Health

ലോകമാമാകെ കോവിഡ് 19 പടർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം അമന്വേഷിക്കുന്നവർ രണ്ടനുമാനങ്ങളിലാണ് ചെന്നെത്തുന്നത്. ആദ്യത്തെ നിഗമന പ്രകാരം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബയോ സേഫ്റ്റി ലെവൽ നാലിലുള്‍പ്പെടുന്ന ജൈവ പരീക്ഷണശാലകളിൽ നിന്നും ഒരു കൈപ്പിഴയുടെ ഫലമായി ചോർന്നതാണ് ഈ വൈറസ് എന്നതാണ്. രണ്ടാമത്തെ അനുമാനം കുറേ കൂടി ഭാവനാത്മകമാണ്, ചൈനയ്ക്കു ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാകുവാനും തങ്ങളുടെ ശത്രു രാജ്യങ്ങളുടെ സാമ്പത്തിക, വ്യാവസായിക ശക്തി തകർക്കാനുമായി പരീക്ഷിച്ച ജൈവായുധമാണ് കൊറോണ വൈറസ് എന്നതാണത്.

ഈ രണ്ടു ഗൂഢാലോചന സിദ്ധാന്തങ്ങളും “വസ്തുതകളും തെളിവുകളും” നിരത്തി പിന്തുണയ്ക്കാൻ ഒരുപാടുപേരുമുണ്ട്. എന്നാൽ ഈ “തെളിവുകൾക്കും വസ്തുതകൾക്കും” അപ്പുറം പ്രശ്നം ചൈന തന്നെയാണ്. അവരുടെ നിരന്തരമായ രഹസ്യാത്മകതയും, ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അത്യാഗ്രഹവും പരിസ്ഥിതിയോടും ജീവനോടുമുള്ള അനാദരവുമാണ് പ്രശ്നം. അതിനോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജൈവ പരീക്ഷണ ശാലകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ശത്രുക്കളെ നിശ്ശേഷം തകർക്കാൻ പോന്ന ജൈവായുധങ്ങൾ ഒരു മികച്ച യുദ്ധതന്ത്രമായി മനസിലാക്കി ലോകത്തെ കൂറ്റൻ ശക്തികളെല്ലാം ഇത്തരം പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്.

2002 ഇൽ സാർസ് രോഗം പടർന്നു തുടങ്ങിയതിനു ശേഷം ഫ്രാൻസുമായുള്ള സഹകരണത്തിലൂടെ നിർമ്മിച്ചതാണ് വുഹാനിലെ ജൈവ പരീക്ഷണശാല. ചൈനീസ് ശാസ്ത്ര അക്കാഡമിക്ക് ഇത്തരത്തിലുള്ള ഇരുപതു ലാബുകളുണ്ട്. അതിൽ വൈറോളജിയുമായി നേരിട്ടിടപെടുന്നത് ഈയൊരൊറ്റ ലാബാണ്. ഐ എസ് ഓ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ഈ ലാബുകൾ മറ്റു ലാബുകളില്‍ ഉള്‍പ്പടെയുള്ള വിദഗ്ധരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവയാണ്. ലോക ജനതയെ വൈറസ് രോഗാണുബാധകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ആക്രമണവും പ്രതിരോധവും തമ്മിലുള്ള അതിർത്തി ഏറെ നേർത്തതും അവ്യക്തവുമാണെന്നതാണ്, യുദ്ധത്തിലേയും ജീവശാസ്ത്ര ഗവേഷണത്തിന്റെയും അവസ്ഥ.

സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങൾ. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാൻ സാധിക്കും. എന്നാൽ ജൈവായുധങ്ങൾ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിർത്തികളിലേക്കുൾപ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാൻ, ഉത്തര കൊറിയ, ഫ്രാൻസ്, ജർമനി, കാനഡ, ജപ്പാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ കൈവശമുണ്ട്. ആന്ത്രാക്സ്, വസൂരി, ബോട്ടുലിനം തുടങ്ങി ഒരുകാലത്തു ലോകത്തെയാകെ കുഴപ്പത്തിലാക്കിയ പല രോഗങ്ങളുടെയും സാമ്പിളുകൾ ഇങ്ങനെ ജൈവായുധ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്.

