Health

അർബുദ രോഗത്തിന് ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി പ്രസാദ് ദാസിന് പിന്തുണയുമായി മുൻ ഇന്ത്യൻ സൂപ്പർ താരം വീരേന്ദ്ര സെവാഗ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജന പ്രതിനിധികള്‍ക്കുമൊപ്പം ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ശ്രമം സഫലമായതിന് പിന്നാലെയാണ് പ്രസാദിന്റെ ഇഷ്ടതാരം അദ്ദേഹത്തിനായി പങ്കുവച്ച വീഡിയോ സന്ദേശം പുറത്ത് വന്നത്.

ലോകം മുഴുവൻ കൂടെയുണ്ടെന്നും ഒരു നിമിഷം പോലും തളരരുത് എന്നുമാണ് സെവാഗ് പ്രസാദിനോട് ആവശ്യപ്പെടുന്നത്. താൻ‌ നിങ്ങളുടെ കൂട്ടുകാരൻ ആണെന്ന് വ്യക്തമാക്കുന്ന സെവാഗ് തന്റെ പ്രാർത്ഥന കൂടെയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിലൂടെ ബ്രിട്ടനിൽ നിന്നും പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചയാണ് പ്രസാദിനെ നാട്ടിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ നിന്ന് ഷാർജയിലേക്കും അവിടെ നിന്ന് മുംബൈ വഴിയുമാണ് എയർ ആംബുലൻസ് കരിപ്പൂരിലെത്തിയത്. മുംബൈയിലും വിമാനത്തിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരം വുഹാനിലെ ആശുപത്രികളില്‍ ഇപ്പോള്‍ ഒറ്റ കൊവിഡ് രോഗികള്‍ ഇല്ലെന്ന് വ്യക്തമാക്കി ചൈന രംഗത്ത്. വുഹാനില്‍ കേസുകളൊന്നും ഇനി അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. മാധ്യമങ്ങളോടായിരുന്നു അധികൃതരുടെ പ്രതികരണം.

ഏപ്രില്‍ 26 ആയപ്പോഴേക്കും വുഹാനിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരുന്നതായും ഇവര്‍ പറയുന്നു. വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ ഉത്ഭവിച്ചതെന്നാണ് നിഗമനം. ഡിസംബറില്‍ പ്രത്യക്ഷപ്പെട്ട വൈറസ് അധികം വൈകാതെ തന്നെ ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.

ആഗോളതലത്തില്‍ ഏകദേശം 28 ലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചതായും 197,872 പേര്‍ മരണമടഞ്ഞതായുമാണ് കണക്ക്. 46,452 കൊറോണ കേസുകളാണ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ മൊത്തം കേസുകളുടെ 56 ശതമാനമാണിത്. 3869 മരണങ്ങളുമുണ്ടായി. ചൈനയിലെ മൊത്തം മരണങ്ങളുടെ 84 ശതമാനമാണിത്. ഇതോടെ വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യ ജനുവരി അവസാനത്തോടെ പൂര്‍ണ്ണമായും അടച്ചിടുകയും ചെയ്തു.

കോവിഡ് 19 അടക്കം സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള രോഗങ്ങള്‍ മൂലം മരണപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കും. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.

പ്രത്യേക രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. കുറ്റക്കാര്‍കക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെ ശവസംസ്‌കാര ചടങ്ങ് തടസപ്പെടുത്തുകയും അക്രമാസക്തരായ ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപന ജീവനക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ചെന്നൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെയും ശവസംസ്‌കാര ചടങ്ങും അന്ത്യകര്‍മങ്ങളും നിശ്ചയിച്ചിരുന്ന സ്ഥലത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു പുറമെ ഒരു ഓര്‍ത്തോപീഡിക് സര്‍ജന് സഹപ്രവര്‍ത്തകനായ ന്യൂറോ സര്‍ജന്റെ മൃതദേഹം ശ്മശാനത്തില്‍ രാത്രി രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സ്വയം മറവുചെയ്യേണ്ടിയും വന്നിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരെ ജനക്കൂട്ടം ഭയപ്പെടുത്തി ഓടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

സംഭവത്തില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് അടക്കമുള്ളവ ചുമത്തുമെന്ന് ഇതേത്തുടര്‍ന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോട്ടയത്തെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 ബാധിച്ചത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. പാലക്കാട് നിന്ന് എത്തിയ ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവായതോടെ ആണ് ആശങ്കയേറിയത്. ഇതോടെ ലോഡിംഗ് തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന എൺപത്തിയെട്ട് പേരെ നിരീക്ഷണത്തിലാക്കി.

മുപ്പത്തിയേഴുകാരനായ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് പകർന്നത് പാലക്കാട് നിന്നെത്തി കോട്ടയം മാർക്കറ്റിൽ ലോഡിറക്കി മടങ്ങിയ ഡ്രൈവറിൽ നിന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഡ്രൈവറുടെ സാമ്പിൾ ഫലം നെഗറ്റീവായതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കൂടുതൽ ആശങ്കയിലായി. തൊഴിലാളിക്ക് രോഗം പകർന്ന് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.

ഇയാളുമായി സമ്പർക്കത്തിൽ വന്ന 88 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 24 പേർ പ്രഥമിക സമ്പർക്കത്തിൽ വന്നവരും 64 പേർ രണ്ടാംഘട്ട സമ്പർക്കത്തിൽ പെട്ടവരുമാണ്. വീടുകളിൽ സൗകര്യമില്ലാത്ത 25 പേരെ ഐസൊലേഷൻ കേന്ദ്രത്തിലാണ് നിരീക്ഷണത്തിലാക്കിയത്. മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചത് എവിടെനിന്നും കണ്ടെത്തിയിട്ടില്ല. ഇയാളുടെ സമ്പർക്ക പട്ടികയും തയാറാക്കി. എട്ട് പേരാണ് ലിസ്റ്റിൽ ഉള്ളത്.

വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് യുന്നിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും ഉള്‍പ്പെട്ട സംഘമാണ് വടക്കന്‍ കൊറിയയിലേക്ക് പോയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുന്നിന്റെ ആരോഗ്യ നിലയെകുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനീസ് സംഘത്തിന്റെ സന്ദര്‍ശനം. ഇതേക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് തെക്കന്‍ കൊറിയയിലെ ചില മാധ്യമങ്ങള്‍ വടക്കന്‍ കൊറിയന്‍ നേതാവ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചില പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വടക്കന്‍ കൊറിയ തയ്യാറായിരുന്നില്ല. അവരുടെ ദേശീയ ചാനലില്‍ കിം ജോങ് യുന്‍ പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുകയാണ് ചെയ്തത്. വടക്കന്‍ കൊറിയയുമായി ബന്ധമുള്ള ചൈനയും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിലെ ഉന്നത നേതാവും വടക്കന്‍ കൊറിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കൊറിയയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിഭാഗമാണ്.
വടക്കന്‍ കൊറിയന്‍ യാത്രയെക്കുറിച്ച് ഇവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഈ മാസം 12-ാം തീയതി കിം ശസ്ത്രക്രിയക്ക് വിധേയനായി എന്നായിരുന്നു തെക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് അദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തെക്കന്‍ കൊറിയിലെ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അവിടുത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. വടക്കന്‍ കൊറിയയില്‍ അസാധാരണമായ എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

കിം ജോങ് യുന്നിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കിമ്മിനുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്ത റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവരുടെ നേതാക്കളുടെ ആരോഗ്യത്തെ പോലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അവിടുത്ത സര്‍ക്കാര്‍ കാണുന്നത്. ഏറ്റവും ശക്തമായ മാധ്യമ നിയന്ത്രണമുളള രാജ്യം കൂടിയാണ് വടക്കന്‍ കൊറിയ.കഴിഞ്ഞ കുറച്ചു ദിവസമായിട്ട് പൊതു സ്ഥലങ്ങളില്‍ 36 കാരനായ കിം ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

