ഗൂഢാലോചന സിദ്ധാന്തങ്ങളും “വസ്തുതകളും തെളിവുകളും” നിരത്തി….! കോവിഡ് 19 ചൈനയുടെ ജൈവായുധമോ ? ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അത്യാഗ്രഹം; ശത്രുക്കളെ നിശ്ശേഷം തകർക്കാൻ പോന്ന ജൈവായുധ പരീക്ഷണങ്ങൾ……….

ഗൂഢാലോചന സിദ്ധാന്തങ്ങളും “വസ്തുതകളും തെളിവുകളും” നിരത്തി….! കോവിഡ് 19 ചൈനയുടെ ജൈവായുധമോ ? ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അത്യാഗ്രഹം; ശത്രുക്കളെ നിശ്ശേഷം തകർക്കാൻ പോന്ന ജൈവായുധ പരീക്ഷണങ്ങൾ……….
April 05 09:37 2020 Print This Article

ലോകമാമാകെ കോവിഡ് 19 പടർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം അമന്വേഷിക്കുന്നവർ രണ്ടനുമാനങ്ങളിലാണ് ചെന്നെത്തുന്നത്. ആദ്യത്തെ നിഗമന പ്രകാരം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബയോ സേഫ്റ്റി ലെവൽ നാലിലുള്‍പ്പെടുന്ന ജൈവ പരീക്ഷണശാലകളിൽ നിന്നും ഒരു കൈപ്പിഴയുടെ ഫലമായി ചോർന്നതാണ് ഈ വൈറസ് എന്നതാണ്. രണ്ടാമത്തെ അനുമാനം കുറേ കൂടി ഭാവനാത്മകമാണ്, ചൈനയ്ക്കു ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാകുവാനും തങ്ങളുടെ ശത്രു രാജ്യങ്ങളുടെ സാമ്പത്തിക, വ്യാവസായിക ശക്തി തകർക്കാനുമായി പരീക്ഷിച്ച ജൈവായുധമാണ് കൊറോണ വൈറസ് എന്നതാണത്.

ഈ രണ്ടു ഗൂഢാലോചന സിദ്ധാന്തങ്ങളും “വസ്തുതകളും തെളിവുകളും” നിരത്തി പിന്തുണയ്ക്കാൻ ഒരുപാടുപേരുമുണ്ട്. എന്നാൽ ഈ “തെളിവുകൾക്കും വസ്തുതകൾക്കും” അപ്പുറം പ്രശ്നം ചൈന തന്നെയാണ്. അവരുടെ നിരന്തരമായ രഹസ്യാത്മകതയും, ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അത്യാഗ്രഹവും പരിസ്ഥിതിയോടും ജീവനോടുമുള്ള അനാദരവുമാണ് പ്രശ്നം. അതിനോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജൈവ പരീക്ഷണ ശാലകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ശത്രുക്കളെ നിശ്ശേഷം തകർക്കാൻ പോന്ന ജൈവായുധങ്ങൾ ഒരു മികച്ച യുദ്ധതന്ത്രമായി മനസിലാക്കി ലോകത്തെ കൂറ്റൻ ശക്തികളെല്ലാം ഇത്തരം പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്.

2002 ഇൽ സാർസ് രോഗം പടർന്നു തുടങ്ങിയതിനു ശേഷം ഫ്രാൻസുമായുള്ള സഹകരണത്തിലൂടെ നിർമ്മിച്ചതാണ് വുഹാനിലെ ജൈവ പരീക്ഷണശാല. ചൈനീസ് ശാസ്ത്ര അക്കാഡമിക്ക് ഇത്തരത്തിലുള്ള ഇരുപതു ലാബുകളുണ്ട്. അതിൽ വൈറോളജിയുമായി നേരിട്ടിടപെടുന്നത് ഈയൊരൊറ്റ ലാബാണ്. ഐ എസ് ഓ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ഈ ലാബുകൾ മറ്റു ലാബുകളില്‍ ഉള്‍പ്പടെയുള്ള വിദഗ്ധരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവയാണ്. ലോക ജനതയെ വൈറസ് രോഗാണുബാധകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ആക്രമണവും പ്രതിരോധവും തമ്മിലുള്ള അതിർത്തി ഏറെ നേർത്തതും അവ്യക്തവുമാണെന്നതാണ്, യുദ്ധത്തിലേയും ജീവശാസ്ത്ര ഗവേഷണത്തിന്റെയും അവസ്ഥ.

സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങൾ. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാൻ സാധിക്കും. എന്നാൽ ജൈവായുധങ്ങൾ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിർത്തികളിലേക്കുൾപ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാൻ, ഉത്തര കൊറിയ, ഫ്രാൻസ്, ജർമനി, കാനഡ, ജപ്പാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ കൈവശമുണ്ട്. ആന്ത്രാക്സ്, വസൂരി, ബോട്ടുലിനം തുടങ്ങി ഒരുകാലത്തു ലോകത്തെയാകെ കുഴപ്പത്തിലാക്കിയ പല രോഗങ്ങളുടെയും സാമ്പിളുകൾ ഇങ്ങനെ ജൈവായുധ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്.

ശാസ്ത്ര ഗവേഷങ്ങളിലൂടെ ഇത്തരം രോഗങ്ങൾക്കെതിരായുള്ള വാക്‌സിനുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും യുദ്ധത്തിൽ ഇത്തരം അണുക്കളുടെ ഉപയോഗത്തിന് ഏറെ കാലത്തെ ചരിത്രമുണ്ട്. ക്രിസ്തുവിനും അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ വിഷച്ചെടികളുപയോഗിച്ചു ശത്രുക്കളുടെ കിണറുകളിൽ വിഷം കലക്കുകയും, ഉപരോധത്തിൽ വച്ചിരിക്കുന്ന പ്രദേശത്തേക്ക് എലിപ്പനി ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ വലിച്ചെറിയുന്ന പതിവുമുണ്ടായിരുന്നു. രണ്ടാമത്തെ മാർഗം മനുഷ്യരാശി ഇതുവരെ ദര്‍ശിച്ച, ഭൂഖണ്ഡങ്ങളിലൂടെ പടർന്നു പിടിച്ച മഹാദുരന്തത്തിലാണ് കലാശിച്ചത്.

രണ്ടാം ലോക മഹായുദ്ധ കാലത്തു സോവിയറ്റ് പട്ടാളം തങ്ങളുടെ ശത്രുക്കളായ ജർമ്മൻ സേനയ്ക്കെതിരെ ടോളറമിയ എന്ന പേരിലുള്ള മാരക ബാക്റ്റീരിയ ഉപയോഗിക്കുകയുണ്ടായി. തൊലിപ്പുറമേ വൃണങ്ങളുണ്ടാകുന്നതും ശക്തമായ ഛർദിയും വയറിളക്കവുമുണ്ടാകുന്നതായിരുന്നു ഈ ജൈവായുധത്തിന്റെ സ്വഭാവം. ജപ്പാന്റെ ജൈവായുധ പരീക്ഷണങ്ങൾ ചൈനീസ് യുദ്ധത്തടവുകാർക്കു മേലെയും ചൈനീസ് നഗരങ്ങൾക്ക് മേലെയുമായിരുന്നു. എന്നാൽ അവ തിരിച്ചടിച്ചു ആയിരകണക്കിന് ജപ്പാൻകാരാണ് മരണപ്പെട്ടത്.

ചരിത്രപരമായ അനുഭവത്തിൽ നിന്ന് നമുക്കു മനസിലാകുന്ന ഒരു കാര്യമെന്തെന്നാൽ അധികാര പ്രമത്തത തലയ്ക്കു പിടിച്ച ഭരണകൂടങ്ങൾ സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഏതുമാർഗ്ഗവും സ്വീകരിക്കുമെന്നാണ്. പക്ഷെ ജൈവായുധങ്ങളുടെ ഉപയോഗം, അത് പ്രയോഗിച്ചവരെ തന്നെ തിരിഞ്ഞു കൊത്തുന്ന കാഴ്‌ചയാണ്‌ നാം കണ്ടിട്ടുള്ളത്. ഒരൊറ്റ രാജ്യവും മറ്റുള്ളവരെ നശിപ്പിക്കാനായി സ്വന്തം ജനതയുടെ മേൽ തന്നെ ജൈവായുധം പ്രയോഗിക്കുമെന്നു കരുതാൻ വയ്യ. അതിനാൽ തന്നെ കൊറോണ ചൈന ലോകം കീഴടക്കാനായി നടത്തിയ ജൈവായുധമാണെന്ന വാദത്തിൽ കഴമ്പില്ല.

ഇനി രണ്ടാമത്തെ സാധ്യത ഇത്തരം പരീക്ഷണശാലകളിൽ നടക്കുന്ന അപകടങ്ങളാണ്. ജൈവായുധ പരീക്ഷണശാലകളുടെ നിലനിൽപ്പുതന്നെ രഹസ്യാത്മകമായതിനാൽ അപകടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും കണക്കുകളും ലഭ്യമല്ല.എന്നാൽ അപൂര്‍വ്വം ചില സംഭവങ്ങൾ. വെളിച്ചത്തുവന്നിട്ടുണ്ട്.

9/11 ആക്രമണത്തിനുശേഷം ശേഷം അമേരിക്കൻ മിലിറ്ററി ലാബിൽ സാർസ് രോഗാണു പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ രോഗാണുക്കളെ കത്തുകളിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലെക്കും അയച്ചതിന്റെ ഫലമായിരുന്നു രണ്ടായിരത്തി രണ്ടിലെ സാർസ് ബാധ എന്ന് റൂട്ജേർസ് സർവകലാശാലയിലെ പ്രശസ്തനായ ശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്.

ഇത് പോലെ തന്നെ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനായി സുരക്ഷാനടപടികളിൽ വീഴ്‌ചവരുത്തിയ ഒരു ശാസ്ത്രജ്ഞനിലൂടെയായിരുന്നു പക്ഷിപ്പനി പടർന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ബയോ സേഫ്റ്റി ലെവൽ മൂന്നിലുള്ള പരീക്ഷണശാലയിൽ നടന്ന ഈ വീഴ്ചയുടെ ഫലമായി പക്ഷിപ്പനി വൈറസുകൾ H5N1 വൈറസുകളുമായി ചേർന്ന് അടുത്തുള്ള ഒരു വളർത്തുപക്ഷി കേന്ദ്രത്തിലെത്തുകയാണുണ്ടായത്.

യു എസ് സർക്കാരിന്റെ പല അന്വേഷണ റിപ്പോർട്ടുകളും ഇത്തരം സുരക്ഷാ വീഴ്ചകളുടെ വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുരക്ഷയില്ലാത്ത ശീതീകരണ മുറികളിൽ സിപ്പ് ലോക്ക് ബാഗുകളിൽ സൂക്ഷിക്കുന്ന ആന്ത്രാക്സ് വൈറസ് സാമ്പിളുകളെയും പറ്റി ഈ അന്വേഷണങ്ങൾ തെളിവുകളിലൂടെ ചൂണ്ടികാണിക്കുന്നു. വൈറസുകൾ ഇടകലർന്നു ശക്തവും ജനിതകവ്യതിയാനം സംഭവിച്ചതുമായ പുതിയ രോഗാണുക്കൾ രൂപപെടുന്നതിനെ സംബന്ധിച്ച് പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്ന എബോള രോഗത്തിന് പിറകിൽ അമേരിക്കൻ പരീക്ഷണശാലകളാണെന്ന ആരോപണവും സജീവമാണ്.

മറ്റു രാജ്യങ്ങളുടെ കാര്യവും ആശാവഹമല്ല, രണ്ടായിരത്തി പത്തൊൻപതിലാണ് റഷ്യയിലെ നോവബ്രിസ്ക് പ്രവശിയിലുള്ള ലാബുകളൊന്നിൽ നടന്ന സ്ഫോടനത്തെകുറിച്ച അവരുടെ സർക്കാർ പുറംലോകത്തെയറിച്ചിത്. ലോകത്തു അന്യം നിന്നുപോയ വസൂരി എന്ന പകർച്ചവ്യാധിക്ക് കാരണമാവുന്ന വൈറസുകളുടെ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ടിടങ്ങളിൽ ഒന്നായിരുന്ന നോവേബ്രിസ്‌കിലെ ആ പരീക്ഷണശാല. മറ്റൊരു സംഭവത്തിൽ 1979ല്‍ സോവിയറ്റ് പരീക്ഷണശാലകളൊന്നിൽ നിന്നും ചോർന്ന വൈറസിന്റെ ജനിതക ഘടന വേർതിരിച്ചെടുക്കാൻ ശാസ്ത്രജ്ഞർക്ക് നാല്പതു വർഷത്തോളം സമയം വേണ്ടി വന്നു. നൂറിൽ കൂടുതൽ സുരക്ഷാവീഴ്ചകളാണ് ഇംഗ്ളണ്ടിൽ സ്ഥിതിചെയ്യുന്ന പരീക്ഷണശാലകളിൽ സംഭവിച്ചതായി വിശ്വാസകരമായ റിപ്പോർട്ടുകൾ പറയുന്നത്.

റിച്ചാർഡ് ഇബറൈറ്റിനെ പോലുള്ള വിദഗ്ദ്ദരുടെ അഭിപ്രായത്തിൽ ചൈനീസ് ലാബുകളിൽ നിന്നും ഇതിനുമുൻപും സാർസ് വൈറസ് ചോർന്നിട്ടുണ്ട്. വുഹാൻ ലാബുകൾ എത്ര സുരക്ഷിതമാണെന്നാലും അപകടങ്ങൾക്കു സാധ്യതയുണ്ടെന്നർത്ഥം.

കൊറോണ വൈറസിന്റെ ഉത്ഭവം ലാബുകളിൽ നിന്നല്ലെന്നും മറിച്ചു പ്രകൃതിയിൽ നിന്നുമാണെന്നു വാദിച്ചുകൊണ്ടു നിരവധി ശാസ്ത്രജ്ഞർ വുഹാൻ ലാബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ രഹസ്യാത്മകവും അതാര്യവുമായ ചൈനീസ് സംവിധാനവും, ജനാധിപത്യത്തിന് ഒരിക്കലും നിരക്കാത്ത അവരുടെ അധികാരശ്രേണികളും സംശയങ്ങൾ അവസാനിപ്പിക്കുവാൻ സഹായിക്കുന്നില്ല. ഇത്തരം സുരക്ഷാ വീഴ്ചകളെയും നടപടികളെയും പൊതുവിൽ വിമർശിക്കുവാൻ ചൈനയിൽ നിർവാഹമില്ല. ലി വെൺലി ലാങ് എന്ന ഡോക്ടറുടെ മരണവും, ഇതിനു മുൻപ് വിമര്‍ശനമുന്നയിച്ച മറ്റൊരു ശാസ്ത്രഞ്ജന്റെയും അദ്ദേഹത്തിന്റെ കൂട്ടുകാരിയുടെയും തിരോധാനവും അതാണ് വ്യക്തമാകുന്നത്. ഇതിനോടൊപ്പം തന്നെ ചൈന നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര സംഘവും ശക്തമാണ്. ലോകാരോഗ്യ സംഘടനാ കോറോണയെ ആദ്യ ഘട്ടത്തിൽ വലിയ കാര്യമായെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനുവരി പകുതി വരെ ഇതൊരു പകർച്ചവ്യാധിയല്ലെന്ന ചൈനീസ് നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുകയായിരു ലോകാരോഗ്യസംഘടന അധികൃതർ.

ഇതുപോലെ തന്നെ പരിസ്ഥിതിക്കു തന്നെ അപകടകരമായ ചൈനീസ് ഭക്ഷണരീതികളും “മരുന്നുകളും” -പ്രത്യേകിച്ച് ലൈംഗികോത്തേജനൗഷധങ്ങൾ- ഇവ രണ്ടും ചേർന്ന് കൊറോണ വൈറസ് പടർച്ചയോടൊപ്പം ചേരുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടു തന്നെ കാണണം. ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ചിട്ടും ശക്തമായ ഒരന്വേഷണത്തിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഒഴിഞ്ഞു മാറാൻ ചൈനയ്ക്കു സാധിക്കും. എന്നാൽ അത് മാത്രം മതിയോ. കൊറോണ ലോക സാഹചര്യത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്‌, അങ്ങനെ രൂപപ്പെട്ട സഹചര്യത്തിൽ നാം സുരക്ഷിതരായിരിക്കണമെങ്കിൽ ചൈന തങ്ങളുടെ പരീക്ഷണശാലകൾ അന്തർദേശീയ ഏജൻസികൾക്കു മുന്നിൽ പരിശോധനയ്ക്കായി തുറന്നുവയ്ക്കണം. ചൈനയോടൊപ്പം മറ്റുരാജ്യങ്ങളും ജൈവായുധങ്ങൾ എന്ന സങ്കല്പത്തിൽ നിന്നുമാറി നിന്നുകൊണ്ട് ജൈവായുധങ്ങൾ നിരോധിച്ചിരിക്കുന്ന ജൈവായുധ വിരുദ്ധ കൺവെൻഷന്റെ മാനദണ്ഡങ്ങൾ അനുസരിക്കാൻ തയ്യാറാകണം.

ഡൊണാൾഡ് ട്രംപ് ‘ചൈനീസ് വൈറസ്’ എന്ന് വിളിച്ച കൊറോണയുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തണം തുടങ്ങിയ ഒഴുക്കൻ അഭിപ്രായങ്ങള്‍ പറഞ്ഞു ഒരു നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതൊരു സാധാരണ നയതന്ത്ര രീതിയാണ്. എന്നാൽ അതിനുമപ്പുറം ബാധിക്കപ്പെട്ട മറ്റു രാജ്യങ്ങളുടെ കൂടെ ചേർന്ന് ശബ്ദമുയർത്തേണ്ടതുണ്ട്. ചൈനയുടെ അയൽക്കാരെന്ന നിലയിൽ അവിടെ നിന്നുള്ള അടുത്ത വിപത്തിന്റെ ആദ്യത്തെ ഇരകൾ ഇന്ത്യയായേക്കാം. ഇതിനു യാതൊരു പ്രതികരണവുമില്ലാതെ നിഷ്കളങ്ക ഭാവത്തിലിരിക്കാനാണ് ചൈനയുടെ ഭാവമെങ്കിൽ, അവിടെ നിന്ന് തന്നെ അടുത്ത മഹാമാരിയും പൊട്ടിപുറപ്പെടുമെന്നുറപ്പിക്കാം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles