ര കുറഞ്ഞ തുകക്കും ചികിത്സ നൽകിയിരുന്ന ഡോക്ടർ ഇസ്മായിൽ ജനങ്ങൾക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രിയിലെത്തിയ കോവിഡ് രോഗിയിൽ നിന്നും വൈറസ്ബാധിച്ച അദ്ദേഹം കുനൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയും മകനുമുൾപ്പെടെ കുടുംബത്തിലെ ആറു പേർക്കും കോവഡ് സ്ഥിരീകരിച്ചു.50 വർഷമായി ആതുരസേവന രംഗത്തുള്ള ഡോക്ടർ ഇസ്മായിലിനെ കുർനൂളിൽ നിന്ന് മാത്രമല്ല, തെലങ്കാന, ഗഡ്‌വാൾ, കർണാടകയിലെ റായ്ചൂർ എന്നിവിടങ്ങളിൽ നിന്നു പോലും നിരവധി രോഗികൾ തേടി എത്തുമായിരുന്നു.

രാവിലെ ഏഴു മുതൽ അവസാന രോഗിയും മരുന്ന് വാങ്ങി പോകുന്നതുവരെ അദ്ദേഹം ക്ലിനിക്കിലുണ്ടാകും. രണ്ടു രൂപയാണ് ആദ്യം ഫീസായി വാങ്ങിയിരുന്നത്. ചില രോഗികൾ 20, 50 മെല്ലാം നൽകി തുടങ്ങിയതോടെ അദ്ദേഹം ടേബിളിൽ ഒരു പെട്ടിവെച്ചു. പത്തു രൂപയിട്ടവർക്ക് അഞ്ചു രൂപ തിരിച്ചെടുക്കാം. 20 ഇട്ടവർക്ക് പത്തും 50 നൽകിയവർക്ക് 30തും തിരിച്ചെടുക്കാം. പണമിട്ടില്ലെങ്കിലും പരിചരണവും മരുന്നും ലഭിക്കും.

എംബിബിഎസ് പഠനത്തിന് ശേഷം കുർനൂൾ മെഡിക്കൽ കോളജിൽ നിന്നും എംഡി ബിരുദം നേടിയ അദ്ദേഹം അവിടുത്തെ അധ്യാപകനായി ഏറെ വർഷം പ്രവർത്തിച്ചു. പിന്നീട്സ്വന്തം ഗ്രാമത്തിൽ കെഎം ഹോസ്പിറ്റൽ എന്ന പേരിൽ ക്ലിനിക് തുടങ്ങുകയായിരുന്നു.

അവസാന ശ്വാസം വരെ രോഗികൾക്കായി സേവനമനുഷ്ഠിച്ച ഡോക്ടർ ഇസ്മായിൽ ഹുസൈന്റെ അന്ത്യ ചടങ്ങുകൾ നിർവഹിച്ചത് കോവിഡ് ചട്ടപ്രകാരമായിരുന്നു. കുടുംബത്തിൽ നിന്നുള്ള അഞ്ചു പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.

ഒരിക്കലും ഒരു രോഗിയിൽ നിന്നു പോലും ഡോക്ടർ പരിശോധനകൾക്കോ മരുന്നുകൾക്കോ ഉള്ള മുഴുവൻ തുക വാങ്ങിയിട്ടില്ല. പണമില്ലെങ്കിലും അസുഖം മൂലം വിഷമിക്കേണ്ട അവസ്ഥ ആർക്കുമുണ്ടായില്ല. കെഎം ക്ലിനിക്കിലെ നീണ്ടവരി ഇനിയും കാണാനാകുമായിരിക്കും.

സാധാരണ സാഹചര്യത്തിലാണെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യചടങ്ങുകളിലേക്ക് മുഴുവൻ കുർനൂൾ വാസികളും എത്തിയേനെ. ഇങ്ങനൊരു വിട വിശ്വസിക്കാനാവുന്നില്ലെന്ന് പ്രദേശവാസിയായ ഇമാം അബ്ദുൾ റൗഫ് പറയുന്നു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശിന് ഇന്ത്യയുടെ സഹായഹസ്തം. ഇന്ത്യ ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും അരലക്ഷം സര്‍ജിക്കല്‍ ഗ്ലൗസുകളും ബംഗ്ലാദേശിലേക്ക് അയച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസ് ആണ് ഇന്ത്യയുടെ സഹായം ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക്കിന് കൈമാറിയത്.

