Health

യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും യാത്രകൾ പോകുവാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരുടെയെല്ലാം യാത്രയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരു വില്ലനാണ് ‘ട്രാവൽ സിക്ക്നെസ്’ എന്നറിയപ്പെടുന്ന ‘ഛർദ്ദി’. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ഫാമിലിയായിട്ടോ ഒക്കെ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ? അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും.

മിക്കവാറും ആളുകളിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ബസ്സിലോ കാറിലോ ദൂരയാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി. എന്നാൽ ഇതിന്റെ കാരണം എന്താണെന്നു മിക്കവർക്കും അറിവില്ലതാനും. എന്താണ് യാത്രയ്ക്കിടയിലെ ഛർദ്ദിയ്ക്ക് കാരണം? നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു. ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും. വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല. എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും.

ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു. കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു. വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്‌നസ്സ്’ എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്കാതിരിക്കാൻ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും.

ഇനി എങ്ങനെ യാത്രകൾ പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി ഇല്ലാതാക്കാം? ഒരു കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുക. പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ യാത്രകൾ കൂടുതലായി ചെയ്തു തന്നെയേ ഈ പ്രവണത മാറുകയുള്ളൂ. ഉദാഹരണത്തിന് എന്റെയൊരു സുഹൃത്ത് 15 വയസ്സ് വരെ ബസ്സിൽ കയറിയാൽ ഛർദ്ദിക്കുന്ന സ്വഭാവമുള്ളയാളായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബസ്സിൽത്തന്നെ ധാരാളം യാത്രകൾ നടത്തുവാൻ തുടങ്ങി. അതോടെ ഛർദ്ദി എന്ന പ്രശ്നം അവനിൽ നിന്നും പതിയെ ഒഴിയുവാൻ തുടങ്ങി. അങ്ങനെ വർഷങ്ങൾക്കിപ്പുറം അവൻ 24 മണിക്കൂർ ബസ് യാത്ര വരെ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ നടത്തുകയുണ്ടായി. ഈ പറഞ്ഞ കാര്യം എല്ലാവരിലും പ്രവർത്തികമാകണം എന്നില്ല കേട്ടോ. ഒരുദാഹരണം പറഞ്ഞുവെന്നു മാത്രം.

ഇനി കാര്യത്തിലേക്ക് തിരികെ വരാം. ചിലർ യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. മറ്റുള്ളവർ ഛർദ്ദിക്കുന്നതു കണ്ടിട്ട് ഛർദി വരുന്നവരും കുറവല്ല. ഇത്തരക്കാർ ഈ പ്രശ്നത്തിന് പ്രത്യേകം ചികിത്സയൊന്നും തേടേണ്ടതില്ല. യാത്രകൾ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഛർദ്ദി ഒരുപരിധിവരെ അടക്കുവാൻ സാധിക്കും. ഒരിക്കലും സഞ്ചരിക്കുന്ന ദിശയ്ക്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക. നമ്മുടെ ലോഫ്‌ളോർ ബസ്സുകളിൽ ഇത്തരത്തിലുള്ള സീറ്റുകൾ കണ്ടിട്ടില്ലേ? അവ ഒഴിവാക്കുവാനാണ് പറയുന്നത്.

ബസ്സിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക. പിൻഭാഗം ഒഴിച്ച് ബസ്സിന്റെ ഇടതു വശത്തായുള്ള (ഡോർ ഉള്ള ഭാഗത്ത്) സീറ്റുകളിൽ വിൻഡോ സൈഡിൽ ഇരിക്കുന്നതായിരിക്കും നല്ലത്. പുറത്തെ കാഴ്ചകളും വായുസഞ്ചാരവും നിങ്ങൾക്ക് ഒരു പ്രത്യേക ഉന്മേഷം പകരും. യാത്ര ചെയ്യുമ്പോൾ ഒരിക്കലും പുസ്തകം വായിക്കുവാനോ മൊബൈൽഫോൺ നോക്കുവാനോ പാടില്ല. ഇത് ഛർദ്ദിക്കുവാനുള്ള പ്രവണതയുണ്ടാക്കും.

നിങ്ങളുടെ യാത്ര കാറിലാണെങ്കിൽ കഴിവതും മുൻഭാഗത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. കാറിൽ ഇടിച്ചുപൊളി പാട്ടുകൾ വെക്കാതെ ശാന്തമായ പാട്ടുകൾ കേൾക്കുക. കാറിന്റെ വിൻഡോകൾ തുറന്നിടുന്നതായിരിക്കും ഉത്തമം. കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിയതിനു ശേഷം യാത്ര ചെയ്യുക. നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ വക ബുദ്ധിമുട്ടുകളിൽ നിന്നും ഒരുപരിധി വരെ രക്ഷനേടാം.

യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപും യാത്രയ്ക്കിടയിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. പൊറോട്ട, ബിരിയാണി, ചിക്കൻ, ബീഫ് എന്നിവ മാറ്റിനിർത്തി എളുപ്പം ദഹിക്കുന്ന പുട്ട്, ദോശ തുടങ്ങിയവ കഴിക്കുന്നതായിരിക്കും ഉത്തമം. ഇടയ്ക്ക് ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ല ഫലം ചെയ്യും. ബസ് സ്റ്റാൻഡുകളിൽ ലഭിക്കുന്ന ഇഞ്ചി മിട്ടായി കഴിക്കുന്നതും ഛർദ്ദി ഒഴിവാക്കുവാൻ സഹായകമാകാറുണ്ട്. ചെറുനാരങ്ങ മണക്കുക തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.

യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവർ കവറുകൾ കയ്യിൽ കരുതുക. ഒരു രക്ഷയുമില്ലെന്നാകുമ്പോൾ ഈ കവറുകളിൽ ഛർദ്ദിക്കാം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മോഷൻ സിക്ക്നസ് കവറുകൾ നിങ്ങൾക്ക് വാങ്ങുവാൻ സാധിക്കും.

അതുപോലെതന്നെ പൊതുവെ കാണുന്ന ഒരു സംഭവമാണ് വാഹനങ്ങളിൽ നിന്നും ഇത്തരം ഛർദ്ദിച്ച കവറുകൾ പുറത്തേക്ക് വലിച്ചെറിയുന്ന കാഴ്‌ച. മൂന്നാർ റൂട്ടിലോക്കെ പോയിട്ടുള്ളവർക്ക് മനസിലാകും. ദയവു ചെയ്ത് ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്യാതിരിക്കുക. നിങ്ങൾ എറിയുന്ന ഈ കവർ മറ്റുള്ളവരുടെ ദേഹത്തു വീണാലുള്ള കാര്യം ചിന്തിച്ചിട്ടുണ്ടോ? അവ റോഡിൽ കിടന്നാലുണ്ടാകുന്ന മോശമായ കാഴ്ച കണ്ടാൽ നിങ്ങൾക്ക് അത് ആസ്വദിക്കുവാനാകുമോ? അതുകൊണ്ട് ദയവു ചെയ്ത് ഛർദ്ദിയടങ്ങിയ മാലിന്യക്കവറുകൾ അലക്ഷ്യമായി എറിയാതിരിക്കുക.

അതുപോലെ തന്നെ യാത്രയ്ക്കിടയിലെ ഛർദ്ദി ചിലപ്പോഴൊക്കെ നമ്മുടെ സുരക്ഷയെ വരെ ബാധിക്കുന്ന തലത്തിലേക്ക് എത്തിച്ചേരാറുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും തല വെളിയിലേക്ക് ഇട്ടുകൊണ്ട് ഒരിക്കലും ഛർദ്ദിയ്ക്കരുത്. ബസ്സിലാണ് നിങ്ങളുടെ യാത്രയെങ്കിൽ നേരത്തെ പറഞ്ഞതുപോലെ കവർ കയ്യിൽ കരുതുക. അഥവാ കവർ എടുക്കുവാൻ വിട്ടുപോയെങ്കിൽ ബുദ്ധിമുട്ട് തോന്നിത്തുടങ്ങുമ്പോൾ തന്നെ ബസ് ജീവനക്കാരോട് കാര്യം പറയുക. ഹൈറേഞ്ച് റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരുടെ പക്കൽ കവറുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇനി കാറിലാണ് നിങ്ങളുടെ യാത്രയെങ്കിൽ വിജനമായ ഏതെങ്കിലും സ്ഥലത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെ നിർത്തി പുറത്തിറങ്ങി ഛർദ്ദിക്കുക. വാഹനത്തിൽ നിന്നും തല പുറത്തേക്ക് ഇട്ടിട്ട് പോസ്റ്റുകളിൽ തട്ടി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

അപ്പോൾ ഒരിക്കൽക്കൂടി പറയുകയാണ്. ഛർദ്ദിക്കും എന്ന പേടിയിൽ നിങ്ങളുടെ യാത്രകൾ ഒഴിവാക്കാതെയിരിക്കുക. ഛർദ്ദി എന്ന വില്ലനെ നമുക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുക വഴി തുരത്താവുന്നതാണ്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

വൈദ്യശാസ്ത്ര രംഗത്തെ ശാസ്ത്ര സാങ്കേതിക സഹായത്തോടെയുള്ള പുരോഗതി വളരെയേറെ നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. എങ്കിൽ കൂടി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഈ നേട്ടങ്ങൾക്ക് ആയിട്ടുണ്ടോ?
ബാല്യ കൗമാര കാലത്ത് ഇന്ന് വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. ദഹന തകരാറുകൾ, കൂടെകൂടെ ഉണ്ടാകുന്ന പനി ശ്വാസകോശ പ്രശ്നങ്ങൾ, ത്വക് രോഗങ്ങൾ എന്നിവ ആണ് പ്രധാനം. അന്തരീക്ഷത്തോടുള്ള പ്രതിപ്രവർത്തനം, അലർജി ഈ പ്രശ്നങ്ങൾക്ക് കാരണം ആകാറുണ്ട്.

രോഗ പ്രതിരോധ വ്യവസ്ഥ കൂടുതൽ ശക്തമാക്കുക ആണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധി. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതൽ കാര്യക്ഷമമാകും എന്നാണ് കരുതുന്നത്. മുലപ്പാൽ കുടിച്ചു വരുന്ന കാലത്ത് കൊടുക്കാറുള്ള കട്ടിയാഹാരം വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. അവ കൊടുക്കുന്ന രീതി സമയം അളവ് ഒക്കെ പ്രാധാന്യം അർഹിക്കുന്നു. കുട്ടികൾക്ക് ഏറെ അനുയോജ്യമായ ആഹാരം പോലും അസമയത്ത്, അധികമായിട്ടൊ അല്പമായിട്ടോ നൽകിയാൽ പോലും ദഹന തകറാറുണ്ടാക്കി രോഗ കാരണമാകാം.

പശു നമുക്കു പാൽ തരും എന്നു പഠിച്ചിരുന്ന മലയാളിക്ക് മിൽമ നമുക്ക് പാൽ തരും എന്നതാണ് സ്ഥിതി. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ കുട്ടികൾക്കും ചാണകം കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു കാലം മാറി കവറിൽ കിട്ടുന്ന പാൽ ആണ് ആശ്രയം. അത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ശാരീരിക വേഗങ്ങൾ തടയുവാൻ പാടില്ല എന്ന ആയുർവേദ നിർദേശം വേണ്ടതു പോലെ പാലിക്കാൻ ആകാതെ വരുന്നുണ്ട്. ഡയപ്പർ ഉപയോഗം വരുത്തുന്ന അലർജി രോഗങ്ങൾ, കൃത്രിമ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്‌, പാക്കറ്റ് ഫുഡ്‌, മത്സ്യ മാംസങ്ങളുടെ അമിതോപയോഗം എന്നിവയാണ് മറ്റു കാരണങ്ങൾ.

അമിതവണ്ണം അമിത ഭാരം, ദഹന തകരാറുകൾ, ശ്വാസകോശ രോഗങ്ങൾ, ത്വക് രോഗങ്ങൾ, തുടങ്ങി ഒട്ടേറെ അസ്വസ്ഥതകൾ കുട്ടികളിൽ വർധിച്ചു വരുന്നു. പ്രകൃതി ദത്തമായ ആഹാരം, വീട്ടിൽ പാചകം ചെയ്‍തത്, ഒരു മണിക്കൂർ വ്യായാമം, എണ്ണ തേച്ചുള്ള കുളി, രാത്രി ഭക്ഷണം ഏഴുമണിയോടെ, ലഘുവായ രാത്രി ഭക്ഷണം, ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കുക. നേരത്തെ ഉറങ്ങാനും വെളുപ്പിന് ഉണർന്നെഴുനേൽക്കാനും ഉള്ള ശീലം വളർത്തിയും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താം.

ഉരമരുന്നു ഗുളിക, അഷ്ടചൂർണ്ണം എന്നിവ കൂട്ടികളുടെ രോഗങ്ങൾക്ക് ഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്നു. ഇഞ്ചി കച്ചോലം ജാതിക്ക എന്നിവയും യഥാവിധി ഉപയോഗിക്കുമായിരുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ബർമിംഗ്ഹാമിൽ നിന്ന് നൂറുകണക്കിന് വ്യാജ മദ്യ കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി, ഇവയിൽ പലതിനും ഇൻഡസ്ട്രിയൽ ആൽക്കഹോളിൽ സാധാരണ കാണുന്നത്ര തീവ്രമായ ആൽക്കഹോളിക് കണ്ടന്റ്സ് ഉണ്ടായിരുന്നു. ന്യൂ ഇയർ പാർട്ടി ആഘോഷിക്കാൻ പോകുന്ന മദ്യപാനികൾ സാധാരണയിൽ നിന്ന് ഏതെങ്കിലും രീതിയിൽ വ്യത്യസ്തമായ വോഡ്ക കുപ്പികൾ കണ്ടാൽ വാങ്ങരുത് എന്നാണ് നിർദേശം. തീരെ വില കുറഞ്ഞവ ആണെങ്കിൽ അത് വ്യാജമദ്യം ആകാനാണ് സാധ്യത കൂടുതൽ. യുകെയിൽ ഉള്ള നിരവധി ഔട്ട്‌ലെറ്റുകളിൽ ആയി നടത്തിയ അന്വേഷണത്തിൽ ഒരുപാട് ഇടങ്ങളിൽനിന്ന് വ്യാജൻമാരെ കണ്ടെത്തിയ ഈ പശ്ചാത്തലത്തിലാണ് ഈ ജാഗ്രത നിർദ്ദേശം. ക്രിസ്മസിന് ശേഷം തന്നെ ഏകദേശം 900 ബോട്ടിലുകളോളം വ്യാജമദ്യം പിടിച്ചിരുന്നു. ഇതോടൊപ്പംതന്നെ ഏകദേശം 25000ത്തോളം വ്യാജ മാരായ സിഗരറ്റുകൾ, ടുബാക്കോ എന്നിവയും പിടിച്ചെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ട് അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ മിക്കതിലും ആൽക്കഹോളിന്റെ അളവ് ഇൻഡസ്ട്രിയൽ സ്ട്രെങ്തിന് ഒപ്പം എത്തുന്നത് ആയിരുന്നു. ഇവ കഴിച്ചാൽ ശർദ്ദി, കിഡ്നി ലിവർ സംബന്ധമായ രോഗങ്ങൾ, അന്ധത എന്നിവ ബാധിക്കും, ഒരുപക്ഷേ മരണത്തിൽ പോലും കലാശിച്ചേക്കാം.

വാങ്ങുന്ന കുപ്പി വ്യാജനാണോ എന്നറിയാൻ ചില നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. സാധാരണയിൽ കവിഞ്ഞ വിലക്കുറവ് കാണുക, ഇതുവരെ കേട്ടിട്ടില്ലാത്ത ബ്രാൻഡ് നെയിംസ്, ഒരേ ബ്രാൻഡ് കുപ്പിയിൽ തന്നെ പലതരം ഫില്ലിങ്, ബ്രാൻഡ് നെയിം ഒന്ന് ആയിരിക്കുക അതേസമയം കാണാവുന്ന രീതിയിൽ ഉള്ള വസ്തുക്കൾ അടിഞ്ഞുകൂടി ഇരിക്കുക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ. പബ്ബുകളിലും ക്ലബ്ബുകളിലും ഓർഡർ ചെയ്യുന്നവരോട് വോഡ്ക ഒന്നു മണത്തു നോക്കാനും നിർദ്ദേശിക്കുന്നുണ്ട്, വ്യാജന് നെയിൽപോളിഷ്ന്റെ മണം ഉണ്ടായിരിക്കും.

താത്കാലിക ലാഭത്തിനായി ഉപഭോക്താക്കളുടെ ആരോഗ്യം നശിപ്പിക്കുന്ന രീതിയിലുള്ള വ്യാജന്മാർ പ്രചരിക്കുന്നത് നിർത്തണമെന്ന് എൽജിഎ യുടെ കൗൺസിലറായ സൈമൺ ബ്ലാക്ക് ബുൺ മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. വർധിച്ചുവരുന്ന ആവശ്യമാണ് ഇത്തരം നിലവാരം കുറഞ്ഞ മദ്യങ്ങൾ മാർക്കറ്റിൽ എത്താൻ സഹായിക്കുന്നത്. വ്യാജമദ്യം വിൽക്കുന്ന റീട്ടെയിൽ കച്ചവടക്കാർക്ക്, 5000 പൗണ്ട് പിഴയും, പത്ത് വർഷം തടവും, ലൈസൻസ് ക്യാൻസൽ ആക്കുകയും, ആണ് നിലവിൽ ഉള്ള ശിക്ഷ.

