Kerala

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്‌പോരില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍എല്‍.എച്ച് യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യദു പ്രതികരിച്ചു.

തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു സാധരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കില്‍ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തിയതെന്നും യദു വിമര്‍ശിച്ചു.

മേയറുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട തന്റെ സുഹൃത്തുക്കള്‍ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസിനെ വിളിച്ചറിയിക്കുകയല്ലേ ചെയ്യേണ്ടതെന്നും എന്നാല്‍ ഇവിടെ ഗുണ്ടായിസമാണുണ്ടായതെന്നും യദു പറഞ്ഞു.

തൃശ്ശൂർ: ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മീഷൻ അംഗം ശുഭ രാകേഷ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെസ്സ് അസോസിയേഷൻ കേരള ജില്ലാ പ്രസിഡന്റ് വി. ശശീധരൻ, സംഘാടക സമിതി രക്ഷാധികാരി കെ. എം. രവീന്ദ്രൻ, വൈസ് ചെയർമാൻ ഇ.എം. വിദുരർ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കൺവീനർ സാജു പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.

സതീഷ് കളത്തിൽ 7012490551

ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം.

ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും.

ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും ആയിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു.

കാർ വെട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്.

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറെ പ്രതിരോധത്തിലാക്കി സിസിടിവി ദൃശ്യങ്ങള്‍. ഡ്രൈവറുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവൃത്തിയുണ്ടായെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍കൂടി ഉചിതമായ നടപടി എടുക്കാമെന്നിരിക്കെ നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിമര്‍ശനം ഉയരുകയാണ്. മേയറുടെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ അനുചിതമാണെന്നാണ് വിലയിരുത്തല്‍.

കാര്‍ പാളയത്തുവെച്ച് ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞുവെന്ന് സിസിടിവിയില്‍ വ്യക്തമാണ്. ബസിന്റെ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്ര ക്രോസിങ്ങില്‍ കൂടി ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇത് പരസ്യമായ ഗതാഗത നിയമലംഘനമാണ്. സംഭവം നടക്കുമ്പോള്‍ റെഡ് സിഗ്‌നലാണെന്ന വാദത്തിനും ബലമില്ല. കാരണം വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്.

മേയറും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറോടിച്ചയാള്‍ ഗതാഗത നിയമം ലംഘിച്ചുവെന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരായ ആരോപണങ്ങള്‍ മേയര്‍ കടുപ്പിച്ചത്. മേയറും എംഎല്‍എ കൂടിയായ ഭര്‍ത്താവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ പൊതുഗതാഗതം തടസ്സപ്പെടുത്തിയെന്ന വിഷയമായി മാറിയതോടെ ആര്യ ആരോപണം കടുപ്പിക്കുകയായിരുന്നു. ഡ്രൈവറുടെ പ്രവൃത്തി ഗതാഗത നിയമലംഘനത്തിലുപരി സ്ത്രീയ്‌ക്കെതിരായ വിഷയമായി ആര്യാ രാജേന്ദ്രന്‍ പുതിയ മാനം നല്‍കി. ഇതിനൊപ്പം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചുവെന്നും ഇയാള്‍ക്കെതിരെ മുമ്പും മോശം ഡ്രൈവിങ്ങിന്റെ പേരില്‍ കേസുകളുണ്ടെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണം തള്ളിപ്പോയി. മറ്റ് കേസുകള്‍ ഉണ്ടെങ്കിലും മേയറും സംഘവും കാണിച്ച നിയമലംഘനങ്ങള്‍ക്ക് സാധൂകരണമില്ല.

വിഷയത്തില്‍ ഡ്രൈവര്‍ എച്ച്.എല്‍. യദുവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുമില്ല. അതിനിടെ, ഇയാളെ ഇന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല തര്‍ക്കത്തിനു കാരണമെന്ന് മേയര്‍ ആവര്‍ത്തിക്കുന്നു. പ്ലാമ്മൂട് വച്ച് ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത സമയത്ത് പിന്‍ സീറ്റില്‍ ഇരുന്ന സഹോദരഭാര്യയെ നോക്കി ലൈംഗിക ചേഷ്ട കാണിച്ചു. ഇതു ചോദിക്കാന്‍ വേണ്ടിയാണു കാര്‍ പിറകേ വിട്ടത്. സ്ത്രീകള്‍ക്കെതിരെ പൊതുസ്ഥലത്ത് ഇത്തരത്തില്‍ അപമര്യാദ പാടില്ലെന്നതിനാല്‍ ഡ്രൈവര്‍ക്കെതിരെ നിയമ നടപടി തുടരുമെന്നും മേയര്‍ വ്യക്തമാക്കുന്നു.

