തിരുവനന്തപുരം പൊഴിയൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേര്‍ന്ന് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതോടെ പനങ്കാല ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവ് രാജപ്പനും ഒളിവില്‍ പോയി. ഉച്ചഭാഷിണി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.
പൊഴിയൂരിന് സമീപം ചെങ്കവിളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അതിര്‍ത്തിയിലെ തമിഴ്നാട് പ്രദേശമായ മങ്കമലയില്‍ താമസിക്കുന്ന ജേക്കബ് എന്ന 28കാരനാണ് കുത്തേറ്റത്. സി.പി.എമ്മിന്റെ പനങ്കാല ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവും പിതാവ് രാജപ്പനും ചേര്‍ന്നാണ് ആക്രമിച്ചത്. കുത്തേറ്റ ജേക്കബ് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ചെങ്കവിള ക്ഷേത്രത്തിലെ ഉത്സവത്തിന് മൈക്ക് സൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലിക്കെത്തിയതായിരുന്നു ജേക്കബ്. ജോലി ചെയ്യുന്നതിനിടെ ബൈജുവും പിതാവ് രാജപ്പനുമെത്തി ജേക്കബിനോട് തട്ടിക്കയറി.
മൈക്ക് വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. വാക്കേറ്റത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജേക്കബിനെ മര്‍ദിച്ചു. ഇതിനൊടുവിലാണ് കത്തിയെടുത്ത് പിതാവ് രാജപ്പന്‍ കുത്തിയത്. കുത്തേറ്റ് വീണ ജേക്കബിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ബൈജുവും രാജപ്പനും ഒളിവില്‍ പോയി. ഇരുവരെയും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുമ്പോള്‍ രക്ഷിക്കാനായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. പൊഴിയൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ തന്നെ വീണ്ടും മല്‍സരിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനവിധി തേടും. ആദ്യ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ ഉള്‍പ്പെടുത്തിയില്ല. പത്തനംതിട്ട ഒഴികെ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മല്‍സരിക്കും.
ബി.ജെ.പി ഏറെ പ്രതീക്ഷവയ്‍ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട്, കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നരേന്ദ്രമോദി വാരാണസിയില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ നിലവില്‍ രാജ്യസഭാംഗമായ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ സ്ഥാനാര്‍ഥിയാകും.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലക്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും വീണ്ടും ജനവിധി തേടുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനിക്ക് വീണ്ടും അവസരം നല്‍കി. കേന്ദ്രമന്ത്രി വി.കെ.സിങ്ങ് ഗാസിയാബാദിലും ഹേമമാലിനി മുഥരയിലും സാക്ഷിമഹാരാജ് ഉന്നാവയിലും വീണ്ടും ജനവിധി തേടും.
കേരളത്തില്‍ ബി.ജെ.പി മല്‍സരിക്കുന്ന പതിനാല് സീറ്റുകളില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരില്‍ സി.കെ.പത്മനാഭനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും കൊല്ലത്ത് സാബു വര്‍ഗീസും പാലക്കാട് സി.കൃഷ്ണകുമാറും ചാലക്കുടിയില്‍ എ.എന്‍.രാധാകൃഷ്ണും കോഴിക്കോട് പ്രകാശ് ബാബുവും മലപ്പുറത്ത് വി.ഉണ്ണികൃഷ്ണനും പൊന്നാനിയില്‍ വി.ടി.രമയും വടകരയില്‍ വി.കെ.സജീവനും കാസര്‍കോട്ട് രവീശതന്ത്രിയും മല്‍സരിക്കും.
പത്തനംതിട്ട ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളം നല്‍കിയപ്പോള്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന് ആലപ്പുഴ നല്‍കി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ച പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വം മാറ്റിവച്ചു.
മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി.മുരളീധരനും പി.കെ.കൃഷ്ണദാസും മുതിര്‍ന്ന നേതാവ് എം.ടി.രമേശും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനും പട്ടികയില്‍ ഇടംപിടിച്ചില്ല.
തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസ് പാളയത്തിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ടോ വടക്കന് അവിടെയും സീറ്റില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കൻറെ പേരില്ല. ഇനി പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ മാത്രം. ഇവിടെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വം ഏറെക്കുറേ ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെ ഇത്തവണയെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച സീറ്റ് വടക്കന് നഷ്ടമായി.
ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കൻ ഇല്ലെന്നും വടക്കന്റ കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുകയെന്നുമാണ് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കൻ പ്രതീക്ഷിച്ചിരുന്നതും. എന്നാൽ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തി. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വർഗീസീനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി.
കൊല്ലം ഓച്ചിറയിൽ രാജസ്ഥാനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുഹമ്മദ് റോഷനും പതിനഞ്ചുകാരിക്കുമായി പൊലീസ് സംഘം ബംഗളൂരുവിൽ തിരച്ചിൽ തുടരുകയാണ്. അതേ സമയം മുഹമ്മദ് റോഷനും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് റോഷന്റെ അച്ഛൻ പറഞ്ഞു.
ഒച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിലാണ് മൂന്നു പേരെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ വലിയകുളങ്ങര സ്വദേശി പ്യാരി,വിപിൻ, അനന്തു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും ഇരുപതു വയസിനു താഴെപ്രായമുള്ളവരാണ്. പതിനഞ്ചുകാരിയായ പെൺകുട്ടിയും മുഹമ്മദ് റോഷനും ബംഗളുരുവിലേക് കടന്നുവെന്നാണ് നിഗമനം.
ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘവും പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. അതേ സമയം മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടി മുൻപും റോഷനൊപ്പം പോയിട്ടുണ്ട്. കുറ്റം ചെയ്ത മകനെ സംരക്ഷിക്കില്ലെന്നും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ പറഞ്ഞു
രാഷ്ട്രിയ സമ്മർദത്തെ തുടർന്ന് പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി വലിയകുളങ്ങരയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു
ഗുജറാത്തിലെ പാട്ടാള ക്യാംപില്‍ രണ്ടു മാസം മുമ്പ് വിവാഹിതനായ മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. വിവരമറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഗുരുതരാവസ്ഥയില്‍. ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിലാണ് സംഭവം.
തിരുവനന്തപുരം കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാറാണ് (26) മരിച്ചത്. ചെവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ക്യാംപില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിശാഖ് സര്‍വീസ് ഗണ്‍ ഉപയോഗിച്ച് സ്വയം തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ വൈശാഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നാലുവര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന വിശാഖ് ജമ്മുകാശ്മീരില്‍നിന്നും ഒരു വര്‍ഷം മുമ്പാണ് ജാംനഗറില്‍ എത്തിയത്. രണ്ടുമാസം മുമ്പായിരുന്നു വിശാഖിന്റെ വിവാഹം. വിശാഖിന്റെ മരണവാര്‍ത്തയറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് പുരുഷോത്തമന്‍പിള്ള അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാവ് സുലഭ. സഹോദരന്‍ അഭിലാഷ് (ഇന്ത്യന്‍ ആര്‍മി , ജമ്മുകാശ്മീര്‍), അഞ്ജനയാണ് ഭാര്യ.
വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യംപില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഭരതന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും
സെല്‍ഫി ഭ്രമം ആനയ്ക്കുമുന്നിലെത്തിയാല്‍ എങ്ങനെയിരിക്കും. യുവാവിനും സംഭവിച്ചത് അതു തന്നെ. ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനേഷിനെ ആന കൊമ്പില്‍ കോര്‍ത്ത് എറിയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ജിനേഷിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തില്‍ നിന്നും മാറ്റി.
കൊല്ലം: രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേരള പോലീസ് ബംഗളൂരു പോലീസിന്റെ സഹായം തേടി. കൊല്ലം ഓച്ചിറയില്‍ നിന്നാണ് ഓച്ചിറ സ്വദേശിയായ റോഷനും സംഘവും പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുമായി റോഷന്‍ ബംഗളൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാമ് ബംഗളൂരു പോലീസിന്റെ സഹായം തേടിയത്.
തിങ്കഴാഴ്ചയായിരുന്നു സംഭവം. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശി ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഓച്ചിറ, വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷനും സംഘവും തട്ടിക്കൊണ്ട് പോയത്.
കുട്ടിയെ പിടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്. കേസില്‍ കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ദില്ലി, ഹരിയാന, പഞ്ചാബ്, ഗോവ, ചണ്ഡീഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമേ മത്സരിക്കുകയുള്ളു എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത്. മതേതര വോട്ടുകള്‍ ഭിന്നിച്ചുകൊണ്ട് എന്‍.ഡി.എ ഭരണം തിരിച്ചുവരുന്നത് തടയുന്നതിന് വേണ്ടിയാണിത്.
കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കുന്നതിന് കഴിയും വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് സംബന്ധിച്ച തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ അക്കാര്യം വിശദീകരിക്കാന്‍ സംസ്ഥാനത്ത് മൂന്നു മേഖലകളില്‍ പ്രവര്‍ത്തകയോഗങ്ങള്‍ നടത്തുന്നതാണ്.
പ്രണയം നിരസിച്ചതിന്റെ പേരിൽ പട്ടാപ്പകൽ പെൺകുട്ടിയെ ജനമധ്യത്തിൽ കുത്തിവീഴ്ത്തുകയും പെട്രോൾ ഒഴിച്ചു കത്തിക്കുകയും ചെയ്ത് ക്രൂരതയ്ക്ക് ഇനി അജിന്‍ റെജി മാത്യുവിനെതിരെ കൊലക്കുറ്റം ചുമത്താം. പക്ഷേ ഇൗ ക്രൂരത കേരളത്തിലുയർത്തുന്ന ചോദ്യങ്ങളേറെയാണ്. അൽപം മുൻപാണ് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ അയിരൂർ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്
എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടിക്ക് 50 ശതാമാനിത്തിലേറേ പൊള്ളലേറ്റിരുന്നു. ബോധമില്ലാതെയാണ് പെൺകുട്ടി ഇത്രനാളും ചികിൽസയിൽ തുടർന്നത്. ഒരു ദിവസം മുപ്പത്തിനായിരം രൂപയ്ക്ക് മുകളിലാണ് ആശുപത്രയിൽ ചെലവായിരുന്നു. സാമ്പത്തികമായി ശേഷി കുറവുള്ള കുടുംബം ചികിൽസ ചെലവിനായി നട്ടം തിരിയുന്നതിനും കേരളം സാക്ഷിയായി.
പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ വീണ്ടും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അലറിക്കരയുന്ന പെൺകുട്ടിയുടെ വിളി കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് െവള്ളമൊഴിച്ച് തീ അണച്ചത്. പിന്നീട് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തിന്റെ അറുപതു ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
നിർണായകമായത് സമീപത്തെ കളിപ്പാട്ടക്കടയിലുള്ള സിസിടിവി ക്യാമറയാണ്. സംഭവം നടന്നതിന് എതിർവശത്താണ് കട. ഇവിടെ നിന്നു റോഡിലേക്കു തിരിച്ചുവച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പലവട്ടം പരിശോധിച്ചു. 9.11 മുതൽ 40 സെക്കൻഡ് നീണ്ടുനിൽക്കുന്ന ദൃശ്യങ്ങളിൽ സംഭവം വ്യക്തമാണ്. നടന്നതിങ്ങനെ:
റോഡിലൂടെ പെൺകുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്പോൾ വഴി തടസ്സപ്പെടുത്തി മുൻപിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയിൽ പെൺകുട്ടി വയർ പൊത്തി വേദനയോടെ നിൽക്കുന്നു. (കത്തി കൊണ്ടുള്ള കുത്ത് കൊണ്ടതാകാം. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ മറവിലാണ് പല ദൃശ്യവും.) പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റർ കത്തിക്കുന്നതു പോലെയുള്ള ആക്‌ഷൻ. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവർ പുറകോട്ടു വീഴുന്നു. നാട്ടുകാർ ഓടിക്കൂടി ഫ്ലെക്സ് ബോർഡ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നു. ഇത്രയും രംഗങ്ങളാണ് സിസി ടിവിയിലുള്ളത്. യുവാവ് പോക്കറ്റിലാണ് കത്തി സൂക്ഷിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.
വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു പ്രതി അജിനും ആക്രമണത്തിന് ഇരയായ പെൺകുട്ടിയും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം അജിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് പൊലീസ് നിഗമനം. അതിനാണ് കത്തി, പെട്രോൾ, കയർ എന്നിവയുമായി തിരുവല്ലയിൽ എത്തിയത്. പെൺകുട്ടിയുടെ ദേഹത്ത് തീപടരുന്നതു കണ്ട് അക്ഷ്യോഭ്യനായി നിന്ന അജിൻ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അദ്ഭുതപ്പെടുത്തി.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാടില്‍ സിറോ മലബാര്‍ സഭ പരമാധ്യക്ഷനും അതിരൂപത ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്ന സംശയം ഉറപ്പിക്കുന്നതിന് ബലം നല്‍കുന്നതായിരുന്നു അതിരൂപതയില്‍ ഒരു അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉത്തരവ്. സിറോ മലബാര്‍ സഭയുടെ ആസ്ഥാനം കൂടിയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാനീയ മെത്രാന്‍ കൂടിയായിരുന്നു സഭ മേലധ്യക്ഷനായിരുന്ന മാര്‍ ആലഞ്ചേരി. സഭയുടെ കേരള ചരിത്രത്തില്‍, ഒരുപക്ഷേ ആഗോളതലത്തില്‍ തന്നെ- ആദ്യമായിട്ടായിരിക്കാം ഒരു ആര്‍ച്ച് ബിഷപ്പില്‍ നിന്നും പ്രധാനപ്പെട്ട അധികാരങ്ങളെല്ലാം എടുത്തുമാറ്റുന്നത്. ചരിത്രപരമായ ഈ തീരുമാനത്തിനു പുറത്ത് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കപ്പെടുകായിരുന്നു പാലക്കാട് അതിരൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടം. മാര്‍പാപ്പ നേരിട്ട് അധികാരം കൊടുത്ത് നിയമിച്ച ആ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്നൊരു വ്യാജരേഖ കേസില്‍ പ്രതിയായിരിക്കുകയാണ്. അതും സിറോ മലബാര്‍ സഭ സിനഡിന്റെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയില്‍!
കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചു എന്ന പരാതിയിലാണ് ബിഷപ്പ് മനത്തോടം രണ്ടാം പ്രതിയായിരിക്കുന്നത് എന്നതാണ് ഇവിടെ ഏറ്റവും നിര്‍ണായകമായ ഘടകം. കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിനും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേയുള്ള പരാതി.
പൊട്ടിത്തെറിയുടെ വക്കില്‍ സിറോ മലബാര്‍ സഭ; മാര്‍ ആലഞ്ചേരിക്കെതിരേ വ്യാജ രേഖയുണ്ടാക്കി എന്നാരോപിച്ച് ഫാ. പോള്‍ തേലക്കാട്ടിനെതിരെ പോലീസ് കേസ്
അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ മാര്‍ ജേക്കബ് മനത്തോടത്തിന് ഒരു അന്വേഷണ കമ്മിഷന്റെ ചുമതലയാണുള്ളത്. ഭൂമി വിവാദത്തിലെ യഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുക എന്നതാണ് ആ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള റോള്‍ കഴിയും. അന്വേഷണം ഏകദേശം പൂര്‍ത്തിയാവുകയും റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ ക്രിമിനല്‍ കേസ് വരുന്നത്.
അതിരൂപതിയില്‍ കര്‍ദിനാളിന്റെ അറിവോടെ നടന്ന ഭൂമിക്കച്ചവടവും അതിനോട് അനുബന്ധിച്ച് ഉയര്‍ന്ന വിവാദവും എല്ലാം തന്നെ തെളിവുകള്‍ സഹിതം മാര്‍പ്പാപ്പയെ എറണാകുളത്തെ വൈദികര്‍ അറിയിച്ചിരുന്നതാണ്. അതില്‍ നിന്നും അന്യായം നടന്നിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് തന്റെ അധികാര സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. നിലവില്‍ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് ആയി ആലഞ്ചേരി തുടരുന്നുണ്ടെങ്കിലും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ട് ആയിരിക്കും കര്‍ദിനാളിന്റെ ഭാവി തീരുമാനിക്കുന്നത്. ഇങ്ങനെയൊരു യഥാര്‍ത്ഥ്യം മുന്നിലുണ്ടെന്നതാണ് മനത്തോടത്ത് പിതാവിനും തേലക്കാട്ടച്ചനും എതിരേ വന്നിരിക്കുന്ന കേസിനു പിന്നില്‍ ചില ഗൂഢനീക്കങ്ങള്‍ ഉണ്ടെന്നു വിശ്വാസികളില്‍ ഒരു വിഭാഗം ആരോപിക്കാന്‍ കാരണവും.
എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചുകൊണ്ട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിന് വത്തിക്കാനില്‍ നിന്നും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്‍പ്രകാരം, ഭൂമി വിവാദത്തില്‍ അന്വേഷണം തീരും വരെ എറണാകുളം അങ്കമാലി അതിരൂപത സിനഡിനു കീഴിലല്ല, വത്തിക്കാന്റെ കീഴിലാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത് പോപ്പിനെയാണ് ആര്‍ച്ച് ബിഷപ്പിനെയല്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാന നിയമനത്തിനൊപ്പം നല്‍കുന്ന ബോണ്ട് ഓഫ് ഇന്‍സ്ട്രക്ഷനില്‍ വ്യക്തമായി പറയുന്ന കാര്യം, ആര്‍ച്ച് ബിഷപ്പിന്റെയോ സിനഡിന്റെയോ യാതൊരു അഭിപ്രായങ്ങളും കേള്‍ക്കണ്ട ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇല്ല എന്നാണ്. അവരോട് വിധേയനായിരിക്കേണ്ടതില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. പറയുന്നത് കേള്‍ക്കാം. സ്വീകരിക്കണമെന്നില്ല. അതുപോലെ ആര്‍ച്ച് ബിഷപ്പിനോട്, എറണാകുളം അതിരൂപതയുടെ യാതൊരു ഭരണക്രമങ്ങളിലും ഇടപെടരുതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാര്‍പാപ്പയുടെ ഈ നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് ജേക്കബ് മനത്തോടത്തിനെതിരേയുള്ള കേസ്. മനത്തോടത്തിനെതിരേ പരാതി ഉണ്ടായിരുന്നെങ്കില്‍ സിനഡ് ഇക്കാര്യം മാര്‍പാപ്പയെ ആയിരുന്നു അറിയിക്കേണ്ടത്. കാരണം, മനത്തോടത്ത് മാര്‍പാപ്പയുടെ പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്ററാണ്. എന്നാല്‍ ഇവിടെ നടന്നിരിക്കുന്നത്, മാര്‍പാപ്പയെ പോലും മറികടന്ന് സ്വയം തീരുമാനമെടുക്കലാണ്.
ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തിട്ടില്ല; മാധ്യമങ്ങളെ പഴിചാരി സിറോ മലബാര്‍ സഭയുടെ ന്യായീകരണം
കേസ് വലിയൊരു വിവാദത്തിലേക്ക് മാറിയപ്പോള്‍ സഭ തലവന്മാര്‍ കൊണ്ടു വന്ന ന്യായീകരണം ഇങ്ങനെയായിരുന്നു; എറണാകുളംഅങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് കേസിന് ആസ്പദം. സീറോമലബാര്‍ സഭാ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് പ്രസ്തുത ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നമ്പര്‍ തന്നെ വ്യാജമാണെന്നും വ്യക്തമായി.
മേജര്‍ ആര്‍ച്ച് ബിഷപ്പിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികള്‍ ചമച്ച ഈ വ്യാജരേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സീറോമലബാര്‍ സഭയ്ക്കും സഭാ തലവനുമെതിരായി ചിലര്‍ നിരന്തരം ദുരുദ്ദേശത്തോടെ വ്യാജരേഖകളും വ്യാജവാര്‍ത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തില്‍ നിന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുക എന്നതാണ്.
ഈ പ്രസ്താവനയില്‍ പോള്‍ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേ എഫ് ഐ ആര്‍ ഇട്ടിരിക്കുന്ന കാര്യം പരാമര്‍ശിക്കുന്നേയില്ല. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തതെന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണെന്നായിരുന്നു ആക്ഷേപം. എന്നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്നു വ്യക്തമാക്കുന്നുണ്ട്.
ക്രൈം 414/19 U/s 471,468,34 IPC പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികളായി പേര് ചേര്‍ത്തിരിക്കുന്നത് ഫാ. പോള്‍ തേലക്കാട്ടിന്റെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയുമാണ്.
സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു കിട്ടുന്ന ഫസ്റ്റ് ഇന്‍ഫര്‍മോഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം ; ’25/2/2019 vd സിറോ മലബാര്‍ ചര്‍ച്ച് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോബി മപ്രക്കാവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി, സിറോ മലബാര്‍ സഭയുടെ ഉന്നതന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ വ്യാജ ബാങ്ക് അകൗണ്ട് ഉണ്ടാക്കി, പണമിടപാട് നടത്തിയതിന്റെ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ച് പ്രതികള്‍ മാര്‍ ആലഞ്ചേരി പിതാവിനെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചു എന്നും സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയ ജോസഫ് സാജനു മുന്നില്‍ മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ 25/2/2019 വൈകിട്ട് 4.33 ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ക്രൈം 414/19 U/s 471, 468,34 IPC പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ കോടതിക്കും മറ്റ് മേലധികാര സ്ഥാപനങ്ങളിലേക്കും അയക്കുന്നു’ എന്നാണ്.
ഫാ. ജോബി മപ്രക്കാവില്‍ പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും ലഭ്യമാണ്. ഫാ. ജോബി നല്‍കിയിരിക്കുന്ന മൊഴി ഇതാണ്; കാക്കനാട് മൗണ്ട് സെന്റ്. തോമസ് എന്ന സ്ഥാപനത്തില്‍ വെച്ച് 2019 ജനുവരി 7 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ സഭയിലെ ഉന്നതര്‍ പങ്കെടുത്ത സിനഡില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ അകൗണ്ടിലൂടെ അനധികൃതമായി പണമിടപാട് നടത്തിയെന്ന് ആരോപിച്് സിറോ മലബാര്‍ സഭയുടെ മുന്‍ പിആര്‍ഒ യും ഇപ്പോള്‍ കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ താമസിക്കുന്ന സത്യദീപം എന്ന ഇംഗ്ലീഷ് മാഗസിന്റെ ചീഫ് എഡിറ്ററും ആയ ഫാദര്‍ പോള്‍ തേലക്കാട്ട് എന്നയാള്‍ വ്യാജ ബാങ്ക് പണമിടപാട് സ്റ്റേറ്റുമെന്റുകള്‍ ഉണ്ടാക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നയാള്‍ വഴി മേല്‍ സിനഡില്‍ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ച കാര്യം പറയാന്‍ വന്നതാണ്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ളതെന്നു പറയുന്ന ഐസിഐസിഐ ബാങ്കിന്റെ വ്യാജ അകൗണ്ട് നമ്പര്‍ 9819745232111 ല്‍ നിന്നും ലുലു, മാരിയറ്റ്, കൊച്ചിയുടെ അകൗണ്ടിലേക്ക് 09/07/2017 തീയതി 85000 രൂപയും 12/10/2016 തീയതി മാരിയറ്റ് കോര്‍ട്ട് യാര്‍ഡിന്റെ 157801532333 എന്ന അകൗണ്ടിലേക്ക് 16,00000 ലക്ഷം രൂപയും 21/09/2016 ലുലു കണ്‍വെന്‍ഷന്റെ അകൗണ്ട് നമ്പരായ 502000082577752 ലേക്ക് 8,93,400 രൂപയും അനധികൃതമായി പണമിടപാട് നടത്തിയതിന്റെ വ്യാജ സ്റ്റേറ്റ്‌മെന്റുകള്‍ ആണ് സമര്‍പ്പിച്ചത്. എന്നാല്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഇങ്ങനെ ഒരു അകൗണ്ട് ഇല്ലാത്തതാണ്.
മേല്‍പ്പറഞ്ഞിരിക്കുന്ന മൊഴി/എഫ് ഐ ആര്‍ പകര്‍പ്പുകളില്‍ നിന്നും വ്യാജരേഖ കേസ് ഫാ. പോള്‍ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരായാണ് നല്‍കിയിട്ടുള്ളതെന്നു വ്യക്തമാണ്. ഇതേ ആക്ഷേപമാണ് ഇപ്പോള്‍ വിശ്വാസികളും ഉയര്‍ത്തുന്നത്. സഭാ സുതാര്യത സമിതി(എഎംടി) ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം അതിരൂപത ഭൂമിവിവാദവുമായി ബന്ധപ്പെട്ട അന്വേഷണം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ അത് എതിരായി വരും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അതില്‍ നിന്ന് രക്ഷപെടാനാണ്, അന്വേഷണത്തിന് നേതൃത്വം നല്‍കിയ വത്തിക്കാന്റെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും ആക്കി സിറോ മലബാര്‍ സഭ ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മാപ്രാകാവില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് വേണ്ടി കേസ് കൊടുത്തിരിക്കുന്നതെന്നാണ് എഎംടി ആരോപിക്കുന്നത്.
“ഫാ. പോള്‍ തേലക്കാട്ടിനെ ചതിക്കുകയായിരുന്നു..”; ആ രേഖ എങ്ങനെ സിനഡില്‍ എത്തി? സിറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസ് കൂടുതല്‍ വിവാദങ്ങളിലേക്ക്
ഒരു വൈദികനെതിരെ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കാനോന്‍ നിയമം അനുസരിച്ച് അതാത് മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണം. മാര്‍പ്പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ പ്രതി ചേര്‍ക്കാന്‍ ഇവിടെ മെത്രാന്‍ സിനഡിന് പോലും കാനോന്‍ നിയമം പ്രകാരം സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ ഫാ ജോബിക്ക് പിന്നില്‍ കര്‍ദിനാള്‍ ആലഞ്ചേരി തന്നെയാണെന്നു മനസിലാക്കാം. തനിക്കെതിരെ നടക്കുന്ന അന്വേഷണം സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും എഎംടി ഭാരവാഹികള്‍ ആരോപിക്കുന്നു.
ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മപ്രകാവിലിനെ ഉടന്‍ നീക്കം ചെയ്യുക, ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും മാര്‍ ജേക്കബ് മാനത്തോടത് രണ്ടാം പ്രതിയും ആയി കൊടുത്തിട്ടുള്ള പരാതി ഉടന്‍ പിന്‍വലിച്ചു മാപ്പ് പറയുക, വ്യാജ രേഖയെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക, അന്വഷണ കമ്മിഷനു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കുക, ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ മുഴുവന്‍ സംശയങ്ങളും ദൂരീകരിക്കുകയും എറണാകുളം അതിരൂപതയുടെ നഷ്ടം തിരിച്ചു ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ സിനഡിനു മുന്നില്‍ വയ്ക്കുകയാണെന്നും എഎംടി ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, പ്രസിഡന്റ് മാത്യു കാറൊണ്ടുകടവില്‍ വക്താവ് ഷെജു ആന്റണി എന്നിവര്‍ അറിയിക്കുന്നു.
സിറോ മലബാര്‍ സഭ വ്യാജരേഖ കേസ് പുതിയ വിവാദത്തില്‍; മാര്‍പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും പ്രതി
കോടികളുടെ നഷ്ടം അതിരൂപതയ്ക്ക് വരുത്തി വച് ഭൂമിക്കച്ചവടവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ വ്യാജരേഖ കേസ്. വത്തിക്കാന്‍ പ്രതിനിധിയായ ഒരാള്‍ക്കെതിരേ കേസ് കൊടുക്കുന്ന തരത്തിലേക്ക് തിരിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സിറോ മലബാര്‍ സഭയെ വരുംദിവസങ്ങളില്‍ പിടിച്ചുകുലുക്കുമെന്ന കാര്യത്തിലും സംശയമില്ല. തനിക്കെതിരേ കേസ് കൊടുത്തത് ശരിയായില്ലെന്നു ബിഷപ്പ് മനത്തോടവും എന്തിനാണ് ഇങ്ങനെയൊരു കേസ് എന്ന് മനസിലാകുന്നില്ലെന്നു ഫാ. പോള്‍ തേലക്കാട്ടും പറയുമ്പോള്‍, പുറത്തു വരുന്ന തെളിവുകള്‍ സഭ നേതൃത്വത്തിലുള്ളവരെ കൂടുതല്‍ കുരുക്കിലാക്കുകയാണ്.
കോട്ടയം: പത്തനംതിട്ട ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും ജനപക്ഷം പാര്‍ട്ടി മത്സരിക്കില്ല. എക്സിക്യുട്ടീവ് യോഗത്തിന് ശേഷമാണ് ഇപ്പോള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പത്തനംതിട്ടയില്‍ ചെയര്‍മാന്‍ പി സി ജോര്‍ജ് തന്നെ മത്സരിക്കുമെന്നും ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തേ തീരുമാനമെടുത്തിരുന്നു. പത്തനംതിട്ടയില്‍ ശബരിമല വിഷയമായിരിക്കും പ്രചരണായുധമെന്നും പി സി ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടാണ് ഇപ്പോള്‍ പി സി ജോര്‍ജിന്‍റെ പാര്‍ട്ടി മാറ്റിയിരിക്കുന്നത്. അതിനൊപ്പം ആചാര അനുഷ്ഠാനങ്ങളെയും മതവിശ്വാസങ്ങളെയും തകര്‍ക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങേണ്ട സമയമായെന്നും ജനപക്ഷം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
പത്തനംതിട്ടയില്‍ പി സി ജോര്‍ജ് മത്സരിച്ചാല്‍ അത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ജനപക്ഷം തീരുമാനം മാറ്റിയതെന്നാണ് വിവരം. ശബരിമല വിഷയത്തിലടക്കം വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാട് എടുത്ത പി സി ജോര്‍ജ് നേരത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഇതേ വിഷയത്തില്‍ നിയമസഭയില്‍ കറുപ്പണിഞ്ഞും എത്തിയിരുന്നു.