ദർശന ടി .വി

പുതുവർഷത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദേശീയതലത്തിൽ അടുത്തിടെ നടന്ന പഠനങ്ങളിലും(national institute for clinical excellence) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള നാടാണ് കേരളമെന്ന് കണ്ടെത്തിയിരിക്കുന്നു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും വ്യാപകമാകുന്നു.ഇന്ന് ചെറിയ പ്രായത്തിൽ തന്നെ സ്ത്രീകളും ഹൃദ്രോഗത്തിന്റെ പിടിയിലാവുകയാണ്. മാറുന്ന ജീവിതരീതികളും ആഹാരരീതികളും അമിതമായ മാനസികപ്രശ്നങ്ങളും ജോലിസമ്മർദ്ദവുമെല്ലാം മലയാളിയുടെ ഹൃദയത്തെ കുഴപ്പത്തിൽ ചാടിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

അയ്യായിരത്തിൽ കൂടുതൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ കേരളത്തിൽ നടക്കുന്നു. ഹൃദയസംബദ്ധമായ അസുഖങ്ങളെക്കുറിച്ച് പഴയകാലത്തേക്കാൾ അവബോധമുള്ളവരായി മലയാളികൾ മാറിയിട്ടുണ്ട്. ഒരു നെഞ്ചുവേദന വന്നാൽ കാർഡിയോളജി ഡോക്ടറെ തന്നെ സമീപിക്കും ഇ.സി.ജി എടുക്കണം എന്ന നിർബന്ധവുമുണ്ട്. എങ്കിലും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റ് സംസ്ഥാനക്കാരേക്കാൾ കൂടുതൽ അഭിമുഖീകരിക്കുന്നത് മലയാളികളാണുതാനും. അവബോധത്തിനനുസരിച്ചുള്ള ശ്രദ്ധ ആരോഗ്യകാര്യത്തിൽ മലയാളിക്കില്ല എന്നുതന്നെയാണ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്ന്.

കേരളത്തിന്റെ പൈതൃക സ്വത്തായ കൃഷി ഇല്ലാതാകുന്നതിലൂടെ പുറത്തുനിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നു . ഇത്തരം പച്ചക്കറികളിലെ വിഷാംശങ്ങൾ ഹൃദ്രോഗത്തെ ആക്കംകൂട്ടുന്നു. ഇപ്പോൾ യുവതലമുറകളിൽ നിന്നും സ്പോർട്സും ഗെയിംസുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. സാങ്കേതികത വളർന്നതോടെ ആർക്കും വ്യായാമം ചെയ്യാൻ സമയമില്ലാതായി അതേ സമയം ആഹാരം അമിതമായി കഴിക്കുന്നുമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയുന്നതരം വ്യായാമങ്ങൾ മിക്കവരും ചെയ്യുന്നില്ല. നല്ല വ്യായാമങ്ങൾ ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. പുകവലി ഒഴിവാക്കാവുന്നതാണല്ലോ, പ്രമേഹമാണെങ്കിൽ നിയന്ത്രിച്ചുകൊണ്ടുപോകുവാനുമാകും. ചിട്ടയായ ജീവിതരീതിയിലൂടെ നമ്മുടെ ഹൃദയത്തിന്റെ സംരക്ഷണം നമ്മൾ തന്നെ ഉറപ്പുവരുത്തുക.

 

ദർശന ടി .വി

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി . വൈക്കം സെന്റ്. സേവിയേഴ്സിൽ   നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം. ഇപ്പോൾ കോട്ടയം പ്രസ്ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. തെക്കേനീലിയാത്ത് വേണുഗോപാലിന്റെയും ജയശ്രീയുടെയും മകൾ. സഹോദരി:ഐശ്വര്യ

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഓരോരുത്തരുടെയും ആഹാരത്തിന് അളവ് നിശ്ചയിക്കേണ്ടതുണ്ടോ? തീർച്ചയായും ഓരോരുത്തരും കഴിക്കേണ്ട ഭക്ഷണം എത്രയെന്നു അറിഞ്ഞു കഴിക്കുന്നതാണ് ആരോഗ്യകരം. എന്തെന്നാൽ അഗ്നി, അഥവാ ദഹനരസങ്ങൾ പ്രവർത്തിക്കുന്നത് മാത്ര, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുമായി ബന്ധം ഉണ്ട്.

“അന്നേന കുക്ഷേർദ്വാവംശൗ
പാനേനൈകം പ്രപൂരയേത്
ആശ്രയം പാവനാദീനാം
ചതുർത്ഥമവശേഷയേത് ”

അര വയർ ആഹാരം, നാലിലൊരു ഭാഗം വെള്ളം അഥവാ ദ്രവം, ശേഷിക്കുന്നത് വായുസഞ്ചാരത്തിന് എന്നതാണ് സാമാന്യമായ ഒരു അളവ് പറയാവുന്നത്. ആഹാരത്തിന്റ അളവ് കൂടുമ്പോൾ ഉണ്ടാകാവുന്ന ഞെരുക്കം കഴിച്ചവസ്തുവിന്റെ ദഹന പഥത്തിലെ സഞ്ചാരവേഗത കുറക്കാനിടയായാൽ ദഹന തകരാറുകൾക്ക് ഇടയാക്കുന്നത് ഒഴിവാക്കാൻ ആഹാരത്തിന്റെ അളവ് പാലിക്കണം.

ചില ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസം ഉള്ളവയോ, ഏറെ സമയം കൊണ്ടു ദഹിക്കുന്നവയോ ആകാം. അങ്ങനെ ഉള്ളവയെ ഗുരു ഗുണം ഉള്ളതെന്നും എന്നാൽ വേഗത്തിൽ ദഹിക്കുന്നവയെ ലഘുവായവ എന്നും തരം തിരിച്ചു പറയും

“ഗുരൂണാം അർത്ഥസൗഹിത്യം
ലഘൂനാം നാതി തൃപ്തത :”

ദഹിക്കാൻ പ്രയാസമുള്ള ഗുരുത്തം ഉള്ളവ ഒരുവന് ആവശ്യമുള്ളതിന്റെ പകുതിയും, വേഗത്തിൽ ദാഹിക്കുന്ന ലഘുത്വമുള്ളവ അമിത തൃപ്തിക്കിടയാക്കാത്ത അത്രയും മാത്രവും കഴിക്കുകയാണ് വേണ്ടത്.

ഒരുവന് അത്ര ഇഷ്ടമല്ലാത്തവ, അഴുകൽ ചീയൽ വഴുവഴുപ്പ് ഉള്ളതോ ഉണ്ടാക്കാവുന്നതോ ആയവ, ശരിയായി പാചകം ചെയ്യാത്തവയും, ശരിക്ക് വേകാത്തതും, ദഹിക്കാൻ ഏറെസമയം വേണ്ടവയും, ഏറെ തണുപ്പും ചൂടും ഉള്ളതും, രൂക്ഷവും വരണ്ടതുമായതുമായവ, വെള്ളത്തിൽ ഏറെനേരം ഇട്ട് വെച്ചിരുന്നവയും ശരിക്ക് വേണ്ടതുപോലെ ദഹിക്കില്ല. പാകം ചെയ്തു ആറിയ ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്ന രീതി അനാരോഗ്യകരമായാണ് കരുതുന്നത്.
ശോകമൂകമായ അവസ്ഥയിലും ദേഷ്യ പ്പെട്ടിരിക്കുമ്പോഴും വിശപ്പില്ലാത്ത സമയത്തും
ഉള്ള ആഹാരം അജീർണത്തിനിടയാക്കുന്നതായാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.

“അത്യമ്പു പാനാത് വിഷമശ്നാശ്ച
സന്ധരണാത് സ്വപ്ന വിപര്യയത് ച
കാലേപി സാത്മ്യം ലഘു ചാപി ഭുക്തം
അന്നം ന പാകം പചതേ നരസ്യ ”

അമിതമായി വെള്ളം കുടിച്ച ശേഷവും, അകാലത്തിലും അല്പമായും അല്പമായോ അമിതമായോ ഭക്ഷണം കസിക്കുന്നതും, മലമൂത്ര വേഗങ്ങൾ തടയുന്നതും, ശരിയായ ഉറക്കം ഇല്ലാത്തതുമായ ഒരാൾ കാലത്തിനു യോജിച്ചതും ലഘുവായതുമായവ കഴിച്ചാലും വേണ്ടതുപോലെ ദഹിക്കില്ല എന്നാണ് പറയുന്നത്.

മൂന്നു വിധം ആഹാര രീതിയും നിർവചിച്ചിട്ടുണ്ട്. സമശനം അദ്ധ്യശനം വിഷമാശനം എന്നിവയാണവ. പഥ്യം ആയതും പഥ്യമായതുമായവ കൂടിക്കലർന്നുള്ള ഭക്ഷണം സമശനം. ഒരിക്കൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീണ്ടും കഴിക്കുന്നത് അദ്ധ്യശനം. അകാലത്തിലും അല്പമായും അധികമായും ഭക്ഷണം കഴിക്കുന്നത് വിഷമാശനം. ഇവ മൂന്നും മരണ തുല്യമോ മരണ കരണമാകാവുന്നതോ ആയ തരം രോഗങ്ങൾ ക്ഷണിച്ചു വരുത്താവുന്നതായി പറയുന്നു. ആരോഗ്യപരിപാലനത്തിൽ പ്രാധാന്യം ഉള്ള ആഹാരകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാതെ പോകുന്നവർ ഔഷധം ആഹാരമാക്കേണ്ടതായി വരുന്നു.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ജയേഷ് കൃഷ്ണൻ വി ആർ

ഡിമൻഷ്യ രോഗികൾക്ക് ആശ്വാസം നൽകുവാനും, പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരാനും, പഴയ ക്രിസ്തുമസ് ചിത്രങ്ങൾക്ക് സാധിക്കുമെന്ന് നാഷണൽ ഹെൽത്ത് സർവീസിലെ ഡിമൻഷ്യ സ്പെഷ്യലിസ്റ്റ് ആയ പ്രൊഫസർ ആലിസ്റ്റർ ബേൺസ് പറയുന്നു. ഈ ക്രിസ്തുമസ് അവർക്കുള്ളതാകട്ടെ. കുടുംബത്തോടൊപ്പം ഒത്തുകൂടുമ്പോൾ ആഘോഷങ്ങൾ ഒഴിവാക്കി പകരം പഴയ ക്രിസ്തുമസ് ചിത്രങ്ങൾ അവരോടൊപ്പം കാണുകയും അവരോടൊപ്പമുള്ള പഴയ ആൽബങ്ങൾ കാണിക്കുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുമ്പോൾ അവരുടെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും.

ഫാമിലി ഗെയിം കളിക്കുന്നതും പ്രിയപ്പെട്ട കരോളിനൊപ്പം പാടുകയോ ചെയ്യുന്നതും ഒക്കെ ഡിമെൻഷ്യ ബാധിച്ചവരുടെ പഴയ ഓർമകളെ പുതുക്കിയെടുക്കാൻ ഉപകരിക്കും .അവരുടെ വൈകാരികമായ ഓർമ്മകൾ തലച്ചോറിൽ ഉണ്ട്. അതിനെ ഉണർത്താനായി പഴയ ഓർമ്മകൾ പുനർസൃഷ്ടി ക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.അതേസമയം തന്നെ ശാന്തമായ ഒരു മുറി അവർക്ക് വിശ്രമിക്കാൻ ഉണ്ടായിരിക്കണം . അനാവശ്യ ബഹളങ്ങളിൽ നിന്ന് അവരെ പരമാവധി ഒഴിവാക്കി നിർത്തുകയും ചെയ്യണം .

നമ്മുടെ ശരീരത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ ശരീരം പലപ്പോഴും പല ലക്ഷണങ്ങളും കാണിക്കാറുണ്ട് എന്നാല്‍ നാം പലപ്പോഴും ഈ ലക്ഷണങ്ങളെ അത്ര കാര്യമായി പരിഗണിക്കാറില്ല .നമ്മള്‍ ഇങ്ങനെ ശരീരം കാണിക്കുന്ന ലക്ഷങ്ങങ്ങള്‍ അവഗണിക്കുമ്പോള്‍ നമ്മള്‍ ഭാവിയില്‍ വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചു വരുത്തുകയാണ് ചെയുന്നത് .ഇത്തരത്തില്‍ ശരീരം നമുക്ക് കാണിച്ചു തരുന്നതും നമ്മള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ടതുമായ ചില ലക്ഷണങ്ങള്‍ ചുവടെ കൊടുക്കുന്നു .

എപ്പോഴും വളരെ ആക്ടിവ് ആയി ഇരിക്കുന്ന ഒരു വ്യക്തി പെട്ടെന്ന് ഡൗണ്‍ ആയാല്‍ കാര്യമായി എന്തോ ആരോഗ്യപ്രശ്‌നം ഉണ്ടെന്നതു തന്നെയാണ് കാര്യം അതുകൊണ്ട് അങ്ങനെ സംഭവിക്കുകയാണ് എങ്കില്‍ ശരീരം റിഫ്രെഷ് ചെയ്യാന്‍ സമയമായി എന്ന് കരുതിക്കോളൂ.തലവേദന വന്നാല്‍ നാം എല്ലാവരും ഏതെങ്കിലും മരുന്നുകള്‍ കഴിച്ച് അതിനെ ഇല്ലാതാക്കുകയാണ് ചെയുക .എന്നാല്‍ തലവേദന ചിലപ്പോള്‍ പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണം ആകാം ആയതിനാല്‍ സ്ഥിരമായി തലവേദന ഉണ്ടാകുന്നു എങ്കില്‍ വൈദ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് .

