എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.
അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.