ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിക്കും നേരെ താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച വിവാദം വാർത്തകളിൽ നിറഞ്ഞുനിൽക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു പ്രധാനമന്ത്രിക്കും നേരെ ഞാൻ മോശം പരാമർശങ്ങൾ നടത്താറില്ല. ഇക്കാര്യത്തിൽ അവരുടെ രാഷ്ട്രീയ പാർട്ടി ഏത് എന്നത് എനിക്കു വിഷയമല്ല. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവ വെറും വ്യക്തികളല്ല, അവർ ഓരോ സ്ഥാപനങ്ങളാണ്- ബിഹാറിലെ റോഹ്താസിൽ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ സ്ഥാപനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഈ സ്ഥാപനങ്ങൾ ദുർബലമായി തുടങ്ങിയാൽ ജനാധിപത്യം ദുർബലമാകും. ജനാധിപത്യം ദുർബലമായാൽ രാജ്യം വിഭജിക്കപ്പെടുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് താൻ പറയില്ല. എല്ലാ പാർട്ടികളും എന്തെങ്കിലും സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പ്രവർത്തന ശൈലികൾ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജീവ് ഗാന്ധി വിഷയത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി നേതൃത്വത്തെ പരോക്ഷമായി തള്ളി രംഗത്തെത്തുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായിരുന്നെന്നും നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് അവധി ആഘോഷിക്കാൻ ഉപയോഗിച്ചെന്നും മോദി ആരോപിച്ചിരുന്നു.
തിരുവനന്തപുരം: അവയവുമായി തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട പുഷ്പഗിരിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിന്‍റെ അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാവാലം കൊച്ചു പുരയ്‌ക്കൽ ഹൗസിൽ കെ ആര്‍ രാജീവ് (40) എന്ന ആൾക്ക്വേണ്ടിയാണ് കൊണ്ടു പോകുന്നത്. 8.00 മണിയോടെ ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന് യാത്ര തിരിച്ചു. കേരള പൊലീസ് , കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ (കെഎഡിടിഎ) എന്നിവർ സംയുക്തമായി റോഡ് ക്ലിയർ ചെയ്ത് അവയവം എത്തിക്കാനുള്ള സംവിധാനം ചെയ്യുന്നുണ്ട്. കേരള പൊലീസിന്‍റെ തല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്‌കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 122 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം കിംസില്‍ നിന്ന് തിരുവല്ല പുഷ്പഗിരിയിലേക്ക് ഉള്ളത്.
ആംബുലൻസ് പോകുന്ന കടന്ന് പോകുന്ന വഴി
1 കിംസ്.
2 കഴക്കൂട്ടം
3 വെട്ടുറോഡ്
4 പോത്തൻകോട്
5 വെഞ്ഞാറമൂട്
6 കിളിമാനൂർ
7 നിലമേൽ
8 ആയൂർ
9 കൊട്ടാരക്കര
10 ഏനാത്ത്
11 അടൂർ
12 പന്തളം
13 ചെങ്ങന്നൂർ
14 തിരുവല്ല
15 പുഷ്പ ഗിരി മെഡിക്കൽ കോളേജ്.
തൃശൂര്‍; തൃശൂര്‍ പൂരത്തിന്റെ ആദ്യ ചടങ്ങായ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിച്ചത്. തെച്ചിക്കോട്ടുകാവ് ദേവീദാസനില്‍ നിന്നാണ് രാമചന്ദ്രന്‍ തിടമ്പ് ഏറ്റുവാങ്ങിയത്. പടിഞ്ഞാറേ നടയിലൂടെ ഉള്ളില്‍ പ്രവേശിച്ച് തെക്കേഗോപുരം തള്ളിത്തുറന്ന ശേഷം പടിഞ്ഞാറേ നടയിലെത്തിയാണ് പൂരവിളംബരം നടന്നത്.
കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് ആളുകളെ മാറ്റി നിര്‍ത്തിയിരുന്നു. ബാരിക്കേഡുകള്‍ക്കുള്ളില്‍ നിന്നാണ് പൂരവിളംബരം ആളുകള്‍ കണ്ടത്. കുറ്റൂര്‍ ക്ഷേത്രത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനാണ് എഴുന്നെള്ളത്തിനായി തിടമ്പേറ്റിയത്. പിന്നീട് വടക്കുംനാഥനില്‍ വെച്ച് തിടമ്പ് കൈമാറി.
വടക്കുംനാഥനിലെ ചടങ്ങുകള്‍ക്ക് മാത്രമായി ഒരു മണിക്കൂര്‍ മാത്രമേ തെച്ചിക്കോട്ട് രാമചന്ദ്രന് അനുമതി നല്‍കിയിരുന്നുള്ളു. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു അനുമതി. തെച്ചിക്കോട്ടുകാവില്‍ നിന്ന് ലോറിയിലാണ് ആനയെ മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ചത്. ചടങ്ങ് 2.10 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിരുന്നു.
കുമളി: പെൻഷൻ തുക നൽകാത്തത്തിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. കുമളി ചെങ്കര എച്ച്എംഎൽ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് പിടിയിലായത്. 70കാരിയായ അമ്മ വീട്ടിൽ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, ഈ താഴുകളിലേക്ക് വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു.
രാജേന്ദ്രനും അമ്മ മരിയ സെൽവവും മാത്രമാണ് ഈ വീട്ടിൽ താമസം. വീട്ടിൽ തിരിച്ചെത്തിയ അമ്മ, മകൻ തനിക്കായി കുരുക്കിയ കെണിയറിയാതെ വാതിലിൽ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് കണക്ഷൻ വിച്ഛേദിച്ചത്.
തയ്യൽത്തൊഴിലാളിയാണ് രാജേന്ദ്രൻ. ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്ക്ക് ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് വേണ്ടി ഇവർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകി. എന്നാൽ മരിയ പണം നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികളുടെ സംരക്ഷകരാകാന്‍ ബിജപി. ആഗോളതലത്തിലുള്ള ക്രിസ്തീയ മതവിശ്വാസികളെ സംരക്ഷിക്കാനായി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനാണ് നീക്കം.
കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം ഉപവാസവും നടത്തും.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇനി പാര്‍ട്ടി വളരണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ പിന്തുണ വേണമെന്നാണ് ബിജെപി കരുതുന്നത്.
മാവേലിക്കരയില്‍ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. തകഴി ഗവ യുപി സ്കൂള്‍ അധ്യാപിക രജിത (39)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയില്‍ വീട്ടില്‍ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്ബതികളുടെ മകളാണ്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഇവര്‍ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു.
എന്നാല്‍, ഉച്ചഭക്ഷണം നല്‍കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ഇവരെ കാണാനില്ലായിരുന്നു. ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷന്‍ രജിത ഉണ്ടായിരുന്നതായി വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയോടെ മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനാണ് സുജിത്. മക്കള്‍: ദേവനന്ദ, നാലു മാസമായ കുട്ടിയും.
കൊച്ചി വിമാനത്താവളത്തിൽ വിമാനം ടാക്സിവേയിൽനിന്നു തെന്നിമാറിയതും കാനയിൽ കുടുങ്ങി നിരവധി യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിന്റെ സത്യവാസ്ഥ പുറത്ത്. മഴയും കാറ്റുമാണ് ഇത്തരത്തിലൊരു അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവരുന്നത്. സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് അപകടമുണ്ടാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2017 സെപ്റ്റംബർ രണ്ടിന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.
അപകട സാധ്യത മുന്നറിയിപ്പ് സഹപൈലറ്റ് നൽകിയെങ്കിലും ജൂനിയറായ വനിതാ പൈലറ്റിന്റെ നിർദ്ദേശം കേൾക്കാൻ പ്രധാന പൈലറ്റ് തയ്യാറായിരുന്നില്ല. പൈലറ്റ് ഗുരീന്ദർ സിങ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ് സംഭവ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. രണ്ടു സാധ്യതകളായിരുന്നു അന്വേഷണത്തിന്റെ വിഷയം. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുൻപേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതായിരുന്നു രണ്ടാമത്തെ നിഗമനം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ക്യാപ്റ്റൻ വിനോദ് കുൽക്കർണിയായിരുന്നു അന്വേഷിച്ചത്.സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റ് പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിർദ്ദേശം അവഗണിക്കപ്പെട്ടു. ഇതാണ് വിമാനം അപകടത്തിൽപ്പെടാൻ കാരണം. സംഭവത്തിൽ വിമാനത്തിന് വളരെയധികം നാശം സംഭവിച്ചിരുന്നു, മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകർന്നിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.
പ്രധാന പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകുകയും ചെയ്തു.
നേപ്പാള്‍ വഴി സ്വര്‍ണ കള്ളക്കടത്തിന് മലയാളി സ്ത്രീകളും. വീട്ടുജോലിക്കാരും കുടുംബിനികളുമടക്കമുള്ളവര്‍ കള്ളക്കടത്തുസംഘത്തിന്റെ കണ്ണികളാണ്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണക്കടത്ത്.
വിമാനത്താവളം വഴി സ്ത്രീകള്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്ന രീതി. തരിയാക്കിയതോ മിശ്രിത രൂപത്തിലുളളതോ ആയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണ് കള്ളക്കടത്ത് സംഘങ്ങള്‍ കാരിയര്‍മാരായ സ്ത്രീകള്‍ക്ക് കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയില്‍ അത്രവേഗത്തില്‍ പിടിവീഴില്ല. ചുരിദാര്‍ പോലെയുളള വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്വര്‍ണക്കടത്തുസംഘം പ്രോല്‍സാഹിപ്പിക്കാറില്ല. ഗള്‍ഫില്‍ നിന്നുളള യാത്രയില്‍ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വര്‍ണമാഫിയ തീരുമാനിക്കും.
കാഠ്മണ്ഡു വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ്പ് ശബ്ദമുണ്ടായാല്‍ പോലും വിശദമായ ദേഹപരിശോധനയില്ലാതെ സ്ത്രീകളെ കടത്തി വിടുകയാണ് പതിവ്. സ്ത്രീകളെ തിരഞ്ഞെു പിടിച്ച് കാരിയര്‍മാരാക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന കുടുംബിനികളും വീട്ടുജോലിക്കാരായ സ്ത്രീകളും സ്വര്‍ണം കടത്താറുണ്ടെന്നും കാരിയറായിരുന്ന യുവതി വെളിപ്പെടുത്തി. സ്ത്രീകള്‍ തന്നെയാണ് ലാഭം മോഹിപ്പിച്ച് കാരിയര്‍മാരാക്കുന്നതിന് ഇടനിലക്കാരാവുന്നതും.
കാരിയറായി പ്രവര്‍ത്തിത്തിക്കുന്ന സ്ത്രീകളുടെ കുടുംബപശ്ചാത്തലവും പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പുമെല്ലാം മാഫിയയുടെ കൈവശമുണ്ടാകും. മുങ്ങിയാല്‍ പുരുഷന്‍മാരേക്കാള്‍ സ്വര്‍ണം തിരിച്ചുപിടിക്കാന്‍ സ്ത്രീകളില്‍ നിന്നാണ് എളുപ്പമെന്നും കള്ളക്കടത്ത് സംഘം കണക്കുകൂട്ടുന്നു.
അലങ്കരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ വധു. പിന്നിൽ യാത്രക്കാരായി അമ്മയും ബന്ധുക്കളും. വധു ഓടിച്ച ഓട്ടോയുടെ പിന്നിൽ മുപ്പതിലേറെ ഓട്ടോകളിലായി വീട്ടുകാരും ബന്ധുക്കളും. കുറവിലങ്ങാട് ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളി പെരുന്താനം മാമലയിൽ മോഹനൻ നായരുടെ മകൾ മഹിമയാണ് വിവാഹ ദിനത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് എത്തിയത്. മഹിമയുടെ പേര് തന്നെയാണ് ഓട്ടോറിക്ഷയ്ക്കും. കാൽ നൂറ്റാണ്ടായി ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മോഹനൻ.
2 വർഷം മുൻപ് ഓട്ടോ ഓടിയ്ക്കാൻ ലൈസൻസ് നേടിയ മഹിമ മിക്ക ദിവസവും വണ്ടി ഓടിക്കാറുണ്ട്. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാൽ–പുഷ്പ ദമ്പതികളുടെ മകൻ സൂരജുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ മറ്റൊരു കാര്യം കൂടി ഉറപ്പിച്ചു.പെരുന്താനത്തു നിന്നു കുറിച്ചിത്താനത്തെ വിവാഹ വേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു പോകും. വിവാഹ നിശ്ചയ ദിനത്തിലും വരനും വധുവും കൂടി ഓട്ടോയിൽ യാത്ര ചെയ്തിരുന്നു. ഇന്നലെ ഒൻപതരയോടെയാണ് വധൂഗൃഹത്തിൽ നിന്നുള്ളവർ ചടങ്ങുകൾക്കായി ഇറങ്ങിയത്.
ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ. ഇതിൽ യാത്രക്കാരായി അമ്മ ലീലാമണിയും ബന്ധുക്കളും. വധുവിന്റെ വാഹനത്തിനു പിന്നിലായി മുപ്പതോളം ഓട്ടോറിക്ഷകൾ.ബന്ധുക്കളെല്ലാം അതിൽ. ഉഴവൂർ ടൗണിലെ മിക്ക ഓട്ടോറിക്ഷകളും വിവാഹം വ്യത്യസ്തമാക്കാൻ എത്തി. പാലായിൽ ബിഎഡ് വിദ്യാർഥിനിയാണ് മഹിമ. സൂരജ് ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഇന്ന് നവ ദമ്പതികൾ പട്ടാമ്പിയിലേക്കു പോകും. ആ യാത്ര കാറിലാണെന്നു മാത്രം.