കിടപ്പാടം ഒഴിപ്പിക്കുന്നത് തടഞ്ഞ വൃദ്ധദമ്പതികളെയും പെണ്മക്കളെയും ജയിലിലടച്ച് പൊലീസിന്റെ കൊടുംക്രൂരത. തിരുവനന്തപുരം ചിറയിന്കീഴിലാണ് വിലയാധാരം വാങ്ങി കരം അടിച്ചുതാമസിക്കുന്ന ഭൂമിയില് നിന്ന് കുടുംബത്തെ ഒഴിപ്പിക്കാന് ശ്രമിച്ചത്. റവന്യൂ അധികൃതരുടെ കൃത്യനിര്വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി.
പൊലീസ് ചെയ്ത കൊടും ക്രൂരതയുടെ നേര്ചിത്രമാണ് ഈ ദൃശ്യങ്ങള്. സര്ക്കാര് ഭൂമി കയ്യേറി താമസിച്ചെന്ന് ആരോപിച്ച് വൃദ്ധനേയും ഭാര്യയേയും മൂന്ന് പെണ്മക്കളെയും ഒരു കരുണയുമില്ലാതെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോയത്. തോട് പുറംമ്പോക്ക് കയ്യേറിയത് ഒഴിപ്പിച്ചതിന് തടസം നിന്നതിന് 82 കാരന് ജയിംസ് ഭാര്യ 72 കാരി തങ്കമ്മ എന്നിവരെയും മൂന്ന് പെണ്മക്കളേയും നാലു വയസുള്ള കുഞ്ഞിനേയും പൊലീസ് ജയിലിലാക്കി.
മൂന്ന് ദിവസം ജയിലറയില് കിടന്ന ശേഷം ജയിലില് നിന്ന് പുറത്തിറങ്ങിയ ഇവര് ഹാജരാക്കിയ രേഖകള് വലിയ ഗൂഡാലോചനയുടെ സൂചനകളാണ് നല്കുന്നത്. വിലയാധാരം വാങ്ങി കരം അടച്ച് താമസിച്ചിരുന്ന ഭൂമിയില് നിന്നാണ് ഇവരെ ഇറക്കി വിട്ടതെന്ന് രേഖകള് പറയുന്നു.
ചിറയന്കീഴ് തഹസീല്ദാര് ക്ലമന്റ് ലോപ്പസിന്റെ നിര്ദേശ പ്രകാരമായിരുന്ന പൊലീസ് നടപടി. അനധികൃത കയ്യേറ്റമാണെന്ന റവന്യൂ അധികൃതരുടെ കടുത്ത നിലപാടില് പൊലീസ് കണ്ണില് ചോരിയില്ലാതെ പെരുമാറുകയായരിന്നു. അയല്വാസിക്ക് ഭൂമി തട്ടിയെടുക്കാന് നടത്തിയ നാടകമായിരുന്നോ ഇതെന്നും സംശയമുണ്ട്.
രാഷ്ട്രീയത്തില് ഇറങ്ങി എംപിയായപ്പോഴും നാട്ടുകാര്ക്ക് ഏറെയിഷ്ടമുള്ള നടനും മനുഷ്യസ്നേഹിയുമാണ് സുരേഷ് ഗോപി. മനുഷ്യത്വവും സത്യസന്ധതയുമില്ലാത്ത രാഷ്ട്രീയ നേതാക്കള്ക്കിടയില് സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് അതുകൊണ്ട് തന്നെ. കഴിഞ്ഞദിവസം ചെങ്ങന്നൂരില് ഒരു പരിപാടിക്കിടെ ഉണ്ടായ സംഭവം അദേഹത്തിന്റെ മഹത്വം വീണ്ടും വിളിച്ചോതുന്നു. സംഭവം ഇങ്ങനെ-
ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്തില് കുടുംബസംഗമത്തില് പങ്കെടുക്കാന് എത്തിയതായിരുന്നു സുരേഷ് ഗോപി എംപി. കുടുംബ സംഗമത്തില് വെച്ച് പ്രദേശത്തു പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില് മികച്ച വിജയം നേടിയ വിദ്യാര്ത്ഥികള്ക്ക് ആദരവും നല്കി. എന്നാല് ബൂത്ത് ഭാരവാഹികള് ലിസ്റ്റ് വിളിച്ചപ്പോള് പത്താം ക്ലാസ് പരീക്ഷയില് മികച്ച വിജയം നേടിയ ആലക്കോട് മോഹനം വീട്ടില് കാവ്യയുടെ പേര് വിട്ടുപോയി.
സുരേഷ് ഗോപി മടങ്ങുന്ന വഴിക്ക് കാവ്യ വഴിയരികില് നിന്ന് പൊട്ടിക്കരയുന്നത് കണ്ടു. ഇതോടെ താരം ഒപ്പമുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് അവരും കാവ്യയെ വിട്ടുപോയ കാര്യം അറിയുന്നത്. ഒട്ടും വൈകിയില്ല കാവ്യയെയും അമ്മയെയും ഞെട്ടിച്ചു കൊണ്ട് ഉപഹാരവുമായി സുരേഷ്ഗോപി എം.പിയും കുട്ടിയുടെ വീട്ടിലെത്തി. പുരസ്കാരവും സമ്മാനിച്ച് കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് അദേഹം മടങ്ങിയത്.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാളില് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലുള്ള ഒരാള്ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കല് കോളജിലെ പ്രത്യേക നിരീക്ഷണ വാര്ഡില് പ്രവേശിപ്പിച്ചു. സാബിത്തിനേയും സാലിഹിനേയും ആദ്യഘട്ടത്തില് ചികിത്സിച്ച നേഴ്സ് ലിനിയും മരണപ്പെട്ടിരുന്നു.
മരിച്ച സഹോദരങ്ങളെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില് ചികിത്സിച്ച ഷിജി, ജിഷ്ണ എന്നീ നേഴ്സുമാരില് പ്രാഥമിക ലക്ഷണങ്ങള് കണ്ടെത്തിയിട്ടുണ്ട്. എന്നാല് ഇവരില് നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല് വൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില് മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള മറ്റുള്ളവരുടേയും സാമ്പിള് ശേഖരിച്ച് അയച്ചിട്ടുണ്ട്. റിപ്പോര്ട്ട് ലഭിച്ചിട്ടില്ല.
19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്പ്പെട്ടത്. അസാധാരണ മരണമായതിനാല് അന്നു തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോഴിക്കോട് ജില്ലയില് ആവശ്യമായ ഇടങ്ങളില് ഐസോലേഷന് വാര്ഡുകള് ഏര്പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില് സ്ഥിതിഗതികള് വിലയിരുത്തി വരുന്നു. ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശങ്ങള്ക്ക് അനുസരിച്ച് പ്രതിസന്ധി പരിഹരിക്കാന് എല്ലാവരും ഒരുമിച്ച് നില്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്ത്തനങ്ങള് ചര്ച്ച ചെയ്യുന്നതിന് കോഴിക്കോട് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില് യോഗം ചേര്ന്നു.
കണ്ണൂര്: മാഹിയിലെ പ്രാദേശിക സിപിഐഎം നേതാവ് കണ്ണിപ്പൊയില് ബാബു കൊല്ലപ്പെട്ട കേസില് അറസ്റ്റിലായ ആര്എസ്എസ് പ്രവര്ത്തകര് കുറ്റം സമ്മതിച്ചു. കേസില് അറസ്റ്റിലായ നിജേഷ് കൊലപാതകത്തില് നേരിട്ട് പങ്കെടുത്തയാളാണെന്ന് പുതുച്ചേരി പോലീസ് വ്യക്തമാക്കി. ജെറിന്, ശരത്ത് എന്നീ പ്രതികള് ബാബുവിനെ ആക്രമിച്ച സംഘത്തെ രക്ഷപെടാന് സഹായിച്ചവരാണെന്നും പോലീസ് കണ്ടെത്തി.
കേസിലെ ശേഷിക്കുന്ന പ്രതികളെ ഉടന് പിടികൂടുമെന്നും ഇവര്ക്കായുള്ള അന്വേഷണം ഊര്ജിതമായി നടക്കുകയാണെന്നും പുതുച്ചേരി പോലീസ് അറിയിച്ചു. വര്ഷങ്ങളായുള്ള പകയാണ് ബാബുവിനെ കൊലപ്പെടുത്താന് കാരണമെന്നാണ് പ്രതികള് പോലീസിനോട് വെളിപ്പെടുത്തിയത്. മുന്കൂട്ടി തയാറാക്കിയ പദ്ധതികള് പ്രകാരമാണ് കൊല നടത്തിയതെന്നും പിന്നീട് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും പ്രതികള് സമ്മതിച്ചു.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഇവര്ക്ക് കേസുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസില് പ്രതികളെന്ന് കരുതുന്നവരുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിനെ വീടിന്റെ സമീപത്തുവച്ച് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കൊച്ചി: സോളാര് കേസില് ഉമ്മന്ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള പരാമര്ശങ്ങള് സോളാര് കമ്മീഷന് റിപ്പോര്ട്ടില് നിന്ന് നീക്കംചെയ്തു. ഹൈക്കോടതിയുടേതാണ് നടപടി. സരിത കത്തിലൂടെ ഉന്നയിച്ച ലൈംഗികാരോപണങ്ങളാണ് നീക്കിയത്. ഇവ കമ്മീഷന്റെ പരിധിയില് വരുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്ട്ടില് നിന്ന് ഈ പരാമര്ശങ്ങള് നീക്കം ചെയ്ത കോടതി എന്നാല് അന്വേഷണത്തില് തടസമില്ലെന്നും വ്യക്തമാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്ശങ്ങളും ഒഴിവാക്കി വേണം റിപ്പോര്ട്ട് പരിഗണിക്കാനെന്നും തുടര് നടപടികളെടുക്കുകയോ വാര്ത്താക്കുറിപ്പുകള് നല്കുകയോ ചെയ്തിട്ടുണ്ടെങ്കില് അവ പുതുക്കണമെന്നും കോടതി അറിയിച്ചു.
സരിതയുടെ കത്ത് സോളാര് കേസില് കമ്മീഷന് പരിഗണനാ വിഷയമാക്കിയതോടെ സര്ക്കാര് ഏല്പ്പിച്ച പരിഗണനാ വിഷയങ്ങള് മറികടന്നുവെന്ന് ഹര്ജിയില് ഉമ്മന്ചാണ്ടി വ്യക്തമാക്കിയിരുന്നു. വിഷയത്തില് തിരുവഞ്ചൂര് രാധാകൃഷ്ണന് നല്കിയ ഹര്ജി തള്ളിയ കോടതി ഉമ്മന്ചാണ്ടിയുടെ ഹര്ജി ഭാഗികമായി അംഗീകരിക്കുകയായിരുന്നു.
കോഴിക്കോട്, രാമനാട്ടുകര ബൈപ്പാസില് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് നാലുപേര് മരിച്ചു. തിരൂര് താനാളൂര് മീനടത്തൂര് സ്വദേശികളായ മഠത്തില്പറമ്പില് സൈനുദ്ദീന് (55), വരിക്കോട്ടില് നഫീസ (52), വരിക്കോട്ടില് യാഹുട്ടി (60), വൈലത്തൂര് ഇട്ടിലാക്കല് സഹീറ (38) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേര് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
ചികിത്സയിലുള്ള സഹീറയുടെ കുട്ടികളായ സെഷ, ഷിഫിന് എന്നിവരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില് എതിര്ദിശയില് അമിത വേഗത്തില് വന്ന ലോറി ഇടിക്കുകയായിരുന്നു.
പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില് ഒരാള് തല്ക്ഷണം മരിച്ചു. മറ്റൊരാള് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര് ഗുരുതരാവസ്ഥയിലാണ്.
കണ്ണൂര്: പോലീസ് കസ്റ്റഡി മര്ദ്ദനത്തില് ഒരാള് കൂടി മരിച്ചതായി റിപ്പോര്ട്ട്. എടക്കാട് സ്വദേശിയായ ഓട്ടോഡ്രൈവര് ഉനൈസ് ആണ് മരിച്ചത്. ഭാര്യ പിതാവിന്റെ പരാതിയില് ഫെബ്രുവരി 21ന് കസ്റ്റഡിയില് എടുത്തിരുന്നു. പിന്നീട് 24ന് അവശനിലയില് തലശേരി സഹകരണ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് മര്ദ്ദനമേറ്റതായി ആശുപത്രി റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില് പെടുന്ന സ്ഥലത്താണ് കസ്റ്റഡി മരണം നടന്നിരിക്കുന്നത്. ഒരു സ്വകാര്യ വാര്ത്താ ചാനല് ആണ് വാര്ത്ത പുറത്തുവിട്ടത്.
ഉനൈസിന്റെ ബന്ധുക്കള് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കിയിട്ടുണ്ട്. മെഡിക്കല് ലീഗല് കേസായാണ് ആശുപത്രി അധികൃതര് പരിഗണിച്ചിരുന്നത്. ഇതുപ്രകാരം നാലു ദിവസത്തിനകം പോലീസ് ആശുപത്രിയില് എത്തി കേസ് പരിഗണിക്കണം എന്നാണ് നിയമം.
ആശുപത്രിയില് നിന്നും വീട്ടിലെത്തിയ ശേഷവും രണ്ടു മാസത്തോളം കിടപ്പിലായിരുന്നു ഉനൈസ്. മേയ് രണ്ടിനാണ് ഉനൈസ് വീട്ടില്വച്ച് മരണമടഞ്ഞത്. ഉനൈസിന്റെത് അസ്വഭാവിക മരണമാണെന്ന് കാണിച്ച് മാതാവ് സക്കീന പരാതി നല്കിയെങ്കിലും പോലീസ് തിരിഞ്ഞുനോക്കിയില്ല. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കിട്ടിയില്ലെന്ന മറുപടിയാണ് പോലീസ് നല്കിയത്. ഇതിനിടെ, തനിക്ക് ക്രൂരമര്ദ്ദനമേറ്റു എന്ന് കാണിച്ച് ഉനൈസ് തന്നെ എഴുതിയ കത്തും വീട്ടുകാര്ക്ക് ലഭിച്ചു. എസ്.പിക്കാണ് കത്ത് എഴുതിയിരിക്കുന്നത്.
തലശേരിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയിട്ടും ഉനൈസിന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് സഹോദരന് പറയുന്നു. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വരുന്ന അവസ്ഥയായിരുന്നു. ഏഴ് പോലീസുകാരും എസ്.ഐയും ചേര്ന്നാണ് ഉനൈസിനെ മര്ദ്ദിച്ചതെന്നും സഹോദരന് പറയുന്നു. നിര്ധന കുടുംബമാണ് ഇവരുടേത്. ഉനൈസ് മരിച്ചതോടെ കുടുംബം അനാഥമായി.
ചെങ്ങന്നൂര്: ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് (90) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമണ്മഠം വസതിയില് ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദീര്ഘകാലം ശബരിമല തന്ത്രിയായി സേവനമനുഷ്ഠിച്ച കണരര് മഹേശ്വരര് നിരവധി മറ്റു ക്ഷേത്രങ്ങളിലും തന്ത്രിയായി പ്രവര്ത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
1928 ജൂലായ് 28നായിരുന്നു ജനനം. കേരളത്തിനകത്തും പുറത്തുമായി 500 ഓളം ക്ഷേത്രങ്ങളിലായി പ്രതിഷ്ഠ നടത്തിയിട്ടുള്ള കണ്ഠരര് മഹേശ്വരര്ക്ക് 700 ഓളം ക്ഷേത്രങ്ങളില് താന്ത്രികാവകാശമുണ്ട്. ശബരിമലയിലെ താന്ത്രിക ചുമതല പരമ്പരാഗതമായി താഴമണ് കുടുംബത്തിനാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്ന്ന് കുറച്ചുകാലമായി കൊച്ചുമകന് കണ്ഠരര് മഹേഷ് മോഹനര് ആണ് ശബരിമലയില് തന്ത്രിക ചുമതല നിര്വഹിക്കുന്നത്.
ശബരിമല തന്ത്രിയായിരുന്ന മകന് കണ്ഠരര് മോഹനര് മകനാണ്. മുന് തന്ത്രി കണ്ഠരര് രാജീവരര് സഹോദര പുത്രനും രാഹുല് ഈശ്വര് മകളുടെ മകനുമാണ്.
കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ കൊച്ചിയില് പോസ്റ്ററുകള്. കര്ദിനാള് സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ പളളികള്ക്ക് മുന്നില് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്.
ആര്ച്ച് ഡയോസിയന് മൂവ്മെന്റിന്റെ പേരിലാണ് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്. ഭൂമി കുംഭകോണം നടത്തിയ കര്ദിനാള് സ്ഥാനമൊഴിയണമെന്നാണ് പോസ്റ്ററില് ആവശ്യപ്പെടുന്നത്. പളളികള്ക്ക് മുന്നിലും പൊതു ഇടങ്ങളിലും പോസ്റ്ററുകള് പതിച്ചിട്ടുണ്ട്. ഭൂമിയിടപാടില് ക്രിമിനല് ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന എന്നിവ നടന്നുവെന്നും പോസ്റ്റര് ആരോപിക്കുന്നു.
കെസിബിസിയുടെ നേതൃത്വത്തില് വിശുദ്ധ വാരാചരണത്തില് വിമത വിഭാഗവമായി സമവായ നീക്കം നടത്തിയിരുന്നു. വിമത വിഭാഗത്തിന് ഒരു വിഭാഗം വൈദികരുടെ പിന്തുണയുമുണ്ട്. കോട്ടപ്പടി ഭൂമി വില്പ്പനയെ ചൊല്ലി സീറോ മലബാര് സഭവൈദികര്ക്കിടയില് വീണ്ടും ഭിന്നത ഉടലെടുത്തിരുന്നു. വൈദിക സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര് സഭാ സിനഡിന് കഴിഞ്ഞ ദിവസം പരാതി നല്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിശ്വാസികളുടെ പേരില് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്.
മലപ്പുറം: സിനിമ തിയേറ്ററിനുള്ളിലെ ബാലപീഡനത്തില് പൊലീസ് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. മകളെ മൊയ്തീന്കുട്ടി ലൈംഗികമായി പീഡിപ്പിക്കുന്നത് താന് അറിഞ്ഞിട്ടില്ലെന്നാണ് ഇവര് പൊലീസിനോട് പറഞ്ഞത്.
മൊയ്തീന്കുട്ടിയെ പരിചയമുണ്ടെന്നും എന്നാല് തങ്ങള് ഒന്നിച്ചല്ല സിനിമ കാണാന് വന്നതെന്നുമായിരുന്നു പെണ്കുട്ടിയുടെ അമ്മ ആദ്യം മൊഴി നല്കിയത്. എന്നാല് അമ്മയുടെ അറിവോടെയാണ് കുട്ടിക്ക് നേരേ പീഡനം ഉണ്ടായതെന്നും കേസില് അമ്മയേയും പ്രതി ചേര്ക്കണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ അടക്കമുള്ളവര് ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ വിഷയത്തില് അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി റിപ്പോര്ട്ടുകളുണ്ട്. പീഡനത്തിന് കൂട്ടു നിന്ന കേസിലാണ് കേസെടുത്തതെന്നാണ്പൊലീസില് നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം ആരോപണങ്ങള് നിഷേധിക്കുന്ന അമ്മയുടെ മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന് കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.കുട്ടിയെ പ്രതി ഇതിനുമുമ്പും പീഡനത്തിന് ഇരയാക്കിയതായി ഇയാള് സമ്മതിച്ചിട്ടുണ്ട്.
പെണ്കുട്ടിയെ ഇപ്പോള് റസ്ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.