സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളത് 126 പേരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ണൂരിൽ ഒന്‍പത്, കാസർഗോഡും മലപ്പുറത്തും മൂന്നു പേർക്ക്, തൃശൂരിൽ രണ്ട്, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 136 പേർ ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലായി.
പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്രയിലെ ഡോക്ടർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇയാളുമായി സമ്പർമുണ്ടായിരുന്ന മിക്കവരുടെയും ഫലം നെഗറ്റീവാണ്.
കോഴിക്കോട്: ശരീരത്തിന് പരിക്കുപറ്റിയാല്‍ നമ്മള്‍ പ്രഥമശുശ്രൂഷ നല്‍കും. ഇതുപോലെ മനസ്സിനുണ്ടാവുന്ന ചെറിയ പരിക്കുകള്‍ക്കും പ്രഥമശുശ്രൂഷ നല്‍കാന്‍ സംവിധാനം ഒരുക്കിയിയിക്കുകയാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോള്‍ഡന്റ്‌സ് ഗ്രൂപ്പ്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ഉപദേശം തേടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വോളന്റിയര്‍മാരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. വിളിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമങ്കില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. മാനസിക സമ്മര്‍ദ്ദം, ആകുലത, പിരിമുറുക്കം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങും നല്‍കും. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് കൊച്ചിയിലെ റോള്‍ഡന്റ് റെജുവിനേഷന്‍ മൈൻഡ് ബിഹേവിയർ സ്റ്റുഡിയോ മേധാവി സൈക്കോളജിസ്റ്റ് വിപിന്‍ റോള്‍ഡന്റ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 7025917700
ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.
അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച് 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.
മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച് 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.
ലോകത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ 24 മണിക്കൂറുകൾക്കുളളിൽ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതിൽ 74.386 കേസുകളാണ് ഇറ്റലിയിൽ നിന്നും മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 4,52,157 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,13,120 പേര്‍ രോഗവിമുക്തി നേടി. 3,18,543 പേര്‍ ചികിത്സയിലാണ്. ഇതില്‍ 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ർറെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാർമെൻ കാൽവോ. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വൈറസ് കൂടുതൽ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7,503 ആയി. 74,386 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചത്. സ്‌പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്‌പെയിന്‍ രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്പെയിനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ്19 ലോകമെങ്ങും ഭീതിപരത്തുമ്പോഴും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങള്‍ ഇപ്പോഴും കോവിഡ് മുക്തമാണ് എന്നതാണ് അദ്ഭുതം.
കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും ബോട്്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ,യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതുവരെ 194 രാജ്യങ്ങളിലും അവയുടെ ടെറിറ്ററികളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലിബിയ,യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ബാധയുണ്ടായാലും പുറംലോകം അറിയുക അത്ര എളുപ്പമല്ല.
അയല്‍രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിച്ചെങ്കിലും കോവിഡ് ബാധയില്ലെന്ന ആശ്വാസത്തിലാണ് ബോട്‌സ്വാനയും ദക്ഷിണ സുഡാനും. ഉത്തര കൊറിയയും കോവിഡ് ബാധയില്ലെന്ന നിലപാടിലാണ്.
എന്നാല്‍ ഇത് ലോക രാജ്യങ്ങള്‍ അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. ഒരേയൊരാള്‍ മാത്രമാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത് എന്നാണ് 14 കോടി ജനങ്ങളുള്ള റഷ്യ അവകാശപ്പെടുന്നത്. ഇതും അത്ര വിശ്വാസ യോഗ്യമല്ലെന്നാണ് മറ്റു ലോകരാജ്യങ്ങള്‍ പറയുന്നത്.
70000ല്‍ പരം ആളുകള്‍ക്ക് രോഗം ബാധിച്ച ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുന്ന സ്‌പെയിനിലും സ്ഥിതിഗതികള്‍ അതീവ ആശങ്കാജനകമാണ്.
ജര്‍മനിയില്‍ 33000 രോഗികള്‍ ഉണ്ടെങ്കിലും മരണനിരക്ക് വളരെ കുറവാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ ആശുപത്രികളില്‍ അത്യഹിത വിഭാഗത്തില്‍ കൂടുതല്‍ കിടക്കകളുണ്ട്.
രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ കഴിയുന്നതാണ് ജര്‍മനിയിലെ മരണനിരക്ക് കുറയ്ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ജര്‍മനിയുടെ ഈ മാതൃക സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍.
ലോകപ്രശസ്ത പാചകവിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ഫ്‌ളോയിഡ് കാര്‍ലോസ് കൊറോണ വൈറസ് മൂലം മരിച്ചു. ന്യൂയോര്‍ക്കിലാണ് അന്ത്യം. 59 വയസ്സായിരുന്നു. മുംബൈയിലെ രണ്ട് ജനപ്രിയ റസ്റ്ററന്റുകളുടെ ഉടമയാണ് – ബോംബെ കാന്റീന്‍, ഓ പെഡ്രോ എന്നിവയുടെ. മൂന്നാമത്തെ സംരംഭമായ ബോംബെ സ്വീറ്റ് ഷോപ്പ് തുടങ്ങിയത് ഈയടുത്താണ്.
മാര്‍ച്ച് എട്ട് വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ന്യൂയോര്‍ക്കിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ളോയിഡ് ന്യൂയോർക്കിലെത്തിയത്. ഇക്കാര്യം മാർച്ച് 17ൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫ്ളോയിഡ് അറിയിച്ചിരുന്നു. തൻ്റെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യഭീതി പരത്തിയതിൽ ഫ്ളോയിഡ് ഇതിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാൽ പിറ്റേ ദിവസം തന്നെ ഫ്ളോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.
ഫ്‌ളോയിഡ് കാര്‍ലോസ് ജനിച്ചുവളര്‍ന്നത് മുംബൈയിലാണ്. പിന്നീട് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബയിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി രണ്ട് റസ്റ്ററന്റുകളും നടത്തുന്ന ദ ഹംഗര്‍ ഐഎന്‍സി എന്ന കമ്പനി അറിയിച്ചു. ഫ്‌ളോയിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം മുന്‍കരുതലെടുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാണ് പുതിയ തീരുമാനം. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ മരുന്ന്.
നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡ് രോഗബാധയെ ചെറുക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് രോഗികളെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരുമായി ഇടപഴകിയവര്‍ എന്നിവര്‍ക്കാണ് മരുന്ന് നല്‍കുക.
ബുധനാഴ്ചയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ചുകൊണ്ട് വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡിജിഎഫ്ടി)വിജ്ഞാപനമിറക്കിയത്. കൊവിഡ് ഭേദമാക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനിന് കഴിയുമെന്ന പ്രതീക്ഷ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ചിരുന്നു. ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന് ആവശ്യമേറി. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരുന്നിന് ആഭ്യന്തര വിപണിയില്‍ ആവശ്യമേറുമെന്നത് കണക്കിലെടുത്താണ് കയറ്റുമതി നിരോധിച്ചത്.
കൊവിഡ് രോഗികളെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരുമായി ഇടപഴകിയവര്‍ എന്നിവരെ വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണത്തില്‍പ്പെടുത്തിയാണ് ഐസിഎംആര്‍ നിയോഗിച്ച കര്‍മ്മസമിതി ശുപാര്‍ശ ചെയ്തത്.
കേവലം ഒമ്പത് ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 100ൽ നിന്ന് 500 ആയി ഉയർന്നത്. മാർച്ച് 15 ന് രോഗബാധിതരുടെ എണ്ണം 110 ആയിരുന്നെങ്കിൽ ചൊവ്വാഴ്ച അത് 519 ആയി ഉയർന്നു. അതിൽ ഡൽഹിയിൽ 39 പേർ രോഗമുക്തരായി. മരണ സംഖ്യ 10 ആയി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഡൽഹിയിൽ ഒരു മരണം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
ജനുവരി 30 ന് കേരളത്തിലെ ആദ്യത്തെ കേസും മാർച്ച് 15 ന് റിപ്പോർട്ട് ചെയ്ത നൂറാമത്തെ കേസും. അതിനിടയിലുള്ള 45 ദിവസങ്ങളെ താരതമ്യപ്പെടുത്തുക. ഇത് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ലോക്ക്ഡൗണ്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രതയെ കുറിച്ച് വ്യക്തമായ ചിത്രം തരും. കഴിഞ്ഞ രണ്ടുമാസമായി യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഹോം ക്വാറന്‌റൈന്‍ സംവിധാനങ്ങളില്‍ നിന്നും ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലേക്ക് രാജ്യത്തിന്‌റെ ശ്രദ്ധ മാറിയിട്ടുണ്ട്.
ഗുജറാത്ത്, അസം, ജാർഖണ്ഡ്, ഗോവ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാത്രമുള്ള ആശുപത്രികൾ ആരംഭിക്കുന്നു. വെന്റിലേറ്ററുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും വാങ്ങുന്നത് വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
എയിംസിന്റെ വെന്റിലേറ്റർ പ്രോട്ടോടൈപ്പ് പരിഗണനയിലാണ്, അവ നിർമ്മിക്കുന്നതിനായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നു.
കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ആശുപത്രികൾ, ക്ലിനിക്കൽ ലാബുകൾ, ഇൻസുലേഷൻ വാർഡുകൾ തുടങ്ങി നിലവിലുള്ള സൗകര്യങ്ങൾ വിപുലീകരിക്കുകയും, നവീകരിക്കുകയും തുടങ്ങിയ അധിക മെഡിക്കൽ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായുള്ള ധനവിഭവങ്ങൾ നൽകാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടു. രോഗികൾക്ക് ചികിത്സ നൽകാൻ വെന്റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, മാസ്കുകൾ, മരുന്നുകൾ എന്നിവ ഈ സൗകര്യങ്ങളിൽ നന്നായി സജ്ജീകരിക്കേണ്ടതുണ്ടെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് രോഗികൾക്കായി ആശുപത്രികൾ നീക്കിവയ്ക്കണമെന്നും കൃത്യമായ നിരീക്ഷണവും കോൺടാക്റ്റ് ട്രേസിംഗും ഉറപ്പാക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. ഇവയുടെ വിശദാംശങ്ങൾ ആരോഗ്യ ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
അവശ്യ സേവനങ്ങളും വിതരണങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയും മരുന്നുകൾ, വാക്സിനുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.
ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് മൂലം ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6820 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 743 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഇറാനിലും മരണസംഖ്യ 2000ത്തിനോട് അടുക്കുകയാണ്. ലോകത്ത് ആകെ ഇതുവരെ 422613 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 18891 പേർ മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണസംഖ്യ താഴ്ന്നത് ഇറ്റലിയിൽ പ്രതീക്ഷ നൽകിയിരുന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും മരണനിരക്ക് കുതിക്കുകയായിരുന്നു. യഥാക്രമം 651ഉം 601ഉം ആയിരുന്നു ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം. എന്നാൽ ചൊവ്വാഴ്ച ഇത് 743 ആയി വർധിച്ചത് ആരോഗ്യ പ്രവർത്തകരിൽ വീണ്ടും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.
അതേസമയം അമേരിക്കയിലും മരണസംഖ്യ ഉയരുന്നു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിൽ രാജ്യത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. 54,808 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 775 പേർ അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചു. ഇന്നലെ മാത്രം 163 മരിച്ചതായാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യയിലും ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കൊറോണ വൈറസ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ് നാട്ടിലാണ് ഏറ്റവും ഒടുവിൽ ഒരാൾ മരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 500 കടന്നിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ അർധരാത്രി മുതൽ നിലവിൽ വന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.
വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളില്‍ 67 പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് മഠത്തില്‍ കഴിഞ്ഞിരുന്ന 67 പേരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്കമാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായി ആരോപണമുണ്ട്. മഠത്തിലെ അന്തേവാസികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങളോളം ആവശ്യപ്പെട്ടിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ല എന്നാണ് പരാതി. ഒടുവില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടതിന് ശേഷമാണ് മഠം അധികൃതര്‍ ഇവരെ പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പരിശോധനയ്ക്കുള്ള സാമ്പിള്‍ എടുത്ത ശേഷം സംശയമുള്ള 67 പേരേയും മഠത്തിന് പുറത്ത് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും അമൃതാനന്ദമയി മഠത്തില്‍ എത്തുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മഠത്തില്‍ സന്ദര്‍ശനവും ആലിംഗനവും ഒഴിവാക്കി. പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മഠത്തില്‍ തുടര്‍ച്ചയായി എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. മഠത്തിലെ അന്തേവാസികള്‍, അവരെ സംബന്ധിക്കുന്ന വിരവരങ്ങള്‍ ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ സന്ദര്‍ശനം നിര്‍ത്തിയതിനാല്‍ മുമ്പ് മഠത്തില്‍ എത്തിയവര്‍ മാത്രമേ നിലവില്‍ അന്തേവാസികളായുള്ളൂ എന്ന വിവരമാണ് മഠം അധികൃതര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് മഠം അധികൃതര്‍ നല്‍കുന്ന വിവരങ്ങളില്‍ സംശയം തോന്നിയ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചു.
ആലപ്പാട് പഞ്ചായത്ത് അംഗമായ ബേബി രാജു പറയുന്നു, ‘വിദേശികള്‍ ഒട്ടെറെ വന്ന് പോവുന്ന സ്ഥാപനം എന്ന രീതിയില്‍ മഠത്തില്‍ പതിവായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുകയും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദര്‍ശനവും ആലിംഗനവും നിര്‍ത്തി വച്ചതായി മഠം അധികൃതര്‍ അറിയിച്ചു. സന്യാസ ദീക്ഷ നല്‍കുന്ന ചടങ്ങില്‍ പോലും പുറത്ത് നിന്ന് ആര്‍ക്കും പ്രവേശനമില്ലായിരുന്നു എന്ന അവര്‍ പറഞ്ഞു. കേരളത്തില്‍ കൊവിഡ് വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ പല തവണ മഠത്തിലെ അന്തേവാസികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അവര്‍ വിവരം തന്നില്ല. പിന്നീട് കുറച്ച് വിവരങ്ങള്‍ കൈമാറി. എന്നാല്‍ അതിലെ കണക്കുകളും ആരോഗ്യവകുപ്പിന്റെ കയ്യിലുള്ള കണക്കുകളും ഒത്തുവച്ചപ്പോള്‍ കുറേ അവ്യക്തതകളുണ്ടായി. ഇതെല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടറെ അറിയിക്കുന്നുണ്ടായിരുന്നു.’ ഇന്നലെ ജില്ലാ കളക്ടര്‍ അമൃതാനന്ദമയീ മഠം അധികൃതരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മഠത്തില്‍ വന്നിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചില്ലെന്നും മഠം അധികൃതര്‍ യോഗത്തെ തെറ്റിദ്ധരിപ്പിച്ചതായും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു.
‘മഠത്തില്‍ പോയതിന്റെയും ബാക്കി വിവരങ്ങളും എല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് അതാത് സമയം നല്‍കിയിരുന്നു. അതിനാല്‍ മഠം അധികൃതര്‍ പറഞ്ഞ കള്ളം അവിടെ പൊളിഞ്ഞു. പിന്നീടാണ് 67 പേര്‍ നിരീക്ഷണത്തിലാണെന്ന വിവരം കാമാറാന്‍ മഠം അധികൃതര്‍ തയ്യാറായത്. ഇന്ന് രാവിലെയാണ് ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുന്നത്.’ തുടര്‍ന്ന് 108 ആംബുലന്‍സില്‍ 67 പേരെയും കരുനാഗപ്പള്ളി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം പരിശോധയ്ക്കയച്ചു.
കേരളത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയും സംസ്ഥാനത്ത് ലോക്ക്ഡൗണുള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യവും നിലനില്‍ക്കുമ്പോള്‍ അമൃതാനന്ദമയി മഠം അധികൃതരുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിട്ടുള്ളത്. മഠം അധികൃതരുടെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.