കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ ഷാലുവിന്റെ ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനയ്ക്കയച്ചു. കഴുത്തില്‍ സാരിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
മൃതദേഹം കാണപ്പെട്ട ഇടവഴിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. രാത്രി പതിനൊന്നുമണിയോടെ ഷാലുവിനൊപ്പം ഇടവഴിയിലൂടെ നടന്നുപോകുന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ കണ്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍നിന്നടക്കം മൊഴിയെടുത്തതിനുശേഷമാകും അറസ്റ്റുള്‍പ്പെടെയുള്ള നടപടകളിലേക്ക് നീങ്ങുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപത്തേക്കാണ് എത്തിയത്. ഇവിടെയും പരിശോധന നടത്തി. തനിക്കുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാലു സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.
കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനി മുഖേന പൊലീസില്‍ പരാതിനല്‍കുന്നതിനായാണ് ഷാലു ഞായറാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോടെത്തിയത്. കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഷാലു താമസിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഷാലുവിനെ തിങ്കളാഴ്ച പുലര്‍ച്ചയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരിചുറ്റുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്
കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
തിരുവനന്തപുരം: വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെളളാപ്പളളി നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്ക് ഒപ്പമെത്തിയാണ് തുഷാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്തനംതിട്ട ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക നൽകും. കൂടുതൽ കേസുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും നാമനിർദേശ പത്രിക നൽകുന്നത്.
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇന്ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ കോഴിക്കോട് തങ്ങിയ ശേഷം വ്യാഴാഴ്ച കൽപറ്റയിലെത്തി നാമനിർദേശ പത്രിക നൽകും.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല.
കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരുക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തിലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി.ശ്രീകുമാര്‍ പറഞ്ഞു
വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.
കുട്ടിക്കുണ്ടായ പരുക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്‍ഒ പുത്തന്‍കുരിശ് എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം വ്യക്തമാകുന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി കൊല്ലുകയാണ്. ട്രോളാന്‍ പാകത്തിന് കണ്ണന്താനം വഷളത്തരമൊക്കെ വിളിച്ചു പറയുന്നുമുണ്ട്. ട്രോളര്‍മാര്‍ക്ക് മറുപടിയുമായി കണ്ണന്താനം എത്തിയിരിക്കുകയാണ്.
ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കുന്നതെന്ന് കണ്ണന്താനം പരിഹസിച്ചു. ഇടതും വലതും ഭരിച്ച് മുടിച്ചിരിക്കുകയാണ് കേരളം. ഇവിടെ വിദ്യാഭ്യാസം ഇല്ലാതെ ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തിരികെ വരികയാണ്. അപ്പോള്‍ ആ നിരാശ ആരോടെങ്കിലും തീര്‍ക്കണം. ഇവര്‍ക്ക് കത്തി എടുത്ത് ഒരാളെ കൊല്ലാനുളള ധൈര്യമൊന്നും ഇല്ല. അപ്പോള്‍ രാവിലെ ഫോണ്‍ എടുത്ത് ട്രോളുണ്ടാക്കുമെന്നും കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തെ നോക്കി ചിരിച്ചോട്ടെ. കേരളം സന്തോഷമായിരിക്കട്ടെ. ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല. അതിന്റെ ഐഡി പോലും എനിക്കറിയില്ല. എനിക്ക് 10 കോടി ആളുകളെ ചിരിപ്പിക്കാന്‍ പറ്റുന്നതൊക്കെ സന്തോഷമാണ്. ഇവിടെ ആര് ഷൈന്‍ ചെയ്താലും അവരെ കൊല്ലും. ഞാന്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ട്രോളാക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്നുംകണ്ണന്താനം പറനഞ്ഞു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ പണിയാനാണ് ഈ നീക്കമെന്ന് ന്യായീകരിച്ച കണ്ണന്താനം, പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തും പരിഹാസ്യനായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട വിഷയവും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയാണ് കേരളത്തിന്റെ യഥാര്‍ഥ തലസ്ഥാനമെന്ന രീതിയിലുള്ള കണ്ണന്താനത്തിന്റെ അഭിപ്രായവും ട്രോളുകള്‍ക്ക് കാരണമായി.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് കുടുംബസമേതം സന്ദര്‍ശിക്കാന്‍ കെ.ടി.ഡി.സി അവസരമൊരുക്കുന്നു. മികച്ച ആനുകൂല്യങ്ങളോടെയാണ് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കോവളം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.
പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത് എന്ന് കെ.ടി.ഡി.സി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ജി എസ് രാജ്മോഹന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തേക്കടിയിലെ കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസില്‍ രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 3333 രൂപയാണ് ചെലവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും www.ktdc.com എന്ന വെബ്സൈറ്റിലോ 0471-2316736, 2725213 എന്നീ നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ് എന്ന് പെരിയാര്‍ ഹൗസ് മാനേജര്‍ ശ്രീ മനോജ് കുമാര്‍ മലയാളം യുകെയോട് പറഞ്ഞു.
തിരുവവന്തപുരം: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യാ ഹരിദാസ് നല്‍കിയ പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ അന്വേഷണം. കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് രമ്യ പരാതി നല്‍കിയത്. പരാതി തിരൂര്‍ ഡിവൈ.എസ്.പി.അന്വേഷിക്കും. മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് തൊട്ടുമുന്‍പ് ഓടിയെത്തുന്നത് പാണക്കാട്ടേക്കാണ്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്ന് പോയി. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല, എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും കഴിഞ്ഞ ദിവസമാണ് രമ്യാഹരിദാസ് പരാതി നല്‍കിയത്. സ്ത്രീത്വത്തെയും അഭിമാനത്തെയും സമൂഹത്തില്‍ തനിക്കുള്ള സ്വീകാര്യതയെയും കളങ്കപ്പെടുത്തുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ പ്രസംഗിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമനുസരിച്ചും ജനപ്രാതിനിധ്യ നിയമനുസരിച്ചും പ്രസ്താവനക്കെതിരേ നടപടിവേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതി അരുൺ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. രണ്ടു കുട്ടികളെയും ആക്രമിച്ചതു സംബന്ധിച്ചും കുട്ടികളുടെ അമ്മയായ യുവതിയുടെ ആദ്യ ഭർത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും ചോദ്യം ചെയ്യും. നിലവിൽ മുട്ടം ജില്ലാ ജയിലിലാണ് പ്രതി.
ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഈ കേസിൽ അരുണിനെ ചോദ്യം ചെയ്യാൻ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും
അരുൺ ആനന്ദ് ഇളയ കുട്ടിയോടു നടത്തിയ ക്രൂരത വെളിവാക്കുന്നതാണ് കോലഞ്ചേരിയിലെ ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ട് . കുട്ടിയുടെ ദേഹത്ത് 11 പരുക്കുകളുണ്ട്. കൈ, കാൽ, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരുക്ക്. പരുക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. പാടുകൾ അവശേഷിക്കുന്നതിനാൽ വലിയ മർദനത്തിന് കുട്ടി ഇരയായെന്നു കരുതുന്നു. കുട്ടികളുടെ അമ്മയുടെ ദേഹത്തും പരുക്കുകളുണ്ട്. ഇവരെയും പരിശോധനയ്ക്കു വിധേയയാക്കി. റിപ്പോർട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും
എന്നാൽ മരുമകളെ കുറ്റം പറയാതെ അനുകൂലിച്ചു ബിജുവിന്റെ ‘അമ്മ
‘ഈ ലോകം മുഴുവൻ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്നേഹമില്ലാത്ത അമ്മയല്ല അവൾ. ഭർത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്. പക്ഷെ അവൾ പോയി. വിധിയാവാം. പോയ അന്നു മുതൽ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല.
ആരോടും ഒന്നും പറയാൻ അവൾ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കിൽ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു.’ തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭർത്താവിന്റെ മാതാവിന്റെ വാക്കുകൾ. ‘നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. ഭർത്താവിന്റെ മരണത്തിനു പിന്നാലെ അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഞങ്ങൾ തടഞ്ഞതാണ്.
ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓർമപ്പെടുത്തി. അവൻ മോഹങ്ങൾ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവൾ കരുതി. എനിക്കവൾ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീർന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്’.– അധ്യാപികയായി വിരമിച്ച അമ്മ തേങ്ങലോടെ പറയുന്നു.
‘അധ്യാപികയായി ഒപ്പം പ്രവർത്തിച്ച സുഹൃത്തിന്റെ മകളാണ് .ചെറിയ പ്രായം മുതൽ ആ കുട്ടിയെ അറിയാമായിരുന്നു. ഓട്ടോമൊബീൽ എൻജിനീയറിങ് പഠനം കഴിഞ്ഞ മകനുവേണ്ടി അവളെ ആലോചിച്ചു. വിവാഹശേഷം വർക്ക്ഷോപ് നടത്താനാണു തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ആദ്യത്തെ മോൻ ജനിച്ചത്.
കുഞ്ഞുങ്ങളുണ്ടാകാൻ ചികിത്സ നടത്തിയിരുന്നു. മോൻ അവൾക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാൽ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാൽസല്യമുള്ള കുഞ്ഞിനെ മറ്റൊരാൾ ഉപദ്രവിക്കുന്നതു നോക്കി നിൽക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിർദയനാണ് അരുൺ. അവന്റെ ഭീഷണിക്കു മുന്നിൽ അവൾ പതറിയിരിക്കാം.
അവളെയും കുഞ്ഞുങ്ങളെയും അരുൺ പട്ടിണിക്കിട്ടിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. മകന്റെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങൾക്കു സംശയമുണ്ട്. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭർത്താവിനും എനിക്കും പെൻഷനുണ്ട്. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയും. ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. മുത്തച്ഛൻ ഇപ്പോഴും ആശുപത്രിയിൽ കുട്ടിക്കരികിലാണ്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന ഇളയ കുട്ടിയെ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നും ഇവർ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പത്രിക ഇല്ലാതെ. ഇന്നലെ 11 മണിക്കാണ് ചിറ്റയം പത്രിക സമര്‍പ്പിക്കാനെത്തിയത്. സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥികളും നേതാക്കളും കൃത്യസമയത്ത് തന്നെ ഉപവരണാധികാരിയായ ആര്‍ഡിഒയുടെ ചേംബറില്‍ എത്തി. പത്രിക സ്വീകരിക്കാന്‍ ആര്‍ഡിഒയും സമര്‍പ്പിക്കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറെടുത്തെങ്കിലും പത്രിക മാത്രം ആരുടെയും കയ്യിലുണ്ടായിരുന്നില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാന്‍ മറന്നതാണ് കാരണം.
ഇക്കാര്യം മനസിലായതോടെ പത്രിക ഓഫീസില്‍ നിന്ന് എടുക്കുകയും ആര്‍ഡിഒ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു. 11.15ന് പത്രിക സമര്‍പ്പിക്കുകയും ഉച്ചയ്ക്ക് 12.30ന് പത്രിക സമര്‍പ്പണ നടപടി പൂര്‍ത്തിയാകുകയും ചെയ്തു.
കന്യാസ്ത്രീകളുടെ നീതിക്കായി സേവ് അവര്‍ സിസ്റ്റേഴ്‌സ് വീണ്ടും സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടന തയ്യാറെടുക്കുന്നത്. കുറ്റപത്രം തയ്യാറാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കുന്നത് നീണ്ട് പോകുന്നതിലെ ആശങ്കയാണ് സമര പ്രഖ്യാപനത്തിന് പ്രേരകമായതെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് നീതി നിഷേധം തുടരുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സമരത്തില്‍ ഭാഗമാകാനൊരുങ്ങുകയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും.
കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതിന് ശേഷവും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ കന്യാസ്ത്രീകളും സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടനയും പ്രതിഷേധങ്ങള്‍ അറിയിച്ചിരുന്നു. കുറ്റപത്രം മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാക്കിയെങ്കിലും ഇതേവരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയത് കേസിനെ അട്ടിമറിക്കാനുള്ള സാധ്യതയായാണ് വിമര്‍ശനമുയര്‍ന്നിരുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രോസിക്യൂട്ടര്‍ നിയമിതനായി. എന്നാല്‍ അതിന് ശേഷവും കുറ്റപത്രം സമര്‍പ്പിച്ചില്ല. കുറ്റപത്രം വായിച്ച് വിശദമായി പരിശോധിച്ചതിന് ശേഷമേ സമര്‍പ്പിക്കാനാവൂ എന്ന ന്യായമാണ് ഉന്നയിക്കപ്പെടുന്നത്.
കഴിഞ്ഞയാഴ്ച കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ കോട്ടയം ജില്ലാ പോലീസി മേധാവി ഹരിശങ്കറിനെ നേരില്‍ പോയി കണ്ട് കുറ്റപത്രം കഴിവതും വേഗം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്ര സമര്‍പ്പണം വൈകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാമെന്നും കേസിന്റെ നടപടികളെ ബാധിക്കുമെന്നും കന്യാസ്ത്രീകള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുന്നത് സംബന്ധിച്ച പരാതി നല്‍കിയെങ്കിലും ഇതേവരെ അതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ പരാതിക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് വീണ്ടും അനിശ്ചിതകാല സമരമാരംഭിക്കുന്നത്.
കേസില്‍ തുടര്‍നടപടികള്‍ വൈകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. അതിക്രമം നേരിട്ട കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തെത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റാനും മഠത്തില്‍ നിന്നും പുറത്താക്കാനുമുള്ള ശ്രമങ്ങളും സഭയില്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ പലതരം സമ്മര്‍ദ്ദ തന്ത്രങ്ങളും സഭാ അധികാരികള്‍ പ്രയോഗിക്കുന്നതായി കന്യാസ്ത്രീകള്‍ പറയുന്നു. കന്യാസ്ത്രീയെ അതിക്രമിച്ച കേസില്‍ മുഖ്യ സാക്ഷിയായ ഫ്രാന്‍സിസ്‌ക്കല്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ലിസി വടക്കേലിന് മഠത്തിനുള്ളില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്നു. സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കുള്ള നീ്ക്കങ്ങളും നടക്കുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടിപ്പിക്കുന്ന സമരത്തില്‍ പങ്കാളികളായേക്കും എന്ന് സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.
ഏപ്രില്‍ ആറിന് വൈകിട്ട് 3.30ന് ഹൈക്കോടതി ജംഗ്ഷന് സമീപം വഞ്ചിസ്‌ക്വയറില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. വിവിധ മേഖലകളിലുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് എസ്ഒഎസ് ഭാരവാഹികള്‍ അറിയിച്ചു.