Kerala

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കരമനയില്‍ വെച്ച് കൊല്ലപ്പെട്ട അനന്തുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. അനന്തുവിന്റെ ബൈക്ക് പ്രതികളുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളാണ് ഓടിക്കുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ബാലു, റോഷന്‍ എന്നിവരാണ് പിടിയിലായത്.

നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം ഇന്നലെ ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുകയാണ്.

അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ അറുത്തു മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാരൂര്‍ സോമന്‍

ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നത് പോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍ വിലയിരുത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും ഒരു ചില്ലി കാശു പോലും ചിലവാക്കാതെ നമ്മുടെ നികുതി പണം കൊണ്ട് എം.എല്‍.എ, എം.പി.ഫണ്ട് വാങ്ങി അവരുടെ പേരെഴുതി ചുവരുകളില്‍ പ്രദര്‍ശിപ്പിച്ച് അധികാരികളാകുന്ന, മറ്റുള്ളവര്‍ക്ക് വഴി മാറികൊടുക്കാതെ മരണംവരെ തെരഞ്ഞടുപ്പില്‍ മത്സരിച്ച് അധികാരഭ്രാന്തില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ മത-രാഷ്ട്രീയത്തിന്റ പരിക്കുകളേറ്റു കാലത്തിന്റ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ഒരു ജനതയുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ 2019 ലോക സഭാ തെരഞ്ഞടുപ്പില്‍ പുറത്തു വന്നു. ഒന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നു. ഈ മാതൃക നേതാക്കന്മാരുടെ കണ്ണു തുറന്നതില്‍ വരും തലമുറയ്ക്ക് സന്തോഷിക്കാം. രണ്ടാമത് മതത്തിന്റെ, ദൈവത്തിന്റ പേരില്‍ വോട്ടു പിടിക്കരുതെന്ന തെരെഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ്. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പുകളില്‍ ഓഫീസര്‍ അത് കണ്ടിരിക്കുന്നു. ഇത് രണ്ടും മനുഷ്യന്റെ മനസ്സ് തറക്കുന്ന കുളിരളം വാക്കുകള്‍. ഇത് വടക്കേ ഇന്ത്യയില്‍ ഒന്നു നടപ്പാക്കി തരുമോ തെരഞ്ഞടുപ്പില്‍ കടന്നു വരുന്ന കള്ളപ്പണത്തിന്റ സ്രോതസ്സിനെപറ്റി എന്താണ് ഒന്നും പറയാത്തത്.

