വെങ്ങാനൂർ കോളിയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മൃഗീയ ആക്രമിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തവും തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി എസ് ദാസ് ആണ് ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി എന്ന അനിൽ കുമാറിന് വധശിക്ഷയും രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചത്.
കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞ കേസിൽ ഇന്നലെയാണ് കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി വിലയിരുത്തി. 2016 ജൂലൈ ഏഴിന് പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. വെളുപ്പിന് രണ്ടു മണിയോടെ കോളിയൂർ ചാനൽക്കരയിലെ മര്യദാസൻ എന്നയാളിന്‍റെ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ പ്രതികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസൻറെ തല അടിച്ച് തകർത്ത് കൊലപ്പെടുത്തിയശേഷം അടുത്തു കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ചുറ്റിക കൊണ്ടും പാര കൊണ്ടും തലയ്ക്കടിച്ചു ബോധംകെടുത്തി.
തുടർന്നാണ് ഒന്നാം പ്രതി അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തിയത്. അവർ അണിഞ്ഞിരുന്ന താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണ കുരിശുകളും കവർച്ചചെയ്ത ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷവും ഇപ്പോഴും ഒർമ്മ ശക്തി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിട്ടുണ്ട്.
തലസ്ഥാന നഗരിയെ പിടിച്ചുലച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാഹചര്യതെളിവുകളും കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതും കൊലപാതകത്തിനുപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തിയതും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതി തമിഴ്നാട്ടിലെ ജ്വല്ലറിയിൽ വില്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയും കേസ് തെളിയക്കുന്നതിൽ നിർണ്ണായകമായി. ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരമാണ് ഒന്നാം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അഭിഭാഷകരായ എസ് ചൈതന്യ സുഭാഷ്, ഉണ്ണികൃഷ്ണൻ, അൽഫാസ് എന്നിവർ ഹാജരായി.
ഭിന്നിച്ചുനിന്ന ജെഎസ്എസ് പാർട്ടികൾ ഒന്നിച്ചു. ഗൗരിയമ്മയുടെ ജെ.എസ്.എസിൽ രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ലയിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആലപ്പുഴയിൽ നടന്ന ലയനസമ്മേളനത്തിൽ ഗൗരിയമ്മ പങ്കെടുത്തില്ല.
ഗൗരിയമ്മയുമായി തെറ്റിപ്പിരിഞ്ഞ ശേഷം, ആദ്യം UDFലും പിന്നീട് NDA യിലും കയറിയിറങ്ങിയാണ് രാജൻ ബാബുവും സംഘവും മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. ഇനി രണ്ടു JSS ഇല്ല. ഗൗരിയമ്മയെ തന്നെ നേതാവായി അംഗീകരിച്ചു രാജൻ ബാബു പക്ഷം.
അഞ്ചു വർഷം മുൻപാണ് പാർട്ടി പിളർന്നത്. പാർട്ടീ രൂപീകരണത്തിന്റെ ഇരുപത്തി അഞ്ചാം വർഷത്തിലാണ് ഒന്നുചേരൽ. പാർട്ടി പിളർപ്പിന്റെ കാലത്ത് ഗൗരിയമ്മയ്ക്കെതിരെ നൽകിയ കേസുകളും ലയനത്തിനു മുന്നോടിയായി മറുപക്ഷം പിൻവലിച്ചിരുന്നു. ഗൗരിയമ്മ ഇപ്പോൾ പുലർത്തുന്ന, ഇടതുപക്ഷ അനുകൂല രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് ഇരുപക്ഷങ്ങളും തീരുമാനിച്ചിരിക്കുന്നത്
പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലില്‍ ‘അമ്മ’ വേഷം ചെയ്യുന്ന 61കാരിയായ നടിയാണ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് കായംകുളം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം
61കാരിയായ നടിയെ 37കാരനായ യുവാവ് സ്മാര്‍ട്ട് ഫോണ്‍ നല്‍കി കെണിയില്‍ വീഴ്‌ത്തിയെന്നതും പിന്നീട് ഹോട്ടലിലും വീട്ടിലുംവച്ചെല്ലാം നിരന്തരം പീഡിപ്പിച്ചുവെന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല, ഈ യുവാവ് എവിടത്തുകാരനാണെന്ന് പോലും നടിക്ക് അറിയില്ലയെന്നത് പൊലീസിനെ പോലും ഞെട്ടിച്ചുകളഞ്ഞു. യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയതെന്നാണ് നടിയുടെ മൊഴി. ബലാത്സംഗ കുറ്റം നിലനില്‍ക്കുമോ എന്ന ആശങ്ക പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും തന്നെ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, ഇത്തരത്തില്‍ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടിയുമായി നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. യുവാവുമായി ഏറെ അടുത്തെങ്കിലും ഊരും പേരും തിരക്കാതെയാണ് ഇയാളുമായി ഇടപെട്ടതെന്നത് പൊലീസിനെപോലും അമ്പരപ്പിച്ചിരിക്കുന്നത്. തന്റെ അശ്ലീല ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടാണ് ജനപ്രിയ സീരിയലിലെ ‘അമ്മ നടി’ പരാതിയുമായി കായംകുളം പൊലീസിനെ കണ്ടത്. അതേസമയം, പരാതിയില്‍ യുവാവിന്റെ പേരും വിലാസവും ഉള്‍പ്പെടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞതുമില്ല. ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം കാണാമെന്നതിനാല്‍ യുവാവ് തന്നെ ആയിരിക്കില്ല ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് സൈബര്‍ വിദഗ്ധരും പറയുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സര്‍വീസ് സെന്ററില്‍ കൊടുത്തപ്പോഴോ മറ്റോ ആയിരിക്കും അവ കോപ്പി ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഏതായാലും യുവാവ് വന്‍ ചതിയാണ് ചെയ്തതെന്ന നിലയിലാണ് നടിയുമായി അടുപ്പമുള്ളവര്‍ വിലയിരുത്തുന്നത്. യുവാവിന്റെ ചതി അമ്മ നടിയെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു. സീരിയല്‍ നടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെയാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയത്. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് യുവാവ് നടിയുമായി ബന്ധം സ്ഥാപിച്ചതും പിന്നെ അത് പീഡനത്തിലേക്ക് വളര്‍ന്നതുമെന്നാണ് നടി വെളിപ്പെടുത്തിയിട്ടുള്ളത്. പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി അടുപ്പം സ്ഥാപിച്ചുവെന്നും പലവട്ടം പീഡിപ്പിച്ചുവെന്നും പറയുമ്പോളും യുവാവിന്റെ പൂര്‍ണ വിവരങ്ങള്‍ അമ്മ നടിയുടെ പക്കലില്ല. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങള്‍ യുവാവിനെക്കുറിച്ച് ഇവര്‍ക്ക് നല്‍കാനായില്ല.
ഡിസംബര്‍ മുതല്‍ പീഡനം നേരിട്ടതായാണ് ഇവര്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. ഹോട്ടല്‍ മുറിയിലും വീട്ടിലും അതിക്രമിച്ച് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് നടി പറയുന്നത്. തന്റെ അനുവാദം കൂടാതെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നും നടിയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്. യുവാവുമായി അടുക്കുമ്പോളും യുവാവിന്റെ ഊരും പേരും ശരിയായി മനസിലാക്കുന്നതിലും സീരിയല്‍ നടിക്ക് തെറ്റുപറ്റി. നടിയുടെ പരാതിയില്‍ നിന്ന് യുവാവിനെക്കുറിച്ച് പലതും ഗണിച്ചെടുക്കേണ്ട അവസ്ഥയിലാണ് പൊലീസ്. യുവാവ് ഗള്‍ഫിലാണ് എന്ന് മാത്രമാണ് പൊലീസിന് അറിയാവുന്നത്.
അതുകൊണ്ട് തന്നെ ഗള്‍ഫിലുള്ള യുവാവിനെ അവിടെ നിന്ന് പൊക്കുന്നതിനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്. അതിനായി ഉടന്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇവര്‍ പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. ഗള്‍ഫില്‍ നിന്നാണ് സീരിയല്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രതിയായ എറണാകുളം സ്വദേശി സിയ പ്രചരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി ആദ്യം പറഞ്ഞത് പ്രതി സിയ മലപ്പുറത്ത് ആണെന്നാണ്. പിന്നെ പറഞ്ഞത് എറണാകുളത്ത് ആണെന്നാണ്. പക്ഷെ മലപ്പുറത്ത് എവിടെ, എറണാകുളത്ത് എവിടെ എന്നൊന്നും അമ്മ നടിക്ക് അറിയില്ല. ഈ അന്വേഷണമാണ് പ്രതി ഇപ്പോള്‍ ഗള്‍ഫിലാണ് എന്ന രീതിയിലേക്ക് എത്തിയത്. പ്രതി ബലാത്സംഗം ചെയ്തു എന്ന് പരാതിയില്‍ പറയുന്നതിനാല്‍ ബലാത്സംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേസമയം അമ്മനടി കായംകുളം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ അശ്‌ളീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇരട്ടി വേഗത്തില്‍. വാട്‌സ് ആപ് ഗ്രൂപ്പുകളിലും ടെലഗ്രാഫ് ഗ്രൂപ്പുകളിലുമാണ് നടിയുമായി ബന്ധപ്പെട്ട നാല് അശ്‌ളീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യം സോഷ്യല്‍മീഡിയയില്‍ നല്‍കിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. നാല് വീഡിയോകളില്‍ ഒന്ന് വാട്‌സ്‌ആപ് വീഡിയോ കോളില്‍ സ്വയം നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണെന്നും അതിനാല്‍ തന്നെ നടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവുമായി ബന്ധപ്പെടുന്നതെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ പലരും ചൂണ്ടിക്കാട്ടുന്നു.
ഏതായാലും 61കാരിയായ അമ്മ നടി ഇത്തരത്തില്‍ ഒരു പരാതി നല്‍കിയതോടെ വെട്ടിലായത് ഇവര്‍ അഭിനയിക്കുന്ന പ്രശസ്ത സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും ചാനലുകാരുമാണ്. എന്നാല്‍ ഇത്തരമൊരു പരാതി നല്‍കിയതിന്റെ പേരില്‍ നടിയെ ഒഴിവാക്കിയാല്‍ വിഷയം കൂടുതല്‍ ചര്‍ച്ചയാകും. ഇതോടെ വലിയ ആശയക്കുഴപ്പത്തിലാണ് ചാനലും സീരിയലിന്റെ പിന്നണിക്കാരും.
ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റിലായി.കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. വീടുകള്‍ തോറും കമ്പിളിപുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദിനെ കൊട്ടാരക്കര പൊലീസ് പിടികൂടി. സംഘത്തില്‍ നാല് പേരുണ്ടെന്നും ബാക്കി മൂന്ന് പേരെ പിടികൂടാന്‍ ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു.
അധോലോക ഡോൺ രവി പൂജാരിയുടെ ഭീഷണിയിൽ നിന്ന് രക്ഷപെടാൻ കൊച്ചിയിലെ ബ്യൂട്ടി പാർലറുടമ ലീന മരിയ പോൾ പലവട്ടം ഒളിച്ചുകളിച്ചതിന് തെളിവ്. മൊബൈൽ ഫോൺ നമ്പര്‍ മാറ്റിയപ്പോൾ സ്ഥാപനത്തിന്റെ ഫോൺ നമ്പറുകളിലേക്ക് വിളിയെത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടിൽ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയത്. പൂജാരിയുടെ ഫോൺകോൾ ശബ്ദരേഖ പ്രമുഖ ദൃശ്യമാധ്യമം പുറത്തു വിട്ടത്
രവി പൂജാരിയുടെ വിളിയിലെ സംഭാഷണം ഇങ്ങനെ:
ലീന മരിയ: സർ അവർ വിദേശത്താണ്, മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്തും
പൂജാരി: വിദേശത്ത് എവിടെ?
ലീന മരിയ: ദുബായിൽ പോയതാണ്
പൂജാരി: ദുബായിൽ?
ലീന മരിയ: അതെ സർ
പൂജാരി: ഒരുകാര്യം ചെയ്യൂ, അവരുടെ ദുബായ് നമ്പര്‍ എനിക്ക് തരൂ
ലീന മരിയ: ദുബായ് നമ്പർ ഞങ്ങൾക്ക് അറിയില്ല. ഇങ്ങോട്ട് വിളിക്കുമ്പോൾ താങ്കളുടെ കാര്യം പറയാം
പൂജാരി: ഇത് വളരെ ഗൗരവമുള്ള വിഷയമാണ്, ഗൗരവമുള്ള കേസാണ്
ലീന മരിയ: സർ ഞാൻ മാനേജർ മാത്രമാണ്, നമ്പർ എനിക്കറിയില്ല, മറ്റ് കാര്യങ്ങളൊന്നും എനിക്കറിയില്ല
ഈ സംസാരിച്ചത് ലീന മരിയ തന്നെയായിരുന്നു. എന്നാൽ ഭീഷണിയിൽ നിന്നൊഴിയാൻ മാനേജര്‍ എന്ന വ്യാജേന സംസാരിച്ചതാണ്. ലീന സ്ഥലത്തില്ലെന്ന് പറഞ്ഞിട്ടും വിടാൻ തയ്യാറില്ലായിരുന്നു പൂജാരി.
പൂജാരി: മാനേജർ ആണോ? എന്താണ് പേര്?
ലീന മരിയ: അഞ്ജലി
പൂജാരി: മുഴുവൻ പേര്?
ലീന മരിയ: അഞ്ജലി മേത്ത
പൂജാരി: മേത്ത? അപ്പോൾ ഗുജറാത്തിയാണോ?
ലീന മരിയ: സർ എന്റെ അച്ഛൻ ഗുജറാത്തിയും അമ്മ ബോംബെക്കാരിയുമാണ്
പൂജാരി: ബോംബെയിൽ എവിടെ
ലീന മരിയ: ഖാറിൽ
ഇക്കഴിഞ്ഞ നവംബർ ആദ്യവാരം മുതൽ ഡിസംബർ അവസാനം വരെ ലീന മരിയ പോളിനെ തേടി രവി പൂജാരിയുടെ വിളികൾ എത്തിക്കൊണ്ടിരുന്നു. 25 കോടി രൂപയെന്ന ആവശ്യം കടുപ്പിച്ചതോടെ ലീന മൊബൈല്‍ ഫോൺ നമ്പർ മാറ്റി. അതോടെ നെയിൽ ആർടിസ്ട്രിയെന്ന പാർലറിലെ ഫോൺ നമ്പറിലേക്ക് ലീനയെ തേടി വിളിയെത്തി.ഫോണിൽ റെക്കോർഡർ ഇല്ലാത്തതിനാൽ താൻ നേരിട്ട് സംസാരിച്ച ആദ്യ വിളികൾ റെക്കോര്‍ഡ് ചെയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലീന മരിയ പോളിന്റെ മൊഴി. മാത്രവുമല്ല വിളിക്കുന്നത് രവി പൂജാരി തന്നെയാണെന്ന് വിശ്വസിക്കാൻ അന്ന് മറ്റ് തെളിവൊന്നും ഉണ്ടായില്ല.
കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ നേതൃപ്രതിസന്ധി പരിഹരിക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് എം. കെ.എം മാണി വഹിച്ചിരുന്ന സുപ്രധാന പദവികള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറാനാകും ആദ്യഘട്ടത്തില്‍ തീരുമാനമുണ്ടാവുക. പിന്നീടാവും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍. സുപ്രധാന സ്ഥാനങ്ങള്‍ക്കായുള്ള മത്സരം കേരള കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് സൂചന.
വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. തോമസ് ചാഴിക്കാടന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ്. കെ മാണി വരണമെന്ന് നിര്‍ദേശിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പി.ജെ. ജോസഫ് ഗ്രൂപ്പ് ഇടയും. പി.ജെ ജോസഫിന് മാണി അര്‍ഹിച്ച പരിഗണന നല്‍കിയിരുന്നില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മാണിയുടെ വിയോഗിത്തോടെ പി.ജെ ജോസഫ് പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നേതാവാകുകയും ചെയ്തു.
പി.ജെ ജോസഫ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തിനായി അവകാശമുന്നയിച്ചാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തീര്‍ച്ചയാണ്. ജോസഫിനെ പിന്തുണക്കാന്‍ പാര്‍ട്ടിയിലെയും യു.ഡി.എഫിലെയും ഒരുവിഭാഗം കരുനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭ സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്ന പിളര്‍പ്പ് ഒഴിവാക്കി മുന്നണിമര്യാദ പൂര്‍ണമായും പാലിച്ച ജോസഫിനെ നേതൃസ്ഥാനത്ത് അവരോധിക്കാനാണ് പ്രബല വിഭാഗത്തിന് താല്‍പര്യം.
കോഴിക്കോട്ടെ തെരെഞ്ഞെടുപ്പ് പരിപാടിയിൽ പ്രധാന മന്ത്രി മോദിജിയോടൊപ്പം വേദി പങ്കിട്ട് ജനപക്ഷം നേതാവ് പിസി ജോർജ് . കോഴിക്കോട് കടപ്പുറത്ത് ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിൽ തന്നെ ഇടംപിടിക്കുകയായിരുന്നു .
പ്രധാനമന്ത്രി എത്തും മുന്‍പായി റാലിയില്‍ പങ്കെടുത്തു സംസാരിച്ച പിസി ജോര്‍ജ് അതിരൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫിനും യുഡിഎഫിനും നേര്‍ക്ക് ഉന്നയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയേയും എന്‍ഡിഎ മുന്നണിയേയും ജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വിജയിച്ചു കഴിയുമ്പോള്‍ താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്ന് പി.സി. ജോര്‍ജ്. വരുന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി വിജയിച്ചു കഴിഞ്ഞുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ തനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്ബിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബി.ജെ.പി മത്സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ തയാറല്ലെന്നും പി.സി വ്യക്തമാക്കി
പിസി ജോര്‍ജിന്റെ വാക്കുകള്‍…
ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും. കേരളത്തിലെ എല്ലാം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും സീറ്റുകള്‍ പിടിച്ചടിക്കാന്‍ നമ്മുക്ക് സാധിക്കണം. അതിനപ്പുറം 2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും അന്ന് ഈ പാര്‍ട്ടിയില്‍ നിന്നുള്ള ആളാവാണം കേരള മുഖ്യമന്ത്രി ആവേണ്ടത്. വേദിയിലിരിക്കുന്ന ഈ നേതാക്കളല്ല സദസ്സിലിരിക്കുന്ന പ്രവര്‍ത്തകരാണ് ബിജെപിക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടത്.
നിയമസഭയില്‍ ഇത്രയും കാലം എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ ഒ.രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇനി കൂടെ ഞാനുണ്ടാവും. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന പരിപാടിയാണ് ഇത്രയും കാലം നടന്നു കൊണ്ടിരുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ലീഗും കൂടി ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇനി അതു നടപ്പില്ല. രാജേട്ടനൊപ്പം എന്‍ഡിഎയെ പ്രതിരോധിക്കാന്‍ ഞാനും കൈകോര്‍ക്കുകയാണ്. ഇനി ഗോളടിക്കാന്‍ വരുന്നവന്റെ ചങ്കിലെ മര്‍മ്മം നോക്കി തിരിച്ചടിക്കും. 44 സീറ്റുണ്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്. ദയവ് ചെയ്ത് അയാള്‍ക്കൊരു പ്രതിപക്ഷനേതാവ് സ്ഥാനം കൊടുക്കണം. പ്രതിപക്ഷത്തിരുന്ന് അവര് കാര്യങ്ങള്‍ പഠിക്കട്ടെ. അതേസമയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി വളരാന്‍ വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ശബരിമലയിലേത് ആചാര സംരക്ഷണത്തിന്റെ പ്രശ്‌നമാണ്. ഇവിടെ പ്രധാന വിഷയം അതാണ്. പക്ഷേ അതേക്കുറിച്ച് ഇവിടെ മിണ്ടാന്‍ പാടില്ല. പന്തളം കൊട്ടാരത്തില്‍ ജനിച്ച അയ്യപ്പന്‍ യഥാര്‍ത്ഥ്യമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ പതിനാറ് പിണറായി വിജയന്‍ വിചാരിച്ചാലും നടക്കില്ല. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വോട്ടിന് പകരം ആട്ടാവും രാഹുലിന് വയനാട് കിട്ടുക. ബിജെപിയുടെ പ്രകടന പത്രികയില്‍ ആചാരസംരക്ഷണം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാണ്യവിളയായ റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചത് മോദി സര്‍ക്കാരാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ മധ്യകേരളത്തിലെ കര്‍ഷകര്‍ എതിര്‍ത്താല്‍ അത് നന്ദിക്കേടാവും.
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്കു മാവോസിയ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്‌റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ് . റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്‌തമാക്കാന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദേശം. മണ്ഡലത്തില്‍ തുഷാറിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഉത്തരമേഖലാ എ.ഡി.ജി.പി: ഷേക്ക് ദര്‍വേഷ് സാഹിബ് തീരുമാനിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ദേശീയപ്രാധാന്യവും മാവോയിസ്‌റ്റ് നീക്കത്തിനു പിന്നിലുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മണ്ഡലത്തില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതു പോലീസിനെ വലയ്‌ക്കുന്നു. വയനാട്ടില്‍ പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും ഭീഷണിയുണ്ട്.
തിരഞ്ഞെടുപ്പിൽ ശക്തമായ മൽസരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വിവാദങ്ങളിലും പോരാട്ടത്തിലും അടുത്തിടെയായി ഇൗ മണ്ഡലം നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ വേറിട്ട ഒരു കാഴ്ച സമ്മാനിക്കുകയാണ് സ്ഥനാർഥികൾ. പ്രചാരണത്തിനിടെ കണ്ടുമുട്ടിയ ശശി തരൂരിന്റെയും കുമ്മനത്തിന്റെയും പ്രവൃത്തികൾ പോരാട്ടത്തിനപ്പുറമുള്ള ജനാധിപത്യത്തിന്റെ കാഴ്ചകൂടെയായി.
തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കഴക്കൂട്ടം ചന്തവിളയിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെയും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെയും വാഹനങ്ങൾ നേർക്കുനേർ എത്തിയത്. അടുത്ത നിമിഷം തരൂർ തന്റെ തോളിൽ കിടന്ന ത്രിവർണ ഷാൾ ചുരുട്ടി കുമ്മനത്തിന്റെ വാഹനത്തിലേക്ക് എറിഞ്ഞുകൊടുത്തു. പകരം തന്റെ കൈവശമുള്ള താരമപ്പൂവ് കുമ്മനം തിരിച്ചെറിഞ്ഞതോടെ ഇരുഭാഗത്തെയും അണികൾക്കും ആവേശമായി. തരൂർ തന്റെ പക്കലുണ്ടായിരുന്ന റോസാപ്പൂവും കുമ്മനത്തിന് എറിഞ്ഞുകൊടുത്തതോടെ രണ്ടു പേരുടെയും മുഖത്ത് ആവേശം.
കഴിഞ്ഞ ദിവസം രാവിലെ എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരന്റെയും തരൂരിന്റെയും വാഹനങ്ങൾ അടുത്തെത്തിയപ്പോൾ പരസ്പരം ഹസ്തദാനം നൽകിയിരുന്നു. ഇതിനുശേഷം വൈകിട്ടാണ് കുമ്മനവും തരൂരും കണ്ടുമുട്ടിയത്. എന്നാൽ വാഹനങ്ങൾ തമ്മിൽ അകലമുണ്ടായിരുന്നതിനാൽ ഹസ്തദാനം ചെയ്യാനായില്ല.
ഗ്രന്ഥകാരനും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോളിന്റെ അന്ത്യം കരള്‍ വൃക്ക രോഗബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ടേകാലോടെയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തിന്റെ വികസന, സാംസ്കാരിക മേഖലകളില്‍ ചലനമുണ്ടാക്കിയ നിരവധി പദ്ധതികളുടെ അമരക്കാരനായിരുന്നു അദ്ദേഹം. സിവിൽ എൻജിനീയറിംഗ് പാസായ അദ്ദേഹം 21 വയസ്സിൽ സർക്കാർ കോളജ് അധ്യാപകനായി. തുടര്‍ന്ന് സിവില്‍ സര്‍വീസില്‍ ഏഴാം റാങ്ക് നേടി. കലക്ടര്‍, വകുപ്പ് തലവന്‍, അഡീ. ചീഫ് സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇടുക്കി പദ്ധതി പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം ഐഎഎസിൽ നിന്ന് 59ാം വയസിൽ സ്വയംവിരമിച്ച് ഒാംബുഡ്സ്മാനായി.
പ്രതിരോധ ശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും, മൂന്ന് ഡോക്ടറേറ്റ് ബിരുദങ്ങളും നേടിയിട്ടുണ്ട്. ബൈബിള്‍ നിഘണ്ടുവായ ‘വേദശബ്ദരത്നാകര’ത്തിന്‍റെ രചയിതാവാണ്. കഥ ഇതുവരെ, ഫ്രാൻസിസ് വീണ്ടും തുടങ്ങി 35 പുസ്തകങ്ങള്‍ രചിച്ചു. സംസ്കാരം നാളെ വൈകിട്ട് നാലിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരികമേഖലയ്ക്ക് കനത്ത നഷ്ടമെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു.
ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, മികച്ച ഭരണാധികാരി അങ്ങനെ വിവിധ മേഖലകളില്‍ മായാത്ത ഇടം സ്ഥാപിച്ചാണ് ഡോ. ഡി.ബാബുപോള്‍ വിടപറയുന്നത്. ഒരോന്നിലും സ്വതസിദ്ധമായ കയ്യൊപ്പ് കാണാം. ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ നിന്ന് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച അദ്ദേഹം ബാക്കിജീവിതം ഉഴിഞ്ഞുവെച്ചത് എഴുത്തിനും വായനയ്ക്കും പ്രഭാഷണത്തിനുമായിരുന്നു.
അറിവ് തേടിയുള്ള അന്വേഷണമായിരുന്നു ഡോ. ഡി. ബാബുപോളിന്റെ ജീവിതം. സിറിയൻ ഒാർത്തഡോക്സ് സഭയിലെയും വടക്കൻ തിരുവിതാകൂറിലെയും ആദ്യകാല ബിരുദാനന്തരബിരുദധാരികളിൽ ഒരാളായിരുന്ന പി എ പൗലോസ് കോറെപ്പിസ്കോപ്പയുടെയും 1920കളിൽ തിരുവിതാംകൂറിൽ ഒന്നാം റാങ്കോടെ ഇ എസ് എൽ സി ജയിച്ച മേരി പോളിന്റെയും മകനാണ് ബാബുപോള്‍. 1941ൽ ജനിച്ചു. ആദ്യത്തെ പ്രസംഗം 1946 ൽ അഞ്ചാംവയസ്സില്‍. അന്നേ അദ്ദഹത്തിനെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നു.
എസ് എസ് എൽ സിക്ക് മൂന്നാം റാങ്ക് , സ്കോളര്‍ഷിപ്പോടെ തിരുവനന്തുപുരം എഞ്ചിനീയറിങ് കോളജില്‍ ഉപരിപഠനം . സിവിൽ എൻജിനീയറിംഗ് പാസായി 21 വയസ്സിൽ സർക്കാർ കോളജ് അധ്യാപകനായി. തുടര്‍ന്ന് സിവില്‍ സര്‍വീസ് എഴുതി. ഐഎഎസ് ഏഴാം റാങ്കോടെ നേടി . കൊല്ലം സബ്കലക്ടറായി തുടക്കം അതും ദിവാന്‍ സര്‍ ടി. മാധറാവവിന്റെ അതേ കസേരയില്‍ ഇരുന്ന്. വിവിധ സ്ഥാപനങ്ങളുടെ തലവന്‍, വിവിധ വകുപ്പുകളുടെ ചുമതലക്കാരന്‍, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളില്‍ ഭരണമികവും നേതൃപാടവവും തെളിയിച്ചു. ഇടുക്കി പദ്ധതി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയതിന് അച്യുത മേനോൻ മന്ത്രിസഭ പ്രത്യേക പുരസ്കാരമായി അന്ന് പതിനായിരം രൂപ നല്കിയത് എടുത്തുപറയേണ്ട നേട്ടം. ഇതിനിടെ പഠനം ഒരിക്കലും ഒാരത്തായില്ല. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ
.മാനേജ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് .55ാം വയസ്സിൽ ചീഫ് സെക്രട്ടറിയുടെ റാങ്കുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറിയായി . 59വയസ്സിൽ സ്വമേധയാ വിരമിച്ച് ഒാംബുഡ്സ്മാൻ സ്ഥാനം സ്വീകരിച്ചു. ഇപ്പോള്‍ കിഫ്ബിയില്‍ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സില്‍ അംഗം.
19 ാം വയസ്സില്‍ എഴുതിയ യാത്രയുടെ ഒാര്‍മകളാണ് ആദ്യ പുസ്തകം. ആദ്യത്തെ പ്രതിഫലം 1962ൽ മലയാള മനോരമ വാരാന്തരപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്. മലയാളത്തിലെ ആദ്യ ബൈബിള്‍ നിഖണ്ഡുവായ വേദ ശബ്ദ രത്നാകരം മാത്രം മതി ബാബുപോളിന്റെ പേര് എന്നെന്നും നിലനില്‍ക്കാന്‍. ഔദ്യോഗിക ജീവിത്തത്തിന്റെ തിരക്കുകള്‍ക്കിടെ എല്ലാദിവസവും പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ അഞ്ചേമുക്കാല്‍ വരെ രണ്ടരമണിക്കൂര്‍ മുടക്കം കൂടാതെ ഒന്‍പതുവര്‍ഷകൊണ്ടാണ് ഈ ബൃഹദ്ഗ്രന്ഥം പൂര്‍ത്തിയാക്കിയത്
കഥ ഇതുവരെ എന്നപേരില്‍ സര്‍വീസ് സ്റ്റോറി 2001 ല്‍ പ്രസിദ്ധീകരിച്ചു. ലേഖനസമാഹാരങ്ങളും നർമ ലേഖനങ്ങളും സഞ്ചാരസാഹിത്യവും ബാലസാഹിത്യവും പഠനങ്ങളുമുൾപ്പെടെ സാഹിത്യത്തിന്റെ എല്ലാശാഖകളിലും അദ്ദേഹം കൈവച്ചു. ഫ്രാൻസിസ് മാർപാപ്പയെ പറ്റി എഴുതിയ ഫ്രാൻസിസ് വീണ്ടും വന്നു എന്ന കൃതി അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയവയിലൊന്നാണ് . അച്ചൻ, അച്ഛൻ, ആചാര്യൻ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ. അബ്രഹാം, പി. ഗോവിന്ദപ്പിള്ള എന്നിവരോട് ചേർന്നാണ് രചിച്ചത്. ആകെ 35 പുസ്തകങ്ങള്‍ .സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. അറിവിനോട് മാത്രമായിരുന്നു ആസക്തി, ജീവത്തോട് അനാസക്തിയും. സ്വന്തം ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചു ആ മനസ്
ദൈവം ആ ആഗ്രഹവും സാധിച്ചുകൊടുത്തു. അവസാന നിമിഷം വരെ കര്‍മനിരതമായിരുന്നു ആ ജീവിതം. ഏതാനും ദിവസം മുമ്പ് എന്‍.ഡി.എയുടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് സമിതി ഒാഫിസ് ഉദ്ഘാടനം ചെയ്തത് ബാബുപോളാണ്. അവസാനത്തെ പൊതുപരിപാടിയും ഇതുതന്നെ. ഭാര്യ പരേതയായ അന്ന ബാബു പോള്‍. മക്കള്‍ :മറിയം ജോസഫ്,ചെറിയാൻ സി പോൾ . കേന്ദ്ര ഗവൺമെന്റ് സെക്രട്ടറി ആയിരുന്ന കുര്യാക്കോസ് റോയ് പോൾ ഏക സഹോദരൻ . ജീവിതത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ഒരിക്കല്‍ ബാബുപോള്‍ ഇങ്ങനെ പറഞ്ഞു. ദൈവത്തില്‍ നിന്ന് വലിയകാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അത് പ്രാവര്‍ത്തികമാക്കി ആ ധന്യജീവിതം.