കോവിഡ് ദുരിതം നേരിടുന്ന ഈ സമയത്ത് അയല്‍ രാജ്യമായ ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സാഹിദ് മാലിക് പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ബംഗ്ലാദേശിന് മെഡിക്കല്‍ സഹായം നല്‍കുന്നത്. നേരത്തെ സുരക്ഷാ വസ്ത്രങ്ങളും മാസ്‌കുകളും അയച്ചിരുന്നു.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വളരെ ആഴത്തിലുള്ളതാണ്. നാം അയല്‍രാജ്യങ്ങളാണ്. അടുത്തുള്ളവര്‍ക്ക് ആദ്യം എന്നതാണ് ഇന്ത്യയുടെ നയം. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഭാവിയിലും ഞങ്ങള്‍ ഉണ്ടാവും. മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പവും നിലകൊണ്ടിരുന്നു. ഇപ്പോഴുള്ള പ്രതിസന്ധി മാറും. വിജയം കൈവരിക്കുമെന്ന് ഇന്ത്യയുടെ സഹായം കൈമാറിക്കൊണ്ട് റിവ ഗാംഗുലി ദാസ് പറഞ്ഞു.

ബംഗ്ലാദേശില്‍ ഇതുവരെ 5000ത്തോളം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 140 പേര്‍ മരിച്ചു.

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2.06 ലക്ഷം കടന്നു. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 9.96 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 55,000 കവിഞ്ഞ

ബ്രിട്ടനില്‍ വൈറസ് ബാധമൂലം 20000ത്തിലധികം പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണം ഇരുപത്താറായിരം കടന്നു. സ്‌പെയിനില്‍ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കൊവിഡ് വൈറസ് ബാധിതരാണുള്ളത്. ജര്‍മ്മനിയില്‍ വൈറസ് ബാധമൂലം ഇതുവരെ 5976 പേരാണ് മരിച്ചത്.

അർബുദ രോഗത്തിന് ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി പ്രസാദ് ദാസിന് പിന്തുണയുമായി മുൻ ഇന്ത്യൻ സൂപ്പർ താരം വീരേന്ദ്ര സെവാഗ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജന പ്രതിനിധികള്‍ക്കുമൊപ്പം ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ശ്രമം സഫലമായതിന് പിന്നാലെയാണ് പ്രസാദിന്റെ ഇഷ്ടതാരം അദ്ദേഹത്തിനായി പങ്കുവച്ച വീഡിയോ സന്ദേശം പുറത്ത് വന്നത്.

ലോകം മുഴുവൻ കൂടെയുണ്ടെന്നും ഒരു നിമിഷം പോലും തളരരുത് എന്നുമാണ് സെവാഗ് പ്രസാദിനോട് ആവശ്യപ്പെടുന്നത്. താൻ‌ നിങ്ങളുടെ കൂട്ടുകാരൻ ആണെന്ന് വ്യക്തമാക്കുന്ന സെവാഗ് തന്റെ പ്രാർത്ഥന കൂടെയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിലൂടെ ബ്രിട്ടനിൽ നിന്നും പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചയാണ് പ്രസാദിനെ നാട്ടിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ നിന്ന് ഷാർജയിലേക്കും അവിടെ നിന്ന് മുംബൈ വഴിയുമാണ് എയർ ആംബുലൻസ് കരിപ്പൂരിലെത്തിയത്. മുംബൈയിലും വിമാനത്തിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരം വുഹാനിലെ ആശുപത്രികളില്‍ ഇപ്പോള്‍ ഒറ്റ കൊവിഡ് രോഗികള്‍ ഇല്ലെന്ന് വ്യക്തമാക്കി ചൈന രംഗത്ത്. വുഹാനില്‍ കേസുകളൊന്നും ഇനി അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. മാധ്യമങ്ങളോടായിരുന്നു അധികൃതരുടെ പ്രതികരണം.

ഏപ്രില്‍ 26 ആയപ്പോഴേക്കും വുഹാനിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരുന്നതായും ഇവര്‍ പറയുന്നു. വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ ഉത്ഭവിച്ചതെന്നാണ് നിഗമനം. ഡിസംബറില്‍ പ്രത്യക്ഷപ്പെട്ട വൈറസ് അധികം വൈകാതെ തന്നെ ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.

ആഗോളതലത്തില്‍ ഏകദേശം 28 ലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചതായും 197,872 പേര്‍ മരണമടഞ്ഞതായുമാണ് കണക്ക്. 46,452 കൊറോണ കേസുകളാണ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ മൊത്തം കേസുകളുടെ 56 ശതമാനമാണിത്. 3869 മരണങ്ങളുമുണ്ടായി. ചൈനയിലെ മൊത്തം മരണങ്ങളുടെ 84 ശതമാനമാണിത്. ഇതോടെ വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യ ജനുവരി അവസാനത്തോടെ പൂര്‍ണ്ണമായും അടച്ചിടുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved