Kerala

ഏഴുവയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് എട്ടുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ചില്‍ കണ്ണൊത്തു വീട്ടില്‍ അനീഷിനെയാണ് (31) കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡജ് എസ്. ലിഷ ശിക്ഷിച്ചത്.

2022-ലാണ് കേസിനാസ്പദമായ സംഭവം. അനീഷ് നടത്തിയ അതിക്രമം കുട്ടി വീട്ടില്‍ പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ വടക്കേക്കാട് പോലീസാണ് കേസെടുത്തത്. എസ്.ഐ. പി.ആര്‍. രാജീവ്, ആര്‍.പി. സുജിത്ത്, എസ്.സി.പി.ഒ. ബിന്ദു എന്നിവരാണ് കേസ് അന്വേഷിച്ചത്.

കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. രതീഷ് എന്നിവര്‍ സഹായികളായി.

സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് രാഷ്ട്രീയാരോപണത്തിന് സി.പി.എം. മുതിർന്നിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയസംഘടനയ്ക്ക് പങ്കുണ്ടെന്നോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നോ പറയുന്നില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.

കീഴടങ്ങിയ പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷി (30)നെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ വ്യാഴാഴ്ച അർധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ പ്രതിയെ ചോദ്യംചെയ്യുന്നതായാണ് വിവരം.

പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിനിടയിൽ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിൽനിന്ന് മാറി ഗാനമേള കേൾക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ അക്രമംനടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വി.യുള്ള മുറി പോലീസ് പൂട്ടി സീൽചെയ്തു. കൊയിലാണ്ടി സി.ഐ. മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തുന്നതായി പോലീസ് അറിയിച്ചു. സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, മുൻ എം.എൽ.എ. എ.പ്രദീപ്കുമാർ തുടങ്ങിയ നേതാക്കൾ വിവരമറിഞ്ഞ് കൊയിലാണ്ടിയിലെത്തി. നാടിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ആണ്‍ കുഞ്ഞ് ജനിക്കാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട രീതി എഴുതി തയാറാക്കി വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ കൈമാറിയ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ ‘ കൊല്ലം സ്വദേശിനിയായ 39 കാരിയാണ് ഹര്‍ജി നല്‍കിരിക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം വിലക്കുന്ന നിയമ പ്രകാരം നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി.

2012 ഏപ്രില്‍ 12 നായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം. ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി അന്ന് വൈകിട്ട് ഭര്‍ത്താവും മാതാപിതാക്കളും കൂടി തനിക്ക് നല്‍കി. ഇത് തയാറാക്കിയത് ഭര്‍ത്താവിന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ഭര്‍ത്താവുമൊന്നിച്ച്‌ ലണ്ടനില്‍ താമസിച്ചു വരുമ്പോള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഹര്‍ജിക്കാരി നാട്ടിലേക്ക് മടങ്ങി. 2014 ല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും ഉപദ്രവം വര്‍ധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിച്ചു.ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഈ ജില്ലകളിൽ താപനില ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. നിലവിലുള്ളവയേക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെയാണ് താപനില ഉയരാനാണ് സാധ്യത.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായി താപനില ഉയരാമെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പകൽ 11 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ തട്ടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും നിർജ്ജലീകരണം തടയുന്നതിനായി ആവശ്യമായ ശുദ്ധജലം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.

വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി.

സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം തീയതിയായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.

തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, വയനാട്- ആനി രാജ, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ച് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്.

നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി മാര്‍ച്ച് 07ന് കോട്ടയത്ത് ജില്ലാക്യാമ്പ് സംഘടിപ്പിക്കുന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക്‌ ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍/ഇ -പെയ്മെന്റ്, യു.പി.ഐ അധിഷ്ഠിത മൊബൈല്‍ ആപ്പുകള്‍ മുഖേന മാത്രമേ ഫീസ്‌ ഒടുക്കാന്‍ കഴിയൂ.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍റെ എറണാകുളം സെന്ററിൽ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2371810/2371830 നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

ചികിത്സ ലഭിക്കാതെ വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ആശുപത്രിയിൽ ശുശ്രൂഷയ്ക്കു കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ച ഭർത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാംവിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂർണഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും, ആശുപത്രിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോൾ പോലീസ്‌ ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി പോലീസ് വീട് സീൽ ചെയ്തിട്ടുണ്ട്. അക്യുപങ്ചർ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് സംശയമുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ലാ ഘടകം സംഘടിപ്പിച്ച ചിത്ര പ്രദർശനം ജനുവരി 26 മുതൽ ഫെബ്രുവരി 3 വരെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (DC കിഴക്കേ മുറിയിടം) നടന്നു. വിവിധ മാദ്ധ്യമങ്ങളിൽ വിരിഞ്ഞ സൃഷ്ടികൾ, ആസ്വാദകരിൽ തനതു കാലത്തിന്റെയും , ചില ഓർമ്മപ്പെടുത്തലുകളുടെയും , ഗ്രാമക്കാഴ്ചകളുടെ നേർവരകളുമൊക്കെ ചേർത്തിണക്കിയ ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്.” ഇംപ്രഷൻസ് ആന്റ് എക്സ്പ്രഷൻ സ്..” എന്ന പേരിൽ സംഘടിപ്പിച്ച ഈ പ്രദർശനത്തിൽ ജില്ലയിലെ 27 കലാകാരൻമാർ പങ്കെടുത്തു.

കാടുകളിൽ അതിന്റെ വശ്യതയിൽ ഗന്ധങ്ങളിൽ, രൂപ പ്രകൃതിയിൽ ഒന്നും വിശുദ്ധമല്ലന്ന് ജീവതയുടെ സ്വത്വബോധമുണർത്തുന്ന തോമസ് രാമപുരത്തിന്റെ രണ്ടു ചിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നിർമ്മല വർണ്ണങ്ങളിൽ തീർത്ത ചിത്രങ്ങൾ ഏതോ അസുര കാലത്തെ പ്രതീക്ഷിച്ചു നിൽക്കുന്നു. ഫാദർ .. റോയ് എം തോട്ടത്തിന്റെ അബ്സ്ട്രാക്റ്റ് രചനാരീതി മനുഷ്യമനസ്സിന്റെ ആഴങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു.

കേരളത്തിന്റെ പ്രിയ ചിത്രകാരൻ ശ്രീ. മോപ്പസാങ്ങ് വാലത്തിന്റെ ജലഛായാചിത്രം നിറച്ചാർത്തുകളുടെ അതി സാന്ന്യദ്ധ്യമില്ലാത്ത കാല്പനിക ജീവിതത്തിന്റെ വരയാഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആനന്ദ് രാജ് കനവിന്റെ ചിത്രങ്ങൾ മഹാമാരിയുടെ കാലത്തു നിന്നും രക്ഷപെട്ട രണ്ടാത്മക്കളുടെ നേർചിത്രങ്ങളായി പരിണമിക്കുമ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം പ്രണയം എവിടെയാണ് ഒളിപ്പിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു. കാലത്തിന്റെ നേർരേഖയിൽ കണ്ടെത്തേണ്ട കരുതലുകളെ ജാഗ്രതകളെ , വളർച്ചകളെ മുരടിപ്പിക്കുന്ന സത്യത്തിന്റെ പിന്നാമ്പുറങ്ങളെ കണ്ടതും, കാണാത്തതുമായ ചിന്തകളെ സ്‌റ്റീഫൻ .കെ . ജോസഫിന്റെ LIFE and BEYOND IT എന്ന നാലു ചിത്രങ്ങൾ ഒരു സൂചകമാവുന്നു.

പുഷ്പപിള്ള മഠത്തിലിന്റെ അബ്സ്ട്രാക്റ്റ് വർണ്ണ വിതാനം പ്രേക്ഷക മനസ്സിൽ കൂടുതൽ ചിന്തകൾക് ഇടം കണ്ടെത്തുന്നു. മണ്ണിനെയും വിണ്ണിനെയും അറിയാതെ അതിന്റെ ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുന്ന അശാസ്ത്രിയതകൾക്കെതിരെ വിരൽ ചൂണ്ടുന്ന നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് നെരിപ്പോടാണ് നൽകിയത്. നമ്മുടെ വിചാരങ്ങളിലെ പലതരം വേവുകൾ അതിന്റെ തുടർച്ചകൾ അതാണ് ഈ പ്രദർശനത്തിന്റെ നിലപാടുതറയിൽ ഈ കലാകാരൻമാർ വിളിച്ചു പറയുന്നത്.

 

 

മാസപ്പടി വിവാദത്തിൽ പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊച്ചിയിൽ സമരാഗ്നിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംആര്‍എലിനെ കൂടാതെ എക്‌സാലോജിക്കിനു മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്നും അത്തരം കമ്പനികൾക്ക് നികുതി ഇളവുൾപ്പെടെ എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍നിന്നും കര്‍ണാടക ഹൈക്കോടതി വിധിയില്‍നിന്നും ഉയര്‍ന്നു വന്നതാണ് ഈ ചോദ്യങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ‌അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന തന്റെ വെല്ലുവിളിക്ക് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനു മുന്‍പ് അന്വേഷണം ഇഡി ആരംഭിച്ചതാണ്. എക്സാലോജിക്കിനെതിരായ അന്വേഷണം മൂടിവയ്ക്കാന്‍ ബിജെപിയുമായി എന്തുധാരണയാണുള്ളത്.

ആദായ നികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ വ്യക്തമായി. ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ.

സിഎംആര്‍എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും മാസമാസം പണം ലഭിച്ചിട്ടുണ്ടെന്നാണ് ആര്‍ഒസി കണ്ടെത്തൽ. എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ച മറ്റുകമ്പനികള്‍ ഏതൊക്കെയാണ്.

ഈ കമ്പനികൾക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ. എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും എംപവര്‍ ബാങ്ക് മുഖേന നല്‍കിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. വായ്പയിലെ ഗണ്യമായ തുക എവിടെപ്പോയെന്നും സതീശൻ ചോദിച്ചു.

Copyright © . All rights reserved