Kerala

വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയിൽ. വിജേഷിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപ നൽകും. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് ഒന്നിന് ഹൈക്കോടതിയിൽ ഹാജരാക്കണം.

2002-ലാണ് വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷ് വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചിലവാക്കേണ്ടി വന്നു.

ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓർമ്മിപ്പിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ ആദ്യം ദിവസം തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയില്‍. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട അഞ്ചുബസുകളില്‍ നാലെണ്ണവും ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുകയാണ്. ചേര്‍ത്തലയില്‍ നിലച്ചുപോയ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന ബസില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

223 കിലോമീറ്ററാണ് തിരുവനന്തപുരം എറണാകുളം റൂട്ട്. ഇലക്ട്രിക് ബസ് ഒരു തവണ ചാര്‍ജ് ചെയ്താന്‍ ഒാടുന്ന പരാമവധി ദൂരം 250 കിലോമീറ്റര്‍. ഗതാഗതക്കുരുക്കില്‍പെട്ടും പ്രധാന സ്റ്റോപ്പുകളിലെല്ലാം നിര്‍ത്തിയും ഒാടിയ ബസ് ചേര്‍ത്തലയിലെത്തിയപ്പോഴേക്കും ചാര്‍ജ് തീര്‍ന്നു. ബസ് വഴിയിലൊതുക്കിയശേഷം റിസര്‍വേഷന്‍ യാത്രക്കാരെ അടക്കം പിന്നാലെ വന്ന ഇലക്ട്രിക് ബസില്‍ കയറ്റിവിട്ടു.

ഈ ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്നു. അപകടം മനസിലാക്കി പിന്നാലെ വന്ന രണ്ട് ബസുകള്‍ചുരുക്കം സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിപോയതുകാരണം കഷ്ടിച്ച് എറണാകുളത്തെത്തിയിട്ടുണ്ട്. ഇനി റീചാര്‍ജ് ചെയ്യണമെങ്കില്‍ ആലുവയില്‍ പോകണം. അവിടെവരെ എത്താനുള്ള ചാര്‍ജ് ഇല്ലാത്തതിനാല്‍ എറണാകുളം ‍‍ഡ‍ിപ്പോയില്‍തന്നെ ഒതുക്കിയിട്ടിരിക്കുകയാണ്.

ബസ് പൂര്‍ണമായും ചാര്‍ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണം. കലക്ഷനും കുറവാണ്. അഞ്ചുമണിക്ക ് പുറപ്പെട്ടിരുന്ന സര്‍വീസില്‍ ഒറ്റട്രിപ്പില്‍ കുറഞ്ഞത് 18000 രൂപ കിട്ടിയിരുന്നിടത്ത് ഇലക്ട്രിക് ബസിന് കിട്ടിയത് 11000 രൂപ. നാലുമണിക്ക് പോയ സര്‍വീസില്‍ വെറും ഏഴായിരവും. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇലക്ട്രിക് ബസുകള്‍ പര്യാപതമല്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. മതിയായ ചാര്‍ജിങ് സ്റ്റേഷന്‍ കൂടി സജ്ജീകരിക്കാതെ സര്‍വീസ് ആരംഭിച്ചത് കൂടുതല്‍ തിരിച്ചടിയായി.

ഗതാഗതക്കുരുക്കുള്ള ദേശിയപാതയിലെ ജംക്‌ഷനുകൾ കടന്ന് പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാർജ് തീർന്നു പോകുമെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ പഠനങ്ങൾ നടത്താതെ വേഗത്തിൽ സർവീസ് ആരംഭിച്ചത്. തിരുവനന്തപുരത്തു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സർവീസുകളാണ് ഇന്നു മുതൽ കെഎസ്ആർടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമാണു സർവീസുകൾ.

കാരൂര്‍ സോമന്‍

കേരളത്തിലെ തെങ്ങില്‍ നിന്നും നല്ല ആദായമായിരിന്നു കര്‍ഷകന് കിട്ടിയത്. ആദായമോ നൂറു വര്‍ഷത്തില്‍ അധികം. നല്ല വളക്കൂറുള്ള മണ്ണിലെ ഇത് വളരൂ. അതുപോലെ നമ്മുടെ രാഷ്ട്രീയ-മതത്തിനു വളരെ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. തെങ്ങിന്റെ ആദായം കുറഞ്ഞതുപോലെ മത-രാഷ്ട്രീയക്കാരുടെ ആദായവും കുറഞ്ഞു വരുന്നതിന്റെ ശബ്ദമാണ് ഒരു സാഹിത്യകാരിയില്‍ നിന്നും പുറത്തു വന്നത്. ഒരു ബെല്ലും ബ്രേക്കുമില്ലാത്ത സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനകള്‍ നടത്താതെ, വികാരാവേശങ്ങള്‍ നടത്താതെ, സൂത്രശാലികള്‍ ആകാതെ നേര്‍വഴിയില്‍ സഞ്ചരിക്കാന്‍ ഗാന്ധിയന്‍ ഉപവാസമുറകള്‍ നല്ലത്. കുറഞ്ഞ പക്ഷം വിശപ്പിന്റെ രുചിയെങ്കിലും അറിയുമല്ലോ.

കേരളത്തിലെ മത-രാഷ്ട്രീയ-സാഹിത്യ -സാംസ്‌കാരിക മേഖലയിലെ എത്രയോ പ്രമുഖരുടെ മുഖം നഷ്ടപ്പെടുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവരെ താങ്ങി നടത്തുന്നത് ആനപ്പുറത്തിരിക്കുന്നവരാണ്. ഒരു എഴുത്തുകാരിയുടെ നേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അസഭ്യവാക്കുകള്‍ എത്രയോ ലജ്ജാകരമാണ്. രണ്ടു കൂട്ടര്‍ തമ്മിലുള്ള അമര്‍ഷ-വിമര്‍ശനങ്ങള്‍ അവര്‍ തമ്മില്‍ തീര്‍ക്കുന്നതല്ലേ നല്ലത്. അവിടെ ഫേസ്ബുക്ക് എന്ന യന്ത്രം ഉപയോഗിച്ച് നായ് കുരക്കുന്നതുപോലെയാണ് ഒരു പറ്റം സൈബര്‍ ഗുണ്ടകള്‍ കുരച്ചു കുരച്ചു പിറകേയോടുന്നതും കുറെയോടുമ്പോള്‍ തളര്‍ന്ന് ഇരിക്കുന്നതും. മറ്റൊരു കുട്ടരാകട്ടെ ഞാനാണ് കേമന്‍, മാന്യന്‍ എന്ന ഭാവത്തില്‍ ക്രൂരവും നിന്ദ്യവുമായ വിധത്തില്‍ ആരെയും അധിക്ഷേപിക്കും. ഈ സോഷ്യല്‍ മീഡിയയെന്ന യന്ത്രപ്പെട്ടി മരിച്ചവരെ ഉയിര്‍ത്തുഴുന്നേല്‍പ്പിക്കുമോ?

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം മനഃസാക്ഷിയുള്ള ആരും അംഗീകരിക്കില്ല. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കൗശലക്കാരായ ആരോ ഇതിന്റെ പിന്നില്‍ ഇല്ലേ എന്ന സംശയം എനിക്കുണ്ട്. എന്തെന്നാല്‍ ഒരു ഇലക്ഷന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഉള്ളുപൊള്ളുന്ന ഈ പണി ആരെങ്കിലും ചെയ്യുമോ? എഴുത്തുകാര്‍ കൊലപാതകത്തില്‍ പ്രതികരിക്കാത്തതുകൊണ്ട് ആ നിഷ്ഠൂര ക്രൂരകൃത്യത്തിനു കൂട്ടുനില്‍ക്കുന്നു എന്ന് കരുതരുത്. ചിലരെങ്കിലും പ്രതികരിക്കുന്നില്ലേ? ചിലര്‍ പ്രതികരിക്കാത്തത് അവര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന, കിട്ടാനിരിക്കുന്ന പദവി, പുരസ്‌ക്കാരങ്ങള്‍ നഷ്ടമാകും എന്നതുകൊണ്ടാണ്. ഈ മിണ്ടാപ്രാണികള്‍ക്ക് ഒരു വാഴപ്പിണ്ടിയെങ്കിലും സമ്മാനമായി കൊടുക്കുന്നതില്‍ തെറ്റൊന്നും കണ്ടിട്ട് കാര്യമില്ല. റഷ്യയിലെ സര്‍ ചക്രവര്‍ത്തി ഭരണകാലത്ത് സാഹിത്യകാരന്‍ മാക്സിം ഗോര്‍ക്കി അന്നത്തെ പോലീസ് വെടിവെപ്പില്‍ വിദ്യാര്‍ഥികളുടെ ചുടുരക്തം നേരില്‍ കണ്ട വ്യക്തിയാണ്. അതിന്റ പേരില്‍ അദ്ദേഹം ഒരു കവിത എഴുതി. ‘തുഫാനി പിതറേല്‍ കാ ഗീത്’ അത് സര്‍ ചക്രവര്‍ത്തിക്കും കൂട്ടര്‍ക്കും ദഹിച്ചില്ല. അദ്ദേഹത്തെ നാടുകടത്താന്‍ ശ്രമം നടന്നു. അവിടെ വിപ്ലവ നേതാവ് ലെനിന്‍ രംഗത്തു വന്നു. ഗോര്‍ക്കിയും പിന്മാറിയില്ല. തോക്ക് കാട്ടി തൂലികയോട് കളിക്കേണ്ട എന്നു സാരം. ആ ദുഷിച്ച ഭരണത്തിനെതിരെ ആഞ്ഞടിച്ചതിനാല്‍ ജയിലിലുമായി. ടോള്‍സ്റ്റോയിയെ എടുത്താലോ. റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്നാണ് ലെനിന്‍ അദ്ദേഹത്തെ വിളിച്ചത്. എവിടെ സാഹിത്യകാ രന്‍മാരുണ്ടോ, കവികളുണ്ടോ അവിടെ നവോത്ഥാനമുണ്ട്. സത്യമുണ്ട്. നീതിയുണ്ട്. കേരളത്തിലും ഇന്ത്യയിലും എഴുത്തുകാരുണ്ട്. അവര്‍ എവിടെ എന്ന് പലരും ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നമ്മുടെ പൂര്‍വ്വികരായ എഴുത്തുകാര്‍ക്കുണ്ടായിരുന്നു. ആ ദേശീയബോധം നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ മത-രാഷ്ട്രീയ മാടമ്പികളുടെ പരിഹാസത്തിനും പുച്ഛത്തിനും ഇരയായവരായിരുന്നു. അവരുടെ ലക്ഷ്യം പദവിയും പുരസ്‌കാരങ്ങളുമായിരുന്നില്ല. സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാര്‍ സംസ്‌കാരിക ഫാസിസത്തിനെതിരെ രംഗത്ത് വരുന്നവരാണ്. അവര്‍ മാളത്തില്‍ ഒളിക്കുന്നവരല്ല.

എഴുത്തുകാരന്‍ ഏത് പാര്‍ട്ടിക്കാരനായാലും ആ വ്യക്തിയുടെ രചനകളാണ് പ്രധാനം. അവരുടെ വായ് മൂടിക്കെട്ടി അവരെ നിശ്ശബ്ദരാക്കുന്നത് ആനപ്പുറത്തിരിക്കുന്നവരാണ്. അവരുടെ കഴുതകളായിരിക്കാന്‍ എല്ലാം എഴുത്തുകാരെയും കിട്ടില്ല. ഈ കൂട്ടര്‍ വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന ലെനിനെ കണ്ടു പഠിക്കണം. എത്രയോ വര്‍ഷങ്ങളായി നിഷ്പക്ഷമായി എഴുതുന്ന എഴുത്തുകാര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ല. അധികാര രാഷ്ട്രീയം എഴുത്തുകാരെ രണ്ടു തട്ടിലാക്കി ഭരിക്കുന്നു. പാര്‍ട്ടിക്ക് ഓശാന പാടുന്നവനേ അപ്പക്കഷണം കിട്ടൂ. കാലം പിഴക്കുമ്പോള്‍ എല്ലാം പിഴക്കുമല്ലോ. രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ സാഹിത്യത്തിലും ഇതുപോലുള്ള കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ ഗുണ്ടകളെ, രാഷ്ട്രീയ തീവ്രവാദികളെ നിലക്കുനിര്‍ത്തണം. പാവപ്പെട്ട അമ്മമാരുടെ മക്കളാണ് കൊലക്കത്തിക്ക് ഇരയാകുന്നത്. അല്ലാതെ നേതാക്കന്മാരുടെ മക്കളല്ല. ഇത് ജനങ്ങള്‍ തിരിച്ചറിയണം. അധികാരം നിലനിര്‍ത്താന്‍ അമ്മമാരുടെ കണ്ണുനീരും ചുടുരക്തവും ഇവര്‍ക്കാവശ്യമാണ്. അതിനുവേണ്ടി മാതാപിതാക്കള്‍ മക്കളെ വിട്ടുകൊടുക്കരുത്. ഇന്ന് ഇന്ത്യയില്‍ കാണുന്നത് മുന്‍പ് ഭരിച്ചിരുന്ന കൊളോണിയല്‍ യജമാനന്മാരാണ്. മക്കളെ തൊഴിലെടുത്ത് ജീവിക്കാന്‍ പരിശീലിപ്പിക്കുക. മേലാളന്മാരുടെ കീഴാളന്മാരായി മക്കളെ വളര്‍ത്താതിരിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ പാവപ്പെട്ട യുവാക്കളെ കിറിമുറിക്കുന്നതിനേക്കാള്‍ സ്വയം കീറിമുറിച്ച് ഒരു ആത്മപരിശോധന നടത്തി ജനത്തെ അറിവുള്ളവരാക്കി വളര്‍ത്തുക. ചുടുരക്തത്തില്‍ നിന്നും വര്‍ഗ്ഗീയ ഭീകരരുടെ കരാളഹസ്തങ്ങളില്‍ നിന്നും മലയാളിക്ക് മോചനം കൊടുക്കുക.

ചേര്‍ത്തല: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള സന്ദര്‍ശനം നടന്നത്. ന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ 3.33 കോടി രൂപ ചിലവഴിച്ചാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്‍എസ്എസിനു നേരെ സിപിഎം സൗഹൃദ ഹസ്തം നീട്ടിയെങ്കിലും നിരസിച്ച സാഹചര്യത്തില്‍ എസ്എന്‍ഡിപിയെ ഒപ്പം നിര്‍ത്താനാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എന്‍ഡിപി രൂപീകരിച്ച ബിഡിജെഎസ് എന്‍ഡിഎയിലാണെങ്കിലും പല കാര്യങ്ങളിലും ബിജെപി മുന്നണിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. അടുത്ത കാലത്ത് ബിജെപിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും വനിതാമതിലില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി പദ്ധതി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് മൂന്നാം ദിനവും പുക നിറഞ്ഞ് കൊച്ചി നഗരം. പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന പ്രദേശത്തുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് പുക നഗരത്തിലേക്ക് വ്യാപിക്കുകയാണ്. 23-ാം തിയതി വൈകീട്ട് നാലു മണിയോടെ പടര്‍ന്ന തീയണക്കാന്‍ ഫയര്‍ ഫോഴ്സ് തീവ്രശ്രമം തുടരുകയാണ്. വെളിച്ചക്കുറവുകാരണം ഇന്നലെ രാത്രി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. വിഷപ്പുക നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് രാത്രി ഇരുമ്പനത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

വൈറ്റില, മരട്, ചമ്പക്കര, കുണ്ടന്നൂര്‍, അമ്പലമുകള്‍, എംജി റോഡ്, കടവന്ത്ര എന്നിവിടങ്ങളിലാണ് പുകശല്യം രൂക്ഷമായിരിക്കുന്നത്. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവരുടെ ചികിത്സക്കായി ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. വൈകുന്നേരത്തോടെ പുക പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞായറാഴ്ച രാവിലെ പ്ലാന്റിലെത്തിയ കലക്ടര്‍ മുഹമ്മദ് സഫിറുള്ള ഉറപ്പു നല്‍കി. മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിര്‍ത്തിവച്ചു.

തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ 15 ഓളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ശ്രമം തുടരുകയാണ്. രണ്ടു മാസത്തിനിടെ നാലാമത്തെ തവണയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇത് സംശയാസ്പദമാണെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. നേരത്തേ തീപ്പിടിത്തം ഉണ്ടായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ഇത്തവണ ജില്ലാ കളക്ടറോട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കോൺഗ്രസ് അതിക്രമത്തിൽ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ സിപിഎം നേതാക്കൾക്കെതിരെ ഉയർന്നത് സമാനതകളില്ലാത്ത പ്രതിഷേധം. കല്ലിയോട്ടെത്തിയ നേതാക്കൾക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ പാഞ്ഞടുക്കുകയായിരുന്നു.

പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന പൊലീസുകാരോട് പോകില്ലെന്ന് ഉറച്ച സ്വരത്തിൽ പറയുകയാണൊരു പെൺകുട്ടി. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകളും ചോദിക്കുന്നു.

വഴിമാറെടാ..നിങ്ങളൊക്കെ അങ്ങോട്ട് മാറി നിൽക്കെടാ..’ പറയുന്നത്, തടയാനെത്തിയ പൊലീസുകാരോടാണ്. കൊലപ്പെട്ട യൂത്ത് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ നാവുകൊണ്ട് നേരിടുകയാണ് ഇൗ പെൺകുട്ടി. അലറിക്കരഞ്ഞുള്ള അവളുടെ വാക്കുകളെ തടയാൻ പൊലീസിനും കഴിഞ്ഞില്ല. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൻരോഷമാണ് ഉയർത്തിയത്.

‘കുഴിമാന്താൻ വന്നതാണെങ്കിൽ അതുപറയണം. ഞങ്ങൾക്ക് ഇനിയുമുണ്ട് ആൺകുട്ടികൾ. അവർക്കും ജീവിക്കേണ്ട അതോ അവരെയും കൊല്ലനാണോ ലക്ഷ്യം..’ ഇങ്ങനെ രോഷം അണപൊട്ടിയ വാക്കുകൾക്ക് മുന്നിൽ മറുപടിയില്ലാതെ നേതാക്കളും ഒപ്പം നാട്ടുകാരും അമ്പരന്നു. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത് നീക്കിയശേഷമാണ് സി.പി.എം സംഘത്തിന് സന്ദര്‍ശനം നടത്താനായത്. സി.പി.എം നേതാക്കള്‍ക്കെതിരെ അമ്മമാരടക്കമുളളവരുടെ രോഷവും അണപൊട്ടി.

പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊന്നതിൽ അടിപതറുകയാണ് സിപിഎമ്മിന്. പാർട്ടിക്കെതിരെ ശക്തമായ വികാരമാണുയരുന്നത്. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും സന്ദര്‍ശനത്തിന് താല‍്‍പര്യം അറിയിച്ച് ഡി.സി സി പ്രസിഡന്റിനെ സമീപിച്ചെന്നാണ് പി.കരുണാകരന്‍ എം.പി പറഞ്ഞത്. പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ ഹക്കിം കുന്നേല്‍ പിന്നീട് പ്രതികരിച്ചില്ലെന്നും എം.പി ആരോപിച്ചു.എന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. പിന്നാലെ അദ്ദേഹം സന്ദർശനം റദ്ദാക്കുകയും ചെയ്തു.

വാഗമണില്‍ പുതുതായി നിര്‍മിച്ച തൂക്കുപാലം പൊട്ടിവീണ് പതിമൂന്നുപേര്‍ക്ക് പരുക്ക്. കോലാഹലമേട് സൂയിസൈഡ് പോയന്റില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത തൂക്കുപാലമാണ് തകര്‍ന്നത്. അങ്കമാലി ചുള്ളി സെന്‍റ് ജോര്‍ജ് പള്ളിയില്‍ നിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിധിയില്‍ക്കൂടുതല്‍ ആളുകള്‍ പാലത്തില്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്.പരുക്കേറ്റവരെ ഈരാറ്റുപ്പെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം ഒരുമണിയോടെ കൂടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ വെളിവായില്ല

പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊല്ലുന്നതിന് ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. ജനുവരി ഏഴിന് കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന് ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ പറയുന്നതാണു വിഡിയോയിൽ. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പറയുന്നു.

പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മർദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല ഗോവിന്ദൻ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും.

അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തിൽനിന്ന് തിരിച്ചു ഞങ്ങൾ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറ‍ഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു.

പ്രാദേശിക നേതൃത്വത്തിന്റെ ചുമലിൽ ചാരി കേസിൽനിന്ന് രക്ഷപെടാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

ദൃശ്യങ്ങൾ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

ആലപ്പുഴയിൽ പെട്ടൊന്നൊരുദിവസം പൊങ്ങിയ ബിവറേജസ് ഷോപ്പിന് മുന്‍പില്‍ കള്ളുകുടിയന്മാരുടെ നീണ്ട നിര. കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയുടെ അടുത്താണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ടതായിരുന്നു ഇത്. അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെ വന്നവര്‍ ശരിക്കും ചമ്മി.

Image result for duplicate-bevco-outlet-built-in-pathirappally-alappuzha-for-cinema-shooting

ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറിയെ ബിവറേജസ് ഔട്ട്ലെറ്റ് ആക്കി മാറ്റുകയായിരുന്നു. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.

 കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തെ വിഴുങ്ങി പുക ശൈല്യം. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായി ബാധിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പുക വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു.

പ്ലാന്റിലെ തീ പൂര്‍ണമായും അണക്കാന്‍ സാധിക്കാത്തതിനാല്‍ പുകശൈല്യത്തിന് എപ്പോള്‍ ശമനമുണ്ടാകും എന്നത് വ്യക്തമല്ല. എംജി റോഡിലും മരടിലും കുണ്ടന്നൂരിലും പുക ജനജീവിതത്തെ കാര്യമായി ബാധിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുര്‍ഗന്ധവും വമിക്കുകയാണ്.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു.

Copyright © . All rights reserved