Kerala

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ പട്ടാപ്പകലുണ്ടായ വെടിവെപ്പ് കേസ് അന്വേഷണം വഴിമുട്ടുന്നു. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു സിനിമാ താരമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പളളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ രണ്ടംഗ സംഘം വെടിവെച്ചത്. അധോലോക നേതാവ് രവി പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ലീന മരിയ പോളും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വെടിവെപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് സംശയമുണ്ട്. ഇതിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിന് കാരണമെന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല.

നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മീഷണര്‍ എം.പി. ദിനേശും വിലയിരുത്തും. എന്നാല്‍ ഇത്രയും വലിയ സംഘമുണ്ടായിട്ടും ആയുധമേതെന്നു പോലും സ്ഥിരീകരിക്കാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.

സാമ്പത്തിക തട്ടിപ്പുകേസുകളിലടക്കം പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന് അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നെത്തിയ ഭീഷണി സന്ദേശം തന്നെയാണ് ആക്രമണത്തിന് കാരണമായിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ലീന എന്തെല്ലാമോ മറച്ചു വയ്ക്കുന്നുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഈ സംശയം ദൂരീകരിക്കാനായി ലീനയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ലീനയ്ക്ക് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യത്തെ സ്വര്‍ണക്കടത്ത് പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

മൈക്രോവേവ് ഓവനിലാക്കിയായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. അറസ്റ്റിലായ പിണറായി സ്വദേശി മുഹമ്മദ് ഷാനുവിനെ ചോദ്യം ചെയ്ത് വരികയാണ്. ഓവനിലെ ഹീറ്റര്‍ കോയിലുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

സ്വര്‍ണം സ്വീകരിക്കാനെത്തിയവര്‍ എന്ന് കരുതുന്ന ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമമുണ്ടായിരിക്കുന്നത്. വിമാനത്താവള സുരക്ഷ ശക്തമാക്കാനായിരിക്കും വരും ദിവസങ്ങളില്‍ പോലീസ് ശ്രമിക്കുക.

നൂറനാട്: ഇക്കുറിയും ക്രിസ്മസ് ദിനത്തില്‍ നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനവും സ്‌നേഹവിരുന്നും നടന്നു. ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപ്പെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളില്‍ കഴിയുന്ന ജീവിതങ്ങള്‍ക്ക് സ്വാന്ത്വനം നല്‍കുകയെന്ന ഉദ്യേശത്തോട് സഹായ ഹസ്തവുമായി ‘സ്‌നേഹക്കൂട് ‘ എത്തി. ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മനസ്ഥിതിയുള്ള സംഘമാണ് ക്രിസ്മസ് ദിനത്തില്‍ ഇവിടെ എത്തിയത്. കഴിഞ്ഞ ഒന്നര ദശാബ്ദമായി മുടക്കം കൂടാതെ ഇവരുടെ ക്രിസ്മസ് ആഘോഷം ഇവിടെയാണ്.

വീല്‍ചെയറുകള്‍, കൃത്രിമക്കാലുകള്‍, പുതുവസ്ത്രങ്ങള്‍, മരുന്നുകള്‍, ടെലിവിഷനുകള്‍, മിക്‌സികള്‍, സൗണ്ട് സിസ്റ്റം, വാര്‍ഡുകളിലേക്ക് ഫാനുകള്‍, ഇലക്ട്രിക് -ഇലക്ട്രോണിക് ഉപകരണങ്ങള്‍, രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള ബെഡുകള്‍, റെക്‌സിന്‍ ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ ഇതിനോടകം പല തവണകളിലായി ഇവിടെ നല്‍കിട്ടുണ്ട്. ഈ പ്രാവശ്യം പുതിയ 8 ഫാനുകള്‍ സാനിറ്റോറിയം ഓഡിറ്റോറിയത്തിലും വാര്‍ഡിലുമായി സജ്ജമാക്കി കൊടുത്തു.

കൊയിനോണിയ ഫൗണ്ടേഷന്‍ ഫോര്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ എടത്വാ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. വള്ളംകളി രംഗത്ത് കഴിഞ്ഞ 9 പതിറ്റാണ്ടായി നിലകൊള്ളുന്ന മാലിയില്‍ പുളിക്കത്ര തറവാട് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം നേടിയതിന്റെ സന്തോഷം നിരാലംബരോടൊപ്പം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി സാനിറ്റോറിയത്തില്‍ സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് ക്രിസ്മസ് സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് എ നിര്‍വഹിച്ചു. ഗ്ലോബല്‍ പീസ് വിഷന്‍ ഡയറക്ടര്‍ വനജ അനന്ത (യു.എസ്.എ) ക്രിസ്തുമസ് സന്ദേശം നല്കി. ഫൗണ്ടേഷന്‍ മാനേജര്‍ റജി വര്‍ഗ്ഗീസ് ധനസഹായം സാനിറ്റോറിയം പേഷ്യന്റ്‌സ് വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ വൈ. ഇസ്മയില്‍ കുഞ്ഞിന് കൈമാറി. മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുരളി കുടശനാട്, എസ് മീരാ സാഹിബ്, സിനിമാ നിര്‍മ്മാതാവ് അഹമ്മദ് കൊല്ലകടവ്, സനില്‍ ചട്ടുകത്തില്‍, അശോക്, വിനീഷ്, സിസ്റ്റര്‍ ശാരോന്‍ എന്നിവര്‍ പ്രസംഗിച്ചു.

2003 മുതല്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുന്ന ഈ ക്രിസ്മസ് ആഘോഷം ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്ലിക്കിന്റെ ലോക റെക്കോര്‍ഡ് ഉള്‍പ്പെടെ പ്രമുഖ റെക്കോര്‍ഡുകളില്‍ 2016ല്‍ ഇടം പിടിച്ചിച്ചിട്ടുണ്ട്.

പൂഞ്ഞാറിൽ പി.സി ജോര്‍ജ്ജ് എം.എൽ.എ പങ്കെടുത്ത പരിപാടിയിലേയ്ക്ക് ചീമുട്ടയേറ്. ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനികിരീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘര്‍ഷം. ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തുടർന്ന് പി.സി.ജോർജും പ്രതിഷേധക്കാരുമായി വാക്കേറ്റമുണ്ടായി. എറിഞ്ഞവനെ വീട്ടിൽ കയറി തല്ലുമെന്നു പി.സി. ജോർജ് മൈക്കിലൂടെ പറഞ്ഞു. എറിഞ്ഞവനെ താൻ കണ്ടു. നീ വീട്ടിൽ കിടന്നുറങ്ങില്ല. ഓർത്തോ. പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും എംഎൽഎ പറഞ്ഞു.

പ്രണയനൈരാശ്യം മൂലം കീഴ്ശാന്തി ജീവനൊടുക്കി. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശിയാണ് മരിച്ച അഭിമന്യു(19). പ്രഭാത പൂജകൾക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാമുകിയെ വിഡിയോ കോള്‍ ചെയ്ത ശേഷം മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യു കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു.

അഭിമന്യൂവിന്റെ സഹോദരന്‍ നേരത്തേ ഇതേ അമ്പലത്തില്‍ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായാണ് അഭിമന്യു ഇവിടെ ആദ്യം എത്തിയത്. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളുടെ ഭാഗമായാണ് വീണ്ടും അഭിമന്യു എത്തിയതെന്നും പൊലീസ് പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രം ജന്മ ഭൂമിയുടെ കാർട്ടൂൺ.നേരത്തെയും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി സംഘപരിവാർ നേതാക്കൾ എത്തിയിരുന്നു.

 

കാർട്ടൂണിലൂടെയാണ് ജന്മഭൂമി മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന വനിതാ മതിൽ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു വിവാദ കാർട്ടൂൺ.

ശനിയാഴ്ചത്തെ പത്രത്തിലാണ് (22-12-2018) ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍.തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്.

പിണറായി വിജയന്റെ പിതാവ് മുണ്ടയില്‍ കോരന്‍ ചെത്തുതൊഴിലാളിയായിരുന്നു. ഈഴവ സമുദായ കുടുംബമാണ് അദ്ദേഹത്തിന്റേത്.ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്ന പത്തനംതിട്ടയിലെ നാമജപ സമരക്കാരിയായ സ്ത്രീ പിണറായിയെ ‘ചോവ കൂതി മോന്‍’ എന്ന് വിളിച്ചത് വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ഇവര്‍ക്കെതിരെ ജാതി അധിക്ഷേപത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു.

കൊല്ലം: പ്രണയ നൈരാശ്യം മൂലം കീഴ്ശാന്തിയായ യുവാവ് ചുറ്റമ്പലത്തില്‍ തൂങ്ങിമരിച്ചു. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശി അഭിമന്യു(19)വാണ് മരിച്ചത്. പ്രഭാതപൂജകള്‍ക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.

കാമുകിയെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് അഭിമന്യു ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യൂ കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് വീഡിയോ കോള്‍ ചെയ്യുകയും മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.

ഇതേ ക്ഷേത്രത്തില്‍ അഭിമന്യുവിന്റെ സഹോദരന്‍ നേരത്തേ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായി അഭിമന്യു ഇവിടെ എത്തിയിരുന്നു. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായാണ് അഭിമന്യു ഇവിടെ വീണ്ടും എത്തിയത്.

കൊച്ചിയിൽ കഴിഞ്ഞ ദിവസം ഐസ് മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമീൻ പിടിച്ചെടുത്തതോടെയാണ് ഐസ് മെത്ത് എന്ന മയക്കുമരുന്ന് മലയാളിയ്ക്ക് പരിചിതമാകുന്നത്. കൊച്ചി സിറ്റി ഷാഡോ പൊലീസാണ് ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ച ഐസ് മെത്ത് പിടികൂടിയത്. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റർ; ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന പദാർത്ഥവും കണ്ടെടുത്തിരുന്നു. കേരളത്തിൽ ആദ്യമായാണ് ഐസ് മെത്ത് പിടികൂടുന്നത്.

അതോടെ ഐസ് മെത്ത് എന്തെന്നറിയാൻ ഗൂഗിളിൽ പരതിയവരും നിരവധി. ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.

ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. സ്പീഡ് എന്ന വിളിപ്പേരും ഈ ലഹരി പദാർത്ഥത്തിനുണ്ട്. അതിവേഗത്തിൽ തലച്ചോറിൽ എത്തി നാഡിഞെരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഇവയെ സ്പീഡ് എന്നു വിളിക്കുന്നതും.

പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു. ഒരു ഗ്രാം ഉപയോഗിച്ചാൽ 12 മുതൽ 16 ‌മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താ‌ൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ് മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും എസ് മെത്ത് ഉപയോഗിക്കുന്നു.തുടർച്ചയായി ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും കൂടുതൽ സമയം ലൈംഗിക ബന്ധത്തിനും ഐസ് മെത്ത് ഉപയോഗിക്കുന്നു.

അതിയായ ആഹ്ലാദം, സാഹസിക പ്രവൃത്തികൾ ചെയ്യുന്നതിനുളള അതിയായ ഉത്സാഹം തുടങ്ങിയവയാണ് ഈ ലഹരിമരുന്ന് ഉപയോഗിച്ചവരുടെ ലക്ഷണങ്ങൾ. ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾക്കായി ഐസ് മെത്ത് കൊച്ചിയിൽ എത്തിച്ചത്. കൂടുതൽ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും ഐസ് മെത്ത് ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത്ത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.

ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഫ്രഡിൻ ഉപയോഗിച്ചാണ് ഐസ് മെത്ത് നിർമ്മിക്കുന്നതെങ്കിൽ ഇന്ത്യയിൽ പൂർണമായും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. എഫ്രഡിൻ വ്യാപകമായി കായിക താരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഈ ചെടിയുടെ ഉത്പാദനവും ഉപയോഗവും സർക്കാർ നിയമം മൂലം നിയന്ത്രിച്ചു.

പമ്പ: അയ്യപ്പനെ കാണാതെ ശബരിമല വിട്ടുപോകില്ലെന്ന് ഉറപ്പിച്ച് തമിഴ് വനിതാ സംഘടന മനിതി. മനിതിയുടെ നേതൃത്വത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയ യുവതികള്‍ ആരും അയ്യപ്പനെ കാണാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നിലവില്‍ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകും. കൂടുതല്‍ പ്രവര്‍ത്തകരെ പമ്പയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും സൂചനയുണ്ട്.

മനിതി അംഗങ്ങളുമായി പോലീസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് തിരികെ പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് മനിതി അറിയിക്കുകയായിരുന്നു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിനോട് ആലോചിക്കാതെ ഇത്തരമൊരു നടപടി തന്ത്രി സ്വീകരിക്കുകയാണെങ്കില്‍ അത് വലിയ നിയമപ്രശ്‌നമായി മാറിയേക്കും.

നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പലയിടങ്ങളിലായി ബി.ജെ.പി-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ട സംഘം പിന്നീട് പോലീസ് വാഹനത്തിലാണ് പമ്പയിലേക്ക് എത്തിയത്. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും രണ്ട് സംഘങ്ങളായി ഇനിയും അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയിലെത്തും. റോഡ് മാര്‍ഗം വരുന്നവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ വെച്ച് തന്നെ പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ തമിഴ്‌നാട് പോലീസും തീരുമാനിച്ചിട്ടുണ്ട്. കേരള ബോര്‍ഡര്‍ വരെ ഭക്തകളെ എത്തിക്കാന്‍ തമിഴ്‌നാട് പോലീസ് ശ്രമിക്കും.

ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.

വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി.

മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved