Kerala

തിരുവനന്തപുരം: കേരള കോണ്‍ഗ്രസും കെ.എം.മാണിയുമായി സഹകരിക്കുന്ന വിഷയത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മറ്റൊരു മുന്നണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം ചര്‍ച്ചയാകും.

മാണിയുമായി സഹകരിക്കുന്നത് കേരളത്തിലെ മാത്രം പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്നാണ് അനുയോജ്യമായ തീരുമാനമെടുക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോഴിക്കോട്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും എംടി പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.

തന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കരുതെന്നായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കുറിപ്പ് ഒരു വിദ്യാര്‍ത്ഥി കൈമാറിയതിനെത്തുടര്‍ന്നാണ് നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി ചുള്ളിക്കാട് രംഗത്തെത്തിയത്.

ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ ചുള്ളിക്കാടിന്റെ വാദത്തെ എതിര്‍ത്തു. എല്ലാവരും ഇത്തരം പ്രസ്താവനകള്‍ ഇറക്കിയാല്‍ ഭാഷ എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യമാണ് രാധാകൃഷ്ണന്‍ ഉന്നയിച്ചത്.

കണ്ണൂര്‍: വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് സിഐടിയു തൊഴില്‍ വിലക്കിയത്. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ബൈക്കിലെത്തിയ അജ്ഞാതരാണ് വീടിന് കല്ലെറിഞ്ഞത്.

സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്.  സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.

എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഐഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.

ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഐഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന് ശുഹൈബിനെ വധിച്ച കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണവുമായി കെ.സുധാകരന്‍. കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ കഴിയുന്ന ആകാശിനെ കാണാന്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് അധികൃതര്‍ സൗകര്യമൊരുക്കുന്നതായും യുവതി ആകാശിനൊപ്പം പകല്‍ മുഴുവന്‍ ചെലവഴിച്ചതായും സുധാകരന്‍ ആരോപിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ആകാശിന് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും ആകാശിന്റെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു. ജയിലില്‍ എല്ലാ സ്വാതന്ത്ര്യവും ആകാശിനുണ്ട്. മൂന്ന് ദിവസങ്ങളായി പല തവണ ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരമൊരുക്കി.

ഇത് കൂടാതെ മറ്റു പല സഹായങ്ങളും ആകാശിന് ജയിലധികൃതര്‍ നല്‍കുന്നുണ്ട്. ശുഹൈബ് വധക്കേസ് പ്രതികളെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് സ.ിപി.പി.ഐ.എമ്മിന്റെ എല്ലാ വിധ പിന്തുണയും ലഭിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മലപ്പുറം: കേരളത്തിലും ദുരഭിമാനക്കൊല. മലപ്പുറത്ത് ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയ യുവതിയെ വിവാഹത്തലേന്ന് പിതാന് കുത്തിക്കൊലപ്പെടുത്തി. അരീക്കോട് പൂവത്തിക്കണ്ടിയിലാണ് സംഭവം. ആതിര രാജന്‍ (22) ആണ് കൊല്ലപ്പെട്ടത്. ബ്രിജേഷ് എന്ന യുവാവുമായി ആതിരയുടെ വിവാഹം ഇന്ന് നടക്കാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

ആതിരയുടെ പിതാവ് രാജന് ഈ വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. പിന്നീട് ഇയാളുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. ഇന്നലെ വീണ്ടും വിവാഹത്തിലുള്ള അനിഷ്ടം ഇയാള്‍ പ്രകടിപ്പിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലയില്‍ അവസാനിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന്‍ വലിച്ചിറക്കി കുത്തിവീഴ്ത്തുകയായിരുന്നു.

അതേസമയം ആതിരയുടെ പിതാവ് ഈ വിവാഹത്തിന് സമ്മതിച്ചത് പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണെന്ന് പ്രതിശ്രുത വരനായി ബ്രിജേഷ് പറഞ്ഞു. വിവാഹം തീരുമാനിച്ച ശേഷവും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തങ്ങളുടെ ബന്ധം സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു രാജന്‍.

ഇതേത്തുടര്‍ന്ന് ആതിര കുറച്ചുകാലം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് തങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ പോയി സംസാരിക്കുകയും വിവാഹത്തിയതിയടക്കം തീരുമാനിച്ചത് പോലീസ് മേല്‍നോട്ടത്തിലായിരുന്നെന്നും ബ്രിജേഷ് വെളിപ്പെടുത്തി.

കൊച്ചിയിൽ ലസി നിർമാണകേന്ദ്രത്തിൽ അതീവ വൃത്തിഹീനമായി കണ്ടെത്തിയ നിർമാണ ഉത്പന്നങ്ങൾ നശിപ്പിക്കാൻ ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് മാറ്റി. കൊച്ചി നഗരത്തിലെ നാൽപതോളം ചില്ലറ വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇതരസംസ്ഥാനക്കാരുടെ നേത്യത്വത്തിൽ പുഴുക്കൾ നുരയ്ക്കുന്ന അന്തരീക്ഷത്തിൽ ലസി ഉണ്ടാക്കുന്നത് പുറംലോകം അറിഞ്ഞത്.

ഡ്രൈ ഫ്രൂട്ട് ലസി നിർക്കാനുള്ള ഉത്പന്നങ്ങളാണ് പുഴു അരിയ്ക്കുന്ന ഈ പായ്ക്കറ്റിൽ ഉള്ളത്. ഈന്തപ്പഴത്തിനകത്ത് മുഴുവൻ പുഴുക്കൾ. നായയുടെ വിസർജ്യത്തിനൊപ്പമാണ് ചോക്ലേറ്റ് ലസിക്ക് ഉപയോഗിക്കുന്ന പൊടിയുടെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. പിസ്ത, സ്ട്രോബറി, വാനില തുടങ്ങിയ കൊതിയൂറുന്ന ഫ്ളേവറുകൾ തൈരിൽ കലക്കി നഗരത്തിലെ ചില്ലറ ഒൗട്‌ലറ്റുകളിലേക്ക് വിൽപനയ്ക്കായി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെ. വിവിധ പേരുകളിലുള്ള ലസി വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. പൊള്ളാച്ചിയില്‍ നിന്നെത്തിക്കുന്ന പാക്കറ്റ് പാലാണ് ലസിക്കായി ഉപയോഗിക്കുന്നത്. പാലിന്റേയും സിന്തറ്റിക് പൗഡറുകളുടേയും കൂടുതൽ സാമ്പിളുകളും പരിശോധനയ്ക്കായ് ശേഖരിച്ചു. യാതൊരു ലൈസൻസുമില്ലാതെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ മുഴുവൻ ലസി വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തീരുമാനം. ലസി വിൽപനയിൽ നികുതിവെട്ടിപ്പ് നടക്കുന്നതായി ജിഎസ്ടി വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി: കൊച്ചിയിലെ കറുകപ്പിള്ളിക് സമീപത്തുള്ള പാല്‍, തൈര് തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ കോര്‍പറേഷന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖമായ പല ലെസ്സി ഷോപ്പുകളിലും ആവശ്യമായ പാല്‍, തൈര്, ഫ്‌ളേവറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്.

അബ്ദുള്‍ ഷുക്കൂര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ സ്ഥാപനത്തില്‍ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പട്ടിക്കാട്ടം വരെ മുറിയില്‍ ഉള്ളതായി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

https://www.facebook.com/abdul.shukkoor.712/videos/1734554099974791/

 

https://www.facebook.com/abdul.shukkoor.712/videos/1734554879974713/

അബ്ദുള്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്;

#ലസ്സി ലവേഴ്സ് ഇവിടെ വരൂ….

എറണാകുളം സിറ്റിയിലെ പുതിയ ട്രെന്‍ഡ് ആയ ലസ്സി ഷോപ്പുകളിലേക് തൈര്, പാല്‍, ഫ്ളെവേഴ്‌സ് തുടങ്ങിയവ ഡിസ്ട്രിബൂട് ചെയ്യുന്ന സ്ഥലത്ത് (കറുകപ്പിള്ളിക് സമീപം) നേരിട്ട് പോയ കണ്ട കാര്യങ്ങള്‍ എല്ലാവര്‍ക്കും ആയിട്ട് സമര്‍പ്പിക്കുന്നു. കുഞ്ഞു കുട്ടികള്‍ വരെ കുടിക്കുന്ന ഇത്,ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ ഇവന്മാര്‍ക് എങ്ങനെ തോന്നുന്നു….

വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് ലസ്സി നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്…
നായ കാഷ്ടം മുതല്‍ എല്ലാത്തരം വെസ്റ്റുകള്‍ ഇതിനകതുണ്ട്…

അസഹ്യമായി ചീഞ്ഞു നാറുന്നുണ്ട് ഇവിടെ മുഴുവന്‍, ബാത്‌റൂമും തൈര് കടയുന്നതും എല്ലാം ഒരുമിച്ചു ആണെന്ന് തോന്നുന്നു,
തൈര് നിറച്ച കന്നാസ് നിലത്തു മറിഞ്ഞു വീണത് തിരിച്ചു അതിലേക്ക് തന്നെ ആക്കിയതിന്റെ അടയാളങ്ങള്‍ ഇവിടെ കാണാനുണ്ട്…

കോര്‍പറേഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വന്നു എല്ലാം ക്സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇനിയും ലസ്സി കുടിക്കണം എന്ന് തോന്നുന്നവര്‍ ഇതൊക്കെ ഒന്ന് കാണുക.

21/03/18 8:00
Abdul Shukkoor
ഇനി തീരുമാനിക്കുക…
Share max….

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്രൂരപ്രവര്‍ത്തി ചെയ്ത ചെറുമകള്‍ ദീപയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ കണ്ട പോലീസ് ദീപക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദീപയുടെയും രണ്ട് പ്രായമായ അമ്മമാരുടെയും ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിത സാഹചര്യത്തിലാണ് ദീപയുടെ രണ്ട് മക്കളും പ്രായമായ അമ്മയും മുത്തശ്ശിയും ജീവിക്കുന്നത്.

എട്ടു വര്‍ഷം മുന്‍പാണ് ദീപയെയും മക്കളെയും തനിച്ചാക്കി ഭര്‍ത്താവ് നാടുവിട്ടു പോകുന്നത്. ഇതിനു ശേഷം ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റി ജീവിക്കുകയാണ് ദീപ. അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്തത് കൊണ്ട് ടൗണിലെ തയ്യല്‍ കടയിലുണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ വിടീന്റെ ഏക വരുമാനം അമ്മയ്ക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ്. തുച്ഛമായ ഈ തുകകൊണ്ട് ഒരു കൂടുംബം മുന്നോട്ട് കൊണ്ടു പോകുക അസാധ്യമാണ്. പട്ടിണിയിലാണെന്ന് കണ്ടറിഞ്ഞ് ആരെങ്കിലും തരുന്ന സഹായമാണ് പലപ്പോഴും ഇവരുടെ വിശപ്പകറ്റിയിരുന്നത്.

മുത്തശ്ശിയെ മര്‍ദ്ദിച്ച ദിവസം അയല്‍വാസിയായ ഒരാളുമായി ദീപ വഴക്കിട്ടിരുന്നു. പ്രശ്‌നം കയ്യാങ്കളി വരെയെത്തി. ആ സമയത്തുണ്ടായ പ്രകോപനമാണ് മുത്തശ്ശിയോട് അത്തരത്തില്‍ പെരുമാറാന്‍ ദീപയെ പ്രേരിപ്പിച്ചത്. സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ദീപയെപ്പറ്റി നല്ലതു മാത്രമാണ് മുത്തശ്ശി പറഞ്ഞത്. മകള്‍ ചെയ്ത തെറ്റിന് ആ അമ്മ മാപ്പ് നല്‍കി കഴിഞ്ഞിരുന്നു. മൂവരും ഇപ്പോള്‍ അത്താണിയിലെ അഗതി മന്ദിരത്തിലാണ് താമസം. ലീഗല്‍ അതോറിറ്റിയാണ് ഇവരെ അവിടെയെത്തിച്ചിരിക്കുന്നത്. ഇനി ഇവര്‍ക്ക് ആവശ്യം അടച്ചുറപ്പുള്ള ഒരു വീടും ദീപയ്ക്ക് കുടുംബം പോറ്റാന്‍ കഴിയുന്ന ജോലിയുമാണ്. അത് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് ചോദ്യം?

കേരളത്തിന്റെ ഔദ്യോഗിക ഫലം ഇനി ചക്ക. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.

ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.

Related image

പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനവും നശിച്ചു പോകുന്നു. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാല്‍, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്‌കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച്‌ ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്‌, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്‌, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.

ഹൈമാവതിയെക്കുറിച്ച്‌ നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.

 

Copyright © . All rights reserved