‘അടച്ചിട്ട ആശുപത്രിയുടെ മുന്നിലെ ഫുട്പാത്തില്‍ കാത്ത് നിന്ന് 69ഓളം കൊവിഡ് രോഗികള്‍’ ഈ ദാരുണമായ കാഴ്ച മറ്റെവിടെയുമല്ല, ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ ഈശ്വര്‍ ജില്ലയിലെ സയ്ഫായി മെഡിക്കല്‍ കോളേജിനു മുന്നില്‍ ആശുപത്രി പ്രവേശനത്തിനായാണ് ഇവര്‍ മണിക്കൂറോളം കാത്തു നിന്നത്.

പ്രത്യേക വാര്‍ഡിലേക്ക് ഇവരെ മാറ്റുന്നതില്‍ ഉണ്ടായ താമസമാണ് രോഗികള്‍ പുറത്തിറങ്ങി ഫുട്പാത്തില്‍ നില്‍ക്കാന്‍ ഇടയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം അറിഞ്ഞത്. രോഗികള്‍ക്കൊപ്പം ആഗ്രയില്‍ നിന്ന് ഒരു എസ്‌കോര്‍ട്ട് ടീമിനെയും പറഞ്ഞു വിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ ഹോസ്പിറ്റല്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നതും രോഗികള്‍ പുറത്ത് കാത്ത് നില്‍ക്കുന്നതും വ്യക്തമാണ്. കേവലം മാസ്‌ക് മാത്രം ധരിച്ചാണ് രോഗികള്‍ 112 കിലോമീറ്റര്‍ സഞ്ചരിച്ച് ആഗ്രയില്‍ നിന്ന് സയ്ഫായിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ തന്നെ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥനായ ചന്ദ്രപാല്‍ സിങ്ങ് മറ്റെങ്ങോട്ടും പോകരുതെന്ന് രോഗികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും കാണാം.

രോഗികളെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതരും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വൈകിയതെന്നും ഇതില്‍ ആശുപത്രിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അധികൃതരും അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ രോഗികളെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് പരീക്ഷിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ നിരവധി തെറ്റായ നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍.

തെറ്റായ നിര്‍ദേശങ്ങള്‍ കേട്ട് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.

ശ്വാസകോശത്തിലാണ് കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും എന്നത് കൊണ്ട് തന്നെ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.

വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം നിരവധി വ്യാജ സന്ദേശങ്ങളാണ് അമേരിക്കയില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ നിര്‍ബന്ധിതരായത്.

ഒരു കാരണവശാലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ മുന്നറിയിപ്പു നല്കുന്നു.
റെക്കിറ്റ് ബെന്ക്കിസര്‍ എന്ന ബ്രിട്ടീഷ് കമ്പനിയും അണുനാശിനികള്‍ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നല്കിയിട്ടുണ്ട്.

‘ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങള്‍ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങള്‍ മനുഷ്യശരീരത്തിലേക്ക് ഇന്‍ജക്ഷന്‍ വഴിയോ വായിലൂടെയോ ശരീരത്തില്‍ പ്രയോഗിക്കരുത് ‘, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.’പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കള്‍ക്ക് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്’, എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്.

ഇടുക്കിയിയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. അതേ സമയം ജില്ലയിലെ നിലവിലുള്ള ഇളവുകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍. അസുഖം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് മകനില്‍ നിന്നാണ് രോഗം പടര്‍ന്നത്.

പുതിയ രോഗികളെല്ലാവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവരെ ഇന്നലെ രാത്രി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. എലപ്പാറയില്‍ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂരില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് ആണ് മകന്‍ വീട്ടിലെത്തിയത്. പിന്നീട് ക്വാറന്റൈനിലായിരുന്നു.

