തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. സംഭവത്തോട് അനുബന്ധിച്ച് ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് ഡിജിപി അറിയിച്ചു.
ആശ്രമത്തിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേക്കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നെങ്കിലും അവ ഇടിയിലും മഴയിലും കേടായതാണെന്ന് സന്ദീപാന്ദഗിരി പൊലീസിനെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ കുണ്ടമന്‍കടവിലുള്ള ആശ്രമത്തിനുനേരെയാണ് ആക്രമണം നടന്നത്.
അക്രമികള്‍ രണ്ടു കാറുകള്‍ക്ക് തീയിടുകയും ആശ്രമത്തിനു മുന്‍പില്‍ റീത്ത് വെക്കുകയുമായിരുന്നു. തീ ഉയരുന്നത് കണ്ട സന്ദീപാനന്ദഗിരി ഓടിയെത്തുമ്പോഴേക്കും കാറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു.
അറിവ് അത് സാഗരമാണ്.. പഠിക്കാനുള്ള ആഗ്രഹം വയസ്സായത് കൊണ്ട് നഷ്ടപ്പെട്ട് പോകുന്നില്ല എന്നതിന്റെ തെളിവാണ് 96 വയസ്സുകാരി കാർത്യായനിയമ്മ തെളിയിച്ചിരിക്കുന്നത്. സാക്ഷരതാമിഷന്റെ ‘അക്ഷരലക്ഷം’ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയിരിക്കുന്നത് ഈ മുത്തശ്ശിയാണ്. 100 ല്‍ 98 മാര്‍ക്ക്. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര്‍ എല്‍പി സ്‌കൂളില്‍ ശ്രദ്ധയോടെ പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയെയും അവരുടെ ഉത്തര പേപ്പറിലേക്കു നോക്കാന്‍ ശ്രമിക്കുന്ന എണ്‍പതുകാരന്‍ സഹപാഠി രാമചന്ദ്രനെയും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. നൂറാം വയസില്‍ പത്തു പാസാകണം എന്ന ആഗ്രഹം പറഞ്ഞ കാര്‍ത്യായനിയമ്മയെ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി നാളെ ആദരിക്കും.
‘അക്ഷരം വെളിച്ചമാണ്, അതഗ്‌നിയാണ്, പൊള്ളലാണ്’– വിറയാര്‍ന്ന കൈ കൊണ്ടു തൊണ്ണൂറ്റാറുകാരി കാര്‍ത്യായനിയമ്മ സാക്ഷരതാമിഷന്‍ ‘അക്ഷരലക്ഷം’ പരീക്ഷയുടെ ഉത്തരക്കടലാസിലെഴുതിയ ഈ വാക്കുകള്‍ പ്രചോദനം പകരുന്നത് അക്ഷരങ്ങളെ അറിയാത്തവര്‍ക്കു മുഴുവനുമാണ്. പഠിക്കാന്‍ വൈകിയെന്നു കരുതുന്നവര്‍ക്കെല്ലാം കാര്‍ത്യായനിയമ്മ ഒരു വഴിവിളക്കാണ്. പ്രായം ഒന്നിനും തടസ്സമല്ലെന്ന ഓര്‍മപ്പെടുത്തലും.
‘പഠിച്ചതത്രയും ചോദിച്ചില്ലല്ലോ ?’ അക്ഷരലക്ഷം പരീക്ഷ കഴിഞ്ഞപ്പോള്‍ ഓടിയെത്തിയ സതി ടീച്ചറോടു കാര്‍ത്യായനിയമ്മ ആദ്യം പങ്കുവച്ചത് ഈ കൊച്ചു പരിഭവമായിരുന്നു. സാക്ഷരതാ മിഷന്‍ പ്രേരകായ സതി ടീച്ചര്‍ ആദ്യം ഒന്നമ്പരന്നു, പിന്നെ പൊട്ടിച്ചിരിച്ചു. കാരണം പഠിച്ചതത്രയും വന്നില്ലെന്നു പരിഭവം പറയുന്നത് അക്ഷരലക്ഷം പരീക്ഷയെഴുതിയ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ‘കുട്ടി’യാണ്. പരീക്ഷയെഴുതാതെ ‘മുതിര്‍ന്ന കുട്ടികള്‍’ പലരും വീട്ടില്‍ മടി പിടിച്ചിരുന്നപ്പോള്‍ ഹാളില്‍ അരമണിക്കൂര്‍ നേരത്തേയെത്തി മുന്‍ ബഞ്ചില്‍ ഇടം പിടിച്ചിരുന്നു ഈ മുതുമുത്തശ്ശി.
ശ്രദ്ധയോടെ ചോദ്യപേപ്പര്‍ വായിക്കുമ്പോഴാണ് തൊട്ടടുത്തിരുന്ന എണ്‍പതുകാരന്‍ സഹപാഠി രാമചന്ദ്രന്‍ ഉത്തരപേപ്പറിലേക്കു നോക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയത്. ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയ ഒരു ചിത്രമായിരുന്നു. പേപ്പർ നോക്കിയാ വല്യപ്പനെ ഡീബാർ ചെയ്യണമെന്നുള്ള രസകരമായ കമെന്റുകൾ വരെ പ്രത്യക്ഷപ്പെട്ടു. പരീക്ഷാ ചുമതലക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ രാമചന്ദ്രനും നല്ല കുട്ടിയായി. പരീക്ഷ കഴിഞ്ഞപ്പോള്‍ വായനാ വിഭാഗത്തില്‍ ഫുള്‍ മാര്‍ക്ക്. 40ല്‍ 38 മാര്‍ക്കുണ്ട് കാര്‍ത്യായനിയമ്മയ്ക്ക്. കണക്കില്‍ മുഴുവന്‍ മാര്‍ക്കും. ഒന്നുകൂടി പഠിക്കണമെന്ന ആഗ്രഹം ഹരിപ്പാട് ചേപ്പാട് സ്വദേശിനിയായ കാര്‍ത്യായനിയമ്മയ്ക്ക് തോന്നുന്നത് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ജനുവരിയില്‍ വീട്ടിലെത്തിയപ്പോഴാണ്. അപ്പോള്‍ പ്രായം 96.
പഠിക്കണമെന്നു പറഞ്ഞതു തമാശയ്‌ക്കെന്നാണു സാക്ഷരതാ മിഷന്‍ പ്രേരകായ കെ.സതി ആദ്യം കരുതിയത്. എന്നാല്‍ കാര്‍ത്യായനിയമ്മ സീരിയസായിരുന്നു. മുതുമുത്തശ്ശി അക്ഷര ലോകത്തില്‍ രണ്ടാമത്തെ ഹരിശ്രീ കുറിച്ചതോടെ പഠിക്കാന്‍ മടിച്ചു നിന്ന പലരും മുന്നോട്ടുവന്നെന്നു സാക്ഷരതാ മിഷന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍ പറയുന്നു. തുല്യതാ പരീക്ഷയ്ക്കു മുന്‍പായുള്ള അക്ഷരലക്ഷം പരീക്ഷയ്ക്കായി ആറു മാസത്തിലധികം നീണ്ട ചിട്ടയായ പഠനം. ‘പിള്ളേരു പഠിച്ചില്ലേലും അമ്മ പഠിക്കുന്നുണ്ട്. വീടിനായി ഒരുപാടു കഷ്ടപ്പെട്ട അമ്മ ഇപ്പോള്‍ പുസ്തകമൊക്കെ വായിച്ച് സന്തോഷമായിരിക്കുന്നു. ഇതു കാണുമ്പോ ഞങ്ങളും ഹാപ്പി’. സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷ കഴിഞ്ഞ വര്‍ഷം പാസായ മകള്‍ അമ്മിണിയമ്മയും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം കട്ട സപ്പോര്‍ട്ടുമായി മുത്തശ്ശിക്കൊപ്പമുണ്ട്. കാർത്യായാനിയമ്മ ഇന്ത്യൻ മാധ്യമങ്ങളിൽ എല്ലാം ഇതിനകം ഇടം പിടിച്ചു. താമസമില്ലാതെ ലോക മാധ്യമങ്ങളിൽ കേരളത്തിലെ ഈ “കൊച്ചുകുട്ടി” സ്ഥാനം പിടിക്കുമെന്നത് ഉറപ്പ്.
തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ സ്വയം വെടിവെച്ച് മരിച്ചു. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച ശേഷം വെടിവെക്കുകയായിരുന്നെന്ന് കരുതുന്നു.
കടയ്ക്കലിലെ ഇയാളുടെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ഔദ്യോഗികമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസില്‍ സുജിത് ജോലിക്കെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്.
കൊല്ലം: കൊല്ലം പറവൂരിനടുത്ത് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം ബീച്ച് പഴയ പള്ളിക്ക് സമീപത്താണ് മോര്‍ച്ചറികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് സമാനമായ ബാഗില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഏകദേശം ആറുമാസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ബാഗില്‍ സൂക്ഷിച്ച നിലയില്‍ അജ്ഞാത വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെ പരിസരവാസികളാണ് പോലീസിനെ വിളിക്കുന്നത്. പരിശോധനയില്‍ മൃതദേഹമാണെന്ന് വ്യക്തമാവുകയായിരുന്നു. ബാഗില്‍ നിന്ന് ചുവന്ന പട്ടും ടവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കാറിലെത്തി മൂന്നംഗ സംഘമാണ് ബാഗ് ഉപേക്ഷിച്ചതെന്ന് പ്രദേശവാസിയായ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപകാലത്ത് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവര്‍ ഉപയോഗിച്ച കാറിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണം. നേരത്തെ നടന്‍ അലന്‍സിയറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഇഞ്ചിപ്പെണ്ണ് എന്നറിയപ്പെടുന്ന അനോണിമസ് ഫേസ്ബുക്ക് പ്രൊഫൈലാണ് രാഹുലിനെതിരെയും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2003ല്‍ തിരുവനന്തപുരത്ത് രാഹുല്‍ ഈശ്വറിന്റെ ഫ്ളാറ്റില്‍ വെച്ച് രാഹുല്‍ ഈശ്വര്‍ തന്റെ സുഹൃത്തായ കലാകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഇഞ്ചിപ്പെണ്ണ് വ്യക്തമാക്കുന്നു. രാഹുല്‍ ഈശ്വര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാഹുല്‍ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
രാഹുല്‍ തന്റെ മുറി കാണിച്ചുതന്നിട്ട് ഇതാണു തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്ന് തനിക്കു മനസ്സിലായില്ല. ആ വീട്ടില്‍ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകെ വന്ന് വീണ്ടും കയറിപ്പിടിച്ചു. ഒരു വിധത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപെട്ടത്
രാഹുല്‍ ഈശ്വര്‍ ഫ്‌ലാളാറ്റില്‍വെച്ച് സോഫ്റ്റ്പോണ്‍ സിനിമ കാണിച്ച ശേഷം തന്നെ ചുംബിക്കാനും കയറിപ്പിടിക്കാനും ശ്രമിച്ചതായി യുവതി പറയുന്നു. ആക്രമണം നടന്ന സമയത്ത് പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും ഇഞ്ചിപ്പെണ്ണ് ഫെയിസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എനിക്ക് സംശയമുണ്ട്. അദ്ദേഹം ഇപ്പോള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ എന്ന് സംശയമുണ്ടെന്നും ആക്രമണത്തിനിരയായ യുവതി പറയുന്നു. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഇഞ്ചിപ്പെണ്ണ് പങ്കുവെച്ചിട്ടുണ്ട്.
വെളിപ്പെടുത്തല്‍
സുഹൃത്തായിരുന്ന രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അമ്മയും വീട്ടിലുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് മനസിലായത് അവിടെ ആരുമുണ്ടായിരുന്നില്ലെന്ന്.
അമ്മ ഇപ്പോള്‍ പുറത്തു പോയതേയുള്ളൂവെന്നും ഉടന്‍ മടങ്ങി വരുമെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടയില്‍ ടി.വിയിലൊരു സോഫ്റ്റ്പോണ്‍ സിനിമ രാഹുല്‍ ഓണ്‍ ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയാതെ അസ്വസ്ഥയാകുകയായിരുന്നു ഞാന്‍.
വീട് മുഴുവന്‍ കാണിച്ച ശേഷം രാഹുല്‍ തന്റെ ബെഡ്റൂമും കാണിച്ചു തന്നു. പിന്നീടാണയാള്‍ തന്നെ സ്പര്‍ശിക്കാനും ഉമ്മ വെക്കാനും ശ്രമിച്ചത്. തുടക്കത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ വീടിനുള്ളില്‍ കുടുങ്ങിപ്പോയത് പോലെ തോന്നി. എതിര്‍ത്തപ്പോള്‍ ആദ്യം പിന്‍വാങ്ങിയ രാഹുല്‍ വീണ്ടും ശ്രമം ആവര്‍ത്തിച്ചതോടെ വീട് വിട്ട് ഇറങ്ങിപോവുകയായിരുന്നു.
ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എനിക്ക് സംശയമുണ്ട്. അദ്ദേഹം ഇപ്പോള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ എന്ന് സംശയമുണ്ടെന്നും യുവതി പറയുന്നു.
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 3345ആയി. ഇതുവരൈ 517 കേസുകളാണ് അക്രമികള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിരവധിയാളുകള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം റിമാന്‍ഡിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ അക്രമിക്കല്‍ തുടങ്ങിയ ഗുരതുതര വകുപ്പുകളാണ് ചിലര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. അതേസമയം നാമജപ സമരത്തില്‍ പങ്കെടുത്തവരെ പോലീസ് നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അക്രമസംഭവങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് നേരത്തെ പോലീസ് ഉന്നതതല യോഗത്തിന് ശേഷം തീരുമാനമെടുത്തിരുന്നു. നിലയ്ക്കലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം 153 പേര്‍ അറസ്റ്റിലായി. ഇവരില്‍, പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തി 74 പേരെ റിമാന്‍ഡ് ചെയ്തു. 79 പേര്‍ക്കു ജാമ്യം നല്‍കി.
സ്ത്രീകളെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേര്‍ക്കെതിരെ കേസുണ്ട്. പിടിയിലായവരില്‍ ഏറെയും വിവിധ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. നാമജപയാത്രകളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ഡിജിപി നേരത്തെ നിര്‍ദേശിച്ചിരുന്നു. അക്രമസംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രം റിമാന്‍ഡ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. പോലീസ് വ്യാപകമായി അറസ്റ്റുകള്‍ നടത്തുന്നതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷൻ അമിതഷാ പറന്നിറങ്ങി. ഡിസംബർ 9നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യാൻ ഇരിക്കെ സിപിഎനെ രാഷ്ട്രീയമായി വെട്ടിലാക്കി അമിത് ഷാ കണ്ണൂരിൽ വന്നിറങ്ങിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മുൻ അധ്യക്ഷൻമാരായ സികെ പദ്മനാഭൻ പി.കെ കൃഷ്ണദാസ് ഒ രാജഗോപാൽ എംഎൽഎ ദേശീയ സെക്രട്ടറി എച് രാജ തുടങ്ങി നേതാക്കൾ അദേഹത്തെ വിമാനതാവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു.പുറത്ത്കാത്തു നിന്ന പ്രവർത്തകരുടെ വലിയനിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്.
കരിപ്പൂരിൽ വിമാനമിറങ്ങാൻ തീരുമാനിച്ച അമിത് ഷാ ബിജെപി കേരളഘടകത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിലെ വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സൗകര്യംപരിഗണിക്കാതെ വിമാനതാവളത്തിന്റെ ഉത്ഘാടനം നിശ്ചയിച്ചതിൽ രാഷ്ട്രീയമുണ്ടെന്നു ബിജെപി ആരോപിച്ചിരുന്നു.
ഇതോടെ കണ്ണൂരിലെ സിപിഎം ബിജെപി ബലപരീക്ഷക്ഷണവേദിയായി വിമാനതാവളം മാറിയിരിക്കുന്നു.ബിജെപി ജില്ലാആസ്ഥാനമന്ദിരത്തിന്റെ ഉൽഘാടനവും ബലിദാനികളുടെ വീട് സന്ദർശനവുമാണ് അമിത് ഷായുടെ കണ്ണൂരിലെ പരിപാടി
മെഡിക്കല്‍ കോഴയിലും ഇന്ധനവിലവര്‍ധനയിലും ആകെ വിയര്‍ത്തു നിന്നസമയത്ത് ബിജെപിക്ക് കിട്ടിയ പിടിവള്ളിയായിരുന്നു ശബരിമല യുവതീ പ്രവേശം. ഒത്തുപിടിച്ചാല്‍ കേരളത്തില്‍ ലോക്സഭാ സീറ്റെന്ന ബാലികേറാമല കടക്കാമെന്നുള്ള നിര്‍ദേശം സംസ്ഥാനത്തെ നേതാക്കള്‍ക്ക് അമിത്ഷാ നല്‍കി കഴിഞ്ഞു. യുവതീ പ്രവേശ സമരങ്ങളിലെല്ലാം നേരിട്ടുള്ള ഇടപെടലും ദേശീയനേതൃത്വം നടത്തിയിരുന്നു. ബിഡിജെഎസിലൂടെ എസ്.എന്‍.ഡി.പിയിലേക്ക് എത്താന്‍ കഴിഞ്ഞെങ്കിലും എന്‍.എസ്.എസ് ബി.ജെ.പിയെ അടുപ്പിച്ചിരുന്നില്ല.
ചര്‍ച്ചക്ക് പലതവണ ആഗ്രഹം പ്രകടിപ്പിച്ച ബിജെപി നേതാക്കളെ കാണാന്‍ പോലും സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ എന്‍.എസ്.എസിന്റെ നാമജപയാത്രയും അതിനെതിരായ പൊലീസ് കേസും ബി.ജെപിക്ക് ഏറെ ആവേശം പകര്‍ന്നിട്ടുണ്ട്
എന്‍.എസ്.എസിന്റെ സമരം ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. സന്യാസി സമൂഹത്തെ കൂടി സമരരംഗത്തിറക്കാനും ബിജെപി ശ്രമം തുടങ്ങി. ഉച്ചകഴിഞ്ഞ് ശിവഗിരിയിലെത്തുന്ന അമിത്ഷായ്ക്ക് ഈ ദൗത്യം കൂടിയുണ്ട്. ശിവഗിരി സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ തുടര്‍സമരങ്ങള്‍ക്കുള്ള മാര്‍ഗരേഖ അമിത്ഷാ നല്‍കും.ജി.രാമന്‍ നായരെ ബിജെപിയിലെത്തിച്ചപോലെ ശബരിമല പ്രശ്നത്തില്‍ മറ്റുപാര്‍ട്ടികളിലെ ഇടഞ്ഞു നില്‍ക്കുന്നപ്രമുഖനെ കൂടി ബിജെപി ലക്ഷ്യമിടുന്നുണ്ട്.
ന്യൂസ് ഡെസ്ക്
സിസ്റ്റർ അനുപമയെ അപമാനിച്ചിറക്കിയത് നമ്മുടെ മുഖത്തേറ്റ പ്രഹരമാണെന്ന് പ്രശസ്ത എഴുത്തുകാരി എസ്. ശാരദക്കുട്ടി. കന്യാസ്ത്രീകളുടെ ജീവന് സുരക്ഷ നല്കാൻ സർക്കാർ സംവിധാനമൊരുക്കണം. അത്രയ്ക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്ത് ആണുങ്ങൾ കാണിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിസ്റ്റർ അനുപമയ്ക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തിൽ പ്രതിഷേധവുമായി ശാരദക്കുട്ടി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്.. കരഞ്ഞു കൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.
ഫാദർ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാൻ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങൾ കാണിക്കുന്നത്. നാളെ അഹിതമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗരൂകമായിരിക്കണം.
ഇതൊരപേക്ഷയാണ്..
S. ശാരദക്കുട്ടി
26.10.2018
തലശ്ശേരി: വിശ്വാസികള്‍ ആത്മാഹൂതി നടത്തിയിട്ടായാലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. നവംബര്‍ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ ധര്‍മസംഗമം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
വിശ്വാസികളുടെ കാര്യം വിശ്വാസികള്‍ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം. സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് ആവശ്യമില്ല. ഇതുവരെ ഇടതുപക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആചാരപരിഷ്‌കരണത്തിന് എന്തുകൊണ്ട് മുന്നോട്ടുവന്നില്ലെന്നും അവര്‍ ചോദിച്ചു.
ഇടതുമുന്നണി പ്രകടനപത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡി.വൈ.എഫ്.ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ആചാരം പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്. അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറിവരുന്ന മന്ത്രിയല്ലെന്നും അവര്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക്
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ചേർത്തല പള്ളിപ്പുറം സെൻറ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയ സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധമുണ്ടായി. ചേര്‍ത്തല പള്ളിപ്പുറം സെന്റ്‌മേരീസ് പള്ളി പരിസരത്താണ് സംഭവം നടന്നത്. വൈകിട്ട് നാലരയോടെയാണ് ഫാദര്‍ കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി സിസ്റ്റര്‍ അനുപമ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം എത്തിയത്. പള്ളിമുറ്റത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്.പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരികയായിരുന്നു.
തനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറ എന്നും പഞ്ചാബ് രൂപതയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണെന്നും പറഞ്ഞ് സിസ്റ്റര്‍ വികാരാധീനയായെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. സിസ്റ്റര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായതെന്ന രീതിയിലാണ് പ്രതിഷേധക്കാര്‍ നിലകൊണ്ടത്. കരഞ്ഞു കാണിച്ചതു കൊണ്ടൊന്നും കാര്യമില്ലെന്നും പള്ളിയിലേക്ക് കടത്തിവിടില്ലെന്നും പറഞ്ഞ് പ്രതിഷേധക്കാര്‍ കാര്‍ക്കശ്യത്തോടെയാണ് പെരുമാറിയത്. ഒടുവില്‍ പള്ളി ഗേറ്റിന് പുറത്തെത്തിക്കഴിഞ്ഞു മാത്രമാണ് സിസ്റ്റര്‍ അനുപമയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാനായത്. പ്രതിഷേധക്കാരില്‍ നിന്ന് സിസ്റ്ററെ സംരക്ഷിച്ച് പുറത്തെത്തിച്ച വിശ്വാസികളില്‍ ചിലര്‍ സിസ്റ്റര്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് അവരെയും മറ്റ് കന്യാസ്ത്രീകളെയും യാത്രയാക്കിയത്.