സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെആകെ രോഗം ബാധിച്ചവരുടെ എണ്ണം 215ആയി. തിരുവനന്തപുരം കാസര്‍കോട് ജില്ലയിലെ രണ്ട് പേര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലാബുകള്‍ കൂടുതല്‍ സാംപിള്‍ എടുക്കാന്‍ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാന്‍ കഴിയുന്നു. കാസര്‍കോട് ആശുപത്രികളില്‍ 163 പേര്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 108, മലപ്പുറത്ത് 102 പേര്‍ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും.
1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,485 സാമ്പിളുകൾ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍വകലാശാലയില്‍ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ബല്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ക്കു മാത്രം മതി എന്നു നിര്‍ദേശം നല്‍കി.
കേരളത്തെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗിക്ക് അസുഖം ബാധിച്ചതിൽ സമൂഹികവ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി. പോത്തന്‍കോട് സ്വദേശി അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് നിഗമനമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
മരിച്ച അസീസ് മാർച്ച് ആദ്യവാരം മുതൽ തന്നെ നിരീക്ഷണത്തിലായിരുന്നു. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അസീസ് ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതുൾപ്പെടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളിൽ നിന്നും ശേഖരിക്കുകയാണ്. എന്നാൽ മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ച രണ്ടു പേരും ഹൃദ്‌രോഗവും അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരുവർക്കും സാധ്യമായ എല്ലാ ചികിത്സയും നടത്തിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
അസീസ് മാര്‍ച്ച് രണ്ട് മുതല്‍ ഇദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഇദ്ദേഹത്തിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതിനു ശേഷവും ഇദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. മാര്‍ച്ച് 23ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. രാവിലെ 8.40നാണ് അവിടെയെത്തിയത്. വൃക്കകള്‍ തകരാറിലായിരുന്നു. ഒട്ടേറെ മറ്റ് അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച ഇദ്ദേഹം വിദേശയാത്ര ചെയ്യുകയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല ഇദ്ദേഹമെന്നാണ് വിവരം. 68 വയസ്സാണ്. വെഞ്ഞാറമ്മൂട്ടിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും പരിചരിച്ച നഴ്സുമാരും നിരീക്ഷണത്തിലാണ്. 12 ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടുന്നു. ആകെ ഇരുപതോളം പേര്‍ ആശുപത്രിയില്‍ മാത്രം നിരീക്ഷണത്തിലാണ്.
ഇതിന് പുറമെ അസീസ് നിരീക്ഷണത്തിലിരുന്ന കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ മരിച്ചതെല്ലാം പ്രായമുള്ളവരായിരുന്നു. എന്നാല്‍, ഗുജറാത്തില്‍ ഇന്ന് മരിച്ചത് 45കാരനാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ മരണം 30 ആയി.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം നിലവിലെ കണക്ക് പ്രകാരം 1139 ആയി ഉയർന്നു. ആകെ മരണം 27. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളുണ്ടാവുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. രണ്ടാമത് കേരളം. രണ്ടു സംസ്ഥാനങ്ങളും 200 കടന്നു. 200 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (203) കേരളവും (202).
അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7 സംസ്ഥാനങ്ങളിൽ. കർണാടക (83), ഡൽഹി (72), ഉത്തർപ്രദേശ് (72), തെലുങ്കാന (70), ഗുജറാത്ത് (63), രാജസ്ഥാൻ (59), തമിഴ്നാട് (50). ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ നാല്. മധ്യപ്രദേശ് (39), ജമ്മുകാശ്മീർ (38),പഞ്ചാബ് (38), ഹരിയാന (35). പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ നാല്. ആന്ധ്രപ്രദേശ് (21), പശ്ചിമബംഗാൾ (21), ബീഹാർ (15), ലഡാക്ക് (13).
ഇന്ത്യയിൽ നിലവിലെ മരണനിരക്ക് 2.4 ശതമാനം ആണ്. മരിച്ചവരിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. എന്നാൽ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരിൽ രണ്ടുപേരും 50 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. അതിനാൽ പ്രായാധിക്യമുള്ളവർ മാത്രമാണ് ആണ് റിസ്കിലുള്ളവർ എന്ന് വിചാരിക്കരുത്.
ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിച്ചു എന്ന് ICMR അവകാശപ്പെടുന്നുണ്ട്. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അഞ്ചു ദിവസം കഴിഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നമ്മുടെ നാട്ടിൽ രോഗികൾ കുറവാണ് എന്ന ഒരു മിഥ്യാബോധം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. യഥാർത്ഥത്തിലുള്ള നമ്മുടെ അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ.
ഡൽഹി അതിർത്തിയിലെ അതിഥി തൊഴിലാളികൾ നടുക്കടലിൽ പെട്ടതു പോലെ ആയിട്ടുണ്ട്. അവരെ സോഷ്യൽ ഡിസ്റ്റൻസിംഗിനെ ബാധിക്കാത്ത വിധം പുനരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്ടെന്ന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു
കേരളം
കേരളത്തിൽ ഇന്നലെ 20 പുതിയ രോഗികൾ ഉണ്ടായി. ആകെ രോഗികളുടെ എണ്ണം 202 ആയി. നിലവിൽ ചികിത്സയിലുള്ളത് 181 പേരാണ്. 20 പേർക്ക് ഇതിനകം രോഗം ഭേദമായി. ഒരാൾ മരിച്ചു. നിലവിൽ 1,41,211 പേർ നിരീക്ഷണത്തിൽ ഉണ്ട്
കേരളത്തിൽ നിരവധി പേർക്കുള്ള ഒരു സംശയമാണ് കുഞ്ഞുങ്ങളുടെ റെഗുലർ വാക്സിനേഷൻ ഈ സമയത്ത് എങ്ങനെ കൊടുക്കും എന്നുള്ളത്. ലോക്ക് ഡൗൺ ആയതിനാൽ റഗുലർ ഷെഡ്യൂളിലുള്ള വാക്സിനേഷൻ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ കൊടുക്കാറുള്ള കുത്തിവയ്പ്പുകൾ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. അപ്പോൾ പലർക്കും ആശങ്കയുണ്ടാവാം, അത്രയും നാൾ ആ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കുഞ്ഞിന് അസുഖം വരില്ലേയെന്ന്. തീർച്ചയായിട്ടും വളരെ ചെറിയ ഒരു സാധ്യതയുണ്ട്.
പക്ഷേ നമ്മുടെ കുട്ടികൾ വീട് വിട്ട് പുറത്ത് പോകുന്നില്ല, വീട്ടിലേക്ക് സന്ദർശകർ ആരും വരുന്നില്ല, വീടിനു പുറത്തുള്ള വ്യക്തികളുമായിട്ടോ രോഗം പകരാനുള്ള സാഹചര്യങ്ങളുമായിട്ടോ കുഞ്ഞ് ഇടപഴകുന്നില്ല തുടങ്ങിയ പല കാരണങ്ങൾകൊണ്ടും രോഗം പകരാനുള്ള സാധ്യതയും ഇക്കാലയളവിൽ വളരെ കുറവാണ്. ആയതിനാൽ ആ ആശങ്കകൾ തൽക്കാലം മാറ്റി വയ്ക്കുക. റെഗുലർ വാക്സിനേഷൻ വീണ്ടും തുടങ്ങുമ്പോൾ എത്രയും വേഗംപോയി ആ വാക്സിനുകൾ കൊടുത്താൽ മാത്രം മതിയാകും.
അതുപോലെ ക്ലോറോക്വിൻ ഗുളിക വാങ്ങി വച്ചിട്ടുള്ളവരും വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകാരും പ്രത്യേകം ശ്രദ്ധിക്കുക, ഇത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ട ഗുളികയാണ്. ധാരാളം പേർ ഈ മരുന്ന് കഴിച്ചതുകൊണ്ടു മാത്രം മരിച്ച സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ലോകത്ത് പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. പൊതുജനത്തിന് വാങ്ങി കഴിക്കാനുള്ളതല്ല ക്ലോറോക്വിൻ ഗുളികകൾ എന്ന് മനസിലാക്കുക.
നിലവിൽ നമ്മുടെ സംസ്ഥാനം ശരിയായ പാതയിലൂടെയാണ് പോകുന്നത്. മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും തന്നെ ഒറ്റക്കെട്ടായി അതിനോട് സഹകരിക്കുന്നുമുണ്ട്. എന്നാലും അവിടവിടെ ചില പ്രശ്നങ്ങൾ ഉരുത്തിരിയുന്നുണ്ട്. അത് നമ്മുടെ ആകെയുള്ള പ്രതിരോധപ്രവർത്തനങ്ങളെ മോശമായി ബാധിക്കാനാണ് സാധ്യത. മനസ്സിലാക്കുക ഒരാൾ വിചാരിച്ചാൽ മതി നമ്മുടെ എല്ലാ പ്രയത്നങ്ങളും തകിടം മറിക്കാൻ. അങ്ങനെ ചെയ്യാതിരിക്കുക.
കടപ്പാട് : ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവൻ
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച പ്രവാസിക്ക് കോവിഡില്ലെന്നു തെളിഞ്ഞു. സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടം ചെയ്യും. ഈ മാസം 21ന് ഷാർജയിൽ നിന്ന് എത്തിയ 65കാരനായ അബ്ദുൽ ഖാദർ ഹോം ക്വാറന്റീനിൽ ആയിരുന്നു. ശനിയാഴ്ച രാത്രിയാണ് വീട്ടിൽ ബോധരഹിതനായി കണ്ടത്.
കോവിഡ് മൂലം ശ്രീനഗറില്‍ 67കാരനും അഹമ്മദാബാദില്‍ 45കാരനും മുംബൈയില്‍ 40കാരിയുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ശ്രീനഗറില്‍ രണ്ടും ഗുജറാത്തില്‍ അഞ്ചും മുംബൈയില്‍ ഏഴും മരണങ്ങളായി. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന സ്പൈസ് ജെറ്റിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് ഇയാള്‍ അവസാനം പറത്തിയത്. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.
കൊറോണ വൈറസ് ബാധയില്‍ ലോകം ആശങ്കയിലാണെങ്കിലും ചൈനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശ്വാസം നല്‍കുന്നതാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ എവിടെയും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണ് വുഹാന്‍ വരുന്നത്. വെള്ളിയാഴ്ച, പ്രവിശ്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചൈനയുടെ ആരോഗ്യ കമ്മിഷനെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഹുബെയ്ക്കു വെളിയില്‍ ചൈനയില്‍ ആകെ പുതിയ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്നവരിലാണ് ഇപ്പോള്‍ രോഗം കാണുന്നത്. പുതിയ കേസുകള്‍ കൂടിയായപ്പോള്‍ ആകെ 649 കേസുകള്‍ വിദേശത്തുനിന്നു വന്നവരുടെ കണക്കില്‍പ്പെടുന്നു. അതേസമയം, ജനുവരി 23 മുതല്‍ ലോക്ഡൗണിലായിരുന്ന വുഹാന്‍ നഗരം ഇപ്പോള്‍ പതിയെ തുറന്നുകൊടുത്തിട്ടുണ്ട്.
45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്ധ സംഘത്തില്‍ സംഘത്തില്‍ കാസര്‍കോട് സ്വദേശിനിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പെരിയ സ്വദേശിയുമായ പെരിയയിലെ പി ഗംഗാധരന്‍നായരുടെ പേരമകളായ ചൈത്ര സതീശനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.
സംവിധാനം വികസിപ്പിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ സെഫിഡ് കമ്ബനിയിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറാണു ചൈത്ര. അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ്-19 സ്ഥിരീകരണത്തിന് ഒരു ദിവസത്തിലേറെയെടുക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഗംഗാധരന്‍നായരുടെ മൂത്ത മകള്‍ യുഎസില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ എന്‍ജിനീയറായ പയ്യന്നൂര്‍ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര.
വിദ്യാഭ്യാസ രംഗത്തെ മികവിനു യുഎസ് പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ ചൈത്ര കാലിഫോര്‍ണിയയിലെ യുസി ഡേവിസ് എന്‍ജിനീയറിങ് കോളജില്‍ നിന്നാണു ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. സഹോദരന്‍ ഗൗതം യുഎസില്‍ ബിരുദ വിദ്യാര്‍ഥിയാണ്.
കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ. സഹോദരൻ സിസ്റ്റസ് ഹെന്ർററിയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. പാരിസിൽവെച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച മാഡ്രിഡിൽ വെച്ച് നടക്കും.
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. ഇതിന് മുമ്പ് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നസാഹര്യത്തിൽ ലോകം കടുത്ത നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്. 30,891 പേരാണ് രോഗം സ്ഥിരീകരിച്ച് മരിച്ചത്. 142,368 പേർക്ക് രോഗം ഭേദപ്പെട്ടു. കൊവിഡ് കൂടുതൽ നാശം വിതയ്ക്കുന്നത് ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെയാണ്.
കേരളത്തില്‍ കൊറോണയുടെ സമൂഹപ്പകര്‍ച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി പ്രഖ്യാപനം. ദ്രുതപരിശോധനകളിലേക്ക് (Rapid testing) കടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കൊറോണയുടെ സമൂഹവ്യാപനം തിരിച്ചറിയാന്‍ ഏകമാര്‍ഗം ടെസ്റ്റിങ്ങുകളുടെ അളവ് കൂട്ടുകയാണ്. ഈയാവശ്യം ലോകാരോഗ്യ സംഘടന പലതവണയായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.
കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ റാപിഡ് ടെസ്റ്റിങ്ങിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ രക്ത സാമ്പിള്‍ ശേഖരിക്കുകയും റാപിഡ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതുവഴി സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. നിലവിൽ ആറ് മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം. തൊണ്ടയിലും മൂക്കിലുംനിന്നുള്ള സ്രവത്തിന് പകരം രക്തം പരിശോധിക്കും. ‘ഫാൾസ് പോസിറ്റീവ്’ ഫലത്തിന് സാധ്യത ഉള്ളതിനാൽ വ്യക്തികളിലെ രോഗനിർണയത്തിന് ഇത് ഫലപ്രദമായേക്കില്ല. അധികമായി രോഗികളുള്ള സ്ഥലങ്ങളിൽ സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ് റാപിഡ് ടെസ്റ്റ് ഉപയോഗിക്കുക.
റാപിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായ് കേരളം അപേക്ഷ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ആലപ്പുഴ എൻഐവി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, റീജ്യണൽ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്സിറ്റി ലാബ് എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധന ഉള്ളത്. അഞ്ച് സ്വകാര്യ ലാബുകളിൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവായതായി അദ്ദേഹം വെളിപ്പെടുത്തി. കൊച്ചിയിൽ കോവിഡ് ചികിൽസയിലായിരുന്ന വിദേശിയും ഇന്ന് സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കോവിഡിന് ബാധിതരായുള്ളത്. 620 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഒരുലക്ഷത്തി മുപ്പത്തിമൂവായിരത്തിലേറെ പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
അഞ്ച് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ സർക്കാർ പുറത്ത് വിടില്ലെന്നും വിശദീകരിച്ചിരുന്നു.