മകനില്‍ നിന്നാണ് അമ്മയ്ക്ക് രോഗം പകര്‍ന്നത്. 65 കാരനായ അച്ഛനും യുവാവിന്റെ ഭാര്യയും 9 മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ പോയിട്ട് മാര്‍ച്ച് 18ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈനിലാക്കി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ച 10 പേരും ഈ മാസം പാതിയോടെ ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി കോട്ടയത്തിന്റെ കണക്കിലാണ് വരിക.

ഏലപ്പാറയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെയും അവസ്ഥ. 29-ാമത്തെ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 27-ാമത്തെ ദിവസമാണ് സ്രവമെടുത്തത്. ഇത്തരത്തില്‍ ഏറെ വൈകി ലക്ഷണങ്ങള്‍ കാണിക്കുന്നത് ആരോഗ്യവകുപ്പിനേയും ഭയപ്പാടിലാക്കുകയാണ്. സാധാരണയായി 5-14 ദിവസം വരെയാണ് അസുഖം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന സമയമെങ്കിലും ഇത്രയധികം വൈകുന്നത് ജില്ലാ ഭരണകൂടത്തേയും ആശങ്കയിലാക്കുകയാണ്.

കോഴിക്കോട് കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുഞ്ഞിന്റെ നില കഴിഞ്ഞ ദിവസം മുതൽ ഗുരുതരമായിരുന്നു. ജൻമനാ ഹൃദ്രോഗിയാണ് കുട്ടി.

കുട്ടിക്ക് രോഗം പടർന്നത് എങ്ങനെയെന്ന് ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു. പക്ഷേ ഇയാൾ കുട്ടിയുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കളുടെ ഫലം ഇന്ന് വരും.അതേസമയം കുഞ്ഞിനെ ചികിൽസിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഒരു മഹാമാരിയുടെ സാമൂഹിക വ്യാപനം പ്രതിരോധിക്കാൻ നമ്മുടെ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദം ആകുന്നു എന്നത് കൊണ്ടാണ് ഇത്ര വേഗത്തിൽ തന്നെ ഇളവുകൾ നല്കാൻ ആവുന്ന സ്ഥിതി നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉണ്ടായത്.

സാംക്രമിക രോഗങ്ങൾ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കു പകരുവാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ജനപതോദ്ധ്വംസനീയം അദ്ധ്യായത്തിൽ വിശദമാക്കുന്നുണ്ട്. കൂട്ടം കൂടിയുള്ള മുട്ടിയുരുമ്മിയുള്ള ഇരുപ്പ് യാത്ര, ഒരേ കട്ടിലിൽ കസേരയിൽ ഒരുമിച്ചോ അല്ലാതെയോ ഇരിക്കുക കിടക്കുക ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ വസ്ത്രം ആഭരണം സൗന്ദര്യ വസ്തുക്കൾ പരസ്പരം കൈമാറി ഉപയോഗിക്കുക എന്നിവ ജ്വരം പോലെയുള്ള രോഗങ്ങൾ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് സംക്രമിക്കും, പകരും എന്ന് പറയുന്നു. ഇത് തന്നെ ആണ് സാമൂഹിക അകലം പാലിക്കുന്നതിലൂടെ രോഗ വ്യാപനം തടയും എന്നത് സാർഥകമായത്.

ശുചിത്വ പാലനം അഭ്യംഗ സ്നാനം, തേച്ചുകുളി, ഭക്ഷണത്തിനു മുമ്പും പിമ്പും കൈകാലുകൾ വൃത്തിയായി കഴുകാനുള്ള നിർദേശം, ചൂട് വെള്ളം കുടിക്കാനും, അപ്പപ്പോൾ പാകം ചെയ്തു ചെറു ചൂടുള്ള ആഹാരം കഴിക്കാനും ഉള്ള നിർദേശം ഒക്കെയും രോഗ പകർച്ച തടയുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ഇനിയും നിയന്ത്രണ ഇളവുകൾ ആഘോഷം ആക്കാതെ കരുതലോടെ സാമൂഹിക അകലം പാലിക്കുന്നതിലും യാത്രകൾ കുറച്ചും പുറത്തു നിന്നുള്ള ആഹാര പാനീയങ്ങൾ ഒഴിവാക്കിയും മറ്റുമുള്ളവ അനുസരിച്ചു നമുക്ക് മുന്നോട്ടു പോകാം.

മുതിർന്ന പൗരന്മാർക്കും പലതരം ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരും തങ്ങളുടെ രോഗങ്ങളുടെ ഇപ്പോഴത്തെ നില കൃത്യത വരുത്തേണ്ടതുണ്ട്. അതിനുള്ള ലബോറട്ടറി പരിശോധന വൈദ്യനിർദേശം എന്നിവയും നേടണം. ആരോഗ്യ പരിപാലനത്തിനും പ്രതിരോധം പുനരധിവാസം എന്നിവയെ കരുതി നിർദ്ദേശിച്ചിട്ടുള്ള ആയുർവേദ മാർഗങ്ങൾ സ്വീകരിച്ചു കൊണ്ട് ആയുരാരോഗ്യ സൗഖ്യം നേടാനാവും.

ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യം അകറ്റുവാൻ ഉള്ള ശോധന ചികിത്സകൾ, പഞ്ചകർമ്മ ചികിത്സ, രസം രക്തം മാംസം മേദസ് അസ്‌ഥി മജ്ജ ശുക്ലം എന്നീ ഏഴു ധാതുക്കളുടെയും സന്തുലിതാവസ്ഥ സാധ്യമാക്കുന്ന രസായന സേവനം എന്നിവ ആയുർവ്വേദം നിർദേശിക്കുന്നു.

ഒരു ആയുർവേദ വിദഗ്ദ്ധന്റെ നിർദേശങ്ങൾ അനുസരിച്ചു ഓരോരുത്തരുടെയും ശരീര പ്രകൃതിക്കും രോഗങ്ങക്കും അനുസരിച്ചു അവശ്യം ഉള്ളവ തിരഞ്ഞെടുക്കാവുന്നതാണ്.

ഇഞ്ചി, കുരുമുളക്, മഞ്ഞൾ, വെളുത്തുള്ളി, കറുവ, ഗ്രാമ്പ്, ചുക്ക് എന്നിവ അവസരോചിതമായി ആഹാരത്തിൽ ഉചിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അമുക്കുരം, ത്രിഫല, ഇരട്ടിമധുരം, തിപ്പലി, എന്നിവ ചേർന്നിട്ടുള്ള വ്യത്യസ്തങ്ങളായ ഔഷധ കൂട്ടുകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കെണ്ടതുണ്ട്.

രോഗ പ്രതിരോധത്തിനും പുനരധിവാസത്തിലും ആയുർവേദ മാർഗം ലോകം ശ്രദ്ധയോടെ ആണ് കാണുന്നത്. പ്രസിദ്ധനായ ഒരു സ്പെഷ്യലിറ്റി ഡോക്ടറുടെ നിർദേശം ഒരു സാമൂഹിക മധ്യത്തിൽ ഇത് സാക്ഷ്യപെടുത്തുന്നു.

ഇഞ്ചിയും നാരങ്ങയും ചവച്ചിറക്കി മഞ്ഞളിട്ട ചെറു ചൂടുള്ള വെള്ളവും കൂടി കുടിക്കുന്നത് തന്നെ രോഗാണു സംക്രമണം തടയും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നനവുള്ള നാസാദ്വാരങ്ങളിലൂടെ ഉള്ള വൈറസ് പ്രവേശനം തടയാൻ കരിം ജീരകം ഞെരടി മണപ്പിച്ചു നോക്കാം. ചൂടുവെള്ളം വായ് നിറച്ചു കുറേ നേരം നിർത്തിയ ശേഷം തുപ്പി കളയുക. പല തവണ ഇതാവർത്തിക്കുക.

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

RECENT POSTS
Copyright © . All rights reserved