ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ച. ഫെബ്രുവരി 28-ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.
കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്.
അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350-ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം.
പ്രവാസികുടുംബം വിമാനത്താവളത്തില്‍ വച്ചു തന്നെ പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാവില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ തുറന്നടിച്ചു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുമുണ്ടായത്. എന്നാല്‍ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാവൂ.
രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു ഗുണം ചെയ്തേനെ. ഇതിപ്പോള്‍ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച്ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ വൈറസിനെതിരെ പോരാടിക്കുകയാണ് അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടാക്കി വയ്ക്കുന്നത് എന്തിനാണ്.
വിദേശത്ത് നിന്നും വന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ കണ്ട് രോഗവിവരം അറിയിക്കണം. അതിലെന്താണ് അവര്‍ക്ക് നഷ്ടപ്പെടാനുള്ളത്. ഞങ്ങളെ സമീപിച്ച എല്ലാവരേയും വളരെ നല്ല രീതിയിലാണ് ഞങ്ങള്‍ പരിചരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം നമ്മളുമായി ഇടപെട്ടവരില്‍ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ഇത്ര കര്‍ശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും ഞങ്ങളോട് സഹകരിക്കുക – ആരോഗ്യമന്ത്രി പറയുന്നു.
ഫെബ്രുവരി 29-ന് ഇവര്‍ കേരളത്തിലെത്തിയ ശേഷം മാര്‍ച്ച് ആറാം തീയതി ആശുപത്രിയില്‍ അഡ്മിറ്റാവും വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്തും. ഇവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില കണ്ടെത്താനും എട്ട് ടീമുകളെ ചുമതലപ്പെടുത്തി. ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക. ഇതില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാവും.
ഈ ടീമുകളെ ഉപയോഗിച്ച് ഇന്ന് വൈകുന്നേരത്തോടെ രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരേയും കണ്ടെത്താനും ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും… ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലെേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇറ്റലിയില്‍ നിന്നും വന്ന പ്രവാസി കുടുംബത്തിന്‍റെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. ഇവര്‍ക്ക് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. രാത്രി തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്ന് അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്തു.
പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടിൽ രോഗപരിശോധനക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. അച്ഛനും അമ്മയും കുട്ടിയും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. അവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് രോഗ ബാധ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.
റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതരെന്നാണ് വിവരം.അഞ്ചുപേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 29ന് ഇറ്റലിയില്‍നിന്ന് ഖത്തര്‍ എയര്‍വേസിന്റെ ക്യുആര്‍ 126 വിമാനത്തിലാണ് മൂന്നു പേര് ദോഹയിലെത്തിയത്. ഇവിടെനിന്നും ക്യുആര്‍ 514 വിമാനത്തില്‍ കൊച്ചിയിലെത്തി. ഈ വിമാനങ്ങളില്‍ അന്നേ ദിവസം സഞ്ചരിച്ച മറ്റു യാത്രക്കാര്‍ ഉടന്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്കി. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രോഗികളുമായി ഇടപെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 637 പേരാണ് രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം വന്നതോടെയാണ് മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കാൻ യോഗം വിളിച്ചത്. പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്താൽ പോലും ഒരു ആശങ്കക്കും വകയില്ലെന്ന ആത്മ വിശ്വാസമാണ് ആരോഗ്യ വകുപ്പ് പ്രകടിപ്പിക്കുന്നത്.
89 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. ഇവരില്‍ 574പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 20 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിരുന്നു. സംശയാസ്പദമായവരുടെ 682 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇന്ത്യയിൽ തന്നെ ആദ്യം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. പഴുതടച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയിൽ നടക്കുന്ന പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ പ്രശംസയും പിടിച്ച് പറ്റിയിരുന്നു. കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനും തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിൽ എത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ സന്ദര്‍ശിച്ച് സംഘം ചര്‍ച്ച നടത്തി. തുടര്‍ന്ന് സംഘം കേരളത്തിലെ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിവിധ ടീമുകളുമായി കൂടിക്കാഴ്ച നടത്തി. സംഘം പിന്നീട് തിരുവനന്തപുരം ജില്ലയിലെ ഐസോലെഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി.
ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്‌ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.
രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ലഡാക്കിലെ രണ്ട് പേര്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഒമാനില്‍ നിന്നാണ് തമിഴ്നാട് സ്വദേശി മടങ്ങിയെത്തിയത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 34 ആയി.
കൊറോണയെക്കുറിച്ച് അഭിപ്രായം പറഞ്ഞ മുന്‍ ഡിജിപി സെന്‍കുമാറിന് ചുട്ടമറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനുമുകളില്‍ നിലനില്‍ക്കില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. കേരളത്തിലെ ഈ 32 ഡിഗ്രി ചൂടില്‍ കൊറോണ എത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവം ഒഴിവാക്കണമെന്ന് അഭിപ്രായത്തോടാണ് സെന്‍കുമാര്‍ പ്രതികരിച്ചത്.
കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നല്ലോ എന്നാണ് ഷിംന പ്രതികരിക്കുന്നത്. പേരിന് മുന്നില്‍ Dr എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്ന് സെന്‍കുമാറിന്റെയും രജിത് കുമാറിന്റെയും ഫാന്‍സ് മനസ്സിലാക്കണമെന്നാണ് ഷിംന പറയുന്നത്. സെന്‍കുമാര്‍ ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോള്‍ ലോകമെമ്പാടും പരന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല.
അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?
ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാല്‍ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ?
ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.
ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകള്‍ ഒന്നിച്ച് കൂടുന്നയിടങ്ങള്‍ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാല്‍ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം.
തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കുകയുമരുത്.
വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ…
ആളെക്കൊല്ലികളാകരുത്. ആരും.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിക്കൊപ്പം എത്തിയവർക്കാണ് പുതിയതായി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഘത്തിലെ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടലിൽ കഴിഞ്ഞിരുന്ന ഇവരെ നേരത്തെ നിരീക്ഷണത്തിനായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ആറുപേര്‍കുടി ഐടിബിപി ക്യാംപിൽ നിരീക്ഷണത്തിലുണ്ട്.
നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ രാജ്യത്ത് കൂടുതൽ പേർക്ക് കൊറൊണ ബാധ സ്ഥിരീകരിച്ചതോടെ മുൻ കരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാവാൻ സൈന്യത്തോട് നിർദേശിച്ച സർക്കാർ 2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനകളോടും ആവശ്യപ്പെട്ടിരുന്നു.
കൊറോണ ബാധിതനായ ഡൽഹി സ്വദേശിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ സന്ദര്‍ശിച്ച നോയിഡയിലെ രണ്ട് സ്കൂള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ നടപടികൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഇന്ന് മാധ്യമങ്ങളെ കാണും.
ചൈനയ്ക്ക് പുറത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ ആണെന്നിരിക്കെ ഇറ്റാലിയന്‍ കപ്പൽ കൊച്ചിയിലെത്തി. ആഡംബരക്കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തുറമുഖത്ത് എത്തിയത്. എന്നാൽ അടുത്ത കാലത്തൊന്നും കപ്പൽ ഇറ്റലിയിലെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ കപ്പൽ തിരിച്ച് പോവുകയും ചെയ്തു. 305 ഇന്ത്യക്കാരുൾപ്പെടെ 405 യാത്രക്കാരണ് കപ്പലിൽ നിന്നും കൊച്ചിയിലിറങ്ങിയത്. യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
കൊറോണ രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ ചായ സല്‍ക്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഹിന്ദു മഹാസഭ. ഇന്ത്യയില്‍ ആറു കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതു പോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും,” മഹാരാജ് പറഞ്ഞു.
‘പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.
