രാഹുല് ഗാന്ധി എത്തുന്നതോടെ സ്ഥാനാര്ഥിയുടെ മികവില് വയനാട് ലോക്സഭ മണ്ഡലത്തില് ആവേശം കൊളളുമ്പോഴും വോട്ടുകണക്കില് യു.ഡി.എഫിന് മേല്ക്കൈ ഇല്ല. ഏഴു നിയമസഭ മണ്ഡലങ്ങളില് നാലെണ്ണം ഇടതിനൊപ്പവും മൂന്നെണ്ണത്തില് യു.ഡി.എഫുമാണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് വയനാട് മണ്ഡലത്തില് എം.ഐ. ഷാനവാസിന് ലഭിച്ച ഭൂരിപക്ഷം 20870. സി.പി.ഐയിലെ മുതിര്ന്ന നേതാവ് സത്യന് മൊകേരിയായിരുന്നു എതിരാളി. അന്ന് സ്വതന്ത്ര സ്ഥാനാര്ഥിയായെത്തിയ പി.വി. അന്വറിന് 37123 വോട്ടു ലഭിച്ചിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പായപ്പോള് ഏഴു മണ്ഡലങ്ങളിലേയും യു.ഡി.എഫിന്റെ ഭൂരിപക്ഷം 18993 വോട്ടായി കുറഞ്ഞു. നിലവില് കല്പ്പറ്റ, മാനന്തവാടി, തിരവമ്പാടി, നിലമ്പൂര് നിയസഭ മണ്ഡലങ്ങള് എല്.ഡി.എഫിനൊപ്പമാണ്. ബത്തേരി, ഏറനാട്, വണ്ടൂര് നിയോജക മണ്ഡലങ്ങള് യു.ഡി.എഫിനൊപ്പവും.
2009ലെ ലോക്സഭ തിരഞ്ഞെടുപ്പില് വയനാടു മണ്ഡലത്തിലെ കന്നിപ്പോരാട്ടത്തില് എം.ഐ. ഷാനവാസിന് 153000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സി.പി.ഐ വിട്ട് മുസ്്ലിംലീഗില് ചേര്ന്ന എം. റഹ്മത്തുല്ലയായിരുന്നു അന്ന് എതിരാളി. കോണ്ഗ്രസ് വിട്ട് ഡി.ഐ.സി സ്ഥാനാര്ഥിയായി മല്സരിച്ച കെ. മുരളീധരന് സ്വന്തമാക്കിയ 97000 വോട്ടും കോണ്ഗ്രസ് പെട്ടിയില് വീഴേണ്ടതാണന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. മുരളീധരന് ലഭിച്ച വോട്ടു കൂടി ചേര്ത്താല് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കോണ്ഗ്രസ് സ്ഥാനാര്ഥിക്ക് ലഭിക്കുമായിരുന്നു. രാഹുല്ഗാന്ധി സ്ഥാനാര്ഥിയായതോടെ ഈ 2009 ആവര്ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
തൊടുപുഴയില് ക്രൂരമായ മർദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛൻ ബിജുവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബിജുവിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം . പ്രതി അരുണ് ആനന്ദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാന് പൊലീസ് അപേക്ഷ നൽകും.
യുവതിയുടെ ആദ്യ ഭര്ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ് . പോസ്റ്റ്മോർട്ടം രേഖകൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല് ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് ഉള്പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി. ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല് ഭര്ത്താവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ ബിജുവും, അരുണും തമ്മിൽ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടിൽ വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്നു വീട്ടിൽ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു. കോലഞ്ചേരിയിലെ ആശുപത്രിയിലുള്ള യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അക്രമം നടന്ന കിടപ്പുമുറയിൽ താനും ഇളയ കുട്ടിയും ഉണ്ടായിരുന്നതായാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. തടയാൻ ശ്രമിച്ച തന്നെയും അരുൺ മർദിച്ചെന്നും, പിടിവലിക്കിടെ ഇളയ കുട്ടിക്ക് പരുക്കേറ്റിരിക്കാമെന്നുമാണ് മൊഴി. കുട്ടികളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി പ്രതി പിൻവലിപ്പിച്ചിരുന്നു.
സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് അരുൺ ആനന്ദ് സ്വന്തം പേരിൽ എഴുതി വാങ്ങിയത്. ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും 35 ദിവസം സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു.
തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചു മൃതപ്രായനാക്കിയ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ്. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായ ഇയാൾ തലസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗൂണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. നഗരത്തിലെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഗൂണ്ടാ സംഘങ്ങൾക്കിടയിൽ ‘കോബ്ര’യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാൾ മറ്റു ജില്ലകളിൽ കേസുകളിൽ പ്രതിയാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
അരുണിന്റെ മാതാപിതാക്കൾ ബാങ്ക് ജീവനക്കാരായിരുന്നു. ഇയാളുടെ സഹോദരൻ സൈനികനും. സർവീസിൽ ഇരിക്കവേ അച്ഛൻ മരണപ്പെട്ടു. തുടർന്ന് ആശ്രിതനിയമനത്തിൽ ഒരു വർഷം ജോലി ചെയ്തു. ഇത് ഉപേക്ഷിച്ചു തിരികെ നാട്ടിൽ എത്തി. ഇവിടെയുള്ള കുപ്രസിദ്ധ ഗൂണ്ടയുമായി ചേർന്നു മണൽ കടത്ത് ആരംഭിച്ചു.
സുഖലോലുപതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇയാൾ തിരുവനന്തപുരത്തെ ഗൂണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് പറയുന്നു. ഇതിനു പിന്നാലെ പണത്തിനായി ലഹരി കടത്തിലും ഇയാൾ പങ്കാളിയായി. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ എന്തും കാണിക്കുന്ന ആളായിരുന്നു അരുണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറുന്ന, വാഹനങ്ങളിൽ മദ്യവും കഞ്ചാവുമായി നടക്കുന്ന ആളായിരുന്നു അരുൺ. മ്യൂസിയം സ്റ്റേഷനിൽ മൂന്നു ക്രിമിനൽ കേസുകളും ഫോർട്ടിൽ രണ്ടും വലിയതുറയിൽ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകൾ ഉണ്ട്.
വധശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണി തുടങ്ങിയവ ‘ഹോബി’ ആക്കി മാറ്റിയ അരുൺ ശത്രുത തോന്നിയാൽ ക്രൂരമായി ആക്രമിക്കുന്നതും പതിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഏഴുവയസ്സുകാരനെ മർദിച്ച കേസിൽ ബാലാവകാശകമ്മിഷനും ഇയാൾക്കെതിരെ കേസെടുത്തു. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അരുണിനെ യുവതി പരിചയപ്പെടുന്നത്. യുവതിയുടെ ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുൺ.
കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാൾ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നു. കുട്ടികളെ കാണാതെ ഇരിക്കാൻ വയ്യെന്ന പേരിൽ അടുത്തു കൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.
ഭർത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുൻപായി ഒളിച്ചോടിയ യുവതിയും അരുണും പേരൂർക്കടയിൽ വാടകയ്ക്കു താമസിച്ചിരുന്നു. പേരൂർക്കട സ്കൂളിൽ പഠിച്ചിരുന്ന ഇപ്പോൾ ആക്രമണത്തിന് വിധേയനായ കുട്ടി ഒറ്റയ്ക്കാണു സ്കൂളിൽ എത്തിയിരുന്നത്. ബന്ധം സ്കൂളിൽ ചർച്ചയായതോടെ കുട്ടിയുടെ അമ്മ നേരിട്ട് എത്തി സ്കൂളില് നിന്ന് ടിസി വാങ്ങിക്കുകയും ചെയ്തു.
അന്നേ ദിവസം രാത്രി യുവതിയുടെയും അരുണിന്റെയും കാർ തൊടുപുഴയ്ക്കു സമീപം പൊലീസ് പട്രോൾ സംഘം കണ്ടിരുന്നു. മദ്യപിച്ചു ലക്കുകെട്ടുള്ള അരുണിന്റെ രാത്രി യാത്രകളിൽ മിക്കവാറും കാർ ഡ്രൈവ് ചെയ്തിരുന്നത് യുവതിയാണ്. അന്നു വൈകിട്ട് ഏഴു മുതൽ തൊടുപുഴയിലെ ഹോട്ടലിൽ അരുൺ രണ്ടു സുഹൃത്തുക്കളുമൊത്തു മദ്യപാനത്തിലായിരുന്നു. യുവതിയും കുട്ടികളും ഒപ്പമുണ്ടായിരുന്നു.
യുവതിയാണു കൗണ്ടറിൽനിന്ന് മദ്യം എടുത്തുകൊടുത്തത്. പത്തുമണിയോടെ അരുൺ യുവതിയോടു മടങ്ങാൻ പറഞ്ഞു. ഇത് ഓർമയില്ലാതെ അൽപസമയം കഴിഞ്ഞു തിരിച്ചുവന്ന് കൗണ്ടറിൽ അന്വേഷിച്ചു. പുറത്തിറങ്ങിയപ്പോൾ യുവതി കാറിലുണ്ടായിരുന്നു. ഗ്ലാസ് താഴ്ത്തി അവിടെവച്ചുതന്നെ യുവതിയുടെ മുഖത്തടിച്ചു. തുടർന്നു വീട്ടിലെത്തി. കുട്ടികളെ പൂട്ടിയിട്ട ശേഷം രാത്രി ഒന്നരയോടെ തിരികെ വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു മൂന്നുമണിയോടെ മടങ്ങിവന്നു. അതിനുശേഷമായിരുന്നു കുട്ടിയെ അർധപ്രാണനാക്കിയ മർദനം.
ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചില്ല എന്ന പേരിലാണ് ഏഴുവയസ്സുകാരനെ ഉറക്കത്തിൽനിന്നുണർത്തി മർദനം തുടങ്ങിയത്. എന്നാൽ, പിന്നീട് സ്കൂൾ ടീച്ചറുടെ അടുത്ത് തന്നെക്കുറിച്ച് എന്തോ മോശമായി പറഞ്ഞു എന്നതിന്റെ പേരിലായി ചോദ്യം ചെയ്യൽ. ഇതു ചോദിച്ചപ്പോൾ കുട്ടി പരുങ്ങി. സ്കൂളിലെ കാര്യങ്ങളെല്ലാം അറിഞ്ഞെന്നും കള്ളം പറഞ്ഞാൽ കൊന്നുകളയുമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അരുണിന്റെ മർദനം.
‘ഒന്നും പറഞ്ഞില്ല’ എന്നു കുട്ടി കരഞ്ഞുപറഞ്ഞു. ചുവരിന്റെയും അലമാരിയുടെയും ഇടയ്ക്ക് വീണ കുട്ടിയെ അവിടെയിട്ടു പലതവണ ആഞ്ഞു തൊഴിച്ചു. കാലിൽ വലിച്ചെറിഞ്ഞു. കട്ടിലിന്റെ കാലിന്റെ താഴെ തലയിടിച്ചാണ് തലയോട്ടിക്കു നീളത്തിൽ പൊട്ടലുണ്ടായത്. മാർച്ച് ഒന്നിനാണ് കുട്ടിയെ കുമാരമംഗലത്തെ സ്കൂളിൽ രണ്ടാം ക്ലാസിൽ ചേർത്തത്. അരുണിന്റെ മർദനമേറ്റും പറയുന്നതു പോലെ അനുസരിച്ചുമാണു യുവതി കഴിഞ്ഞിരുന്നതെന്നാണു സൂചന
കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎ സ്ഥാനാർഥിയേയും മാറ്റിയേക്കുമെന്ന് സൂചന. നിലവിലെ എൻഡിഎ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം ആലോചിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കേന്ദ്ര നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നിലവിൽ വയനാട്ടിലെ സ്ഥാനാർഥിയായി പൈലി വാദ്യാട്ടിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, രാഹുൽ ഗാന്ധിയെ നേരിടാൻ സുരേഷ് ഗോപിയെ രംഗത്തിറക്കിയേക്കുമെന്നും ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. രാഹുലിനെതിരേ ജനഹൃദയങ്ങളിൽ സ്ഥാനമുള്ള നേതാവുതന്നെ വേണമെന്നാണ് എൻഡിഎ നേതാക്കളുടെ ആവശ്യം.
വയനാട്ടിലെ സ്ഥാനാര്ഥിത്വം ഇടതുപക്ഷത്തിനെതിരല്ലെന്ന് എഐസിസി. നരേന്ദ്രമോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരാണ് പോരാട്ടമെന്ന് സുര്ജേവാല വ്യക്തമാക്കി. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളുടെ മൂല്യംസംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
എന്നാൽ നടക്കുന്നത് ഇടതുമുന്നണിക്കെതിരായ പോരാട്ടമാണന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ് ക്ലബിലെ മുഖാമുഖം പരാപാടിയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ പറഞ്ഞു. രാഹുലിന്റേത് ഇടതുപക്ഷത്തെ നേരിടാനുള്ള നീക്കമാണ്. ഇത് തെറ്റായ സന്ദേശം നൽകും. മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയും. ഇനിയുള്ള പരിശ്രമമെന്നും അതിനു വേണ്ടിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കാരൂര് സോമന്
ചുട്ടുപൊള്ളുന്ന വെയിലില് ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉത്പന്നങ്ങളാണ് നമ്മുടെ ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചെടുത്ത വെളുത്ത മേഘങ്ങളിലൂടെ പാഞ്ഞുപോയ അമൂല്യ നിധിയായ ഉപഗ്രഹമിസൈല് പരീക്ഷണം. മറ്റൊന്ന് ബാലക്കോട്ടേ ആക്രമണം. ഇത് ഭീകര താവളമോ, മലയോ, മരുഭൂമിയോ, മരിച്ചവരുടെ എണ്ണമോ ഒന്നും പുറത്തുവന്നിട്ടില്ല. അധികാര മരത്തണലിലിരുന്ന് മരത്തിലെ കായ്കനി പറിച്ചെടുത്തു വിശപ്പടക്കിയതുപോലെയായി കാര്യങ്ങള്. രാജ്യം ചുട്ടുപൊള്ളുന്ന പ്രശ്നങ്ങളില് നില്ക്കുമ്പോഴാണ് ഒരല്പം ആശ്വാസത്തിനായി മരത്തണലില് വന്നത്. മരത്തിന്റ ചുവട്ടിലിരുന്ന് മരമുകളില് കയറുമെന്ന് ആരും കരുതിയില്ല. കോലാടുമ്പോള് കുരങ്ങാടും എന്നൊരു ചൊല്ലുണ്ട്. ഇത് കണ്ടിട്ടാണോ പ്രതിപക്ഷ പാര്ട്ടി പറഞ്ഞത് നാടക ദിനത്തിലെ ഏറ്റവും വലിയ കോമാളി വേഷം. സിനിമയില് കോമാളി വേഷങ്ങള് കെട്ടിയാടുന്നവര് എന്തിന് പാര്ലമെന്റില് പോകുന്നുവെന്ന് ഒരു നേതാവ് ചോദിച്ചപ്പോള് തണുത്ത മരവിച്ചിരുന്ന ചിലരുടെ രക്തഞ്ഞരമ്പുകള് മുറുകിയതും നമ്മള് കണ്ടു.
മനുഷ്യര്ക്ക് പ്രായം കൂടുന്തോറും അനുഭവപാഠങ്ങള് ധാരാളമെന്നാണ് നമ്മള് ധരിച്ചിരിക്കുന്നത്. മരണക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവര് അധികാരത്തിലെത്തിയാല് അവരുടെ മനസ്സ് വയസ്സാകുന്തോറും കുട്ടികളുടെതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനെ നമുക്ക് മീശ നരച്ചാലും ആശ നശിക്കില്ല എന്ന പ്രയോഗംകൊണ്ട് നേരിടാം. എന്നാലും നമ്മുടെ ശാസ്ത്രജ്ഞര് കണ്ടുപിടിച്ചു് ആകാശമേഘങ്ങളിലയച്ച ഉപഗ്രഹ മിസൈല് മടങ്ങി വരുമോ, പൊട്ടിത്തകരുമോ എന്ന നിരാശ അവരിലെ നിശ്വാസവായുവിലും കാണാമായിരുന്നു. ആ വിജയ നിമിഷങ്ങള് സന്തോഷകരമായിരുന്നു. അപ്പോഴിതാ നമ്മുടെ പ്രധാനമന്ത്രി ആ മേഘപാളികളില് നിന്നും ഒരു കഷണം വലിച്ചെടുത്തിട്ട് യൂ.പിയിലെ ഒരു തെരഞ്ഞെടുപ്പ് ഗോദയിലേക് വലിച്ചു നീട്ടി ആര്ത്തട്ടഹസിച്ചു പറഞ്ഞു. ‘രാജ്യ രക്ഷ തന്റെ കൈകളില് സുരക്ഷിതമാണ്. കാവല്ക്കാരനാണ്. നിങ്ങള് വോട്ടു തരണം’. അഞ്ചു് വര്ഷങ്ങള് ഭരിച്ചിട്ടും പത്തു ലക്ഷത്തിന്റ കോട്ടണിഞ്ഞിട്ടും, ലോകം മുഴുവന് ചുറ്റിയിട്ടും ആശ മാറിയില്ല. മറ്റൊരാള്ക്ക് കസേര കൊടുക്കാനും തയ്യാറല്ല. ആ വാക്കുകള് വിടര്ന്ന നേത്രങ്ങളോടെ ജനങ്ങള് കേട്ടു. ജനങ്ങള് ഉത്കണ്ഠകുലരും ദുരിതത്തിലുമെന്ന് ഈ പ്രധാനമന്ത്രിയറിഞ്ഞില്ല. അദ്ദേഹം തന്നെ സമ്മതിക്കുന്നു ജനം അരഷിതരാണ്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞ അഞ്ചു വര്ഷങ്ങള് ഭരിച്ചിട്ടും ജനത്തെ രക്ഷപെടുത്താന് സാധിച്ചില്ല. രക്ഷപെട്ടത് വന്കിട കച്ചവട മുതാളിമാരും, മാധ്യമ മുതലാളിമാരും അവര്ക്ക് കൂലിപ്പണി ചെയ്ത അധികാരികളുമാണ്.
സാധാരണ ജനം ചോദിക്കുന്നത്. ശാസ്ത്രജ്ഞര് സുരക്ഷിതമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമിസൈല് പുറം ലോകത്തോട് പറയുമ്പോള് എന്താണ് ഒരു ശാസ്ത്രജ്ഞനെപ്പോലും ആ വേദിയില് കാണാതിരുന്നത്? അത് അവരോടുള്ള അവഗണനയല്ലേ? അവര് കണ്ടത്തിയ ഉപഗ്രഹമിസൈലിനു വോട്ടു ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ഈ വ്യക്തിയാണോ രാജ്യരക്ഷയെപ്പറ്റി പറയുന്നത്? ഒരു കര്ഷകന് വിത്തും വളവുമിറക്കി രാപകല് കഷ്ടപ്പെട്ടു വളര്ത്തിയെടുത്ത കാര്ഷികവിളവ് ഒരു കൊടുംകാറ്റില് തകരുന്നതുപോലെയായിരുന്നു ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ.. വോട്ടിനുവേണ്ടിയുള്ള ഓരോരോ അജണ്ടകള്. ഇതുപോലെ ചുട്ടു പഴുപ്പിക്കുന്ന രാഷ്ട്രീയ അജണ്ടകള് കാലാകാലങ്ങളിലായി ഈ കൂട്ടര് ജനമധ്യത്തില് കത്തിക്കാറുണ്ട്. യൂ.പിയെ പോലെ മത ഭ്രാന്തുള്ള, മതത്തിന്റ പേരില് മനുഷ്യനെ കൊല്ലുന്ന സ്ഥലങ്ങളില് ഇതൊക്കെ കുറെ വിജയിക്കും. വിവേകമുള്ള ഒരു ജനം ഒരിക്കലും ഈ അജണ്ടകളില് വിഴുന്നവരല്ല. മതങ്ങളുടെ സനാതനമൂല്യങ്ങളെ തല്ലിത്തകര്ത്താണ് മതമേധവിയും രാഷ്ട്രീയ മേധാവിയും അരമനകളില് കൈകോര്ക്കുന്നത്. നല്ലൊരു ഭരണകര്ത്താവിനെ ജനം കാണേണ്ടത് സംശയത്തോടെ അവിശ്വാസത്തോടെ ആയിരിക്കരുത്.
രാജ്യ രക്ഷ സുരക്ഷിതമായ കൈകളില് ആയിരിന്നിട്ടാണോ നാല്പത് രാജ്യ രക്ഷ ഭടന്മാര് ഭീകരവാദികളാല് കൊല്ലപ്പെട്ടത്? പട്ടാളക്കാരുടെ എത്രയോ താവളങ്ങളില് ഇവര് കടന്നു കയറുന്നു? ആരാണ് ഇവരെ അയച്ചത്? ഇതില് അധികാരത്തിലുള്ളവരുടെ പങ്ക് എന്താണ്? വീരമൃത്വ വരിച്ച തീരാദുഃഖത്തില് കഴിയുന്ന ആ കുടുംബങ്ങള്ക്ക് എന്ത് ലഭിച്ചു? ഇതുപോലെ കാശ്മീരില് ദൈനംദിനം സുരക്ഷ ഭടന്മാര് കൊല്ലപ്പെടുകയല്ലേ? എന്നിട്ട് വീമ്പിളക്കുന്നു തന്റെ കൈകളില് രാജ്യ0 സുരക്ഷിതമെന്ന്. ഇതിന് മുന്പും ഇതുപോലുള്ള നാടകങ്ങള് രാജ്യ0 കണ്ടിട്ടുണ്ട്. അത് ‘ബുദ്ധന് ചിരിക്കുന്നു ‘ എന്ന പേരില് നടന്ന പൊക്രാന് ആണവ പരീക്ഷണമാണ്. അന്നും സമരങ്ങളാലും മറ്റും രാജ്യ0 പ്രതിസന്ധി നേരിട്ട സമയമായിരുന്നു. മുന്പുള്ള പരീക്ഷണങ്ങള്, വിജയങ്ങള് രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി ആരും രാഷ്ട്രീയ അജണ്ടയായി ചുട്ടുപഴുപ്പിച്ചില്ല. ഈ പരിഷണങ്ങളെ രാഷ്ട്രീയ അജണ്ടയാക്കുന്നത് പ്രശ്നങ്ങളില് നിന്നും ഒളിച്ചോടാന് വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങള്. കര്ത്തവ്യബോധമുള്ള ഒരു പ്രധാനമന്ത്രിക്ക് ചേര്ന്നതാണോ ഈ വാക്കുകള്? അത് അദ്ദേഹത്തെ ദുര്ബലനാക്കുക്കുകയല്ലേ ചെയുന്നത്? ഒരു ശാസ്ത പരീക്ഷണത്തില് വിജയിച്ചതിന് അല്ലെങ്കില് മറ്റൊന്നിന് വോട്ടു ചോദിക്കുന്നത് എത്ര ദയനീയമാണ്. ചുരുക്കത്തില് പട്ടാളക്കാരന്റെ രക്തവും, ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനവും മുദ്രാവാക്യങ്ങളാക്കി വോട്ടുപെട്ടി യന്ത്രം നിറക്കുന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. എന്തുകൊണ്ട് ജീവന് പൊലിയുന്ന ജവാന്മാരുടെ പേരില് വോട്ട് ചോദിക്കുന്നില്ല?
രാജ്യസുരക്ഷ ഒരിക്കലും സമൂഹത്തില് അരക്ഷിതത്വ0 വളര്ത്തുന്നവര്ക്ക് നടപ്പാക്കാന് സത്യമല്ല. പാവങ്ങളുടെ ഉയര്ച്ചക്ക് വേണ്ടി, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, ആത്മഹത്യകള്, കൈക്കൂലി ഇങ്ങനെ സമൂഹത്തില് ചുട്ടു പൊള്ളുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇതിനെയൊന്നും തുടച്ചുമാറ്റാനോ, അഭിസംബോധന ചെയ്യാനൊ കരുത്തില്ലാത്തവര് ഏത് പാര്ട്ടിക്കാരനായാലും ചുമലിലിരുന്ന് പാവങ്ങളുടെ ചെവി തിന്നുന്നവരാണ്. ഇന്ത്യയെ ലോകത്തെ നാലാമത്തെ മിസൈല്വേധ ശക്തിയാക്കി മാറ്റിയത് ഇന്ത്യന് ശാസ്ത്രജ്ഞരാണ്. അവര്ക്കാവശ്യം ഭരണത്തിലുള്ളവരുടെ കരുതലും, പിന്തുണയുമാണ്. അവര്ക്ക് ചിലവാക്കുന്ന പണം ഇന്ത്യന് ജനതയുടേതാണ് അല്ലാതെ ഒരു ഭരണാധികാരിയുടേതല്ല. അതിനപ്പുറം ശാസ്ത്രജ്ഞന്മാരിലെ ശാസ്ത്രജ്ഞനാകരുത്. വരികള്ക്കിടയില് വായിക്കുമ്പോള് എല്ലാം രംഗത്തും കാണുന്ന അധികാരാധിപത്യം ശാസ്ത്ര രംഗത്തും കണ്ടുവരുന്നു.
ഇന്ത്യന് ദേശീയതക്കും ജനാധിപത്യത്തിനും മുറിവുണ്ടായിട്ട് കാലങ്ങള് ഏറെയായി. ആ മുറിവ് ആഴത്തിലാകാതിരിക്കണമെങ്കില് നിലവിലുള്ള വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം. ഒരു മാറ്റവും ആഗ്രഹിക്കാത്ത നമ്മുടെ പരമ്പരാഗതമായ വിശ്വാസം പോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങള് കാറ്റില് പരത്തുന്നതും അതിലെ സമ്പന്നരായ മുഖംമൂടികളാണ്. ഇവര് പാവങ്ങളുടെ രക്ഷകരായി വേഷംകെട്ടുമെങ്കിലും, ഏതു ജാതി മതത്തില് ജനിച്ചാലും ഇവരുടെ മനസ്സ് സവര്ണ്ണ വര്ഗ്ഗിയ-ഫാസിസത്തിനൊപ്പമാണ്. ആകാശച്ചെരുവില് നിന്നും വലിച്ചെടുത്തു നാട്ടുകാര്ക്ക് കൊടുത്ത ആ ഒരു തുണ്ടു മിസൈല് പാവങ്ങളുടെ വിശപ്പ് അടക്കില്ല. അന്തഃപുരത്തിലെ സുഖഭോഗങ്ങളില് കഴിയുന്നവര്ക്ക് ഇനിയും വോട്ട് വേണോ?
കോൺഗ്രസ് അധ്യക്ഷൻ രാഹുല് ഗാന്ധി വയനാട്ടില് കോണ്ഗ്രസ് സ്ഥാനാര്ഥിയായി മത്സരിക്കും. സ്ഥാനാര്ഥിത്വം ഡല്ഹിയില് പ്രഖ്യാപിച്ചത് എ.കെ. ആന്റണിയാണ്. വയനാട് രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമെന്ന് വിലയിരുത്തലെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആന്റെണി പറഞ്ഞു.രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എല്.ഡി.എഫ് സ്ഥാനാര്ഥിയും മുന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്. നാമനിര്ദേശ പത്രികക്കൊപ്പം ജയരാജന് നല്കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള് നിലപാട് സ്വീകരിക്കുമെന്നും ജയരാജനെ തോല്പ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകളുടെ വിവരങ്ങള് കൂടി പുറത്തുവന്നതോടെ സിപിഎം പാളയത്തില് പുതിയ തലവേദനയാണുണ്ടായിരിക്കുന്നത്.
സംഘപരിവാര് നേതാവായിരുന്ന കതിരൂര് മനോജ്, മുസ്ലിം ലീഗ് പ്രവര്ത്തകനായ അരിയില് ഷുക്കൂര് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജയരാജന് പ്രതിയായിട്ടുള്ളത്. മനോജിനെ കൊലപ്പെടുത്താന് ഗൂഢാലോചന നടത്തിയത് ജയരാജന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമാനം. ഷൂക്കൂറിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് വിവരം ഉണ്ടായിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളും ഉയര്ത്തി കാണിച്ചാവും യു.ഡി.എഫ് പ്രചാരണം. ടി.പി ചന്ദ്രശേഖരന് വധക്കേസില് ജയരാജന് പങ്കുണ്ടെന്ന് നേരത്തെ ആര്.എം.പി ആരോപിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില് ചര്ച്ചയാകും.
അന്യായമായി സംഘം ചേര്ന്നതിനും ഗതാഗതം തടസ്സപ്പെടുക തുടങ്ങിയ കേസുകളും ജയരാജനെതിരെയുണ്ട്. ഈ കേസില് ഒരെണ്ണത്തില് അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്യായമായി സംഘം ചേര്ന്ന് പൊതുമുതല് നശിപ്പിച്ച കേസില് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകള് പ്രകാരം രണ്ടര വര്ഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ നല്കിയ അപ്പീലില് തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
യുവതിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്.
സംഘനടയുടെ മുന് ഭാരവാഹിയായ യുവതിയുടെ പരാതിയെ തുടര്ന്നാണ് പൊലീസ് നടപടി. സംഘടനയ്ക്ക് അപകീര്ത്തിയുണ്ടാക്കിയെന്ന് കാണിച്ച് മനീഷിനെതിരെ ട്രസ്റ്റ് അംഗവും പൊലീസില് പരാതി നല്കി.
വീഡിയോ കോള് ചെയ്യുന്നതിനിടെ അബദ്ധത്തില് നഗ്ന ദൃശ്യം പ്രതിയുടെ പക്കലെത്തിയതാണെന്നാണ് യുവതിയുടെ മൊഴി. ഇന്സ്പെക്ടര് ടി ഡി സുനില് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
തിരുപ്പൂരിൽ കെഎസ്ആർടിസി ബസ് അപകടം. പത്തനംതിട്ട ബാംഗ്ലൂർ ബസ് ആണ് അപകടത്തിൽ പെട്ടത്. ഓവർ ബ്രിഡ്ജിൽ നിന്നും ബസ് താഴേയ്ക്ക് വീണാണ് അപകടമുണ്ടായത്. 23 പേർക്ക് പരിക്ക് പറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി സ്കാനിയ ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.