ശാസ്ത്ര ഗവേഷങ്ങളിലൂടെ ഇത്തരം രോഗങ്ങൾക്കെതിരായുള്ള വാക്‌സിനുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും യുദ്ധത്തിൽ ഇത്തരം അണുക്കളുടെ ഉപയോഗത്തിന് ഏറെ കാലത്തെ ചരിത്രമുണ്ട്. ക്രിസ്തുവിനും അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ വിഷച്ചെടികളുപയോഗിച്ചു ശത്രുക്കളുടെ കിണറുകളിൽ വിഷം കലക്കുകയും, ഉപരോധത്തിൽ വച്ചിരിക്കുന്ന പ്രദേശത്തേക്ക് എലിപ്പനി ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ വലിച്ചെറിയുന്ന പതിവുമുണ്ടായിരുന്നു. രണ്ടാമത്തെ മാർഗം മനുഷ്യരാശി ഇതുവരെ ദര്‍ശിച്ച, ഭൂഖണ്ഡങ്ങളിലൂടെ പടർന്നു പിടിച്ച മഹാദുരന്തത്തിലാണ് കലാശിച്ചത്.

രണ്ടാം ലോക മഹായുദ്ധ കാലത്തു സോവിയറ്റ് പട്ടാളം തങ്ങളുടെ ശത്രുക്കളായ ജർമ്മൻ സേനയ്ക്കെതിരെ ടോളറമിയ എന്ന പേരിലുള്ള മാരക ബാക്റ്റീരിയ ഉപയോഗിക്കുകയുണ്ടായി. തൊലിപ്പുറമേ വൃണങ്ങളുണ്ടാകുന്നതും ശക്തമായ ഛർദിയും വയറിളക്കവുമുണ്ടാകുന്നതായിരുന്നു ഈ ജൈവായുധത്തിന്റെ സ്വഭാവം. ജപ്പാന്റെ ജൈവായുധ പരീക്ഷണങ്ങൾ ചൈനീസ് യുദ്ധത്തടവുകാർക്കു മേലെയും ചൈനീസ് നഗരങ്ങൾക്ക് മേലെയുമായിരുന്നു. എന്നാൽ അവ തിരിച്ചടിച്ചു ആയിരകണക്കിന് ജപ്പാൻകാരാണ് മരണപ്പെട്ടത്.

ചരിത്രപരമായ അനുഭവത്തിൽ നിന്ന് നമുക്കു മനസിലാകുന്ന ഒരു കാര്യമെന്തെന്നാൽ അധികാര പ്രമത്തത തലയ്ക്കു പിടിച്ച ഭരണകൂടങ്ങൾ സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഏതുമാർഗ്ഗവും സ്വീകരിക്കുമെന്നാണ്. പക്ഷെ ജൈവായുധങ്ങളുടെ ഉപയോഗം, അത് പ്രയോഗിച്ചവരെ തന്നെ തിരിഞ്ഞു കൊത്തുന്ന കാഴ്‌ചയാണ്‌ നാം കണ്ടിട്ടുള്ളത്. ഒരൊറ്റ രാജ്യവും മറ്റുള്ളവരെ നശിപ്പിക്കാനായി സ്വന്തം ജനതയുടെ മേൽ തന്നെ ജൈവായുധം പ്രയോഗിക്കുമെന്നു കരുതാൻ വയ്യ. അതിനാൽ തന്നെ കൊറോണ ചൈന ലോകം കീഴടക്കാനായി നടത്തിയ ജൈവായുധമാണെന്ന വാദത്തിൽ കഴമ്പില്ല.

ഇനി രണ്ടാമത്തെ സാധ്യത ഇത്തരം പരീക്ഷണശാലകളിൽ നടക്കുന്ന അപകടങ്ങളാണ്. ജൈവായുധ പരീക്ഷണശാലകളുടെ നിലനിൽപ്പുതന്നെ രഹസ്യാത്മകമായതിനാൽ അപകടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും കണക്കുകളും ലഭ്യമല്ല.എന്നാൽ അപൂര്‍വ്വം ചില സംഭവങ്ങൾ. വെളിച്ചത്തുവന്നിട്ടുണ്ട്.

9/11 ആക്രമണത്തിനുശേഷം ശേഷം അമേരിക്കൻ മിലിറ്ററി ലാബിൽ സാർസ് രോഗാണു പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ രോഗാണുക്കളെ കത്തുകളിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലെക്കും അയച്ചതിന്റെ ഫലമായിരുന്നു രണ്ടായിരത്തി രണ്ടിലെ സാർസ് ബാധ എന്ന് റൂട്ജേർസ് സർവകലാശാലയിലെ പ്രശസ്തനായ ശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്.

ഇത് പോലെ തന്നെ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനായി സുരക്ഷാനടപടികളിൽ വീഴ്‌ചവരുത്തിയ ഒരു ശാസ്ത്രജ്ഞനിലൂടെയായിരുന്നു പക്ഷിപ്പനി പടർന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ബയോ സേഫ്റ്റി ലെവൽ മൂന്നിലുള്ള പരീക്ഷണശാലയിൽ നടന്ന ഈ വീഴ്ചയുടെ ഫലമായി പക്ഷിപ്പനി വൈറസുകൾ H5N1 വൈറസുകളുമായി ചേർന്ന് അടുത്തുള്ള ഒരു വളർത്തുപക്ഷി കേന്ദ്രത്തിലെത്തുകയാണുണ്ടായത്.