ഡല്‍ഹിയിലെ ഹിന്ദു മഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം ‘പാര്‍ട്ടികള്‍’ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കളമശേരി: കോവിഡ്-19 (കൊറോണ) രോഗ ലക്ഷണങ്ങളുമായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ശേഷം കാണാതായ യുവാവ് തിരിച്ചെത്തി. ഇയാൾക്കായി തെരച്ചിൽ നടത്താൻ ഉത്തരവിടാൻ ഡിഎംഒ ജില്ലാ കളക്ടർക്കും പോലീസിനും കത്ത് നൽകിയതിനെ തുടർന്നാണ് യുവാവ് സ്വമേധയാ തിരിച്ചെത്തിയത്.
തായ്ലന്റിൽ നിന്ന് എത്തിയ 25 വയസുകാരനായ ആലുവ മുപ്പത്തടം സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ തന്നെ വിമാനത്താവളത്തിൽനിന്ന് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളജിൽ കൊണ്ടുവരികയും ചെയ്തു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ യുവാവ് വീട്ടിലേക്ക് ആരെയും അറിയിക്കാതെ മടങ്ങി. ഇതോടെയാണ് ഇയാൾ പൊതുജന അരോഗ്യത്തിന് ഭീഷണിയാണെന്ന ജാഗ്രത നോട്ടീസ് ഡിഎംഒ പുറപ്പെടുവിക്കാൻ ഇടയായത്. മുറിയിൽ അടച്ചിരിക്കുകയായിരുന്ന യുവാവ് രാത്രി വൈകിയാണ് മെഡിക്കൽ കോളജിൽ തിരികെയെത്തിയത്. രോഗലക്ഷണങ്ങൾ ശക്തമല്ലെന്നും സാമ്പിൾ ആലപ്പുഴയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൊറോണ വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് പാസ്റ്റര്‍. ദക്ഷിണ കൊറിയയില്‍ സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 4000 പേര്‍ക്കും കൊറോണ ലക്ഷണങ്ങള്‍. കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീക്കെതിരെ കേസെടുത്തു.
വൈറസ് ബാധ പടര്‍ത്തിയതിനെതുടര്‍ന്നാണ് കേസ്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 11 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും.
തന്റെ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്ന് ലീ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ലോകരാജ്യങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളൊക്കെ അടച്ചിരിക്കുകയാണ്. പൊതുപരിപാടികളും നിര്‍ത്തലാക്കിയിട്ടുണ്ട്.
കൊറോണ കേസുകള്‍ വലിയ തോതില്‍ വന്നിട്ടുള്ള മലേഷ്യയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ മലയാളി എറണാകുളത്തെ ആശുപത്രിയില്‍ മരിച്ചു. ന്യുമോണിയയും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുമാണ് മരണകാരണം. അതേസമയം ഈ രോഗിക്ക് കൊറോണ നെഗറ്റീവ് ആണ് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. മരച്ചയാള്‍ പ്രമേഹരോഗിയുമായിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.
അതേസമയം ചൈനയില്‍ കൊറോണ മൂലമുള്ള മരണം 2870 ആയി. 79,824 കേസുകളാണ് ഇതുവരെ ചൈനയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൊറോണ ഒരുതരം സൂനോട്ടിക്ക് വൈറസ് ആണ് എന്ന് പറയുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസുകള്‍, ബാക്ടീരിയകള്‍, പാരസൈറ്റുകള്‍ എന്നിവ വഴി പടരുന്നത്.
ചുമയുടെ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് 11 കുട്ടികള്‍ മരിച്ചു. ജമ്മുകാഷ്മീരില്‍ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്ന് ഉപയോഗിച്ച കുട്ടികളാണ് മരിച്ചത്. ഈ മരുന്നിന്റെ 3400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് മരുന്ന് വിപണയിലെത്തിച്ചത്.
കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി .വിറ്റ രസീതുകളുടെ അടിസ്ഥാനത്തില്‍ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കുട്ടികളുടെ മരണത്തിന് കാരണം കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്നിന്റെ ഉപയോഗമല്ലെന്ന് ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയുടെ ഉടമസ്ഥന് കോണിക് ഗോയല്‍ പറഞ്ഞു. വൃക്കസ്തംഭനത്തെ തുടര്‍ന്ന് ഇതില്‍ 11 കുട്ടികള്‍ മരിച്ചു. ചുമയ്ക്ക് നല്കിയ മരുന്നാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരുന്നിലെ ഡൈഥലിന്‍ ഗ്ലൈക്കോഡിന്റെ സാന്നിധ്യമാണ് മരണത്തിനു കാരണമായത്.ചുമ മരുന്നിന്റെ ഒരു കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഒരു തവണ 5-6 മില്ലി കഴിച്ചാല്‍ 10-12 ഡോസാകുന്പോള് രോഗി മരിക്കാന്‍ ഇടയുണ്ടെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്ട്രോളര് അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
മദ്യപാനം അത്ര നല്ല ശീലമല്ല. പക്ഷേ, മലയാളിക്ക് മദ്യമില്ലാതെ ജീവിതവുമില്ല. ഇത് രണ്ടും കൂടി എങ്ങനെ ശരിയാവും? എങ്കിൽ അങ്ങനെയൊരു ശരിപ്പെടുത്തലാണ് പുതിയ ഒരു പഠനത്തിലൂടെ തെളിയുന്നത്. ദിനേന മദ്യപിച്ചാൽ 90 വയസ്സ് വരെ ജീവിക്കാമെന്നാണ് പുതിയ പഠനം. പക്ഷേ, മദ്യപിക്കുന്നതിന് ചില രീതികളുണ്ട്.
ഒരു നിശ്ചിത അളവിൽ മദ്യപിക്കുന്നത് 90 വയസ്സു വരെ ആയുസ് നൽകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഹോളണ്ടിലെ ഒരു മെഡിക്കൽ സർവകലാശാലയിലെ ചില ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. 1916നും 17നും ഇടയിൽ ജനിച്ച 5000 സ്ത്രീപുരുഷന്മാരെയാണ് ഇവർ നിരീക്ഷിച്ചത്. അവർക്ക് 60 വയസ് ഉണ്ടായിരുന്ന 1986ലെ മദ്യപാന രീതിയെപ്പറ്റിയാണ് ഗവേഷകർ ആദ്യം നിരീക്ഷിച്ചത്. തുടർന്ന് 90ആം വയസ്സു വരെ നിരീക്ഷണം തുടർന്നു.
നിരീക്ഷണത്തിനൊടുവിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് 90 വയസ്സു വരെ എത്തിയ 34 ശതമാനം സ്ത്രീകളും 16 ശതമാനം പുരുഷന്മാരും ദിവസവും അഞ്ച് മുതൽ 15 ഗ്രാം വരെ മദ്യം കഴിക്കുമായിരുന്നു എന്നാണ്. അതായത് ദിവസവും ഈ അളവിൽ മദ്യം കഴിച്ചാൽ 90 വയസ്സു വരെ ജീവിക്കാനുള്ള സാധ്യത കൂടുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, അളവിൽ കൂടുതൽ മദ്യം കഴിക്കുന്നത് മരണം നേരത്തെയാക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
ഇത് ഹോർമെസിസ് എന്ന പ്രതിഭാസമാവാം എന്നാണ് ഗവേഷകർ പറയുന്നത്. അതായത്, ചെറിയ അളവിലാകുമ്പോൾ ഗുണം ഉണ്ടാവുകയും അളവ് കൂടിയാൽ വിഷം ആവുകയും ചെയ്യുന്ന പ്രതിഭാസം. അതിനപ്പുറം ഇതിനൊരു വിശദീകരണം നൽകാൻ അവർക്ക് സാധിക്കുന്നില്ല. ജീവിച്ചിരുന്നാലും ആരോഗ്യം നന്നാവുമെന്ന ഉറപ്പ് അവർ നൽകുന്നുമില്ല.