Kerala

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് വണ്‍ ബി.ജി അരുണ്‍, അസി. പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ടി.പി വധക്കേസിലെ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, അണ്ണന്‍ സിജിത്ത് എന്നീ പ്രതികള്‍ക്ക് ഇളവു നല്‍കാനായിരുന്നു ശ്രമം. നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവര്‍. കോടതി വിധി മറികടന്നായിരുന്നു സര്‍ക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരുന്നത്.

കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിമിനെ(40)യാണ് ശിക്ഷിച്ചത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി മിനി ആര്‍ ആണ് ശിക്ഷ വിധിച്ചത്.

12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും പലതവണ കൂട്ടിക്കൊണ്ടു പോവുകയും ഒന്നിലധികം തവണ ബന്ധുവീടുകളില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

പിഴത്തുക അടയ്ക്കാത്ത പക്ഷം 20 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അടക്കുന്ന പക്ഷം ഇരയ്ക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തു.

കളിയിക്കാവിളയിൽ ക്രഷർ ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പിടിയിലായ ചൂഴാറ്റുകോട്ട അമ്പിളി തലസ്ഥാനത്തെ മുൻ ഗുണ്ടാത്തലവനാണെന്ന് റിപ്പോർട്ട്.തിരുവനന്തപുരത്ത് നിന്ന് ഇന്ന് പിടിയിലായ ഇയാളെ തമിഴ്‌നാട് പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ദീപുവിന്റെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ ചില സൂചനകളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയം സ്വദേശിയായ അമ്പിളി എന്ന ഷാജിയിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. ഇയാൾ പണമാവശ്യപ്പെട്ട് ദീപുവിനെ നേരത്തേയും ഭീഷണിപ്പെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ എന്തിനായിരുന്നു കൊലപാതകമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.അമ്പത്തൊമ്പതുകാരനായ ഇയാൾ ഇപ്പോൾ സ്പിരിറ്റ്, ക്വാറി, മണ്ണുമാഫിയകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ കടുത്ത വൃക്കരോഗത്തിന് ചികിത്സയിലാണ്. ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പണമാവശ്യപ്പെട്ട് അടുത്തിടെ ഗുണ്ടാസംഘം ദീപുവിനെ വിളിച്ചിരുന്നതായി ഭാര്യ വിധു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആദ്യം പത്തുലക്ഷവും പിന്നീട് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടെന്നാണ് ദീപു പറഞ്ഞിരുന്നത്. പണം നൽകാതായപ്പോൾ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.മറ്റൊരു സംഘം 50 ലക്ഷം ആവശ്യപ്പെട്ടു. അച്ഛൻ രണ്ടുമാസം മുൻപ് ഇക്കാര്യങ്ങൾ തന്നോടും പറഞ്ഞിരുന്നെന്ന് മകൻ മാധവും പറഞ്ഞു. ആക്രിക്കച്ചവടം നടത്തുന്ന നെടുമങ്ങാട് സ്വദേശിയുമായുള്ള തർക്കത്തെ തുടർന്ന് ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവർ വ്യക്തമാക്കി.

കൊലപാതകത്തിൽ ആക്രികച്ചവടക്കാരന് ബന്ധമുണ്ടെന്ന് തുടക്കത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു.ജീവനക്കാരെ ഉൾപ്പടെ ഒഴിവാക്കി ദീപു അമ്പിളിയുമായി എന്തിന് കാറിൽ കോയമ്പത്തൂരിലേക്ക് പോയി എന്നതാണ് ഇനി കണ്ടെത്തേണ്ടത്.മൂക്കുന്നിമലയിൽ ദീപുവിന് ഒരു ക്വാറി ഉണ്ടായിരുന്നു. ഇതിനടുത്താണ് അമ്പിളിയുടെ വീട്. ഇയാൾ ക്വാറിക്ക് സംരക്ഷണം നൽകിയിരുന്നാേ എന്നും അന്വേഷിക്കുന്നുണ്ട്. ചോദ്യംചെയ്യലിലൂടെ എല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവിനെ(45) ഇന്നലെയാണ് കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി തട്ടിയെടുത്തിരുന്നു.12 വർഷം മുമ്പ് മലയിൻകീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ദീപു താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ജെസിബി, ഹിറ്റാച്ചി എന്നിവയുടെ വർക്ക്ഷോപ്പും സ്‌പെയർപാർട്സ് വില്‌പനയുമുണ്ട്.

തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടിൽ നിന്ന് ദീപു മഹീന്ദ്ര കാറിൽ പണവുമായി പോയത്. നെയ്യാറ്റിൻകരയിൽ നിന്ന് മെക്കാനിക്കും തക്കലയിൽ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.തമിഴ്നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.

വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയില്‍. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയില്‍ പൂട്ടിയിട്ട്, കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തി നാല്‍പതിനായിരം രൂപയും ഐഫോണും കവർന്നത്.

പ്രതി കണ്ണൂർ സ്വദേശി ആല്‍ബിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കെഎസ്‌ആർടിസിക്ക് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി പരിസരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അതിനിടയിലാണ് കണ്ണൂര്‍ സ്വദേശിയായ ആല്‍ബിന്‍ ലോഡ്ജിലേക്ക് അതിക്രമിച്ച്‌ കയറി വൈദികന്‍റെ കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്.

തുടര്‍ന്ന് വൈദികന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേ,ഷണം തുടര്‍ന്നുവരികയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഹൈക്കോടതിക്ക് സമീപത്ത് വെച്ച്‌ ഐഫോണില്‍ സിമ്മിടാന്‍ ശ്രമിച്ചപ്പോഴാണ് അലര്‍ട്ട് ലഭിക്കുകയും ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ട്രെയിൻ യാത്രക്കിടയില്‍ മധ്യഭാഗത്തെ ബെർത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍വെച്ചു മധ്യഭാഗത്തെ ബെർത്ത് പൊട്ടി താഴത്തെ ബെർത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെർത്തും അതില്‍ കിടന്നിരുന്ന ആളും വീഴുകയായിരുന്നു.

ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൈകാലുകള്‍ തളർന്നുപോയി.

റെയില്‍വേ അധികൃതർ ആദ്യം വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹ പരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച രാത്രിയോടെ മാറഞ്ചേരിയിലെ വീട്ടിലെത്തിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഷക്കീലയാണ് അലിഖാന്റെ ഭാര്യ. മകള്‍: ഷസ. സഹോദരങ്ങള്‍: ഹിഷാം, അബ്ദുല്ലകുട്ടി, ഉമർ, ബക്കർ, ഹവ്വാവുമ്മ, കദീജ, മറിയു. ചേകന്നൂർ മൗലവിയുടെ സഹോദരി ഭർത്താവാണ് അലിഖാൻ.

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചത്.

ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചിൽ, മരം വീഴുന്നതിനുള്ള സാധ്യത, വെള്ളകെട്ട് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിയമസഭയിൽ കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ടിപി വധക്കേസിൽ പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. എന്നാൽ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കമില്ലെന്ന് വ്യക്തമാക്കി നോട്ടീസ് തള്ളുന്നു എന്ന് സ്പീക്കർ അറിയിച്ചു. അതേസമയം സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സ്‌പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാരിന് ഭയമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തുടർന്ന് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമായി.

ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി.

ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്‍പിച്ച് പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുകയും ചെയ്യുന്നു.

എന്നാല്‍ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളജുകളില്‍ വിവിധ കോഴ്‌സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ തയ്യാറെടുക്കുന്നതായി അറിയുന്നു. അന്നേ ദിവസം പരീക്ഷകള്‍ നടത്തപ്പെടുകയാണെങ്കില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു നടപടിയായി മാറും.

ഇത് തികച്ചും ദുഖകരമാണ്. ഇപ്രകാരം ഉള്ള സാഹചര്യത്തില്‍ അടുത്ത ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

പത്തിരിപ്പാലയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. അതുല്‍ കൃഷ്ണ, ആദിത്യന്‍, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. സി.സി.ടി.വികൾ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ പോലീസ്.

പത്താം ക്ലാസ് വിദ്യാർഥികളാണ് അതുല്‍ കൃഷ്ണയും ആദിത്യനും. ഏഴാം ക്ലാസ് വിദ്യാർഥിയാണ് അനിരുദ്ധ്. ഇവർ മൂന്ന് പേരും അയൽവാസികളാണ്. ഒരുമിച്ച് സ്കൂളിലേക്കിറങ്ങിയ വിദ്യാർഥികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താതായതോടെ മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചു.

നിലവിൽ വിദ്യാർഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് പേരും സ്കൂൾ യൂണിഫോമിലായിരുന്നു. മറ്റ് വസ്ത്രങ്ങൾ ഇവരുടെ പക്കലുണ്ടോ എന്നതിലും സംശയമുണ്

മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ തോമസ് ചാഴികാടന്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു തോമസ് ചാഴികാടന്റെ ആരോപണം. നവകേരളസദസിലെ തനിക്കെതിരായ വിമര്‍ശനം തോല്‍വിക്ക് ആക്കംകൂട്ടിയെന്നും അദേഹം പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തോമസ് ചാഴികാടന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വി.എന്‍ വാസവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ട് പോലും ഇത്തവണ കിട്ടിയില്ലെന്നും ചാഴികാടന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തോല്‍വിയ്ക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ എം.പിയായ തോമസ് ചാഴികാടനെ വേദിയിലിരുത്തി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്നും പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തൊട്ടുമുമ്പ് പ്രസംഗിച്ച ചാഴികാടന്‍ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതിനെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.

Copyright © . All rights reserved