കോവിഡ് -19 നുള്ള നിരവധി മരുന്നുകൾ‌ ലോകമെമ്പാടും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഗുരുതരമായ രോഗബാധിതരായ ആളുകളെ രക്ഷിക്കാൻ സഹായകരമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകള്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും ശരിയല്ല. ഏറ്റവും മികച്ച മരുന്നുകള്‍ ആഗോളതലത്തില്‍ പരീക്ഷിച്ച് വിജയം ഉറപ്പുവരുത്താന്‍ ലോകാരോഗ്യ സംഘടന നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഏറ്റവും പെട്ടന്നു തന്നെ പൂര്‍ണ്ണമായും ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ഈ മരുന്നുകളിലേതെങ്കിലും മരണനിരക്ക് കുറയ്ക്കുമോ? ഈ മരുന്നുകളിലേതെങ്കിലും രോഗി ആശുപത്രിയിൽ കഴിയുന്ന സമയം കുറയ്ക്കുമോ? ഏതെങ്കിലും മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾക്ക് വെന്റിലേഷൻ അല്ലെങ്കിൽ തീവ്രപരിചരണ വിഭാഗം ആവശ്യമുണ്ടോ, ഇല്ലയോ? തുടങ്ങിയ പ്രധാന മുൻ‌ഗണനാ ചോദ്യങ്ങളിൽ‌ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ട്രയലുകള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് അന മരിയ ഹെനാവോ-റെസ്ട്രെപോ പറഞ്ഞു.

ആന്റിമലേറിയൽ മരുന്നുകളായ ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ (chloroquine, hydroxychloroquine), പുതിയ ആൻറിവൈറലായ remdesivir, എച്ച്ഐവി മരുന്നുകളായ lopinavir, ritonavir എന്നിവയൊക്കെയാണ് ഇപ്പോള്‍ രോഗികളില്‍ പരീക്ഷിക്കുന്ന മരുന്നുകള്‍. ഇന്റർഫെറോൺ ബീറ്റ എന്ന ആൻറിവൈറലിനൊപ്പം എച്ച്ഐവി മരുന്നുകള്‍ കൂട്ടിയോജിപ്പിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. മാർച്ച് 22 ന്, യുകെ ഉൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങൾ ഇതേ മരുന്നുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു.

വ്യവസായ സംരംഭകനായ എലോൺ മസ്‌കും പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും chloroquine പരീക്ഷിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ട്രംപ് ഒരു പടികൂടെ കടന്ന് കോവിഡ് -19 ചികിത്സിക്കുന്നതിനായി chloroquine-ന് യുഎസിൽ ഇതിനകം തന്നെ അംഗീകാരം ലഭിച്ചുവെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നു. കോവിഡ് -19 അനുബന്ധ ന്യൂമോണിയ ബാധിച്ച ആളുകൾക്ക് chloroquine ഗുണം ചെയ്യുമെന്ന് ചൈനയിൽ നിന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കണ്ടെത്തലുകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.