Kerala

ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു.

സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത്‌ ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.

മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.

സി.­പി.ഐ. സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി, കമലാ സദാനന്ദൻ, പി. വസന്തം എന്നിവർ മുകേഷിന്റെ രാജിവേണമെന്ന കർശന നിലപാടെടുത്തിരുന്നു.

കോൺഗ്രസ് എം.എൽ.എ.മാരായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ല. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന വലിയ ചൂഷണത്തിന്റെ വിവരങ്ങളാണ് ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നത്. അതിനുപിന്നാലെയാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുമുണ്ടായത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിച്ചുനിർത്തുന്നത് ഇടതുപക്ഷത്തിന് ചേർന്നതല്ല. അതിനാൽ, രാജി ആവശ്യം മുഖ്യമന്ത്രിയെയും എൽ.ഡി.എഫ്. കൺവീനറെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയെയും അറിയക്കണമെന്നായിരുന്നു യോഗത്തിലുണ്ടായ അഭിപ്രായം.

മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറയുകയും കുന്ദമംഗലം ഐസിഡിഎസ് ഓഫീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് ഇവർ മുക്കം പോലീസിന് പരാതി കൈമാറി. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് കോടതിയെ സമീപിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.

സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പടുത്തി. യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പോലീസ് ശേഖരിച്ചത്.

പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്‍റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പോലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു.

അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ലൈം​ഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. സംസ്ഥാനത്തെ 11 ജില്ലകളില്‍ ശക്തമായ മഴയും ചിലയിടങ്ങളില്‍ അതിശക്തമായ മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം അതി തീവ്രതയിലേയ്ക്ക് കടന്നതോടെ ഗുജറാത്തില്‍ വ്യാപക മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്.

കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്
29/08/2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
30/08/2024: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.

മഞ്ഞ അലര്‍ട്ട്
29/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.
30/08/2024:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
31/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
01/09/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
02/09/2024: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.

നടിയുടെ പരാതിയിൽ എംഎൽഎയും നടനുമായ മുകേഷിനെതിരെ കേസെടുത്തു. നേരത്തെ ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.

ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ്‌ ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.

പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമ നയ രൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയന്‍, കെ.ആര്‍ മീര, മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. രേഖ രാജ്, വി.പി സുഹ്റ, ഡോ. സോണിയ ജോര്‍ജ്, വിജി പെണ്‍കൂട്ട്, ഡോ. സി.എസ് ചന്ദ്രിക, ഡോ. കെ.ജി താര, ബിനിത തമ്പി, ഡോ. എ.കെ ജയശ്രി, കെ.എ ബീന തുടങ്ങി 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

സിനിമാ നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഗാര്‍ഹിക പീഡനം, ബലാത്സംഗം, തൊഴില്‍ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമ നിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയില്‍ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം.

സിനിമാ മേഖലയില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.

ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും അദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിലായി. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ചാണ് സംഭവം.

ബസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കുനേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യ ആണ് പിടിയിലായത്. കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാപ്രദർശനം നടത്തിയത്.

താമരശ്ശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പൊലീസിന് കൈമാറി. ഇതിനുശേഷമാണ് ബസ് കോഴിക്കോടേക്ക് യാത്ര തുടര്‍ന്നത്.

കോട്ടയം അകലകുന്നത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്

യുവതിയുടെ ഭര്‍ത്താവ് രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലിസ് പിടികൂടിയിരുന്നു.

മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭര്‍ത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

വിദേശത്തു നിന്നും ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോർത്ത് പോലീസ്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ അറിയിച്ചു. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയിൽ പറയുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്.

മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായത്.

രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. സംഘട്ടനത്തിൽ രാഹുലിന്റെ തലയ്ക്കും പരിക്കുണ്ട്.

Copyright © . All rights reserved