തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മേലത്തുമല സ്വദേശി രജനി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. രജനിയുടെ അച്ഛന് കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കും കുത്തേറ്റു. ഭര്‍ത്താവ് ശ്രീകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശ്രീകുമാറും രജനിയും വേര്‍പെട്ടാണ് കഴിഞ്ഞിരുന്നത്. രജനിയും മാതാപിതാക്കളും കഴിഞ്ഞിരുന്ന വീട്ടിലെത്തി ശ്രീകുമാര്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തേറ്റ രജനി ആശുപത്രിയിലെത്തിയതോടെ മരിച്ചു. കൃഷ്ണന്റെ ആരോഗ്യനിലയും ഗുരുതരമാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കൊല്ലം ബീച്ചില്‍ തിരമാലയില്‍പ്പെട്ട് കടലില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
യുവതി കാല്‍ നനക്കാനിറങ്ങുന്നതിനിടെ അടിതെറ്റി തിരയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടു. ഇരുവരേയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നീണ്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ തീരത്ത് മൃതദേഹം അടിയുകയായിരുന്നു. അഞ്ച് മാസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും ഒരു മലയാളി ചലഞ്ച്. അമേഠിയയിലും വാരാണാസിയിലും അരയും തലയും മുറുക്കി മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ് എറണാകുളം ചെറായി സ്വദേശി യു.എസ് ആഷിൻ. ഇന്ത്യൻ ഗാന്ധി പാർട്ടി (ഐജിപി)യുടെ പ്രതിനിധിയാണ് ആഷിന്‍ പാർലമെന്റിലേക്ക് പോകാൻ ഒരുങ്ങുന്നത്.
നിലവിൽ ഐജിപിയുടെ തിരഞ്ഞെടുപ്പ് സംഘാടകനാണ് യു എസ് ആഷിൻ. 2011-ൽ റജിസ്റ്റർ ചെയ്ത പാർട്ടിയിൽ ഇന്ത്യ ഒട്ടാകെ 10,000 അംഗങ്ങളാണ് ഉള്ളത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിലേക്കും മത്സരിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. നിഷ്പക്ഷരുടെയും നോട്ടക്ക് കുത്തുന്നവരുടെയും വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരുടെയും പ്രതിനിധിയാണ് താൻ എന്ന് ആഷിൻ സാക്ഷ്യപ്പെടുത്തുന്നു. ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ചിട്ടും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇന്നും വികസിത രാഷ്ട്രം മാത്രമാണ്. അമേഠിയും വാരാണാസിയും പിടിച്ചടക്കാമെന്ന വ്യാമോഹത്തിലല്ല താൻ മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തിലൂടെ താൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഇരുവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ആഷിൻ പറയുന്നു.
തൊണ്ണൂറു ശതമാനം സംരംഭകര്‍ മാത്രമുള്ള പാർട്ടിയാണ് ഇന്ത്യൻ ഗാന്ധി പാർട്ടിയെന്ന് ആഷിൻ വ്യക്തമാക്കി. മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനമല്ല, കൂടെ ഒരു ജോലിയും ഒപ്പമുണ്ടാകണമെന്ന ശഠിക്കുന്നവരാണ് പാർട്ടിയിൽ ഏറെയും. ആമസോൺ, ഡാൽമിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളും ഐജിപിയുടെ ഭാഗമാണ്.
ദേശീയ പാർട്ടികളുടെ നിലവിലെ തിരഞ്ഞെടുപ്പ് അജൻഡയെ പിൻതുടരുകയല്ല ഇന്ത്യൻ ഗാന്ധി പാർട്ടി. സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയെ അലട്ടുന്ന പ്രധാനപ്രശ്നം കടക്കെണിയാണ്. എന്നാൽ മാറി വരുന്ന സർക്കാരുകൾ ഇതിനെതിരെ സ്വത്വരമായ നടപടി സ്വീകരിച്ചിട്ടില്ല. 3 സെന്റ് സ്ഥലം പാവപ്പെട്ടവർക്ക് പതിച്ചുകൊടുകുകയും, അതിൽ അവർ തുടങ്ങുന്ന ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഏറി വരുന്ന രാജ്യത്തിന്റെ കടത്തിന് തടയിടാനാകുമെന്ന പ്രതീക്ഷ ആഷിൻ പങ്കുവച്ചു. 18 വയസ്സു മുതൽ നിർബന്ധിത ജോലിയും വിദ്യാഭ്യാസം എന്ന ആശയവും െഎജിപി മുന്നോട്ട് വയ്ക്കുന്നു.
കൊല്ലം ഒാച്ചിറയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷന്‍. ഏറെനാളായി പ്രണയത്തിലാണ്. പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും പ്രതി. റോഷനെ പന്‍വേലിലെ കോടതിയില്‍ ഉടന്‍ ഹാജരാക്കും. ഓച്ചിറയിൽ നിന്നു കാണാതായ നാടോടി പെൺകുട്ടിയെയും മുഖ്യപ്രതി മുഹമ്മദ് റോഷനെയും നവിമുംബൈയിലെ പന്‍വേല്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം കണ്ടെത്തിയത്.
മുംബൈയിലെത്തിയ കേരള പൊലീസിന്റെ 2 സംഘങ്ങളിലൊന്നാണ് ഇവരെ കണ്ടെത്തിയത്. രാജസ്ഥാനിലും ബംഗളുരൂവിലും അന്വേഷണം നടത്തിയ ശേഷമാണു ചില സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈയിലേക്കു പോയത്. പ്രതി മുഹമ്മദ് റോഷൻ മൊബൈൽ ഫോൺ ഓഫ് ചെയ്തത് തുടക്കത്തിൽ അന്വേഷണത്തെ ബാധിച്ചു. എന്നാൽ, റോഷന്റെ കേരളത്തിനു പുറത്തുള്ള ഒരു ബന്ധുവിന്റെ ഫോണിലേക്കു വന്ന കോളിനെക്കുറിച്ചുള്ള സംശയം പൊലീസിനു തുണയായി. ഇതിനെ പിന്തുടർന്നുള്ള അന്വേഷണമാണു മുംബൈയിലേക്കു നീണ്ടത്.
കൊല്ലം പൊലീസിന്റെ 2 സംഘങ്ങൾ ഇപ്പോൾ മുംബൈയിലെത്തിയിട്ടുണ്ട്. വനിത സിവിൽ പൊലീസ് ഓഫിസർമാർ ഉൾപ്പെട്ട സംഘം താമസിയാതെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ.
പെൺകുട്ടിയുമായി എറണാകുളത്തെത്തിയ റോഷൻ അവിടെ നിന്നു ട്രെയിൻ മാർഗം ബംഗളൂരുവിലേക്കു പോയെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഇവർ മുംബൈയിലെത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. ഗുണ്ടാസംഘാംഗങ്ങളായ കേസിലെ മറ്റു 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിഷേധിച്ചും സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയും വിവിധ രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചിരിക്കെയാണു പെൺകുട്ടിയെ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
കൊല്ലം ഓച്ചിറയിൽ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈയിൽ കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയരുന്നു.
കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ. കേസിൽ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും തൊഴില്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
വേനല്‍ മഴ ലഭിക്കാത്തതാണ് പ്രധാനമായും താപനില കുത്തന ഉയരാനുള്ള കാരണമായി കണക്കാക്കുന്നത്. എല്‍നീനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍ മഴ നീണ്ടുപോകാന്‍ സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ഇന്നലെ പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും താപനില ഉയര്‍ന്നിരിക്കുന്ന ജില്ലയും പാലക്കാടാണ്. കഴിഞ്ഞ നാലോളം പേര്‍ക്ക് പാലക്കാട് പൊള്ളലേറ്റിരുന്നു.
രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെളളം കുടിക്കണം, ചായ, കാപ്പി എന്നിവ പകല്‍സമയത്ത് ഒഴിവാക്കണം, അയഞ്ഞ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത വെയില്‍ ഏല്‍ക്കുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണം.
ദുരന്തനിവാരണ അതോറിറ്റിയുടെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.
ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഡൽഹി കാപിറ്റൽസ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലെത്തുക.
പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം.
ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. വാട്സൺ, റെയ്ന, റായ്ഡു, ക്യാപ്റ്റൻ ധോണി, ബ്രാവോ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിര ആദ്യകളിയിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല.
മുംബൈ ബൗളർമാരെ തച്ചുതകർത്ത ഡൽഹി കാപിറ്റൽസ് വാംഖഡേയിൽ നേടിയത് 213 റൺസായിരുന്നു. 27പന്തിൽ പുറത്താവാതെ 78 റൺസെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ധോണിപ്പടയുടെയും പേടിസ്വപ്നം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരും അപകടകാരികൾ. കോട്‍ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബൗളർമാരുടെ മികവാകും നിർണായകമാവുക.
വടക്കൻ പറവൂര്‍ പുത്തൻവേലിക്കരയിൽ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വിനോദയാത്രയെ ചൊല്ലിയുണ്ടായ തർക്കമെന്ന് പൊലീസ്. പുത്തൻ വേലിക്കര സ്വദേശി സംഗീത് ഞായറാഴ്ചയാണ് കുത്തേറ്റ് മരിച്ചത്. പ്രതികള്‍ ഒളിവിലാണ്.
പുത്തൻവേലിക്കര കൈമാത്തുരുത്തിപടി ശെൽവരാജിന്റെ മകൻ സംഗീതാണ് കഴിഞ്ഞ രാത്രിയിൽ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോട് പുത്തൻവേലിക്കര കുറുമ്പത്തുരുത്ത് റോഡിലായിരുന്നു സംഭവം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റിനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കള്‍ തന്നെയായിരുന്നു ആക്രമത്തിന് പിന്നിൽ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
കൊല്ലപ്പെട്ട സംഗീതും സുഹൃത്ത് ക്ലിന്റുമായി വിനോദയാത്രയെ ചൊല്ലി പ്രതികള്‍ ഞായറാഴ്ച വൈകുന്നേരം വാക്കു തർക്കത്തിലേർപ്പെടുകയും ഇരുസംഘങ്ങളും പിന്നീട് പിരിഞ്ഞു പോവുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഒമ്പത് മണിക്ക് ക്ലിന്റിനെ വീട്ടിലാക്കുവാൻ സംഗീത് ബൈക്കിലെത്തിയപ്പോള്‍ വീടിന് സമീപം കാത്ത് നിന്ന പ്രതികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ആണ് സംഗീതിന് കുത്തേറ്റത്. തുടർന്ന് രണ്ട് കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച ശേഷം ബസാർ ഭാഗത്ത് വച്ച് സംഗീത് കുഴഞ്ഞു വീണു. നാട്ടുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സംഗീതിനെ രക്ഷിക്കാനായില്ല. പ്രതികളും കൊല്ലപ്പെട്ട സംഗീതും ലഹരിക്കടിമകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജയിംസ് എര്‍ത്തയിലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷികളെ വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, ഫോണ്‍ മുഖാന്തരം ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമയ്ക്കാണ് ഫോണിലൂടെ ഫായജയിംസ് എര്‍ത്തയില്‍ വാഗ്ദാനം നല്‍കിയത്. കേസില്‍ നിന്ന് പിന്മാറിയാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു സിസ്റ്റര്‍ അനുപയോട് എര്‍ത്തയിലിന്റെ വാഗ്ദാനം. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അതേസമയം, ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ രംഗത്തെത്തി. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിന് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്സി വടക്കേയിലിന് നിര്‍ദേശിച്ചു.
എൻജിൻ തകരാറിനെ തുടർന്ന് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് വൻ അപകടത്തിൽ നിന്നും രക്ഷിച്ചത്. 67 യാത്രക്കാരുമായി ബെംഗളൂരുവിൽനിന്നു പുറപ്പെട്ട എടിആർ ഇനത്തിലെ 7129 നമ്പർ വിമാനമാണു രക്ഷാപ്രവർത്തന മുന്നൊരുക്കങ്ങളോടെ കരിപ്പൂരിൽ ഇറക്കിയത്. രാവിലെ 11.05ന് ഇറങ്ങേണ്ട വിമാനം 10.48ന് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
സുരക്ഷിതമായി ഇറങ്ങിയ വിമാനം റൺവേയിൽ നിർത്തിയ ശേഷം ബസിൽ യാത്രക്കാരെ ടെർമിനലിലേക്കു കൊണ്ടുപോയി. കരിപ്പൂർ ആകാശപരിധിയുടെ 4 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോൾ ഒരു എൻജിൻ തകരാറായതായി പൈലറ്റിനു സൂചന കിട്ടി. കോഴിക്കോട് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗത്തിനു പൈലറ്റ് സന്ദേശം കൈമാറി. ഉടൻ എമർജൻസി ലാൻഡിങ് പ്രഖ്യാപിച്ചു. അഗ്നിശമന സേനയുടെ 5 ഫയർ ടില്ലറുകളും 2 ആംബുലൻസുകളും റൺവേയിൽ എത്തി വിമാനത്തെ അനുഗമിച്ചു.
പൈലറ്റിന്റെ സമയോചിത ഇടപെടലും എയർ ട്രാഫിക്കിന്റെ ജാഗ്രതയുമാണ് അപകടം ഒഴിവാക്കിയത്. ഈ വിമാനം 54 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് 11.25നു ചെന്നൈയിലേക്കു പോകേണ്ടതായിരുന്നു. ഇവരിൽ ചിലരെ റോഡ് മാർഗം കണ്ണൂരിൽ എത്തിച്ച് അവിടെ നിന്നു മറ്റു വിമാനത്തിൽ അയച്ചു. ശേഷിച്ചവരുടെ യാത്ര മറ്റു വിമാനങ്ങളിൽ ക്രമീകരിച്ചതായി ഇൻഡിഗോ അറിയിച്ചു.