പ്രളയദുരത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായം നീട്ടി നടൻ ടൊവിനോയും സംഘവും വീണ്ടും. ആവശ്യമുള്ളതെല്ലാം നൽകാനല്ല അത്യാവശ്യത്തിനുള്ളതെല്ലാം ഒരുക്കാനാണ് താരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാലക്കുടയിൽ ക്യാംപ് ഒരുക്കിയത്. ഇരിങ്ങാലക്കുടയിൽ ദുരിതാശ്വാസ ക്യാംപിൽ ആവശ്യമായ വസ്തുക്കൾ ഇന്നലെ എത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഭക്ഷണങ്ങളും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും അടങ്ങിയ ഒരു കൗണ്ടർ ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളജ് ഒാഡിറ്റോറിയത്തിൽ താരത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഭക്ഷണവും വസ്ത്രങ്ങളും ശേഖരിച്ച് ക്യാംപുകളിൽ എത്തിക്കാനുള്ള നീക്കവും സജീവമാണ്. ബിസ്ക്കറ്റ്, കുടിവെള്ളം, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ തുടങ്ങിയ സാധനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് ഇത് ഇവിടെ നിന്നും ശേഖരിക്കുകയും ചെയ്യാം.
രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരിനൊപ്പം തോളോട്തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ദുരിതബാധിതരെ ഇന്നലെ വീട്ടിലേക്ക് ക്ഷണിച്ച് താരം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
പ്രളയക്കെടുതി രൂക്ഷമായ ആലുവ, ചാലക്കുടി, പത്തനംതിട്ട, പന്തളം ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നു. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളെത്തിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ദേശീയ സംസ്ഥാന പാതകളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളത്ത് നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു.
മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രാവിലെതന്നെ രക്ഷാപ്രവര്‍ത്തനം സജീവമായി. സൈന്യത്തിന്‍റെ 23 ഹെലികോപ്റ്ററുകളും നാന്നൂറിലധികം ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാരും മല്‍സ്യതൊഴിലാളികളും എല്ലാ സഹായവുമായി ഒപ്പംകൂടി.
പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജനനിരപ്പില്‍ വലിയ മാറ്റമില്ല. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി. ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂര്‍ േദശീയപാത മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി മാറ്റി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. സമാന അനുഭവം ആലങ്ങാട്ടെ ക്യാംപിനുമുണ്ടായി.
ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. പെരിങ്ങല്‍കുത്ത് ഡാം തുടര്‍ച്ചയായ രണ്ടാം ദിവസവും നിറഞ്ഞൊഴുകുന്നു. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ദിവസങ്ങള്‍ക്കുശേഷം ഇന്ന് മഴ മാറിനിന്നു.
കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 164 പേര്‍. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 119 പേര്‍ മരിച്ചു. ഇന്നുമാത്രം 14 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട സീതത്തോട് ഉരുൾ പൊട്ടലില്‍ കാണാതായ മുണ്ടൻപാറ പാട്ടാളത്തറയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.
നെന്മാറയിലും തിരുവിഴാംകുന്നിലും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സുതാലയത്തില്‍ അശോഖന്‍ മരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. തൃശൂരില്‍ ഇന്ന് നാലുപേര്‍ മരിച്ചു. ചാലക്കുടിയില്‍ മരംവീണ് രണ്ട് സ്ത്രീകള്‍ മരിച്ചു. കൊടുങ്ങല്ലൂരിലും ആലവയിലും ഗോതുരുത്തിലും വരന്തരപ്പിള്ളിയിലും ഓരോ മുങ്ങി മരണങ്ങളും ഇന്ന് നടന്നു.
നൂറ്റാണ്ടിലെ മഹാപ്രളയത്തെ സൈന്യത്തിന്‍റെ സഹായത്തോടെ മറികടക്കാനുള്ള തീവ്രശ്രമത്തില്‍ കേരളം….
സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയ ബാധിതമെന്ന് മുഖ്യമന്ത്രി . പത്തനംതിട്ട ,ആലപ്പുഴ ,എ റ ണാകുളം ,തൃശ്ശൂർ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് 12 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ‘ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപിക്കുന്നതിനാണ് മുൻ ഗണന. ഒരു ലക്ഷം ഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്യും .പെരിങ്ങൽകുത്ത് ഡാം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഗുരുതര സ്ഥിതി വിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഏകോപനസെല്‍ യോഗം ഇന്ന്
മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജലനിരപ്പ് ഉയരുന്നതാണ് പ്രളയം രൂക്ഷമാക്കിയത്. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി.
ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂ മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. പന്തളത്തും അപ്രതീക്ഷിത പ്രളയമുണ്ടായി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. അവിടെനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
മഴക്കെടുതികളില്‍ കഴിഞ്ഞ രണ്ടുദിവത്തിനിടെ മരിച്ചവരുടെ എണ്ണം 111 ആയി. മലപ്പുറം മറ്റത്തൂരില്‍ ക്യാംപില്‍ ചികില്‍സകിട്ടാതെ വീട്ടമ്മ മരിച്ചു. പാലക്കാട് മഴയ്ക്ക് അല്‍പം ശമനമുണ്ട്. നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭാരതപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ആഴപ്പുഴ വേമ്പനാട് കായലിലും ജലനിരപ്പ് ഉയരുന്നു. രാജീവ് ബോട്ട് ജെട്ടിയില്‍ വെള്ളംകയറി.
നെന്മാറ ഉരുള്‍പൊട്ടലില്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു.ചാലക്കുടി മൂഞ്ഞേലിയില്‍ വീടിന് മുകളിലേക്ക് മരണം വീണ് രണ്ടു മരണം. തൃശൂര്‍ ജില്ലയില്‍ 23പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലു പേരും മരിച്ചു
പമ്പാ നദിയിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന അധികജലം കടലിലേക്ക് ഒഴുക്കുന്നതിനായി തോട്ടപ്പള്ളി സ്പില്‍വേ 11 മണിക്ക് തുറക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴുവാക്കാനാണ് നടപടി. 11 മണി മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. ജലനിരപ്പ് 2402.3 അടിയായി. മുല്ലപ്പെരിയാർ മേഖലയിൽ മഴയിൽ നേരിയ കുറവ്. ജലനിരപ്പ് 141 അടി. ചെറുതോണി അണക്കെട്ടിൽ നിന്നും തൽക്കാലത്തേക്ക് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുഴുവൻ തകരാറിലായി. ഇടുക്കി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങൾക്കു ക്ഷാമം. പെട്രോൾ കിട്ടാനില്ല. ഉള്ള പമ്പുകളിൽ വൻ തിരക്ക്. ഇടുക്കിയിലേക്ക് ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്. റോഡുകളെല്ലാം അപകടത്തിലായതിനാൽ വാഹനങ്ങൾ പൊലീസ് നിയന്ത്രണത്തിലാണ്. തൊടുപുഴയിൽ മഴ പൂർണമായി കുറഞ്ഞു. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്
പ്രളയത്തില്‍ കുടുങ്ങിയ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്റ്റര്‍ ദൗത്യത്തില്‍ രക്ഷപ്പെടുത്തി. ഏയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാത്തിരപ്പള്ളി ജനറല്‍ ആശുപത്രിയ ലേക്ക് മാറ്റി. രോഗി അപകടനില തരണം ചെയ്തുവെന്നും ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചല്‍ വാലിയില്‍ റോഡുകള്‍ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്ന് രാവിലെ പ്രസവവേദന അനുഭവപ്പെട്ട രജനിയെ മുന്‍ വാര്‍ഡംഗം സിബിയുടെ നേതൃത്വത്തില്‍ ഏയ്ഞ്ചല്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കല്‍ സംഘവുമായി ഹെലികോപ്റ്റര്‍ എയ്ഞ്ചല്‍വാലി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കാന്‍ സാധിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോ.ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനയ്ക്ക് ശേഷം ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.
പത്തനംതിട്ട: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ നേവി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
റാന്നിയിലെ ഉള്‍പ്രദേങ്ങളിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത്. ചില സ്ഥലങ്ങളില്‍ രണ്ടാംനിലയ്ക്ക് മുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂനൈയില്‍ നിന്ന് കൂടുതല്‍ സൈനിക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.
ആറന്മുള ഭാഗങ്ങളില്‍ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ ബോട്ടുകളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ടോള്‍ഫ്രീ നമ്പറായ 1077ലേക്ക് വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം തേടാവുന്നതാണ്.
പത്തനംതിട്ട: കനത്ത മഴയും പ്രളയവും നാശം വിതച്ച വടശ്ശേരിക്കര, പേങ്ങോട്ടുകാവില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ത്ഥന.
കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയില്‍ ചുറ്റുപാടും വെള്ളത്തിനടിയിലായ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി അറിയിക്കുന്നത്.
വീണ്ടും വെള്ളം കയറിവരികയാണെന്നും പുറത്തെത്താന്‍ സഹായിക്കണമെന്നുമാണ് ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ്.
തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പെയ്യുന്ന മഴ സംസ്ഥാനത്താകെ ദുരിതം വിതക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ ഒരുപോലെ തുറന്ന് വിട്ടതിന് പിന്നാലെ ഇവയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. ഇതുമൂലം ഉണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും കേരളം വിറയ്ക്കുകയാണ്. ഇതിനിടെ കൂടുതൽ കേന്ദ്രസേന ഇന്നെത്തും. റാന്നിയിലേക്ക് വ്യോമസേന പുറപ്പെട്ടു.
കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു മാറ്റി. മതിൽ പൊളിച്ചതിനെത്തുടർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.
ഇനി ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2013ലും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട് അന്നും വെള്ളം പുറത്തുകളയാന്‍ വിമാനത്താവളത്തിന്റെ മതില്‍ പൊളിച്ചിരുന്നു.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരന്റെ വീടും വെള്ളത്തിലായി. വീടിനുള്ളിൽ അകപ്പെട്ട സുധീരനെയും കുടുംബത്തെയും അഗ്നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. സുധീരന്റെ തിരുവനന്തപുരത്തുള്ള ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്.
ഗൗരീശപട്ടത്തുണ്ടായ വെള്ളപ്പൊക്കത്തിൽ നേരത്തെ 18 കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പിന്നീട് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അഞ്ച് മണിക്കൂറാണ് ഇവർ വീടിനുമുകളിൽ അഭയം പ്രാപിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങൾ ഒറ്റപ്പെടാൻ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാൽ ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തിൽ മുങ്ങുകയായിരുന്നു.
പത്തനംതിട്ട: സീതത്തോട് മേഖലയിൽ പന്ത്രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി.
ദുരന്തനിവാരണ സേനയ്ക്കോ ഫയർഫോഴ്സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
രാവിലെ റാന്നിയിലും കോഴഞ്ചേരിയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെയാണ് സീതത്തോടും ദുരന്തഭൂമിയായത്. റാന്നി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറി കനത്ത നാശമുണ്ടായി. റാന്നി കഐസ്ആർടിസി ഡിപ്പോ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസുകൾ കാണാൻ കഴിയാത്തവിധം വെള്ളം ഉയർന്നിട്ടുണ്ട്.