കണ്ണൂര്: കണ്ണൂരില് വീണ്ടും സിപിഎം-ബിജെപി സംഘര്ഷം. എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം ഇന്നലെ രാത്രിയാണ് സംഘര്ഷമുണ്ടായത്. സിപിഎം പ്രവര്ത്തകരായ ഷമില്, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്ക്കു ബോംബേറില് പരുക്കേറ്റു. സ്കൂളിന് സമീപത്ത് വെച്ച് സിപിഎം- ബിജെപി പ്രവര്ത്തകര് വാക്കേറ്റത്തില് ഏര്പ്പെട്ടിരുന്നു. തുടര്ന്ന് ഇരു വിഭാഗത്തിലെ പ്രവര്ത്തകരും പിരിഞ്ഞുപോവുകയും ചെയ്തു.
രാത്രി വൈകി വീടുകളിലേക്ക് പോകുകയായിരുന്ന ഷമില്, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്ക്ക് നേരെ രണ്ട് ബൈക്കുകളിലെത്തിയ സംഘം ബോംബെറിയുകയായിരുന്നു. മൂന്നുപേര്ക്കും സാരമായി പരിക്കേറ്റതായിട്ടാണ് സൂചന. ഇവരെ ഉടന് തന്നെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞവര് ബിജെപി പ്രവര്ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
അതേസമയം പിന്നീടുണ്ടായ സംഘര്ഷത്തില് മൂന്ന് ബിജെപി പ്രവര്ത്തകര്ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ജുനാഥ്, ആദര്ശ്, പ്രശാന്ത് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ സിപിഎം പ്രവര്ത്തകര് മര്ദ്ദിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സംഭവ സ്ഥലത്ത് സംഘര്ഷ സാധ്യത നിലനില്ക്കുന്നതിനാല് വന് പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.
ശ്രീകണ്ഠപുരം (കണ്ണൂര്) : വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില് കമിതാക്കളെ മരിച്ചനിലയില് കണ്ടെത്തി. പാപ്പിനിശ്ശേരി ധര്മ്മകിണറിനടുത്ത് ടി.കെ. ഹൗസില് വിനോദ് കുമാറിന്റെ മകന് കമല് കുമാര് (23), പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയപുരയില് രമേശന്റെ മകള് പി.പി. അശ്വതി(20) എന്നിവരെയാണ് മരിച്ചനിലയില് കണ്ടെത്തിയത്.
ശശിപ്പാറയില് നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരിക്കണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിയാണ് അശ്വതി. ചൊവ്വാഴ്ച രാവിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് പോകണമെന്ന് പറഞ്ഞ് വീട്ടില് നിന്ന പോയ അശ്വതി തിരിച്ചെത്തിയില്ലെന്ന് കാണിച്ച് അമ്മാവന് രാജേഷ് വളപട്ടണം പോലീസില് പരാതി നല്കിയിരുന്നു. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കമല്കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. മൊബൈല് ഫോണ് പരിശോധിച്ചപ്പോള് ഇരിട്ടി മേഖലയിലുളളതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെ.എല്.13 എ.ഡി. 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയതോടെ നാട്ടുകാര് നടത്തിയ തെരച്ചിലില് ശശിപ്പാറ വ്യൂ പോയിന്റിനു താഴെയുള്ള വനാന്തരത്തിലെ കൊക്കയില് ഇരുവരുടെയും മൃതദേഹങ്ങള് കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള് യുവതിയുടെ ഷാള് ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്.