ദഹനപ്രശ്‌നങ്ങള്‍ പലതും അമിതമായ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടോ ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ടോ മാത്രമല്ല ഉണ്ടാവുന്നത്. പല പ്രശ്‌നങ്ങളും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ മുന്നോടിയാണ്.സൈനസ് ശ്വാസകോശ പ്രശ്നങ്ങള്‍ സ്ഥിരമായി വരുന്നു എങ്കില്‍ ശരീരത്തില്‍ എന്തെങ്കിലും അണുബാധ ഉണ്ട് എന്നതിന്റെ ലക്ഷണം ആണ് ആയതിനാല്‍ ഒരു ഡോക്റെരെ കണ്ട് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ് .

ശരീരം അമിതമായി വിയര്‍ക്കുക അമിതമായ ക്ഷീണം അനുഭവപ്പെടുക ,ഇവയൊക്കെ ചിലപ്പോള്‍ ഹൃദയ സംബന്ധമായ തകരാറുകള്‍ മൂലവും അതുപോലെ ശരീരത്തിലെ ഷുഗര്‍ നിലയില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ മൂലവും സംഭവിക്കുന്നത്‌ ആയിരിക്കാം ആയതിനാല്‍ ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്റെരെ കണ്ട് ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ് .നാവില്‍ അമിതമായി മഞ്ഞ നിറം കാണുന്നത് നമ്മുടെ ശരീരത്തിലെ ചില രോഗങ്ങളുടെ ലക്ഷണം ആണ് ഒപ്പം അമിതമായി വായ നാറ്റം ഉണ്ടാകുന്നതും ആന്തരിക അവയവങ്ങളിലെ രോഗങ്ങളുടെ ലക്ഷണം ആകാം .

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും വരാന്‍ പോകുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും.ഉറക്കമില്ലായ്മയാണ് പ്രധാന പ്രശ്‌നം. ഇത് ശരീരത്തിന് ആവശ്യത്തിന് വിശ്രമം കിട്ടാത്തതിന്റേയും ശരീരത്തിന്റെ മൊത്തം ആരോഗ്യാവസ്ഥയേയും പ്രതികൂലമായി ബാധിയ്ക്കുന്ന അവസ്ഥയാണ്.

ക്യാന്‍സറാണ് മരണകാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ജീവിത, ഭക്ഷണ ശൈലികളിലെ മാറ്റങ്ങള്‍ ഇന്ന് ഈ രോഗം അതിവേഗം പടരാന്‍ ഇട വരുത്തുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നു പറയാം. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ സുരക്ഷാവലയമായി നില്‍ക്കുന്നതാണ് പ്രധാന കാരണം.

പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ, പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.

ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന:-ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം.

ചോര ചത്ത അടയാളം:-ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചാല്‍ രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം തടസപ്പെടും. ഇത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കും. ഇതും പുരുഷന്മാരിലാണ് കാണുന്നതത്.പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍:-പ്രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക. ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

കടുത്ത ക്ഷീണം:-അതുപോലെ പോലെ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിയ്ക്കണം. ഇത് ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ്.മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന:-മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇതല്ലെങ്കില്‍ മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നതും ഈ ക്യാന്‍സറിന്റെ ലക്ഷണമാകാം.

വൃഷണങ്ങള്‍:-വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസഹങ്ങളോ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഇത്തരം വ്യത്യാസങ്ങള്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നവയാണ്.ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍:-ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പ്രത്യേകിച്ചു നിറംമാറ്റം പോലുള്ളവ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. പ്രത്യേകിച്ച് 50 വയസു പിന്നിട്ട പുരുഷന്മാരില്‍.

വായിലുണ്ടാകുന്ന വ്രണങ്ങള്‍:-വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തത്, ഇവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍ ഇതുകണ്ടാൽ ഡോക്ടറെ കാണാൻ മറക്കരുത്.മാറാത്ത ചുമ:-തുടര്‍ച്ചയായ, മാറാത്ത ചുമ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത്തരം ചുമയുണ്ടെങ്കില്‍ ഇത് അവഗണിയ്ക്കരുത്.

മലത്തിലെ രക്തം:-മലത്തിലെ രക്തം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എന്നാല്‍ ഇതല്ലാതെ പൈല്‍സ്, മലബന്ധം, മലദ്വാരത്തിലെ മുറിവുകള്‍ എന്നിവയും ഇതിനു കാരണമാകാം.തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന:-തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന, പ്രത്യേകിച്ച് അടിവയറ്റില്‍, ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഇത് ലുക്കീമിയ, ഈസോഫാഗല്‍, ലിവര്‍, പാന്‍ക്രിയാസ്, കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

വിറയലോടു കൂടിയ കടുത്ത പനി:-വിറയലോടു കൂടിയ കടുത്ത പനി ഇടയ്ക്കിടെ വരുന്നതാണ് ലുക്കീമിയയുടെ പ്രാരംഭലക്ഷണം. ഈ ലക്ഷണം അവഗണിയ്ക്കരുത്.തുടർച്ചയായുണ്ടാകുന്ന പുറം വേദന:-പുറംവേദന ക്യാൻസറിന്റെ ലക്ഷണമാകാം. ഉദാഹരണത്തിന്, പ്രോസ്ട്രേറ്റ് ക്യാൻസർ എല്ലുകളെ എളുപ്പത്തിൽ ബാധിക്കും. പ്രത്യേകിച്ച് പുറം ഭാഗത്തുള്ള അസ്ഥികളെ. അത് പുറംവേദനയുണ്ടാക്കും.

ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബകലഹങ്ങളുണ്ടാകുന്ന നാട് ഒരുപക്ഷേ അമേരിക്കയായിരിക്കും. ഇതില്‍ മാനസികമായി മാത്രമല്ല, ശാരീരികമായും പരിക്കേല്‍ക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ്. കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ശരാശരി 40 ലക്ഷം സ്ത്രീകള്‍ക്കാണ് വര്‍ഷത്തില്‍ വീട്ടിലെ പുരുഷന്മാരില്‍നിന്നും പരിക്കേല്‍ക്കുന്നത്. പതിനഞ്ചു വയസ്സിനും നാല്‍പ്പത്തിനാല് വയസ്സിനും മധ്യേയുള്ളവരാണ് ഇതിന്‍റെ ഇരകള്‍.

സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യവും പദവിയും എന്നൊക്കെയാണ് പറച്ചിലെങ്കിലും സ്ത്രീക്ക് എന്നും രണ്ടാംകിട സ്ഥാനമേ ലഭിക്കാറുളളൂ എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യം. നമ്മുടെ ഈ കൊച്ചു കേരളത്തിലും സ്ത്രീകളുടെ സ്ഥിതി ഇതൊക്കെതന്നെയാണല്ലോ.

പുരുഷനുമായുള്ള സ്ത്രീയുടെ ഇടപഴകല്‍ എല്ലാ അര്‍ത്ഥത്തിലും അവളുടെ ആയുസ്സുകുറയ്ക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്മാരെ ആകാവുന്നതും അകറ്റി നിര്‍ത്തണമെന്ന് പഠനഫലങ്ങള്‍ ഉപദേശിക്കുന്നു. പകരം സ്ത്രീകള്‍ തമ്മിലുള്ള ഗാഢസൗഹൃദം ദീര്‍ഘായുസുവര്‍ദ്ധിപ്പിക്കുക മാത്രമല്ല സുന്ദരികളുമാക്കുമത്രെ!

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ നരവംശ- സാമൂഹിക- ശാസ്ത്ര സംഘമാണ് സ്ത്രീകള്‍ക്ക് സ്ത്രീകള്‍തന്നെ കൂട്ടായാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്ന കണ്ടെത്താലുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനാറു പേരടങ്ങുന്ന ഗവേഷകസംഘത്തില്‍ പതിമൂന്നു പേരും പുരുഷന്മാരായിരുന്നുവെന്നതും ഓര്‍ക്കണം. എന്തായാലും പഠനഫലങ്ങള്‍ പുരുഷന്മാര്‍ക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് ഉടന്‍ വന്ന പ്രതികരണങ്ങളില്‍നിന്ന്‍ വ്യക്തമാകുന്നത്.

സ്നേഹിതകള്‍ തമ്മിലുള്ള അടുപ്പം മാനസികസമ്മര്‍ദ്ദം കുറയ്ക്കുമെന്നതാണ് ആയുസ്സുവര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ പരസ്പരം സൗഹൃദം ദൃഢമാക്കുമ്പോള്‍ മനസ്സില്‍ താരതമ്യേന ശാന്തത വര്‍ദ്ധിക്കുമെന്ന് ശാസ്ത്ര സംഘത്തിലുണ്ടായിരുന്ന ഡോ. പീറ്റര്‍ സണ്‍മെര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ഇത് രക്തസമ്മര്‍ദ്ദത്തേയും മറ്റ് പാര്‍ശ്വ ദുര്‍ഫലങ്ങളേയും ഒഴിവാക്കും. സ്ത്രീകള്‍ തമ്മിലുള്ള ദൃഢസൗഹൃദം ഇവരില്‍ ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാണ്.

ഇത് മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതാണ്. കൂടുതല്‍ ശാന്തമായ മാനസികാവസ്ഥ കൈവരിക്കാന്‍ ഇതുമൂലം കഴിയുന്നു.ഓക്സിറ്റോസിന്‍ ഉല്പാദനത്തിന്‍റെ വര്‍ദ്ധനവ് അനുസരിച്ച് കൂടുതല്‍ സ്നേഹിതകളുമായി കൂട്ടുകൂടാനുള്ള ഒരു ത്വരയുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ചിലപ്പോള്‍ ലെസ്ബിയനിസത്തിലേക്ക് (സ്വവര്‍ഗരതി പ്രേമത്തിലേക്ക്) നയിച്ചേക്കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. സ്വന്തം ലിംഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇത്തരക്കാര്‍ക്ക് താല്‍പര്യം കൂടുമെന്നാണ് നിരീക്ഷണങ്ങളില്‍നിന്നും ശാസ്ത്രസംഘത്തിന് മനസ്സിലായത്‌.

എന്നാല്‍ ഈ പഠനറിപ്പോര്‍ട്ടിലൂടെ സ്ത്രീകളെ വഴിതെറ്റിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നതെന്ന വാദവുമായി അമേരിക്കയില്‍ പുരുഷകേസരികള്‍ ഇളകിക്കഴിഞ്ഞു. പുരുഷന്‍ സ്ത്രീക്ക് താങ്ങും തണലുമായി നില്‍ക്കണമെന്നും അതുവഴി വംശവര്‍ധനയും നിലനില്പും ഉണ്ടാവണമെന്നും പഠിപ്പിക്കുന്ന മതമേലാളരും യാഥാസ്ഥിതിക ചിന്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പക്ഷേ എതിരഭിപ്രായവും പ്രതിക്ഷേധവുമായി എത്തുന്നവരോട് തല്ക്കാലം ഒന്നും മിണ്ടേണ്ടതില്ല എന്താണ് ഗവേഷണസംഘത്തിന്‍റെ തീരുമാനം. കാരണം ഇവര്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളില്‍ മുഴുകിയിരിക്കയാണ്. ഇനിയും പുറത്തുവരാനിരിക്കുന്ന ഫലങ്ങള്‍ പുരുഷന്മാര്‍ക്ക് ഇതിനേക്കാള്‍ കനത്ത പ്രഹരമായിരിക്കുമെന്നും സുചനയുണ്ട്.

ലോകം ആരംഭം മുതലേ പുരുഷന്‍റെ കൈപ്പിടിക്കുള്ളിലാണെന്നാണ് ഭാവം. അത് അമേരിക്കയിലായാലും ഏഷ്യയിലായാലും വലിയ പുരോഗമനം പ്രസംഗിക്കുന്നവര്‍ക്കിടയിലായാലും ഒരുപോലെതന്നെ. ലോകത്തെവിടെയും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പുരുഷനാലാണ്. സ്ത്രീയുടെ ഭൂരിഭാഗം ദുരന്തങ്ങള്‍ക്കു പിന്നിലും പുരുഷന്‍റെ പങ്കുണ്ട്. ശാസ്ത്രസംഘത്തിന്‍റെ പുതിയ കണ്ടെത്തലില്‍ അതിശയോക്തിയൊന്നുമില്ലെന്നും ലോകാരംഭം മുതല്‍ ഈ പ്രശ്നങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതാണെന്നും കാണാന്‍ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ക്ക് ഇടമില്ലെന്നാണ് സ്വതന്ത്ര ചിന്തകള്‍ പറയുന്നത്.

ഗവേഷണസംഘത്തില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നിട്ടും, ഗവേഷണത്തിലെ സത്യസന്ധമായ വിവരങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിച്ചതില്‍ സ്ത്രീ സംഘടനകള്‍ പുരുഷസംഘാംഗങ്ങളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ജീവിതം ആരോഗ്യകരമാക്കാൻ, ആയുരാരോഗ്യ സൗഖ്യം പകരുന്ന ദിനചര്യ ശീലമാക്കണം. ജീവിത ശൈലീരോഗങ്ങൾ എന്നൊരു ചിന്ത ആധുനിക കാലഘട്ടത്തിൽ ഏറെ അംഗീകരിക്കുന്നു. ഒട്ടേറെ രോഗങ്ങൾ ഇന്ന് ജീവിതശൈലീ രോഗങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ അകറ്റി നിർത്താൻ ജീവിതശൈലീ ക്രമീകരണം കൊണ്ട് മാത്രമേ സാധ്യമാകു.

ഉത്തമ ദിനചര്യ പാലിക്കാൻ ആയുർവ്വേദം നിർദേശിക്കുന്നത് ഇക്കാരണത്താലാണ്. ഉദയം മുതൽ അടുത്ത ഉദയം വരെ ഒരുദിവസം എങ്ങനെ എന്തെല്ലാം ചെയ്യണം എന്നതാണ് ദിനചര്യയിൽ പറയുന്നത്.

ശുചിത്വ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. രാവിലെ സൂര്യദായത്തിനു മുൻപ് അഞ്ച് മണിയോടെയെങ്കിലും ഉണരുക. സ്വയം അപഗ്രഥനം ആണ് ആദ്യം. കഴിഞ്ഞുപോയ ദിവസം, അന്ന് കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടോ? ഇന്നലെ എങ്ങനെ എന്തെല്ലാം നടന്നു എന്നും അപഗ്രഥിക്കാവുന്നതാണ്. വയറിനു അയവ് ഘനം കുറയുക, വയ്ക്ക് രുചി, ഉദ്ഗാരത്തിലും കീഴ്ശ്വാസത്തിനും ഗന്ധം ഇല്ലായ്‌ക, വിശപ്പ് തോന്നുക എന്നിവയൊക്കെ ആഹാരം ദഹിച്ചതിന്റേതായ ലക്ഷണങ്ങൾ ആകുന്നു. മലമൂത്ര വിസർജനം ചെയ്തു ശരീരശുദ്ധി
വരുത്തിയ ശേഷം ദന്തശുദ്ധിക്കായി പല്ല് തേയ്ക്കണം.

കായ്പൊ ചവർപ്പോ രുചിയുള്ള കമ്പുകൾ അഗ്രംചതച്ച് മുകളിലേക്കും താഴേക്കും ആയി പല്ലുകളിൽ ഉരസിയാണ് ദന്തശുദ്ധിവരുത്തേണ്ടത്. പല്ല് തേക്കുമ്പോൾ ദന്തമൂലങ്ങൾ, ഊനുകൾക്കു കേടു വരാതെയാവണം തെക്കുവൻ. നാക്കിൽ അടിയുന്നവ ഈർക്കിൽ, മാവിലയുടെ നടുവിലെ കട്ടിയുള്ള ഭാഗം എന്നിവ കൊണ്ടു വടിച്ചുകളയണം.

വായ് നിറച്ചു വെള്ളം നിർത്തിയും, കുലുക്കി ഉഴിഞ്ഞും വായ് വൃത്തിയാക്കുകയാണ് വേണ്ടത്. പല്ലുകൾ തേയ്ക്കാനാവാത്തവർ പലവട്ടം വായ് കഴുകിയാലും മതിയാകും. കണ്ണുകളുടെ ആരോഗ്യരക്ഷയെ കരുതി, കണ്ണുകളിൽ ഔഷധ സിദ്ധമായ അഞ്ജനം എഴുതേണ്ടതാണ്.
ശരീര ക്ഷീണം അകറ്റാനും, ശുചിത്വ പരിപാലനത്തിനും, ചർമ്മ സൗന്ദര്യത്തിനും, ജരാനരകൾ അകറ്റി ആരോഗ്യം നിലനിർത്താനും, സന്ധികൾക്കും പേശികൾക്കും ഉണ്ടാകാവുന്ന വേദനകൾ മാറ്റാനും അഭ്യംഗം ചെയ്യണം. ശരീര പ്രകൃതിക്കനുസൃതമായ ആയുർവേദ തൈലം ദേഹമാകെ പുരട്ടി തിരുമ്മി ചൂട്‌ വെള്ളത്തിൽ ദേഹം കഴുകാനാണ് വിധിച്ചിട്ടുള്ളത്. തലയിലും ഉള്ളംകാലിലും കയ്യിലും ചെവികളിലും എണ്ണ തേയ്ക്കുവാൻ മറക്കരുത്. തല കഴുകുന്നത് ചൂടില്ലാത്ത വെള്ളത്തിൽ ആവണം.

പുറമെയും അകമേയും ശുദ്ധിവരുത്തിയ ശരീരമനസ്സോടെയുള്ള ഒരുവന് വിശപ്പുണ്ട് എങ്കിൽ പ്രാതൽ, പ്രഭാത ഭക്ഷണം ആകാം. ഷഡ്രസ സമ്പന്നമായ ആഹാരമാണ് സമീകൃത ആഹാരമായി കരുതുന്നത്. ദേശകാലാവസ്‌ഥ അനുസരിച്ചുള്ള ഭക്ഷണം ആയിരിക്കും ഉചിതം.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

RECENT POSTS
Copyright © . All rights reserved