Kerala

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നത്.

ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്ന 60 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോളാണ് ഇത്തരമൊരു അവസ്ഥയെന്നായിരുന്നു ശശികലയുടെ വര്‍ഗീയത കലര്‍ന്ന പ്രസ്താവന. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. തനിക്കെതിരെ ശശികല ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു.

ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചട്ടക്കൂടുകള്‍ക്ക് വിധേയമാണ് തന്ത്രിയെന്നും. അദ്ദേഹം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നടയടക്കല്‍ ഭീഷണി നടത്തിയ തന്ത്രിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശബരിമല വിഷയത്തിന്റെ മറവില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു വിഭാഗീയത പരത്താനുള്ള കെ.പി. ശശികലയുടെ ശ്രമം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ വ്യാജപ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചത്.

സദസിന്റെ നിറഞ്ഞ കൈയടികള്‍ക്കിടെയാണ് ഇത്തരത്തില്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ഇവര്‍ വിളിച്ചുപറഞ്ഞത്. ശശികലയുടെ പ്രസംഗം മറയാക്കി ചിലര്‍ സോഷ്യല്‍ മീഡിയവഴി പ്രചാരണവും തുടങ്ങി. ഇതിനെ പൊളിച്ചടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ദേവസ്വം മന്ത്രിയുടെ പ്രസംഗവും വന്നത്.

ശശികല പറഞ്ഞതിങ്ങനെ- ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം. ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ… ഇങ്ങനെ പോകുന്നു ശശികലയുടെ പ്രസംഗം. സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖര്‍ അണിനിരന്ന സദസില്‍ വച്ചാണ് ശശികല ഈ പച്ചക്കള്ളം മൈക്ക് വച്ചുകെട്ടി പ്രസംഗിച്ചത്.

സത്യത്തില്‍ ശശികല പറഞ്ഞതില്‍ ഒരു തരിമ്പും സത്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അഹിന്ദുവായ ഒരാള്‍ക്കു പോലും ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിക്കില്ല. ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ മുഴുവന്‍ പേരും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. സത്യം ഇങ്ങനെയാണെന്നിരിക്കെ പച്ചക്കള്ളം പറഞ്ഞു മതവിദ്വേഷം ആളിക്കത്തിക്കുകയാണു ശശികല ചെയ്തതെന്നാണ് ആരോപണം.

ശശികലയുടെ കള്ളത്തരം പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുരേന്ദ്രന്‍ ഈ വ്യാജപ്രചാരണത്തെക്കുറിച്ചു പറയുന്നതിങ്ങനെ- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന്. അതു കേട്ടുകൊണ്ടു കുറെയെണ്ണം മുന്നിലിരിപ്പുണ്ട്. അവര്‍ ആരും തന്നെ ചോദിക്കുന്നു പോലുമില്ല. ഇങ്ങനെയൊക്കെ പറയാമോ? പക്ഷേ എല്ലാറ്റിനും ഒരു പരിധിയില്ലേ.

വ്യാജപ്രചാരണമൊക്കെ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെങ്കിലും നടത്തുന്നതില്‍ ഒരു പരിധിയില്ലേ. അഹിന്ദുവായ ഒരു ജീവനക്കാരനെങ്കിലും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടോ? അങ്ങനെ നിയമനം നടത്താനാകുമോ? അതിനുള്ള നിയമം പോലും ഇല്ല. ഇത്ര വൃത്തികെട്ട്, വിഷലിപ്തമായിട്ട്, അപമാനകരമായിട്ട്് നമ്മുടെ നാടിനു ചേരാത്തതായിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരത്തില്‍ സത്യത്തിനു വിരുദ്ധമായ കാര്യങ്ങള്‍ എന്തിനു പ്രചരിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഒരൊറ്റ പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ഈ സര്‍ക്കാര്‍ പോകട്ടെ, ഇതുവരെ ഏതെങ്കിലും സര്‍ക്കാര്‍ ഭണ്ഡാരത്തില്‍ വീഴുന്ന നയാപ്പൈസ എടുത്തിട്ടുണ്ടോ?

അതേസമയം, ഹിന്ദുവും കൃസ്ത്യാനിയും മുസല്‍മാനും അടക്കമുള്ള ആളുകള്‍ നല്‍കുന്നതായിട്ടുള്ള നികുതിപ്പണത്തില്‍നിന്നു ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മിതിക്കും ക്ഷേത്ര ആവശ്യങ്ങള്‍ക്കും വേണ്ടി കോടാനുകോടി രൂപയാണ് എടുക്കുന്നത്. ഹിന്ദുവിന്റെ മാത്രം പൈസയല്ല. എല്ലാ മതസ്ഥരും അടങ്ങുന്ന മലയാളികള്‍ നല്‍കുന്ന നികുതിപ്പണമാണ് ക്ഷേത്രാവശ്യങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

വ്യാജപ്രചാരണത്തിലൂടെ ക്ഷേത്രജീവനക്കാരുടെ ചോറില്‍ മണ്ണുവാരിയിടുകയാണ് ഇക്കൂട്ടര്‍- മന്ത്രി കടകംപള്ളി തുറന്നടിച്ചു. കടകംപള്ളിയുടെ പ്രസംഗം വൈറലായതോടെ ശശികലയുടെ വ്യാജപ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

കണ്ണൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കണ്ണൂര്‍ പറശ്ശിനിക്കടവിലാണ് സംഭവം. തളിപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നതായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തോളം പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ വനിതാസെല്‍ സി.ഐ.ക്കാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരു വ്യക്തിയാണ് പെണ്‍കുട്ടിയെ ലോഡ്ജ്മുറിയിലെത്തിച്ചതെന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.

കോട്ടയം വൈക്കം കരിയാറില്‍ മല്‍സ്യവളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞ് അപകടം. ചങ്ങാടത്തിനടിയില്‍ കുടുങ്ങിയ കുടുംബശ്രീ ചെയര്‍പഴ്സണെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതി ഉയര്‍ന്നു.

കൊച്ചി സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള മല്‍സ്യവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കരിയാറില്‍ നാലുമീറ്ററിലധികം ആഴമുള്ള ഭാഗത്തായിരുന്നു അപകടം. നാല് പ്ലാസ്റ്റിക് വീപ്പകള്‍ക്കുമുകളിലാണ് താല്‍ക്കാലിക ചങ്ങാടമൊരുക്കിയിരുന്നത്. ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയും കുടുംബശ്രീ ചെയര്‍പഴ്സണ്‍ ചന്ദ്രലേഖയും ചങ്ങാടംമറിഞ്ഞ് താഴെവീഴുകയായിരുന്നു.

ചന്ദ്രലേഖയെ ഏറെ പണിപ്പെട്ടാണ് കരയ്ക്കെത്തിച്ചത്.സെബാസ്റ്റ്യന്‍ മീന്‍ പിടിക്കുന്ന കൂടയില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആഴമേറിയ കരിയാറിൽ ചടങ്ങ് സംഘടിപ്പിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി. ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഡെപ്യൂട്ടേഷന്‍ വഴിയാണ് നിയമനം നല്‍കിയത്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമായതിനാല്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യം അഭിമുഖത്തിന് വന്നവര്‍ക്ക് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല. അതിനാല്‍ നേരത്തെ അപേക്ഷ നല്‍കിയ അദീബിനെ നിയമിക്കുകയായിരുന്നു. പിന്നീട് വിവാദമുണ്ടായപ്പോള്‍ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. നേരത്തെ കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫായി ഡെപ്യൂട്ടേഷന്‍വഴി ഇത്തരത്തില്‍ നിയമനം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.  കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

ന്യൂഡല്‍ഹി: നടി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പോലീസ് ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ തിനക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അതിനാല്‍ നിരപരാതിത്വം തെളിയിക്കുന്നതിനായി ഇവ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ അത് ചോരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ച വിചാരണാക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു.

സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന ഭർത്താവിന്റെ ആരോപണം തെറ്റെന്ന് ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ സജു പുതിയ നിയമയുദ്ധത്തിന്. ഭർത്താവിന്റെ വാക്കുമാത്രം കേട്ട് തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയെ സമീപിക്കുമെന്ന് ശോഭ മനോരമ ന്യൂസിനോട് പറഞ്ഞു. ചൈല്‍ഡ്‌ലൈന്റെ ഈ നടപടി മൂലമാണ് കുട്ടികളെ തനിക്ക് കാണാൻ കൂടി കഴിയാത്ത സ്ഥിതിയായത്. ആത്മാഭിമാനം സംരക്ഷിക്കാനുള്ള ശോഭയുടെ പോരാട്ടം പ്രമുഖ പത്ര മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.

സമാനതകൾ ഇല്ലാത്ത നിയമപോരാട്ടമാണ് തൊടുപുഴക്കാരി ശോഭ രണ്ടര വര്‍ഷക്കാലം നടത്തിയത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു അശ്ലീലദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന ശോഭയുടെ ഭർത്താവിന്റെ തോന്നലിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒരു അന്വേഷണത്തിനും കാക്കാതെ ഭർത്താവ് വിവാഹമോചനത്തിന് നടപടി തുടങ്ങി. ഇതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കാന്‍ ശ്രമം നടന്നതെന്ന് ശോഭ പറയുന്നു.

ശോഭ മർദിച്ചുവെന്ന് ആരോപിച്ച് കുട്ടികളിൽ ഒരാളെ ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകരോട് ശോഭക്ക് മാനസികപ്രശ്നം ആണെന്നും ചികിത്സ ഉണ്ടെന്നും ഭർത്താവ് പറഞ്ഞു. ഈ വാദം അതുപടി ഏറ്റെടുത്ത ചൈല്‍ഡ്‌ലൈന്‍, മറ്റ് അന്വേഷണമൊന്നും നടത്താതെ ശിശുക്ഷേമ സമിതിക്ക് നൽകിയ റിപ്പോർട്ടാണ് ഇത്. ഇതിനെയാണ് ശോഭ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

‘മാനസികരോഗം സ്വന്തമായി ചികിൽസിക്കാൻ പറ്റില്ലല്ലോ, അങ്ങനെ ചികിത്സ ഉണ്ടെന്ന് പറഞ്ഞ ഭർത്താവിനോട് ഡോക്ടർ ആരാണ് എന്നെങ്കിലും ചോദിക്കണമായിരുന്നു..’ ശോഭ പറയുന്നു.

അതുവരെ മാസത്തിൽ രണ്ടുദിവസം കുട്ടികളെ കാണാൻ ശോഭക്ക് അനുമതി ഉണ്ടായിരുന്നു. ചൈല്‍ഡ്‌ലൈന്‍ ഈ റിപ്പോർട്ട് ജില്ലാ ശിശുക്ഷേമസമിതിക്ക് നൽകിയതോടെ അതിനും വഴിയില്ലാതെയായി. അന്ന് തൊട്ട് ഇന്നുവരെ കുട്ടികളെ ഒന്നു കാണാൻ പോലും ശോഭക്ക് കഴിഞ്ഞിട്ടില്ല.

‘അമ്മയ്ക്ക് മനസിക രോഗം ഉണ്ടെന്ന് വന്നാൽ അത് കുട്ടികളെ കൂടിയാണല്ലോ ബാധിക്കുക, അതുകൊണ്ട് ചോദ്യംചെയ്തേ പറ്റൂ‌..’ അവര്‍ പറഞ്ഞു.

ആ സംഭവത്തെപ്പറ്റിയും മാറിയ ജീവിതത്തെപ്പറ്റിയും ശോഭ തന്നെ പറയട്ടെ:

‘രണ്ടരവർഷം മുൻപാണു സംഭവം. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ, എന്റേതെന്ന പേരിൽ ഒരു നഗ്നദൃശ്യം പരക്കുന്നതായി ഒരു ബന്ധുവഴി അറിഞ്ഞു. അപവാദപ്രചാരണത്തിനെതിരെ അന്നുതന്നെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ കുറ്റകത്യമായതിനാൽ, കമ്മിഷണറെ കാണാൻ നിർദേശം. അപ്പോൾ തന്നെ സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിനെ കണ്ടു പരാതി നൽകി. പരാതി സൈബർ സെല്ലിലേക്ക്. ഒരു ദിവസം കഴിഞ്ഞ്, തെളിവെടുപ്പ്. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ദൃശ്യത്തിലുള്ളതു ഞാനല്ലെന്നു പൊലീസുകാർ തറപ്പിച്ചു പറഞ്ഞു. വിഡിയോ ദൃശ്യമാണെന്നുപോലും അപ്പോഴാണ് അറിയുന്നത്. അപ്പോഴേക്കും ദൃശ്യം പലർക്കും കൈമാറിയിരുന്നു.’

‘കാര്യം അവിടെ തീരേണ്ടതാണ്. പക്ഷേ, ബന്ധുക്കൾക്കും പരിചയക്കാർക്കുമിടയിൽ വ്യാപകമായ, ക്രൂരമായ അപവാദപ്രചാരണമാണു ചിലർ നടത്തിയത്. നഗ്നദൃശ്യങ്ങൾ സ്വയം പകർത്തി, ഞാൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചാരണം. സംഭവത്തിലെ കൂട്ടുപ്രതികളെയും എന്നെയും അറസ്റ്റ് ചെയ്തുവെന്നു വരെയെത്തി അപവാദം. ഞാനല്ല ദൃശ്യത്തിലുള്ളതെന്നു തെളിയിക്കേണ്ടത് അത്യാവശ്യമായി. പക്ഷേ, അത് എന്റെ മാത്രം ഉത്തരവാദിത്തമാണെന്നും വൈകാതെ മനസ്സിലായി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു സൗത്ത് പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. അന്നു മുതൽ വീട്ടിലെ അന്തരീക്ഷം ആകെ മാറി. ഒറ്റപ്പെട്ടതു പോലെയായി. ഇതിനിടെ, വിവാഹമോചനം തേടിയുള്ള വക്കീൽ നോട്ടിസ് ലഭിച്ചു.’ ശോഭ പറഞ്ഞു.

‘മക്കളെ എന്നിൽ നിന്നകറ്റാനുള്ള ശ്രമമുണ്ടായി. മൂത്ത മകളെ മർദിച്ചുവെന്ന് എനിക്കെതിരെ കേസുണ്ടായി. വിവാഹമോചന കേസിന്റെ ചർച്ചയും വിചാരണയും ഒരുവശത്ത്. അപവാദ പ്രചാരണം മറുഭാഗത്ത്. മക്കളെ കാണാൻ കഴിയാത്ത വിഷമം വേറെ.

ഒരുദിവസം രാത്രി, എന്നെ വീട്ടിൽനിന്നു പുറത്താക്കി. അന്നുരാത്രി അതേ വീടിന്റെ വരാന്തയിൽ ഉറങ്ങാതെ ഇരുന്നു കഴിച്ചുകൂട്ടി. അന്ന് അർധരാത്രിയോടെ  പ്രമുഖ ദൃശ്യ പത്ര  മാധ്യമത്തെ വിളിച്ചുവരുത്തി അഭിമുഖം നൽകി. പൊലീസ് വനിതാ സെൽ വഴി രാത്രി താമസത്തിനു സൗകര്യം ഒരുക്കിത്തരാമെന്നു ചാനൽ സംഘം പറഞ്ഞുവെങ്കിലും ഞാൻ നിരസിച്ചു. ചാനൽ അഭിമുഖത്തിൽ മുഖം മറയ്ക്കേണ്ടെന്നു ഞാൻ തന്നെയാണു പറഞ്ഞതും. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ എന്തിനു നാണിക്കണം?

നായ്ക്കളുടെ കുര രാത്രി മുഴുവനുണ്ടായിരുന്നു. നായ്ക്കളെ എനിക്കു പേടിയാണ്. പക്ഷേ, ഒരു ചുമരിനപ്പുറം ഭർത്താവും മക്കളുമുണ്ടല്ലോയെന്ന ധൈര്യത്തിലാണു വരാന്തയിൽ തന്നെ ഇരുന്നത്. ആരെങ്കിലും വാതിൽ തുറക്കുമെന്നു കരുതി. അതുണ്ടായില്ല. വീട്ടിൽ കയറ്റില്ലെന്നുറപ്പായതോടെ പിറ്റേന്നു രാവിലെ കരിങ്കുന്നത്തെ വീട്ടിലേക്കു പോയി.’

‘ഭർത്താവും മക്കളുമുള്ള സ്ഥലമല്ലേ. ഇടയ്ക്കൊക്കെ മക്കളെ അകലെ നിന്നെങ്കിലും കാണാൻ കഴിയുമെന്നൊരു പ്രതീക്ഷ.

ചുറ്റുവട്ടത്ത് അവരുണ്ടല്ലോയെന്നൊരു സുരക്ഷിതത്വ ബോധം. രണ്ട് ആഴ്ചയ്ക്കുശേഷം കൊച്ചിയിലേക്കു തന്നെ മടങ്ങി. കടവന്ത്രയിൽ ഇലക്ട്രിക്കൽ സാധനങ്ങളുടെ ചെറിയൊരു കട നേരത്തെ തന്നെയും കണ്ടായിരുന്നു. അതു നോക്കിനടത്തി. ഇടയ്ക്കു പള്ളിയിൽ വരുമ്പോൾ മക്കളെ കാണും. ഒന്നും മിണ്ടാൻ കഴിയാറില്ല.

ഇതിനിടെ, ദൃശ്യം സംബന്ധിച്ചു സംസ്ഥാന സൈബർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട് വന്നു. വ്യക്തതയില്ലെന്നായിരുന്നു അതിൽ. എന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റിയ റിപ്പോർട്ടായിരുന്നില്ല അത്. കോടതിയിൽ പരാതി നൽകി. കോടതി നിർദേശപ്രകാരം പൊലീസ് വീണ്ടും അതേ ലാബിലേക്കു തന്നെ ദൃശ്യങ്ങൾ അയച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ, പഴയ നിഗമനം തന്നെ അവർ ആവർത്തിച്ചു. എനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർ കൂസലേതുമില്ലാതെ നടക്കുന്നു. എന്റെ ആവശ്യം എവിടെയുമെത്തില്ലെന്നു തോന്നി. എനിക്കുറപ്പുള്ള കാര്യമാണ്. പക്ഷേ, മക്കളുടെയും 85 വയസ്സുള്ള മുത്തശ്ശിയുടെയുമൊക്കെ മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽക്കാൻ എനിക്കൊരു തെളിവു വേണം. ഇല്ലെങ്കിൽ ആ അമ്മയുടെ മക്കളല്ലേ എന്ന ചോദ്യം അവർക്കു നേരെ ഉയരും. അപവാദത്തിന്റെ നിഴൽ മക്കളുടെ മേൽ വീഴരുതെന്ന നിർബന്ധമുണ്ടായിരുന്നു. ‌

പക്ഷേ, സംശയാതീതമായി തെളിയിക്കാൻ ദൃശ്യം ഇനിയെവിടെ പരിശോധിപ്പിക്കും? അപ്പോഴാണ്, ‘സി–ഡാക്കിനെ’ പറ്റി പൊലീസ് ഉദ്യോഗസ്ഥർ വഴി അറിയുന്നത്. വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിയെ കണ്ടു. നേരത്തെ തന്നെ വന്നു കാണാമായിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിച്ചത്.

കേസ് അതുവരെ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റാനും ദൃശ്യം സി–ഡാക്കിൽ പരിശോധിപ്പിക്കാനും അദ്ദേഹം അന്നുതന്നെ ഉത്തരവിട്ടു. ആറു മാസത്തിനകം, ദൃശ്യത്തിലുള്ളതു ഞാനല്ലെന്നും ദൃശ്യം ആർക്കൊക്കെ കൈമാറിയിട്ടുണ്ടെന്നുമുള്ള വിശദമായ റിപ്പോർട്ട് ലഭിക്കുകയും ചെയ്തു.’

‘സിറ്റി കമ്മിഷണറുടെ ഓഫിസിൽ എത്ര തവണ കയറിയിറങ്ങിയെന്നുപോലും ഓർമയില്ല. ആ ഓഫിസ് കാണുമ്പോൾ വല്ലാത്തൊരു വിഷമമാണ്. പൊലീസ് സ്റ്റേഷൻ, കോടതി, അഭിഭാഷകന്റെ ഓഫിസ് എന്നിവിടങ്ങളിലായി ജീവിതം. പറിച്ചെടുത്തു മാറ്റപ്പെട്ട മക്കൾ. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ചുറ്റിലും. ഒരു ചടങ്ങിനും പങ്കെടുക്കാനാവില്ല. അർഥം വച്ചുള്ള നോട്ടവും കമന്റുകളും. ഒരു സ്ത്രീക്ക് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും? ’

സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നിയമപോരാട്ടത്തിന്റെ വഴി കാണിച്ചു കൊടുക്കുകയാണു ശോഭ. എന്നിട്ടും ശോഭ കരയുകയാണ്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും സങ്കടം ചേർന്നൊഴുകുന്നു. ചില വിജയങ്ങൾ സങ്കടപ്പെടാൻ കൂടിയുള്ളതാണ്.

ഈ ജീവിതകഥ വായിക്കുന്നവരുടെയെല്ലാം മനസ്സിൽ ഉയരുന്ന ചോദ്യങ്ങളുണ്ട് ശോഭയ്ക്കു പഴയ കുടുംബജീവിതം തിരിച്ചു കിട്ടുമോ? ശോഭ അതിനു തയാറാകുമോ?

ഉത്തരം ഇതാണ്: ‘എന്റെ ജീവിതം തകർത്തവരെയും അതിനു പ്രേരിപ്പിച്ചവരെയും ഗൂഢാലോചന നടത്തിയവരെയുമൊക്കെ കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. മറ്റൊന്നും ഇപ്പോൾ മനസ്സിലില്ല.’

ശോഭയുടേത് എന്ന പേരിൽ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അടക്കം കൂടുതൽ പേരെ അടുത്ത ദിവസങ്ങളിൽ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശോഭയുടെ പുതിയ മൊഴി പ്രകാരം സംഭവത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി പറഞ്ഞു.

പൂഞ്ഞാര്‍: ശബരിമല സമരത്തില്‍ ബിജെപിയുമായി കൈകോര്‍ക്കുന്ന ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് തിരിച്ചടികള്‍ എന്ന് സൂചന. സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ നിന്നുമാണ് പി.സിയുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന എസ്ഡിപിഐ ഇനി സഹകരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

2016ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി.ജോര്‍ജിന് മുസ്ലിം വിഭാഗത്തിന്റെ വോട്ടുകളില്‍ വലിയൊരു പങ്ക് ലഭിച്ചിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ നല്‍കിയ പിന്തുണ ഇനി വേണോ എന്ന് ആലോചിക്കുമെന്ന് കോണ്‍ഗ്രസും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായി നിലപാട് എടുത്ത പി.സി.ജോര്‍ജിനെ സ്വാഗതം ചെയ്യുന്നതില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൂര്‍ണ തൃപ്തിയില്ല. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ ശബരിമലക്ക് വേണ്ടി സംസാരിക്കാന്‍ കറുപ്പണിഞ്ഞാണ് പി.സി ജോര്‍ജ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27821 വോട്ടുകള്‍ക്കാണ് മൂന്ന് മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് പി.സി.ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ച് പൂഞ്ഞാറില്‍ വിജയിച്ചത്.

പത്തനംതിട്ട: പത്തനംതിട്ടയിലെ മഞ്ഞണിക്കരയില്‍ അമ്മയെ മര്‍ദ്ദിച്ച്‌ അവശയാക്കിയ ശേഷം പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

ഇവരുടെ ബന്ധുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.  പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ്.

കുട്ടിയെ കണ്ടെത്തി  പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.

സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് സൂചന. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു

ഉത്തര കേരളത്തെയാകെ ഞെട്ടിച്ചാണ് ഗുഹയില്‍ യുവാവിന്‍റെ ദാരുണമരണം. കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവാണ് മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.

കാസര്‍കോടിന്‍റെ അതിര്‍ത്തിയില്‍ തുളുനാട്ടില്‍ ഇത്തരം ഗുഹകള്‍ പതിവാണ്. കടുത്ത ജലക്ഷാമത്തെ അതിജയിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മണ്‍തിട്ടകളിലാണ് ഉറവ തേടി ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കുക. ഒരു മെഴുകുതിരി കത്തിച്ച് തുരന്നുതുരന്നു പോകുന്ന പതിവ്. ഒടുവില്‍ വെളിച്ചം കെട്ടുപോകുമ്പോള്‍ കുഴിക്കുന്നത് നിര്‍ത്തും. അതുവരെയേ ഓക്സിജന്‍ കിട്ടൂ എന്നതിനാലാണ് ഇത്. ഒരാള്‍ക്ക് മാത്രം സഞ്ചിക്കാന്‍ കഴിയുന്ന തുരങ്കമാണിത്.

Image result for death-of-a-man-after-entering-cave-kasaragod-follow up

ഭൂമിയുടെ ഞെരമ്പുകള്‍ കണ്ടെത്തി ഉറവകള്‍ തുറന്നുവിടുകയാണ് ഈ ഗുഹാദൗത്യങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ആ ഗുഹയാണ് നാടിനെയാകെ ഞെട്ടിച്ച മരണത്തിലേക്കും നീണ്ടിരിക്കുന്നത്. ഒരു മുള്ളന്‍ പന്നി കയറിപ്പോയെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഇവര്‍‌ പിന്നാലെ കയറാന്‍ തീരുമാനിച്ചത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗിനിശമസേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്.

 

ഇന്നലെ രാത്രിയാണ് വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രമേശും അയല്‍വാസികളായ നാലുപേരുംഎത്തിയത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് അകത്തുകയറി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.

 

തുടർന്ന് തുരങ്കത്തിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് രക്ഷാപ്രവർത്തനം തുടർന്നു. കയറുപയോഗിച്ച് 4 സേനാംഗങ്ങൾ അകത്തേക്കു കടന്നെങ്കിലും 3 പേർക്കു മാത്രമേ മുന്നോട്ട് പോകാൻ കഴിഞ്ഞുള്ളൂ. ആദ്യം നിവർന്നു നടക്കാൻ കഴിഞ്ഞെങ്കിലും 10 മീറ്റർ കഴിഞ്ഞപ്പോൾ കുനിയേണ്ടി വന്നു. പിന്നെയും 10 മീറ്റർ കഴിഞ്ഞപ്പോൾ ഇരിക്കേണ്ടി വന്നു. പിന്നെ നിരങ്ങിയും ഇഴഞ്ഞും സേനാംഗങ്ങൾ രാത്രി തന്നെ മൃതദേഹത്തിന്റെ അടുത്തെത്തി.

Image result for കാസർകോട്  മുള്ളന്‍ പന്നിയെ

കയർ അരയിൽ കെട്ടി മൃതശരീരം വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽപൂണ്ടു കിടന്നതിനാൽ സാധിച്ചില്ല. ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചതോടെ മൃതദേഹംം രാവിലെ പുറത്തെടുക്കാമെന്ന ധാരണയിൽ അർധരാത്രി എല്ലാവരും മടങ്ങി. തുരങ്കങ്ങളെക്കുറിച്ചറിയുന്ന തൊഴിലാളികളെയും സഹായത്തിനു കൂട്ടിയാണ് രാവിലെ ദൗത്യം തുടങ്ങിയത്. ഇവരുടെ നിർദേശമനുസരിച്ചു അടിഭാഗം കുഴിച്ച് അകത്തേക്കു നടന്നുപോകാൻ കഴിയുന്നത്ര മണ്ണെടുത്തു.

കുഴിച്ചെടുത്ത മണ്ണ് പുർണമായും പുറത്തേക്ക് നീക്കം ചെയ്തതോടെ കുനിഞ്ഞെങ്കിലും അകത്തേക്കുപോകാമെന്ന അവസ്ഥയായി. വായു ലഭിക്കുന്നതിനുള്ള യന്ത്രം(ബ്രീത്തിങ് അപ്പാരറ്റസ്)തുരങ്കത്തിനുള്ളിൽ കൊണ്ടുപോകാൻ കഴിയാത്തത് തിരിച്ചടിയായി.ഓരോ 10 മിനിട്ടിലും ഓക്സിജൻ സിലിണ്ടർ തുറന്ന് വിട്ടാണ് ശ്വസിച്ചത്.

Image result for കാസർകോട്  മുള്ളന്‍ പന്നിയെ

അപ്പോഴും വെല്ലുവിളിയായി മുള്ളൻപന്നി അകത്തുണ്ടായിരുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന മുള്ളൻപന്നി അക്രമിച്ചാൽ സഹിക്കുകയല്ലാതെ തിരിയാൻ പോലും സ്ഥലമില്ലാത്ത തുരങ്കത്തിൽ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ അജി കുമാർ ബാബു,ഫയർമാന്മാരായ പി.കെ.ബാബുരാജൻ, സി.എച്ച്.രാഹുൽ, ഐ.എം.രഞ്‌ജിത്ത്, അഖിൽ.എസ്.കൃഷ്ണ,കെ,സതീഷ്, എ.വി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.‌

 

RECENT POSTS
Copyright © . All rights reserved