കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിൽ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.
ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്സ് പാർലറിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് മറ്റൊരു സംഘം ഇവിടെ എത്തിച്ചേരുകയും ഇരുസംഘങ്ങളും തമ്മിൽ പരസ്പരം തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. അഞ്ചുപേരിൽ ഒരാളുടെ പരിക്ക് അത്ര സാരമുള്ളതല്ല. രണ്ടു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ചെറിയ വാക്കുതർക്കത്തിൽ രൂപപ്പെട്ട സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പേ അക്രമി സംഘം ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി നയിക്കുന്ന എൻഡിഎ . പക്ഷേ കേരളത്തിൽ ഈ ലോക്സഭാ ഇലക്ഷനിൽ എൻഡിഎ ഒരു സീറ്റെങ്കിലും നേടുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ് ഇത്. ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നു കഴിഞ്ഞു . മോദി പ്രഭാവത്തിന് കേരളത്തിലെ രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ സാധിക്കുമോ?
രണ്ട് മുന്നണികളും തമ്മിൽ അധികം വോട്ട് വ്യത്യാസമില്ലാതെ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നാം മുന്നണിയെ നയിക്കുന്ന ബിജെപി കളം പിടിക്കാൻ പരിശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ പടിവാതിലിൽ വച്ച് മറ്റു പാർട്ടികളെ ദുർബലമാക്കാനുള്ള വഴികളെല്ലാം അവർ നോക്കുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആൻറണിയുടെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയത് ഇതിൻറെ ഭാഗമായാണ്. അതിനു പുറമേ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് മുൻ കോൺഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരന്റെ പുത്രിയും ഒട്ടേറെ തവണ കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്ത കെ.പത്മജ ബിജെപിയിൽ ചേർന്നത്.
മൂന്ന് മുന്നണികളുടെയും അനുഭാവികൾ യുകെയിലുണ്ട് . എങ്കിലും കേരളത്തിലെ സാധ്യതകളെ കുറിച്ച് ബിജെപി അനുഭാവമുള്ളവരിൽ തന്നെ അത്ര ശുഭാപ്തി വിശ്വാസം ഇല്ലന്നതാണ് സത്യം. ഒന്നോ രണ്ടോ സീറ്റികൾക്ക് അപ്പുറത്തേക്കുള്ള പ്രതീക്ഷകൾ കടുത്ത ബിജെപി അനുഭാവികൾ പോലും വെച്ച് പുലർത്തുന്നില്ല .
ഏതെങ്കിലും രീതിയിൽ ബിജെപിക്ക് സീറ്റ് ലഭിക്കുകയാണെങ്കിൽ തീർച്ചയായും അതിന് പിന്നിൽ ചില അടിയൊഴുക്കുകൾ കാണുന്നവരാണ് പലരും. തെരഞ്ഞെടുപ്പിന് മുമ്പ് ഇഡിയുടെ ഉൾപ്പെടെയുള്ള പല ഇടപെടലുകൾക്കും പിന്നിൽ ഇത്തരം ചരടു വലികളാണോ എന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. ഏതെങ്കിലും രീതിയിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അത് സിപിഐ മത്സരിക്കുന്ന രണ്ട് സീറ്റുകൾ ആയിരിക്കാമെന്ന് പറഞ്ഞത് ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്. പേര് പറയാതെ അദ്ദേഹം സൂചിപ്പിച്ചത് തൃശ്ശൂർ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളെ കുറിച്ചാണ്. അങ്ങനെ സംഭവിക്കുകയോ അവിടെ ഇടതുപക്ഷത്തിന്റെ വോട്ട് കുറയുകയോ ചെയ്താൽ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നത് തീർച്ചയാണ് . ഏതായാലും വരാനിരിക്കുന്ന ലോക്സഭാ മത്സരഫലങ്ങൾ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വൻ അലയൊലികൾ സൃഷ്ടിക്കും.
വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് പത്ത് മണിയോടെ സജ്‌നയുടെ വീട്ടിലെത്തി. ആദ്യം വെട്ടുകത്തി കൊണ്ട് സജ്‌നയെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഈ സമയം പിതാവ് റാഷുദീനും സഹോദരീഭര്‍ത്താവ് ബിനുവും ഓടിയെത്തി കത്തി പിടിച്ചുമാറ്റി. പ്രതിയുടെ കയ്യില്‍ മൂര്‍ച്ചയേറിയ മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സജ്നയുടെ മാതാവ് നിർമലയുൾപ്പെടെ നാല് പേരെയും രഞ്ജിത്ത് ആക്രമിച്ചത്.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സജ്‌നയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം പുനര്‍ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തില്‍ നിന്ന് പിന്മാറി.
അതേസമയം പ്രതി ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം പതിവായിരുന്നു. ഇതിനിടെ സജ്‌ന കുവൈറ്റില്‍ നഴ്‌സിങ് ജോലിക്കായി പോയി. രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ സജ്‌ന നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ താനുമായുള്ള വിവാഹത്തിന് സജ്നയും വീട്ടുകാരും തയ്യാറല്ലെന്ന് അറിഞ്ഞതോടെ പ്രതി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രി ബി.ജെ.പി.ക്കൊപ്പം നിന്ന് രാഹുലിനെ ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
രാഹുൽ ഗാന്ധി അനീതിക്കെതിരെ ശബ്ദമുയർത്തുന്നു. ജനാധിപത്യത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രം രാഹുലിനെ ലക്ഷ്യംവയ്ക്കുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർ ടീമിലുണ്ടെങ്കിൽ മത്സരങ്ങൾ ജയിക്കാനാവില്ല. കേരളത്തിലെ മുഖ്യമന്ത്രി സമാനമായ രീതിയിൽ ഒളിച്ചുകളിക്കുന്ന വ്യക്തിയാണ്. അദ്ദേഹം കോൺഗ്രസിനെതിരേയും രാഹുലിനെതിരേയും ആഞ്ഞടിക്കും. ഒരിക്കലും ബി.ജെ.പിയെ കുറ്റപ്പെടുത്തില്ല.
ലൈഫ് മിഷൻ മുതൽ സ്വർണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പോലും മോദി സർക്കാർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ല. കൊടകര കള്ളപ്പണക്കേസും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് രൂപയുമായി പിടികൂടി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല’ -അവർ ആരോപിച്ചു.
രാജ്യത്ത് സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നുത്. വാളയാറിലും, വണ്ടിപ്പെരിയാറിലും നാം ഇത് കണ്ടതാണ്. മണിപ്പുരിൽ ജവാന്റെ ഭാര്യ അപമാനിക്കപ്പെട്ടപ്പോൾ സർക്കാർ അവരോടൊപ്പം നിന്നില്ല. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കാനാണ് ബി.ജെ.പി തയ്യാറായതെന്നും പ്രിയങ്ക ആരോപിച്ചു.
പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്.
പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.
വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിർദേശം പ്രതിഷേധത്തിനിടയാക്കി. കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.
വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.
വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെയാണ് കുമളി പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
‘ഡിസംബര്‍ മാസത്തിലാണ് പ്രേംകുമാര്‍ ചെക്ക് റിപ്പബ്ലിക് സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നയാളാണ് പ്രേംകുമാര്‍. ഫേസ്ബുക്കിലെ ഒരു ട്രാവല്‍ ഗ്രൂപ്പ് വഴിയായിരുന്നു പരിചയം.
തുടര്‍ന്ന് വാട്‌സ്‌ആപ്പ് നമ്പര്‍ കരസ്ഥമാക്കി സന്ദേശങ്ങളയച്ചു തുടങ്ങി. 50 രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൗഹൃദം കൂടുതല്‍ ശക്തമാക്കി. തുടര്‍ന്ന് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് സന്ദര്‍ശിക്കാമെന്ന് വിശ്വസിപ്പിച്ച് ക്ഷണിച്ചു. ഇതനുസരിച്ച് 12ന് കൊച്ചിയിലെത്തിയ യുവതിയെ പ്രേംകുമാര്‍ സ്വന്തം കാറില്‍ ചെറായിയിലിലെ ഹോട്ടലിലെത്തിച്ചു.
ഇവിടെ വച്ചും പിന്നീട് ആലപ്പുഴയിലെ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചു. ഇതിന് ശേഷം 15ന് കുമളിയിലെത്തി. ഹോംസ്റ്റേയില്‍ താമസിക്കുന്നതിനിടെ പീഡനം തുടര്‍ന്നുവെന്നാണ് വിദേശ യുവതിയുടെ പരാതി.
ഇതിനു ശേഷം 16ന് രാത്രി യുവതി ചെലവുകള്‍ക്കായി നല്‍കിയിരുന്ന മുപ്പതിനായിരം രൂപയും 200 പൗണ്ടുമായി കോയമ്പത്തൂരിലേക്ക് കടന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയാണ് പ്രതിയെ കുമളി പൊലീസ് പിടികൂടിയത്.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ നടന്നെന്ന നിഗമനത്തില്‍ സി.ബി.ഐ. ഫോറന്‍സിക് തെളിവുകള്‍ വിലയിരുത്തുകയാണ് അന്വേഷണസംഘം. സിദ്ധാര്‍ഥ് മരിച്ചശേഷം ഒരു സംസ്ഥാനതല വിദ്യാര്‍ഥി നേതാവ് ക്യാമ്പസിലുണ്ടായിരുന്നുവെന്നാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ തെളിയുന്നത്. ഇതും അന്വേഷണവിധേയമാക്കും.
സിദ്ധാര്‍ഥിന്റേത് കൊലപാതകമാണോ എന്ന സംശയ ദൂരീകരണത്തിനാണ് സി.ബി.ഐ. ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. രണ്ട് അധ്യാപകര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇതിനൊപ്പം സിദ്ധാര്‍ഥിനെതിരേ വ്യാജപരാതി കൊടുത്ത പെണ്‍കുട്ടിയുടെ മൊഴിയും പരിശോധിക്കുന്നുണ്ട്. എല്ലാം സത്യസന്ധമായി ഈ പെണ്‍കുട്ടി സി.ബി.ഐയോട് പറഞ്ഞുവെന്നാണ് സൂചന.
സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശൗചാലയത്തില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്തുവരികയാണ്. ഫെബ്രുവരി 18-ന് സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയവരുടെ മൊഴിയും സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.
സി.ബി.ഐ. സംഘം വയനാട്ടില്‍ ക്യാമ്പുചെയ്താണ് അന്വേഷണം. കേസ് കൊച്ചി സി.ബി.ഐ. കോടതിയിലേക്കു മാറ്റാനാണ് നീക്കം. അതിനുശേഷമാവും റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍.
20 വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ. എഫ്.ഐ.ആറില്‍ കൂടുതല്‍ പ്രതികളുണ്ട്. സിദ്ധാര്‍ഥിന്റെ അച്ഛന്‍, കോളജിലെ വിദ്യാര്‍ഥികള്‍, സിദ്ധാര്‍ഥിന്റെ കുടുംബം പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ എന്നിവരുടെയെല്ലാം മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വൈകാതെ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.
കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.
സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം വെള്ളിയാഴ്ച.
അര്‍ഫാന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച്് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതുതന്നെയാണ്. തെരുവുവിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വെച്ചതാണ് മരണകാരണമായി പറയുന്നത്.
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫാ (21)ണ് മോചിതയായത്. ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്.
ഇറാന്‍ സര്‍ക്കാരിന്റെയും ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്‍ അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസ്സ ജോസഫ് തിരിച്ചെത്തിയത്. കണ്ടെയ്‌നര്‍ കപ്പലമായ എം.എസ്.സി ഏരീസിലെ സെയിലറായ ആന്‍ ടെസ, കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
17 ഇന്ത്യാക്കാരുള്‍പ്പെടെ 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. കപ്പലിലെ ഏക വനിതാജീവനക്കാരിയിയിരുന്നു ആന്‍ ടെസ
വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ ( 68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ, മിമിഷ