യു എസ് സർക്കാരിന്റെ പല അന്വേഷണ റിപ്പോർട്ടുകളും ഇത്തരം സുരക്ഷാ വീഴ്ചകളുടെ വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുരക്ഷയില്ലാത്ത ശീതീകരണ മുറികളിൽ സിപ്പ് ലോക്ക് ബാഗുകളിൽ സൂക്ഷിക്കുന്ന ആന്ത്രാക്സ് വൈറസ് സാമ്പിളുകളെയും പറ്റി ഈ അന്വേഷണങ്ങൾ തെളിവുകളിലൂടെ ചൂണ്ടികാണിക്കുന്നു. വൈറസുകൾ ഇടകലർന്നു ശക്തവും ജനിതകവ്യതിയാനം സംഭവിച്ചതുമായ പുതിയ രോഗാണുക്കൾ രൂപപെടുന്നതിനെ സംബന്ധിച്ച് പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്ന എബോള രോഗത്തിന് പിറകിൽ അമേരിക്കൻ പരീക്ഷണശാലകളാണെന്ന ആരോപണവും സജീവമാണ്.

മറ്റു രാജ്യങ്ങളുടെ കാര്യവും ആശാവഹമല്ല, രണ്ടായിരത്തി പത്തൊൻപതിലാണ് റഷ്യയിലെ നോവബ്രിസ്ക് പ്രവശിയിലുള്ള ലാബുകളൊന്നിൽ നടന്ന സ്ഫോടനത്തെകുറിച്ച അവരുടെ സർക്കാർ പുറംലോകത്തെയറിച്ചിത്. ലോകത്തു അന്യം നിന്നുപോയ വസൂരി എന്ന പകർച്ചവ്യാധിക്ക് കാരണമാവുന്ന വൈറസുകളുടെ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ടിടങ്ങളിൽ ഒന്നായിരുന്ന നോവേബ്രിസ്‌കിലെ ആ പരീക്ഷണശാല. മറ്റൊരു സംഭവത്തിൽ 1979ല്‍ സോവിയറ്റ് പരീക്ഷണശാലകളൊന്നിൽ നിന്നും ചോർന്ന വൈറസിന്റെ ജനിതക ഘടന വേർതിരിച്ചെടുക്കാൻ ശാസ്ത്രജ്ഞർക്ക് നാല്പതു വർഷത്തോളം സമയം വേണ്ടി വന്നു. നൂറിൽ കൂടുതൽ സുരക്ഷാവീഴ്ചകളാണ് ഇംഗ്ളണ്ടിൽ സ്ഥിതിചെയ്യുന്ന പരീക്ഷണശാലകളിൽ സംഭവിച്ചതായി വിശ്വാസകരമായ റിപ്പോർട്ടുകൾ പറയുന്നത്.

റിച്ചാർഡ് ഇബറൈറ്റിനെ പോലുള്ള വിദഗ്ദ്ദരുടെ അഭിപ്രായത്തിൽ ചൈനീസ് ലാബുകളിൽ നിന്നും ഇതിനുമുൻപും സാർസ് വൈറസ് ചോർന്നിട്ടുണ്ട്. വുഹാൻ ലാബുകൾ എത്ര സുരക്ഷിതമാണെന്നാലും അപകടങ്ങൾക്കു സാധ്യതയുണ്ടെന്നർത്ഥം.

കൊറോണ വൈറസിന്റെ ഉത്ഭവം ലാബുകളിൽ നിന്നല്ലെന്നും മറിച്ചു പ്രകൃതിയിൽ നിന്നുമാണെന്നു വാദിച്ചുകൊണ്ടു നിരവധി ശാസ്ത്രജ്ഞർ വുഹാൻ ലാബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ രഹസ്യാത്മകവും അതാര്യവുമായ ചൈനീസ് സംവിധാനവും, ജനാധിപത്യത്തിന് ഒരിക്കലും നിരക്കാത്ത അവരുടെ അധികാരശ്രേണികളും സംശയങ്ങൾ അവസാനിപ്പിക്കുവാൻ സഹായിക്കുന്നില്ല. ഇത്തരം സുരക്ഷാ വീഴ്ചകളെയും നടപടികളെയും പൊതുവിൽ വിമർശിക്കുവാൻ ചൈനയിൽ നിർവാഹമില്ല. ലി വെൺലി ലാങ് എന്ന ഡോക്ടറുടെ മരണവും, ഇതിനു മുൻപ് വിമര്‍ശനമുന്നയിച്ച മറ്റൊരു ശാസ്ത്രഞ്ജന്റെയും അദ്ദേഹത്തിന്റെ കൂട്ടുകാരിയുടെയും തിരോധാനവും അതാണ് വ്യക്തമാകുന്നത്. ഇതിനോടൊപ്പം തന്നെ ചൈന നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര സംഘവും ശക്തമാണ്. ലോകാരോഗ്യ സംഘടനാ കോറോണയെ ആദ്യ ഘട്ടത്തിൽ വലിയ കാര്യമായെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനുവരി പകുതി വരെ ഇതൊരു പകർച്ചവ്യാധിയല്ലെന്ന ചൈനീസ് നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുകയായിരു ലോകാരോഗ്യസംഘടന അധികൃതർ.

ഇതുപോലെ തന്നെ പരിസ്ഥിതിക്കു തന്നെ അപകടകരമായ ചൈനീസ് ഭക്ഷണരീതികളും “മരുന്നുകളും” -പ്രത്യേകിച്ച് ലൈംഗികോത്തേജനൗഷധങ്ങൾ- ഇവ രണ്ടും ചേർന്ന് കൊറോണ വൈറസ് പടർച്ചയോടൊപ്പം ചേരുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടു തന്നെ കാണണം. ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ചിട്ടും ശക്തമായ ഒരന്വേഷണത്തിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഒഴിഞ്ഞു മാറാൻ ചൈനയ്ക്കു സാധിക്കും. എന്നാൽ അത് മാത്രം മതിയോ. കൊറോണ ലോക സാഹചര്യത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്‌, അങ്ങനെ രൂപപ്പെട്ട സഹചര്യത്തിൽ നാം സുരക്ഷിതരായിരിക്കണമെങ്കിൽ ചൈന തങ്ങളുടെ പരീക്ഷണശാലകൾ അന്തർദേശീയ ഏജൻസികൾക്കു മുന്നിൽ പരിശോധനയ്ക്കായി തുറന്നുവയ്ക്കണം. ചൈനയോടൊപ്പം മറ്റുരാജ്യങ്ങളും ജൈവായുധങ്ങൾ എന്ന സങ്കല്പത്തിൽ നിന്നുമാറി നിന്നുകൊണ്ട് ജൈവായുധങ്ങൾ നിരോധിച്ചിരിക്കുന്ന ജൈവായുധ വിരുദ്ധ കൺവെൻഷന്റെ മാനദണ്ഡങ്ങൾ അനുസരിക്കാൻ തയ്യാറാകണം.

ഡൊണാൾഡ് ട്രംപ് ‘ചൈനീസ് വൈറസ്’ എന്ന് വിളിച്ച കൊറോണയുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തണം തുടങ്ങിയ ഒഴുക്കൻ അഭിപ്രായങ്ങള്‍ പറഞ്ഞു ഒരു നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതൊരു സാധാരണ നയതന്ത്ര രീതിയാണ്. എന്നാൽ അതിനുമപ്പുറം ബാധിക്കപ്പെട്ട മറ്റു രാജ്യങ്ങളുടെ കൂടെ ചേർന്ന് ശബ്ദമുയർത്തേണ്ടതുണ്ട്. ചൈനയുടെ അയൽക്കാരെന്ന നിലയിൽ അവിടെ നിന്നുള്ള അടുത്ത വിപത്തിന്റെ ആദ്യത്തെ ഇരകൾ ഇന്ത്യയായേക്കാം. ഇതിനു യാതൊരു പ്രതികരണവുമില്ലാതെ നിഷ്കളങ്ക ഭാവത്തിലിരിക്കാനാണ് ചൈനയുടെ ഭാവമെങ്കിൽ, അവിടെ നിന്ന് തന്നെ അടുത്ത മഹാമാരിയും പൊട്ടിപുറപ്പെടുമെന്നുറപ്പിക്കാം.

ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 3000 കടന്നു. ഇതുവരെ 3072 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണം 75 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറില്‍ 601 കേസുകളാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച 19 മരണമടക്കം 900 കേസുകളാണുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 3000 കടന്നിരിക്കുന്നത്. 1043 കേസുകള്‍ നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളന്തില്‍ പങ്കെടുത്തവരാണ്.

മഹാരാഷ്ട്രയില്‍ 537 കേസുകളും തമിഴ്‌നാട്ടില്‍ 411 കേസുകളും ഡല്‍ഹിയില്‍ 386 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം 295, രാജസ്ഥാന്‍ 179, ഉത്തര്‍പ്രദേശ് 174, ആന്ധ്രപ്രദേശ് 161, തെലങ്കാന 158 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന്റെ കണക്കുകള്‍. കര്‍ണാടകയില്‍ 128 കേസുകളും ഗുജറാത്തില്‍ 105 കേസുകളും മധ്യപ്രദേശില്‍ 104 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ പുതുതായി 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ സര്‍ ഗംഗാറാം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 108 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈന്‍ ചെയ്തു.

183 പേരെ ഇതുവരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡല്‍ഹിയില്‍ ആറ് കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതുവരെ 445 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 40ഉം ലോക്കല്‍ ട്രാന്‍സ്മിഷനിലൂടെ വന്നതാണ്. നിസാമുദ്ദീന്‍ മര്‍ക്കസിലുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതോടെ കേസുകള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഡല്‍ഹിയില്‍ ആറ് കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതുവരെ 445 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 40ഉം ലോക്കല്‍ ട്രാന്‍സ്മിഷനിലൂടെ വന്നതാണ്. ഇതുവരെ 1023 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിസാമുദ്ദീൻ മർക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ ഇന്ന് രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ കൊവിഡ് കേസുകള്‍ മൂന്നായി. 10 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, അഞ്ച് സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന, ജനസാന്ദ്രതയേറിയ മേഖലയാണ് ധാരാവി. ഇവിടെ 70 ശതമാനത്തിലേറെ പേര്‍ ഉപയോഗിക്കുന്നത് പൊതുകക്കൂസാണ്.

ധാരാവിയില്‍ മരിച്ചയാള്‍ക്ക്‌ കൊവിഡ് ബാധിച്ചത്‌ കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്ന്‌ മുംബൈ പോലീസ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയില്‍ എത്തിയിരുന്നു.

ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 25നാണ് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.

മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് മലയാളികള്‍ കഴിഞ്ഞതെന്നും മുംബൈ പോലീസ് പറയുന്നു. ഇവിടെ വെച്ച് മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്.

ധാരാവിയില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു.

കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നടത്തിയ സദ്യയില്‍ പങ്കെടുത്തത് 1500ഓളം പേര്‍. ചടങ്ങില്‍ പങ്കെടുത്ത ഇയാളുടെ കുടുംബാംഗങ്ങളടക്കം 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു.മധ്യപ്രദേശിലെ മൊറേന ഗ്രാമത്തിലാണ് സംഭവം.

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തിയതാണ് ഇയാള്‍.ഇതിനോടനുബന്ധിച്ചാണ് ഇയാള്‍ സദ്യ നടത്തിയത്. ദുബായില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ് ഗ്രാമത്തിലെത്തി ആളുകളെ സംഘടിപ്പിച്ച് ചടങ്ങ് നടത്തിയത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 20നായിരുന്നു ചടങ്ങുകള്‍.

മാര്‍ച്ച് 25ന് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഭാര്യയ്ക്കും അടുത്ത ബന്ധുക്കളായ 11 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.ഇതൊടെ ഗ്രാമം അടച്ചിട്ടേ മതിയാകൂ എന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തുകയായിരുന്നു.

 

ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 1,098,848 പേരില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 59,131 ആയി. ചികിത്സയിലായിരുന്ന 2,26,106 പേര്‍ സുഖം പ്രാപിച്ചു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഏപ്രിൽ 3-ന് മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി.

ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ലോകത്ത് പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 80,600 പേരില്‍ 30,100 പേര്‍ അമേരിക്കയില്‍ നിന്നാണ്.

ഇറ്റലിയിൽ മരണം 14,681 ആയി. സ്പെയിനിൽ മരണം പതിനൊന്നായിരം പിന്നിട്ടു. ലോക രാജ്യങ്ങൾ വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തിൽ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ് ആവർത്തിച്ചു. 20 വയസ്സിൽ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി ഉത്തരവിട്ടു.

ന്യൂയോര്‍ക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,935 പേര്‍. ഇവിടെ മാത്രം 1,02,863 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇറ്റലി-1,19,827, സ്പെയിന്‍-1,19,199, ജര്‍മനി-91,159, ചൈന-82,511, ഫ്രാന്‍സ്-65,202, ഇറാന്‍-53,183, യു.കെ-38,690- കോവിഡ് ബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇറ്റലി-14,681, സ്പെയിന്‍-11,198, ജര്‍മനി-1,275, ചൈന-3,326, ഫ്രാന്‍സ്-6,520, ഇറാന്‍-3,294, യു.കെ-3,611 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.

ബ്രിട്ടന്റെ കിരീടാവകാശി ചാള്‍സ് രാജകുമാരനു (71) കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ–ആയുര്‍വേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ‘ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാൾസിനെ ചികിത്സിക്കാൻ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാൾസ് ഇതിലൂടെ പൂർണ ആരോഗ്യവാനായി.’ – വ്യാഴാഴ്ച മന്ത്രി ഗോവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിങ്ങനെ.

കൊറോണ വൈറസിനെ തടയാന്‍ ഹോമിയോപ്പതിയും ആയുർവേദവും നല്ലതാണെന്നു നേരത്തെ അവകാശപ്പെട്ട ആയുഷ് മന്ത്രാലയത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ചാൾസിന്റെ ചികിത്സാഫലം ഉയർത്തി മന്ത്രി നൽകിയതും. അതേസമയം, ആയുഷ് മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാൾസ് രാജകുമാരന്റെ വക്താവ് ലണ്ടനിൽ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയത്. ‘ഈ വിവരം ശരിയല്ല. ചാൾസ് രാജകുമാരൻ പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നൽകിയ മെഡിക്കൽ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.’

കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കുന്നതിനിടെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാൾക്കകം ചാൾസ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപര്യമെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ മോദി നിർദേശിച്ചത്.

ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഡോക്ടർ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. പരമ്പരാഗത ചികിൽസാ രീതിയിലൂടെയാണോ ചാൾസ് രാജകുമാരന് കോവിഡ് മാറിയതെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലും കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റർനാഷനൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ഐസക് മത്തായി നൂറനാലുമായി ഇത്തരം ചികിത്സാരീതികളെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രതികരണം ആരാഞ്ഞു.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നു ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു. ഡോക്ടർ എന്ന നിലയിൽ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയർമാൻ എന്ന നിലയിലും ചാൾസ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ല. ചികിത്സയുടെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ കർണാടക വ്യാപകമായി ഹോമിയോ, ആയുർവേദ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം അത്ര സജീവമല്ല. എല്ലാവർക്കും പ്രതിരോധ ശേഷി കൂട്ടാനായി ഹോമിയോ മരുന്നുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഉത്തരവിറക്കി.

സർക്കാരിന്റെ എല്ലാ വകുപ്പുകളിലൂടെയും ഈ മരുന്നുകൾ വിതരണം ചെയ്യണമെന്നാണു നിലപാട്. ഡൽഹിയിലെ ആയുഷ് മന്ത്രാലയവും ഇതിനായി ഉപദേശം തേടിയിരുന്നു. അവർ മരുന്നു വിതരണത്തിനു തയാറായിട്ടുണ്ട്. പാർശ്വഫലം ഇല്ലാത്തതും ചെലവു കുറഞ്ഞതുമാണു ഹോമിയോ മരുന്ന്. പോസിറ്റീവ് ഫലം മാത്രമേയുള്ളൂ. യാതൊരു ഭയാശങ്കയുമില്ലാതെ ആർക്കും ഉപയോഗിക്കാം. കൊറോണയെ പ്രതിരോധിക്കാൻ മാത്രമല്ല, അസുഖം വന്നവരെ ചികിത്സിക്കാനും സഹായകമാണ്. സുഖചികിത്സയ്ക്കായി ചാൾസ് രാജകുമാരൻ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയിൽ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയൽ പേട്രൻ കൂടിയാണ് എലിസബത്ത് രാജ്ഞി.

കൊറോണയെ നേരിടാൻ നിലവിൽ വൈദ്യശാസ്ത്രത്തിൽ മരുന്നില്ല. ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ലക്ഷണങ്ങൾക്കുമാണ് അലോപ്പതിയിൽ ഉൾപ്പെടെ കോവിഡിനു ചികിത്സ നൽകുന്നത്. പ്രതിരോധശേഷി കൂട്ടി രോഗം വരാതെ നോക്കുകയെന്നതാണു നിലവിലെ ഏക പോംവഴി. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകളാണു ഹോമിയോയിൽ നൽകുന്നത്. ലോകത്താകെ പതിനായിരക്കണക്കിനു പേർ ഈ മരുന്ന് കഴിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവുകുട്ടികൾ ഉൾപ്പെടെ 3000 കുടുംബങ്ങൾക്ക് ഇതേ മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ പടർന്നതോടെ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി പേർ വിളിച്ചതായും ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു സ്ഥിരമായി ഞങ്ങളുടെ ചികിത്സ തേടുന്ന ആയിരക്കണക്കിനു പേർക്ക് ഇതേ മരുന്ന് നിർദേശിച്ചിരിക്കുകയാണ്. കാലങ്ങളായി പകർച്ചപ്പനിയുടെ (വൈറൽ ഫീവർ) സീസണുകളിൽ ആയിരക്കണക്കിനു തെരുവുകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഞങ്ങൾ പ്രതിരോധ മരുന്ന് നൽകാറുണ്ട്. അവർക്കൊന്നും ഇതേ കാലയളവിൽ പകർച്ചവ്യാധി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ പിടിപെടുന്നതു കുറവാണെന്നത് എന്റെ ചികിത്സാനുഭവം കൂടിയാണ്. – ഡോ. ഐസക് മത്തായി പറഞ്ഞു.

പ്രതിരോധശേഷി കൂടിയവരിൽ കോവിഡ് പെട്ടെന്നു ബാധിക്കുന്നില്ലെന്നതു തെളിഞ്ഞതാണ്. പ്രതിരോധശേഷി കൂട്ടുകയാണു ഹോമിയോ ചെയ്യുന്നത്. കേരളത്തിൽ സർക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഹോമിയോ ഉൾപ്പെടെയുള്ള ആയുഷ് മരുന്നുകളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരും ഇതേ നിലപാടാണ്. എന്നാൽ മരുന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളം ഉത്സാഹം കാണിക്കുന്നില്ല. അസുഖം വരുന്നതു തടയാനും വന്നവർക്കു ചികിത്സിക്കാനും ഹോമിയോ മരുന്ന് നൽകാനാകണം. ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുള്ളതാണിത്. സർക്കാർ, സ്വകാര്യ മേഖലകളിലായി നൂറുകണക്കിനു മിടുക്കരായ ഹോമിയോ ഡോക്ടർമാർ കേരളത്തിലുണ്ട്. ഇവരുടെ സേവനം ഉപയോഗിക്കാൻ സർക്കാർ തയാറാകണം.

ഒരാഴ്ച നീളുന്ന ഒരു കോഴ്സ് മരുന്നാണു കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കേണ്ടത്. ഒരാൾക്കുള്ള ഒരു കോഴ്സ് മരുന്നിന് ഒരു രൂപ മാത്രമെ ചെലവ് വരൂ. സാധാരണനിലയിൽ ആരോഗ്യമുള്ളയാൾക്ക് ഒരു കോഴ്സ് മതി. പിന്നെയും വേണമെന്നു തോന്നിയാൽ ഒരു മാസത്തിനു ശേഷം അടുത്ത കോഴ്സ് കഴിക്കാം. ഇത്രയും ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതും ഫലപ്രദവുമായ ഈ മരുന്നുകൾ സർക്കാരിലൂടെ ജനങ്ങളിലേക്ക് എത്തിയാൽ വലിയ കാര്യമായിരിക്കും. രാജ്യാന്തര തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും നിരവധി പേർക്ക് ഈ മരുന്ന് നൽകുന്നു, അതിന്റെ ഗുണവുമുണ്ട്. പൊതുവിൽ പ്രതിരോധശേഷി കൂട്ടുന്നതിനു ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്നു സ്വതന്ത്ര രാജ്യാന്തര സംഘടനകൾ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്.- ഡോ. ഐസക് മത്തായി പറഞ്ഞു.

കുടുംബങ്ങൾക്കായി 20 മരുന്നുകളടങ്ങിയ 250 രൂപയുടെ മെഡിക്കൽ കിറ്റ് ഞങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇതു കഴിച്ചാൽ നിരന്തരം അസുഖങ്ങൾ വരില്ലെന്നതും അനാവശ്യമായി ഡോക്ടറെ കാണുകയോ മരുന്നുകൾ കഴിക്കുകയോ വേണ്ടതില്ലെന്നും പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ മോഡൽ സ്വീകരിക്കാൻ ഇംഗ്ലണ്ടിൽനിന്ന് ആവശ്യം വന്നിട്ടുണ്ട്. ഏറ്റവും നന്നായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന സ്ഥലമാണു കേരളം. എല്ലാതരം ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണു മൂന്നര പതിറ്റാണ്ടിലേറെയായി ഞങ്ങൾ ചെയ്തുവരുന്നത്. ഈ ചികിത്സാ തത്വചിന്തയെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.’– ഡോ. ഐസക് മത്തായി വിശദീകരിച്ചു.

ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര മന്ത്രാലയമാണ് ആയുഷ്. ഈ മേഖലകളിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം. ഇവ കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്ര മേഖലകളും ഈ വകുപ്പിനു കീഴിലാണ്. തദ്ദേശീയമായതും പരമ്പരാഗതവുമായ ചികിത്സാരീതികളെ ജനകീയമാക്കുക എന്നതും ലക്ഷ്യമാണ്.

ഇളംചൂടുവെള്ളം കുടിക്കുക, യോഗാസനവും പ്രാണായാമവും ചെയ്യുക, ആഹാരത്തിൽ മഞ്ഞളും ജീരകവും മല്ലിയും വെളുത്തുള്ളിയും ഉൾപ്പെടുത്തുക, ദിവസവും ച്യവനപ്രാശം കഴിക്കുക, ഔഷധചായ കുടിക്കുക, മഞ്ഞളിട്ട ചൂടുപാൽ കുടിക്കുക, ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ കൊള്ളിക്കുക, തൊണ്ടവേദനയും ചുമയും വന്നാൽ പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കുക തുടങ്ങിയ നിർദേശങ്ങളാണു കോവിഡിനെ നേരിടാൻ ആയുഷ് മുന്നോട്ടു വച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.

14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.

ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.

കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.

കോവിഡ് -19 നുള്ള നിരവധി മരുന്നുകൾ‌ ലോകമെമ്പാടും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഗുരുതരമായ രോഗബാധിതരായ ആളുകളെ രക്ഷിക്കാൻ സഹായകരമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകള്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും ശരിയല്ല. ഏറ്റവും മികച്ച മരുന്നുകള്‍ ആഗോളതലത്തില്‍ പരീക്ഷിച്ച് വിജയം ഉറപ്പുവരുത്താന്‍ ലോകാരോഗ്യ സംഘടന നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഏറ്റവും പെട്ടന്നു തന്നെ പൂര്‍ണ്ണമായും ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ഈ മരുന്നുകളിലേതെങ്കിലും മരണനിരക്ക് കുറയ്ക്കുമോ? ഈ മരുന്നുകളിലേതെങ്കിലും രോഗി ആശുപത്രിയിൽ കഴിയുന്ന സമയം കുറയ്ക്കുമോ? ഏതെങ്കിലും മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾക്ക് വെന്റിലേഷൻ അല്ലെങ്കിൽ തീവ്രപരിചരണ വിഭാഗം ആവശ്യമുണ്ടോ, ഇല്ലയോ? തുടങ്ങിയ പ്രധാന മുൻ‌ഗണനാ ചോദ്യങ്ങളിൽ‌ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ട്രയലുകള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് അന മരിയ ഹെനാവോ-റെസ്ട്രെപോ പറഞ്ഞു.

ആന്റിമലേറിയൽ മരുന്നുകളായ ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ (chloroquine, hydroxychloroquine), പുതിയ ആൻറിവൈറലായ remdesivir, എച്ച്ഐവി മരുന്നുകളായ lopinavir, ritonavir എന്നിവയൊക്കെയാണ് ഇപ്പോള്‍ രോഗികളില്‍ പരീക്ഷിക്കുന്ന മരുന്നുകള്‍. ഇന്റർഫെറോൺ ബീറ്റ എന്ന ആൻറിവൈറലിനൊപ്പം എച്ച്ഐവി മരുന്നുകള്‍ കൂട്ടിയോജിപ്പിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. മാർച്ച് 22 ന്, യുകെ ഉൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങൾ ഇതേ മരുന്നുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു.

വ്യവസായ സംരംഭകനായ എലോൺ മസ്‌കും പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും chloroquine പരീക്ഷിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ട്രംപ് ഒരു പടികൂടെ കടന്ന് കോവിഡ് -19 ചികിത്സിക്കുന്നതിനായി chloroquine-ന് യുഎസിൽ ഇതിനകം തന്നെ അംഗീകാരം ലഭിച്ചുവെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നു. കോവിഡ് -19 അനുബന്ധ ന്യൂമോണിയ ബാധിച്ച ആളുകൾക്ക് chloroquine ഗുണം ചെയ്യുമെന്ന് ചൈനയിൽ നിന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കണ്ടെത്തലുകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

ചൈനയിലെ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന (വെറ്റ് മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

വുഹാാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണവൈറസിന്റെ ഉല്‍ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ വനവിഭവ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം, ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

175ലധികം രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 51000ത്തിലധികമാളുകള്‍ മരണപ്പെട്ടു. പത്ത് ലക്ഷത്തിലധികമാളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു.

എവിടെയൊക്കെ വെറ്റ് മാര്‍‌ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്കോട്ട് മോറിശണ്‍ പറഞ്ഞു. “ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന എന്തെങ്കിലും ചെയ്യേണ്ട വിഷയമാണിതെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം വിശദീകരിച്ചു.

യുഎസ്സില്‍ 245,500 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 6,000 മരണങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഈ രോഗബാധ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.

കോവിഡ് ബാധിച്ച് യുഎസിൽ‌ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.

Copyright © . All rights reserved