നഗരത്തില്‍ ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന്‍ പട്ടാപ്പകല്‍ വഴിയാത്രക്കാരായ സ്ത്രീകളോട് മോശമായ രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചൊവ്വാഴ്ച കൊച്ചി തേവര ലൂര്‍ദ് പളളിയുടെ മുന്നിലാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം നടന്ന് പോകുമ്പോള്‍ അവരുടെ ശരീരത്തില്‍ ബോധപൂര്‍വ്വം ഉരസ്സുന്നതും തൊടുന്നതും കൃത്യമായി കാണാം.
എന്നാൽ ഇത് കണ്ടുകൊണ്ടിരുന്ന ആരോ ഒരാള്‍ മറഞ്ഞ് നിന്ന് എടുത്ത വീഡിയോ ഇപ്പോള്‍ എഫ്ബിയില്‍ പ്രചരിക്കുകയാണ്. ഈ പോലീസുകാരന്‍ മനപൂര്‍വമല്ല യാത്രക്കാരെ കൈകൊണ്ട് തട്ടുന്നതെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങളില്‍ മനപൂര്‍വമുള്ള തോണ്ടലാണെന്ന് വ്യക്തമാണ്.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
എത്രയും വേഗം ഷെയര്‍ ചെയ്യൂ.. ഈ പോലീസുകാരന്റെ ഞരമ്പുരോഗം കാണുക. അധികൃതരെ എത്രയും വേഗം നടപടി എടുക്കൂ.. 18. 9. 2018ല്‍ കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ആണ് ഈ സംഭവം. കോളേജ് കുട്ടികള്‍ അടക്കം, സ്ത്രീകളുടെയും കയ്യില്‍ തൊടുകയും, ഉരസ്സുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഇതുപോലുള്ള ഓഫീസര്‍ മാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം. നമ്മുടെ നല്ലവരായ പോലീസ് ഉദ്യാഗസ്ഥന്മാരെ ഇവരെ പോലുള്ള ഓഫീസര്‍ മാരാണ് പറയിപ്പിക്കുന്നത്.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തറയില്‍. നേരത്തെ വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യുയെന്നായിരുന്നു സൂചന. എന്നാല്‍ തൃപ്പൂണിത്തറയിലെ ആധുനിക സജ്ജീകരണങ്ങളുള്ള കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് സൂചന.
ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. വിദഗ്ദ്ധരടങ്ങിയ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തന്നെ തൃപ്പൂണിത്തറയിലെ കേന്ദ്രത്തിലെത്താനാണ് ബിഷപ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തെളിവുകളെ ശക്തിപ്പെടുത്തുന്ന മൊഴി ബിഷപ്പില്‍ നിന്ന് ലഭിച്ചാല്‍ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത.
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അറസ്റ്റുണ്ടാകില്ലെന്നാണ് സൂചന. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികള്‍ പൊരുത്തപ്പെട്ടാല്‍ ബുധനാഴ്ച അറസ്റ്റുചെയ്യാന്‍ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന ആരോപണമായിരിക്കും ഫ്രാങ്കോ ഉന്നയിക്കുക.
ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും ഇതിനെത്തുടര്‍ന്ന് പല തവണ ഇവരെ താന്‍ ശാസിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെയുള്ള പീഡനാരോപണം കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു. പരാതിയില്‍ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നായിരിക്കും ഫ്രാങ്കോ കോടതിയോട് ആവശ്യപ്പെടുക. ഇതു കൂടാതെ കന്യാസ്ത്രീക്കെതിരെ മറ്റൊരു പരാതി കൂടി നല്‍കിയേക്കുമെന്നും വിവരമുണ്ട്.
കന്യാസ്ത്രീയുടെ ആദ്യമൊഴിയില്‍ പീഡനത്തെക്കുറിച്ച് പറയുന്നില്ല. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ ത്‌ന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫ്രാങ്കോ കോടതിയില്‍ പറയും. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാതെ ചോദ്യം ചെയ്യലിന് ഹാജരാകരുതെന്ന് ബിഷപ്പിന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. നാളെ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതിനുമുമ്പ് ജാമ്യ ഹര്‍ജിയില്‍ തീരുമാനമുണ്ടാകണമെന്ന് ഇന്ന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടും.
കൊച്ചി: ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചി ആലിന്‍ചുവടിലുള്ള വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒമാനിലെ ചികിത്സക്കു ശേഷം കൊച്ചിയിലേക്ക് അദ്ദേഹത്തെ മാറ്റി. സൈന്യത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയില്‍ അരങ്ങേറിയത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് പവനായി എന്ന കഥാപാത്രത്തിലൂടെ ഹാസ്യത്തിലും കഴിവു തെളിയിച്ചു. 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു.
ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്
തൃശ്ശൂര്‍: കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളി വികാരി സഹവികാരിയെ ആക്രമിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. വികാരിയുടെ ആക്രമണത്തില്‍ വയറിന് ഗുരുതരമായി പരിക്കേറ്റ സഹവികാരി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഭ ഇടപെട്ട് അടിപിടി ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച്ച രാത്രി ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് സഹവികാരിക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്. ഇരുമ്പ് പൈപ്പുമായി എത്തിയ വികാരി ഇയാളെ ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ഫോണില്‍ ബഹളം കേട്ട ബന്ധു നാട്ടിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചാണ് പരിക്കേറ്റ സഹവികാരിയെ ആശുപത്രിയിലെത്തിച്ചത്.
വികാരിമാരുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നും ഇടവകയിലെ ആളുകള്‍ ആവശ്യപ്പെട്ടു. അടിയന്തര യോഗത്തിന് ശേഷം ഇക്കാര്യം സഭയിലെ മേലധികാരികളെ അറിയിക്കാനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍. വികാരിയും സഹവികാരയും തമ്മില്‍ കുറേക്കാലങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സമീപവാസികള്‍ പറയുന്നു. പല സമയങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ഇവര്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
കോട്ടയം: വൈകിട്ട് ഏഴരക്കുള്ളില്‍ ഹോസ്റ്റലില്‍ കയറിയിരിക്കണമെന്ന നിബന്ധന സമരം ചെയ്ത് ഇല്ലാതാക്കി വിദ്യാര്‍ത്ഥിനികള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ ഈ നിബന്ധനക്കെതിരെ രക്ഷിതാക്കള്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നിട്ടും വൈകിയെത്തുന്ന കുട്ടികളെ അധികൃതര്‍ ശാസിച്ചുകൊണ്ടിരുന്നു.
ഇതിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ സമരമിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലാണ് വെള്ളിയാഴ്ച രാത്രി നാലു മണിക്കൂര്‍ സമരം നടന്നത്. ഇതോടെ ചര്‍ച്ച നടക്കുകയും സമയക്രമം പരിഷ്‌ക്കരിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം താല്‍ക്കാലികമായി എഴുതി നല്‍കിയത് മതിയാവില്ല, പിടിഎ എക്സിക്യുട്ടീവ് വിളിച്ച് നിയമം മാറ്റിയെഴുതണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം.
പഠനത്തിന്റെ ഭാഗമായി ലേബര്‍ റൂമിലും അത്യാഹിത വിഭാഗത്തിലും സേവനമനുഷ്ഠിച്ച ശേഷം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മിക്കവാറും ഏഴര കഴിയാറുണ്ട്. അത്തരം സാഹചര്യത്തില്‍ അധികൃതര്‍ക്ക് സദാചാരപ്പോലീസിന്റെ സ്വഭാവമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള 7.30 എന്ന സമയ പരിധിമാറ്റണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധസമരം. ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും ഹോസ്റ്റലിന് പുറത്തെത്തി പ്രതിഷേധസമരം നടത്തുകയാണ്. നിരവധി നാളുകളായി തങ്ങളുടെ ആവശ്യങ്ങളോട് തീര്‍ത്തും നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘പല പല അവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തുപോകേണ്ടതുണ്ട്, കോളേജിലേക്കും കോച്ചിംങിനും പോകുന്നവര്‍, ബ്ലോക്കില്‍പ്പെടുന്നവര്‍ അങ്ങിനെ പല അവശ്യങ്ങള്‍.
പല പ്രാവശ്യം അധികൃതരോട് പറഞ്ഞെങ്കിലും രക്ഷിതാക്കളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചു’ എന്നിട്ടും നിഷേധാത്മക നിലപാട് ആണെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നിരവധി പ്രാവശ്യം ആവശ്യം മുന്നോട്ട് വെച്ചതിനെ തുടര്‍ന്ന് വെള്ളിഴായ്ച വൈകീട്ട് പ്രിന്‍സിപ്പാളിന്റെയും വൈസ് പ്രിന്‍സിപ്പാളിന്റെയും നേതൃത്വത്തില്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചെങ്കിലും തീര്‍ത്തും അപമാനിക്കുന്ന രീതിയിലായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്ത് കോച്ചിംങ് ആയാലും 7.30ന് ശേഷമുള്ള ഒരു ക്ലാസിനും പെണ്‍കുട്ടികള്‍ പോകെണ്ടെന്നാണ് അധികൃതരുടെ നിലപാട്. 7.29 ന് ഹോസ്റ്റലിന്റെ ഗേയ്റ്റ് അടക്കുമെന്നും അതിന് ശേഷം ഹോസ്റ്റലിന് അകത്ത് കയറ്റിലെന്നും എവിടെ വേണമെങ്കിലും പോകാം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നുമാണ് അധികൃതരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഗേയിറ്റിന് അകത്ത് മാത്രം സുരക്ഷിതത്വം ഒരുക്കു എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ‘പട്ടി. കുരങ്ങ് മുതലായ ജീവികള്‍ മുതല്‍ ‘ഷോ മാന്‍’ വരെ ഹോസ്റ്റലില്‍ വരാറുണ്ട് എന്നാലും അതിന് സുരക്ഷിതത്വം നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. ഇതല്ല സെക്യൂരിറ്റി.
നിരവധി തവണ വെര്‍ബല്‍ അബ്യൂസിന് വിദ്യാര്‍ത്ഥിനികള്‍ ഇരയായിട്ടുണ്ട് മണിക്കൂറുകളോളം പുറത്തുനിര്‍ത്തിയിട്ടുണ്ട് അപമാനിച്ചിട്ടുണ്ട്. ഇത്തരം കാടന്‍ നയമങ്ങള്‍ അല്ല സുരക്ഷിതത്വം’ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രതിഷേധവുമായി ഹോസ്റ്റലിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും പുറത്തെത്തിയെങ്കിലും വാര്‍ഡന്‍ അടക്കം ഒരു അധികൃതരും തിരിഞ്ഞു നോക്കാന്‍ തയ്യാറായില്ലെന്നും ഗേറ്റിനകത്ത് കയറിയാല്‍ മാത്രമേ സെക്യൂരിറ്റി തരു എന്നാണ് അവരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എതറ്റം വരെ പോയാലും അവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്‌തേക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ബിഷപ്പിനെതിരെ പോലീസിന് ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റിന് പോലീസ് തയ്യാറെടുക്കുന്നത്. ബിഷപ്പ് മഠത്തില്‍ എത്തിയെന്ന് തെളിയിക്കുന്ന രേഖകളും മൊഴികളുമാണ് നിര്‍ണായകമായത്.
മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകന്‍ കാരണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് അറിയിച്ചിരുന്നു. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും പോലീസ് അറിയിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്.
പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. കന്യാസ്ത്രീയുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കും പോലീസിന്റെ കൈവശമാണുള്ളത്. ഈ മാസം 19നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകാന്‍ കാരണം മൊഴിയിലെ വൈരുദ്ധ്യങ്ങളെന്ന് പോലീസ്. പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13ന് ബിഷപ്പിനെ ജലന്ധറിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍വെന്റിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ പോലും പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.
ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.
എന്നാല്‍ ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയതായും നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ പറഞ്ഞത്.
എന്നാൽ സമരത്തിന് നാൾക്കു നാൾ ജനപിന്തുണ കൂടി കൂടി കൂടി വരുന്നു. സമരപന്തലിൽ പിന്തുണയുമായി സിനിമ പ്രവര്ത്തകരും. സിനിമയിൽ വുമൺ ഇൻ കോളക്റ്റീവിന്റെ പിന്തുണ അറിയിച്ചു നടി റീമ കല്ലുങ്കൽ നേരിട്ടെത്തി.
കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ ഇടപെടണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന് ആഷിഖ് അബുവും ആവശ്യപ്പെട്ടു.
ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുകയാണ്. കൊച്ചിക്ക് പുറമേ സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം ഇന്ന് വ്യാപിപ്പിച്ചിരുന്നു.