കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അന്തിമഫലം പുണെയിലെ ദേശീയ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നു ലഭിച്ചതിനെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. നിപ്പയെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പിനു ധൈര്യമുണ്ട്. നിപ്പയാണെന്ന സംശയം ഉയർന്നഘട്ടത്തിൽ തന്നെ രോഗം പകരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടർമാരുൾപ്പെടെ ആറംഗസംഘം കൊച്ചിയിലെത്തി.
ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്ട്രേലിയൻ മരുന്ന് കേന്ദ്രസർക്കാർ ഉടൻ എത്തിക്കും. രോഗിയുമായ ബന്ധപ്പെട്ട നാല് പേർക്ക് ഇപ്പോൾ പനിയുണ്ട്. രോഗിയെ നേരത്തെ പരിചരിച്ച രണ്ടു നഴ്സുമാർക്ക് ഉൾപ്പെടെയാണിത്. ഇവരിൽ ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരുവല്ല അതിരൂപതയുടെ മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഇന്ന് പുലർച്ചെ 3.30 ന് കാലം ചെയ്തു. 91 വയസായിരുന്നു. താഴ്മയുടെയും, വിനയത്തിന്റെയും പ്രതീകം. തിരുവല്ല എക്യൂമിനിക്കൽ കാരോളിന്റെ ശില്പി. നല്ല നേതൃത്വപാടവം. എന്നും തിരുവല്ലക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പിതാവിന് മലയാളം യുകെയുടെ ആദരാഞ്ജലികൾ.
കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ. ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിലും തുടർന്നു തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും.
തിരുവല്ല അതിരൂപതയുടെ വിവിധ പള്ളികളില് വികാരിയായിരുന്ന ഗീവര്ഗീസ് മാര് തിമോത്തിയോസ് 1987 ല് രൂപത അഡ്മിനിസ്ട്രേറ്ററും 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. പുഷ്പഗിരി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതിൽ വലിയ പങ്ക് വഹിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്തു. 2003 ല് സ്ഥാനമൊഴിഞ്ഞ ശേഷം സഭ ഐക്യ പ്രസ്ഥാനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ നടപടികൾ പുരോഗമിക്കുമ്പോൾ വീണ്ടും കല്ലട വില്ലനായി മാറുകയാണ്. ഇത്തവണ ഇരയായത് യാത്രക്കാരിയായ യുവതിയാണ്. പാതിരാത്രിയില് ഭക്ഷണത്തിന് നിര്ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോയെന്ന് ന്യൂസ് മിനിട്ട് റിപ്പോര്ട്ട് ചെയ്യുന്നു.
പാതിവഴിയിൽ രാത്രി തനിച്ചായ യുവതി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാർ ബസ് നിർത്തിയില്ല. യുവതി ബസിന് പിന്നാലെ ഒാടുന്നത് കണ്ട് മറ്റ് വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ഉറക്കെ വിളിച്ചിട്ടും ജീവനിക്കാർ കേൾക്കാത്ത രീതിയിൽ മുന്നോട്ടുപോയി. കണ്ടിട്ടും കാണാത്ത രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ഒടുവില് അതുവഴി വന്ന കാർ ഡ്രൈവർ ബസിനെ ഒാവർടേക്ക് ചെയ്ത് ഡ്രൈവറോട് കാര്യം പറഞ്ഞു. എന്നാൽ അപ്പോഴും മടങ്ങി വന്ന് യുവതിയെ കയറ്റാന് കല്ലട ജീവനക്കാര് തയാറായില്ല.
രാത്രി ദേശീയ പാതയിലൂടെ ഒാടിയാണ് യുവതി വണ്ടിയിൽ കയറിയത്. ബെംഗളൂരൂവില് താമസമാക്കിയ എച്ച്ആര് പ്രൊഫഷണലായ പെണ്കുട്ടിയ്ക്കാണ് കല്ലട ബസിൽ നിന്നും ദുരനുഭവം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. രാത്രി ഭക്ഷണത്തിന് തിരുനെല്വേലിയില് നിർത്തിയപ്പോഴാണ് സംഭവം. ഒരു മുന്നറിയിപ്പും നല്കാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്കുണ്ടായ ദുരിതം കൂട്ടുകാരെ അറിയിച്ചതോടെ ഡ്രൈവറെ വിളിച്ച് അവര് അന്വേഷിച്ചു.
എന്നാല് ഭീഷണിപ്പെടുത്തുകയാണ് ഡ്രൈവര് ചെയ്തത്. ഒരു യുവതിയെ രാത്രിയില് പാതിവഴിയില് ഇറക്കിവിട്ടിട്ട് പോന്നതെന്തിനാണെന്ന ചോദ്യത്തിന് മലയാളിയായ ഡ്രൈവര് പറഞ്ഞത് യാത്രക്കാര് കയറിയോ ഇല്ലയോ എന്ന് നോക്കേണ്ടത് തന്റെ ജോലിയല്ലെന്നാണ്. പിന്നീട് ഡ്രൈവർ പറഞ്ഞ വാക്കുകളിങ്ങനെ. ഏത് ട്രാവല്സിനോടാണ് താന് സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ്, തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്നാണെന്നും യുവതി വെളിപ്പെടുത്തുന്നു.
വ്യാജ രേഖ ചമച്ച കേസിൽ പ്രതികളായ വൈദികരുടെ ലാപ്ടോപ്പുകളിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ആദിത്യ സക്കറിയ ഇമെയിൽ വഴി വൈദികർക്ക് അയച്ച രേഖകളാണ് കണ്ടെത്തിയത്. ആദിത്യയെ വൈദികർക്കൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജരേഖകേസിൽ പ്രതികളായ വൈദികർ, പോൾ തേലക്കാട്ട് , ആന്റണി കല്ലുകാരൻ എന്നിവർ ഉപയോഗിച്ച ലാപ്ടോപ്പുകൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ഇവ സൈബർ വിദഗ്ധർ പരിശോധിച്ചാണ് മൂന്നാം പ്രതി ആദിത്യ സക്കറിയ അയച്ച രേഖകളുടെ വിവരങ്ങൾ കണ്ടെത്തിയത്. വൈദികരുടെ ഇമെയിൽ അക്കൗണ്ടിലാണ് ഇതുള്ളത്. എന്നാൽ ഇതേ ലാപ്ടോപ്പുകളിലൂടെ തന്നെയാണോ രേഖകളുടെ കൈമാറ്റം നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇതിന്റെ തുടർച്ചയായി വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമാണ് ഒടുവിൽ നടന്നത്. വ്യാജരേഖകൾ ഉണ്ടാക്കിയതിന് അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ആദിത്യയെ വീണ്ടും നോട്ടിസ് നൽകി വരുത്തുകയായിരുന്നു. ആദ്യം വൈദികർക്ക് ഒപ്പമിരുത്തിയും പിന്നെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തു. ബുധനാഴ്ച വരെ ചോദ്യം ചെയ്യൽ തുടരും. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അന്വേഷണ സംഘം നിലപാട് അറിയിക്കും.അതിനു മുൻപ് പ്രതികൾക്ക് എതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം.
കെവിൻ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഫോറൻസിക് വിദഗ്ധർ. കെവിനെ പുഴയില് മുക്കി കൊല്ലുകയായിരുന്നു. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്സിക് വിദഗ്ധര് വിചാരണക്കോടതിയില് മൊഴി നല്കി. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി.
കെവിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചുകൊണ്ടാണ് ഫോറന്സിക് വിദഗ്ധര് ഇന്ന് കോടതിയില് മൊഴി നല്കിയത്. രണ്ട് കാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറന്സിക് സംഘം പറയുന്നത്. കെവിന്റെ ശ്വാസകോശത്തില് കണ്ടെത്തിയ വെള്ളത്തിന്റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാല് മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില് കയറൂ എന്ന് ഫോറന്സിക് സംഘം വിശദീകരിച്ചു.
അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂ എന്നും ഇത്രയും വെള്ളത്തില് ബോധത്തോടെ ഒരാള് വീണാല് ഇത്രയും വെള്ളം ശ്വാസകോശത്തില് കയറില്ലെന്ന് സ്ഥലം സന്ദര്ശിച്ച ഫോറന്സിക് സംഘം മൊഴി നല്കി. കേസില് ഈ മൊഴി ഏറെ നിര്ണ്ണായകമാണ്.
കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ട് പോയെന്നത് സത്യമാണെങ്കിലും ഇവര് രക്ഷപ്പെട്ടുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഫോറന്സിക് വിദഗ്ധരുടെ മൊഴിയോട് കൂടി മുക്കി കൊന്നത് ഞങ്ങളല്ല എന്ന പ്രതികളുടെ വാദം കൂടിയാണ് അസാധുവാകുന്നത്.
കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ചു വിവാഹിതരായ കൊല്ലം പനയം ചെമ്മക്കാട് മഠത്തിൽ കാവിനു സമീപം വിഷ്ണു ഭവനിൽ വിഷ്ണു (23), ഭാര്യ പുത്തൂർ സ്വദേശിനി ആര്യ (21) എന്നിവരെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ 4 മണിയോടെയാണു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
വിവാഹത്തിന് ആര്യയുടെ വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയും വിഷ്ണുവിന്റെ വീട്ടിൽ താമസിച്ചു വരികയുമായിരുന്നു. ഡാൻസറാണ് വിഷ്ണു. ആര്യ ഗർഭിണിയാണെന്നറിഞ്ഞ മാതാപിതാക്കൾ മകളെ കാണാനായി ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയപ്പോൾ ഇവരുടെ കിടപ്പുമുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു.
വിഷ്ണുവിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വിളിച്ചിട്ടു വാതിൽ തുറക്കാതായതോടെ ഇവർ കതക് ചവിട്ടിത്തുറന്നപ്പോൾ ഇരുവരും ഷാളിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. പൊലീസ് ജീപ്പിൽ ഇരുവരെയും മതിലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കൊച്ചിയിൽ നിപ ബാധ സംശയിക്കുന്ന യുവാവുമായി സമ്പര്ക്കമുണ്ടായ 50 പേര് നിരീക്ഷണത്തില്. ഇതില് 16 പേര് തൃശൂരിലുണ്ട്, ബാക്കിയുളളവര് മറ്റ് ജില്ലകളില് നിരീക്ഷണത്തിലാണ്. എന്നാൽ തൃശൂരില് ഒപ്പം താമസിച്ച 22 പേര്ക്കും പനിയില്ല. ശക്തമായ പനിയുണ്ടായാല് ഉടന് ചികില്സ തേടണമെന്നും തൃശൂർ ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ യുവാവിന് വൈറസ് ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് ഡിഎംഒ അറിയിച്ചു.
ഇതിനിടെ, യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന വിവരം പുറത്തുവന്നു. നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപതികരമെന്ന് എറണാകുളം ഡി.എംഒ അറിയിച്ചു. രാവിലെ ഭക്ഷണം കഴിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.
നിപ സംശയിക്കുന്ന സാഹചര്യത്തില് ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധസന്നാഹങ്ങള് ഒരുക്കിക്കഴിഞ്ഞു. കളമശേരി, തൃശൂര്, കോഴിക്കോട് മെഡിക്കല് കോളജുകളില് ഐസലേഷന് വാര്ഡുകള് തുറന്നു.
കൊച്ചിയില് ആരോഗ്യ സെക്രട്ടറിയും ആരോഗ്യ ഡയറക്ടറും ക്യാംപ് ചെയ്ത് മുന്കരുതല് നടപടികള്ക്ക് നേതൃത്വം നല്കുന്നുണ്ട്. ആരോഗ്യവകുപ്പ് മുന് സെക്രട്ടറി രാജീവ് സദാനന്ദന്റെ സേവനവും സര്ക്കാര് തേടി. എറണാകുളം കലക്ടറുടെ സാന്നിധ്യത്തില് രാവിലെ യോഗം ചേര്ന്ന് ഒരുക്കങ്ങള് വിലയിരുത്തി. തൃശൂരില് ഡി.എം.ഒയുടെ നേതൃത്വത്തില് ഒരുക്കങ്ങള് തുടരുകയാണ്.
കോഴിക്കോട് മെഡിക്കല് കോളജിലെ മൂന്ന് ഡോക്ടര്മാരുള്പെടെ അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.വരുന്നത് അഞ്ചംഗ പരിചയ സമ്പത്തുള്ള ഡോക്ടര്മാരുടെ സംഘമാണ്. നിപ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്ഥിയുടെ ചികിത്സയ്ക്കായാണ് സംഘം എത്തുന്നത്. കഴിഞ്ഞ വർഷം ആരോഗ്യമേഖലയ്ക്ക് വൻ വെല്ലുവിളി ഉയർത്തിയ നിപയെ ഫലപ്രദമായി പ്രതിരോധിച്ച ഡോക്ടറുമാരുടെ സംഘമാണ് എത്തുന്നത്.
യുവാവിന്റെ സ്വദേശമായ വടക്കന് പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശൂരിലും വേണ്ട മുന്കരുതലുകള് എടുത്തുകഴിഞ്ഞു. വിദ്യാര്ഥി താമസിച്ച തൊടുപുഴയിലെ കോളജ് നിരീക്ഷണത്തിലാണ്.
മോദിയെ പ്രശംസിച്ച നിലപാടില് നിന്ന് പിന്നാക്കം പോകാതിരുന്ന അബ്ദുല്ലക്കുട്ടി പരിഹാസത്തോടെയുള്ള മറുപടിയായിരുന്നു നല്കിയത്. ഇതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ നടപടി. പാര്ട്ടിയുടെ ഉന്നത നേതാക്കളെ അബ്ദുല്ലക്കുട്ടി അവഹേളിച്ചെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിൽ വിശദീകരണം ചോദിച്ച കെ.പി.സി.സി യെ പരിഹസിച്ച് എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഒരു ഭാരവാഹിത്വവും വഹിക്കാത്ത തന്നോട് കെ.പി.സി.സി തന്നെയാണോ വിശദീകരണം ചോദിക്കേണ്ടത് എന്ന പരിഹാസത്തോടെയാണ് മറുപടി നൽകിയിരിക്കുന്നത്. പോസ്റ്റിൽ ഉറച്ച് നിൽക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
കണ്ണൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സുധാകരൻ പറഞ്ഞിട്ടും ഗുജറാത്ത് മോഡൽ ഉയർത്തിക്കാട്ടുന്നതിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ലെന്നും എന്നിട്ടും ആ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ മറുപടിയിൽ എ.പി.അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിളിച്ച് ചോദിക്കുന്നതിന് മുമ്പ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയതിനും പാർട്ടി മുഖപത്രം അക്ഷേപിച്ചതിനും എന്ത് ന്യായമാണ് ഉള്ളതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.മോദി സ്തുതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതും.
കൊല്ലം എംപിയും ആര്എസ്പി നേതാവുമായ എന്കെ പ്രേമചന്ദ്രന്റെ സ്വീകരണപരിപാടിക്കിടെ സംഘര്ഷം. എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സിപിഎം പ്രവര്ത്തകര് അക്രമം അഴിച്ചു വിട്ടതായാണ് പരാതി. കൊല്ലം പാരിപ്പള്ളിയിലും മുക്കടയിലുമാണ് സംഘര്ഷമുണ്ടായത്.
പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു എംപിയും സംഘവും പോകുന്നതിനിടെയാണ് സംഭവം. ഒരു സംഘം ആളുകള് പ്രേമചന്ദ്രന്റെ വാഹനം തടയുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പ്രതിഷേധിച്ച് എം.പിയുടെ നേതൃത്വത്തിൽ പരവൂർ–പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
മേയ് 31ന് മുതല് എറണാകുളത്ത് നിന്നും കാണാതായ വയനാട് സ്വദേശിനി വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് വച്ച് റെയില്വേ പൊലീസാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. കുടുംബവുമായി വിഷ്ണുപ്രിയ സംസാരിച്ചു. ഇപ്പോള് കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുളളത്. കൂടുതല് കാര്യങ്ങള് ഇപ്പോള് വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്കുട്ടി സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ വിഷ്ണുപ്രിയയുടെ അച്ഛന് ശിവജി മകളെ കണ്ടുകിട്ടിയതായി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. അതിനായി തന്നെ സഹായിച്ച എല്ലാവര്ക്കും സോഷ്യല് മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്. മകള് നഷ്ടപ്പെട്ട വിവരവും ശിവജി സോഷ്യല്മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് വാര്ത്ത പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ പൊലീസും അന്വേഷണം ഊര്ജിതമാക്കിയിരുന്നു.
ശിവജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്ക്കും,മീഡിയ, സുഹൃത്തുക്കള് ചടയമംഗലം പോലീസ് സ്റ്റേഷന് si പ്രദീപ് കുമാര് എന്നിവര്ക്കും പോലീസ് അധികാരികള് സഹായം നല്കാന് എത്തിയ എല്ല നല്ലവരായ ആളുകള്ക്കും നന്ദി സ്നേഹ പൂര്വ്വം sivaji