കേരള നിയമസഭ 1957 മാര്‍ച്ച് 16ന് നിലവില്‍ വരികയും ഏഷ്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു. ആ മന്ത്രിസഭയിലെ അംഗങ്ങള്‍ സി.അച്യുതമേനോന്‍, ജോസഫ് മുണ്ടശ്ശേരി, ടി.വി.തോമസ്, വി.ആര്‍.കൃഷ്ണയ്യര്‍, കെ.പി.ഗോപാലന്‍, കെ.സി.ജോര്‍ജ്, ടി.എ.മജീദ്, കെ.ആര്‍.ഗൗരി, പി.കെ.ചാത്തന്‍, ഡോ.എ.ആര്‍. മേനോന്‍. എന്തിനു ഇതെഴുതി എന്ന് ചോദിച്ചാല്‍ ഇവര്‍ ആരും തന്നെ അധികാരത്തില്‍ വന്നത് മത-ആള്‍ ദൈവങ്ങളുടെ പേരിലല്ലായിരുന്നു. ഇതുപോലുള്ള വ്യക്തിത്വങ്ങളും, ആദര്‍ശാലികളും ഇതിന് ശേഷമുള്ള മന്ത്രിസഭകളില്‍ എന്തുകൊണ്ട് വന്നില്ല അല്ലെങ്കില്‍ എത്രപേരുണ്ട് എന്നത് കാലം അടയാളപ്പെടുത്തേണ്ടതാണ്. അധികാരത്തില്‍ അഭയം തേടുന്ന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ 72 വര്‍ഷങ്ങളായി സ്വാതന്ത്ര്യം കിട്ടിയിട്ടും പാവങ്ങള്‍ വിലാപങ്ങളോടെയാണ് ജീവിക്കുന്നത്. ഇതിന് ഒരു മാറ്റം ഈ തിരെഞ്ഞടുപ്പില്‍ സംഭവിക്കുമോ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇരകളുടെ, വോട്ടു ചെയ്യുന്നവന്റെ സ്ഥാനം എന്നും മുകളിലല്ല താഴെയാണ്. അതിനാല്‍ അവര്‍ എന്നും ഇരകളായി മാറുന്നു. പുഴുവിനെപോലെ ഇഴഞ്ഞു നടക്കുന്നു. കാട്ടിലെ വേട്ടക്കാര്‍ പള്ള നിറക്കാനായി ഇര തേടുമ്പോള്‍ നാട്ടിലെ വേട്ടക്കാര്‍ അല്ലെങ്കില്‍ അധികാരിവര്‍ഗ്ഗം പാവപ്പെട്ട ഇരകളുടെ നൊമ്പരം, ദയനീയാവസ്ഥ, വിശപ്പ് മാറ്റാനായി കള്ളപ്പണവും, മതം പുരണ്ട മധുരകിഴങ്ങുമായി പാവങ്ങളെ തേടിയെത്തുന്നു. എല്ലാ അഞ്ചുവര്‍ഷം കുടുമ്പോഴും ഇരകളെ തേടിയവര്‍ മാവേലിയെപ്പോലെ വരുന്നു, യാചകരെപോലെ വോട്ട് ചോദിക്കുന്നു. മാവേലി മന്നന്മാര്‍ വോട്ട് പെട്ടിയിലാക്കിയിട്ടും പാവങ്ങളുടെ ദുഃഖദുരിതത്തിന് യാതൊരു മാറ്റവുമില്ല. അവര്‍ ജീവിക്കുന്നത് ആഴത്തില്‍ മുറിവേറ്റ മനസ്സുമായിട്ടാണ്. വിശപ്പില്‍ നിന്നും വിശപ്പിലേക്കുള്ള ദുരം കുടുകയല്ലാതെ കുറയുന്നില്ല. കാരണം ഇന്ത്യന്‍ ഭരണയന്ത്രം നീങ്ങുന്നത് കാളയില്ലാത്ത കലപ്പപോലെയാണ്. ആ കലപ്പയുടെ നുകത്തില്‍ കെട്ടി വലിക്കുന്നത് പാവങ്ങളെയാണ്. കാള, കലപ്പ അങ്ങനെ പല ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ ഇതിനൊരു മാറ്റം വരുത്തുമോ?

മതമെന്ന വൈകാരിക ഭാവം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടന്നു വരികയും ജനാധിപത്യത്തിന്റ മറവില്‍ വിനാശം വിതക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മതമെന്ന മയക്കുമരുന്ന് ഒരു കാരണവശാലും തെരഞ്ഞെടുപ്പുകളില്‍ വരാന്‍ പാടില്ലാത്തതാണ്. അതിന് മരണത്തിന്റ മണമാണ്. ആ മരണം ചിറകുകളിലേന്തി പറക്കുന്ന കഴുകന്മാര്‍ നമ്മുടെ വീടുകളിലെ മരങ്ങളിരുന്ന് നമ്മെ ഉറ്റു നോക്കുന്നു. മൃഗങ്ങള്‍ ഇരകളെ തേടിയിറങ്ങുന്നതുപോലെ മതഭ്രാന്തന്‍മാര്‍, മതമൗലികവാദികള്‍, കസേര കൊതിയന്മാര്‍ മതമെന്ന അപ്പക്കഷ്ണവുമായി സമൂഹത്തില്‍ ഇരകളെ തേടിയിറങ്ങുന്നു. മതഭ്രാന്ത് ഒരു ഹിംസയാണ്. ആ ഹിംസ മതഭൂതങ്ങളില്‍ ആണിയടിച്ച് ഉറപ്പിച്ചതാണ്. ആ ആണി വലിച്ചൂരിയെറിയാന്‍ അധികാരവും അത്യാഗ്രവുമില്ലാത്തവര്‍ക് മാത്രമേ സാധിക്കു. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും. അറിവോ, തിരിച്ചറിവൊ, രാഷ്ട്രീയബോധമോയില്ലാത്ത ഒരു ജനത ഇരകളായി നിന്ന് വോട്ടുപ്പെട്ടി നിറക്കുന്നു. വോട്ട് കൊടുത്തവന് പിന്നീട് കിട്ടുന്നത് മുഖത്തു ചവിട്ടാണ്. ചുമക്കുന്നവന്റെ തലയില്‍ വീണ്ടും ചുമട് അതാണ് ഇന്നത്തെ പാവങ്ങളുടെ ജീവിതം. ചുട്ട ചട്ടിക്ക് അറിയില്ല അപ്പത്തിന്റ സ്വാദ് എന്നതുപോലെ വോട്ടു ചെയ്തവന് അറിയില്ല അതിന്റ മഹത്വം എന്തെന്ന്. അറിയണമെങ്കില്‍ അറിവും തിരിച്ചറിവവും വിവേകമുള്ള ജനങ്ങളും ഭരണവും ഇന്ത്യയിലുണ്ടാകണം. സ്വയം പുകഴ്ത്തിപ്പറയാത്ത, വാനോളം വാചകമടിക്കാത്ത ഭരണാധികാരികളുണ്ടാകണം, അനീതി ആക്രമമില്ലാത്തവരാകണം. ദേശസ്‌നേഹം പ്രസംഗിക്കാതെ ദേശീയത വളര്‍ത്തുന്നവരാകണം. സംഘടിതശക്തികളുടെ താളത്തിന് തുള്ളുന്നവരാകരുത്. ദുര്‍ബലരായ പൗരന്മാരുടെ ന്യായമായ ആവശ്യങ്ങളില്‍ ബോധപൂര്‍വമായി ഇടപെടുന്നവരാകണം. പരസ്പരം പോരാടിക്കാനും വെട്ടികൊല്ലാനും ജനങ്ങളെ പഠിപ്പിക്കുന്നവരാകരുത്. ഇതുപോലുള്ള കുറെ മൂല്യങ്ങള്‍ നമ്മുടെ ഭരണാധിപന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എത്രയോ ഉയരങ്ങളില്‍ പറക്കുമായിരിന്നു. കാത്തു കാത്തിരിക്കുന്ന പ്രധാനമന്ത്രിയില്‍ ഈ മൂല്യങ്ങള്‍ കാണുമോ

കൃഷിക്കാര്‍, തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു, വിദ്യാസമ്പന്നര്‍ തൊഴില്ലാതെ തെണ്ടി തിരിയുന്നു, വിലകയറ്റത്താല്‍ പാവങ്ങള്‍ നട്ടം തിരിയുന്നു, സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു ഇങ്ങനെ എല്ലാം മേഖലകളിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റ ജീര്‍ണ്ണിച്ച മുഖം ലോകം കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യനെ ചുഷണം ചെയ്ത് ജീവിക്കുന്ന അധികാരിവര്‍ഗ്ഗം ഇന്നും മേലാളന്മാരും കിഴാളന്മാരുമായി നിന്ന് ജനങ്ങളെ തമ്മില്‍ തല്ലിച്ചുല്ലസിക്കുന്നു. മതമെന്ന അപ്പക്കഷണമാണ് ഈ ഹിംസയ്ക്ക് പ്രധാന കാരണം. മതവികാരം ഒരു പറ്റം മനുഷ്യരില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഇശ്വരജ്ഞാനമോ, വിവേകമോ ഇല്ലാത്ത മനുഷ്യരാണ് ഈ മതഭ്രാന്തിന് അടിമകളാകുന്നത്. എല്ലാ മതങ്ങളുടേയും സൃഷ്ഠികര്‍ത്താക്കള്‍ ആള്‍ദൈവങ്ങളും പുരോഹിതവര്‍ഗ്ഗവുമാണ്. ബുദ്ധനോ, യേശുക്രിസ്തുവോ, ശ്രീരാമകൃഷ്ണനോ, വിവേകാനന്ദനോ, രമണമഹര്‍ഷിയോ, നാരായണഗുരുവോ ഒരു മതവും മണ്ണില്‍ മുളപ്പിച്ചിട്ടില്ല. അവരറിയാതെ ആ പേരുകളില്‍ അത് വളര്‍ന്നു. അതിന് ചുറ്റും വര്‍ഗ്ഗിയതയെന്ന മതിലുകളുയര്‍ന്നു. അതിനുള്ളില്‍ വളരുന്നത് കഞ്ചാവാണ്. നാം കാണുന്ന എല്ലാ മതങ്ങളിലും ഈ ജീര്‍ണ്ണതയുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ കാവല്‍ക്കാരാകുന്നു. വികസിത രാജ്യങ്ങള്‍ അനുനിമിഷം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി സഞ്ചരിക്കുമ്പോള്‍ ഇന്ത്യക്കാരന്‍ കാണാത്ത ദൈവത്തിന്റ മറവില്‍ വന്യമൃഗങ്ങളെപോലെ ഇരകളെ തേടുന്നു. അങ്ങനെയവര്‍ അധികാരത്തിലെത്തി സമ്പന്നന്മാരാകുന്നു. എവിടുന്നുണ്ടായി ഈ സമ്പത്ത്

ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജാതി-മതങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ അവരുടെ ജാതി കാര്‍ഡ് കളിച്ചാണ് കൊള്ളക്കാരെയും , കൈകൂലികരെയും, കൊലപാതകികളെയും, സ്ത്രീകളെ പിഡിപ്പിച്ചവരെയും, സമ്പന്നരെയും അധികാരത്തിലെത്തിക്കുന്നത്. കേരളവും ഇതില്‍ നിന്ന് മുക്തമല്ല. പുരോഹിതവര്‍ഗ്ഗം സൃഷ്ടിച്ച ദൈവങ്ങളില്‍ പൂജകളും പ്രതിഷ്ടകളും, പ്രാര്‍ത്ഥനകളും നടത്തി സ്വന്തം സുഖത്തിനുവേണ്ടി ദൈവ -രാജ്യ സേവനം നടത്തുന്നവരെയല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമുഹത്തില്‍ ദുഷ്ടതകള്‍ ചെയ്തു ജീവിക്കുന്ന ഈ പകല്‍ മാന്യന്മാരെ ഈ തെരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ തിരിച്ചറിയണം. ഈശ്വരന്‍ എന്ന സങ്കല്പത്തില്‍ മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യുന്നവരും സഹ ജീവികളോട് കാരുണ്യം കാണിക്കുന്നവരുമാണ് യഥാര്‍ത്ഥ മത ഭക്തര്‍ അല്ലെങ്കില്‍ ജനസേവകര്‍ അല്ലാതെ ആ പേരില്‍ വോട്ടു ചോദിക്കുന്നവരും ശുഭ്രവസ്ത്രധാരികളുമല്ല. അധികാരത്തിന്റ താക്കോല്‍ കിട്ടി കഴിഞ്ഞാല്‍ മാന്‍പേടയുടെ മുഖം മാറി സിംഹത്തിന്റ മുഖമായി സമൂഹത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കും. അപരാധി നിരപരാധിയായി മാറും. മതത്തിനായി മരകായുധങ്ങള്‍ നിര്‍മ്മിക്കും. ഒരു ഈശ്വരനിലും മതമില്ല എന്നത് ഈ കൂട്ടര്‍ തിരിച്ചറിയുന്നില്ല. ഈ പുണ്യവാന്‍മാരെ തിരിച്ചറിയാന്‍ ശ്രമിക്കുമോ

ഈ തെരഞ്ഞെടുപ്പ് മനുഷ്യ പുരോഗതിയെ മുന്നില്‍ കണ്ടുകൊണ്ടാകണം നാം നേരിടേണ്ടത്. പ്രവര്‍ത്തിയില്ലാതെ ആദര്‍ശം പ്രസംഗിക്കുന്നവരുടെ മര്‍മ്മ സ്ഥാനത്തടിക്കാന്‍ ഇന്ത്യകാരന് കിട്ടിയ അവസരമാണിത്. മതത്തില്‍ നിന്നും പടുത്തുയര്‍ത്തിയ രാഷ്ട്രീയപാര്‍ട്ടികളെ അടിച്ചു തകര്‍ത്ത് അവിടെ മതേതര മതിലുകളാണ് പടുത്തുയര്‍ത്തേണ്ടത്. അവര്‍ക്ക് മാത്രമേ മനുഷ്യ ജീവിതത്തിന്റ ഉപ്പും, ഉറപ്പും സുരക്ഷിതത്വവും നല്കാന്‍ സാധിക്കു. നമ്മുടെ തെരെഞ്ഞടുപ്പുകളില്‍ ദരിദ്രര്‍ ധനികരുടെ നക്കാപ്പിച്ച അനുകുല്യങ്ങള്‍ വാങ്ങി വോട്ടു ചെയ്തതുകൊണ്ടാണ് പട്ടിണി, ദാരിദ്ര്യം മുതലായവ ഇന്നും തുടരുന്നത്. അതിനാല്‍ ശ്വാസം ദീര്‍ഘശ്വാസം വലിക്കുന്നു. മനുഷ്യനെ ജാതി മതത്തിന്റ പേരില്‍ വേറിട്ടു കാണുന്ന ചൂഷകവര്‍ഗ്ഗത്തിന് ഈ തെരഞ്ഞടുപ്പ് ഒരു ചാട്ടവാറടിയാകണം. ചാണകം തളിച്ച് മുറ്റമൊന്നു കഴുകിയാലും തെറ്റില്ല. ഇന്ത്യയിലെ വോട്ടര്‍മാര്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ഈ ചൂഷകരുടെ മുന്നിലെ കഴുതകളും ഭാവിയുടെ അനന്തരഫലങ്ങളറിയാത്ത മണ്ണിലെ വെറും പുഴുക്കളും ചുമടുതാങ്ങികളുമാകരുത്. തിരഞ്ഞെടുപ്പുകളിലെ അജ്ഞാത കാമുകി കാമുകന്മാരെ നാം തിരിച്ചറിയണം. ഈ തെരഞ്ഞടുപ്പ് കാലത്തേ അമര്‍ത്തി ചുംബിക്കുന്ന ജീവന്റെ തുടുപ്പുകളാകട്ടെ.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി തൃപ്രയാറില്‍. രാവിലെ പത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ദേശീയ മല്‍സ്യ തൊഴിലാളി സമ്മേളനത്തിൽ രാഹുല്‍ പങ്കെടുക്കും. ഇന്നലെ രാത്രി രാമനിലയത്തിലെത്തിയ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമായിരുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.

സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥ തിരഞ്ഞെടുപ്പ് കാഹളമായി മാറും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോഴിക്കോട്ടെ ജനമഹാറാലി. ദേശീയ നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരും വേദി പങ്കിടും. ഇടത് മുന്നണി പ്രചാരണത്തില്‍ നേടിയ മേല്‍ക്കൈ രാഹുലെത്തുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

തര്‍ക്കങ്ങളില്ലാതെ ഇടത് സ്ഥാനാര്‍ഥി നിര്‍ണയം. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചരണത്തിന്റെ അവസാന ലാപ്പില്‍. മലബാറില്‍ യു.ഡി.എഫിന്റെ ചുവരെഴുത്ത് വ്യക്തമായത് മലപ്പുറത്തും പൊന്നാനിയിലും മാത്രം. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായിക്കരുതുന്ന വയനാട്ടിലും തര്‍ക്കം ചുരമിറങ്ങിയില്ല. ധാരണയായ സീറ്റുകളില്‍ പ്രഖ്യാപനം വൈകുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരെ സമീപിക്കാനാകുന്നില്ല. വോട്ടഭ്യര്‍ഥന സ്ഥാനാര്‍ഥിയുടെ പേരില്ലാതെ കൈപ്പത്തിയിലൊതുങ്ങുന്ന കാഴ്ച. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ആശങ്ക ചെറുതല്ല. രാഹുല്‍ ഗാന്ധിയുടെ ഒറ്റ സന്ദര്‍ശനത്തിലൂടെ അണികള്‍ക്കിടയിലുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയുമെന്ന് നേതൃത്വം.

ജനമഹാറാലിയില്‍ ലക്ഷത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനാണ് ശ്രമം. മലബാറിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരുള്‍പ്പെെട പ്രധാന നേതാക്കള്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് പ്രവചനവുമായി സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍ ഇറങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമല്ലാത്തതിനാല്‍ നിലവില്‍ ചില മണ്ഡലങ്ങളിലാണ് പ്രവചനം സാധ്യമായിരിക്കുന്നത്. നടേശന്‍ ചേട്ടന്‍റെ സ്വന്തം ആലപ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ എ.എം.ആരിഫിനാണ് നറുക്ക്. വെറും പ്രവചനമല്ല. ആരിഫെങ്ങാനും തോറ്റാല്‍ ആകെയുള്ള ഇത്തിരി മുടി പോലും ഇല്ലാത്ത നടേശന്‍ ചേട്ടനെ കാണേണ്ടിവരും മലയാളി. അതുകൊണ്ട്, ആരിഫ് ജയിക്കണോ തോല്‍ക്കണോ എന്നൊക്കെ വോട്ടര്‍മാര്‍ ഒന്നുകൂടെ ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ്.

സത്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സി.വേണുഗോപാല്‍ തോല്‍ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ആ കണക്കിന് എ.എം. ആരിഫ് പ്രാര്‍ഥനയൊക്കെ ഒന്നു ഇരട്ടിയാക്കുന്നത് നന്നാവും. വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നവരൊക്കെ തോറ്റിട്ടേയുള്ളു എന്നൊക്കെ ചില കരക്കാര്‍ കുശുമ്പ് പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കരുത്. 2011 നിയസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറിയാല്‍ രണ്ടോ മൂന്നോ സീറ്റേ അധികം കിട്ടുകയുള്ളു എന്ന് പ്രവചിച്ചതിന് വക്കം പുരുഷോത്തമന്‍റെ കൈയ്യില്‍ നിന്ന് സ്വര്‍ണമോതിരം സമ്മാനം കിട്ടിയ കക്ഷിയാണ് വെള്ളാപ്പള്ളി. അതുകൊണ്ട് ഒരൊറ്റ ചോദ്യം മകന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിജയിക്കുമോ ഇല്ലയോ?

വേറെ എന്തുവിഷയം. പച്ചക്ക് പറഞ്ഞാല്‍ മോന്‍ വെള്ളാപ്പള്ളി നല്ല അന്തസ്സായി തോല്‍ക്കുമെന്നല്ലേ പറ‌ഞ്ഞത്. ആട്ടെ, ബിജെപിക്ക് വല്ല സാധ്യതയും ഉണ്ടോ?

അപ്പോ കേരളത്തില്‍ ബിജെപിയെ വേണ്ട, ഇക്കണക്കിന് മോദിയെ പിണക്കാന്‍ വല്ല ഉദ്ദേശ്യവുമുണ്ടോ?

ഗംഭീരം. രാഷ്ട്രീയ നടേശന്‍ ചേട്ടനില്‍ നിന്ന് തന്നെ പഠിക്കണം. എന്തൊരു മെയ്വഴക്കമാണ് പ്രവചനത്തിന് പോലും.

സംസ്ഥാനം എസ്എസ്എല്‍സി പരീക്ഷാ ചൂടിലേക്ക് നീങ്ങുകയാണ്. ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളും നാളെ ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്.

കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ.

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും എഴുതുന്നുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

ഇത്തവണ കനത്ത ചൂട് വിദ്യാര്‍ത്ഥികളെ വല്ലതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തവണ ചൂട് കാരണം സമയക്രമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സമയക്രമം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ശേഷവും പരീക്ഷ നടക്കും.

ചെങ്ങന്നൂര്‍: ആര്‍ ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കൊടിക്കുന്നില്‍ സുരേഷ് കള്ളനെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന പ്രചരണം തെറ്റെന്ന് ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും കെ വി തോമസും സ്വന്തം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയക്കുന്നു.

പി ജെ ജോസഫ് ഇനിയും കേരള കോണ്‍ഗ്രസില്‍ തുടരുന്നതെന്തിനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള ചോദിച്ചു. ജോസഫ് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വരണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയാണെന്നും ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ഉച്ചയ്ക്കാണ് രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നേരത്തെ രാജിസന്നദ്ധത അറിയിച്ച നളിനി നെറ്റോയോട് തെരഞ്ഞെടുപ്പ് കഴിയും വരെ തുടരാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി വാര്‍ത്ത‍യുണ്ടായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.  സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് സിഎംഒയിൽ (ചീഫ് മിനിസ്റ്റർ ഓഫീസ്) നിന്നും പടിയിറങ്ങാൻ നളിനി നെറ്റോയും തീരുമാനിച്ചത്.

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ഇന്ന്. കോട്ടയം സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. കെവിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയതെല്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെവിനെ പുഴയിലേക്ക് തള്ളിയിട്ടതിന് തെളിവില്ലെന്നും ഈ സാഹചര്യത്തില്‍ കൊലപാതക കുറ്റം ഒഴിവാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. കെവിന്‍ കൊല്ലപ്പെടണമെന്ന് പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതായും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ തോമസിനെ ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെവിന്റെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സുപ്രീം കോടതി നിര്‍ദേശിച്ച ദുരഭിമാനക്കൊല മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി കെവിന്റെ വധം വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന്റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിലുള്ളത്.

പ്ലസ്സ്ടുമുതൽ പ്രേമത്തിലായിരുന്നെന്നും ഇപ്പോൾ പുതിയ കാമുകനുണ്ടെന്ന് അറിയിച്ചതിനാലാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്നും തിരുവല്ല പൊലീസ് കസ്റ്റഡിയിലുള്ള കോയിപ്പുറം കുമ്പനാട് കടപ്രാ കാരിലിൽ അജിൻ റെജി മാത്യു പൊലീസിനോട് സമ്മതിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള പെൺകുട്ടി  ഗുരുതരമായി വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തുന്നത് എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.

തിരുവല്ല ചുമത്ര സ്വദേശിനിയായ 19 കാരിയെ ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി തടഞ്ഞുവച്ച് തിരുവല്ല പൊലീസിന് കൈമാറിയത്. പരിക്കുള്ളതിനാൽ അജിനെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.

അജിൻ വെച്ചുച്ചിറ വിശ്വാബ്രാഹ്മിൺസ് കോളേജിലെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പെൺകുട്ടി നഗരത്തിലെ സ്വാകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു. പെൺകുട്ടിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് താൻ എത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ അജിൻ ഉറപ്പിച്ചുപറഞ്ഞതായിട്ടാണ് സൂചന.

അജിൻ റെജി മാത്യുവിന്റെ കുറ്റസമ്മതം ഇങ്ങനെ

പുത്തേഴം ഹയർ സെക്കന്റി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും താനും അടുപ്പത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി തന്നെ അവഗണിക്കുന്നതായി മനസ്സിലായി എന്നും കാരണം തിരക്കിയപ്പോൾ വേറെ കാമുകനുണ്ടെന്നും പെൺകുട്ടി പറഞ്ഞതാണ് പ്രകോപനമായത്. ഇനി തന്നെ കാണാൻ വരണ്ടെന്നും പെൺകുട്ടി പറഞ്ഞെന്നും ഇതിന് ശേഷമാണ് വക വരുത്താൻ തീരുമാനിച്ചതെന്നുമാണ് അജിൻ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

വരുന്ന വഴി പുല്ലാടു നിന്നും രണ്ട് കുപ്പികൾ നിറയെ പെട്രോൾ വാങ്ങിയാണ് അജിൻ ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെയും കാത്ത് നിന്നിരുന്നത്. കൈയിൽ കത്തിയും കരുതിയിരുന്നു. പെൺകുട്ടിയെ കണ്ടതോടെ അജിൻ പാഞ്ഞടുത്ത് വയറ്റിൽ കുത്തി. ഇതിന് ശേഷമാണ് പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്നാണ് ദൃസാക്ഷികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനുള്ള അജിന്റെ നീക്കം നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ കൊണ്ട് വിഫലമാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടിയവർ ഷർട്ടുകൊണ്ട് കൈകൾ പിന്നിലേയ്ക്കാക്കി ബന്ധിയിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം അജിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. രാവിലെ ബൈക്കിൽ രണ്ടു കുപ്പി പെട്രോളുമായി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തിയാണ് അക്രമം നടത്തിയത്

നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപോൾ തന്നെ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.  പെൺകുട്ടിയുടെ മുടിയിൽ തീപടർന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകളുമായി വിമാനയാത്രക്കാരി പിടിയില്‍. തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശിനിയായ വന്ദന(28)യെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 11.30ന് ക്വാലലംപുരില്‍ നിന്ന് എത്തിയ മലിന്‍ഡോ എയര്‍വേയ്‌സിലെ യാത്രക്കാരിയാണ് ഇവര്‍.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 100 ഗ്രാം വീതം തൂക്കം വരുന്ന അഞ്ചു സ്വര്‍ണക്കുഴലുകളും മാലയുടെ ലോക്കറ്റില്‍ ഒട്ടിച്ച നിലയില്‍ രണ്ട് ലോക്കറ്റുകളുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 17 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇവര്‍ ആഴ്ചയില്‍ രണ്ടു തവണ മലേഷ്യയില്‍ പോയിവരുന്നത് പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആദ്യം നിഷേധിച്ചു. താനൊരു വസ്ത്ര വ്യാപാരിയാണെന്നും അവിടെ നിന്നു വസ്ത്രം വാങ്ങാനാണ് ഇടയ്ക്കിടെ മലേഷ്യയില്‍ പോയി വരുന്നതെന്ന് അവര്‍ പറഞ്ഞു.

വനിതാ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. റൂമില്‍ നിന്ന് ഇറങ്ങിയോടിയ ഇവരെ വീണ്ടും പിടികൂടി ആശുപത്രിയിലെത്തിച്ച് സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണേന്ദു രാജാമിന്റു, അസി. കമ്മീഷണര്‍ സിമി, സൂപ്രണ്ടുമാരായ ബൈജു, സതീശന്‍, ബിന്ദു, പ്രമോദ്, ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്.

RECENT POSTS
Copyright © . All rights reserved