അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊലപാതകക്കേസില്‍ ഇയാള്‍ അഞ്ചാം പ്രതിയാണ്. മുക്കാലി തൊടിയില്‍ വീട്ടില്‍ ഉബൈദ് ഉമ്മര്‍(25) എന്നയാളാണ് മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത്. നേരത്തെ സമരം നടത്തിയ ആദിവാസി സംഘടനകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് ഉബൈദിനെ പിടികൂടുകയെന്നതായിരുന്നു.
സെല്‍ഫിക്കാരനെ അറസ്റ്റ് ചെയ്‌തോ എന്ന ചോദ്യം പോലീസുകാരോട് സമരം നടത്തിയ പ്രവര്‍ത്തകര്‍ നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധനനിയമം, മധുവിനെ മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് ഉബൈദിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. പ്രതിയെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ജീവനു വേണ്ടി യാചിക്കുന്ന മധുവിന് അരികില്‍ നിന്ന് സെല്‍ഫിയെടുത്ത ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നവ മാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് അറസ്റ്റിലായ ഉബൈദെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍. ഷംസുദ്ദീന്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പങ്കെടുക്കുക മാത്രമാണ് ഉബൈദ് ചെയ്തതെന്നും മറ്റൊരു ബന്ധവുമില്ലെന്നും എംഎല്‍എ പറഞ്ഞു. മധുവിനെ ആള്‍ക്കൂട്ടം പിടികൂടിയ സ്ഥലത്ത് നിന്നും കവലയിലുള്ള വെയ്റ്റിങ് ഷെഡ്ഡിലെ തൂണില്‍ കെട്ടിയിട്ടും എടുത്ത സെല്‍ഫി ചിത്രങ്ങളും പ്രചരിപ്പിച്ചതില്‍ പ്രധാനിയാണ് ഉബൈദ്.
തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ വീണ്ടും തെരഞ്ഞെടുത്തു. ഏകകണ്ഠമായാരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ ഇന്നൊരു അഭിപ്രായമേയുള്ളുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മണ്ഡലം നിലനിര്‍ത്തുമെന്ന് കോടിയേരി പറഞ്ഞു. മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരി നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയല്ല. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് കേന്ദ്രകമ്മറ്റി തീരുമാനം. അതാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. കേരള കോണ്‍ഗ്രസുമായി ചേരാന്‍ സി.പി.എം തീരുമാനിച്ചിട്ടില്ല. ശുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ഒന്‍പത് പേരെ ഒഴിവാക്കി. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തി. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് എന്നിവരാണ് പുതിയതായി സംസ്ഥാന കമ്മറ്റിയില്‍ എത്തിയ ജില്ലാ സെക്രട്ടറിമാര്‍. മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണന്‍, ആര്‍. നാസര്‍ എന്നിവരാണ് മറ്റ് പുതുമുഖങ്ങള്‍. സി.പി.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെത്തി.
സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
ഷുഹൈബ് വധക്കേസില്‍ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ആരോഗ്യ നില മോശമായി. ഇതോടെ സുധാകരനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്ക് നല്‍കിയതോടെയാണ് അറസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ സുധാകരനെ അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷമുണ്ടാകുമെന്ന ആശങ്കയും ജില്ലാ ഭരണകൂടത്തിനുണ്ട്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സുധാകരന്‍ ആരോപിച്ചു. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ല. ഫോണ്‍ ചോര്‍ത്തല്‍ നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്.
സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഉപവാസ സമരം ആറാം ദിവസത്തേക്ക് കടന്നതോടെ സുധാകരന്റെ ആരോഗ്യ നില മോശമായിട്ടുണ്ട്. സോഡിയം കുറയുകയും രക്ത സമ്മര്‍ദ്ദം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഏത് സമയവും പോലീസെത്തി സുധാകരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണറിയുന്നത്. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കെ.സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
എന്നാൽ തങ്ങളുടെ സഹോദരനുവേണ്ടി സഹനസമര പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന കെ.സുധാകരനെ കാണാൻ ശുഹൈബിന്റെ സഹോദരിമാരായ ഷമീമയും, ഷർമിലയും, സുമയ്യയും എത്തി . സങ്കടം ഉള്ളിൽ ഒതുക്കാൻ ശ്ര മിച്ചെങ്കിലും അവരുടെ വേദന കണ്ണീരിന്റെ രൂപത്തിൽ അണപൊട്ടി ഒഴുകി.പിന്നാലെ സദസ്സിൽ നിന്ന് ‘ഇല്ല ഷുഹൈബ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’.. എന്ന് നൂറ് കണക്കിന് കണ്ഠനാളങ്ങിൽ നിന്നു മുദ്രാവാക്യങ്ങൾ ഉയർന്നു.
കൂടപ്പിറപ്പിന്റെ കൊലയാളികളെ നിയമത്തിന് മുൻപിലെത്തിക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഞങ്ങളുടെ കുടുംബവും ഒപ്പമുണ്ടെന്ന് അവർ പറഞ്ഞു. യഥാർത്ഥ പ്രതികളെ പിടിക്കാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. സമരപ്പന്തലിൽ സത്യാഗ്രഹ സമരത്തിന്റെ ചുക്കാൻ പിടിക്കുന്ന ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയോടും സഹപ്രവർത്തകരോടും യാത്ര പറയുമ്പോഴും കണ്ണുനീർ പൊഴിച്ച് കൊണ്ടാണ് ആ സഹോദരിമാർ സത്യാഗ്രഹ സമരപന്തലിൽ നിന്നും മടങ്ങിയത്.
അതേസമയം ഷുഹൈബിന്റെ മാതാപിതാക്കളും കോണ്‍ഗ്രസും സര്‍ക്കാര്‍ മുമ്പാകെ ആവശ്യപ്പെട്ട സിബി.ഐ. ആന്വേഷണമെന്ന ആവശ്യത്തില്‍ തീരുമാനം നീളുകയാണ്. രണ്ടു ദിവസം കൂടി ഞങ്ങള്‍ കാത്തിരിക്കും. എന്നിട്ടും സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നിയമ നടപടികളും ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് പാച്ചേനി പറഞ്ഞു. അറസ്റ്റിലായ എം വി ആകാശും രജിന്‍രാജും പോലീസിന് നല്‍കിയ മൊഴി പ്രകാരം മറ്റുള്ള പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശവുമുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതായി സൂചനയുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ ഇനിയും ഉണ്ടെന്നിരിക്കെ അവര്‍ രക്ഷപ്പെടുകയോ രക്ഷപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട്. അതിനാലാണ് അന്വേഷണം സിബിഐ.യെക്കൊണ്ട് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് പാച്ചേനി പറഞ്ഞു.
ഷുഹൈബ് കൊലക്കേസിലെ ഗൂഢാലോചനക്കാരെയും ബോംബെറിഞ്ഞവരെയും അവരുപയോഗിച്ച വാഹനവും ആയുധങ്ങളും സംബന്ധിച്ച ഒരു വിവരവും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ പിന്നീടൊരു നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ഉപവാസ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി. പ്രിസഡന്റ് പറഞ്ഞു.
യുവ കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബസഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന നൂറു രൂപ. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രനും പങ്കാളിയായത്.
തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നില്‍ നില്ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്‍. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയില്‍നിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇട്ടു. തില്ലങ്കേരി പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗം യു.സി.നാരായണന്‍ തന്റെ ഓണറേറിയമായ ഏഴായിരം രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നല്‍കി.
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളും അറസ്റ്റില്‍. 16 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പാലക്കാട് എസ്പി അറിയിച്ചു. പ്രതികളെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. മധുവിനെ കാട്ടിക്കൊടുത്ത വനം ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതലനടപടിയുണ്ടാകും.
മരണം ക്രൂരപീഡനത്തിലൂടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. തലയില്‍ ഇടിച്ചപ്പോഴുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. അറസ്റ്റിലായ പതിനൊന്നു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
ആദിവാസി യുവാവ് മധുവിന്റെ മരണകാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദ്ദനമേറ്റ് വാരിയെല്ല് തകര്‍ന്നു. ദേഹാമസകലം മര്‍ദ്ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മധുവിനെ കൊന്നതാണെന്ന് വ്യക്തമായതോടെ പൊലീസ് പ്രധാനപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. കൊലക്കുറ്റം, പട്ടികവര്‍ഗ പീഢന നിരോധന നിയമം, വനത്തിലേക്ക് അതിക്രമിച്ചു കയറല്‍ തുടങ്ങി ഏഴു വകുപ്പുകള്‍ ചുമത്തി. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഐ.ടി. ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തി. നാലു പ്രതികളെക്കൂടി ഇനി കിട്ടാനുണ്ടെന്ന് ഐ.ജി: എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.
മധുവിനെ ആക്രമിക്കുമ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ കാഴ്ചക്കാരായെന്ന ബന്ധുക്കളുടെ ആരോപണം പരിശോധിക്കുമെന്നും ഐ.ജി. പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം മൂന്നു മണിക്കൂര്‍ നീണ്ടു. പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രേഖാമൂലം വിശദമായി മൂന്നു ദിവസത്തിനകം പൊലീസിന് കൈമാറും.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു. വനത്തിലെ ഗുഹയിലുള്ള മധുവിന്റെ താമസസ്ഥലം നാട്ടുകാർക്കു കാണിച്ചുകൊടുത്തതും അവരെ വനത്തിൽ കയറ്റിവിട്ടതും വനപാലകരാണെന്ന വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി
സ്വന്തം ലേഖകന്‍
കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിനിമാതാരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ അനാവശ്യമാണെന്ന് ആരാധകര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന് കഴിഞ്ഞ തവണത്തെ ഫൈനല്‍ കളിയില്‍ ഗ്യാലറിയില്‍ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു ടിക്കറ്റ് നല്‍കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സമാനമായ പ്രതിഷേധമാണ് ഈ വര്‍ഷവും ഉള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയ സിനിമാതാരങ്ങള്‍ക്ക് വിഐപി പരിഗണന നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഒരു അഡാറ് ലൌവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കളി കാണാന്‍ എത്തിയിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കിയ ഐ എസ് എല്‍ അധികൃതര്‍ മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ക്ക് ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും , ജോപോള്‍ അഞ്ചേരിയും , ആസിഫ് സഹീറും , ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഐ എസ് എല്‍ അധികൃതര്‍ പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന്‍ എഫ്സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. തുക എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന മുക്കാലി പാക്കുളത്തെ വ്യാപാരി കെ. ഹുസൈന്‍, കരീം എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
കുറ്റവാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ആദിവാസി സംഘടനകളും മധുവിന്റെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. നിരവധി ആദിവാസി സംഘടനകള്‍ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അട്ടപ്പാടിയില്‍ പ്രകടനം നടത്തി. അഗളി ആനക്കട്ടി റോഡ് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു.
ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൈകള്‍ കെട്ടി പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലപ്പെട്ട മധുവിന്റെ ചിത്രങ്ങളിലേതുപോലെ കൈകള്‍ കെട്ടിയാണ് കുമ്മനം പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം മലയാളികള്‍ക്ക് അത്ര രസിച്ചില്ല. അല്‍പം പക്വത കാണിക്കൂ എന്നാണ് ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ ഒന്ന്.
കുമ്മനം ഫാന്‍സിഡ്രസ് നടത്തി മുതലെടുക്കുകയാണെന്നും മനസില്‍ വേദനയുണ്ടാക്കിയ സംഭവം ഇത്തരം കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചിലര്‍ എഴുതി. വേഷം കെട്ടി അപഹാസ്യനാകുകയാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
ട്വീറ്റ് വായിക്കാം
En route Attappady Tribal Village.Please join and pledge your support for #ISupportKeralaAdivasis pic.twitter.com/G6gsSlh36K
— KummanamRajasekharan (@Kummanam) February 24, 2018
https://www.facebook.com/sakeer.vc/posts/1724540487567641
https://www.facebook.com/photo.php?fbid=1733539176713181&set=a.280728498660930.66591.100001713472179&type=3&theater
തൃശൂര്‍: മധു കൊല്ലപ്പെട്ടത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയ്ക്ക് ശക്തമായ അടിയേറ്റു. നെഞ്ചിലും ശക്തമായ പ്രഹരമേറ്റിട്ടുണ്ട്. ഇതിന്റെ ആഘാതത്തില്‍ വാരിയെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നര മണിക്കൂറോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടം പരിശോധന രാവിലെ 11.30ഓടെയാണ് പൂര്‍ത്തിയായത്.
വെള്ളിയാഴ്ച വൈകിട്ട് നാല്മണിയോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദഹേം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകള്‍ ചുമത്തും.
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.എം.ആര്‍ ആജിത്കുമാര്‍ അറിയിച്ചു. അട്ടപ്പാടി, അഗളിയില്‍ അരിയും മല്ലിപ്പൊടിയും മോഷ്ടിച്ചെന്നാരോപിച്ചാണ് മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്.
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച അറുപത്തി നാലുകാരന്‍ അറസ്റ്റില്‍. 13 കാരിയെ പീഡിപ്പിച്ചതിന് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഡി.ശശിധരനെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവാണു പരാതി നൽകിയിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. മാതാവിനോട് പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. ഇതേതുടര്‍ന്നാണ് ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തതത്.
ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയപ്രകാരവും കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തിരുന്നു.പ്രതി ശശിധരനെ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അതേസമയം കേസില്‍ നിന്നും പിന്‍മാറാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രാഷ്ടീയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.