വിഴിഞ്ഞം തുറമുഖം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കേന്ദ്രത്തെ പ്രശംസിച്ചും ലത്തീന്‍ കത്തോലിക്കാ സഭ. സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും ലത്തീന്‍ സഭയിലെ ആരെയും ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി വിളിച്ചിരുന്നില്ലെന്നും ലത്തീന്‍ സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും അദേഹം പറഞ്ഞു.
ഔദ്യോഗികമായി ക്ഷണിക്കാതെ നോട്ടിസില്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് അച്ചടിച്ചു. ഇത് ദുരുദ്ദേശ്യത്തോടെയാണോ സദുദ്ദേശ്യത്തോടെയാണോ? മത്സ്യത്തൊഴിലാളിക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഫാ. യൂജിന്‍ പെരേര കുറ്റപ്പെടുത്തി.
മുതലപ്പൊഴിയില്‍ പോലും പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്ന പരാതിയാണ് ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ പറയുന്നെന്നും അദേഹം വിമര്‍ശിച്ചു.
തുറമുഖത്തിനെതിരായ സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല. വാഗ്ദാനങ്ങളില്‍ രണ്ട് കാര്യങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ട്രയല്‍ റണ്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫാ. യൂജിന്‍ പെരേര വ്യക്തമാക്കിയിരുന്നു.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾക്കുള്ള 68-ാമത് ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്ന് മൂന്ന് പുരസ്കാരങ്ങൾ ന്നാ താൻ കേസ് കൊട് സ്വന്തമാക്കി. മികച്ച നടനായി കുഞ്ചാക്കോ ബോബനും നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദർശനയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകൻ ന്നാ താൻ കേസ് കൊട് സിനിമയിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ അർഹനായി. മികച്ച ചിത്രവും ന്നാ താൻ കേസ് കൊട് തന്നെയാണ്.
‘അറിയിപ്പ്’ മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയും പുരസ്കാരത്തിന് അർഹയായി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്കാരം ലഭിച്ചത്.
തമിഴ് വിഭാഗത്തിൽ മികച്ച ചിത്രം ‘പൊന്നിയിൻ സെൽവൻ’. മികച്ച നടനായി കമൽഹാസനെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സായി പല്ലവിയ്ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്കാരം.
തെലുങ്ക് വിഭാഗത്തിൽ ആർ ആർ ആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയർ എൻടിആറും പുരസ്കാരം പങ്കിട്ടു. കന്നഡയിൽ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു
മികച്ച സംവിധായകൻ (തെലുങ്ക്) – എസ് എസ് രാജമൗലി (ആർ ആർ ആർ)
മികച്ച സംവിധായകൻ (തമിഴ്) – മണിരത്നം (പൊന്നിയിൻ സെൽവൻ)
മികച്ച സംവിധായകൻ (കന്നഡ) – കിരൺ രാജ് കെ (777 ചാർളി)
മികച്ച നടൻ (കന്നഡ) – റിഷബ് ഷെട്ടി (കാന്താര)
മികച്ച ഗാന രചയിതാവ് (തെലുങ്ക്) – ശ്രീ വെണ്ണല സീതാരാമ ശാസ്ത്രി (സീതാ രാമം)
മികച്ച സഹനടി (തെലുങ്ക്) – നന്ദിക ദാസ് (വിരാട പർവ്വം)
മികച്ച സഹനടി (തമിഴ്) – ഉർവ്വശി (വീട്ടില വിശേഷം)
മികച്ച സഹനടൻ (തമിഴ്) – കാളി വെങ്കട് (ഗാർഗി)
മികച്ച സഹനടൻ (തെലുങ്ക്) – റാണ ദഗ്ഗുബാട്ടി (ഭീംല നായക്)
നിരൂപക പ്രശംസ നേടിയ ചിത്രം (തെലുങ്ക്) – സീതാരാമം
നിരൂപക പ്രശംസ നേടിയ ചിത്രം (മലയാളം) – അറിയിപ്പ്
നിരൂപക പ്രശംസ നേടിയ ചിത്രം (തമിഴ്) – കടൈസി വിവസായി
നിരൂപക പ്രശംസ നേടിയ നടൻ (തമിഴ്) – ധനുഷ് (തിരുചിട്രമ്പലം), മാധവൻ (റോക്‌ട്രി)
നിരൂപക പ്രശംസ നേടിയ നടൻ (തെലുങ്ക്) – ദുൽഖർ സൽമാൻ (സീതാരാമം)
നിരൂപക പ്രശംസ നേടിയ നടൻ (മലയാളം) – അലൻസിയർ (അപ്പൻ)
നിരൂപക പ്രശംസ നേടിയ നടൻ (കന്നഡ) – നവീൻ ശങ്കർ (ധരണി മണ്ഡല മധ്യദോലഗേ)
നിരൂപക പ്രശംസ നേടിയ നടി (തെലുങ്ക്) – സായി പല്ലവി (വിരാട പർവ്വം)
നിരൂപക പ്രശംസ നേടിയ നടി (തമിഴ്) – നിത്യ മേനോൻ (തിരുച്ചിട്രമ്പലം)
നിരൂപക പ്രശംസ നേടിയ നടി (കന്നഡ) – സപ്തമി ഗൗഡ (കാന്താര)
ക്രിക്കറ്റ് പരിശീലകൻ മനു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അതി ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ രക്ഷിതാക്കൾ മനുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഇയാൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങൾ അടങ്ങിയ ഡിവൈസുകൾ പിടിച്ചെടുത്ത് നശിപ്പിക്കണം, കേസിൽ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തുക്കളിലേക്കും കെസിഎയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തണം തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ പറയുന്നുണ്ട്.
ഇയാൾക്കെതിരെ നേരത്തേയുണ്ടായ കേസ് പണംകൊടുത്ത് ഒതുക്കിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മനു ഇപ്പോൾ റിമാൻഡിലാണ്. പത്തുവർഷത്തോളമായി ഇയാൾ പീഡനം തുടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തിയതിനടക്കം നിലവിൽ ആറുകേസുകളാണ് മനുവിനെതിരെയുള്ളത്. ഇയാൾ അറസ്റ്റിലായതോടെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അവയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്.
മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ സംഭവത്തിൽ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്പോൾ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടയം കടനാട് സ്വദേശി ജിനു എം.ജോയ് (36) ക്ക് 100 വർഷം തടവിനും 1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2018 മുതൽ 2021 വരെ പ്രതി നിരവധി തവണ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.
വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ വ്യാഴാഴ്ച എത്തിയപ്പോൾ അഭിമാനമായി വാണിയംകുളം സ്വദേശിയും. 10 വർഷമായി മർച്ചന്റ് നേവിയിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. വിഴിഞ്ഞത്തെത്തിയ സാൻഫെർണാഡോവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാണിയംകുളം അജീഷ് നിവാസിൽ പ്രജീഷ് ഗോവിന്ദരാജ് ജോലിക്ക് കയറിയത്.
ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ (ഇ.ടി.ഒ) ആയാണ് ജോലി ചെയ്യുന്നത്. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ നേട്ടത്തിൽ ഒരു ജീവനക്കാരനായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രജീഷ് പറഞ്ഞു. കപ്പലിൽ അഞ്ച് ഇന്ത്യക്കാരാണുള്ളത്. ശരണ്യയാണ് ഭാര്യ. രണ്ടുവയസ്സുകാരൻ വിഹാനാണ് മകൻ. അച്ഛൻ: ഗോവിന്ദ രാജ്, അമ്മ: ശശി പ്രഭ.
പത്താം ക്ലാസ് വരെ ടി.ആർ.കെ. ഹൈസ്കൂളിലും, പ്ലസ്‌ടു ചളവറ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. കുളപ്പുള്ളി ഐ.പി.ടിയിൽ നിന്ന് ഡിപ്ലോമയും പെരിന്തൽമണ്ണ എം.ഇ.എ.യിൽ നിന്ന് എൻജിനിയറിങ്ങും പൂർത്തിയാക്കി. മുംബൈയിൽ നിന്ന് മറൈൻ എൻജിനീയറിങ്ങും പൂർത്തിയാക്കി.
ഇടുക്കി പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഒ. മൊളൈസ് മൈക്കിളിനെ സസ്പെൻഡ് ചെയ്തു. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിളിന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളിൽ നിന്നാണ് വെടിപൊട്ടിയത്. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്.
ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് മൊളൈസിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്(ഇ.എസ്.ഐ.) പദ്ധതിയിൽ അംഗമാകാനുള്ള പരമാവധി ശമ്പളപരിധി 21,000 രൂപയിൽനിന്ന് 30,000 രൂപയാക്കി ഉയർത്തിയേക്കും. ഇതോടെ, രാജ്യത്ത് പുതുതായി ഒരുകോടി തൊഴിലാളികൾക്കുകൂടി പദ്ധതിയിൽ അംഗമാകാൻ അവസരമുണ്ടാകും. കേരളത്തിൽ അഞ്ചുലക്ഷത്തോളം പേർക്കുകൂടി ആനുകൂല്യം ലഭിക്കും. നിലവിൽ സംസ്ഥാനത്ത് ഏതാണ്ട് പത്തുലക്ഷം അംഗങ്ങളാണുള്ളത്.
ഇപ്പോഴത്തെ ശമ്പളപരിധി നിലവിൽവന്നത് 2017-ലാണ്. അതിനുശേഷം ശമ്പളം കൂടിയതുവഴി രാജ്യത്ത് 80 ലക്ഷത്തോളം പേർ പദ്ധതിയിൽനിന്ന് പുറത്തായി. ഏഴുവർഷത്തിനിടെ ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടും ഇ.എസ്.ഐ. പരിധി ഉയർത്തിയില്ല. കഴിഞ്ഞമാസംനടന്ന ഇ.എസ്.ഐ.യുടെ സ്ഥിരംസമിതിയോഗത്തിൽ 30,000 രൂപ ശുപാർശചെയ്യാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ബോർഡ് യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
ശമ്പളപരിധി 25,000 രൂപയാക്കാൻ 2014-ൽ നിർദേശിക്കുകയും അന്നത്തെ തൊഴിൽമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പിന്നീട് 2017-ൽ വിജ്ഞാപനമിറക്കിയപ്പോൾ 21,000 ആക്കി നിശ്ചയിക്കുകയായിരുന്നു. ശമ്പളപരിധി ഉയർത്തുക എന്നതിലുപരി, പി.എഫിന്റെ മാതൃകയിൽ, ഒരിക്കൽ അംഗമായവർക്ക് ജോലിയിലുള്ളിടത്തോളം ഇ.എസ്.ഐ.യിൽ തുടരാൻ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യമെന്ന് ബോർഡ് അംഗം എസ്. ദുരൈരാജ് പറഞ്ഞു.
ഇ.എസ്.ഐ.യുടെയും ഇ.പി.എഫിന്റെയും ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.എം.എസ്. പ്രതിനിധികൾ കഴിഞ്ഞദിവസം തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുമായി ചർച്ചനടത്തിയിരുന്നു. ഇ.എസ്.ഐ. ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ അനുകൂലനിലപാടാണ് മന്ത്രി സ്വീകരിച്ചത്. ആജീവനാന്ത അംഗത്വത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കില്ല.
ശമ്പളപരിധി ഉയർത്തുന്നതുസംബന്ധിച്ച് പരിശോധിക്കാൻ ഇ.എസ്.ഐ. കോർപ്പറേഷൻ കഴിഞ്ഞവർഷം ആറംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. അതിൽ അംഗമായിരുന്ന ബി.എം.എസ്. നേതാവ് വി. രാധാകൃഷ്ണൻ, ശമ്പളപരിധി 45,000 രൂപയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, 2017-നുശേഷം ഓരോ സംസ്ഥാനങ്ങളിലുമുണ്ടായ ശമ്പളവർധനയുടെ കണക്കെടുക്കണമെന്നാണ് തൊഴിലുടമകൾ ആവശ്യപ്പെട്ടത്.
ഇ.എസ്.ഐ. ആനുകൂല്യങ്ങൾ
ഇ.എസ്.ഐ. അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും പ്രതിവർഷം പത്തുലക്ഷംരൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക സാഹചര്യങ്ങളിൽ കൂടുതൽ തുക അനുവദിക്കും. അംഗങ്ങളുടെ ആകെ ശമ്പളത്തിന്റെ നാലുശതമാനമാണ് പദ്ധതിയിലേക്ക് വകമാറ്റുന്നത്. ഇതിൽ 0.75 ശതമാനം തൊഴിലാളിയും ബാക്കി 3.25 ശതമാനം തൊഴിലുടമയുമാണ് നൽകേണ്ടത്. രാജ്യത്ത് 159 ഇ.എസ്.ഐ. ആശുപത്രികളുണ്ട്. അതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടുമാണ് നടത്തുന്നത്.
തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്.
വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്.
അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.
കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍. ഇതിന്റെ കണക്കുകള്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേസിനായി ചെലവഴിച്ച വിസിമാരില്‍ നിന്ന് തുക തിരിച്ചു പിടിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്നും ആ പണം എപ്പോള്‍ ലഭിക്കുമെന്നും എത്ര തുക ലഭിച്ചു എന്നുള്ളതടക്കം രേഖാമൂലം ഇപ്പോഴത്തെ വിസിമാര്‍ രാജ്ഭവനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കേസിനായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കണ്ണൂര്‍ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ്. കേസ് നടത്താനായി അദേഹം 67 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം ചെലവഴിച്ചു.
സാങ്കേതിക സര്‍വകലാശാലയുടെ വിസി ഡോ. എം.എസ് രാജശ്രി ഒന്നരലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എം.കെ ജയരാജ് 4,25,000 രൂപ, കുസാറ്റ് വിസി ഡോ. മദുസൂധനന്‍ 77,500 രൂപ, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി. അനില്‍കുമാര്‍ ഒരു ലക്ഷം രൂപ, ശ്രീനാരായണ ഗുരു ഓപ്പണ്‍ യുണിവേഴ്സിറ്റി വിസി മുബാറക് പാഷ 53,000 രൂപ എന്നിങ്ങനെ സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചെലവഴിച്ചുവെന്നാണ് രാജ്ഭവന്റെ കണ്ടത്തല്‍.
സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്.
വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അതിനിടെ, കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുംതീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.
വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം സിങ്ക് (Zinc) ഗളിക നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് ഗളിക എന്നിവ സൗജന്യമായി ലഭ്യമാണ്.
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു.
മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.
ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.
ആഹാരം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.
ആഹാരസാധനങ്ങള്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.
വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ കുഞ്ഞുങ്ങളെ മലവിസര്‍ജ്ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
വയറിളക്ക രോഗമുള്ള കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകള്‍ കഴുകി, ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തില്‍ കുഴിച്ചിടുക.