പയ്യാവൂര്, ശ്രീകണ്ഠപുരം, വളപട്ടണം പോലീസും ഇരിട്ടിയില് നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്ന്നാണ് മൃതദേഹങ്ങള് പുറത്തെടുത്തത്. ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി പരിയാരം മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കെവിന് കൊലപാതകക്കേസില് പ്രതി ഷാനുവിന്റെ അമ്മാവന്റെ മകന് നിയാസ് ചെയ്ത ജോലി ഡ്രൈവറുടേയും സംഘാടകന്റെയും. സര്വീസിലിരിക്കെ ആത്മഹത്യ ചെയ്ത പിതാവിന്റെ ജോലി ആശ്രിത നിയമനമായി കയ്യില് കിട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു നിയാസ് പ്രതിയായത്. ഒരു മാസം മുമ്പായിരുന്നു നിയാസിന്റെ പിതാവ് നാസിറുദ്ദീന് ആത്മഹത്യ ചെയ്തത്.
അനീഷിന്റെ വീടാക്രമിക്കാനും കെവിനെ തട്ടിക്കൊണ്ടു പോകാനുമുള്ള ഷാനുവിന്റെയും പിതാവിന്റെയും പദ്ധതിയില് സംഘാടകന്റെയും ഡ്രൈവറുടേയും ജോലിയായിരുന്നു നിയാസിന്. കെഎസ്ആര്ടിസി യില് ആശ്രിത നിയമനത്തിനായി അപേക്ഷ സമര്പ്പിച്ച് പോലീസ് ക്ളീയറന്സിനായി ദിവസങ്ങള്ക്ക് മുമ്പാണ് നിയാസ് തെന്മല പോലീസ് സ്റ്റേഷനില് എത്തിയത്. ഒട്ടേറെ അടിപിടി സംഭവങ്ങളില് ഉള്പ്പെട്ടിട്ടുണ്ടെങ്കിലും ഡിവൈഎഫ് ഐ ഇടമണ് യൂണിറ്റ് പ്രസിഡന്റായുള്ള സ്വാധീനം മുതലാക്കി പരാതികള് കേസാകാതെ നോക്കാന് കഴിഞ്ഞു.
ഈ രാഷ്ട്രീയ സ്വാധീനവും പോലീസിലുള്ള പിടിയും ആരേയും ഉപദ്രവിക്കാനുള്ള മടിയില്ലായ്മയുമാണ് അമ്മാവന്റെ മകനായ നിയാസിനെ പരിപാടിയില് പങ്കാളിയാക്കാന് ഷാനുവിനെ പ്രേരിപ്പിച്ച ഘടകം. ധാരാളം സുഹൃത്തുക്കളുള്ള നിയാസ് തട്ടിക്കൊണ്ടു പോകലില് സംഘാംഗങ്ങളായി ചേര്ത്തതും കൂട്ടുകാരെയാണ്. പുനലൂരും ഇടമണ്ണിലുമുള്ളവരാണ് പങ്കാളികളായത്. തട്ടിക്കൊണ്ടു പോകല് നടപ്പാക്കാന് മൂന്ന് വാഹനങ്ങളാണ് നിയാസ് സംഘടിപ്പിച്ചത്.
സ്ഥലപരിചയം നന്നായി ഉള്ളതിനാല് തട്ടിക്കൊണ്ടു പോകാന് തെരഞ്ഞെടുത്തത് പിറവന്തൂര്-ചാലിയക്കര റോഡായിരുന്നു. വനമേഖലയാണെന്നതും വിജനമാണെന്നതുമാണ് ആനൂകൂല്യമായി കണ്ടത്. രണ്ടു വാഹനങ്ങളിലായിട്ടാണ് കെവിനെയും അനീഷിനെയും കൊണ്ടു വന്നത്.
ഇതിനിടയിലാണ് അനീഷ് തന്റെ വാഹനത്തില് ഉണ്ടായിരുന്നവരോട് ഛര്ദ്ദിക്കണമെന്ന് പറഞ്ഞത്. തുടര്ന്ന് അനീഷിനെ ഇറക്കിയപ്പോള് വാഹനത്തിലുള്ളവര് എന്താണ് സംഭവിച്ചതെന്ന് നോക്കാന് പോയി. ഈ സമയത്ത് കെവിന്റെ വാഹനത്തില് ഒരാള് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഇറങ്ങിയ കെവിന് ഇറങ്ങിയോടി. ഇതേ തുടര്ന്നാണ് അനീഷിനോട് കെവിന് ചാടിപ്പോയെന്നും തിരിച്ചു പൊയ്ക്കൊള്ളാനും പറഞ്ഞത്. പിന്നീട് സംഘം പുനലൂരില് നിന്നും അനീഷിനെ സംക്രാന്തിയില് കൊണ്ടാക്കുകയും ചെയ്തു.