അതേസമയം, വിഷയത്തില്‍ ബസിലെ യാത്രക്കാരുടെ മൊഴി കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുണ്ട്. ഡ്രൈവറിന് അനുകൂലമായാണ് യാത്രക്കാരുടെ മൊഴിയെന്നാണ് സൂചന. ബസില്‍നിന്ന് എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം യാത്രക്കാരും ശരിവെച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരായ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടു. സ്വകാര്യ ട്യൂഷൻ സെൻഡറുകൾ, സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമല്ല.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തര യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും. സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മേയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ കൂടുതല്‍ വോട്ട് നേടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്നും രാഷ്ട്രീയക്കാരനല്ലാത്തതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകള്‍ മുഴുവനായി കിട്ടാന്‍ ഒരു സാധ്യതയുമില്ല. മുന്നണി നിര്‍ദേശം പാലിച്ചാണ് തുഷാര്‍ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും വെള്ളപ്പള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണ്. ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ട് മേടിച്ചാല്‍ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. കുറഞ്ഞ വോട്ട് ശോഭ മേടിച്ചാല്‍ അതിന്റെ ഗുണം വേണുഗോപാലിന് കിട്ടും. മുന്‍പ് ബിജെപി നേടിയതിനേക്കാള്‍ വോട്ട് ശോഭാ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടടി പിന്നോട്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോര്‍ട്ട് വിവാദമായിരിക്കാം. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണാറുണ്ട്. പക്ഷേ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാര്‍ട്ടിയില്‍ പറഞ്ഞിട്ടാണ് ജാവദേക്കറെ കണ്ടതെങ്കില്‍ തെറ്റില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അത് പറഞ്ഞിട്ടില്ലെങ്കില്‍ അത് പാര്‍ട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മികച്ച വിളവുണ്ടെകില്‍ കർഷകർക്ക് നല്ല ലാഭം നല്‍കുന്ന കൃഷിയാണ് ഏലം കൃഷി. ഏലത്തിനിപ്പോള്‍ വിപണിയില്‍ വില കുതിക്കുകയാണ്. എന്നാല്‍ ഹൈറേഞ്ചിലെ അത്യുഷ്ണത്തില്‍ കൃഷി നാശമാകാൻ തുടങ്ങിയതോടെ ആവശ്യത്തിന് ചരക്ക് കർഷകരുടെ കൈയിലില്ല. ഇതാണ് ഏലത്തിന് വില കൂടാനും അതിന്റെ പ്രയോജനം കർഷകർക്ക് നേടാനും സാധിക്കാത്തതിന്റെ കാരണം.

പുറ്റടി സ്‌പൈസസ് പാർക്കില്‍ ബുധനാഴ്ച നെടുങ്കണ്ടം ഹീഡർ സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ് നടത്തിയ ഓണ്‍ലൈൻ ലേലത്തില്‍ ഒരു കിലോ ഏലയ്ക്കയുടെ വില 3009 രൂപയിലും ശരാശരി വില കിലോയ്ക്ക് 1925.1 രൂപയുമായി ഉയർന്നിരുന്നു. മൂന്ന് ആഴ്ചയായി ഏലം വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കച്ചവടക്കാരുടെയും കർഷകരുടെയും കൈയ്യില്‍ സ്റ്റോക്ക് കുറഞ്ഞതിനാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രതീക്ഷ.

ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏലയ്ക്കയുടെ ശരാശരി വില കിലോയ്ക്ക് 5,000 രൂപ കടക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലംകൃഷിയുള്ള ഇടുക്കി ജില്ലയിലെ 70 ശതമാനം ഏലം കൃഷിയും കൊടുവേനലില്‍ കരിഞ്ഞുണങ്ങി. എ സോണിലെ വണ്ടന്മേട് മേഖലയിലെ കൃഷി പൂർണമായും നശിച്ചു. നേരിട്ട് വെയില്‍ ബാധിക്കാത്ത ഏലം കൃഷി ഏറെയുള്ള ഉടുമ്ബഞ്ചോല മേഖലയില്‍ മാത്രമാണ് വേനല്‍ നാശങ്ങള്‍ ബാധിക്കാത്തത്.

മുൻ വർഷങ്ങളേക്കാള്‍ 3- 4 ഡിഗ്രി സെല്‍ഷ്യസ് അധിക ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റി. ഒരു ഏലം ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. ഇതില്‍ കുറവുണ്ടായാല്‍ ചെടികള്‍ വാടും.

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിൽ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം.

നമ്മുടെ ഇടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണം. യുവജനങ്ങള്‍ സങ്കുചിതരായി തീര്‍ന്നാല്‍ ഒരു നാട് മുഴുവനും സങ്കുചിതത്വത്തിന്റെ അന്ധകാരത്തില്‍ പെട്ടുപോകുമെന്നുള്ള സത്യം മനസില്‍ സൂക്ഷിക്കുക, പാംപ്ലാനി പറഞ്ഞു

ഇന്ന് നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാവാത്ത വിധം നട്ടെല്ലുള്ള പെണ്‍കുഞ്ഞുങ്ങളാണ് തലശ്ശേരിക്കുള്ളതെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ തക്കവിധത്തില്‍ ഇവിടത്തെ യുവജനങ്ങള്‍ പ്രബുദ്ധരാവേണ്ടതുണ്ട്, പാപ്ലാനി പറഞ്ഞു.

നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. മറിച്ച്, നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും നമ്മള്‍ അനുവദിക്കുകയുമില്ല, പാംപ്ലാനി പറഞ്ഞു.

താപനില ഉയര്‍ന്നതോടെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് സൂര്യാഘാതമേറ്റ് മരണം. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.

ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.

ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണ കാരണം എന്ന സംശയം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.

41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച യോഗത്തില്‍ ചര്‍ച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

അതേസമയം തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇ.പി-ജാവദേക്കര്‍ വിവാദം കത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജാവദേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്ളാറ്റിലേക്ക് വരികയായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമായിരുന്നു ഇപിയുടെ വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പു വേളയില്‍ കൂടിക്കാഴ്ച വിവാദമായതോടെ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved