Kerala

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ശുഹൈബ് വധം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാളാണ് പിടിയിലായ ആകാശ് തില്ലങ്കേരി, പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും പി. ജയരാജന്‍ പറഞ്ഞു.

അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞു. കളക്ടര്‍ വിളിച്ചത് കൊണ്ടുമാത്രമാണ് സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയത് എന്നാല്‍ യോഗം തകര്‍ക്കാനുള്ള ബാലിശമായ നീക്കമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന ഉണ്ടായതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു.

കോണ്‍ഗ്രസ് ജന പ്രതിനിധികളെ വിളിക്കാതെ നടത്തിയ സമാധാന യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമെ ഇനി പങ്കെടുക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിൽ ചാടിയ ഒറ്റപ്പാലം സ്വദേശി മുരുകനെ ജീവനക്കാർ ചേർന്ന് സാഹസികമായി രക്ഷിച്ചു. 15 അടി താഴ്ചയുള്ള കിടങ്ങിൽ ചാടിയിറങ്ങി സിംഹത്തിനടുത്തെത്തിയ മുരുകനെ പിന്തിരിപ്പിക്കാൻ ജീവനക്കാർ 20 മിനിറ്റോളം ശ്രമിച്ചെങ്കിലും തിരിച്ചു കയറാൻ തയ്യാറാകാതെ വന്നതോടെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷിക്കുകയായിരുന്നു.

രണ്ട് വയസു പ്രായമുള്ള ഗ്രെസിയെന്ന പെണ്‍ സിംഹത്തിന്റെ കൂട്ടിലാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചയാൾ ഇറങ്ങിയത്. 20 മിനിറ്റിനു ശേഷം സിംഹത്തിന്റെ ശ്രദ്ധ തിരിച്ച ശേഷമാണ് രക്ഷ പ്രവർത്തനം നടത്തിയത്.

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപ്പിടിപ്പുള്ള സാധനസാമഗ്രികള്‍ നഷ്ടപ്പെടുന്നത് പതിവാകുന്നു. എയര്‍ ഇന്ത്യാവിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോടെത്തിയ അഞ്ചുപേരുടെ ബാഗുകളില്‍ നിന്ന് പണവും പാസ്പോര്‍ട്ടും ഉള്‍പ്പെടെ സാധനങ്ങള്‍ കാണാതായി.
വിമാനത്താവളത്തിനകത്തെ ബഹളം വാട്സപ്പില്‍ വയറലായതോടെ സംഭവം പുറം ലോകമറിഞ്ഞു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പണവും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളും നഷ്ടമായവര്‍ തുടങ്ങി പരാതിക്കാരും മറ്റ് യാത്രക്കാരും വിമാനത്താവളത്തിനകത്ത് പ്രതിഷേധിക്കുകയായിരുന്നു. സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ പരാതിയുമായി എയര്‍ ഇന്ത്യാ അധികൃതരെ കണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൈമടക്കി കസ്റ്റംസിലും പരാതിപ്പെട്ടു കാര്യമുണ്ടായില്ല. ഒടുവില്‍ എയര്‍പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്‍കി യാത്രക്കാര്‍ പുറത്തിറങ്ങി

എയര്‍ ഇന്ത്യാ അധികൃതര്‍ ദുബായ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുബായില്‍ വെച്ച് സംഭവിച്ചതാകാമെന്നാണ് അധികൃതരുടെ നിലപാട്. കസ്റ്റംസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയില്‍. ദുബായില്‍ ഒഴികെ മറ്റൊരിടത്തും പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് ദുബായ് ഹോള്‍ഡിങ്സ് കമ്പനി തീരുമാനിച്ചതിനേത്തുടര്‍ന്നാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമായേക്കും. കൊച്ചി സ്മാര്‍ട് സിറ്റി ദുബായിലെ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം പകുതിയോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സ് കമ്പനിയുടെ പുതിയ മാനേജ്‌മെന്റ് അധികാരത്തിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.

ദൂബായ് ഒഴികെയുള്ള മേഖലകളില്‍ തുടരുന്ന സ്മാര്‍ട് സിറ്റി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചതോടെ കേരളത്തിലെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയില്‍ കമ്പനി നടത്തുന്ന സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. 2004-ലാണ് ദുബായ് ഹോള്‍ഡിങ്സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ.ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം ആരംഭിച്ചത്.

മാള്‍ട്ട, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്സും ഒപ്പിട്ടത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് അതിന്റെ ഉദ്ഘാടനവും നടന്നിരുന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണ് പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.

ന്യൂഡല്‍ഹി: നവ മാധ്യമങ്ങളില്‍ വൈറലായ അഡാറ് ലവിലെ മാണിക്ക മലരായ പൂവിയെന്ന് ഗാനത്തിനെതിരായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്ത് സുപ്രീം കോടതി.  നടി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹൈദരാബാദിലും ഔറംഗബാദിലുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍ന്ന് നടപടികള്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

അഡാറ് ലവിലെ ഗാനത്തിനെതിരെ ഭാവിയില്‍ രാജ്യത്ത് ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വാദം കേട്ട കോടതി ആരാഞ്ഞു. യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പരമോന്നത നീതി പീഠത്തെ നേരിട്ട് സമീപിച്ചെതെന്ന് പ്രിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഗാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഡാറ് ലവിലെ സംവിധായകനും നടി പ്രിയ വാര്യര്‍ക്കും എതിരെയാണ് ഹൈദരാബാദിലും ഔറംഗബാദിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഗാനത്തിലെ വരികള്‍ എന്നാരോപിച്ചായിരുന്നൂ കേസുകള്‍.

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയായ കാസര്‍കോട് കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയായ രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് കുത്തേറ്റ് മരിച്ചത്.

അതേ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് (23) ആണ് അക്ഷതയെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച നാലു മണിയോടെ സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം. എന്നും കോളേജ് വിട്ട് വീട്ടിലേക്ക് വരുന്ന അക്ഷത ബസ് പണിമുടക്കായതിനാല്‍ നേരത്തെ കോളേജില്‍ നിന്ന് ഇറങ്ങിയിരുന്നു. കോളജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന കാര്‍ത്തിക് വയറിന് കുത്തുകയായിരുന്നു. കുത്തേറ്റു വീണ അക്ഷതയെ ആദ്യം കെ വി ജി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

ഏലിമല നാരായണകജ സ്വദേശിയാണ് കാര്‍ത്തിക്. മൃതദേഹം സുള്ള്യ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ദേവകിയാണ് അക്ഷതയുടെ അമ്മ. ഒരു സഹോദരിയുണ്ട്.

ജനജീവിതം ദുസ്സഹമാക്കി അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ച നടപടിയെ ട്രോളി സായഹ്നപത്രമായ രാഷ്ട്രദീപക. ട്രോളന്‍മാര്‍ ഫേസ്ബുക്കില്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന രസകരമായി തലക്കെട്ടോടു കൂടിയാണ് രാഷ്ട്രദീപിക വാര്‍ത്ത നല്‍കിയിരിക്കുന്നത്. രാഷ്ട്ര ദീപികയുടെ ട്രോളിന് വന്‍ പ്രചാരമാണ് നവ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമായ രമണ്‍ പറയുന്ന ഡയലോഗ് ഉപയോഗിച്ചായിരുന്നു ട്രോള്‍.

ഞങ്ങള്‍ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നു. എന്നിട്ട്?
മര്യാദയ്ക്കു നിരക്കു കൂട്ടാന്‍ പറഞ്ഞു, എന്നിട്ട്?
അപ്പോ അങ്ങേരു പറ്റില്ലെന്നു പറഞ്ഞു.. അപ്പൊ?
അപ്പൊ ഒരു തീരുമാനമായില്ലേ എന്നാണ് ട്രോള്‍.

സ്വകാര്യ ബസുടമകളെ ട്രോളിയ ഡയലോഗ് സോഷ്യല്‍ മീഡിയെ ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രദീപികയുടെ കണ്ണൂര്‍ സബ് എഡിറ്റര്‍ കെ.പി ഷൈജുവിന്റെയാണ് തലക്കെട്ടില്‍ ട്രോള്‍ നല്‍കാനുള്ള ആശയം.

കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.

ഇന്നലെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ വെച്ച് പിടിയിലായ ഇയാളെ ആദ്യം സംശയമൊന്നും തോന്നാതിരുന്ന പോലീസ് പിന്നീട് ശരീരം പരിശോധിച്ചപ്പോള്‍ 16 കുപ്പി വിദേശമദ്യം അരക്കെട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ന്യൂഡല്‍ഹി: വീട്ടു തടങ്കലിലായിരുന്ന സമയത്ത് തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാതാപിതാക്കള്‍ക്കെതിരെ ഹാദിയ ആരോപണമുന്നയിച്ചത്. ഇക്കാര്യം താന്‍ പോലീസില്‍ അറിയിച്ചെന്നും തെളിവ് നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ജില്ലാ പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ പറഞ്ഞു.

താന്‍ കൊല്ലപ്പെടാന്‍ ഇടയുണ്ടെന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു. അമ്മ തയ്യാറാക്കിയിരുന്ന ഭക്ഷണമാണ് വീട്ടില്‍ കഴിച്ചിരുന്നത്. ഒരു ദിവസം രാവിലെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ താന്‍ അടുക്കളയിലെത്തി. പാചകത്തിനിടയില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് താന്‍ കണ്ടുവെന്നും ഹാദിയ പറഞ്ഞു. ഇതിനു ശേഷം താന്‍ സ്വന്തമായി പാചകം ചെയ്ത് കഴിക്കുകയായിരുന്നു പതിവെന്നും ഹാദിയ വ്യക്തമാക്കി.

വീട്ടില്‍ തനിക്ക് വലിയ പീഡനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. രാഹുല്‍ ഈശ്വര്‍ തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുവാദമില്ലാതെയായിരുന്നെന്നും അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണെന്നും അവരെയും തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഇത് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.

അഞ്ച് ദിവസമായി ജന ജീവിതം കഷ്ടത്തിലാക്കി സ്വകാര്യ ബസുടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം, മിനിമം ചാര്‍ജ് 10 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച സമരം ഒടുവില്‍ ബസുടമകള്‍ക്ക് പിന്‍വലിക്കേണ്ടി വരുകയായിരുന്നു. സമരത്തില്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ബസുടമകള്‍ക്ക് അംഗീകരിക്കേണ്ടി വന്നു.

പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്ന സര്‍ക്കാര്‍ ഭീഷണിയെത്തുടര്‍ന്നാണ് സമരം നിര്‍ത്താന്‍ ബസുടമകള്‍ നിര്‍ബന്ധിതരായത്. വിഷയത്തില്‍ ബസുടമകളെ കളിയാക്കി നിരവധി ട്രോളുകളാണ് നവ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സമരം നിര്‍ത്തിയതിന്റെ പേരില്‍ കുട്ടികളോട് തങ്ങളെ നോക്കി ചിരിക്കരുതെന്ന് പറയണമെന്ന് ട്രോളുകള്‍ കളിയാക്കുന്നു.

ചില ട്രോളുകള്‍ കാണാം;

 

RECENT POSTS
Copyright © . All rights reserved