ഷാനുവിന്റെ മാതാവിന്റെ സഹോദരനാണ് നിയാസിന്റെ പിതാവ് നസിറുദ്ദീന്. എന്നാല് ദീര്ഘനാളായി ഇരു കുടുംബവും തമ്മില് കാര്യമായ ബന്ധമില്ലായിരുന്നു. തന്റെ മകനെ നീനുവിന്റെ മാതാപിതാക്കള് കുടുക്കിയതാണെന്ന് നേരത്തേ നിയാസിന്റെ മാതാവ് ലൈലാബീവി ആരോപിച്ചിരുന്നു. ശനിയാഴ്ച രാത്രി ഷാനു നിയാസിനെ വിളിച്ചുകൊണ്ടു പോകുകയായിരുന്നെന്നും താന് തനിച്ചായതിനാല് ആദ്യം മടിച്ച ശേഷമാണ് മകന് ഒപ്പം പോയതെന്നും ലൈലാബീവി പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ചാക്കോയും രഹ്നയും വീട്ടിലെത്തി നീനുവിന് അസുഖമാണെന്നും കൊണ്ടുവരാന് പോയതാണെന്നും പറഞ്ഞു. പിന്നീട് വാര്ത്ത കണ്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈലാബീവി പറഞ്ഞത്.
മകളെ കൊണ്ടുവരാന് വണ്ടി ഏര്പ്പാടാക്കണമെന്ന് നീനുവിന്റെ മാതാപിതാക്കള് നിയാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് ആദ്യം നിഷേധിച്ച നിയാസ് ഷാനു വന്നതോടെ പോകുകയായിരുന്നെന്നും ലൈലാബീവി പറയുന്നു.
ചെങ്ങന്നൂരില് നാളെ ഫലം വരാനിരിക്കെ കണക്കുകളില് വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില് മുഖ്യമുന്നണികള്…
വോട്ടു കണക്കുകള് കൂട്ടിക്കിഴിച്ചിട്ടും വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില് മുഖ്യമുന്നണികള്. ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്തിമ കണക്കെടുപ്പിനൊടുവില് യുഡിഎഫും എല്ഡിഎഫും പ്രതീക്ഷിക്കുന്നത്. വിജയം അല്ലെങ്കില് സിപിഎമ്മിനു പിന്നില് രണ്ടാം സ്ഥാനം എന്നതാണ് ബിജെപിയുടെ അവകാശവാദം.
ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരത്തി മുപ്പത്തിയഞ്ച് വോട്ടാണ് ചെങ്ങന്നൂരില് ആകെ പോള് ചെയ്യപ്പെട്ടത്. പുറത്തു കാണും വിധം ശക്തമായ ത്രികോണ മല്സരം വോട്ടിങ്ങിലും പ്രതിഫലിച്ചാല് 2016ലേതിനു സമാനമായ ഫലമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. യുഡിഎഫിനെക്കാള് ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലുളള വിജയം.
2016ലേതിനെക്കാള് മികച്ച സംഘടനാ പ്രവര്ത്തനം,സ്ഥാനാര്ഥിയുടെ വ്യക്തിപ്രഭാവം,പിന്നെ ഭരണ വിരുദ്ധ വികാരവും ചേരുമ്പോള് ഏഴായിരത്തില് കുറയാത്ത ഭൂരിപക്ഷമാണ് യുഡിഎഫിന്റെയും സ്വപ്നം. ഇടതുസ്ഥാനാര്ഥിക്കനുകൂലമായി മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള് ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
നാല്പ്പത്തിഅയ്യായിരത്തിനും അമ്പത്തിരണ്ടായിരത്തിനുമിടയില് വോട്ടുകിട്ടുമെന്നാണ് ബിജെപി കണക്ക്. ചിലപ്പോള് ജയിച്ചേക്കാം. അല്ലാത്ത പക്ഷം എല്ഡിഎഫിനു പിന്നില് രണ്ടാം സ്ഥാനമെങ്കിലും ഉറപ്പെന്നും ബിജെപി കണക്കു പുസ്തകം പറയുന്നു.
വോട്ടെടുപ്പ് ദിവസം കെവിന് വധത്തെ തുടര്ന്നുണ്ടായ സംഭവവികാസങ്ങള് വോട്ടര്മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില് അതിന്റെ ആനുകൂല്യം യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന ആശങ്ക എല്ഡിഎഫിനും ബിജെപിക്കും ഉണ്ടു താനും.
പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കൈകൊണ്ട് മരണം ഏറ്റുവാങ്ങിയ ആതിരയെ കേരളം മറന്നുതുടങ്ങിയിട്ടില്ല, അതിന് മുമ്പേ കെവിനും. അന്ന് അച്ഛനാണ് ഘാതകനെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും.
ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര. പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. “എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല” എന്നായിരുന്നു. മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്.
അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.
ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.
അതുപോലെ തന്നെയാണ് നീനുവും. ‘ഇന്ന് രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”, കണ്ണീരോടെയാണ് ആ പെൺകുട്ടി അഭയത്തിനായി പൊലീസിനെ സമീപിച്ചത്. എല്ലാ കാത്തിരിപ്പുകളും വിഫലമായി. മാരകമുറിവുകളോടെ കെവിന്റെ മൃതദേഹം തോട്ടിൽ നിന്നും ലഭിച്ചു. മരണത്തിനും പ്രതികാരത്തിനും ശേഷം ബാക്കിയാകുന്നത് കാത്തിരിക്കാൻ യാതൊന്നുമില്ലാതെ പ്രതീക്ഷിക്കാൻ യാതൊന്നുമില്ലാതെ ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം ചില ജീവിതങ്ങളാണ്. ദുരഭിമാനകൊലകൾ പെരുകുമ്പോൾ പ്രതീക്ഷയറ്റ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? നഷ്ടപ്പെട്ടതിന്റെ വില അവർക്കും മാത്രം മനസിലാകുന്നതാണ്, അത് തിരികെ നൽകാൻ ദുരഭിമാനത്തിന് സാധിക്കുമോ, ഇനിയും ഇതുപോലെ എത്ര വരാനിരിക്കുന്നു, എന്ന് പഠിക്കും പൊതു സമൂഹം ?
കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് കൂട്ട് നിന്നത് പോലീസാണെന്ന് കെവിന് ജോസഫിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്. കെവിനൊപ്പം അക്രമികള് തട്ടിക്കൊണ്ടു പോയ ആളാണ് അനീഷ്. ക്രൂരമായി മര്ദ്ദിച്ച ശേഷം അനീഷിനെ അക്രമികള് വഴിയില് ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് മുഖ്യപ്രതി ഷാനുചാക്കോയുടെ ഫോണിലേക്ക് സ്ഥലം എസ്.ഐ രണ്ട് മൂന്ന് തവണ വിളിച്ചിരുന്നുവെന്നും കാര്യങ്ങള് തിരക്കിയതായും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസുകാര് പ്രതികളില് നിന്ന് കൈക്കൂലി വാങ്ങിയതായും അനീഷ് ആരോപിച്ചു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പോലീസുകാര്ക്ക് 10000രൂപ നല്കിയതായി പറയുന്നത് കേട്ടതായും അനീഷ് വ്യക്തമാക്കി. വീടാക്രമിക്കുമ്പോള് എസ്ഐ തോട്ടടുത്തുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ അനാസ്ഥ മൂലമാണ് കെവിന് കൊല്ലപ്പെട്ടതെന്ന് നേരത്തെ ആക്ഷേപം ഉയര്ന്നിരുന്നു. ഇതേതുടര്ന്ന് കോട്ടയം എസ്പി മുഹമ്മദ് റഫീഖിന് സ്ഥലം മാറ്റുകയും ഗാന്ധിനഗര് എസ്ഐ എം.എസ്.ഷിബുവിനെയും എഎസ്ഐയെയും സസ്പെന്ഡ് ചെയ്തിരുന്നു.
കെവിന്റെ മരണത്തിനിടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്. അതുകൊണ്ടുതന്നെ നിയമനടപടികളും വകുപ്പുതല നടപടികളുമുണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. കൊച്ചി റേഞ്ച് ഐജിയാണ് പോലീസിനെതിരായ ആരോപണങ്ങള് പരിശോധിക്കുക. വരും ദിവസങ്ങളില് പോലീസിന്റെ പങ്ക് കൂടുതല് വ്യക്തമാകുമെന്നാണ് കരുതുന്നത്.
ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ കെവിൻ പി.ജോസഫിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വീട്ടിലെത്തിച്ചു. കെവിന് അന്തിമോചാരമർപ്പിക്കാൻ നിരവധി പേരാണ് നട്ടാശേരിയിലെ വാടക വീട്ടിലേക്ക് എത്തുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ ഒന്പത് മണിയോടെ ആരംഭിച്ച പോസ്റ്റ്മോര്ട്ടം നടപടികള് പത്തരയോടെയാണ് അവസാനിച്ചത്. പൊതുദർശനത്തിനുശേഷം വൈകിട്ട് മൂന്നോടെ മൃതദേഹം സംസ്കരിക്കും.
സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കെവിന്റെ പോസ്റ്റ്മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലും രാഷ്ട്രീയ പാർട്ടികളുടെയും ദലിത് സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ആശുപത്രി മോര്ച്ചറിയ്ക്ക് മുന്നില് ചെറിയ രീതിയിൽ സംഘർഷവും ഉണ്ടായി.
കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെയുളള ബാക്കിയുളള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്റെ സഹോദരൻ സാനുവിന്റെ സുഹൃത്ത് ഇഷാൻ, ബന്ധുക്കളായ റിയാസ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാനു തമിഴ്നാട്ടിലുണ്ടെന്നാണ് സൂചന.
കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ആകെ 14 പേർ പ്രതികളാണെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.
കെവിന്റെ കൊലപാതകത്തില് പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ആഹ്വാനം ചെയ്ത ഹര്ത്താല് കോട്ടയം ജില്ലയില് പുരോഗമിക്കുകയാണ്. ഹര്ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ അക്രമസംഭവങ്ങള് ഒന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ ഞായറാഴ്ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മലല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി.
വീഡിയോ കടപ്പാട് മാതൃഭൂമി ന്യൂസ്
ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിൻ പി.ജോസഫ് മുങ്ങി മരിച്ചതായിരിക്കാമെന്ന് പോസ്റ്റ്മോർട്ട്ം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട് ആന്തരിക അവയവ പരിശോധനയ്ക്ക് ശേഷം. പ്രതികൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ സഹോദരന് ഷാനു ചാക്കോ ഭാര്യ വീടായ പേരൂര്ക്കടയിലെത്തിയ ശേഷം നാഗര്കോവിലിലേക്ക് കടന്നതയാണ് വിവര. ഇതുവരെ പിടിയിലായത് മൂന്ന് പ്രതികൾ . ഷാനു വിദേശത്തേയ്ക്ക് കടക്കാതിരിക്കാന് വിമാനത്താവളങ്ങളില് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത നീനുവിന് താങ്ങായി കെവിന്റെ വീട്ടുകാര് മാത്രം
കോട്ടയം: താന് കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്ന് നീനു. ഇവിടെ നിന്ന് തന്നെ ആരും കൊണ്ടുപോകരുതെന്നും നീനു പറഞ്ഞു. കെവിനുമായുള്ള ബന്ധത്തില് നിന്ന് പിന്മാറണമെന്ന് കേസില് ഇപ്പോള് പിടിയിലായ നിയാസും മറ്റു ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. വിവാഹത്തില് നിന്ന് പിന്മാറിയില്ലെങ്കില് വെട്ടിക്കൊല്ലുമെന്നും ഇയാള് ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നും നീനു പറഞ്ഞു.
കെവിന്റെ കൊല ആസൂത്രിതമാണെന്ന് പിതാവ് രാജനും പറഞ്ഞു. നീനുവിന്റെ ബന്ധുക്കള് ദിവസങ്ങളോളം കോട്ടയത്തുണ്ടായിരുന്നു. സിപിഎം പ്രവര്ത്തകര് ഇവരെ സഹായിച്ചതായി സംശയമുണ്ടെന്നും രാജന് വ്യക്തമാക്കി. നീനുവിന്റെ സഹോദരന് തന്നെ കാണാന് വന്നിരുന്നുവെന്നും അമ്മയ്ക്കു നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജന് പറഞ്ഞു. ഇയാള് അന്ന് വന്ന അതേ ഇന്നോവയില് തന്നെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്തന്നെയാണ് തീരുമാനമെന്നും രാജന് അറിയിച്ചു.
കെവിന്റെ മരണത്തിനു കാരണമായ പോലീസ് അനാസ്ഥയില് പ്രതിഷേധിച്ച് കോട്ടയം ജില്ലയില് ഇന്ന് ഹര്ത്താല് നടക്കുകയാണ്. യുഡ്എഫ്, ബിജെപി, സിഎസ്ഡിഎസ്, കെപിഎംഎസ് പുന്നല വിഭാഗം തുടങ്ങിയവരാണ് ഹര്ത്താല് ആചരിക്കുന്നത്.
കൊല്ലപ്പെട്ട കെവിന്റെ പ്രണയം വീട്ടുകാര് അറിയുന്നത് പ്രശ്നം ഉണ്ടായപ്പോള്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനും അടുത്ത കൂട്ടുകാര് കുറവുള്ള ആളുമായ കെവിന് പ്രണയം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല് പെണ്കുട്ടി നീനുവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതിനെ തുടര്ന്നായിരുന്നു വെള്ളിയാഴ്ച റജിസ്റ്റര് വിവാഹം ചെയ്തതും പ്രശ്നങ്ങള് ഉണ്ടായതും.
അതേസമയം വിവാഹക്കാര്യം വെള്ളിയാഴ്ച തന്നെ കളിക്കൂട്ടുകാരനും മെഡിക്കല് റെപ്പുമായ ശ്രീവിഷ്ണുവുമായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ശ്രീവിഷ്ണു വിളിച്ചപ്പോള് കല്യാണമാണെന്നും കാര്യങ്ങള് നേരില് കാണുമ്പോൾ പറയാമെന്നും കെവിന് പറഞ്ഞു. പിന്നീട് സ്വിച്ച് ഓഫ് ചെയ്തതോടെ ശ്രീവിഷ്ണുവിന് കൂടുതലൊന്നും പറയാനായില്ല. ഫോണ് കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചു. തിങ്കളാഴ്ച രാവിലെ കെവിന് കൊല്ലപ്പെട്ട വിവരമറിഞ്ഞ് വീട്ടില് എത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം പോലും കെവിന്റെ വീട്ടുകാര് അറിഞ്ഞത്. ഏറ്റുമാനൂര് ഐ.ടി.ഐയിലെ പഠനകാലത്തും അതിനു ശേഷവും മാന്നാനത്ത് പിതൃസഹോദരി വീട്ടിലായിരുന്നു കെവിന്റെ താമസം.
കൊല്ലം തെന്മലയില്നിന്നു ബിരുദപഠനത്തിനായി മാന്നാനത്തെത്തിയ നീനുവുമായി അവിടെ വെച്ച് യാദൃച്ഛികമായുണ്ടായ പരിചയം അടുപ്പമായും പിന്നീടു പ്രണയമായും മാറുകയായിരുന്നു. പക്ഷേ കുടുംബാംഗങ്ങളില്നിന്നു പോലും കെവിന് ഈ വിവരം മറച്ചുവച്ചു. കോട്ടയം സബ് രജിസ്ട്രാര് ഓഫിസില് വിവാഹം രജിസ്റ്റര് ചെയ്തുകഴിഞ്ഞാണ് കെവിന്റെ കുടുംബവും വിവരമറിഞ്ഞത്. എസ്.എച്ച്. മൗണ്ടില് ടൂവീലര് വര്ക്ഷോപ് നടത്തുന്ന പിതാവ് ജോസഫിന്റെ (രാജന്) തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഒരു ഇലക്ട്രീഷ്യന്റെ സഹായിയായി വയറിങ് ജോലികള് ചെയ്യുകയായിരുന്ന കെവിന് ഏതാനും നാള് മുൻപ് ദുബായിലേക്ക് പോയത്.
സഹോദരി കൃപയുടെ വിവാഹവും സ്വന്തമായി നല്ലൊരു കിടപ്പാടവുമൊക്കെ കെവിന്റെ സ്വപ്നങ്ങളില് ഉണ്ടായിരുന്നു. വീട്ടുകാര് നീനുവിനു വിവാഹമുറപ്പിച്ചെന്ന് അറിഞ്ഞ് ഏകദേശം ഒരു മാസം മുൻപ് കെവിന് നാട്ടിലെത്തിയത്. പരീക്ഷാവിവരം അറിയാനെന്ന പേരില് നീനു 23-നു കോട്ടയത്തെത്തി. ഹിന്ദു ചേരമര് വിഭാഗക്കാരായിരുന്ന കെവിന്റെ കുടുംബം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. റോമന് കാത്തലിക് വിഭാഗത്തില്പ്പെട്ട, ധനസ്ഥിതിയുള്ള നീനുവിന്റെ കുടുംബത്തിനു കെവിനെ അംഗീകരിക്കാന് കഴിയുമായിരുന്നില്ല.
നീനു ഫോണിലൂടെ തെന്മലയിലെ വീട്ടില് അറിയിച്ചതോടെ ഭീഷണിയായി. നീനുവിന്റെ ബന്ധുക്കള് പരാതി നല്കിയതോടെ കോട്ടയം ഗാന്ധിനഗര് പോലീസ് ഇവരെ വിളിപ്പിച്ചു. കെവിനൊപ്പം ജീവിക്കാനാണു താല്പര്യമെന്നു നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള് നീനുവിനെ പോലീസിന്റെ മുന്നില് മര്ദിച്ചു വാഹനത്തില് കയറ്റാന് ശ്രമം നടത്തിയെങ്കിലും നാട്ടുകാര് സംഘടിച്ചതോടെ പിന്വാങ്ങി. അതോടെ നീനുവിനെ രഹസ്യമായി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു മാറ്റി.
കെവിന് അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്കു പോയി. പക്ഷേ ഈ കരുതലും തുണയായില്ല. ഞായറാഴ്ച പുലര്ച്ചെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം മാന്നാനം പള്ളിപ്പടിയിലെ വീടു തല്ലിത്തകര്ത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ അനീഷിനെ വഴിയില് ഇറക്കിവിട്ടു. കെവിനെപ്പറ്റി വിവരം ലഭിച്ചില്ല. എവിടെ എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ രാവിലെ തെന്മലയില് മൃതദേഹം കണ്ടെത്തിയപ്പോഴാണ്.