Kerala

തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ​ഗ്രൗണ്ടിൽ ഇരുവരും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. വലിയ വരവേൽപ്പാണ് രാഹുലിന് പ്രവർത്തകർ നൽകിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാൻ നൂറുകണക്കിന് പ്രവർത്തകരാണ് കാത്തിരുന്നത്. ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവർത്തകർ ആവേശത്തിലായി.

പിന്നീട് നാമനിർദേശപത്രിക സമർപ്പിക്കാൻ മേപ്പാടിയിൽനിന്ന് കല്പറ്റയിലേക്ക് തുറന്നവാഹനത്തിലാണ് ഇരുവരും പുറപ്പെട്ടത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുക്കാനായി ഒഴുകിയെത്തി. പ്രവർത്തകരെ ഇളക്കിമറിച്ചാണ് റോഡ് ഷോ വിവിധയിടങ്ങളിലൂടെ കടന്നുപോയത്.

എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇതിനുശേഷം ബുധനാഴ്ചതന്നെ അദ്ദേഹം മടങ്ങും.

ഇതിനിടെ, ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ്ഷോയോടെ എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തിൽപ്പരം എൽ.ഡി.എഫ്. പ്രവർത്തകർ ആണ് റോഡ് ഷോയിൽ പങ്കാളികളായത്. കൽപ്പറ്റ ചുങ്കം ജംങ്ഷനിൽനിന്ന് രാവിലെ പത്തുമണിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്.

എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎയുടെ റോഡ് ഷോയിൽ പങ്കെടുക്കാനായി കേന്ദ്രമന്ത്രി സമൃതി ഇറാനി ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തും.

വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 16 കാരനെ കസ്റ്റഡിയിലെടുത്തു.

കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനിയായ 30 കാരിക്കു നേരേയാണ് ഇന്നലെ വൈകുന്നേരം 5. 30 ഓടെ ആക്രമണം ഉണ്ടായത്. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ സംഭവസമയം യുവതി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്.

വീടിനു പുറത്തുവന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി വാതിൽ തുറന്ന യുവതിയെ മുഖത്തു മുളകുപൊടി എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.

കൈകൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞടിച്ചു. തുടർന്നു പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനൊപ്പമെത്തി കട്ടപ്പന പോലീസിൽ പരാതി നൽകി.

കസ്റ്റഡിയിലായ കൗമാരക്കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം പ്രതിയെ വിട്ടയച്ചു.

ജ്യുവനൈൽ ആക്ട് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

വിമാനയാത്രയ്ക്കിടയില്‍ കോതമംഗലം സ്വദേശിനിയായ നഴ്സിന്‍റെ സമയോചിത ഇടപെടലില്‍ കോല്‍ക്കത്ത സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ. ഡല്‍ഹി എയിംസ് ആശുപത്രി നഴ്സിംഗ് ഓഫീസറായ കോതമംഗലം എളംബ്ര സ്വദേശി അശ്വതി രതീഷിന്‍റെ ഔചിത്യ പൂർണമായ ഇടപെടലാണ് കോല്‍ക്കത്ത സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്.

ആൻഡമാനില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കു ശേഷം ശനിയാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് അശ്വതി പുറപ്പെട്ടത്. വിമാനം കൊല്‍ക്കത്ത എത്താറായപ്പോള്‍ വിമാനത്തില്‍ ജീവനക്കാരുടെ അടിയന്തര സന്ദേശം വരികയായിരുന്നു.

യാത്രക്കാരില്‍ ഡോക്ടർമാരോ മെഡിക്കല്‍ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കില്‍ ബന്ധപെടണമെന്നും യാത്രക്കാരിയായ വയോധികയ്ക്ക് മെഡിക്കല്‍ സഹായം വേണമെന്നായിരുന്നു സന്ദേശം. ഇതു കേട്ടതോടെ അശ്വതി രതീഷ് തന്‍റെ സാന്നിധ്യം അറിയിക്കുകയും രോഗിയുടെ അടുത്തെത്തി പരിശോധന ആരംഭിക്കുകയും ചെയ്തു.

കൈകാലുകള്‍ മരവിച്ച അവസ്ഥയിലും പള്‍സ് തീരെ കുറഞ്ഞ നിലയിലും ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു രോഗി. മുഖത്ത് വെള്ളം തെളിച്ചും, വേദനസംഹാരി കൊടുത്തു നോക്കിയിട്ടും വളരെ കുറഞ്ഞ പ്രതിരോധം മാത്രമാണ് ഉണ്ടായിരുന്നുള്ളു. ഇവരെ ഉടനെ തന്നെ മറ്റു യാത്രക്കാരുടെ സഹായത്തോടെ സീറ്റില്‍ കിടത്തുകയും കാലുകള്‍ ഉയർത്തി രക്തസമ്മർദം കൂട്ടി പള്‍സ് സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്തു.

എയർ ഹോസ്റ്റസിനോട് ഓക്സിജൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടനെ തന്നെ ഓക്സിജൻ സിലിൻഡറും മാസ്കും അവർ എത്തിച്ചു നല്‍കി. തുടർന്ന് പ്രഷർ, ഷുഗർ എന്നിവ സാധാരണ നിലയില്‍ എത്തിക്കാനുള്ള വിമാനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ നിന്നും ലായനികള്‍ കൊടുക്കുകയും അല്‍പ്പം ഭേദപ്പെട്ട നിലയിലേക്ക് രോഗി എത്തിച്ചേരുകയും ചെയ്തു.

കഴിഞ്ഞ 10 നാളുകളായി ഇവർ യാത്രയിലായിരുന്നെന്നും ഇതുവരെ ഒരു അസുഖങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. 73 വയസുള്ള വയോധികയെ കോല്‍ക്കത്ത വിമാനത്താവളത്തില്‍ എമർജൻസി ലാൻഡിംഗ് നടത്തി ആശുപത്രിയിലേക്ക് മാറ്റി.

കൃത്യ സമയത്തുള്ള അശ്വതിയുടെ ഇടപെടലില്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള നന്ദി പറഞ്ഞാണ് ബന്ധുക്കളും വിമാനത്തിലെ ജീവനക്കാരും പിരിഞ്ഞത്. കഴിഞ്ഞ 12 വർഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കാർഡിയോ വാസ്കുലാർ ആൻഡ് തൊറസിക് സർജറി ഐസിയു വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസറാണ് അശ്വതി രതീഷ്.

അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചിലിൽ വന്നിട്ടുണ്ട്.

ദേവി പുനർജൻമത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.

ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളിൽനിന്ന് പോലീസിൽ ലഭിച്ചിരുന്നു. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ തിരഞ്ഞിരുന്നത്.

ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകൾ പോലീസിനു നൽകിയത്.

സ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനു പിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.

യുവതികളുടെ അപ്രതീക്ഷിത മരണത്തെത്തുടർന്നുണ്ടായ ഞെട്ടലിലാണ് മേലത്തുമേലെയിലെയും മൂന്നാംമൂടിലെയും നാട്ടുകാർ. സുഹൃത്തുക്കളായ ഒരു പുരുഷനും രണ്ടു യുവതികളും അരുണാചൽപ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങളിലൂടെ നാട്ടുകാർ അറിഞ്ഞത്. മേലത്തുമേലെ, മൂന്നാംമൂട് പ്രദേശവാസികളാണ് മരിച്ച ആര്യയും ദേവിയും എന്നറിഞ്ഞതോടെ ഏവരും ഞെട്ടി. തുടർന്ന് ഇരുവീടുകൾക്കു മുന്നിലേക്കും ബന്ധുക്കളും പരിചയക്കാരും നാട്ടുകാരുമെത്തി.

പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല വീട്ടുകാർ. യുവതികളെക്കുറിച്ച് നല്ല അഭിപ്രായമാണ് സ്ഥലത്തെത്തിയവരെല്ലാം പറഞ്ഞത്. പഠനം കഴിഞ്ഞ് സ്പെഷ്യൽ കോഴ്സ് പാസായശേഷം രണ്ടുവർഷം മുൻപാണ് ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയാകുന്നത്. ഇവിടെവെച്ചാണ് അധ്യാപിക ദേവിയുമായി പരിചയമാകുന്നതും പിന്നീടത് ദൃഢമായ സൗഹൃദത്തിലേക്കു മാറിയതും.

മേയ് ആറിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ക്ഷണക്കത്ത് പരിചയക്കാരായ ഭൂരിഭാഗം പേർക്കും എത്തിച്ചു. ഏകമകളുടെ വിവാഹക്ഷണക്കത്ത് മാതാപിതാക്കളായ അനിൽകുമാറും ബാലാംബികയും നേരിട്ടാണ് എല്ലാവർക്കും എത്തിച്ചത്. സാമ്പത്തികഭദ്രതയുള്ള കുടുംബമാണ് ആര്യയുടേത്. വീടിനു സമീപമാണ് അനിൽകുമാറിന്റെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്. എല്ലാവർക്കും ആര്യയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.

മരണാനന്തരജീവിതത്തിലേക്ക് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് സംശയിക്കുന്നു. മാർച്ച് 27-നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാൽ ബന്ധുക്കളും സംശയിച്ചില്ല. കൊൽക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവർ പോയ കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കണ്ടെടുത്തിരുന്നു.

തിരുവനന്തപുരം സ്വകാര്യ ആയുർവേദ കോളേജിൽ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുർവേദ റിസോർട്ടിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് ദേവി. സ്കോളർഷിപ്പോടെ ജർമനിയിൽ പോയാണ് ഇവർ ജർമൻ ഭാഷ പഠിച്ചത്. നവീൻ ഓൺലൈൻ ട്രേഡിങ്ങിലും കേക്ക് നിർമ്മാണത്തിലും സജീവമായിരുന്നു.

ഇങ്ങനെയാണ് ഇവർ അടുത്ത സുഹൃത്തുക്കളായത്. ദേവി കോവിഡ്‌ കാലത്തിന്‌ മുൻപ് സ്‌കൂളിൽനിന്ന് രാജിവെച്ചിരുന്നു. ആര്യ സുഖമില്ലെന്ന് പറഞ്ഞ് ഒരാഴ്ചമുൻപ് സ്‌കൂളിൽ നിന്ന് ലീവെടുത്തിരുന്നു. ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ മകളെ കാണാനില്ലെന്ന് കാണിച്ച് 27-ന് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പോലീസിന് മനസ്സിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്.

കോട്ടയം മീനടം നെടുംപൊയ്കയിൽ റിട്ട. ഇൻകംടാക്‌സ് ഉദ്യോഗസ്ഥൻ എൻ.എ.തോമസി (കുഞ്ഞുമോൻ) ന്റെയും കെ.എഫ്.ഡി.സി. റിട്ട. മാനേജർ അന്നമ്മ തോമസിന്റെയും മകനാണ് നവീൻ. നവീനിന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്. ലത മങ്കേഷാണ് ദേവിയുടെ അമ്മ. ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ എച്ച്.എൽ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ആര്യയുടെ അമ്മ: ജി.ബാലാംബിക. വിവാഹശേഷം മിക്കവാറും നവീനും ദേവിയും തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. ഇടയ്‌ക്ക്‌ കുറച്ചുദിവസങ്ങളിൽ ഇവർ കോട്ടയം മീനടത്തെ വീട്ടിലെത്തുമെങ്കിലും നാട്ടിൽ ആരുമായും ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.

കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായത്.സംഭവത്തെ തുടർന്ന് യുവതി കേരള പോലീസ് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.

കോട്ടയം പിറവം സ്വദേശിയാണ് യുവതിക്കെതിരെ ഇത്തരത്തിലുള്ള ഒരു അതിക്രമം നടത്താൻ ശ്രമിച്ചത്.ഒപ്പം സഞ്ചരിച്ച യാത്രക്കാരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്.ഇത്തരത്തിൽ ഒരു സംഭവം കേൾക്കുമ്പോൾ സാധാരണ കൂടെയുള്ള യാത്രക്കാർ അദ്ദേഹത്തെ പിടികൂടുക ചെയ്യും. എന്നാൽ ഇവിടെ യുവതിക്ക് നേരെ പരിഹാസങ്ങളും ആക്ഷേപങ്ങളും മാത്രമായിരുന്നു.ഒപ്പം ഒരടി കൂടെ കൊടുക്ക് ചേച്ചി എന്ന തരത്തിൽ ഉള്ള കമന്ററികളും.എന്നാൽ വിവരം ഫോൺ ചെയ്ത പോലീസിനെ അറിയിച്ചത് മുതൽ പോലീസ് തന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. തൻറെ മാനസികാവസ്ഥ മനസ്സിലാക്കി അതിനുവേണ്ട പരിചരണവും എല്ലാം പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.അപ്പോഴാണ് നമ്മൾ എവിടെ പോയാലും നമ്മൾ ഒറ്റയ്ക്കല്ല നമ്മുടെ താങ്ങിനും തണലിനുമായി ഒരു നിഴൽ പോലെ എപ്പോഴും പോലീസ് നമ്മുടെ കൂടെ കാണുമെന്ന കാര്യം മനസിലാക്കുന്നത്.കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയ്‌നിലേ ജനറൽ കമ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം നടക്കുന്നത്.

ആദ്യം ഒരു കൈ പുറകിലൂടെ വന്ന് ചെറുതായിട്ട് തന്റെ വയറിനെ സ്പർശിക്കുന്നതായിട്ട് തോന്നി.അത് തുടർന്നപ്പോഴാണ് ഇത് മനഃപൂർവമാണെന്ന് മനസിലാക്കുന്നത്.ഉടൻ തന്നെ യുവതി കൈയ്യിൽ കയറി പിടിച്ച്.തുടർന്ന് യുവതി മറ്റുള്ള യാത്രക്കാരെ അറിയിക്കുകയായിരുന്നു.എന്നാൽ അവരിൽ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാതെ ആയപ്പോഴുള്ള വാശിയിൽ ആണ് പോലീസിനെ വിളിക്കാൻ തീരുമാനിച്ചത് എന്നും യുവതി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടത് വിവാഹിതരായ രണ്ട് യുവതികൾ. പത്തനംതിട്ട അടൂരിൽ കാർ ട്രക്കിൽ ഇടിച്ചു കയറ്റി അധ്യാപികയും സുഹൃത്തും മരണപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്.

മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി.ഇന്നലെ വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരും പരിചയക്കാരുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും പിന്നാലെയെത്തിയ പൊലീസ് ബസ് സ്റ്റാന്റിലിട്ട് ഇയാളെ പിടികൂടുകയായിരുന്നു.

അടൂരിലും സമാന സംഭവമാണ് നടന്നത്, ദീര്‍ഘകാലമായി ഒരു വ്യക്തിയുമായുള്ള ബന്ധം വിവാഹിതയായ സ്‌കൂള്‍ അധ്യാപികയ്ക്ക് സമ്മാനിച്ചത് ദാരുണമായ അന്ത്യമായിരുന്നു. വിനോദയാത്ര കഴിഞ്ഞുവരവെ അനുജയെന്ന അധ്യാപികയെ സുഹൃത്ത് ഹാഷിം ബലമായി വാഹനത്തില്‍ കൊണ്ടുപോവുകയും പിന്നീട് വാഹനം ട്രക്കിനിടിച്ച്‌ കയറ്റി ഇരുവരും മരിക്കുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ യുവതി പലവട്ടം കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചിരുന്നെന്നാണ്. വാഹനമിടിപ്പിക്കാന്‍ പോവുകയാണെന്ന തോന്നലിനെ തുടർന്നാണ് അവര്‍ ചാടാന്‍ ശ്രമിച്ചിരുന്നതെന്നാണ് സൂചന.

അനുജയുടെ ഭർത്താവ് പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കവെയാണ് ദാരുണ സംഭവം ഉണ്ടായത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചിരുന്ന അനുജ കായംകുളത്തേക്ക് താമസം മറിയാല്‍ തനിക്ക് നഷ്ടമാകുമെന്ന ഹാഷിമിന്റെ ചിന്തയാകാം കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍, ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച്‌ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പന്തളം- പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളില്‍ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്.

അനുജയുടേയും ഹാഷിമിന്റേയും ജീവിതം പലര്‍ക്കും പാഠമാകേണ്ടതാണ്. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്‌കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ നാട്ടുകാർ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ചർച്ചയ്‌ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നൽകും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കമ്മിറ്റിയുടെ ശുപാർശ, കളക്ടർ സർക്കാരിന് സമർപ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാൾക്ക് എത്രയും വേഗം ജോലി നൽകും. ഇപ്പോൾ താൽക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാർശ സർക്കാരിന് നൽകും. വനമേഖലയും നാടും തമ്മിൽ വേർതിരിച്ച് സോളാർ ഫെൻസിംഗ് പോലുള്ള സംവിധാനങ്ങൾ വയ്‌ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് .

ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഫെലിസ്  ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറും ആയിരുന്നു.

കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പോലീസ് പരിശോധിക്കുക.

വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്ത് അപകട സ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍ തകര്‍ന്ന കാര്‍ പരിശോധിക്കുകയും ചെയ്തു. അപകട സ്ഥലത്ത് ആദ്യം എത്തിയ എസ്.ഐയോടും മറ്റ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപകടത്തില്‍ തകര്‍ന്ന കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു.

വ്യാഴാഴ്ച രാത്രിയാണ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ കാര്‍ യാത്രക്കാരായ ഹാഷിം(31) അനുജ രവീന്ദ്രന്‍(37) എന്നിവര്‍ മരിച്ചത്. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. നൂറനാട് മറ്റപ്പിള്ളി സ്വദേശിനിയായ അനുജ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വ്യാഴാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയ അനുജയെ ഹാഷിം കാറിലെത്തി വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് അടൂര്‍ കെ.പി. റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറില്‍ ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved