മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നൽകി തട്ടിപ്പു നടത്തിയ നഴ്സ് പിടിയിൽ. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് സ്മിതയെയാണ് എറണാകുളം സെന്റ്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
കൊച്ചിയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മാനേജർ ആയ യുവാവാണ് പരാതിയുമായി സെന്‍ട്രൽ പോലീസിനെ സമീപിച്ചത്. പരാതിയിൽ പറയുന്നത് ഇങ്ങനെ. 2015 ലാണ് യൂവാവ് മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. പലരുടെയും പ്രൊഫൈലുകൾ തിരയുന്നതിന് ഇടയിലാണ് ശ്രുതി ശങ്കർ എന്ന പേരിൽ ഒരു പ്രൊഫൈലും ചിത്രവും ശ്രദ്ധയിൽപ്പെടുന്നത്. ഇഷ്ടം തോന്നി അങ്ങോട്ട് സമീപിച്ചു.
സൈറ്റിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ബന്ധു ആയിരുന്നു. ഒടുവിൽ യുവതിയുമായി സംസാരിക്കാൻ മറ്റൊരു നമ്പർ നൽകി. അങ്ങനെ ശ്രുതി ശങ്കർ എന്ന വ്യാജ പ്രൊഫൈലിന്റെ ബലത്തിൽ സ്മിത യുവാവുമായി അടുത്തു. ജാതക ചേർച്ച ഉണ്ടെന്നും വിവാഹം ഉറപ്പിച്ചെന്നും തെറ്റിദ്ധരിപ്പിച്ചു. പലതവണയായി 15 ലക്ഷം രൂപ യുവാവിൽ നിന്നും തട്ടിയെടുത്തു.
എന്നാൽ ഒരു തവണ പോലും നേരിൽ കാണാനോ ഒരു വീഡിയോ കോളിൽ സംസാരിക്കാനോ പോലും സമ്മതിച്ചില്ല. ഒടുവിൽ 2018 തനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു സ്മിത വിവാഹത്തിൽ നിന്ന് പിന്മാറി. നാണക്കേട് ഭയന്ന് യുവാവ് ഒന്നും പുറത്തു പറഞ്ഞില്ല.
കുറച്ചു നാളുകൾക്കു ശേഷം നിയതി നാരായണൻ എന്ന പേരിൽ മറ്റൊരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്മിത വീണ്ടും യുവാവിനെ ബന്ധപ്പെട്ടു. ആദ്യം മെസ്സേജുകൾ അയച്ചു. പിന്നീട് ഫോണിൽ സംസാരിച്ചപ്പോൾ യുവാവിന് ആളെ മനസ്സിലായി. അതോടെയാണ് താൻ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടത്.
പരാതിയെതുടർന്ന് സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് ആയ 43 കാരി സ്മിതയാണ് തട്ടിപ്പുകാരി എന്ന് കണ്ടെത്തിയത്. യുവാവിനെ പരിചയപ്പെട്ടപ്പോൾ ഡോക്ടർ ആണെന്നായിരുന്നു സ്മിത പറഞ്ഞത്. തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ചങ്ങനാശേരി: കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലുള്ള ദേശീയ വിദ്യാഭ്യാസനയം, വിവിധ തലങ്ങളിൽ നിന്നും ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ രൂപീകരിച്ചേ നടപ്പാക്കാവൂ എന്ന് ചങ്ങനാശേരി അതിരൂപത കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
അതിരൂപത കേന്ദ്രത്തിൽ കൂടിയ പഠനശിബിരം, പുതിയ വിദ്യാഭ്യാസ നയം വിലയിരുത്തി. ഭാരതത്തിന്റെ ബഹുസ്വരതയും സെക്കുലറിസവും ഉൗട്ടിയുറപ്പിക്കുന്ന കാര്യങ്ങൾ ഇതിൽ ഉണ്ടാകണമെന്നും, ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നയത്തിൽ ഉൾച്ചേർക്കണമെന്നും യോഗം നിർദേശിച്ചു.
അതിരൂപതയുടെ അതിർത്തിയിലുള്ള കോളജുകളുടെയും സ്കൂളുകളുടെയും പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്ത യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പുതിയ നയം വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും, ഇത് വിദ്യാഭ്യാസ മേഖലയുടെ ദേശസാത്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നും ഈ നയരൂപീകരണത്തിന് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ക്രൈസ്തവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
സഹായമെത്രാൻ മാർ തോമസ് തറയിൽ ആമുഖസന്ദേശം നൽകി. ഡോ. റൂബിൾ രാജ്, ഡോ. അനിയൻകുഞ്ഞ് എന്നിവർ വിഷയാവതരണം നടത്തി.
വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം മോഡറേറ്ററായിരുന്നു. പിആർഒ അഡ്വ. ജോജി ചിറയിൽ, ജാഗ്രതാസമിതി കോ-ഓർഡിനേറ്റർ ഫാ. ആന്റണി തലച്ചെല്ലൂർ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഡോ. ചെറിയാൻ കാരിക്കൊന്പിൽ, അഡ്വ. ജോർജ് വർഗീസ്, ജോബി പ്രാക്കുഴി, ഡൊമിനിക് വഴീപ്പറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരൻ. 3 പ്രതികളും ചേർന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പൻനായർ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോൾ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു.
രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറൻസിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. അഖിലിൻെറ സഹപ്രവർത്തകനായ സൈനികന്റേതാണ് ഈ കാർ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാർ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിർദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോൽ അഖിലും സഹോദരൻ രാഹുലും എത്തിയപ്പോൾ നൽകി.
10 ദിവസത്തിനുശേഷമാണ് കാർ തിരികെ എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാഹുലുമായി പൊലീസ് ഇന്നലെ അമ്പൂരിയിൽ എത്തിയില്ല. തൃപ്പരപ്പിൽനിന്നും തിരിച്ചപ്പോൾ നേരം വൈകിയതാണ് കാരണം. നാട്ടുകാർ ഏറെ നേരം കാത്തുനിന്നു.ഇന്ന് അമ്പൂരിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
പ്രണയം നിരസിച്ച പെൺകുട്ടിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നിൽ നിന്നും സാഹസികമായി രക്ഷിച്ച മലയാളി നഴ്സിനെ അംഗീകരിച്ച് കർണാടക സർക്കാർ. സർക്കാരിന്‍റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നിമ്മി സ്റ്റീഫൻ. നിമ്മിയുടെ ധീരത മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
മംഗളുരു ദേർളഗട്ടെ കെ.എസ് ഹെഗ്‌ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ് നിമ്മി. കഴിഞ്ഞ മാസമാണ് പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഒാടിക്കൂടിയ നാട്ടുകാരെ പോലും ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ പെൺകുട്ടി സഹായം തേടിയെങ്കിലും അക്രമിയെ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല.
അപ്പോഴാണ് സംഭവമറിഞ്ഞ് നിമ്മി സ്ഥലത്തെത്തുന്നത്.നിമ്മി നേരെ അക്രമിയുടെ അടുത്തേക്ക് ചെല്ലുകയും അക്രമിയെ ബലമായി വലിച്ചുമാറ്റിയ ശേഷം നിമ്മി പരുക്ക് പറ്റിയ പെൺകുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകുകയായിരുന്നു. പിന്നീട് ഇൗ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇൗ ധീരതയാണ് ഇപ്പോൾ കർണാടക സർക്കാർ അംഗീകരിച്ചത്.
തൃശൂർ: ഷാർജയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഷാർജയിൽ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണ് ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്.
ഷാർജ റോളയിലാണ് ഇവർ താമസിച്ചിരുന്നത്. അമേരിക്കയിലെ ട്രോയ് വാഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയാണ് നീൽ. പാർട്ട് ടൈമായി ഒരു ഗ്യാസ് സ്റ്റേഷനിൽ ടൈം ജോലി ചെയ്തുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കട തുറന്നയുടൻ എത്തിയ അക്രമി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽനിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഷാർജയിൽ ജനിച്ചുവളർന്ന നീൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിയാണ്. തൃശൂർ ഗുരുകുലത്തിൽനിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരിൽനിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി. പിതാവിന്റെ ബിസിനസിൽ സഹായിയായ കൂടിയശേഷം ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. കോളജ് അടച്ചിരിക്കുന്ന സമയമാണ് ഇപ്പോൾ. അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.
വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽതന്നെ സംസ്കരിക്കും.
പാലാരിവട്ടത്തിനു പിന്നാലെ ഇടത്, വലത് മുന്നണികള്‍ തമ്മിലുളള രാഷ്ട്രീയ ഏറ്റുമുട്ടലിനു വഴിയൊരുക്കി വൈറ്റില മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടും. വൈറ്റില മേല്‍പാലം നിര്‍മാണ ക്രമക്കേടില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ക്രമക്കേടിനെ പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു.
പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലേതിനു സമാനമായ പാളിച്ചകള്‍ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പാലത്തിലുമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് കണ്ടെത്തിയത്.
പാലാരിവട്ടം പാലത്തിന്‍റെ മാതൃകയില്‍ വൈറ്റില മേല്‍പാലവും ഇ.ശ്രീധരനെ കൊണ്ടു പരിശോധിപ്പിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണ ക്രമക്കേടിന്‍റെ പേരില്‍ ഇടതുമുന്നണി യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ഇടതുമുന്നണി ഭരണകാലത്ത് നിര്‍മാണം തുടങ്ങിയ വൈറ്റില മേല്‍പാലത്തിലും ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കൊമേഴ്സ് , സിറിയക് , എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ HSST തസ്തികയിലും ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്നും നിർദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു . സ്‌പെഷ്യൽ റൂൾസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും നിയമനം . ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും അതേ വിഷയത്തിൽ B.Ed ഉം SET ഉം ഉണ്ടായിരിക്കണം . അപേക്ഷകർക്ക് 23 -07 -2019 മുതൽ 06 -08 -2019 വരെ ,പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസിൽ നിന്നും ലഭിയ്ക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷയും യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും 06 -08 -2019 ന് വൈകുന്നേരം 04 .00 മണിക്ക് മുൻപായി കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

തിരുവനന്തപുരം: അമ്പൂരിൽ കൊല്ലപ്പെട്ട രാഖിയുടെ കാമുകനും പട്ടാളക്കാരനുമായ അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ കുടുംബത്തെ ഫോൺ വഴി ബന്ധപ്പെട്ടെന്നും മകൻ നിരപരാധിയാണെന്നും മണിയൻ വ്യക്തമാക്കി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
അഖിലിന്‍റെ സഹോദരൻ രാഹുൽ കീഴടങ്ങിയെന്ന് മണിയൻ പറഞ്ഞെങ്കിലും പൊലീസ് ഇത് നിഷേധിച്ചിരുന്നു. കേസിൽ അഖിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുളളവർ സംശയത്തിന്‍റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം നിയമാനുസൃതമായേ തെളിവെടുപ്പ് സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും തെളിവുകൾ നഷ്ടമാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താൻ പൊലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയെ തേടി ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളി യുവതി കോഴിക്കോട്. ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടിയാണ് അമ്മയെ തേടുന്നത്. ‘അമ്മയെ ഒരു നോക്കു കാണണം. അമ്മ മോശം അവസ്ഥയിലാണെങ്കില്‍ സംരക്ഷിക്കണം’ കാരണം അമ്മ കാരണം എനിക്കു നന്‍മ മാത്രമേ ഉണ്ടായിട്ടുള്ളു’ നവ്യ പറയുന്നു.
1984 മാര്‍ച്ച് 31ന് കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച് അമ്മയായ സോഫിയയെന്ന 19 കാരി മടങ്ങി. വയനാട്ടിലെ അനാഥമന്ദിരത്തിലാണ് രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. ഇറ്റാലിയന്‍ ദമ്ബതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.
അമ്മയ്ക്ക് ഇന്ന് 54 വയസ് കാണുമായിരിക്കും. മുത്തശ്ശിയുടെ പേര് തങ്കമ്മ എന്നായിരുന്നു. അവര്‍ എവിടെയുള്ളവരാണ് എന്നെനിക്കറിയില്ല. തന്റെ കൈയ്യില്‍ ആകെയുള്ളത് ഈ പേരുകള്‍ മാത്രമാണെന്നും നവ്യ പറയുന്നു.
ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു.
ദൊറിഗാട്ടി ദമ്ബതിമാര്‍ മകളോട് നുണ പറഞ്ഞില്ല, മറിച്ച് അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും അമ്മയുടെ പേര് കൂടി ചേര്‍ത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോള്‍. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തിലാണ്. എയ്ഞ്ചെലോ നികൂസിയ എന്നാണ് ഭര്‍ത്താവിന്റെ പേര്. മൂത്തമകള്‍ ജെഓര്‍ജ. രണ്ടാമത്തെ മകളുടെ പേര് എയ്ഞ്ചെലിക.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മുന്‍പ് താമസിച്ചിരുന്ന കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് നവ്യ വീണ്ടും വിളിച്ചത്. രണ്ട് പേരുകള്‍ മാത്രമാണ് അവരുടെ പക്കലും ഉണ്ടായിരുന്നത്. കോഴിക്കോടോ, അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ആകാം ഇവരെന്നാണ് അനാഥാലയത്തില്‍ നിന്ന് ലഭിച്ച വിവരം.
‘അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ ഒന്ന് കാണണം, കാണാതെ പറ്റില്ലെനിക്ക്. അമ്മ ചിലപ്പോള്‍ കുടുംബവും കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുകയായിരിക്കും. അമ്മ അറിയാതെ ഒരു നോക്കു കണ്ട് ഞാന്‍ മടങ്ങും. മറിച്ച് അമ്മ മോശം അവസ്ഥയിലാണെങ്കില്‍ അമ്മയെ ഞാന്‍ ഇറ്റലിയിലേക്കു കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും.’ രണ്ടായാലും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഒരു സന്ദേശമെത്തുന്നതും കാത്തിരിക്കുകയാണ് നവ്യ.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 23 പേര്‍ക്ക് പരുക്ക്. മുക്കം കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറുൾപ്പെടെ മുഴുവനാളുകളെയും മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മെഡിക്കൽ കോളജ് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിർദിശയിലുണ്ടായിരുന്ന ലോറിയിലിടിച്ച് മറിയുകയായിരുന്നു.
സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ വേഗത കൂടിയതാണ് നിയന്ത്രണം തെറ്റാനുള്ള കാരണം. പിൻചക്രങ്ങളുടെ തേയ്മാനം അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറൊഴികെ ചികിൽസയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.