Kerala

തിരുവനന്തപുരത്ത് ബിജെപിയിൽ നിന്നും ലീഡ് തിരിച്ചു പിടിച്ച് യുഡിഎഫ്. ശശി തരൂർ മികച്ച മുന്നേറ്റമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ആദ്യ ഫലസൂചനയിൽ ബിജെപി ശക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഇൗ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് ലക്ഷ്യം വച്ചിരുന്നത് ന്യൂനപക്ഷമേഖലയിലെ ഉയര്‍ന്ന പോളിങിലായിരുന്നു. മോദി വിരുദ്ധ വികാരവും വര്‍ഗീയതയ്ക്ക് കേരളത്തിലില്‍ ഇടം നല്‍ക്കാത്ത ചിന്താഗതിയും വോട്ടായി പെട്ടിയിലാകുെമന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഹിന്ദുവോട്ടുകള്‍ അനുകൂലമാകുമെന്ന് കണക്കുകൂട്ടൽ നായര്‍ വോട്ടുകളിലും യുഡിഎഫ് കണ്ണുവച്ചിരുന്നു. എല്‍ഡിഎഫിന്റെ ചിട്ടയായ സംഘടനാപ്രവര്‍ത്തനവും സി.ദിവാകരന്റെ ഇമേജും ഗുണമാകുമെന്ന് എല്‍ഡിഎഫ് ക്യാപും കരുതുന്നു

ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.കെ.ബിജു ആലത്തൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍. യുഡിഎഫ് പതിനാലിടത്ത് മുന്നില്‍; ആറിടത്ത് എല്‍ഡിഎഫ്.

ശക്തമായ ത്രികോണ മൽസരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ് ആദ്യ ഘട്ടത്തിൽ ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളിലും യുഡിഎഫ് കൃത്യമായ മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെ എൽഡിഎഫിനോ ബിജെപിക്കോ ഇതുവരെ ലീഡ് ചെയ്യാൻ സാധിച്ചിട്ടില്ല.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡ‍ലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല.

ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 23ന് നടന്ന മൂന്നാം ഘട്ടത്തിലാണ് കേരളം പോളിങ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമക്കണക്ക് പ്രകാരം കേരളത്തിലെ പോളിങ് 77.67 ശതമാനമാണ്. 2.62 കോടി വോട്ടർമാരിൽ 2.03 കോടിയും വോട്ടുചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പോളിങ്ങാണിത്. 1989-നു ശേഷം ഇതാദ്യമായണ് പോളിങ് ശതമാനം ഇത്രത്തോളം ഉയരുന്നത്.

ശക്തമായ ത്രികോണമല്‍സരം നടന്ന മൂന്നുമണ്ഡലങ്ങളുള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലെ ജനവിധിയും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ത്രികോണ മല്‍സരവും മറ്റിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് നടന്നത്.

29 ഇടങ്ങളിലായി 140 വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ സ്ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിംങ് മെഷിനുകള്‍ ഒബ്സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പുറത്തടുക്കും. പോസ്റ്റല്‍ബാലറ്റ് പ്രത്യേകമാണ് എണ്ണുന്നത്. സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ മോക്ക് വോട്ട് മാറ്റാന്‍ വിട്ടുപോയതിനാല്‍ അവിടെയും പ്രത്യേകമായി വോട്ടെണ്ണല്‍ നടത്തും. വോട്ട് എണ്ണുന്ന മുറികളില്‍ കേരളാ പൊലീസിന് പ്രവേശനമില്ല.

ആദ്യഫലസൂചനകള്‍ എട്ടേകാലോടെ ലഭിക്കും. 12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണിത്തീരും. വിവിപാറ്റ് രസീതുകളും എണ്ണിയശേഷം ഏഴുമണിയോടെയാകും അന്തിമഫലപ്രഖ്യാപനം. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചുബൂത്തുകളിലെ വിവിപാറ്റ് രസീതുകളാണ് ഒത്തുനോക്കുക. ഇ.വി.എമ്മുകളില്‍ രേഖപ്പെടുത്തിയ വോട്ടും വിവി പാറ്റിലെ കണക്കും തമ്മില്‍ വ്യത്യാസം വന്നാല്‍ , വിവി പാറ്റാവും അന്തിമ കണക്കായി സ്വീകരിക്കുക.

പത്തനംതിട്ടയുടെ വിധി അറിയാൻ ആകാംക്ഷയോടയാണ് കേരളം കാത്തിരിക്കുന്നത്. ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജിന്റെ ഒരു ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മുസ്​ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് വലിയ രോഷമാണ് ഉയരുന്നത്. ഇന്നലെ പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറുണ്ടായി. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായപ്പോൾ പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ശബ്ദസന്ദേശം വ്യാജമാണെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു.

യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം. സംഭവത്തിൽ ഒരു മാസത്തിന് ശേഷം അയൽവാസിയായ യുവാവ് പിടിയിൽ. പരവൂര്‍ കലയ്‌ക്കോട് വരമ്പിത്തുവിള വീട്ടില്‍ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. വരമ്പിത്തുവിള മണികണ്ഠനെയാണ് (27) പരവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. അശോകന്റെ മൃതദേഹം ഒരു മാസം മുന്‍പാണു പരവൂര്‍ മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടത്.

മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് മരണപ്പെട്ട അശോകന്റെ അമ്മ ഓമന പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സത്യം പുറത്ത് വന്നതും പ്രതി കുടുങ്ങുന്നതും. കഴിഞ്ഞ ഏപ്രില്‍ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു മദ്യത്തിനൊപ്പം കഴിക്കാന്‍ എന്തെങ്കിലും വാങ്ങാനായി മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോള്‍ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.

സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠന്‍ അശോകനെ പിന്തുടര്‍ന്നു പോയി. പരവൂര്‍ മേല്‍പ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി. മണികണ്ഠന്‍ പിടിച്ചുതള്ളിയപ്പോള്‍ അശോകന്‍ അതുവഴി വന്ന ട്രെയിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നും പറവൂര്‍ പോലീസ് പറഞ്ഞു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്താണ് സംഭവം. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിക്കുകയായിരുന്നു.ചാത്താരി ഭാഗത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന 19കാരന്‍ ഷാരൂഖ് ഖാന്‍, 22കാരന്‍ ജിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ്‍ ചെയ്‍തു. രണ്ട് ദിവസം മുന്‍പാണ് തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‍തിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ചു വിളിച്ചുകൊണ്ട് പോകുകയും എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ വച്ച് കഞ്ചാവ് വലിപ്പിക്കുകയുമായിരുന്നു.

ഇരുവരും സ‍ഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ മറന്നുവച്ചിരുന്നു. ഇത് കിട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ചതും പ്രതികളെ തിരിച്ചറിയാന്‍ എളുപ്പമായി. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് ഭാഗത്തിരുത്തിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്.

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതു വരെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാമെന്നും എന്നാൽ പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റു സംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീം കോടതി വിലയിരുത്തി.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഹോളിഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍കോവ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നെങ്കിലും ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് പരമോന്നത നീതി പീഠം ഉത്തരവിട്ടത്. മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് അനധികൃതമായി അനുമതികൾ സമ്പാദിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്. ഒരു കോടി രൂപ വരെയാണ് ഫ്ലാറ്റിന്റെ ശരാശരി വില.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴു വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടർമാർക്ക് പിഴവ് മനസിലായത്.ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ശസ്ത്രക്കിയക്കായി മണ്ണാർക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവരുടെ പേരുകൾ തമ്മിൽ മാറിപ്പോവുകയും ധനുഷിന് വയറിൽ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഡോക്ടർമാർക്ക് പറ്റിയ അബദ്ധം പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ഇതേ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്. യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.

കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം മണര്‍കാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി ഡി ചാര്‍ജ് എ എസ് ഐ പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. ഇരുവരും കൃത്യനിര്‍വ്വഹണത്തില്‍ അപാകത വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മണര്‍ക്കാട് സ്വദേശി നവാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ കണ്ണില്‍പ്പെടാതെ ടോയ്‌ലെറ്റിലേക്ക് പോയ നവാസ് അവിടെ വെച്ച് തൂങ്ങി. ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് ഇയാളെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ടോയ്‌ലെറ്റില്‍ തൂങ്ങിയ നിലയില്‍ നവാസിനെ കണ്ടെത്തി.

ഉടന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിനാവും അന്വേഷണച്ചുമതല. സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Copyright © . All rights reserved