Kerala

മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില്‍പന. 28 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 2018-19 സാമ്പത്തികവര്‍ഷം രണ്ട് തവണകളിലായി നടന്ന വിൽപ്പനയിൽ സര്‍ക്കാരിന് ലഭിച്ചത് 66 കോടിരൂപ.

ലേലത്തിത്തിലൂടെ സര്‍ക്കാരിന് നികുതിയുള്‍പടെ ലഭിച്ചത് 28 കോടി 23 ലക്ഷം രൂപയാണ്. വിവിധ തരത്തിലുള്ള 29 ടണ്‍ ചന്ദനമാണ് വിറ്റഴിച്ചത്. ഇത് മറയൂര്‍ ചന്ദനലേല ചരിത്രത്തില്‍ ഉയര്‍ന്ന വിറ്റുവരവാണ്. ഇന്നലെ ഒറ്റ ദിവസത്തില്‍ രണ്ട് ഘട്ടമായി വൈകിട്ട് 6 മണിവരെയാണ് ലേലം നടന്നത്. ഇതില്‍ ബാഗ്ലൂര്‍ ആസ്ഥാനമായ കെഎസ്ഡിഎല്‍ 18 കോടി 76 ലക്ഷം രൂപക്കും, കെഎസ്എച്ച്ഡിസി ബാഗ്ലൂര്‍ 2.5 കോടി രൂപക്കും കൊച്ചിന്‍ ദേവസ്വംബോര്‍ഡ് 22 ലക്ഷം രൂപക്കും, കൊല്‍ക്കത്തയിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ സാമാജം മൂന്ന് ലക്ഷം രൂപക്കും ചന്ദനം വാങ്ങി.

ഒട്ടേറെപേര്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും എട്ട്് പേരാണ് ലേലത്തില്‍ ചന്ദനം വാങ്ങിയത്. മറ്റു ചന്ദനങ്ങളെ അപേക്ഷിച്ച് മറയൂര്‍ ചന്ദനത്തിന് ഗുണ നിലാവാരം കൂടുതലായതിനാല്‍ വില ഉയര്‍ന്നതാണെങ്കിലും പ്രമുഖ കമ്പനികള്‍ വാങ്ങാന്‍ താത്പര്യപെടുന്നത്.

ആലപ്പാട് മേഖലയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനം അടിയന്തരമായി നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് ആലപ്പാടിനും, കൊല്ലം ജില്ലയ്ക്കും മാത്രമല്ല അത് കേരളത്തിന് തന്നെ വലിയ നാശത്തിന് വഴിവെക്കുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. വലിയ അഴിമതിയുടെ പിന്‍ബലത്തിലാണ് അവിടെ ഖനനം തുടരുന്നത്. ഖനനം ഇന്നത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ 2020-ല്‍ അവരുടെ കരാര്‍ അവസാനിക്കുമ്പോള്‍ ഇപ്പോള്‍ ശേഷിക്കുന്ന ആലപ്പാട് എന്ന ഗ്രാമം ഇല്ലാതാവും. അതിശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചത് മുതല്‍ ആലപ്പാട് ഖനനത്തിന് എതിരായി ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. ആ സമരങ്ങളെ കാലാകാലങ്ങളില്‍ അധികൃതര്‍ പലരൂപത്തില്‍ തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ 2 പതിറ്റാണ്ടിനിടയില്‍ 80 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇല്ലാതായതെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

ഇനി ആലപ്പാട് അവശേഷിക്കുന്നത് 7 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമാണ്. ഈ ഭൂമിയുടെ നഷ്ടവും അതിലെ മനുഷ്യന് ഉണ്ടായ നാശവും ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലും പരിഗണിച്ചാല്‍ ഈ ഖനനത്തില്‍ നിന്ന് കേരളത്തിന് ഉണ്ടായിട്ടുള്ള നേട്ടം വളരെ ചെറുതാണ് എന്ന് മനസിലാവും ഇപ്പോള്‍ അവിടെയുള്ള മനുഷ്യരെ കൂടി കുടിയൊഴിപ്പിച്ചാല്‍ അത് വലിയ ദുരന്തത്തിലേക്ക് ആ പ്രദേശത്തിന് അപ്പുറത്തേക്ക് മാറും അത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റ് ആയിരിക്കും കെ.എം.ആര്‍.എല്‍, ഐ.ആര്‍.ഇ. പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഈ രാജ്യത്ത് ഏറ്റവുംവലിയ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്നതിന് നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ വലിയ പ്രളയദുരന്തം ഉണ്ടായപ്പോള്‍ അന്ന് സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവിടെ കുടിയൊഴിപ്പിക്കപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇത്തരമൊരു ദുരന്തം അവര്‍ക്ക് ഉണ്ടായിക്കൂടാ. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു ,എന്നാല്‍ ഖനനം നിര്‍ത്തിവച്ചു കൊണ്ടുള്ളല്ലാതെയുള്ള ഒരു അന്വേഷണവും ശരിയായ നടപടിയല്ല കാരണം അന്വേഷണം പൂര്‍ത്തിയായി വരുമ്പോഴേക്കും ഇല്ലാതായിരീക്കും.

അതുകൊണ്ട് ആലപ്പാട്ടെ ജനത നടത്തുന്ന സേവ് ആലപ്പാട് എന്ന സമരത്തിന് ആംആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ജനുവരി 16ന് , സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ബഹുജന സംഘടനകളെ ചേര്‍ത്ത് കൊണ്ട് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം.എം. മണി. തന്ത്രിയെ അയ്യപ്പന്‍ നേരിട്ട് നിയമച്ചതല്ലെന്ന് മണി ചൂണ്ടിക്കാണിച്ചു. നേരത്തെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തന്ത്രി കുടുംബത്തിന് ശബരിമലയില്‍ പൂജ ചെയ്യാനുള്ള അവകാശം ലഭിച്ചതെന്ന് തന്ത്രി കണ്ഠരര് രാജീവരര് അവാകാശവാദമുന്നയിച്ചിരുന്നു. പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമലയെന്നും മണി ഓര്‍മ്മിപ്പിച്ചു.

ശബരിമലയില്‍ നിരവധി യുവതികള്‍ ഇതിനകം കയറിയെന്നും ഇനിയും കയറുമെന്നും എം.എം.മണി പറഞ്ഞു. കൊട്ടരക്കരയില്‍ അബ്ദുള്‍ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണം. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ തടയാന്‍ ഒരുത്തനും അപ്പോള്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനുള്‍പ്പെടെയുള്ള ഹിന്ദു എം.എല്‍.എ.മാര്‍ വോട്ടുചെയ്ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നതെന്നും മണി പറഞ്ഞു.

കോടതി വിധി തന്ത്രിക്കും ബാധകമാണെന്നത് ഓര്‍മ്മയുണ്ടാകുന്നത് നല്ലതാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണ്. അനാഥ പ്രേതം പോലെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നത്. യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അടൽ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടവീര്യത്തിന്റെ പര്യായമായി കേരളം . കേരള ക്രിക്കറ്റിലെ മാറ്റത്തിന്റെ കാറ്റിന് ഗതിവേഗം പകർന്ന് രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം സീസണിലും കേരളം ക്വാർട്ടറിൽ. നിർണായക മൽസരത്തിൽ ഹിമാചൽ പ്രദേശിനെ അഞ്ചു വിക്കറ്റിനു തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. രണ്ടാം ഇന്നിങ്സിൽ തലേന്നത്തെ സ്കോറായ എട്ടിന് 285 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഹിമാചൽ അവസാന ദിനം കേരളത്തിനു മുന്നിൽ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടിയ വിനൂപ് മനോഹരൻ (96), ക്യാപ്റ്റൻ സച്ചിൻ ബേബി (92), സഞ്ജു സാംസൺ (പുറത്താകാതെ 61) എന്നിവരുടെ മികവിൽ കേരളം അനായാസം വിജയത്തിലെത്തി. 15ന് ആരംഭിക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്താണ് കേരളത്തിന് എതിരാളികൾ. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മൽസരം.

സ്കോർ: ഹിമാചൽ പ്രദേശ് – 297, 285/8 ഡിക്ലയേർഡ്, കേരളം – 286, 299/5

ഓപ്പണർ പി.രാഹുൽ (21 പന്തിൽ 14), സിജോമോൻ ജോസഫ് (48 പന്തിൽ 23), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇതോടെ, എട്ടു മൽസരങ്ങളിൽനിന്ന് സീസണിലെ നാലാം ജയം കുറിച്ച കേരളം 26 പോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ഗുജറാത്ത്, ബറോഡ ടീമുകൾക്കും 26 പോയിന്റുണ്ടെങ്കിലും അവരെ റൺ ശരാശരിയിൽ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കു പിന്തള്ളി നാലാം സ്ഥാനക്കാരായിട്ടാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. എ, ബി ഗ്രൂപ്പുകളിൽനിന്ന് ആദ്യ അഞ്ചു സ്ഥാനക്കാരാണ് നോക്കൗട്ടിലേക്കു മുന്നേറുക. വിദർഭ (29 പോയിന്റ്), സൗരാഷ്ട്ര (29)), കർണാടക (27) എന്നിവരാണ് ക്വാർട്ടർ ഉറപ്പാക്കിയ മറ്റു ടീമുകൾ. ഗ്രൂപ്പ് സിയിൽ നിന്ന് രാജസ്ഥാൻ, ഉത്തർപ്രദേശ് ടീമുകളും പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് ഉത്തരാഖണ്ഡും ക്വാർട്ടറിലെത്തി.

സീസണിൽ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടു പിന്നാക്കം പോയ കേരളത്തിന്, ആന്ധ്രയ്ക്കെതിരെ മധ്യപ്രദേശ് വഴങ്ങിയ അപ്രതീക്ഷിത തോൽവിയും ബംഗാൾ–പഞ്ചാബ് മൽസരം സമനിലയിൽ അവസാനിച്ചതുമാണ് സഹായകമായത്. അതേസമയം, ഈ സീസണിൽ എ, ബി ഗ്രൂപ്പുകളിലായി നാലു ജയം കുറിച്ച ഏക ടീമാണ് കേരളം. ഇതിനു പുറമെ, മൂന്നു തോൽവിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്.
∙ വിജയം കണ്ടത് ‘കൈവിട്ട’ പരീക്ഷണം

നോക്കൗട്ടിലേക്കു മുന്നേറാൻ വിജയം അനിവാര്യമാണെന്നിരിക്കെ, തലേന്നത്തെ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് മൽസരത്തിനു റിസൾട്ട് സമ്മാനിച്ചത്. ഇതോടെ, ഒന്നാം ഇന്നിങ്സിലെ 11 റൺസിന്റെ ചെറിയ ലീഡും ചേർത്ത് കേരളത്തിനു മുന്നിൽ ആതിഥയേർ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം.

90 ഓവറിൽ 297 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം ബാറ്റിങ് ലൈനപ്പിൽ കാര്യമായ അഴിച്ചുപണിയാണ് നടത്തിയത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓൾറൗണ്ടർ വിനൂപ് മനോഹരൻ. വണ്‍ ഡൗണായി എത്തിയത് സ്പിന്നർ സിജോമോൻ ജോസഫ്. ‘ഡു ഓർ ഡൈ’ സിറ്റ്വേഷനിൽ കേരളം നടത്തിയ കൈവിട്ട പരീക്ഷണം വിജയിക്കുന്ന കാഴ്ചയാണ് ഹിമാചലിന്റെ തട്ടകത്തിൽ കണ്ടത്.

ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻ പി.രാഹുൽ 14 റൺസുമായി പുറത്തായിട്ടും പൊരുതിനിൽക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നേടിയെത്തിയ വിനൂപ്–സിജോമോൻ കൂട്ടുകെട്ടാണ്. സ്കോർ 32ൽ നിൽക്കെ 21 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 14 റൺസുമായി രാഹുൽ പുറത്തായെങ്കിലും ഇവരുടെ കൂട്ടുകെട്ട് കേരളത്തിന് മികച്ച സ്കോറിലേക്ക് അടിത്തറിയിട്ടു.

16.1 ഓവർ ക്രീസിൽനിന്ന ഇരുവരും രണ്ടാം വിക്കറ്റിൽ കേരള സ്കോർ ബോർഡിൽ ചേർത്തത് 73 റൺസ്. ഹിമാചൽ ബോളർമാർ സമചിത്തതയോടെ നേരിട്ട ഇരുവരും ആവശ്യത്തിനു റൺറേറ്റും കാത്തുസൂക്ഷിച്ചാണ് അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തത്. സ്കോർ 105ൽ നിൽക്കെ സിജോമോനെ ജി.കെ. സിങ് പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം വിനൂപ് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടു കൂടി തീർത്ത് കേരളത്തെ സുരക്ഷിതരാക്കി. 101 റൺസ് കൂട്ടുകെട്ടിനൊടുവിൽ അർഹിച്ച സെഞ്ചുറിക്കു നാലു റൺസ് അകലെ വിനൂപിനെ ദാഗർ മടക്കി. ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീനും സംപൂജ്യനായി മടങ്ങിയെങ്കിലും സ‍ഞ്ജു–സച്ചിൻ സഖ്യം കേരളത്തെ മുന്നോട്ടു നയിച്ചു.

അ‍ഞ്ചാം വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടു ചേർത്തതിനു പിന്നാലെ വിജയത്തിനു തൊട്ടരികെ സച്ചിൻ പുറത്തായി. 134 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 92 റൺസാണ് സച്ചിന്റെ സമ്പാദ്യം. തുടർന്നെത്തിയ വിഷ്ണു വിനോദിനെ മറുവശത്തു സാക്ഷിനിർത്തി സ‍ഞ്ജു വിജയറൺ കുറിച്ചു. ഒന്നാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ സ‍ഞ്ജു, രണ്ടാം ഇന്നിങ്സിൽ 53 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസോടെ പുറത്താകാതെ നിന്നു.

കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ 11 റൺസിന്റെ ലീഡു നേടിയ ഹിമാചൽ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലായിരുന്നു. ഇരു ടീമുകൾക്കും മുന്നോട്ടു പോകാൻ മൽസരത്തിന് ഫലം അനിവാര്യമായ സാഹചര്യത്തിൽ ഇതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് നാലാം ദിനം പോരാട്ടം ആവേശകരമാക്കിയത്.

മൂന്നാം ദിനം ആദ്യ സെഷനിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച് ഒന്നാം ഇന്നിങ്സ് ലീഡിലേക്കു നീങ്ങിയ കേരളം 18 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയാണ് ഹിമാചലിനു ലീഡു സമ്മാനിച്ചത്. ചെറിയ ലീഡു കൈമുതലാക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആതിഥേയർക്ക് ഋഷി ധവാൻ (96 പന്തിൽ ഏഴു ബൗണ്ടറി സഹിതം 85), അങ്കിത് കൽസി (96 പന്തിൽ ആറു ബൗണ്ടറി സഹിതം 64) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോർ ഉറപ്പാക്കിയത്. മൂന്നാം വിക്കറ്റിൽ കൽസി–ധവാൻ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ദിനം ഏറ്റവുമൊടുവിലാണ് ധവാൻ പുറത്തായത്.

ആങ്കുഷ് ബെയ്ൻസ് (21), ചോപ്ര (41), ഗാങ്ട (14), ജസ്വാൾ (പൂജ്യം), എ.ആർ. കുമാർ (21), ഡാഗർ (13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഹിമാചൽ താരങ്ങൾ. മികച്ച സ്കോർ നേടി കേരളത്തെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് അയയ്ക്കുന്നതിനായി ഏകദിന ശൈലിയിലാണ് ഹിമാചൽ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തത്. 52.1 ഓവറിൽ 5.46 റൺസ് ശരാശരിയിലാണ് അവർ 285 റൺസെടുത്തത്.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലായിരുന്ന ഹിമാചൽ പിന്നീട് കൂട്ടത്തോടെ തകരുകയായിരുന്നു. കേരളത്തിനായി സിജോമോൻ ജോസഫ് നാലും ബേസിൽ തമ്പി രണ്ടും സന്ദീപ് വാരിയർ, വിനൂപ് മനോഹരൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധിഷിനു ഇക്കുറി വിക്കറ്റൊന്നും കിട്ടിയില്ല.

മറയൂര്‍ ചന്ദനത്തൈല ലേലം നാളെ. നിലവില്‍ ഒരു കിലോ ചന്ദന തൈലത്തിന് 3 ലക്ഷത്തി അന്‍പതിനായിരം രൂപയാണ് വില. ഇന്ത്യയിൽ എവിടെ നിന്നും ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാം.

മറയൂര്‍ ചന്ദനം ലേലത്തിന് പിന്നാലെ മറയൂര്‍ ചന്ദനതൈലവും ഓൺലൈൻ ലേലത്തിന് ഒരുങ്ങി . നാളെ നടക്കുന്ന ഇ- ലേലത്തിലേക്ക് 35 കിലോഗ്രാം ചന്ദനതൈലമാണ് ഒരുക്കിയിരിക്കുന്നത്. ഒരുകിലോ ചന്ദന തൈലത്തിന് 3 ലക്ഷത്തതി അന്‍പതിനായിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

മുന്‍ കാലങ്ങളില്‍ മറയൂര്‍ സര്‍ക്കാര്‍ ചന്ദന ഡിപ്പോയില്‍ വച്ച് നടത്തുന്ന പൊതു ലേലത്തില്‍ കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ട് എത്തിയാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ നാല് വര്‍ഷക്കാലമായി ചന്ദന ലേലം ഓൺലൈൻ ലേലമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ കമ്പനികള്‍ക്ക് പങ്കെടുക്കുവാൻ കഴിയുന്നുണ്ട്.

കഴിഞ്ഞ രണ്ട് തവണകളിലായി ലേലത്തില്‍ വിറ്റഴിച്ച ചന്ദനതൈലത്തിന് മികച്ച വിലയാണ് ലഭിച്ചത്. ഇത്തവണ ലേലത്തില്‍ വെയ്ക്കുന്ന ചന്ദനതൈലത്തിന് 30 ശതമാനം വില കൂട്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദന തൈല ഫാക്ടറി കേരള വനം വികസന വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

യാത്രക്കാരന്‍ ബസ്സിനുള്ളില്‍ മറന്നുവെച്ച പാസ്‌പോര്‍ട്ടും വിസയും വിമാനത്താവളത്തിലെത്തി തിരിച്ചു കൊടുത്ത കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഇരുവരെയും അഭിനന്ദിച്ച് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ബസ്സിലുണ്ടായിരുന്ന അനീഷ് അഷ്റഫ് എന്നയാളാണ് ഡ്രൈവറുടെയും കണ്ടക്ടറെയും നല്ല മനസ്സിനെ അഭിനന്ദിച്ച് കുറിപ്പ് എഴുതിയത്. കെഎസ് ആര്‍ടിസിയിലെ ഹീറോസ്..സല്യൂട്ട് എന്ന തലക്കെട്ടട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കൈയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബസ് ഡ്രൈവര്‍ കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും ആണ് ഈ നല്ല മനസ്സിന്റെ ഉടമകള്‍.

 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ എസ് ആര്‍ ടി സി യിലെ ഹീറോസ്… സല്യൂട്ട്

(6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാജ്യൂവേഷന്‍ സെറിമണിയില്‍ രവീന്ദ്രന്‍ സാറില്‍നിന്നും സര്‍ട്ടിഫിക്കറ്റും വാങ്ങി PC TOTS ന്റ ഒരു ട്രെയിനറായതിന്റെ സന്തോഷത്തില്‍ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാന്‍ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നു ബസില്‍.

ബസ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി ഗള്‍ഫ് യാത്രയ്ക്കുള്ളവര്‍ എയര്‍പോര്‍ട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോള്‍ കണ്ടക്ടര്‍ നിസാര്‍ സാറിനോട് എന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു. പുള്ളി ചാര്‍ജ് ചെയ്യാന്‍ സ്ഥലം കാണിച്ചപ്പോള്‍ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരില്‍ ഒരാള്‍ കിറ്റ് തുറന്നു നോക്കി.

കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്തീന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്.. ബസ് സൈഡൊതുക്കി. മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു.

ബസ് വെയിറ്റ് ചെയ്യുമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസില്‍ ചര്‍ച്ചയായിരുന്നു. ബസിന്റെ സാരഥി കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയര്‍പോര്‍ട്ട് ലക്ഷ്യം വെച്ചു നീങ്ങി. എയര്‍ പോര്‍ട്ടിലെത്തി ബസ് ഹോണടി തുടങ്ങി. ഞാനുള്‍പ്പെടെ രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി അന്വേഷിച്ചു കുറച്ചു സമയത്തിനുള്ളില്‍ മൊയ്തീനെ കണ്ടു പാസ്‌പോര്‍ട്ടും രേഖകളും കൈമാറി. അയാള്‍ക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും….ഈ ബസിലെ ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങള്‍ക്കൊരു… ബിഗ് സല്യൂട്ട്..

…KSRTC യിലെ ഹീറോസ്… സല്യൂട്ട് (6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാഡ്ജ്യൂയേഷൻ…

  റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം.ദിബ്ബ തവീന്‍ റോഡിലായിരുന്നു അപകടം.അപകടത്തിൽ മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകന്‍ മണിപറമ്പില്‍ മന്‍സൂര്‍ അലി (32) മരിച്ചു. ഫുജൈറയില്‍ ഫറൂജ് ബലാദി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

മന്‍സൂര്‍ അലി സഞ്ചരിച്ച വാഹനം മറ്റൊന്നിന്റെ പുറകിലിടിച്ചാണ് അപകടം. റാക് സൈഫ് ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റാക് കെ.എം.സി.സി. പ്രവര്‍ത്തകര്‍ അറിയിച്ചത്.

ആറു വയസ്സുള്ള പെൺകുട്ടിയെ തോളിലേറ്റി കാനനപാതയിലൂടെ ശബരിമലയ്ക്കു പോയ തീർഥാടകനെ രാത്രി കാട്ടാന കുത്തിക്കൊന്നു. എന്നാൽ തോളിലുണ്ടായിരുന്ന കുഞ്ഞിനെ ദൂരേക്ക് എറിഞ്ഞതിനാൽ കുട്ടി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻ റോഡ് ഈസ്റ്റ് തെരുവിൽ പരമശിവം ആണു മരിച്ചത്. സഹോദരിയുടെ മകൾ ദിവ്യയെ തോളിലെടുത്തു നടക്കുകയായിരുന്ന പരമശിവത്തിന്റെ മുന്നിലേക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്.

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്. ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ. ഖനനം പൂര്‍ണമായി നിര്‍ത്തുന്നത് പ്രയോഗിമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്.

‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപെടണം എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു.

കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഖനനം നിര്‍ത്തും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിന് മുഖ്യമന്ത്രിെയയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എംഎല്‍എയുെട തീരുമാനം.

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരായ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. യുവതികള്‍ ദര്‍ശനം നടത്തിയതായി വ്യക്തമായതോടെ തന്ത്രിയുടെ നിര്‍ദേശ പ്രകാരം നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. എന്നാല്‍ ശുദ്ധിക്രിയ മാത്രമല്ല അയിത്താചാര പ്രകാരമുള്ള ചില ക്രിയകളും സന്നിധാനത്ത് നടന്നതായിട്ടാണ് സൂചന.

അയിത്താചാര പ്രകാരമുള്ള ക്രിയകള്‍ ഇന്ത്യന്‍ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. അയിത്താചാരപ്രകാരമുള്ള ക്രിയകള്‍ നടന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ സൂചന നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ തന്ത്രക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. നവോത്ഥാന സംരക്ഷണത്തിനായി പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ നേടിയ സര്‍ക്കാര്‍ ഇക്കാര്യത്തിലും അവരുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്.

സ്ത്രീകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയുമാണ് ഇത്തരം അയിത്ത ആചാരങ്ങള്‍ നിലനിന്നിരുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ശബരിമലയില്‍ അയിത്തവുമായി ബന്ധപ്പെട്ട ശുദ്ധിക്രിയയാണ് നടന്നതെങ്കില്‍ തന്ത്രിക്കെതിരെ നിയമ നടപടി ഉള്‍പ്പെടെയുണ്ടാകും. തന്ത്രിയുടെ വിശദീകരണം ലഭിച്ചാലുടനെ വിവിധ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. മകരവിളക്കിന് മുന്‍പ് വീണ്ടും പരിഹാരക്രിയ നടത്തുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved