Kerala

നാടിന്റെ നൊമ്പരമായി 11കാരന്‍ ബിലാലിന്റെ മരണം. കടലില്‍ തിരയിലകപ്പെട്ട ബിലാലിനെ കണ്ടെത്താന്‍ പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയത് രണ്ട് മണിക്കൂര്‍.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നായനാര്‍ കോളനി കണ്ണോത്ത് ഹൗസില്‍ എ. നസിറുദ്ദീന്‍- ആബിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിലാല്‍ (11) ആണ് മരിച്ചത്. കടല്‍ത്തീരത്ത് പന്തിനു പിറകെ ഓടിയപ്പോള്‍ തിരയില്‍പെടുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വീടിനു മുമ്പിലെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.

കൂട്ടുകാരന്‍ ആഷിഖ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒമ്ബതു മണിയോടെയാണ് കടല്‍പാലത്തിന് സമീപത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാലിയ യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് അഫ്‌സല്‍, ഹമ്‌ന ഫാത്തിമ.

ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീവച്ചു കൊന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രതി ബിരാജു. കൊല്ലപ്പെട്ട ജീതുവിന് വിവാഹത്തിനു മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധം താന്‍ അറിഞ്ഞിരുന്നെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഇതില്‍നിന്നു പിന്മാറാന്‍ തയാറാകാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി പറഞ്ഞു. കഴിഞ്ഞ 25ന് രാത്രി ജീതുവിനെ കാമുകനോടൊപ്പം പിടികൂടിയ ബിരാജു പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹമോചനത്തിന് തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ജീതു കാമുകനൊപ്പം സമയം ചെലവിടുന്നതും ജോലിസ്ഥലത്തേക്കു ബൈക്കില്‍ പോകുന്നതും ബിരാജു അറിഞ്ഞിരുന്നു.

താന്‍ ഗള്‍ഫിലേക്കു പോകുന്നതുവരെ ബന്ധം പാടില്ലെന്ന് ബിരാജു പറഞ്ഞിരുന്നെങ്കിലും ജീതു വകവയ്ക്കാതിരുന്നത് വൈരാഗ്യത്തിന് ആക്കം കൂട്ടി. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിലേറെയായിട്ടും ദമ്പതികള്‍ക്കു കുട്ടികളില്ലായിരുന്നു. ഇതേച്ചൊല്ലിയും വഴക്കു നടക്കാറുണ്ടായിരുന്നു.കുടുംബശ്രീ അക്കൗണ്ടന്റായിരുന്ന ജീതു തുക കൈവശം വച്ചതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളുമായും തെറ്റിയിരുന്നു. ഇക്കാര്യം അറിഞ്ഞ ബിരാജു ചോദ്യം ചെയ്തത് പ്രശ്‌നം രൂക്ഷമാക്കി. സംഭവദിവസം ജീതുവിനെ കൊല്ലാനുദ്ദേശിച്ചിരുന്നില്ല. പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി അവിഹിതബന്ധം പരസ്യമായി സമ്മതിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

കുണ്ടുകടവില്‍ കുടുംബശ്രീയുടെ യോഗത്തിനെത്തിയ ജീതുവും അംഗങ്ങളുമായി വാക്കേറ്റവും തര്‍ക്കവും നടന്നിരുന്നു. ഇതില്‍ ബിരാജുവിന്റെ ബന്ധുക്കളും ഉള്‍പ്പെട്ടിരുന്നു. ജീതുവിന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് തീകൊളുത്തിയതെന്നും ബിരാജു പറഞ്ഞു

താലികെട്ടും കഴിഞ്ഞു കൈയും കഴുകി ഉണ് കഴിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച ഇങ്ങനെ ! ജീവിതത്തിൽ അതുപോലെയൊരു അവസ്ഥ വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ പോലുമാകില്ല. പാചകക്കാരൻ കാരണം കൊച്ചി പനങ്ങാട്ടുള്ള രക്ഷിതാവിനാണ് ഈ ചതി പറ്റിയത്. മകളുടെ കല്യാണം ആഘോഷമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്തു. 50,000 രൂപ സദ്യയ്ക്ക് അഡ്വാൻസും കൊടുത്തു. 900 പേർക്കുള്ള സദ്യ വധുവിന്റെ വീട്ടുകാർ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ വധുവും വരനും കതിർമണ്ഡപത്തിൽ കയറിയിട്ടും കലവറക്കാർ എത്തിയില്ല.

വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളിൽ ആയിരുന്നു സൽക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധൂവരൻമാർ ഹാളിൽ എത്തിയിട്ടും കലവറക്കാർ എത്തിയില്ല. വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ പനങ്ങാട് സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികൾ എല്ലാം അരിഞ്ഞ നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.

ജീവനക്കാരെ വിളിച്ചപ്പോൾ ഉടമസ്ഥനിൽനിന്നു നിർദേശം കിട്ടാതിരുന്നതിനാൽ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു. വധുവിന്റെ മാതാപിതാക്കൾ ഇതോടെ ബോധംകെട്ടു വീണു. റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് എത്തിച്ചു. സദ്യ പ്രതീക്ഷിച്ച് എത്തിയവർക്ക് ചിക്കൻ ബിരിയാണി കിട്ടി. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേർ മടങ്ങി.

വരന്റെ പാർട്ടിയിൽ പെട്ടവർക്ക് മരടിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയെങ്കിലും ബന്ധുക്കൾ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങൾ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനിൽനിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്യാണം കുളമാക്കിയ പാചകക്കാരൻ മുങ്ങിയിരിക്കുകയാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Also read… വിവാഹത്തിനു മുമ്പ് ഉണ്ടായിരുന്ന ബന്ധം വിവാഹത്തിന് ശേഷവും;  ഭാര്യയെ തീവച്ചു കൊന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രതി ബിരാജ് 

തെരുവുനായ്ക്കളും വളർത്തുപൂച്ചയും കീരിയും അക്രമകാരികളായപ്പോൾ കണ്ണൂരിൽ പരുക്കുകളോടെ ആശുപത്രിയിലായത് പത്തുപേർ. ചെമ്പിലോട് കോമത്തുകുന്നുമ്മലിൽ ആറുപേർക്കാണു നായയുടെ കടിയേറ്റത്. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപ്പറമ്പിൽ വളർത്തുപൂച്ചയാണു വീട്ടമ്മയെ കടിച്ചത്.

ചെമ്പിലോട് കോമത്തുകുന്നുമ്മൽ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് വൈകിട്ട് കടിയേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത് അറി‍ഞ്ഞ് വീട്ടിലെത്തിയ ഇവരുടെ ബന്ധു ഹേമന്ദിനും തിരികെപ്പോകുന്ന വഴി കടിയേറ്റു.

ജാനകിയമ്മയ്ക്കും സവിതയ്ക്കും കടിയേറ്റത് അറിഞ്ഞ് അയൽവാസിയായ കോമത്ത് ശരീഫയും ഇവരുടെ വീട്ടിലെത്തിയിരുന്നു. മക്കൾ മദ്രസയിൽ പോയ നേരമായതിനാൽ അവർ ഒറ്റയ്ക്കു വീട്ടിലേക്കു വരുന്നത് അപകടമാവുമെന്നു പേടിച്ചാണ് ശരീഫ ജാനകിയമ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. മക്കളെ കൂട്ടിക്കൊണ്ടുവരാനായി മദ്രസയിലേക്കു പോകുംവഴി ശരീഫയ്ക്കും കടിയേറ്റു. പാലു വാങ്ങാനായി സൊസൈറ്റിയിലേക്കു പോകുന്നതിനിടെയാണു കണ്ണമ്പേത്തു വസന്തനു കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.

കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് അളവൂർകുന്നത്തുതാഴെ ദേവിക്ക് വിനയായത് സ്വന്തം വീട്ടിലെ പൂച്ച തന്നെയാണ്. രാത്രി ഭക്ഷണ ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെ അടുത്തെത്തിയ പൂച്ച കയ്യിൽ കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ദേവിക്ക് അണുബാധയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറണമെന്ന് നിർദേശം ലഭിച്ചു.

ഏഴോം കണ്ണോത്തെ കീരി വയോധികരെയാണ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. വീടിനു പുറത്തുകൂടി നടക്കവേയാണ് പടിഞ്ഞാറെവീട്ടിൽ കല്യാണി(80)യുടെ രണ്ടു കാലുകളിലും കീരി കടിച്ചത്. അനക്കിഴക്കേ വീട്ടിൽ ജനാർദ്ദനനും (70), എ.കെ.നാരായണനും (87) ഇതേ കീരിയുടെ കടിയേറ്റു. ഇവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നെയുള്ള മുന്നണിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാന്‍ സ്ഥാനാര്‍ഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള നേരിട്ടെത്തി.

തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണ തേടിയാണ് ശ്രീധരന്‍ പിള്ള എത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെള്ളാപ്പള്ളി തുറന്നടിച്ചു. ബിഡിജെഎസിനോട് ബിജെപിയ്ക്ക് അവഗണന മാത്രം. രണ്ട് വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് വെള്ളപ്പള്ളി പറഞ്ഞു. ബിഡിജെഎസിന് പരിഗണന നല്‍കാത്തതിലുള്ള പ്രതിഷേധനം സ്ഥാനാര്‍ഥി പങ്കുവച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പരിഗണ നല്‍കാത്തതിലുള്ള അമര്‍ഷം കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളാപ്പള്ളി പങ്കുവച്ചിരുന്നു. പാര്‍ട്ടി സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബി.ഡി.ജെ.എസിന് കിട്ടാനുള്ളത് കിട്ടാതെ എന്‍.ഡി.എയുമായി സഹകരിക്കില്ല. അതാണ് ആണത്തമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.തെരഞ്ഞെടുപ്പ് സംബന്ധിച്ച് സി.പി.ഐ അധ്യക്ഷന്‍ കാനം രാജേന്ദ്രറ്റേത് നല്ല നിലപാടാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം നടന്നതായി പരാതി. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനാണ് പോലീസ് മര്‍ദ്ദനമേറ്റത്. കുളിമുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും നീ തുണി ഉടുക്കേണ്ടെന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞുവെന്നും അനൂപ് പറഞ്ഞു.

ഒരു കല്യാണവീട്ടില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസുകാരനെ അനൂപ് ചോദ്യം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അനൂപിനെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് അനൂപിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ലോക്കപ്പില്‍ വെച്ച് നഗ്നനാക്കി, ചിലര്‍ തലമുടി മുടി പറിച്ചെടുത്തു, കൈവിരല്‍ ഒടിച്ചതായും അനൂപ് പറഞ്ഞു.

പൊലീസ് ജീപ്പില്‍വെച്ചും തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ചും തന്നെ മര്‍ദ്ദിച്ചത് എ.എസ്.ഐ രഘുവിന്റെ നേതൃത്വത്തിലാണെന്ന് അനൂപ് പറഞ്ഞു. അനൂപിന് മര്‍ദ്ദമേറ്റതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്ത് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍. പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.

വടകര: യുവകവി ജിനേഷ് മടപ്പള്ളിയെ(35) മരിച്ച നിലയില്‍ കണ്ടെത്തി. തന്റെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ തന്നെ ഒടുവില്‍ യുവകവി തിരഞ്ഞെടുത്തു. ജിനേഷ് ജോലി ചെയ്യുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ജിനേഷ് മടപ്പള്ളിയുടെ പല കവിതകളിലും ആത്മഹത്യ തന്നെയായിരുന്നു പ്രധാന വിഷയം. 2009 ല്‍ പുറത്തിറക്കിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. നിരവധി കവിതാപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ ജിനേഷ് കോഴിക്കോട് സ്വദേശിയാണ്. ജിനേഷിന്റെ അമ്മ രണ്ടാഴ്ച മുമ്പാണ് മരണമടഞ്ഞത്. വടകര യെരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്. ജിനേഷ് അവിവാഹിതനാണ്.

 

കണ്ണൂര്‍: കസ്റ്റഡി മരണവും കൈക്കൂലിയും ഒക്കെ കൂടി പോലീസിന്‍റെ പ്രതിച്ഛായ നശിപ്പിക്കുകയും പോലീസ് സ്റ്റേഷന്‍ സാധാരണക്കാര്‍ക്ക് വെറുക്കപ്പെട്ട ഇടമാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ഇവിടെ ഇതാ വ്യത്യസ്തമായ ഒരു പോലീസ് സ്റ്റേഷന്‍. ഇവിടെ  പോലീസിനെയും പോലീസ് സ്റ്റേഷനെയും നാട്ടുകാര്‍ വീടുപോലെ കരുതുന്ന ഒരിടം ഉണ്ട് . നിയമം ലംഘിച്ചാല്‍ കൃഷി, കഞ്ചാവടിച്ചാല്‍ പുസ്തക വായന, നിയമവിരുദ്ധമായി സ്ഥാപിച്ച കൊടിമരങ്ങള്‍ വിളക്കുമരമാക്കി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനില്‍ ; നടപ്പാക്കുന്ന ‘ശിക്ഷാവിധി’കള്‍ ഇങ്ങനെയാണ്. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന ആരും ഒന്നമ്പരക്കും. നാട്ടിലെ ഒരു വായനശാലയിലേക്കോ മറ്റോ കയറിച്ചെല്ലുന്ന അനുഭവം. അത്രമേല്‍ ഹൃദ്യമാണ് ഇവിടുത്തെ അന്തരീക്ഷം. അതു തന്നെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് എസ് ഐ പി ബിജു പറയുന്നു.

സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെന്ന് പ്രശ്‌നങ്ങള്‍ പറയാനുള്ള ഇടമാക്കി പോലീസ് സ്‌റ്റേഷനെ മാറ്റുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പി.ബിജു പറയുന്നു. ആദ്യം ചെയ്തത് ഒരു മ്യൂസിക് സിസ്റ്റം സ്ഥാപിക്കുകയാണ്. വൃത്തിയുള്ള ചുറ്റുപാടും ചെടികളും പൂക്കളും കിളികളുമൊക്കെയാണ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയത്. സന്ദര്‍ശകര്‍ക്കായി പ്രത്യേകം ഇരിപ്പിടമൊരുക്കി. ബോധവത്കരണ പ്രവര്ത്തനങ്ങളുടെ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നു. സ്റ്റേഷനകത്തും മനോഹരമായ പെയിന്റിങ്ങുകള്‍ സ്ഥാപിച്ചു.

കച്ചേരിപ്പടിയിലെ ഒരു ക്ലബില്‍ രാത്രിയില്‍ മദ്യപിച്ചു കൊണ്ടിരുന്നവരെ പൊക്കുകയും ക്ലബ് പൂട്ടുകയും ചെയ്തു. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ക്ലബ് വീണ്ടും തുറക്കാനായി ഒരു വ്യവസ്ഥ വച്ചു.തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒരാഴ്ചകൊണ്ടു വോളിബോള് കോര്‍ട്ടുണ്ടാക്കണം. മൂന്നു ദിവസത്തിനകം കോര്‍ട്ട് തയാര്‍ . ക്ലബ് വീ ണ്ടും തുറന്നു. വോളിബോള്‍ കോര്‍ട്ടും സജീവമായി. ഇതൊരു തുടക്കമായി.കഞ്ചാവ് കടത്ത്, മദ്യപിച്ചു വാഹനമോടിക്കല്‍ ട്രാഫിക് നിയമം ലംഘിക്കല്‍് തുടങ്ങിയ കേസുകളില് പിടിക്കപ്പെടുന്നവരുടെ സഹായത്തോടെ നാട്ടുമ്പുറങ്ങളില്‍ വോളിബോള് ഷട്ടില് കോര്‍ട്ട് നിര്‍മാണം തുടങ്ങി. പഴയ കോര്‍ട്ടുകള്‍ നന്നാക്കാനും പുതിയവ നിര്‍മിക്കാനും നാട്ടുകാര്‍ക്കൊപ്പം ഇത്തരം കേസുകളിലെ പ്രതികളുമുണ്ടായിരുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച ഇരുന്നൂറോളം കൊടിമരങ്ങള്‍ പിഴുതെടുത്ത്, ഈ കോര്‍ട്ടുകള്‍ക്ക് നല്കി. അവ പോസ്റ്റുകളായും ഫ്‌ലഡ്‌ലിറ്റ് ടവറുകളായും തലയുയര്‍ത്തിയും വെളിച്ചം വിതറിയും നില്ക്കുന്നു. സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അഞ്ചു പഞ്ചായത്തുകളില്‍ സജീവമായ അറുപതിലധികം വോളിബോള്‍ ഷട്ടില്‍ കോര്‍ട്ടുകള്‍ ഇങ്ങനെ നിര്‍മിക്കപ്പെട്ടവയാണ്. ചില സ്ഥലങ്ങളില്‍. ടൂര്‍ണമെന്റ് നടത്താന്‍ പോലീസ് തന്നെ മുന്‍്‌കൈയെടുത്തു. ഇടയ്ക്കു ചില പ്രതികള്‍ക്കു കിട്ടിയ ‘ശിക്ഷ’, പോലീസ് സ്റ്റേഷനോടു ചേര്‍്ന്നുള്ള കോര്‍ട്ടില് ഷട്ടില് കളിക്കണമെന്നതായിരുന്നു. ഇതിനൊന്നും സമ്മതിക്കാത്തവര്‍ക്കും പൊലീസ് ‘പണി’ കൊടുത്തു.

കളിയ്ക്കാന്‍ താത്പര്യമില്ലാത്തവരെ പച്ചക്കറികൃഷിക്കാരാക്കുകയാണ് ചെയ്തത്. അവര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. എന്നിട്ട് ചെടിയുടെ ഓരോഘട്ടത്തിന്റെയും ഫോട്ടോയെടുത്ത് വാട്‌സ് ആപ്പില്‍ പോലീസിനയയ്ക്കുകയും വേണം.മറ്റു ചിലര്‍ക്ക്, പുസ്തകം വായിക്കാന്‍ നല്കി. പോലീസുകാര്‍് പിരിവെടുത്തു വാങ്ങിയ പുസ്തകങ്ങളായിരുന്നു തുടക്കത്തില് ഇതു കേട്ടറിഞ്ഞു ചില എഴുത്തുകാരും വ്യക്തികളും പുസ്തകങ്ങള്‍് നല്‍്കി.എസ്‌ഐയുടെ മുറിയില്; ഒരു വായനാ മൂല ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങള്‍ ഇവിടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളും. ആര്‍ക്കും എപ്പോള് വേണമെങ്കിലും വന്ന് വായിക്കാം. കൂടാതെ ചെറിയ കേസുകളില്‍ പെട്ട് എത്തുന്നവര്‍ക്ക് ശിക്ഷക്ക് പകരം പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുന്നു. വായനയേക്കാള്‍ നല്ല മരുന്നില്ലല്ലോ.

കേസില്‍ പെട്ടവരല്ലെങ്കിലും മക്കളെ നേര്‍വഴിക്കാക്കണമെന്ന അഭ്യര്‍ഥനയുമായി രക്ഷാകര്‍ത്താക്കള്‍ സ്റ്റേഷനില്‍ എത്തിത്തുടങ്ങി. ബിടെക്കുകാരനായ മകന്‍ തന്നെയും ഭാര്യയെയും മര്‍്ദ്ദിക്കുന്നുവെന്നും അവനെ നേര്‍വഴിക്കണമെന്നും പറഞ്ഞു സ്റ്റേഷനിലെത്തിയതു വിരമിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്ററാണ്. മകനെ പേടിച്ചു പാലക്കാട്ടാണു താമസമെന്നും അയാള്‍ എസ്‌ഐയോടു പറഞ്ഞു.അമിത മൊബൈല്‍ ഉപയോഗവും ബൈക്കിലുള്ള കറക്കവുമൊക്കെയാണു യുവാവിനെ വഴിതെറ്റിച്ചതെന്നു മനസ്സിലാക്കിയ പോലീസ്, അവനു നല്കിയതു പുസ്തകങ്ങളായിരുന്നു കഷ്ടപ്പാടുകളില്‍ നിന്നു വിജയം നേടിയവരുടെ ജീവിതകഥകള്‍ ഇന്ന് യുവാവ് മാതാപിതാക്കള്‍ക്കൊപ്പം സ്‌നേഹത്തോടെ കഴിയുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ, ഒരു പുസ്തകപ്രകാശന ചടങ്ങിനും സ്റ്റേഷന് വേദിയായി.

ക്രിമിനലുകളെ നേര്‍വഴിക്കു നടത്തുന്നതിനായി കഴിഞ്ഞ ജൂലൈ രണ്ടിനു നടത്തിയ പരിപാടിക്കെത്തിയത് ഇരുന്നൂറോളം പേരാണ്. പോലീസ് സ്റ്റേഷനിലേക്കു ബോംബെറിഞ്ഞവര്‍ വരെ ഇതിലുണ്ടായിരുന്നു. കല്പറ്റ നാരായണനടക്കമുള്ളര്‍ ക്ലാസെടുത്തു. കേസില്‍്‌പ്പെട്ടവരും അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. അന്ന് ഒരു പകല്‍ മുഴുവന്‍ നീണ്ട പരിപാടിയിന്‍ പങ്കെടുത്തവര്‍ പിന്നീട് ഇതുവരെ ഒറ്റ കുറ്റകൃത്യത്തില്‍ പോലും ഏര്‍പ്പെട്ടിട്ടില്ലെന്നും ചിലരൊക്കെ, പോലീസിന്റെ ഇന്‌ഫോര്‍മര്‍മാരാവുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.

വര്‍ഗീയ ചേരിതിരിവുണ്ടാവാനിടയുണ്ടെന്നു കണ്ടപ്പോള്‍ മുണ്ടേരി ഗവ. എച്ച്എസ്എസില് അഞ്ചുദിവസത്തെ നാടകോത്സവവും ഗാനമേളയും ചിത്രപ്രദര്‍ശനവുമൊക്കെ ഉള്‍പ്പെടുത്തി സാംസ്‌കാരികോത്സവം നടത്തുകയാണു പോലീസ് ചെയ്തത്. വമ്പിച്ച ജനക്കൂട്ടമാണു സാംസ്‌കാരികോത്സവത്തിനെത്തിയത്. വര്‍ഗീയ ചേരിതിരിവിന് ഇതോടെ മാറ്റം വന്നു. രാഷ്ട്രീയകക്ഷി നേതാക്കളുടെയും സാമൂഹികസംഘടന, ക്ലബ് ഭാരവാഹികളുടെയും കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്തു. പുതുവല്‍സര രാവില്‍ പിടികൂടിയ ചെറുപ്പക്കാരുടെ പുതുവത്സരാഘോഷം സ്‌റ്റേഷനിലാക്കി. പലരും രാത്രിയില്‍ വീടുകളില്‍ നിന്നു മുങ്ങി, ഫാസ്റ്റ്ഫുഡ് കടകളിലേക്കായിരുന്നു സഞ്ചാരം. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിനൊപ്പം കേക്ക് മുറിച്ചും ഉച്ചയ്ക്കു കഞ്ഞി കുടിച്ചും കഥ പറഞ്ഞും അവര് വീടുകളിലേക്കു മടങ്ങി. ഇരുപത്തിയഞ്ചോളം കുട്ടികളാണു പരിപാടിക്കെത്തിയത്.

മുണ്ടേരി പഞ്ചായത്തിലെ ഒരു പ്രദേശം മദ്യപാനികളുടെ പിടിയിലായിരുന്നു. രാത്രിയില്‍ സ്ഥിരമായി മര്‍ദ്ദിക്കുന്നതായി ഭാര്യമാരുടെ പരാതി. ഇതിനെതിരെ പ്രവര്‍ത്തിച്ച ഒരുമ എന്ന കൂട്ടായ്മയിലെ ഒരാളുടെ ബൈക്ക് മദ്യപാനികള് കത്തിച്ചു. അന്നു തന്നെ ഇവരെ ഒതുക്കാന്‍ പോലീസ് തീരുമാനിച്ചു.പഞ്ചായത്തില് തരിശിട്ടിരുന്ന 77 ഏക്കര് വയലില് നെല്കൃഷി ചെയ്യാനുള്ള പദ്ധതിയില്‍ സഹകരിക്കാനും പോലീസ് തീരുമാനിച്ചു. മൂന്ന് ഏക്കറില്‍ ചക്കരക്കല്ല് പൊലീസ് തന്നെ നേരിട്ടു കൃഷിയിറക്കി. മദ്യപര്ക്കുള്ള അധികശിക്ഷയെന്ന നിലയില്‍ വിളവിറക്കുന്നതു മുതലുള്ള പണികള്‍ അവരെക്കൊണ്ടു ചെയ്യിച്ചു. മൂന്നു ടണ്‍ നെല്ല് കിട്ടിയെന്ന് എസ്‌ഐ ബിജു. നെല്ല്, തൊഴിലാളികള്ക്കു തന്നെ നല്‍കി. നെല്ലു വിളഞ്ഞതോടെ, മദ്യപരുടെ വിളയാട്ടമില്ലാതായി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ബോധവല്‍ക്കരണ ഹൃസ്വചിത്ര പ്രദര്‍ശനം, നാല്‍പതിലധികം ആനുകാലികങ്ങള്‍ ലഭിക്കുന്ന വായനശാല തുടങ്ങിയവയാണ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത്. നിരാലംബര്‍ക്ക് വീടു വച്ചു കൊടുക്കാനും അനാഥരെ ശുശ്രൂഷിക്കാനും അഡീഷനല്‍ എസ്‌ഐ പികെ കനകരാജും 45 പോലീസുകാരും എസ്‌ഐ പി ബിജുവിനൊപ്പമുണ്ട്. ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഡിജിപിയുടെ പ്രശംസ ലഭിച്ചു. ഇത് മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടത്. ഇതൊക്കെയുണ്ടെങ്കിലും കേസന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ബിജുവും കൂട്ടരും ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. നാട്ടുകാര്‍ ഒന്നടങ്കം ബിജുവിനും സംഘത്തിനും ഒപ്പമുണ്ട്.

 

കോഴിക്കോട്: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഫുള്‍സ്ലീവ് മുറിച്ചതായി പരാതി. കോഴിക്കോട് ദേവഗിരി സിഎംഐ സ്‌കൂളിലാണ് സംഭവം. ഫുള്‍സ്ലീവ് കൈ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയാണ്. ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞതായാണ് ആക്ഷേപം.

മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഇന്നാണ് നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങള്‍. ഒരു ലക്ഷത്തോളം പേരാണു കേരളത്തില്‍ പരീക്ഷയെഴുതുന്നത്.

വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കര്‍ശന നിബന്ധനകളാണ് ഇത്തവ ഏര്‍പ്പെടുത്തിയിരുന്നത്. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. വസ്ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്ജ് എന്നിവ പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണു ധരിക്കേണ്ടത്. ഷൂ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ലോഹ ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം ധരിക്കാന്‍ അനുമതിയുണ്ട്. ഈ വിദ്യാര്‍ഥികള്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പു പരീക്ഷാകേന്ദ്രത്തില്‍ എത്തണം.

മൂവാറ്റുപുഴ: ക്ഷേത്രത്തില്‍ കയറുമ്പോല്‍ ഉടുപ്പൂരണമെന്ന ആചാരത്തിന് എസ്എന്‍ഡിപിയുടെ തിരുത്ത്. ഇനി മുതല്‍ എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് അഴിക്കാതെ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കാം. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ പ്രഖ്യാപനം നടത്തിയത്. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ വെച്ച് നടത്തിയ പ്രഖ്യാപനത്തിനു ശേഷം വെള്ളാപ്പള്ളി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.

പഞ്ചലോഹത്തില്‍ നിര്‍മിച്ച ശ്രീനാരായണഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സമര്‍പ്പിച്ച ശേഷം നടന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്നു പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.

‘ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് വെള്ളാപ്പള്ളി എടുത്തുമാറ്റി. പിന്നീട് ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.

RECENT POSTS
Copyright © . All rights reserved